അപ്പോഴേക്കും നേരം സന്ധ്യയായിത്തുടങ്ങിയിരുന്നു. “നീയെന്താടി ഹേമേ സന്ധ്യക്ക് മേൽ കഴുകി വിളക്കുകൊളുത്താതെയാണോ എന്റടുത്തേക്ക് ആഹാരവും കൊണ്ടുവരുന്നത്.”
“അമ്മേ… അമ്മയ്ക്ക് ദോശ എടുത്തു തന്നിട്ട് വിളക്കു കൊളുത്താം എന്നു വിചാരിച്ചു. അമ്മ ഉച്ച മുതൽ കാര്യമായിട്ട് ഒന്നും കഴിക്കാതിരിക്കുന്നതല്ലെ? ഈ ദോശ വേഗം കഴിച്ചിട്ട് കിടന്നോ.” അവൾ ദോശ ഓരോന്നായി പൊട്ടിച്ച് അമ്മയുടെ വായിൽ വച്ചു കൊടുത്തു. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു
“നീയിങ്ങനെ എന്നെയും ശുശ്രൂഷിച്ച് കാലം കഴിച്ചാൽ മതിയൊ ഹേമേ? നിനക്ക് വയസ്സ് ഇരുപത്തിനാലു കഴിഞ്ഞു. ഇനിയും ഒരു വിവാഹം കഴിച്ചില്ലേൽ നിനക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട്. അവരുടെയും വിവാഹം താമസിക്കും.”
“എനിക്കിപ്പോ വിവാഹം വേണ്ട അമ്മേ. നീലാംബരിയുടെയും കാദംബരിയുടേയും, മണിക്കുട്ടന്‍റേയും പഠിത്തം കഴിയട്ടെ. അതിനു മുമ്പ് ഞാൻ വിവാഹം കഴിച്ചാൽ അവരുടെ പഠനം മുടങ്ങിപ്പോകുകയില്ലേ?”
“പിന്നെ നീ പറയും അവർക്കൊരു നല്ല ജോലി കൂടി കിട്ടട്ടെ എന്ന്. അങ്ങനെ നിന്‍റെ കല്യാണം നീണ്ടു പോകും. ഞാൻ മരിക്കുന്നതിനു മുമ്പ് നിങ്ങളെല്ലാം വിവാഹിതരായി കാണണമെന്നാണ് എന്‍റെ ആഗ്രഹം.”
“ഒരു കൊല്ലം കൂടികഴിഞ്ഞാൽ നീലാംബരി എം.എ.ക്കാരിയാകും. പിന്നെ അവളുടെ വിവാഹം വേണമെങ്കിൽ നടത്താം. അല്ലെങ്കിൽ ഒരു കൊല്ലം കൂടി കാത്തിരുന്നാൽ അവൾക്കെവിടെയെങ്കിലും നല്ല ജോലിയാകും… പിന്നെ മണിക്കുട്ടൻ, മര്യാദയ്ക്കു പഠിക്കുകയാണെങ്കിൽ ഒരു കൊല്ലം കഴിഞ്ഞ് പോളിടെക്നിക്ക് കഴിഞ്ഞയുടനെ അവന് ജോലിക്കു കേറാം. അവരെ രണ്ടു പേരേയും ഒരു കരക്കെത്തിച്ചാൽ പിന്നെ കിങ്ങിണിമോൾകൂടി അല്ലേ ഉള്ളു അമ്മേ. നല്ലവണ്ണം പഠിക്കുന്ന കുട്ടിയായതു കൊണ്ട് രണ്ടു കൊല്ലം കൂടി കഴിഞ്ഞാൽ അവൾക്കും എൻജിനീയറിങ്ങിനോ മറ്റോ പോകാം. നീലാംബരിക്കും മണിക്കുട്ടനും ജോലിയായാൽ അവരും കൂടി കുടുംബം നോക്കുകയില്ലേ അമ്മേ. പിന്നെ എനിക്ക് വേണമെങ്കിൽ വിവാഹം കഴിക്കാമല്ലോ.”
“ങാ… പ്രാരബ്ധങ്ങളൊക്കെ ഒതുക്കിയിട്ടു വിവാഹം കഴിക്കാനിരുന്നാ നീ മൂത്തു നരയ്ക്കും. പറഞ്ഞില്ലെന്നു വേണ്ടാ…”
അമ്മ അതുപറയുമ്പോൾ”അമ്മേ ഞാൻ ഒരു വിവാഹം കഴിക്കുകയാണെങ്കിൽ അത് നന്ദൻമാഷിനെ മാത്രം ആയിരിക്കും” എന്ന് പറയണമെന്നു ഹേമക്കുതോന്നി. പക്ഷെ ഒന്നും പറയാനാവാതെ ദൂരേയ്ക്ക് മിഴിനട്ടിരുന്നു.
അതു കണ്ട് അമ്മ പറഞ്ഞു, “നീ ഇനി പോയി മേൽ കഴുകീട്ടു വാ ഹേമേ. എനിക്ക് മതി ആഹാരം. ഇനി വേണേൽ പിന്നെ കഴിക്കാം.”
അമ്മയുടെ വാക്കുകൾ കേട്ട് ഹേമ പറഞ്ഞു. “അമ്മ ഒരു ദോശയേ കഴിച്ചുള്ളു.”
“എനിക്കതുമതി ഹേമേ. വയറ്റിനകത്ത് ഒരു ഗ്യാസ് പോലെ.”
“എന്നാൽ ശരി.ഞാനിതു കൊണ്ടു പോയി അടച്ചു വക്കാം. രാത്രിയിൽ അമ്മയ്ക്ക് കഞ്ഞി തരാം.”
“ങാ… അതു മതി. നീ മണിക്കുട്ടനും അച്ഛനും വരും മുമ്പ് മേൽക്കഴുകിവന്ന് വിളക്കുകൊളുത്ത്…”
ഹേമ ബാക്കി വന്ന ദോശ അടുക്കളയിൽ അടച്ചു വച്ചു. പിന്നീട് സോപ്പും തോർത്തുമെടുത്ത് മേൽക്കഴുകാനായി കുളിമുറിയിലേക്കു നടന്നു. വടക്കുപുറത്തെ കുളത്തിൽ മുങ്ങിക്കുളിച്ചാലോ എന്നാലോചിച്ചെങ്കിലും സന്ധ്യയായതിനാൽ അത് വേണ്ടെന്നു വച്ചു.കിണറിൽ നിന്നു കുളിമുറിയിൽ പിടിച്ചു വച്ചിരുന്ന നല്ല തണുത്തവെള്ളം തലയിൽ വീണപ്പോൾ നല്ല സുഖം തോന്നി. വേഗം കുളി കഴിഞ്ഞ് വന്ന് പൂജാമുറിയിൽ വിളക്കു കൊളുത്തി പ്രാർത്ഥിച്ചു. അപ്പോൾ കാലും മുഖവും കഴുകി അനുജത്തിമാരും എത്തി. മൂന്നുപേരും കൂടി അല്പസമയം ഭഗവാന്‍റെ മുമ്പിലിരുന്ന് നാമം ചൊല്ലി. അപ്പോഴേക്കും പൂമുഖത്ത് മണിക്കുട്ടനെ അമ്മ ഉറക്കെ വഴക്കു പറയുന്ന ശബ്ദം കേട്ടു.
“വല്ലടത്തും തെണ്ടിനടന്ന് സന്ധ്യയാകുമ്പോ വന്നു കേറിക്കോളും. കോളേജ് വിട്ടാലുടനെ നിനക്ക് ഇങ്ങോട്ടു വന്നാലെന്താടാ…”
“തൊടങ്ങി. ഇതു തന്നെയാ ഇങ്ങോട്ടു നേരത്തേ വരാത്തത്. വന്നാലുടനെ ഈ പയ്യാരമല്ലെ കേൾക്കേണ്ടി വരിക.”
“നിന്‍റെ ഒരു മട്ടും മാതിരിയും വേഷവും കണ്ടാൽ പറയാതിരിക്കുന്നത് എങ്ങിനെയാടാ?” അമ്മയുടെ ഉറക്കെയുള്ള ശാസനകേട്ട് പ്രാർത്ഥിച്ചുകൊണ്ടിരുന്നവർ പ്രാർത്ഥന മതിയാക്കി എഴുന്നേറ്റു ചെന്നു. താടിയും മുടിയും വളർത്തി തൂങ്ങിപ്പിടിച്ചു നില്ക്കുന്ന അനിയനെ കണ്ടപ്പോൾ ഹേമാംബികക്ക് സഹതാപം തോന്നി.
“അമ്മ അവനെ വന്നയുടനെ വഴക്കുപറയാതെ. അതല്ലേ അവൻ ഇങ്ങനെ ആവുന്നത്.”
“എങ്ങനെ പറയാതിരിക്കുമെടീ… അവന്‍റെ ഒരു കോലം കണ്ടില്ലെ? ആകെയുള്ള ഒരാൺ തരിയാ. എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഇവനെക്കുറിച്ച്.” അമ്മ കരയാൻ തുടങ്ങിയിരുന്നു. അതു കണ്ട് മണിക്കൂട്ടൻ പിന്തിരിഞ്ഞു നടന്നു.
“ഉം… ചേട്ടൻ ഇന്നും കഞ്ചാവടിച്ച മട്ടുണ്ട്.” കിങ്ങിണിമോൾ ഹേമാംബികയെ നോക്കി പതുക്കെ പറഞ്ഞു. അവൾ “ശ്… മിണ്ടരുത്” എന്ന് ആംഗ്യം കാണിച്ചു. കിങ്ങിണി മോൾ നിശ്ശബ്ദമായി പുഞ്ചിരിച്ചു. നീലാംബരിയാകട്ടെ പ്രാർത്ഥന കഴിഞ്ഞ് തന്‍റെ മുറിയിലേക്ക് പഠിക്കാനായി നടന്നു കഴിഞ്ഞിരുന്നു. ഇവിടെ നടക്കുന്നതൊന്നും അവളെ ബാധിക്കുന്നില്ലെന്ന് തോന്നി.
ഹേമാംബികയെക്കണ്ട് മണിക്കുട്ടൻ പറഞ്ഞു. “വല്ലതും തിന്നാനൊണ്ടെങ്കി താ… നല്ല വിശപ്പ്…”
അതു കേട്ട് ഭാനുമതിയമ്മ പറഞ്ഞു, “ഉം നീ ചെന്ന് അവനേയും ഊട്ട്… സമയാ സമയത്തിന് ആഹാരം കിട്ടുന്നതിന്‍റെയാ ചെക്കനിങ്ങനെ നെഗളിച്ച് നടക്കുന്നത്.”
അമ്മയുടെ വാക്കുകൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഹേമാംബിക മേശപ്പുറത്ത് പലഹാരവും ചായയും എടുത്തു വച്ചു. മണിക്കുട്ടൻ വന്നിരുന്ന് ആഹാരം കഴിക്കാനിരുന്നപ്പോൾ അവൾ അവന്‍റെ തലയിൽ തലോടി ചോദിച്ചു.
“എന്തിനാടാ മോനെ നീ ഇങ്ങനെ ആവുന്നത്. നിനക്ക് മര്യാദക്ക് പഠിച്ചാൽ പോരെ. അമ്മയെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കണോ…”
“തൊടങ്ങി… ഇനി നിങ്ങളുടേയും കൂടി കുറവേ ഉണ്ടായിരുന്നുള്ളു. ഈ വീട്ടിൽ കേറി വരുന്നതെ മനുഷ്യനു സ്വൈര്യക്കേടാ…” അങ്ങനെ ഉറക്കെ പറഞ്ഞു കൊണ്ട് അവൻ എഴുന്നേറ്റു പോകാൻ ഭാവിച്ചു. അതു കണ്ട് ഹേമാംബിക കുറ്റബോധത്തോടെ പറഞ്ഞു. “വേണ്ട… ഇനി ഞാൻ വല്ലതും പറഞ്ഞൂന്ന് വച്ച് നീ ആഹാരം കഴിക്കാതിരിക്കണ്ട. ഞാൻ പൊയ്ക്കോളാം.”
ഹേമാംബിക തല കുനിച്ച് അവിടെ നിന്നും നടന്നകന്നപ്പോൾ മണിക്കുട്ടൻ തനിക്കു വിളമ്പിയ ആഹാരം മുഴുവൻ കഴിച്ചശേഷം എഴുന്നേറ്റു പോയി.
അല്പം കഴിഞ്ഞ് ഹേമാംബിക വന്നു നോക്കുമ്പോൾ മണിക്കുട്ടന്‍റെ മുറിയിൽ വെളിച്ചംകണ്ടു. വാതിൽപ്പഴുതിലൂടെ നോക്കുമ്പോൾ അവൻ കഞ്ചാവു വലിച്ചു കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായി. ഹൃദയം തകർന്ന അവൾ, എങ്ങനെയാണ് തന്‍റെ അനിയനെ നാശത്തിന്‍റെ ഗർത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്നറിയാതെ വിഷമിച്ചു.
ഭീഷണികളോ ശാസനകളോ ഇത്തരുണത്തിൽ വിലപ്പോകില്ല എന്നവൾ ഊഹിച്ചു. ഒടുവിൽ നയരൂപേണ സ്നേഹത്തിന്‍റെ പാതയിലൂടെ തന്നെ അവനെ നയിക്കാമെന്നുറച്ചു മൂകമായി തേങ്ങുന്ന ഹൃദയത്തോടെ അവൾ അടുക്കളയിൽ മടങ്ങിയെത്തി. രാത്രിയിൽ ചീട്ടുകളി സംഘത്തിൽ നിന്നും മടങ്ങിയെത്തിയ അച്ഛനുൾപ്പെടെ എല്ലാവർക്കും കഞ്ഞി വിളമ്പി. അമ്മയ്ക്ക് കഞ്ഞികോരിക്കൊടുക്കുമ്പോൾ ഹേമാംബികയുടെ മുഖത്ത് ഖനീഭവിച്ചു കിടക്കുന്ന ദുഃഖം കണ്ട് അമ്മ കാര്യമന്വേഷിച്ചു.
“എന്താ ഹേമേ നിന്‍റെ മുഖം വല്ലാതെയിരിക്കുന്നത്. നീ കരഞ്ഞോ?”
“ഇല്ലല്ലോ അമ്മേ… ഞാൻ അടുപ്പിൽ പുകയൂതുകയായിരുന്നു. അതായിരിക്കും കണ്ണുകലങ്ങിയിരിക്കുന്നത്.” ഭാനുമതി അമ്മ വിശ്വാസം വരാതെ അവളെ നോക്കി. ഒരു പക്ഷെ അവൾ പറയുന്നത് ശരിയായിരിക്കുമെന്ന് കരുതി മിണ്ടാതിരുന്നു. രാത്രിയിൽ അനുജത്തിമാരോടൊത്ത് എച്ചിൽപാത്രങ്ങൾ കഴുകുമ്പോഴും അവൾ മൂകയായിരുന്നു.
“എന്താ ചേച്ചിക്ക് പതിവില്ലാതെ ഒരു മൂകത. ഇല്ലെങ്കിൽ ഈ സമയത്ത് ചേച്ചി ഞങ്ങളുടെ കോളേജിലേയും, സ്ക്കൂളിലേയും വിശേഷങ്ങൾ ചോദിക്കുന്നതാണല്ലോ.”
“ങാ… ഇന്ന് നല്ല തലവേദന. ഇത്രയും നേരം വിശ്രമമില്ലാത്ത പണിയായിരുന്നല്ലോ. അതു കൊണ്ടായിരിക്കും. ങാ… ഇനി ഏഴാം ക്ലാസ്സിലെ മിഡ്ടേമിലെ പരീക്ഷാപേപ്പർ നോക്കാനുണ്ട്. ഇന്ന് അതു കഴിഞ്ഞേ കിടക്കാൻ പറ്റുകയുള്ളു.”
“എന്നോട് ക്ഷമിക്കണേ ചേച്ചി. ഫൈനൽ പരീക്ഷ അടുത്തതു കൊണ്ട് ധാരാളം പഠിക്കാനുണ്ട്. അതുകൊണ്ടാണ് ഞാൻ അടുക്കളയിലേക്കുവരാതിരുന്നത്.” നീലാംബരി ക്ഷമാപണത്തോടെ പറഞ്ഞു.
“നിങ്ങൾ രണ്ടു പേരുമിരുന്ന് പഠിച്ചോ കുട്ടികളെ. ചേച്ചിക്ക് പരാതിയൊന്നുമില്ല. നിങ്ങളെങ്കിലും നല്ല മാർക്കോടെ പാസ്സായി ഒരു ജോലി വാങ്ങുന്നത് കാണണമെന്നുണ്ടെനിക്ക്. എന്നിട്ടു വേണം ചേച്ചിക്ക് വിശ്രമിക്കാൻ.”
“അപ്പോൾ ചേച്ചിക്ക് കല്യാണമൊന്നും കഴിക്കണ്ടേ?”
“കല്യാണം… ങാ… അതു വേണം…” അവൾ അർദ്ധബോധാവസ്ഥയിലെന്ന പോലെ പിറുപിറുത്തു. മണിക്കുട്ടന്‍റെ. ദുഷിച്ച പോക്കായിരുന്നു അപ്പോൾ മനസ്സിൽ. തങ്ങൾ വിവാഹം കഴിഞ്ഞു പോയാലും അച്ഛനേയുമമ്മയേയും നോക്കേണ്ടത് അവനാണ്. അവനീ സ്ഥിതിയിലായാൽ അവരുടെ കാര്യം എന്താകുമെന്ന് ഓർത്തിട്ട് അവൾക്ക് മന:സമാധാനം നഷ്ടപ്പെട്ടു. രാത്രിയിൽ പാത്രങ്ങൾ കഴുകിക്കമഴ്ത്തി അടുക്കള അടച്ചു പോകാൻ തുനിഞ്ഞ പെൺമക്കൾ മൂന്നു പേരുടേയും മുന്നിൽ ദിവാകരൻ പ്രത്യക്ഷപ്പെട്ടു.