സംഗീതത്തിൽ നിരവധി പ്രതിഭകൾ ദിനംതോറും ജനിച്ചു കൊണ്ടിരിക്കുന്ന നാടാണ് കേരളം. ഇവിടെ പാടാനും ആടാനും കഴിവുള്ള നിരവധിയാണ്. എന്നാൽ കഠിനാധ്വാനം കൊണ്ടും നിരന്തര പരിശ്രമം കൊണ്ടും ഉയർന്നു വന്നവരാണ് രംഗത്ത് എന്തെങ്കിലും ഒക്കെ ആയി മാറുന്നത്.
പാട്ടു പാടാൻ ഉള്ള കഴിവിനൊപ്പം സംഗീത സംവിധാനം ചെയ്യാനും വരികൾ എഴുതാനും ശ്രമിച്ചു വിജയിച്ചവരുടെ പട്ടിക വളരെ ചെറുതാണ്. സോണി സായി എന്ന സംഗീത പ്രതിഭയുടെ ജീവിതം അത്തരം ഒരു ട്രാക്കിലൂടെയാണ് മുന്നോട്ട് പോകുന്നത്.
പല ഭാഷകളിൽ, പാട്ട് പാടുകയും, എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്ന സോണി നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. 5000 ത്തിനു മുകളിൽ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. നിരവധി ആൽബം സോംഗുകൾ സംവിധാനം ചെയ്തു കൊണ്ട് സംഗീത രംഗത്ത് സ്വന്തമായ ഒരു ബ്രാൻഡിംഗ് ചെയ്യുന്ന വനിതയാണ്. വർഷങ്ങൾക്കു മുമ്പ് സുഖവാസം എന്ന ചിത്രത്തിൽ പാടിക്കൊണ്ട് ഈ മേഖലയിൽ തുടക്കം കുറിച്ച സോണിക്ക് കോവിഡ് കാലത്താണ് വലിയ മാറ്റം കരിയറിൽ ഉണ്ടാക്കാൻ കഴിഞ്ഞത്. അതേക്കുറിച്ച് സോണി പറയുന്നത് കേൾക്കാം.
ഗാനം, സംവിധാനം, രചന
എനിക്ക് പാട്ടിനൊപ്പം മ്യൂസിക് ഡയറക്ഷൻ, എഴുത്ത് ഇതൊക്കെ മുമ്പേയും ഇഷ്ടമാണ്. എന്നാൽ കോവിഡ് വന്നപ്പോൾ ആ ഒരു ടൈം തൊട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ എല്ലാവർക്കും ഉണ്ടാക്കി എന്ന് പറയാം. ആ മാറ്റം എനിക്കും ഉണ്ടായി. പാട്ടുപാടുന്നതിനു പുറമെ മ്യൂസിക് ഡയറക്ഷനും ലിറിക്സും എല്ലാം കൂടുതൽ ചെയ്യാൻ ശ്രമിച്ചത് ആ സമയത്താണ്. കാരണം ഇവിടുത്തെ സ്റ്റേജ് പ്രോഗ്രാമും മറ്റും ഭയങ്കരമായിട്ട് കുറഞ്ഞു. പുറത്തേക്കുള്ള യാത്ര നടക്കില്ല എന്ന അവസ്‌ഥ ആയി. ഈ അവസരത്തിൽ എന്‍റെ ഇളയ മകനും ഞാനും ചേർന്ന് വീട്ടിൽ തന്നെ ഒരു സ്റ്റുഡിയോ ചെറുതായിട്ട് സെറ്റ് ആക്കി ഈ കാര്യങ്ങളെല്ലാം സ്റ്റാർട്ട് ചെയ്തു.
ഹോം സ്റ്റുഡിയോ
സംഗീതവുമായി ബന്ധപ്പെട്ട് ഇക്കാലത്തു പലതരം ഓൺലൈൻ പ്ലാറ്റ്ഫോംസ് ഉണ്ട്. പാട്ടുകൾ അതിനകത്ത് കൂടി അറേഞ്ച് ചെയ്യാൻ കഴിയും. എനിക്ക് പല ഭാഷകളിൽ പാട്ടുകൾ പാടാനും സംഗീത സംവിധാനം ചെയ്യാനും വരികൾ എഴുതാനും അറിയാം. ഗിറ്റാറിസ്റ്റു കൂടിയായ ഇളയ മകൻ ശിവയ്ക്ക് ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകൾ കൂടി അറിയാം. പലരും ആൽബംസ് ചെയ്യാനും അതിൽ പാടാനും വരികൾ എഴുതാനും ഒക്കെ സമീപിക്കാൻ തുടങ്ങി. അങ്ങനെ ഒരു സംരംഭം തുടക്കമായി എന്ന് പറയാം. എന്തായാലും ഒരു പ്രശ്നത്തിൽ വന്നപ്പോൾ അത് ആലോചിച്ചു വിഷമിച്ചിരിക്കാതെ എങ്ങനെ കരകയറാം എന്ന് ചിന്തിച്ചപ്പോഴാണ് നമ്മുടെ ചുറ്റിലും കുറേ സാധ്യതകൾ ഉണ്ട് എന്ന് മനസ്സിലായത്. കോവിഡ് കാലത്ത് നമുക്ക് ലഭിച്ച ഒരു ഗിഫ്റ്റാണ് സ്വന്തം ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ പലർക്കും കഴിഞ്ഞു എന്നത്. പലതും പഠിക്കാനും പരീക്ഷിച്ചു നോക്കാനും ഉള്ള അവസരമാണ് ആ കാലയളവിൽ ലഭിച്ചത്. അങ്ങനെയാണ് മലയാളം മാത്രം ചെയ്‌തു കൊണ്ടിരുന്ന സ്‌ഥലത്ത് ഹിന്ദിയും തമിഴും ഇംഗ്ലീഷും എനിക്ക് ചെയ്യാൻ പറ്റും എന്ന് മനസ്സിലായത്.