ഏറ്റവും ഒടുവിൽ സുമേഷും പുറത്തുകടന്നുകൊണ്ട് വാതിൽ പഴയപോലെ അടച്ചു പൂട്ടി. നന്ദൻമാഷ് ഭയന്നുവിറച്ച് അതിനകത്തിരുന്നു. മുറിക്കു പുറത്തു കടന്ന ശേഷം താര പറഞ്ഞു.

“സുമേഷേട്ടൻ ചെയ്തത് വളരെ നന്നായി. ഇപ്പോഴേ ഇങ്ങനെ ഭയപ്പെടുത്തിയില്ലെങ്കിൽ അങ്ങേർക്ക് ഇനിയും കുറുമ്പു കൂടും. നാളെ നമ്മളെ പലവിധത്തിൽ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.”

അതു കേട്ട് ശാന്തി പറഞ്ഞു, “തന്തയെ തല്ലുന്നത് പാപാ സാറെ. ഞാനങ്ങനെയാ കേട്ടിട്ടുള്ളത്. എത്രയൊക്കെയായാലും സാറിനെ വളർത്തിയ തന്ത തന്നെയല്ലെ അത്.”

“പാപവും പുണ്യവുമൊന്നും നീ എന്നെ പഠിപ്പിക്കാൻ വരണ്ട. ഭ്രാന്തു മൂത്താൽ അടി തന്നെയാണ് മറുമരുന്ന്. ഞാനിപ്പോ പിള്ളേരെ തല്ലുന്ന വടിയല്ലെ ഉപയോഗിച്ചുള്ളു. കുറച്ചു കഴിഞ്ഞാ ചങ്ങലയ്ക്കിടണമോ എന്നും ആലോചിക്കേണ്ടിവരും. ഏതായാലും നീയിപ്പോ ഇതൊന്നും കണ്ട് പറയാൻ നിക്കണ്ട. പോയി ആഹാരം വിളമ്പ്. അച്ഛനുള്ള ആഹാരം മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

അല്പം കഴിഞ്ഞ് നന്ദൻമാഷിനുള്ള ആഹാരവുമായി ശാന്തി മുറിക്കകത്തെത്തി. അപ്പോൾ മാഷ് തളർന്ന പോലെ കിടക്കുന്നതു കണ്ടു. അവൾക്ക് സഹതാപം തോന്നി. അവൾ നന്ദൻമാഷിനെ മെല്ലെ തട്ടി വിളിച്ച് പറഞ്ഞു. “സാറെ ഈ ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് മിണ്ടാതെ കിടന്നോ. അല്ലേൽ സുമേഷ്സാർ ഇനിയും വടിയും കൊണ്ടുവരും. അടിയും തരും. സുമേഷ് സാർ ആളു ഭയങ്കരനാ. ഇപ്പോ കണ്ടാ സുമേഷ് സാറാണെന്നു തോന്നും സാറിന്‍റെ തന്ത. സാറു അങ്ങേരുടെ മകനും.”

നന്ദൻമാഷ് ശാന്തി പറയുന്നതു കേട്ട് ആഹാരം കഴിക്കാനായി എഴുന്നേറ്റിരുന്നു… സത്യത്തിൽ ഇപ്പോൾ അദ്ദേഹത്തിന് മകനെ വല്ലാതെ പേടിയായി തുടങ്ങി. നന്ദൻമാഷ് കഴിക്കാൻ തുടങ്ങുന്നതു കണ്ട് ശാന്തി സന്തോഷത്തോടെ പറഞ്ഞു. “ങാ… മുഴുവൻ കഴിച്ചോണേ. ഞാൻ പോകുവാ.”

ആഹാരം കഴിക്കാൻ തുനിഞ്ഞ നന്ദൻമാഷ് പെട്ടെന്ന് ശാന്തിയോട് ചോദിച്ചു. “കഴിക്കാൻ അറിഞ്ഞൂടാ… വാരിത്തരോ?”

കൊച്ചു പിള്ളേരുടേതുപോലെയുള്ള നന്ദൻമാഷിന്‍റെ ചോദ്യം കേട്ട് ശാന്തി അലിവോടെ പറഞ്ഞു, “എനിക്ക് അടുക്കളേൽ ഒത്തിരി പണിയുണ്ട്. പിന്നെ കൊച്ചിനേം നോക്കണം. അല്ലേൽ ഞാൻ വാരിത്തന്നേനേം.”

പെട്ടെന്ന് നന്ദൻമാഷ് ചോദിച്ചു, “മിന്നു… മിന്നു മോൾ… എവിടെ?”

“മിന്നുമോളല്ല സാറെ… ചിന്നു മോൾ… ആ കൊച്ചിരുന്നു പഠിക്കുവാ സാറെ. പാവം അതിനെക്കൂടി തല്ലുകൊള്ളിക്കല്ലെ.”

നന്ദൻമാഷ് പിന്നെ ഒന്നും മിണ്ടിയില്ല. സത്യത്തിൽ ആഹാരം കഴിക്കേണ്ട വിധം അദ്ദേഹം മറന്നു തുടങ്ങിയിരുന്നു. നന്ദൻമാഷ് ആഹാരം കഴിക്കാതെ മിണ്ടാതിരിക്കുന്നതു കണ്ട് ശാന്തി മൂന്നുനാലുരുള വാരിക്കൊടുത്തു. അപ്പോഴെക്കും താര അവളെ അടുക്കളയിൽ നിന്ന് വിളിച്ചു.

“ഇനി സാർ തനിയെ കഴിക്കാൻ നോക്ക്. ഞാൻ പോട്ടെ. അല്ലേൽ താരേച്ചി ഇപ്പോ വഴക്കുപറയാൻ തുടങ്ങും.” പഴയ പോലെ മുറി അടച്ചു പുറത്തേക്കിറങ്ങിയ ശാന്തി അടുക്കളയിൽ കലിപൂണ്ടു നില്കുന്ന താരയെ കണ്ടു.

“എല്ലാർക്കും ചോറു വിളമ്പി വയ്ക്കാൻ പറഞ്ഞിട്ട് നീ എവിടെ പോയി കിടക്കുവാടീ…” താരയുടെ ശുണ്ഠി കണ്ട് ഭയന്ന ശാന്തി പറഞ്ഞു.

“ആ സാറ്… പാവം. ആഹാരം കഴിക്കാൻ പറ്റാതെ വിഷമിക്കുന്നതുകണ്ട് ഞാൻ വാരിക്കൊടുക്കുവായിരുന്നു.”

“നീ ആരാടി അങ്ങേർക്ക് വാരിക്കൊടുക്കാൻ. അങ്ങേര് വേണോങ്കി കഴിച്ചോളും. നീ നിന്‍റെ പണിനോക്ക്…”

“ശരി ചേച്ചി…” അങ്ങനെ പറഞ്ഞ് ശാന്തി വേഗം എല്ലാവർക്കും ചോറു വിളമ്പി മേശപ്പുറത്തു വച്ചു. അവർ ഓരോരുത്തരായി മേശപ്പുറത്ത് വന്നിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി. ഒടുവിൽ ചോറു വാരിക്കൊടുക്കാനായി കിച്ചുവിനെ എടുത്തുകൊണ്ട് ശാന്തി മുറ്റത്തേക്കു നടന്നു.

അപ്പോൾ താര സുമേഷിനോടു പറഞ്ഞു, “നിങ്ങടഛനിങ്ങനെ ആയാ നമ്മളെന്തോ ചെയ്യും? ഓരോ ദിവസം കഴിയുന്തോറും അങ്ങേര് മുഴുഭ്രാന്തിന്‍റെ ലക്ഷണങ്ങളാ കാണിക്കുന്നേ. മാത്രമല്ല അങ്ങേരെ നോക്കാൻ തന്നെ ഒരാളു വേണ്ടി വരുന്ന ലക്ഷണം. ശാന്തിക്കാണേൽ ഇവിടെ പിടിപ്പതു ജോലിയുണ്ട്. പോരെങ്കിൽ കിച്ചു മോനേം നോക്കണം. നമുക്ക് ഒരു ഹോം നഴ്സിനെ അന്വേഷിച്ചാലോന്നാ ഞാൻ ആലോചിക്കുന്നെ.”

“നീ പറയുന്നതു ശരിയാ. ഞാനും അതു തന്നെയാ ആലോചിക്കുന്നെ. നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് അച്ഛന് വല്ലതും വന്നാ നമ്മളു നോക്കാഞ്ഞിട്ടാണെന്നേ എല്ലാരും പറയൂ. പ്രത്യേകിച്ച് സുരേഷേട്ടനും ഭാര്യയും അതുകൊണ്ട് നമുക്ക് ഒരു ഹോം നഴ്സിനെ ഏർപ്പെടുത്താം… അച്ഛന്‍റെ കാര്യങ്ങൾ നോക്കാൻ മാത്രമായി. നോക്കട്ടെ, ഞാൻ നാളെ ഏതെങ്കിലും ഏജൻസിയിൽ വിളിച്ച് ഒന്നന്വേഷിച്ചു നോക്കട്ടെ. നല്ല പണച്ചിലവുള്ള കാര്യമാണ്.”

“നമുക്ക് സുരേഷേട്ടനോടും കൂടി പറയാം. ഹോം നേഴ്സിനെ നിർത്താനുള്ള പണം തരാൻ. ഇല്ലേൽ അങ്ങേരു കൊണ്ടുപോയി നോക്കട്ടെ അച്ഛനെ” താര പറഞ്ഞു.

“ങ… അതെല്ലാം അടുത്തയാഴ്ച സുരേഷേട്ടൻ വന്നിട്ട് ആലോചിക്കാം. നമുക്കിപ്പോൾ ഒരു ഹോം നഴ്സിനെ കിട്ടുമോന്ന് നോക്കാം.” അവർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്ക് നന്ദൻമാഷിന്‍റെ മുറിയ്ക്കകത്തെന്തോ തട്ടിമറിച്ചിട്ട ഒച്ച കേട്ടു. സുമേഷും താരയും ശബ്ദം കേട്ട് ഓടിയെത്തി.

മുറി തുറന്ന് നോക്കിയ സുമേഷ് കണ്ടത്. നന്ദൻമാഷിനു വേണ്ടി വിളമ്പി വച്ചിരുന്ന ആഹാരം മുഴുവൻ താഴെക്കിടക്കുന്നതാണ്. സുമേഷിന്‍റെ തുറിച്ചു നോട്ടത്തിനു മുന്നിൽ നന്ദൻമാഷ് അയാളെ ഭയത്തോടെ നോക്കി.

“അച്ഛൻ ചോറു മുഴുവൻ തട്ടിക്കളഞ്ഞുവല്ലേ. വേണ്ടെങ്കിൽ പറയാമായിരുന്നില്ലേ? ഇങ്ങനെ തട്ടിക്കളയേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ഇനി ഇതാവർത്തിച്ചാൽ നേരത്തേ കിട്ടിയതിലും നല്ല അടി എനിക്കു തരേണ്ടിവരും. പറഞ്ഞില്ലെന്നു വേണ്ട.” സുമേഷ് ക്രൂദ്ധനായി പറഞ്ഞു.

സുമേഷിന്‍റെ ദേഷ്യഭാവം കണ്ട് നന്ദൻമാഷ് പേടിച്ച് നാലുപാടും നോക്കി. പേടിച്ച ഒരു കുട്ടിയെ പോലെ എവിടെയെങ്കിലും ഒളിക്കാൻ ഒരിടം കിട്ടിയെങ്കിൽ എന്നാണ് ആ നോട്ടത്തിന് അർത്ഥമെന്ന് അവിടെ നിന്ന എല്ലാവർക്കും തോന്നി. പെട്ടെന്ന് എന്തുകൊണ്ടോ സുമേഷ് ശാന്തനായി. അയാൾ തിരിഞ്ഞ് ശാന്തിയോടു പറഞ്ഞു, “നീ വേഗം ഇതെല്ലാം വൃത്തിയാക്കാൻ നോക്ക്.എന്നിട്ട് പഴയ പോലെ മുറിപൂട്ടി പോര്.”

നന്ദൻമാഷ് ചോറു വാരി ഉണ്ണാൻ മറന്നു പോയിരുന്നു എന്ന് അറിയാമായിരുന്നത് അപ്പോൾ അവിടെ ശാന്തിക്കു മാത്രമായിരുന്നു.

അന്നൊരു ഞായറാഴ്ചയായിരുന്നു. നല്ല മഞ്ഞുണ്ടായിരുന്നതുകൊണ്ട് സ്നേഹ സദനത്തിൽ പലരും ആലസ്യം പൂണ്ട് കിടന്നുറങ്ങുകയായിരുന്നു. കൂട്ടത്തിൽ ആന്‍റണിയും, ഫിലിപ്പും മാത്രം അല്പം നേരത്തേ എണീറ്റ് അടുത്തുള്ള പള്ളിയിലേക്ക് നടന്നു.

ഹേമാംബികയും നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് അമ്പലത്തിൽ പോയി മടങ്ങിവന്നു. പിന്നീട് അടുക്കളയിൽ കടന്ന് പാചകത്തിന് മേൽനോട്ടം വഹിക്കുകയും കൂടെ സഹകരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞ് നയനയും എഴുന്നേറ്റു വന്നു. അവൾ നോക്കുമ്പോൾ അടുക്കള മുറ്റത്തിരുന്ന് ഒരു കാക്ക വിരുന്നു വിളിക്കുന്നതുകേട്ടു. അവൾ സന്തോഷത്തോടെ ഹേമയോട് വിളിച്ചു പറഞ്ഞു.

“ഹേമാമ്മേ… ഇതു കണ്ടോ… ഇന്ന്… ആരോ ഇവിടെ വിരുന്നിനെത്തുന്നുണ്ട്. ആരുടെ മക്കളാണാവോ അത്… ഏതായാലും ഇവിടെയുള്ള ആർക്കോ ഇന്ന് അവരുടെ സ്വന്തക്കാരെ കാണാനുള്ള ഭാഗ്യമുണ്ട്.”

“അപ്പോ ഇന്ന് എന്തെങ്കിലും സ്പെഷ്യലും കൂടി വേണം അല്ലേ നയനേ. നമുക്ക് ഒരു ശർക്കരപ്പായസം ഉണ്ടാക്കിയാലോ…”

“ഹായ്… അതു നല്ല ആലോചനയാ ഹേമാമ്മേ… പാവം… ദേവകിയമ്മ മരിച്ചതിപ്പിന്നെ നമ്മള് പായസം ഉണ്ടാക്കിയിട്ടില്ലല്ലോ. ഇപ്പോ എത്ര നാളായി. ഇന്ന് പായസം ഉണ്ടാക്കാൻ ഞാനും കൂടാം ഹേമാമ്മേ…” അങ്ങനെ പറഞ്ഞ് അവൾ ശർക്കര ഉരുക്കാനും പായസത്തിനുള്ള അട പാകപ്പെടുത്താനും തുടങ്ങി.

ഏതാണ്ട് ഒരു മണിക്കൂറിനുള്ളിൽ പായസം റെഡിയായപ്പോൾ അവൾ അത് ഒരു വലിയ പാത്രത്തിലാക്കി അടച്ച് ഊണുമേശപ്പുറത്തു വച്ചു. ഉച്ചത്തേക്കുള്ള ചോറും കറികളും അപ്പോഴേക്കും തയ്യാറായിക്കഴിഞ്ഞിരുന്നു.

അല്പം കഴിഞ്ഞ് അവൾ ഹേമാംബികയോടൊപ്പം തോട്ടത്തിൽ പണിയെടുക്കാൻ തുടങ്ങി. പുതിയ ചില പൂച്ചെടികൾ ഒരു നഴ്സറിയിൽ നിന്ന് വാങ്ങിയത് അവർ ഇരുവരും ചേർന്ന് പൂച്ചട്ടികളിൽ നട്ടുപിടിപ്പിച്ചു. അപ്പോൾ നയന പറഞ്ഞു, “ഈ പൂച്ചെടികൾ പൂവിട്ടു തുടങ്ങുമ്പോൾ എന്തു രസമായിരിക്കും അല്ലേ ഹേമാമ്മേ. ഇവിടെ മുഴുവൻ ഒരു വസന്തം വിടർന്നു നില്ക്കും…”

“ശരിയാ നയനേ. അതിനു വേണ്ടിയാണല്ലോ നാമിതു നട്ടുപിടിപ്പിക്കുന്നത്.”

“മനോഹരമായ ഒരു പൂവിന്‍റെ ജന്മം നൈമിഷികമെങ്കിലും എത്ര സാർത്ഥകമാണ് അല്ലേ ഹേമാമ്മേ. വിടർന്നു നില്ക്കുന്ന ഒരു പൂ മറ്റുള്ളവർക്ക് കൺനിറയെ ആനന്ദം പകരുന്നുണ്ട്. ചിലപ്പോൾ ഭഗവാന് തിരുവടികളിൽ അത് പൂജാ പുഷ്പമായി മാറുന്നു. അല്ലെങ്കിൽ സുന്ദരികളുടെ മുടിക്കെട്ടിൽ പരിമളം പൊഴിച്ചു കൊണ്ട്. അങ്ങനെ ഏതു രീതിയിൽ നോക്കിയാലും അവ തന്‍റെ ജന്മം പുണ്യം നിറഞ്ഞതാക്കുന്നു.”

“അതെ നയന, ഒരു പൂവിന്‍റെ ജന്മം പോലെയാകണം നാം ഓരോരുത്തരുടെ ജന്മവും. എത്ര കുറച്ചു ജീവിച്ചാലും മറ്റുള്ളവരിൽ പരിമളം പരത്താനും, ആനന്ദിപ്പിക്കാനും, നമുക്കു കഴിയണം.”

“പക്ഷെ അമ്മേ ജനിക്കുമ്പോഴേ പുഴുക്കുത്തേറ്റ പൂക്കളുടെ കാര്യമോ?”

“അവർക്കും എന്തെങ്കിലും ജന്മനിയോഗം ഉണ്ടാകും കുഞ്ഞെ. ഭഗവാന്‍റെ കണ്ണിൽ അദ്ദേഹത്തിന്‍റെ ഒരു സൃഷ്ടിയും പാഴ്ജന്മമല്ല.”

നയന ചിന്താഭരിതയായി ഏറെ നേരം നിന്നു. തന്‍റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങിയ ചുടുകണ്ണീർ അവൾ കൈ കൊണ്ട് തുടച്ചു നീക്കി മെല്ലെ പുഞ്ചിരിച്ചു.

പെട്ടന്ന് മുറ്റത്ത് ഒരു കാർ വന്നു നില്ക്കുന്ന ശബ്ദം കേട്ട് അവർ രണ്ടു പേരും തലയുയർത്തി നോക്കി.

സ്നേഹ സദനത്തിന്‍റെ മുറ്റത്ത് ഒരു കാർ ഒഴുകി വന്നു നില്ക്കുന്നത് അവർ കണ്ടു ഒരു ചുവന്ന ഫോർഡ് എൻഡോവർ കാർ. അതിൽ നിന്നും കൂളിംഗ് ഗ്ലാസ് വച്ച പ്രൗഢയായ ഒരു സ്ത്രീ ഇറങ്ങി വന്നു. അവർ തോട്ടത്തിൽ നില്ക്കുന്ന ഹേമാംബികയുടെ നേർക്ക് നോക്കി പുഞ്ചിരിച്ചു

“നീലാംബരി…” ഹേമാംബികയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവൾ വേഗം നീലാംബരിയുടെ അടുത്തേക്ക് നടന്നു. ഒപ്പം നയനയും. നടക്കുന്നതിനിടയിൽ നയന പറഞ്ഞു, “കണ്ടോ… ഞാൻ രാവിലെ പറഞ്ഞതല്ലെ അമ്മേ വിരുന്നുകാരുണ്ടാവുമെന്ന്…”

തന്‍റെ പ്രവചനം ഫലിച്ചതിൽ വലിയ പൊങ്ങച്ചമട്ടിൽ അവൾ ഹേമാംബികയെ നോക്കി. പിന്നെ അല്പം ശബ്ദം താഴ്ത്തി പറഞ്ഞു, “ആരോ വലിയ കാശുകാരാണെന്ന് തോന്നുന്നല്ലോ അമ്മേ… വല്ല സംഭാവനയും നൽകാൻ വന്നതായിരിക്കുമോ?” നയന ഹേമാംബികയുടെ മുഖത്ത് നോക്കി കണ്ണിറുക്കി.

“അത്… അത് എന്‍റെ അനുജത്തിയാണ് മോളെ… നീലാംബരി.” നയന പെട്ടെന്ന് മുഖം വെട്ടിത്തിരിച്ചു ഹേമയെ അതിശയത്തോടെ നോക്കി.

“എന്‍റെ രണ്ടനുജത്തിമാരിൽ മൂത്ത ആൾ. വർഷങ്ങളായി അവർ ഗൾഫിലാണ്. ഗൾഫിലെ ഒരു ഇൻഡ്യൻ സ്ക്കൂളിന്‍റെ പിൻസിപ്പലായിട്ടാ അവൾ റിട്ടയർ ചെയ്തത്… അവളുടെ ഭർത്താവ് അവിടെ വലിയ ബിസിനസ്സുകാരനാ ഇപ്പോൾ.”

“ഓഹോ… അപ്പോൾ ഹേമാമ്മ ഇന്നാളൊരിക്കൽ ടെറസ്സിൽ നിന്ന് സംസാരിച്ചത് ഈ ആന്‍റിയോടാണല്ലേ.”

“അതെ മോളെ.” അപ്പോഴേക്കും നീലാംബരിയുടെ അടുത്ത് അവർ എത്തിക്കഴിഞ്ഞിരുന്നു.

“നിന്നെക്കണ്ടിട്ട് എത്ര നാളായി നീലു.” അങ്ങനെ പറഞ്ഞ് ഹേമാംബിക നീലാംബരിയെ കെട്ടിപിടിച്ചു. അവളുടെ കണ്ണു നിറഞ്ഞാഴുകുന്നുണ്ടായിരുന്നു.

“ശരിയാണ് ചേച്ചി… നമ്മൾ തമ്മിൽ കണ്ടിട്ട് വർഷങ്ങളായിരിക്കുന്നു. ഇതിനു മുമ്പ് കേരളത്തിൽവരുമ്പോഴെല്ലാം ചേച്ചിയെ വന്നു കാണണമെന്ന് ആഗ്രഹിച്ചപ്പോഴൊന്നും നടന്നില്ല. പലവിധ തിരക്കുകളായിരുന്നു അപ്പോഴെല്ലാം.”

“ശരിയാണ്. അപ്പോഴെല്ലാം ഫോൺ വിളികളിൽ ഒതുങ്ങി നമ്മുടെ സമാഗമങ്ങൾ. ഏതായാലും ഇന്നിപ്പോൾ നീ വന്നല്ലോ മോളേ. എനിക്ക് സന്തോഷമായി.”

“സത്യത്തിൽ അപ്പോഴെല്ലാം ചേച്ചി ഒരു അനാഥയെ പോലെ ഇവിടെ വന്നു താമസിക്കുന്നതിലുള്ള വിരോധവും എന്‍റെ ഉള്ളിലുണ്ടായിരുന്നു. ഒരിക്കലും ചേച്ചിയെ ആ വിധത്തിൽ കാണുവാൻ ഞാൻ ആഗ്രഹിച്ചില്ല.”

അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു, “ഇപ്പോൾ നീ അകത്തേക്ക് വന്നു നോക്കു നീലു. അപ്പോൾ കാണാം ഞാൻ ഇവിടെ അനാഥയാണോ അതോ സനാഥയാണോ എന്ന്. അതു പോകട്ടെ നിന്‍റെ കൂടെ സതീഷ് വന്നില്ലേ?”

“ഇല്ല ചേച്ചീ. ഇവിടെ ഞങ്ങൾ ഒരു ഫ്ലാറ്റ് വാങ്ങിയിട്ടിട്ടുണ്ട്, വല്ലപ്പോഴും വരുമ്പോൾ താമസിക്കാൻ. അവിടെ അദ്ദേഹമുണ്ട്. മൂപ്പർക്ക് ഇവിടെ എന്തോ ബിസിനസ് ഇടപാടുകൾ ഉണ്ട്… പിന്നെ കല്യാണത്തിന്‍റെ തിരക്കുകളും കാര്യങ്ങളും.” അവയൊന്നുമല്ല അയാൾ വരാത്തതിന് കാരണമെന്ന് ആ കണ്ണുകൾ വിളിച്ചു പറഞ്ഞിരുന്നു. ഇത്തരം ഒരു സ്ഥലത്തേക്ക് വരുന്നതിന് അയാളുടെ സ്റ്റാറ്റസ് അനുവദിക്കുന്നില്ലായിരിക്കും. ഹേമാംബിക അങ്ങനെ മനസ്സിൽ വിചാരിച്ചു കൊണ്ട് അനുജത്തിയെ നോക്കി.

അപ്പോൾ നീലാംബരി അടുത്തു നിന്ന നയനയെ ചൂണ്ടി ചോദിച്ചു. “ഇതാരാ ചേച്ചീ കൂടെയുള്ള ഈ പെൺകുട്ടി?”

“ഇത് നയന. എനിക്ക് പിറക്കാതെ പോയ എന്‍റെ മകൾ… എന്‍റെ മാനസപുത്രി…” ഹേമാംബിക പറഞ്ഞതു കേട്ട് നയന ഹേമാംബികയെ കെട്ടിപിടിച്ച് ആഹ്ളാദത്തോടെ പറഞ്ഞു.

“അതെ എന്നെ പ്രസവിക്കാത്ത എന്‍റെ അമ്മ തന്നെയാണ് ഇത്… അമ്മേ… എന്‍റെ അമ്മേ…” അങ്ങനെ പറഞ്ഞ് അവൾ ഹേമാംബികയുടെ കവിളിൽ തുരുതുരെ ഉമ്മ വച്ചു. അതു കണ്ട് നീലാംബരി പുഞ്ചിരി പൊഴിച്ചു കൊണ്ടു നിന്നു.

സ്നേഹത്തോടെ നയനയുടെ കവിളിൽത്തട്ടി, അവളുടെ ആലിംഗനത്തിൽ നിന്ന് മുക്തയായിക്കൊണ്ട് ഹേമാംബിക പറഞ്ഞു, “വരൂ നീലു. നമുക്ക് ഇവിടെ ബാക്കിയുള്ളവരെ കാണാം.”

അപ്പോൾ നീലാംബരി തന്‍റെ അടുത്തു നിന്ന ഡ്രൈവർ രാമകൃഷ്ണനെ പരിചയപ്പെടുത്തിക്കൊണ്ടു പറഞ്ഞു.

“ഇത് രാമകൃഷ്ണൻ ചേട്ടൻ. ഞങ്ങൾ നാട്ടിൽ വരുമ്പോഴെല്ലാം ഇദ്ദേഹമാണ് ഞങ്ങളുടെ വണ്ടി ഓടിക്കുന്നത്.” രാമകൃഷ്ണൻ ഹേമാംബികയെ നോക്കി കൈകൂപ്പി. ഹേമാംബിക തിരിച്ചും.

“എങ്കിൽ രാമകൃഷ്ണൻ ചേട്ടൻ ഇവിടെ തനിച്ചിരിക്കണ്ട. ഞങ്ങളോടൊപ്പം അകത്തേക്ക് പോന്നോളു. അകത്ത് സ്വീകരണ മുറിയിൽ ഇരിക്കാം. അവിടെ ആരെങ്കിലുമൊക്കെ സംസാരിക്കാനുണ്ടാകും.” നീലാംബരിയേയും കൂട്ടിക്കൊണ്ട് ഹേമാംബിക അകത്തേക്കു നടന്നു. പിറകേ നയനയും. രാമകൃഷ്ണനും.

അവർ ഹാളിലെത്തിയപ്പോൾ പലരും അമ്പരപ്പോടെ നീലാംബരിയെ നോക്കി. ഇതാരാണപ്പാ ഒരു പുതിയ ആളെന്ന മട്ടിൽ. നീലാംബരിയുടെ പ്രൗഢമായ വേഷവിധാനങ്ങൾ കണ്ട് വല്ല സിനിമാ താരമോ മറ്റോ ആണോ എന്നും ചിലർ സംശയിച്ചു. ഹേമാംബിക എല്ലാവർക്കുമായി നീലാംബരിയെ പരിചയപ്പെടുത്തി.

“ഇതെന്‍റെ അനുജത്തി നീലാംബരി. എന്നെ കാണാൻ ഗൾഫിൽ നിന്നും വന്നെത്തിയതാണ്. ഇവളുടെ മകളുടെ വിവാഹം അടുത്തുതന്നെയുണ്ടാകും അതിന് ക്ഷണിക്കാൻ കൂടി വന്നതാണ്.”

എല്ലാവരും അതു കേട്ട് പുഞ്ചിരിക്കുകയും കൈകൊട്ടി നീലാംബരിയെ സ്വാഗതം ചെയ്യുകയും ചെയ്തു.

“ഹേമാംബിക ടീച്ചറിന്‍റെ അനുജത്തി ഞങ്ങളുടെയും അനുജത്തിയാ.” സാവിത്രിയാണ് അതു പറഞ്ഞത്. അതു കേട്ട് നീലാംബരി പുഞ്ചിരിച്ചു

“എത്ര മക്കളാ?” ആരോ ചോദിച്ചതു കേട്ട് നീലാംബരി പറഞ്ഞു.

“എനിക്ക് രണ്ടു പെൺകുട്ടികളാണ് ഉള്ളത്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു. ഒരു കുട്ടിയുമുണ്ട്. ഇളയ ആളുടെ വിവാഹമാണ് അടുത്ത മാസം പത്താം തീയതി ഗുരുവായൂരിൽ വച്ച് നടക്കുന്നത്. അതു കഴിഞ്ഞ് ഇവിടെ ഒരു വലിയ ഹോട്ടലിൽ റിസപ്ഷനുമുണ്ട്. നിങ്ങൾ എല്ലാവരേയും ഞാൻ കല്യാണത്തിന് ക്ഷണിക്കുകയാണ്.”

“ഓ… ഞങ്ങൾക്ക് എല്ലാവർക്കും വരാൻ കഴിയത്തില്ല ടീച്ചറെ… ഞങ്ങളിൽ പലർക്കും തനിയെ നടക്കാൻ പറ്റത്തില്ല.” വർഗ്ഗീസ് എന്ന വൃദ്ധനാണ് അത് പറഞ്ഞത്.

“വരാൻ പറ്റുന്നവർ എല്ലാവരും വരണം. ഞങ്ങൾക്കതൊരു സന്തോഷമായിരിക്കും.” നീലാംബരി കൈകൂപ്പിക്കൊണ്ടു പറഞ്ഞു.

“ഞങ്ങൾ ഹേമാംബിക ടീച്ചറിന്‍റെ കൂടെ വരാം… ഹേമാംബിക ടീച്ചർ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾക്കതൊരു ആത്മവിശ്വാസമാണ്. ടീച്ചർ ഞങ്ങളെയെല്ലാം സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്.” അങ്ങനെ പറഞ്ഞ് അവർ ആഹ്ളാദം പങ്കിട്ടു. അപ്പോഴേക്കും ഹേമാംബിക നീലാംബരിയെ തന്‍റെ മുറിയിലേക്ക് ക്ഷണിച്ചു

“വരൂ.നീലു എത്ര കാലമായി നമ്മൾ സ്വയം മറന്നിരുന്നൊന്ന് വർത്തമാനം പറഞ്ഞിട്ട്.”

അപ്പോൾ പുറകിൽ എല്ലാം വീക്ഷിച്ചു നിന്ന നയന മുൻപോട്ടു കയറി നിന്നുപറഞ്ഞു. “നിങ്ങൾ അമ്മയുടെ മുറിയിൽ പോയി സംസാരിച്ചു കൊണ്ടിരുന്നോളു. ഞാൻ പോയി പായസമെടുത്തു കൊണ്ടുവരാം.” അതു കേട്ട് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു.

“ഇവൾ ഒരു പ്രവചനക്കാരി കൂടിയാണ് കേട്ടോ നീലു. ഇന്നിവൾ ആരെങ്കിലും അതിഥികൾ എത്തുമെന്ന് രാവിലെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. അതനുസരിച്ച് സ്പെഷ്യൽ ശർക്കരപ്പായസവും മറ്റും ഉണ്ടാക്കിയിട്ടുണ്ട്.”

“അയ്യോ പായസമൊക്കെ ഊണിനു മതിയായിരുന്നു. ഇപ്പോൾ മോൾ അതെടുക്കാനൊന്നും പോകണ്ട.”

നീലാംബരി പറഞ്ഞതു കേട്ട് നയന പറഞ്ഞു, “അതുപറഞ്ഞാൽ പറ്റില്ല ആന്‍റി. ഇന്ന് ആന്‍റി വന്നതു പ്രമാണിച്ച് ഞങ്ങൾക്കൊരു സ്പെഷ്യൽ ഡേയാണ്. ആന്‍റി ഞങ്ങളുടെ സ്പെഷ്യൽ അതിഥിയും. ആന്‍റിയെ ഞങ്ങൾ മധുരം തന്ന് സ്വീകരിക്കുകയാണ്.”

അവളുടെ മണിചിതറിയതുപോലെയുള്ള സംസാരം കേട്ട് നീലാംബരി പുഞ്ചിരിയൊടെ പറഞ്ഞു, “എങ്കിൽ ശരി മോളെ. ഒരു ഗ്ലാസ്സ് പായസം എടുത്തോളു. അത് നമുക്ക് പങ്കിട്ടു കുടിക്കാം. മധുരം പരസ്പരം പങ്കിടുമ്പോഴാണല്ലോ ആഹ്ളാദകരമാവുന്നത്.”

“ശരി. ആന്‍റി. ഞാൻ പായസം എടുത്തു കൊണ്ടു വരാം.” എന്നു പറഞ്ഞ് അവൾ അടുക്കള ഭാഗത്തേക്കു നടന്നു. അപ്പോൾ ഹേമാംബിക നീലാംബരിയേയും കൂട്ടി തന്‍റെ മുറിയിലേക്കു നടന്നു.

അവർ ഹേമാംബികയുടെ മുറിയിലെത്തിയപ്പോൾ ഇരുവരുടേയും ഹൃദയങ്ങൾ വികാര സാന്ദ്രമായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...