കാലുകളിലെ വേദന ഞരമ്പുകളിലൂടെ മുകളിലേക്ക് പടർന്നിട്ടും അയാൾ നടന്നു. അയാളുടെ ലക്‌ഷ്യം ആ വൃദ്ധ മന്ദിരമായിരുന്നു. വാർധക്യത്തിൽ ഓർമകൾക്ക് മങ്ങലേറ്റിട്ടും ആ വീട് മാത്രം അയാൾ മറന്നില്ല. ആ വീട്ടിലേക്കുള്ള വഴികൾ അയാൾക്ക്‌ ചിരപരിചിതമായിരുന്നു.

ഏതോ ജന്മാന്തര ബന്ധം പോലെ അവിടേക്ക് ഏതോ അദൃശ്യശക്തി അയാളെ നയിച്ചുകൊണ്ടിരുന്നു. “ഇയാൾക്കെന്താ കണ്ണ് കാണില്ലേ? എങ്ങോട്ടാണോ വച്ചു പിടിക്കുന്നത്? അല്ല, മക്കളോടെല്ലാം അവസാന യാത്ര പറഞ്ഞിട്ടാണോ പോന്നത്.” ഒരു ചെറുപ്പക്കാരനായ സ്കൂട്ടർ യാത്രികൻ മുന്നിലെത്തി സഡൻബ്രേക്ക് ഇട്ടു. അയാൾ പരിഹാസ്യതയോടെ നന്ദൻമാഷിനെ നോക്കി.

ചീത്തപറയുന്നതു കേട്ടു നന്ദൻമാഷ് അയാളെ പകച്ചുനോക്കി. പിന്നെ ഒരു ഇളിഭ്യച്ചിരിയോടെ പറഞ്ഞു. “അല്ലാ… സൗദാമിനിയെ… മിനി… അവൾ എന്നെ ഗോപികയിൽ കാത്തു നില്ക്കാമെന്നു പറഞ്ഞിട്ടുണ്ട്… അവൾ കാത്തു നിന്ന് മുഷിഞ്ഞു കാണും… ഞാൻ വേഗം ചെല്ലട്ടെ.” അങ്ങനെ അയാളുടെ വാക്കുകൾക്ക് മറുപടി എന്നോണം, പറഞ്ഞ് നന്ദൻമാഷ് മുന്നോട്ടു നടന്നു.

“ഉം… ചെല്ല്… ചെല്ല്‌… വയസ്സുകാലത്ത് കെളവൻ ആളൊട്ടും മോശമല്ലല്ലോ… സൗദാമിനി കാത്തു നില്ക്കും പോലും…” അങ്ങനെ പുഛരസത്തിൽ പറഞ്ഞ് ആ ചെറുപ്പക്കാരൻ ചുറ്റും നോക്കി. അപ്പോൾ ഒരു മെലിഞ്ഞു നീണ്ട മനുഷ്യൻ സ്കൂട്ടർ യാത്രികനോടു പറഞ്ഞു.

“അങ്ങേരുടെ പേര് നന്ദൻമാഷ് എന്നാണ് മോനെ. ഇവിടെ അടുത്ത് ഗവൺമെന്‍റ് സ്ക്കൂളിലെ മാഷായിരുന്നു. പാവം ഇപ്പോൾ ശരിക്ക് ഓർമ്മയില്ല. അതാണിങ്ങനെ നടക്കുന്നത്.”

“ഓ… അതാണല്ലെ കാര്യം.എങ്കിൽപ്പിന്നെ ഇയാളെ ഇങ്ങിനെ ഒറ്റക്കു പറഞ്ഞുവിട്ടിരിക്കുന്നത് എന്തിനാണ്? ഇങ്ങേർക്ക് ബന്ധുക്കളാരുമില്ലേ?”

“ഒരു മകനുണ്ട്. പക്ഷെ ഇന്നത്തെക്കാലത്ത് ഏതു മക്കളാ അച്ഛനമ്മമാരെ കണ്ണിലെണ്ണയൊഴിച്ച് കാത്തുസൂക്ഷിക്കുന്നത്. ആരും കാണാത്തപ്പോ അങ്ങേര് ഇറങ്ങി നടക്കുന്നതാ.”

“ഓ… അതു കഷ്ടമാണല്ലോ. എങ്കിൽപ്പിന്നെ വല്ല ഭ്രാന്താശുപത്രിയിലും കൊണ്ടിട്ടു കൂടെ? ചുമ്മാ മനുഷ്യനെ മെനക്കെടുത്താനായിട്ട് ഇറങ്ങി നടന്നോളും.”

അവൻ ബൈക്ക് മിന്നൽ വേഗത്തിൽ പായിച്ച് അവിടെ നിന്നും പോയി. വഴിയാത്രക്കാരൻ ആ പോക്കു നോക്കി അന്തിച്ചു നിന്നു. എന്നിട്ട് അയാൾ സ്വയം പറഞ്ഞു “ഇവന്‍റെ പോക്കു കണ്ടിട്ട് നരകത്തിലേക്കാണെന്നാ തോന്നുന്നേ… സുബോധമുള്ള ഇവന്‍റെ സ്ഥിതി ഇതാണെങ്കിൽപ്പിന്നെ മറവിരോഗം ബാധിച്ചു തുടങ്ങിയ അങ്ങേരെ പറഞ്ഞിട്ട് എന്തിനാ?” എന്ന് പറഞ്ഞ് അയാൾ നിരത്തിലൂടെ നടന്നു മറഞ്ഞു.

“അല്ലാ… ഞാൻ പോകുന്നത് എങ്ങോട്ടാണെന്ന് ഇയാളോടെന്തിനാ പറയുന്നത്. ഇനിയും വൈകിയാൽ ഒരുപക്ഷെ സൗദാമിനി എന്നെക്കാണാതെ പോയാലോ? വർഷങ്ങളോളം തന്‍റെ ഭാര്യയായിരുന്ന്, പിന്നെപ്പോഴോ തന്നെ ഉപേക്ഷിച്ച് എങ്ങോപോയി മറഞ്ഞവൾ. ഈയിടെയായി അവൾ എല്ലാ ദിനവും രാത്രിയും, പകലും തന്‍റെ അടുത്ത്എത്തുന്നു. പൊടുന്നനെ അപ്രത്യക്ഷയാകുന്നു. അപ്പോൾ മറ്റൊന്നും ഓർത്തെടുക്കാനാവാത്ത സ്ഥിതിയിൽ ബുദ്ധി മരവിച്ചതുപോലെ തോന്നും. പിറ്റേന്ന്, അവൾ തന്നെ കാത്ത് തങ്ങളുടെ പഴയവീടിന്‍റെ മുറ്റത്തുള്ള പവിഴമല്ലിച്ചോട്ടിൽ നിൽക്കാമെന്ന് ആ കൂടിക്കാഴ്ചയിൽ പറഞ്ഞിരുന്നു. അവളെക്കാണുവാൻ തനിക്ക് ധൃതിയായി.” അങ്ങനെ ആത്മഗതം ചെയ്ത് നന്ദൻമാഷ് ധൃതിയിൽ മുന്നോട്ടു നടന്നു.

“അല്ല അപ്പൂപ്പൻ എങ്ങോട്ടാ ഇത്ര രാവിലെ?” ചോദ്യംകേട്ട് നന്ദൻമാഷ് തിരിഞ്ഞു നോക്കി.

സുമേഷിന്‍റെ വീടായ സിന്ദൂരത്തിൽ പാൽ കൊണ്ടുവരാറുള്ള പത്തു പന്ത്രണ്ടു വയസുള്ള ബാലൻ. അവൻ സൈക്കിൾ മെല്ലെ ഉരുട്ടി കൊണ്ട് ഒപ്പം നടന്നു. ഒരു വായാടി ആണവൻ. സിന്ദൂരത്തിൽ വരുമ്പോഴൊക്കെ അവൻ മാഷിനോട് വർത്തമാനം പറഞ്ഞ് പിന്നാലെ കൂടാറുണ്ട്. മാഷിനാണെങ്കിൽ കുട്ടികളോട് വലിയ പ്രിയവും. അങ്ങനെ അവർ നല്ല ചങ്ങാതികളായിത്തീർന്നിരുന്നു. വാതോരാതെ സംശയങ്ങളുമായി പിന്നാലെ കൂടുന്ന അവൻ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. ഏതായാലും ഒരു കൂട്ട് ഉണ്ടായത് നന്നായി. ഇനി കണ്ട ബൈക്ക് പയ്യന്മാരുടെ വായിലിരിക്കുന്നതൊന്നും തനിക്ക് കേൾക്കണ്ടല്ലോ. മാഷ് വിചാരിച്ചു

“ഞാൻ ആ ബസ്സ് സ്റ്റോപ്പിനടുത്തുള്ള നന്ദനം എന്ന വീട്ടിലേക്കു പോവുകയാണ്”

“അത് വയസ്സായവരെ താമസിപ്പിക്കുന്ന സ്ഥലം അല്ലേ അപ്പൂപ്പാ…!

“ആരു പറഞ്ഞു ഞങ്ങളുടെ വീടാണത് അവിടെ എന്‍റെ സൗദാമിനി എന്നെ കാത്തു നിൽക്കും”

“സൗദാമിനിയോ? അതാരാ അപ്പൂപ്പാ? അപ്പൂപ്പന്‍റെ മോളാണോ?”

“അല്ലെടാ പൊട്ടാ… എന്‍റെ ഭാര്യയാ… അവളെ ഞാൻ മിനി എന്നും വിളിക്കാറുണ്ട്”

“ഓ… അങ്ങനെ പറ അപ്പൂപ്പാ… അപ്പോ അമ്മൂമ്മ അവിടെ ഉണ്ടല്ലെ? സിന്ദൂരത്തിൽ വരുമ്പോഴും ഞാൻ അമ്മൂമ്മയെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്. എന്നാ ഞാനും കൂടെ വരാം. അപ്പൂപ്പനെഅവിടെ കൊണ്ടാക്കിയിട്ട് ഞാൻ തിരികെ പോരാം. മാത്രമല്ല അമ്മൂമ്മയെ എനിക്ക് കാണുകയും ചെയ്യാമല്ലോ?” നന്ദൻമാഷ് അല്പനേരത്തേക്ക് ഏതോ ആലോചനയിൽ മുഴുകി മിണ്ടാതെ നടന്നു. അപ്പോൾ മുരുകൻ വീണ്ടും ചോദിച്ചു.

“അല്ല അപ്പൂപ്പാ, ഈ വൃദ്ധ മന്ദിരത്തിൽ വയസ്സൻമാരെ മാത്രമേ താമസിപ്പിക്കത്തൊള്ളോ. അല്ലാത്തവരെ ഒന്നും താമസിപ്പിക്കത്തില്ലേ”

“വൃദ്ധമന്ദിരം വയസ്സായവർക്കുള്ളതാ മോനെ. സ്വന്തം വീട്ടുകാര് ഉപേക്ഷിച്ചവരാ അവിടുള്ളത്. ഇതൊക്കെ ഇപ്പോൾ നീ അറിയുന്നത് എന്തിനാ?”

“അല്ല അപ്പൂപ്പാ. വയസ്സായവരെ എന്തിനാ ഒറ്റയ്ക്ക് മാറ്റി താമസിപ്പിക്കുന്നത് എന്നോർത്തതാ ഞാൻ. അപ്പൂപ്പനെ പോലെ അവർക്കും മക്കളുടെ വീട്ടിൽ താമസിച്ചു കൂടെ?”

“അതൊക്കെ നിനക്ക് വയസ്സാകുമ്പോൾ മനസ്സിലാകും. ഇപ്പോൾ നീ അതൊന്നും ഓർത്ത് വിഷമിക്കേണ്ട.”

അങ്ങനെ പറഞ്ഞ് നന്ദൻമാഷ് മൂകനായി. ആ മൂകത ഉള്ളിലെ ഏതോ വിസ്ഫോടനങ്ങളുടെ തുടക്കമായിരുന്നു. ഒരു പക്ഷെ നന്ദൻമാഷിനു തന്നെ അജ്ഞാതമായ ഏതോ വിസ്ഫോടനങ്ങൾ. ആ കുരുന്നു പയ്യൻ തന്നിലുണർത്തിയ അസ്വാസ്ഥ്യങ്ങൾ മറച്ചുവയ്ക്കാനാകാതെ മാഷ് വിങ്ങിപ്പൊട്ടി. അപ്പോൾ മുരുകൻ അമ്പരപ്പോടെ ചോദിച്ചു.

“എന്തിനാ അപ്പൂപ്പാ കരയുന്നത്. ഞാൻ അതിന് അപ്പൂപ്പനെ ഒന്നും പറഞ്ഞില്ലല്ലോ.”

പെട്ടെന്ന് നന്ദൻമാഷ് സ്വയം നിയന്ത്രിച്ച് പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു, “ഞാൻ ഇങ്ങനെയാ മോനെ. ചിലപ്പോൾ എനിക്ക് ഇങ്ങനെ കരയാൻ തോന്നും എനിക്ക് ആരുമില്ലെന്ന തോന്നലാ അപ്പോൾ.”

“അപ്പൂപ്പന് ഞാനില്ലേ. ഇനി കരയണ്ട കേട്ടോ. അപ്പൂപ്പന്‍റെ എല്ലാ വിഷമങ്ങളും എന്നോടു പറഞ്ഞോളു.” പത്തുപന്ത്രണ്ടു വയസ്സുള്ള മുരുകൻ ബുദ്ധിമാനും ദയാലുവുമായിരുന്നു. അവന്‍റെ വാക്കുകൾ നന്ദൻമാഷിനെ ആശ്വസിപ്പിച്ചു അദ്ദേഹം ശാന്തനായി എന്നു തോന്നിയപ്പോൾ മുരുകൻ വീണ്ടും ചോദിച്ചു.

“അപ്പൂപ്പൻ ഏതോ സ്കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു എന്ന് ഇന്നലെ എന്നോട് അമ്മ പറഞ്ഞു. ഏത് സ്കൂളിലെയാ? ഞാൻ പഠിക്കുന്ന സ്ക്കൂളിലെയാണോ?’“

അവന്‍റെ ചോദ്യത്തിന് നന്ദൻമാഷ് ഏറെ നേരത്തേക്ക് ഉത്തരമൊന്നും നൽകിയില്ല. ആ മനസ്സ് അപ്പോഴേക്കും വീണ്ടും ഏതോ അസ്വാസ്ഥ്യങ്ങളുടെ ഇരുൾ മറയ്ക്കകത്ത് അകപ്പെട്ടു കഴിഞ്ഞിരുന്നു. പെട്ടെന്ന് താൻ എവിടെയാണെന്നു പോലും നന്ദൻമാഷിന് തിട്ടമില്ലാതെയായി. തന്‍റെ കൂടെ നടക്കുന്ന മുരുകനെ പോലും അദ്ദേഹം അപ്പോൾ വിസ്മരിച്ചു. പെട്ടെന്ന് മുരുകൻ അദ്ദേഹത്തെ കുലുക്കി വിളിച്ചു. “അല്ലേ അപ്പൂപ്പാ ഞാൻ ചോദിച്ചതു കേട്ടില്ലേ? അപ്പൂപ്പൻ ഏതു സ്കൂളിലെ മാഷായിരുന്നെന്ന്?”

അപ്പോഴാണ് തന്‍റെ അടുത്ത് അങ്ങനെയൊരു ബാലൻ ഉണ്ടെന്നുള്ള കാര്യം നന്ദൻമാഷിന്‍റെ ഓർമ്മയിലത്തിയത്. “അത് ഞാൻ ഇപ്പോൾ മറന്നു പോയല്ലോടാ…”

“അപ്പൂപ്പൻ പെൻഷൻ പറ്റിയിട്ട് കുറെ കൊല്ലമായോ?”

“കൊറെകൊല്ലമായി. എത്രയായി എന്ന് ഞാൻ ഇപ്പോ ഓർക്കുന്നില്ല”

“ഓ… ഈ അപ്പൂപ്പന് ഒന്നും ഓർമ്മയില്ല ഇങ്ങനെയായാൽ കുറെ കഴിയുമ്പോൾ എന്നെയും മറന്നു പോകുമല്ലോ.” അവൻ പൊട്ടിച്ചിരിച്ചു

“ശരിയാടാ ഇപ്പം എല്ലാം ഒരു മങ്ങലാ. വല്ലതും ഓർക്കാൻ ശ്രമിച്ചാല് തലയ്ക്കകത്ത് ഒരു വെപ്രാളാ.”

“എന്നാ അപ്പൂപ്പൻ ഓർക്കേണ്ട. എന്‍റെ കയ്യിൽ പിടിച്ച് നടന്നോ.” അവൻ കൈകളിൽ മുറുകെ പിടിച്ചു. അപ്പോൾ എപ്പോഴോ മകൻ പറഞ്ഞ വാക്കുകൾ കാതുകളിൽ അലയടിച്ചു

“ഈയിടെയായി അച്ഛന് തീരെ ഓർമയില്ലാത്തതുപോലെയാണ്. ചെയ്യുന്നതിനും പറയുന്നതിനുമൊന്നും പരസ്പരബന്ധമില്ലാത്ത പോലെ.”

ഇളയ മകൻ ആ വാക്കുകൾ. എപ്പോഴാണ് പറഞ്ഞതെന്നു മാത്രം ശരിക്ക് ഓർമ്മയില്ല! ഇന്നലെ സന്ധ്യയ്ക്കാണ് എന്നു തോന്നുന്നു… അപ്പോൾ താൻ അവളുടെ കൂടെ പടിഞ്ഞാറേ മുറ്റത്തിരിക്കുകയായിരുന്നു. അവിടെങ്ങും തനിക്കേറെ ഇഷ്ടമുളള പവിഴമല്ലിപ്പൂക്കളുടെ നവസുഗന്ധം വ്യാപിച്ചിരുന്നു! മുന്നിൽ അവൾ മാത്രം നിറഞ്ഞു നിന്നു. തന്‍റെ പ്രിയപ്പെട്ട സൗദാമിനി!!

തല മുഴുവൻ നരച്ചിട്ടും യൗവനത്തിലെ തീക്ഷ്ണത തുടിക്കുന്ന ആ കണ്ണുകൾ… അവളുടെ നീണ്ട മുടിയിഴകൾ നിന്നുതിരുന്ന കാച്ചെണ്ണ മണം തന്നെ മത്തു പിടിപ്പിക്കുന്നുണ്ടായിരുന്നു. ആ കണ്ണുകളിൽ നിറഞ്ഞുനിൽക്കുന്ന അനുരാഗത്തിന്‍റെ വശ്യത തന്നെ ഉന്മത്തനാക്കി. പെട്ടെന്ന് വികാരവിവശമായ സ്വരത്തിൽ താൻ പറഞ്ഞു “സൗദാമിനി എന്നെ വിട്ടുപോകരുത്. നീ പോയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.”

“ഇല്ല ചേട്ടാ ഞാൻ ചേട്ടന്‍റെ അടുത്ത് തന്നെയുണ്ടാകും. നന്ദേട്ടനെ ഉപേക്ഷിച്ചു പോകുവാൻ എനിക്ക് ആവും എന്ന് കരുതുന്നുണ്ടോ?”

“അതല്ല.സൗദാമിനി, നിന്നെ കാണാതിരിക്കുമ്പോൾ എന്‍റെ ഹൃദയം വല്ലാതെ വേദനിക്കും. നീ എപ്പോഴും എന്‍റെ അടുത്ത് ഉണ്ടാകണം.” നന്ദൻമാഷിന്‍റെ വാക്കുകൾ സൗദാമിനിയെ സങ്കടപ്പെടുത്തി. എങ്കിലും യാഥാർത്ഥ്യം അംഗീകരിക്കാതെ നിവൃത്തിയില്ലല്ലോ എന്നോർത്തു അല്പം ഇടർച്ചയോടെ പറഞ്ഞു.

“എന്‍റെയും ആഗ്രഹമതാണ് നന്ദേട്ടാ. പക്ഷേ നമ്മുടെ മക്കൾ അവരല്ലേ നമ്മളെ വേർതിരിച്ചത്.”

“അവർ ചെറിയ കുട്ടികൾ അല്ലല്ലോ സൗദാമിനി? അവരൊക്കെ ഇപ്പോൾ വളർന്നു ഒത്ത പുരുഷന്മാരായില്ലേ?”

“അതെ നന്ദേട്ടാ. അതുകൊണ്ട് ഇനി നമ്മൾ അവർ പറയുന്നത് കേട്ടല്ലേ തീരൂ.”

“അതിന് പണ്ടത്തെപ്പോലെ നമ്മൾ ഒന്നിച്ച് കഴിഞ്ഞതുകൊണ്ട് അവർക്ക് എന്താ കുഴപ്പം? നമ്മൾ കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ.”

“ആയിരിക്കാം. പക്ഷെ അവരുടെ കണ്ണിൽ നമ്മൾ വയസ്സായി കഴിഞ്ഞു.”

മാത്രമല്ല കല്യാണം കഴിഞ്ഞപ്പോൾ രണ്ടു മക്കൾക്കും അവരുടെ ആവശ്യങ്ങൾ നടക്കണമെങ്കിൽ നമ്മൾ അവരുടെ കൂടെ വേണം. സുമേഷ് നാട്ടിലും സുരേഷ് വിദേശത്തും അല്ലേ? സുരേഷിന് അവന്‍റെ മുതിർന്നു തുടങ്ങിയ പെൺമക്കൾക്ക് കാവലായി ഞാൻ അടുത്തു വേണം. സുമേഷിന് അവന്‍റെ ആവശ്യങ്ങൾക്കായി നിങ്ങളും.”

“ശരിയാ. പക്ഷേ നമ്മളെക്കൊണ്ട് ആവുന്ന വിധം സഹായിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ അതിന് അവർ നമ്മളെ തമ്മിൽ വേർപിരിക്കുന്നതോർക്കുമ്പഴാ. ഏതായാലും ഇനി അവര് വിളിക്കുമ്പോൾ നീ പോകരുത്. സുമേഷ് വന്നു വിളിച്ചാൽ ഞാനും പോവുകയില്ല ഗോപികയിൽ നമുക്ക് ഒന്നിച്ച് കഴിയാം. മക്കൾ അവരുടെ പാട് നോക്കട്ടെ. അല്ല പിന്നെ…”

തന്‍റെ വാക്കുകൾ കേട്ട് സൗദാമിനി ചിരിച്ചുകൊണ്ട് പറഞ്ഞു. “ശരി ചേട്ടാ… നമുക്കിനി അവിടെ കഴിയാം. ചേട്ടൻ അങ്ങോട്ട് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാകും.”

താൻ കണ്ണുചിമ്മി തുറക്കുന്ന സമയം കൊണ്ട് സൗദാമിനി അപ്രത്യക്ഷയായി കഴിഞ്ഞിരുന്നു. അവൾ പോയ വഴിയിൽ പവിഴമല്ലി പൂക്കളുടെ നനുത്ത സുഗന്ധവും, മഞ്ഞു പടലങ്ങളും തങ്ങി നില്ക്കുന്നതായി തോന്നി… ഇനി ഏതായാലും വേഗം നടക്കുക തന്നെ. താൻ ചെല്ലാൻ താമസിച്ചാൽ അവൾ പോയാലോ… മാഷ് അവുന്നത്ര ശക്തിയിൽ മുന്നോട്ടു നടക്കുന്നത് കണ്ടു മുരുകൻ ചോദിച്ചു

“അപ്പൂപ്പൻ എന്താ വേഗത്തിൽ നടക്കുന്നത് ഞാൻ കൂടെ വരണ്ടേ?”

“നീ വന്നാലും കൊള്ളാം വന്നില്ലെങ്കിലും കൊള്ളാം. എനിക്ക് അവിടെ സമയത്തിന് എത്തണം. അല്ലെങ്കിൽ സൗദാമിനി എവിടേക്കെങ്കിലും പൊയ്ക്കളഞ്ഞാലോ?”

“എവിടെപ്പോകാനാ അപ്പൂപ്പാ. അപ്പൂപ്പന്‍റെ ഭാര്യ അപ്പൂപ്പനെ കൂടാതെ എവിടെയെങ്കിലും പോകുമോ” അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇത്രനാളും അവൾ എന്നെ ഒറ്റയ്ക്കാക്കി മൂത്ത മകന്‍റെ കൂടെ പൊയ്ക്കളഞ്ഞില്ലേ. ഇനിയും അങ്ങനെയാവില്ലെന്ന് ആരു കണ്ടു?”

നന്ദൻമാഷിന്‍റെ കണ്ണുകളിൽ ഭയം കളിയാടി. ശാരീരിക വേദനകൾ ഗൗനിക്കാതെ അയാൾ വേഗം നടന്നു… കത്തിക്കാളുന്ന വെയിൽ ചൂടിൽ നാവ് വരളുന്നുണ്ട്.

“അതല്ലേ അപ്പൂപ്പൻ പറഞ്ഞ വീട്.” അവൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് മാഷ് നോക്കി.

“ഗോപികാ ഹൗസ്”എന്ന ബോർഡ് കണ്ടതോടെ നന്ദൻമാഷിന് അല്പം ആശ്വാസമായി.

“ങ… അതു തന്നെയാ ഞാൻ പറഞ്ഞ വീട്. ഞാൻ വേഗം നടക്കട്ടെ. സൗദാമിനി ഇപ്പോൾ കാത്തുനിന്നു മുഷിഞ്ഞു കാണും.”

“അവിടെ നില്ക്ക് അപ്പൂപ്പാ, ഞാനും വരാം. എനിക്ക് അമ്മൂമ്മയെ കാണണം.”

“വേണ്ടാ… നീ അങ്ങോട്ട് വരണ്ടാ… അവിടെ ചിലപ്പോൾ എന്‍റെ മൂത്ത മകൻ സുരേഷുണ്ടാകും. അവന്‍റെ ഭാര്യ ഒരഹങ്കാരിയാ. അന്യരാരും വീട്ടിനകത്ത് അനുവാദം കൂടാതെ പ്രവേശിക്കുന്നത് അവൾക്കിഷ്ടമില്ല.”

“എങ്കിൽ ഞാൻ വരുന്നില്ല. അപ്പൂപ്പൻ പൊക്കോ. അമ്മൂമ്മയെ ഞാൻ പിന്നെപ്പോഴെങ്കിലും കണ്ടുകൊള്ളാം. മാത്രമല്ല സിന്ദൂരത്തിൽ പാൽ കൊടുത്തിട്ട് എനിക്ക് സ്ക്കൂളിൽ പോകാൻ സമയമായി.”

സൈക്കിളിൽ കയറി ഇരിക്കുമ്പോൾ അവൻ നന്ദൻമാഷിനെ ഓർമ്മിപ്പിച്ചു, “വീഴാതെ നടന്നു പോകണെ അപ്പൂപ്പാ…” അങ്ങനെ പറഞ്ഞ് അവൻ തന്‍റെ സൈക്കിൾ ഓടിച്ചു പോയി.

നന്ദൻമാഷ് ഗേറ്റ് തുറന്ന് അകത്ത് കടന്നു. നിരനിരയായി വച്ചുപിടിപ്പിച്ചിരിക്കുന്ന ചെറിയ വെളളപ്പൂച്ചെടികൾ. അതിനുമപ്പുറത്ത് പുൽത്തകിടി. നടുക്കുനില്ക്കുന്ന തേന്മാവ്, അതിനുമപ്പുറം നിറയെ പൂത്തു നില്ക്കുന്ന പവിഴമല്ലി. പ്രശാന്തത തുളുമ്പുന്ന ആ അന്തരീക്ഷം അയാൾക്കെന്നും പ്രീയപ്പെട്ട തായിരുന്നു. പണ്ടിവിടെ ഈപുൽത്തകിടിയും വെള്ളപ്പൂവുകളുടെ നിരയും ഉണ്ടായിരുന്നില്ലെന്ന് അയാൾക്കോർമ്മ വന്നു.

പകരം നന്ത്യാർവട്ടവും, തെച്ചിയും, ചെമ്പരത്തിയും, മുക്കുറ്റിയും, തുളസിയും, കറുകയും നിറഞ്ഞു വർണം വിതറിയിരുന്നുവെന്ന് അയാൾ തെളിമയോടെ ഓർത്തു. ആരാണ് തന്‍റെ ഓർമ്മകൾക്ക് മങ്ങലേറ്റു തുടങ്ങിയെന്ന് പറഞ്ഞത്. താനിപ്പോൾ എല്ലാം വ്യക്തമായി ഓർക്കുന്നുണ്ടല്ലോ. സന്ധ്യക്ക്, വിളക്കത്തു വയ്ക്കുവാനുള്ള മുല്ലമാല കെട്ടിയുണ്ടാക്കുവാൻ സൗദാമിനിക്ക് നല്ല മിടുക്കായിരുന്നു. വേലിക്കൽ നിന്നിരുന്ന ചെമ്പരത്തിക്ക് അടുത്തു തന്നെയായിരുന്നു മുല്ലയും നിന്നിരുന്നത്. അല്പം അകലെ മുറ്റത്ത് കുട്ടികൾ ഓടിക്കളിച്ചു കൊണ്ടിരിക്കും. താൻ സ്ക്കൂളിൽ നിന്നും വന്ന ശേഷം കുളിയും കാപ്പി കുടിയും കഴിഞ്ഞ് വിശ്രമിക്കുകയായിരിക്കും. വരാന്തയിൽ ഇരുന്ന് അവൾ കെട്ടുന്ന മാലയുടെ ഭംഗി നോക്കിക്കൊണ്ട് താൻ പറയും, “മിനി നീ എത്ര നന്നായി മാലകെട്ടുന്നു.” താൻ അവളെ അഭിനന്ദിക്കും.

“ഈ മാലകെട്ടുവാൻ എന്നെ പഠിപ്പിച്ചത് നന്ദേട്ടന്‍റെ അമ്മയാ.”

“ശരിയാ…” അമ്മയ്ക്ക് നിന്നെ എത്ര കാര്യമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നുണ്ട് അമ്മ നിന്നെപ്പറ്റി പറയാറുള്ളവാക്കുകൾ. അപ്പോൾ അമ്മ മുന്നിൽ നില്ക്കുന്നതായി നന്ദൻമാഷിനു തോന്നി. താൻ തീരെ ചെറുപ്പം. മടിയിൽ കിടക്കുന്ന തന്‍റെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അമ്മ പറയാറുള്ള വാക്കുകളോർത്തു.

“നന്ദാ… ഇത്രയും നല്ല മരുമകളെക്കിട്ടിയ. ഞാൻ ഭാഗ്യവതിയായ അമ്മായിയമ്മയാടാ. അതു പോലെ നീയും ഭാഗ്യവാനാ. മിനിയെപ്പോലെ ഒരു ഭാര്യയെ മഷിയിട്ടു നോക്കിയാൽ കാണുമോടാ…

“അപ്പോൾ ഞങ്ങളുടെ വിവാഹത്തിനു മുമ്പ് അമ്മ പ്രതിഷേധപൂർവ്വം പറഞ്ഞ വാക്കുകളോ?” താൻ ചോദിച്ചു.

“അതാ കിട്ടുക്കണിയാർ പറഞ്ഞതല്ലേ? അയാൾ പറയുന്നതൊന്നും അത്ര ശരിയല്ല.”

അമ്മ തന്‍റെ ന്യായം വെളിപ്പെടുത്തി. അമ്മയുടെ സ്ത്രീ സഹജമായ അവസരവാദം കേട്ട് താനപ്പോൾ പൊട്ടിച്ചിരിച്ചു. അമ്മയെപ്പറ്റി ഓർത്തപ്പോൾ തന്‍റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. അതു കണ്ട് സൗദാമിനി ചോദിച്ചു.

“നന്ദേട്ടൻ എന്താ തനിയെ നിന്നു ചിരിക്കുന്നത്. അമ്മയെപ്പറ്റി ഓർത്തിട്ടാണോ?” അടുത്തു നിന്ന സൗദാമിനിയുടെ വാക്കുകൾ കേട്ട് പെട്ടെന്ന് ഞെട്ടിയുണർന്ന് താൻ പറഞ്ഞു…

“കേട്ടോ സൗദാമിനി. വിവാഹത്തിനുമുമ്പ് അമ്മ കിട്ടുക്കണിയാരെക്കൊണ്ട് നമ്മുടെ ജാതകം നോക്കിച്ചിരുന്നു. ജാതകത്തിൽ പത്തു പൊരുത്തമുണ്ടെങ്കിലും ഒരു വലിയ ദോഷമുണ്ടെന്ന് കണിയാർ പറഞ്ഞത്രെ. അന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം അമ്മ എന്നെ വിളിച്ചു പറഞ്ഞു. വേണ്ട നന്ദാ, നമുക്കീ വിവാഹം വേണ്ട. പെണ്ണിന്‍റെ ജാതകത്തിൽ ദശാസന്ധി ദോഷം ഉണ്ടത്രെ. എത്രയൊക്കെ ചേർച്ച ഉണ്ടെന്നു പറഞ്ഞാലും അതൊരു ദോഷം തന്നെയാ. ആ ദോഷമുള്ളവർ അകാലത്തിൽ മരണപ്പെടും അപ്പോൾ ഞാൻ അമ്മയോടു പറഞ്ഞു…

“അതിപ്പോ ജീവിതത്തിൽ സർവ്വസാധാരണം അല്ലേ അമ്മേ. എപ്പോൾ വേണമെങ്കിലും ആരുടെ ജീവിതത്തിലും ഇത്തരത്തിൽ സംഭവിക്കാവുന്നതാണല്ലോ. അതിന് ജാതകദോഷത്തെ കൂട്ടുപിടിക്കുന്നതെന്തിനാ? മാത്രമല്ല അങ്ങനെയൊക്കെ എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കണമെന്നില്ലല്ലോ.” നിന്നെ പെണ്ണു കണ്ടു വന്നതിനു ശേഷം ഒരു തരം പ്രണയത്തിനടിപ്പെട്ട ഞാൻ അമ്മയോട് അങ്ങനെ വാഗ്വാദത്തിനൊരുങ്ങി. പക്ഷെ ഒടുവിൽ അമ്മ എന്നോടു പറഞ്ഞു

“എന്‍റെ ജീവിതത്തിൽ അങ്ങനെയൊന്നും ഉണ്ടായിക്കാണുവാൻ അമ്മ ആഗ്രഹിക്കുന്നില്ല. അമ്മ ഉള്ളിടത്തോളം കാലം ഞാൻ അമ്മയോടൊപ്പം ഉണ്ടാകണം. എന്‍റെ സന്തോഷപൂർണ്ണമായ ജീവിതം കണ്ടിട്ടു വേണം അമ്മക്കു മരിക്കുവാൻ എന്ന്.”

“അതെ… അന്ന് നന്ദേട്ടൻ അതിനു മറുപടിയായി പറഞ്ഞത് എന്താണെന്ന് എനിക്കറിയാം.ഞാൻ പറയട്ടെ… “പക്ഷെ അമ്മേ, ആദ്യ കാഴ്ചയിൽത്തന്നെ സൗദാമിനിയെ ഞാൻ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടു പോയി. വിവാഹം കഴിക്കുന്നെങ്കിൽ ഞാൻ അവളെ മാത്രം.അല്ലെങ്കിൽ ഈ ജന്മം എനിക്ക് വിവാഹം വേണ്ടമ്മേ…” ഇതല്ലേ നന്ദേട്ടൻ അമ്മയോടു പറഞ്ഞത്.

“അതെ മിനി… എന്‍റെ പിടിവാശിക്കു മുന്നിൽ അന്ന് അമ്മക്കു വഴങ്ങേണ്ടി വന്നു. അങ്ങനെ നീ എന്‍റെ ഭാര്യയായി. പക്ഷെ നമ്മുടെ വിവാഹശേഷം അമ്മ പിന്നീട് നിന്നെ പ്രകീർത്തിച്ചു സംസാരിച്ചപ്പോൾ ഞാൻ അമ്മയുടെ പണ്ടത്തെ വാക്കുകളോർമ്മിച്ച് ചോദിക്കുമായിരുന്നു. അമ്മക്ക് പണ്ട് ഞാൻ മിനിയെ വിവാഹം കഴിക്കുന്നതിനോട് എതിർപ്പായിരുന്നല്ലോ. അവൾക്ക് എന്തോ ജാതകദോഷം ഉണ്ടെന്നൊക്കെപ്പറഞ്ഞ്. അപ്പോൾ അമ്മ എന്നോട് പറയാറുണ്ട്. “അത് ശരിയാടാ നന്ദാ… അന്ന് ഞാൻ പറഞ്ഞതു കേട്ട് നീ അവളെ വിവാഹം കഴിക്കാതിരുന്നെങ്കിൽ അത്രെത്ര വിഡ്ഢിത്തമാകുമായിരുന്നു എന്ന് പിന്നീട് ഞാനാലോചിച്ചിട്ടുണ്ട്. മിനിയെപ്പോലെ തങ്കപ്പെട്ട ഒരു പെണ്ണിനെ എനിക്കും നിനക്കും നഷ്ടമാകുമായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.”

“ശരിയാ നന്ദേട്ടാ… അമ്മ എത്രമാത്രം എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയാം. സ്വന്തം മകളെപ്പോലെയാണ് അമ്മ എന്നെ കണ്ടിരുന്നത്. അങ്ങനെയൊരു അമ്മായിയമ്മയെക്കിട്ടിയ ഞാൻ ജീവിതത്തിൽ എത്രമാത്രം ഭാഗ്യവതിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് കുറച്ചു നാൾ അമ്മയെ ശുശ്രൂഷിക്കാൻ പറ്റിയതും ഞാൻ ഭാഗ്യമായി കരുതുന്നു നന്ദേട്ടാ… അന്ന് ശ്യാമേച്ചിയോടൊപ്പം പോകാതെ അമ്മ നമ്മുടെ കൂടെത്തന്നെ നില്ക്കുകയായിരുന്നല്ലോ. മരിക്കുന്നതിന് തൊട്ടു മുമ്പ് അമ്മ എന്‍റെ കൈയ്യിൽപ്പിടിച്ചു പറഞ്ഞു. നീ ഒരിക്കലും നന്ദനെ വേദനിപ്പിക്കരുത് മോളെ. മരിക്കുന്നതുവരെ നിങ്ങളിരുവരും ശിവപാർവ്വതിമാരെപ്പോലെ കഴിയണം എന്ന്. ആ വാക്കുകൾ ഞാനിതുവരെ അക്ഷരംപ്രതി പാലിച്ചില്ലേ നന്ദേട്ടാ… നന്ദേട്ടനെ ഞാൻ എന്നെങ്കിലും മനപൂർവ്വം വേദനിപ്പിച്ചിട്ടുണ്ടോ.”

“ഇല്ല മിനി… ഇത്രയും കാലം നീ എന്നെ സന്തോഷിപ്പിച്ചിട്ടേ ഉള്ളു. നീയടുത്തുള്ളപ്പോൾ ഞാൻ വേദന എന്തെന്നറിഞ്ഞിട്ടില്ല. നീയാണെന്‍റെ എല്ലാ ആനന്ദവും സൗഭാഗ്യവും. അന്ന് അമ്മയോട് വഴക്കിട്ട് നിന്നെ ഞാൻ നേടിയില്ലായിരുന്നെങ്കിൽ പിന്നീട് അതോർത്ത് ഞാൻ പശ്ചാത്തപിക്കേണ്ടി വന്നേനെ. സത്യത്തിൽ നീ ഒരു മനുഷ്യ സ്ത്രീയല്ല, ഏതോ ദേവതയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്നേഹം കൊണ്ട് മായാജാലം തീർക്കുന്ന ദേവത.”

“പോ നന്ദേട്ടാ… ഞാൻ ദേവതയൊന്നുമല്ല… ഒരു സാധാരണ സ്ത്രീ മാത്രം.” അങ്ങനെ സന്തോഷവും പരിഭവവും കലർന്ന സ്വരത്തിൽപ്പറഞ്ഞ് അവൾ തന്‍റെ തോളിൽ തല ചായ്ക്കും.

അവൾ കെട്ടുന്ന മാലയിൽ നിന്ന്, അല്പം അറുത്തെടുത്ത് താൻ അവളുടെ മുടിയിൽ ചൂടിക്കുമ്പോൾ അവൾ നാണത്തോടെ പുഞ്ചിരി തൂകും.

“നന്ദേട്ടനിപ്പോഴും നമ്മളു ചെറുപ്പമാണെന്നാ വിചാരം അല്ലേ…” നാണത്തോടെ അവൾ ചോദിക്കും. സന്ധ്യയുടെ ശോണിമ മുഴുവൻ അപ്പോൾ ആ മുഖത്തു വിരിഞ്ഞു നില്പുണ്ടാവും. പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്ന് സൂര്യൻ അപ്പോൾ ഒളിഞ്ഞു നോക്കുന്നുണ്ടാകും.

“നിന്നെക്കണ്ടാൽ ഇപ്പോഴും പതിനേഴേ തോന്നുകയുള്ളു മിനി.”

ആ വാക്കുകൾ കേട്ട് അവൾ പൊട്ടിച്ചിരിക്കും. എന്നിട്ട് ചോദിക്കും. “അപ്പോൾ നന്ദേട്ടനോ… നന്ദേട്ടന് എത്ര വയസ്സാ…”

“എനിക്കോ… എനിക്ക് ഒരു ഇരുപത്തിയഞ്ച്.”

“ഓ… അപ്പോൾപ്പിന്നെ നമ്മൾ മധുവിധുനാളിലാണ് അല്ലേ നന്ദേട്ടാ…”

“അതെ… മിനി… കഴിഞ്ഞാഴ്ച അല്ലായിരുന്നോ നമ്മുടെ കല്യാണം.”

“കൊള്ളാം… ഈ നന്ദേട്ടന്‍റെ ഒരു തമാശ. പിള്ളേര് രണ്ടും മുതിർന്നു.അപ്പോഴാണ് നന്ദേട്ടൻ ചെറുപ്പക്കാരനാകാൻ നോക്കുന്നത്…”

“നമുക്കെന്നും ചെറുപ്പമാ സൗദാമിനി. ശരീരത്തിനല്ല മനസ്സിനാ ചെറുപ്പം. മനസ്സിലെപ്പഴും നല്ല സ്നേഹമൊണ്ടേല് മനസിനെപ്പഴും ചെറുപ്പമായിരിക്കും. വയസ്സൊന്നും ഒരു പ്രശ്നമല്ല. നമുക്കിങ്ങനെ മരണം വരെ സ്നേഹിച്ചോണ്ടിരിക്കാം മിനി.”

അതു കേൾക്കേ അവൾ തന്‍റെ ദേഹത്തോട് ചാഞ്ഞിരിക്കും. എന്നിട്ടു പറയും. “എന്‍റെ നന്ദേട്ടന്‍റെ മാറിലിങ്ങനെ തല ചായ്ച്ചു കിടന്ന് മരിച്ചാ മതി എനിക്ക്.”

അങ്ങനെ പറഞ്ഞവൾ മിഴിയടക്കും. അപ്പോൾ താനവളുടെ നെറ്റിയിൽ ചുംബിക്കും. അപ്പോഴായിരിക്കും മണികിലുങ്ങും പോലെയുള്ള ആസ്വരങ്ങൾ കാതിൽ മുഴങ്ങുന്നത്.

और कहानियां पढ़ने के लिए क्लिक करें...