തലേന്ന് ഏറെ വൈകി ഉറങ്ങിയതിനാലാകാം അല്പം വൈകിയാണ് ഉറക്കമുണർന്നത്. ഉണർന്നിട്ടും അല്പനേരം ജനലഴിയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങളുടെ പ്രതിഫലനം കണ്ട് കിടന്നു. ഒട്ടേറെ തവണ ഇമ തല്ലി മിഴിച്ചപ്പോഴാണ് വെളുത്ത ചുമരിൽ ഒരു വാഹനത്തിന്‍റെ നമ്പർ കോറിയിട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞൊടിയിൽ തലേന്ന് പാതിരാത്രിയിൽ കണ്ട കാഴ്ചകൾ ഓർമ്മ വന്നു.
രാവേറെ ചെന്ന സമയം ഇരുട്ടിനെ കീറി മുറിച്ച് വരുന്ന വാഹനം. വിജനമായ വഴിയോരത്ത് നിർത്തിയിട്ട വാഹനത്തിൽ നിന്നും ഇറങ്ങിയ സ്ത്രീയും പുരുഷനും. തുടർന്ന് വാഹനത്തിൽ നിന്നും രണ്ടു പേരും ചേർന്ന് താങ്ങിയെടുത്ത് ഇറക്കിയ ചാക്കുകെട്ട്. അതും കൊണ്ടവർ കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. അതിനപ്പുറം പരന്നുകിടക്കുന്ന കായലാണ്. പത്തു മിനിട്ടിനകം തിരിച്ചു വന്ന അവരുടെ കൈവശം ചാക്കുകെട്ടില്ല. ഒന്നുമറിയാത്ത മട്ടിൽ അവരുടെ തിരിച്ചു പോക്ക്. നേരിയ ഇരുട്ടിലും സ്ട്രീറ്റ് ലൈറ്റിന്‍റെ മങ്ങിയ വെളിച്ചത്തിൽ കാണാൻ കഴിഞ്ഞ വാഹനത്തിന്‍റെ നമ്പർ. അതാണ് മറന്ന് തെറ്റിപ്പോകേണ്ടെന്നു കരുതി ചുവരിൽ കോറിയിട്ടത്. വെളുത്തചുമരിൽ പെൻസിലുകൊണ്ട് എഴുതിയപോലെ ഒരു കുത്തികുറിയായി വാഹനത്തിന്‍റെ നമ്പർ. എഴുന്നു നില്കുന്നു,
തുടർന്ന് അസ്വസ്ഥമായ മനസ്സോടെ വന്നു കിടന്നപ്പോളാണ് വാതിലിൽ ആരോ ശക്തിയായി ഇടിക്കുന്ന ശബ്ദം കേട്ടത്. ഉൾഭയത്തോടെ കണ്ണടച്ചു കിടന്നപ്പോൾ ശബ്ദം അകന്നു ശമിക്കുന്നതായി അറിഞ്ഞു. അത് കാതോർത്തു അങ്ങനെ ഉറങ്ങി പോയതാണ്.
തലേന്ന് നടന്ന സംഭവങ്ങൾ ഓർക്കുന്തോറും അസ്വസ്ഥത മനസ്സിൽ പെരുകിത്തടിച്ചു. ആ ചാക്കുകെട്ട്! സാമാന്യം വലുപ്പമുള്ള ആ ചാക്കുകെട്ടിൽ എന്തായിരിക്കും. കുറ്റിക്കാടിനപ്പുറമുള്ള കായലിൽ കൊണ്ടുപോയിത്തള്ളിയ ആ ചാക്കുകെട്ടിനു പുറകിലുള്ള സംഭവപരമ്പരകൾ തീർത്തും അസുഖകരമായ വസ്തുതകളാകാമെന്നത് നൂറു ശതമാനം തീർച്ച തന്നെ. ഒരു ക്രിമിനൽ സംഭവപരമ്പരയിലെ അവസാന രംഗത്തിന് സാക്ഷിയാണോ ഞാൻ?
ആ ദുരുഹതയുണർത്തുന്ന രണ്ടു വ്യക്തികളൊ അല്ലെങ്കിൽ വാഹനത്തിലിരിക്കുന്ന മറ്റാരെങ്കിലോ ജനലഴിക്കു പുറകിൽ നിൽക്കുന്ന എന്നെ കണ്ടു കാണണം. അതായിരിക്കുമോ അവരിലാരോ വന്ന് വാതിലിൽ മുട്ടിയത്. പിന്നെ മറ്റെന്തെങ്കിലും നിശ്ചയിച്ചു കൊണ്ടായിരിക്കുമോ അവർ സ്ഥലം വിട്ടത്? മനസ്സിനെ മഥിക്കുന്ന ചിന്തകളുടെ പെരുക്കത്തിന്നവസാനം എഴുന്നേറ്റു. ജനലഴിയിലൂടെ പുറത്തേക്കു നോക്കി. ഉണരാൻ വെമ്പുന്ന ചെറുപട്ടണം. രഹസ്യങ്ങൾ ഒളിപ്പിച്ച കായലിൽ നിന്നും വീശുന്ന വരണ്ട കാറ്റ്. സൂര്യനെ ഉൾക്കൊണ്ട് പരിസരം ചൂടുപിടിക്കാനൊരുങ്ങുന്നു. ജനാലയടച്ച് മുറിക്കു പുറത്തിറങ്ങി. അടുക്കളയിൽ ചായകൂട്ടുന്ന ട്രീസ. അമ്മ എഴുന്നേറ്റിട്ടില്ല. മുഖം കഴുകി കടുപ്പത്തിലുള്ള ഒരു ചായ കുടിച്ചപ്പോൾ മനസ്സിന്‍റെ മുറുക്കം അയഞ്ഞു.
പ്രഭാതത്തിലെ നടത്തം ഉന്മേഷകരമാണ്. അലസതയുടെ കെട്ടുപാടുകൾ തൂത്തെറിഞ്ഞ് ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രസരിപ്പ് നല്കാൻ അതിനാകും. ട്രീസയോടു വിവരം പറഞ്ഞ് പുറത്തിറങ്ങി.
പുലർകാലത്തിലെ ഇളം തണുപ്പുൾക്കൊള്ളുന്ന ഉന്മേഷഭരിതമായ ഇളങ്കാറ്റ്. ചെറുപുല്ലിലും ഇലച്ചാർത്തിലും ഒരായിരം കുഞ്ഞുസൂര്യന്മാർ വെട്ടിതിളങ്ങുന്നു പ്രഭാതസവാരിക്കിറങ്ങിയ ഒറ്റപ്പെട്ട ചിലരൊഴിച്ച് വഴിത്താരയിൽ ഏറെ ആളുകളായിത്തുടങ്ങിയിട്ടില്ല. ഒറ്റപ്പെട്ട ചില വാഹനങ്ങൾ ദൂരയാത്രയുടെ കാലുഷ്യവും മടുപ്പും പേറി പൊടിയുടെ മേലാപ്പ് അണിഞ്ഞു ഇടക്ക് കിതച്ചു കൊണ്ട് പോകുന്നതു കാണാം.