ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, അഞ്ചും എട്ടും വയസ്സായ മക്കൾ രണ്ടു പേരും ഓടി അടുത്തെത്തിയിട്ടുണ്ടാകും.
"അച്ഛാ... ഞങ്ങൾക്കും... ഞങ്ങൾക്കും വേണം ഉമ്മ...” അവർ തന്‍റെ അരയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ആവശ്യപ്പെടും. അപ്പോൾ അവരേയും ചേർത്തുപിടിച്ച് ഉമ്മകൾ നൽകും.
എത്ര മനോഹരങ്ങളായിരുന്ന ദിനരാത്രങ്ങളായിരുന്നു അവ. ആ ദിനങ്ങൾ ഇന്നലെയെന്നോണം തന്‍റെ കൺമുന്നിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ കുട്ടികൾ വളരുകയും പ്രായപൂർത്തിയാവുകയും, തങ്ങൾക്ക് വയസ്സാവുകയും ചെയ്തു. തങ്ങളുടേതായ ലോകം കെട്ടിപ്പടുക്കാൻ വ്യഗ്രത പൂണ്ട മക്കൾക്കിന്ന് തങ്ങൾ ബാദ്ധ്യതയായിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. ആസംശയത്തെ ബലപ്പെടുത്തത്തക്കവണ്ണം അവർ തങ്ങളെ രണ്ടിടത്താക്കുകയും ചെയ്തു.
തങ്ങൾ രണ്ടിടത്തായതോടെ പഴയ സന്തോഷങ്ങളും അസ്തമിച്ചു. പിന്നെ അവളെക്കാണാതെ ദീർഘനാൾ ഏതോ ദ്വീപിലെന്നപോലെ സുമേഷിന്‍റെ വീട്ടിൽ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ. കൂരിരുട്ടിലെ ഏതോ നിഴൽച്ചിത്രംപോലെ ചലിച്ചുകൊണ്ടിരുന്ന തന്‍റെ കൈകളും കാലുകളും. പിന്നെ തമ്മിൽക്കാണാതെയായിട്ട് ഇന്നിപ്പോൾ എത്രനാൾ. ഇണയൊഴിഞ്ഞ കൂട്ടിനുളളിൽ ദുഃഖത്തിന്‍റെ ആവരണത്തിനുള്ളിൽ തപസ്സിരുന്ന നാളുകൾ തന്‍റെ ഓർമ്മകൾക്കും മങ്ങലേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലപ്പോഴും മറവിയുടെ മൂടുപടം തന്നെ വന്നു മൂടാറുള്ളത് ഓർത്തു.
"എന്താ നന്ദൻമാഷേ നിങ്ങളവിടെത്തന്നെ നിന്നുകളഞ്ഞത്? നിങ്ങൾക്ക് ഇങ്ങോട്ട് കേറിയിരിക്കരുതോ?”
ആരോ ഒരു കഷണ്ടിക്കാരൻ തന്നെ നോക്കി ചോദിക്കുന്നത് നന്ദൻമാഷ്ശ്രദ്ധിച്ചു. അപ്പോഴാണ് താനിത്ര നേരവും മനോരാജ്യം കണ്ടുനിൽക്കുകയായിരുന്നുവെന്ന് നന്ദൻമാഷ് അറിഞ്ഞത്. ഓർമ്മയെ മൂടുന്ന നനുത്ത പാടയ്ക്കപ്പുറത്ത് തെളിഞ്ഞു കാണുന്ന ചില കഴിഞ്ഞകാല ബിംബങ്ങൾ. ഇത്രയും നേരം ഒരു സിനിമയിലെ പോലെ ആ ബിംബങ്ങൾ തന്‍റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.
കഷണ്ടിക്കാരന്‍റെ ചോദ്യo നന്ദൻമാഷിനെ അത്ഭുതപ്പെടുത്തി. ഇയാൾ എന്താണ് തന്നെ ഒരന്യനെപ്പോലെ കാണുന്നത്.
ഇതു തന്‍റെ വീടല്ലേ? സൗദാമിനിയും താനും ഒന്നിച്ചു പാർക്കുന്ന വീട്. ഇവിടെ ഇയാൾ അതിഥിയായി വന്നെത്തിയതായിരിക്കും. മാത്രമല്ല ഇപ്പോൾ ഇവിടെ താനറിയാത്ത കുറെപ്പേരുണ്ട്. മകൻ സുരേഷിന്‍റെ അതിഥികളായിരിക്കാം. മിനി, മൂത്ത മകൻ സുരേഷിനോടൊപ്പം ഇവിടെ താമസിക്കുന്നുണ്ടെന്നാണ് താൻ കരുതിയത്. എന്നാൽ ഇവിടെ അവളെയും സുരേഷിനേയും കാണുന്നില്ലല്ലോ. പകരം വേറെ കുറെ ആളുകൾ നില്ക്കുന്നു.
അല്ല, കഷണ്ടിക്കാരൻ ചിരിച്ചു കൊണ്ട് വാതിൽക്കൽത്തന്നെ നിൽക്കുകയാണല്ലോ? അയാൾക്ക് തന്നെ പരിചയമുള്ളതു പോലെ തോന്നുന്നു. നന്ദൻമാഷ് പെട്ടെന്ന് നടപ്പു മതിയാക്കി അവിടെത്തന്നെ നിന്ന് അല്പനേരം അയാളെ സൂക്ഷിച്ചു നോക്കി.
ഓർമ്മയുടെ ഓളപ്പരപ്പിൽ എത്ര തിരഞ്ഞിട്ടും മാഷിന് ആ മുഖം ഓർത്തെടുക്കാനായില്ല. അപ്പോൾ രാജീവ് എന്നു പേരുള്ള അയാൾ സ്വന്തം ബാല്യത്തിന്‍റെ മുറ്റത്ത് മാഷിനെക്കുറിച്ചുള്ള ഓർമ്മകളെ മേയാൻ വിട്ടിരിക്കുകയായിരുന്നു. വളളിനിക്കറും ട്രൗസറുമണിഞ്ഞ് താൻ ഓടി നടന്നിരുന്ന കാലം അയാളുടെ മനോമുകുരത്തിലെത്തി. സിംഗപ്പൂരിൽ ജോലി ഉണ്ടായിരുന്ന അച്ഛന്‍റെ മരണം അനാഥമാക്കിയ തന്‍റെ തറവാട്. ബാല്യത്തിന്‍റെ കളി ചിരികൾ വിട്ടുമാറാത്ത താനും അനുജത്തിയും അനിയനും. സുഭിക്ഷതയിൽ കഴിഞ്ഞ ശൈശവം പെട്ടെന്നാണ് അച്ഛന്‍റെ മരണം മൂലം ദാരിദ്ര്യത്തിലേക്ക് വഴി മാറിയത്. ഒരേ ട്രൗസർ തന്നെ പല ദിവസങ്ങളിൽ സ്ക്കൂളിലേക്കിടേണ്ടി വന്നു. പിന്നെ അത് നനച്ചു നനച്ച് പിഞ്ഞിക്കീറാൻ തുടങ്ങി. ട്രൗസറിൽ പലയിടത്തും തുള കണ്ട് ഒപ്പം പഠിച്ചിരുന്നവർ ആർത്തുചിരിച്ചു. അതുകണ്ട നന്ദൻമാഷ് ഒരു ദിനം ഒരു പൊതി നൽകിക്കൊണ്ടു പറഞ്ഞു.