സ്ട്രീറ്റ് ലൈറ്റിനു താഴെ നിന്ന് പരിസരം വീക്ഷിക്കുമ്പോൾ കായലിനെ തലോടിയെത്തിയ നനഞ്ഞ കാറ്റ് അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. നിരന്നു മുറ്റി വളർന്നു നിൽക്കുന്ന മുൾച്ചെടിപ്പടർപ്പുകളിലെ സ്ട്രീറ്റ് ലൈറ്റിനു പുറകിലെ ഭാഗം വ്യക്തമായി വകഞ്ഞു മാറ്റപ്പെട്ടിരിക്കുന്നത് കണ്ടു. ഇതിലൂടെയാകണം സ്ത്രീയും പുരുഷനും ചാക്കുകെട്ട് താങ്ങിപ്പിടിച്ച് സഞ്ചരിച്ചു കാണുക.

ആ മുൾച്ചെടിപ്പടർപ്പിലൂടെ കായൽക്കര വരെ പോയി നോക്കാൻ തീരുമാനിച്ചെങ്കിലും അപ്പോൾ തന്നെ തീരുമാനം മാറ്റി. ഈ പ്രദേശത്ത് കായലിന് ഏറെ ആഴമില്ല. ആ ചാക്കുകെട്ടിൽ എന്‍റെ ഊഹമനുസരിച്ചുള്ള വസ്തുവെങ്കിൽ ഒരാഴ്ചക്കകം ഈ പരിസരത്ത് പോലീസുകാണും. കായലിന്‍റെ ഒഴുക്ക് മന്ദഗതിയിലാണ്.

ചാക്കുകെട്ടുമായി പോയ സ്ത്രീയും പുരുഷനും വളരെ ചെറിയ സമയത്തിനുള്ളിൽത്തന്നെ തിരിച്ചു വരികയുണ്ടായി എന്നത് ഞാൻ പ്രത്യേകം നിരീക്ഷിച്ചതാണ്. ഭാരമുള്ള വസ്തു ചാക്കുകെട്ടിനോട് ബന്ധിച്ച് കായലിൽ താഴ്ത്തുവാനുള്ള സമയമൊന്നും അവരെടുത്തിട്ടില്ല. ഏതായാലും പരമാവധി ഒന്നു രണ്ടാഴ്ചക്കകം വിവരമറിയാം.

വകഞ്ഞൊതുക്കിയ മുൾപ്പടർപ്പിലൂടെ ഒന്നു പോയി നോക്കാനുള്ള അതിയായ ആഗ്രഹം. വരാൻ പോകുന്ന ഭവിഷ്യത്ത് മുൻകൂട്ടിക്കണ്ട് പണിപ്പെട്ട് അടക്കി വീട്ടിലേക്ക് തിരിച്ചു. മനുഷ്യ മനസ്സ് അങ്ങനെയാണ് നാടോടിക്കഥയിലെ രാജകുമാരിയെപ്പോലെ ഒരിക്കലും തുറക്കരുതെന്ന നിർദേശം ലഭിച്ച വാതിലേ പോയി തുറക്കൂ. ഒരിക്കലും തിരിഞ്ഞു നോക്കാതെ മുൻപോട്ടു പൊയ്ക്കൊള്ളണം എന്നു പറഞ്ഞാൽ തിരിഞ്ഞു നോക്കിയിരിക്കും. അന്നും ഇന്നും എന്നും ഏറ്റവും കനത്ത പ്രഹേളികയായി തുടരുന്ന മനുഷ്യ മേധ. അതിന്‍റെ കൈപ്പിടിയിലൊതുക്കാത്ത അപഥ സഞ്ചാരങ്ങൾ.

ഇഞ്ചിയും തുളസിയും ഇട്ടു തിളപ്പിച്ച ചായ ഊതിക്കുടിക്കുമ്പോൾ അമ്മയെ സാകൂതം ഉറ്റുനോക്കുകയായിരുന്നു ഞാൻ. നേർത്തുമൊരിഞ്ഞ ദോശ ശ്രദ്ധാപൂർവ്വം ചട്നിയിൽ മുക്കി കഴിക്കുകയായിരുന്നു അമ്മ. അമ്മയ്ക്ക് കട്ടിദോശ വലിയ പഥ്യമില്ല. ദോശ എത്രത്തോളം നേർപ്പിക്കാമോ അത്രയും നേർത്തു കിട്ടിയാൽ സന്തോഷം.

“അമ്മയിന്നലെ നേരെ ഉറങ്ങീലെ?”

അമ്മ തലയുയർത്തി നോക്കി. “പിന്നെ നല്ലോണം ഉറങ്ങി കിടന്നതേ ഓർമ്മള്ളൂ പിന്നെ കണ്ണ് തുറക്കുമ്പോ എട്ടു മണി.”

ഞാൻ എഴുന്നേറ്റു, മുറിക്കകത്തേക്കു നടന്നു. വെളുത്ത ചുമരിൽ കോറിയിട്ട നമ്പർ ശ്രദ്ധാപൂർവ്വം പേപ്പറിൽ കുറിച്ചെടുത്തു. നമ്പർ പരിശോധിച്ചു. എന്‍റെ ഊഹം തെറ്റിയില്ല. അത്തരമൊരു നമ്പർ മോട്ടാർ വാഹന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ചാക്കുകെട്ടിനുള്ളിൽ എന്താണുള്ളതെന്ന എന്‍റെ ഊഹത്തിന് ബലമേറുകയാണ്.

അലസത ആധിപത്യം സ്ഥാപിച്ച ആ ദിവസത്തിന്‍റെ അവസാനമാണ് ട്രീസ ഒരു ജോലിയേൽപ്പിച്ചത്. അല്പം നീണ്ട ഒരു യാത്ര ആവശ്യമായി വരുന്ന ആ ജോലി അവളുടെ ഒരു സുഹൃത്തിനു വേണ്ടിയായിരുന്നു. പേരോ സ്ഥലമോ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിധവയായ അവരുടെ മകൾ ബാംഗ്ലൂരിൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആ പാവം അമ്മയെ വല്ലാത്തൊരു സംശയം പിടികൂടിയിരിക്കുന്നു. മകളുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് അമ്മയ്ക്ക് സംശയത്തിന് ഇട നല്കിയത്. ബാംഗ്ലൂരിലെ ഏതൊ ഒരുവനുമായി മകൾ പ്രണയ കുടുക്കിൽ ചെന്നകപ്പെട്ടിട്ടുണ്ടോ എന്നതാണ് അമ്മയെ അലട്ടുന്ന വിഷയം.

പ്രണയത്തിനൊന്നും ആ അമ്മ എതിരല്ല. എന്നാൽ ആ പ്രണയം മകൾക്ക് ദോഷകരമായി വരുമോ ആശങ്കയിലാണ് ആ അമ്മ. ഇത്തരം വിഷയത്തിൽ ഒരമ്മയുടെ ആശങ്ക മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടു തന്നെ മകളുടെ കാമുകനെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ സംഘടിപ്പിച്ചു നല്കാമെന്ന് അറിയിക്കണമെന്ന് ട്രീസയോട് പറഞ്ഞു.

ഒപ്പം മകൾ പഠിക്കുന്ന കോളേജ് വിലാസവും മറ്റു ചില വ്യക്തിഗത വിവരങ്ങൾ നല്കണമെന്നും ആവശ്യപ്പെട്ടു. അതു ലഭിക്കുന്ന മുറക്ക് ബാംഗ്ലൂരിലേക്ക് ഒരു യാത്ര തീരുമാനിക്കാമെന്ന് നിശ്ചയിച്ചു.

അപ്രതീക്ഷിതമായി തുടർച്ചയായി പെയ്ത മഴയിൽ മൂടിക്കെട്ടിയ അന്തരീക്ഷം. പഴുത്ത ഇല ഞെട്ടടർന്ന് കൊഴിയും പോലെ പൊയ്പോയ രണ്ടു ദിവസങ്ങൾ. മൂന്നാം ദിവസം തെളിഞ്ഞ പ്രഭാതം. പ്രകൃതിയുടെ അധിക ജലാംശം വലിച്ചെടുത്ത് ഭൂമിയുടെ മേലാപ്പായി നിന്ന അന്തരീക്ഷത്തെ തേജോമയമാക്കിയ സൂര്യ രശ്മികൾ. അവയത്രയും ഉൾക്കൊണ്ട് ഊഷ്മളതയിൽ ആറാടി നിന്ന പ്രകൃതി. ലോകം മുഴുവൻ പ്രകാശിപ്പിക്കുന്ന സൂര്യഭഗവാൻ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ.

ഇഞ്ചി ചേർത്ത ചായ അല്‌പാൽപ്പം കഴിച്ച് പത്രം ഒന്നോടിച്ചു നോക്കുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്. കേരളത്തിൽ നിന്നും വിദൂരമായ കിഴക്കൻ പ്രദേശത്തോട്ടുള്ള ഒരു ട്രെയിനിൽ നിന്നും അവകാശികളില്ലാത്ത ഒരു തുണി സഞ്ചി റെയിൽവേ പോലീസ് കണ്ടെത്തിയെന്നായിരുന്നു വാർത്ത. തുണി സഞ്ചിയിൽ ഒരു പുരുഷന്‍റെ വികൃതമാക്കപ്പെട്ട ശിരസ്സും! പൊടുന്നനെ മനസ്സിലൊരു കൊള്ളിയാൻ മിന്നി. കേരളത്തിൽ നിന്നും രണ്ടു ദിവസത്തെ യാത്ര വേണം ശിരസ്സ് കണ്ടെത്തിയ റെയിൽവേ സ്റ്റേഷനിലേക്ക്. രണ്ടു ദിവസം മുന്നേ പാതിരാത്രിയിൽ കണ്ട ദുരൂഹമായ സംഭവങ്ങൾ മനസ്സിലോടിയെത്തി. ശിരസ്സും ചാക്കുകെട്ടും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെങ്കിൽ ക്രിമിനൽ സംഭവ പരമ്പരകളിലെ ഏക ദൃക്സാക്ഷി ഞാൻ മാത്രമാണ്.

ഒരു സ്ത്രീയും പുരുഷനും. അവരുടെ ശരീരപ്രകൃതിയും മുഖവുമെല്ലാം ഓർത്തെടുക്കാൻ ഞാൻ കിണഞ്ഞു ശ്രമിച്ചു. അരണ്ട വെളിച്ചത്തിൽ ദൂരെ നിന്നു കണ്ട അവരുടെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?

നല്ല ഉയരം ആ സ്ത്രീക്കുണ്ടായിരുന്നതായി വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. സാരിയായിരുന്നു വേഷം. ഉയരത്തിനനുസരിച്ച് ഒത്ത വണ്ണവും അവർക്കുണ്ടായിരുന്നു. പുരുഷന് മുണ്ടും ഷർട്ടുമായിരുന്നു വേഷം. സ്ത്രീയുടെ അത്ര കണ്ട് ഉയരം അയാൾക്കില്ലായിരുന്നു.

ഞൊടിയിടയിലായിരുന്നു അവരിരുവരും ചേർന്ന് ആ ഒമ്നി വാനിൽ നിന്നും ചാക്കുകെട്ടിറക്കി രണ്ടു പേരും കൂടെ താങ്ങിപ്പിടിച്ച് മുൾച്ചെടിപ്പടർപ്പിൽ മറഞ്ഞത്. തിരിച്ചു വന്ന് നിമിഷാർദ്ധം കൊണ്ടാണ് വാനിൽ കയറി സ്ഥലം വിട്ടതും.

സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു പൗരൻ എന്ന നിലക്ക് കണ്ട വിവരങ്ങൾ എല്ലാം പോലീസിനെ അറിയിക്കുന്നതായിരിക്കും നല്ലത് എന്ന് ചിന്തിച്ചെങ്കിലും അതിന്‍റെ വരുംവരായ്കകൾ എന്‍റെ സമാധാനം കെടുത്തുമോയെന്ന് ഞാൻ ഭയന്നു.

പോലീസിന്‍റെ ഭാഗത്തു നിന്നുള്ള പരിശ്രമങ്ങൾക്കു ശേഷം കായലിൽ നിന്നും കണ്ടെടുക്കാനിടയുള്ള ചാക്കുകെട്ടിനകത്തെ വസ്തു ഉദ്ദേശിച്ചതല്ലെങ്കിൽ ഞാൻ പരിഹാസ്യനാകും. അതു മാത്രമല്ല പോലീസിന്‍റെ ഇടപെടൽ എന്‍റെ സമാധാന ജീവിതത്തിനും ഭംഗം വരുത്തുവാൻ ഇടയുണ്ട്. അതുകൊണ്ട് പ്രായോഗികമായി ചിന്തിച്ചാൽ അല്പം കൂടെ കാത്തിരിക്കുന്നതാണ് ഉചിതമെന്ന് എനിക്കു തോന്നി.

വേണ്ട സമയത്ത് വ്യക്തമായി അറിയാവുന്ന വസ്തുതകൾ പോലീസിനെ അറിയിക്കാം. അപ്പോൾ സമൂഹത്തോട് പ്രതിബദ്ധത പുലർത്തണമെന്ന എന്‍റെ ആശയവും നടപ്പാകും. അല്ലെങ്കിൽ തന്നെ സ്വവ്യക്തിത്വം മറച്ച് പോലീസിനെ വിവരം ഗ്രഹിപ്പിക്കാൻ മറ്റു മാർഗ്ഗങ്ങൾ ഉണ്ടല്ലോ? കാത്തിരിക്കുക തന്നെയാണ് ഈയവസരത്തിൽ ഉചിതമായിട്ടുള്ളത്.

और कहानियां पढ़ने के लिए क्लिक करें...