സംഗീതത്തിൽ നിരവധി പ്രതിഭകൾ ദിനംതോറും ജനിച്ചു കൊണ്ടിരിക്കുന്ന നാടാണ് കേരളം. ഇവിടെ പാടാനും ആടാനും കഴിവുള്ള നിരവധിയാണ്. എന്നാൽ കഠിനാധ്വാനം കൊണ്ടും നിരന്തര പരിശ്രമം കൊണ്ടും ഉയർന്നു വന്നവരാണ് രംഗത്ത് എന്തെങ്കിലും ഒക്കെ ആയി മാറുന്നത്.

പാട്ടു പാടാൻ ഉള്ള കഴിവിനൊപ്പം സംഗീത സംവിധാനം ചെയ്യാനും വരികൾ എഴുതാനും ശ്രമിച്ചു വിജയിച്ചവരുടെ പട്ടിക വളരെ ചെറുതാണ്. സോണി സായി എന്ന സംഗീത പ്രതിഭയുടെ ജീവിതം അത്തരം ഒരു ട്രാക്കിലൂടെയാണ് മുന്നോട്ട് പോകുന്നത്.

പല ഭാഷകളിൽ, പാട്ട് പാടുകയും, എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്ന സോണി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. 5000 ത്തിനു മുകളിൽ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. നിരവധി ആൽബം സോംഗുകൾ സംവിധാനം ചെയ്തു കൊണ്ട് സംഗീത രംഗത്ത് സ്വന്തമായ ഒരു ബ്രാൻഡിംഗ് ചെയ്യുന്ന വനിതയാണ്. വർഷങ്ങൾക്കു മുമ്പ് സുഖവാസം എന്ന ചിത്രത്തിൽ പാടിക്കൊണ്ട് ഈ മേഖലയിൽ തുടക്കം കുറിച്ച സോണിക്ക് കോവിഡ് കാലത്താണ് വലിയ മാറ്റം കരിയറിൽ ഉണ്ടാക്കാൻ കഴിഞ്ഞത്. അതേക്കുറിച്ച് സോണി പറയുന്നത് കേൾക്കാം.

ഗാനം, സംവിധാനം, രചന

എനിക്ക് പാട്ടിനൊപ്പം മ്യൂസിക് ഡയറക്ഷൻ, എഴുത്ത് ഇതൊക്കെ മുമ്പേയും ഇഷ്ടമാണ്. എന്നാൽ കോവിഡ് വന്നപ്പോൾ ആ ഒരു ടൈം തൊട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ എല്ലാവർക്കും ഉണ്ടാക്കി എന്ന് പറയാം. ആ മാറ്റം എനിക്കും ഉണ്ടായി. പാട്ടുപാടുന്നതിനു പുറമെ മ്യൂസിക് ഡയറക്ഷനും ലിറിക്സും എല്ലാം കൂടുതൽ ചെയ്യാൻ ശ്രമിച്ചത് ആ സമയത്താണ്. കാരണം ഇവിടുത്തെ സ്റ്റേജ് പ്രോഗ്രാമും മറ്റും ഭയങ്കരമായിട്ട് കുറഞ്ഞു. പുറത്തേക്കുള്ള യാത്ര നടക്കില്ല എന്ന അവസ്‌ഥ ആയി. ഈ അവസരത്തിൽ എന്‍റെ ഇളയ മകനും ഞാനും ചേർന്ന് വീട്ടിൽ തന്നെ ഒരു സ്റ്റുഡിയോ ചെറുതായിട്ട് സെറ്റ് ആക്കി ഈ കാര്യങ്ങളെല്ലാം സ്റ്റാർട്ട് ചെയ്തു.

ഹോം സ്റ്റുഡിയോ

സംഗീതവുമായി ബന്ധപ്പെട്ട് ഇക്കാലത്തു പലതരം ഓൺലൈൻ പ്ലാറ്റ്ഫോംസ് ഉണ്ട്. പാട്ടുകൾ അതിനകത്ത് കൂടി അറേഞ്ച് ചെയ്യാൻ കഴിയും. എനിക്ക് പല ഭാഷകളിൽ പാട്ടുകൾ പാടാനും സംഗീത സംവിധാനം ചെയ്യാനും വരികൾ എഴുതാനും അറിയാം. ഗിറ്റാറിസ്റ്റു കൂടിയായ ഇളയ മകൻ ശിവയ്ക്ക് ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകൾ കൂടി അറിയാം. പലരും ആൽബംസ് ചെയ്യാനും അതിൽ പാടാനും വരികൾ എഴുതാനും ഒക്കെ സമീപിക്കാൻ തുടങ്ങി. അങ്ങനെ ഒരു സംരംഭം തുടക്കമായി എന്ന് പറയാം. എന്തായാലും ഒരു പ്രശ്നത്തിൽ വന്നപ്പോൾ അത് ആലോചിച്ചു വിഷമിച്ചിരിക്കാതെ എങ്ങനെ കരകയറാം എന്ന് ചിന്തിച്ചപ്പോഴാണ് നമ്മുടെ ചുറ്റിലും കുറേ സാധ്യതകൾ ഉണ്ട് എന്ന് മനസ്സിലായത്. കോവിഡ് കാലത്ത് നമുക്ക് ലഭിച്ച ഒരു ഗിഫ്റ്റാണ് സ്വന്തം ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ പലർക്കും കഴിഞ്ഞു എന്നത്. പലതും പഠിക്കാനും പരീക്ഷിച്ചു നോക്കാനും ഉള്ള അവസരമാണ് ആ കാലയളവിൽ ലഭിച്ചത്. അങ്ങനെയാണ് മലയാളം മാത്രം ചെയ്‌തു കൊണ്ടിരുന്ന സ്‌ഥലത്ത് ഹിന്ദിയും തമിഴും ഇംഗ്ലീഷും എനിക്ക് ചെയ്യാൻ പറ്റും എന്ന് മനസ്സിലായത്.

എന്‍റെ ടീമിൽ മകന് പുറമെ ടാലന്‍റഡ് ആയ മൂന്ന് പ്രോഗ്രാമേഴ്സ് ഉണ്ട്. എന്‍റെ പല പാട്ടുകൾക്കും ഗിറ്റാർ ലൈവ് വായിച്ചിരിക്കുന്നത് മോൻ തന്നെയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഗിറ്റാർ പ്രോഗ്രാമർ എന്നുള്ള ഒരു ക്രെഡിറ്റും കൂടി അവനുണ്ട്.

ഇന്ത്യക്കകത്തും പുറത്തും

ഇന്ത്യക്ക് അകത്തും പുറത്തുമായി പല ഭാഷകളിൽ നിന്ന് വർക്ക് വന്നു. വിദേശികൾക്ക് ഏറ്റവും ഇഷ്ടം കർണാട്ടിക്കാണ്. നമ്മുടെ ശൈലിയിലുള്ള മ്യൂസികാണ് അവർക്ക് വേണ്ടത്. അങ്ങനെ ഇന്ത്യൻ വെസ്റ്റേൺ മിക്സ് ആയി ഒരുപാട് വർക്ക് ചെയ്‌തു. പുതിയ പുതിയ വെറൈറ്റീസ് ചെയ്യാൻ പറ്റി. സംസ്കൃത ഭാഷയിൽ സംസ്ത്യഹാ എന്ന ചിത്രത്തിന് സംഗീതം ചെയ്യാൻ കഴിഞ്ഞു. ഇതിൽ ഞാൻ തന്നെയാണ് പാടിയിരിക്കുന്നത്. ലാലാ എന്ന ചിത്രത്തിലെ പാട്ടുകൾ വനിതാ ദിനത്തോടനുബന്ധിച്ചിട്ട് തൃശൂർ ഫിലിം ഫെസ്റ്റിവലിൽ റിലീസ് ചെയ്‌തു. മധു ബാലകൃഷ്ണനും ഞാനുമാണ് പാടിയത്. ഇറങ്ങാൻ പോകുന്ന ലാലാ, മലേപൊതി എന്നീ ചിത്രങ്ങളിലെ പാട്ടുകൾ എനിക്ക് വലിയ പ്രതീക്ഷ നൽകുന്നു.

പല ലാംഗ്വേജിൽ ഉള്ള 30 ഓളം സോംഗ്സ് അടങ്ങുന്ന ഒരു പ്രോജക്ട് ആറുമാസം കൊണ്ട് ഫിനിഷ് ചെയ്‌തു കൊടുത്തു. ഇതൊക്കെ ആണെങ്കിലും ഇനിയും നല്ല പ്രോജക്ട്, നല്ല ലേബലിൽ ഉള്ള വർക്കുകൾ ചെയ്യണം എന്നാണ് ആഗ്രഹം

ദാസേട്ടനും ചിത്രചേച്ചിയും

മധു ബാലകൃഷ്ണൻ, ബിജു നാരായണൻ, ജ്യോത്സന ഇങ്ങനെ നല്ല നല്ല ഗായകർ എന്‍റെ സംഗീതത്തിൽ പാടിയിട്ടുണ്ട്. ഉള്ളത് ചിത്ര ചേച്ചിയും ദാസേട്ടനും ഉൾപ്പെടെയുള്ള കുറച്ച് പ്രശസ്ത ഗായകർ എന്‍റെ കംമ്പോസിംഗിൽ പാടണം എന്ന് അങ്ങേയറ്റം ആഗ്രഹമുണ്ട്. എന്നെങ്കിലും ആ ഭാഗ്യം ലഭിക്കും എന്നാണ് വിചാരിക്കുന്നത്.

ശ്രദ്ധിക്കപ്പെടുന്ന വർക്ക്

ഫ്യൂച്ചർ പ്ലാൻ എന്ന് പറയുമ്പോൾ ഞാൻ ഇത്രയൊക്കെ ചെയ്യുന്നുണ്ടെങ്കിലും എത്ര പേര് എന്നെ അറിയുന്നു എന്ന് ചോദിച്ചാൽ നിരാശ ആണ് ഉത്തരം. പ്രശസ്തിക്ക് വേണ്ടിയല്ല, ഇത്രയും ഒക്കെ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ എങ്കിലും എനിക്ക് ആളുകളുടെ അഭിപ്രായം ലഭിക്കണം. ആ ഒരു തലത്തിലേക്ക് എനിക്ക് എത്തിച്ചേരേണ്ടതുണ്ട്.

സ്ത്രീകളും സംഗീത സംവിധാനവും

ഈ മേഖലയിൽ സ്ത്രീകളെ സ്പെഷ്യലായി കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ സംഗീത സംവിധാന രംഗത്ത് സ്ത്രീകൾ അധികമില്ല. ഈ വിഷയത്തിൽ എഫ്ബി ഗ്രൂപ്പിൽ ഒരു പോസ്റ്റ് കണ്ടു. അത് എന്നെ വല്ലാതെ വിഷമിപ്പിച്ചു. എന്തുകൊണ്ട് സംഗീത സംവിധാനത്തിൽ സ്ത്രീകൾ ഇല്ല? എന്ന ചോദ്യത്തിന് കഴിവുള്ളവരില്ല അതുകൊണ്ടായിരിക്കും എന്നിങ്ങനെ പല കമന്‍റസ് ഞാൻ കണ്ടു. ഏതു മേഖലയിലും ഒരു സ്ത്രീ നല്ല കാര്യം ചെയ്‌തു കഴിഞ്ഞാൽ അംഗീകരിക്കാൻ സമൂഹത്തിന് മനസ്സ് കുറവാണ്. നല്ല രീതിയിൽ സപ്പോർട്ട് ചെയ്താൽ തീർച്ചയായിട്ടും ഒരുപാട് സ്ത്രീകൾ സംഗീത സംവിധാനത്തിലും മുന്നോട്ടു വരും. ആൺ പെൺ ഭേദം ഇല്ലാതെ ഏത് സമയത്തും എവിടെ ഇരുന്നും ജോലി ചെയ്യാവുന്ന സാഹചര്യമാണ് ആവശ്യം.

സംഗീതം ചെയ്യുന്ന ആള് ആണാണോ പെണ്ണാണോ എന്ന് നോക്കുന്നതിനേക്കാൾ ഡയറക്ടർ ആവശ്യപ്പെടുന്ന ഫീൽ മ്യൂസിക്കിന് കിട്ടുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.

ഈ മോഡേൺ യുഗത്തിൽ ഇത്തരം കൺഫ്യൂഷൻ ആവശ്യമില്ല. ടെക്നോളജി ഒരുപാട് വർദ്ധിച്ചത് കൊണ്ട് പഴയമാതിരി എല്ലാവരെയും കൂടി ഒരുമിച്ചിരുന്നാൽ മാത്രമേ മ്യൂസിക് സൃഷ്ടിക്കപ്പെടുകയുള്ളൂ എന്ന് പറയാൻ പറ്റില്ല.

പഴയ പോലെ എഴുതുന്ന ആളും മ്യൂസിക് ചെയ്യുന്ന ആളും ഒരു റൂമിലൊക്കെ ഒരുമിച്ചിരുന്നു കംമ്പോസ് ചെയ്ത് ലൈവ് ഇൻസ്ട്രുമെന്‍റസ് ഒക്കെ ഉപയോഗിക്കുന്ന പഴയ കാഴ്ചകളൊന്നും ഇപ്പോൾ ഇല്ല. സത്യത്തിൽ സ്ത്രീകൾക്ക് ഇപ്പോൾ ഒരുപാട് സാധ്യതകൾ ഉണ്ടാവേണ്ടതാണ്. എന്നിട്ടും അവർ വരുന്നില്ലെങ്കിൽ കഴിവ് ഇല്ലാത്തതല്ല പ്രശ്നം, സപ്പോർട്ട് ലഭിക്കാത്തതാണ് കാരണം.

കുടുംബം

ഇടപ്പള്ളിയിൽ ആണ് താമസം അച്ഛൻ. ഹരിറാം പ്രസാദ്. അമ്മ ആർ. അംബികഭായ്. പാട്ടുകാരി കൂടിയാണ്. മക്കൾ സായ് ശരൺ, ശിവ് ശരൺ.

और कहानियां पढ़ने के लिए क्लिक करें...