മിയയുടെ വീട്ടിലേക്ക് പോകും മുൻപ് ലഭ്യമായ വിവരങ്ങളും പിന്നീട് കരഗതമായ ചില വസ്തുതകളും കൂട്ടിച്ചേർത്ത് ഒരു രേഖാചിത്രം ഞാൻ തയ്യാറാക്കിയിരുന്നു. ചിലയിടങ്ങൾ സത്യമെന്നു ഞാൻ ഉറച്ചു വിശ്വസിച്ച വസ്തുതകളുമായി ഒട്ടും തന്നെ ഒത്തുചേരാതെ വന്നിരിക്കുന്നു. അത്തരം ഒന്നുരണ്ട് വസ്തുതകളുടെ സ്ഥിരീതീകരണത്തിനുവേണ്ടി ട്രീസയുടെ വിദേശത്തുള്ള സഹോദരന് ഇമെയിലുകൾ ചെയ്തു. ആ മെയിൽ ലഭിച്ചതായും അതിൽ പറഞ്ഞകാര്യം അന്വേഷിച്ച് ഉടനെ വിവരം അറിയിക്കാമെന്നും അദ്ദേഹം മറുപടി നല്കി.

റോസ് വില്ലയിലെ ദാരുണമായ സംഭവപരമ്പരകളുമായി ബന്ധപ്പെട്ട ചില തെളിവുകൾ കൂടി എനിക്കുടനെ കരസ്ഥമാക്കേണ്ടിയിരിക്കുന്നു. ഇണങ്ങാതെ നിൽക്കുന്ന കണ്ണികൾ വിളക്കിച്ചേർക്കാൻ അത് അത്യാവശ്യമാണ് കാലഘട്ടം ഏറെ മാറിപ്പോയെങ്കിലും റോസ് വില്ലയിൽ നിന്നുതന്നെ ആ തെളിവുകൾ ലഭിക്കുമെന്ന് മനസ്സു പറഞ്ഞു.

ഒന്നുരണ്ടു ദിനങ്ങൾ മരത്തിൽ നിന്നും അടർന്നു വീഴുന്ന ഇലകളെപ്പോലെ അനായാസം പൊഴിഞ്ഞു വീണു. ഞാൻ ആവശ്യപ്പെട്ട വിവരം കണ്ടെടുക്കുന്നത് ദുഷ്ക്കരമെങ്കിലും വിവരസമാഹരണത്തിന്‍റെ അപ്പപ്പോൾ ഉള്ള പുരോഗതി ട്രീസയുടെ സഹോദരൻ ഗബ്രി അറിയിച്ചുകൊണ്ടിരുന്നു. പിന്നെ വസ്തു വാടകക്ക് കൊടുക്കുന്ന ക്ലമന്‍റിൽ നിന്നും ചില വിവരങ്ങൾ അറിയേണ്ടതുണ്ട്. അക്കാര്യത്തിനായി തോമാച്ചന്‍റെ സഹായം ആവശ്യപ്പെടാൻ നിശ്ചയിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി.

സിനിമാ സെറ്റിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കിയിരുന്ന തോമാച്ചൻ ഇപ്പോൾ പഴയ ആളല്ല. ഒരുനാൾ ഏതോ മാസികയിൽ കണ്ടു ഒരു യുവസൂപ്പർസ്റ്റാർ പടത്തിന്‍റെ നിർമ്മാതാവായി തോമാസ്സ് മാളിയേക്കൽ എന്ന പേരിൽ തോമാച്ചൻ ആദ്യം വിശ്വസിക്കാനായില്ല. മാളിയേക്കൽ തോമാച്ചന്‍റെ ചരിത്ര പ്രസിദ്ധമായ വീട്ടുപേരാണെന്നറിയാമായിരുന്നു.

തോമാച്ചന്‍റെ പൂർവ്വപിതാക്കൾ കുപ്പിണി പടയുടെ കാലത്തെ പടനായകന്മാരായിരുന്നു സംശയ നിവാരണത്തിനായി തോമാച്ചനെ വിളിച്ചു ചോദിച്ചപ്പോൾ സംഗതി സത്യമാണ്. ഒരു നിർമ്മാതാകാനുള്ള സാമ്പത്തികശേഷിയൊന്നും ഇല്ലാത്ത തോമാച്ചനോട് ഇതെല്ലാം എങ്ങനെ തരപ്പെടുത്തിയെന്നു ചോദിച്ചപ്പോൾ അതെല്ലാം ബിസിനസ്സ് സീക്രട്ടെന്നായിരുന്നു മറുപടി.

ആ യുവസൂപ്പർ സ്റ്റാറുമായി നല്ല അടുപ്പം ഉണ്ടെന്നായിരുന്നു പിന്നീട് പറഞ്ഞത്. ആ താരത്തിന്‍റെ ഡേറ്റ് എങ്ങനെയോ കരസ്ഥമാക്കി. അതിനെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക ക്രയവിക്രയങ്ങളിലൂടെയാണ് തോമാച്ചൻ പടനായകനായത് തോമാച്ചൻ ഒരു സിനിമാനിർമ്മാതാവായി മലയാള സിനിമയിലെ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുന്നതിൽ സന്തോഷം തോന്നി. സിനിമയുടെ പൂജക്ക് ക്ഷണിച്ചെങ്കിലും പോകാൻ കഴിഞ്ഞില്ല. ആ സിനിമയുടെ ഷൂട്ടിംഗ് എവിടെയോ നടക്കുന്നുണ്ട്.

ഒരുച്ച തിരിഞ്ഞനേരത്താണ് മിയയുടെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞത്. ഉച്ചതിരിഞ്ഞെങ്കിലും വെയിൽച്ചൂടിന്‍റെ ആക്കം ശമിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പൊടുന്നനെ ദേഹം വിയർപ്പിൽ കുളിച്ചു. വിയർപ്പിന്‍റെ ചാലുകൾ നെറ്റിത്തടത്തിന്‍റെ വശങ്ങളിൽ നിന്നും താഴോട്ട് അനർഗളം പ്രവഹിച്ചു. വഴിത്താരക്കു വലതുവശമുള്ള ഗുജറാത്തി മധുരങ്ങൾ ലഭിക്കുന്ന ബേക്കറിക്കരികിലെത്തിയപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല. ഈ പ്രദേശത്തെ ഏറ്റവും സ്വാദിഷ്ഠമായ ലസ്സി ലഭിക്കുന്നതിവിടെയാണ്. മൺകൂജയിൽ തണുപ്പിച്ച ലസ്സിക്കു മുകളിൽ ബദാമും കശുവണ്ടിയും പൊടിച്ചിട്ടത് ഇടക്കുകടിച്ച് അല്പാൽപ്പമായി നുണയുമ്പോൾ ദേഹത്തും ദേഹിയിലും പടർന്നുപൊന്തിയ ഉഷ്ണതരംഗങ്ങൾ പതിയെ കെട്ടടങ്ങി ശമിക്കുകയായിരുന്നു.

കൊട്ടാര സദൃശമായ, ആകമാനം വെളുത്ത പെയിന്‍റടിച്ച വീട് . റോസ് വില്ല. ഞാവൽ മരങ്ങൾ ആ വഴിത്താരക്കിരുവശവും ഒറ്റപെട്ടു വളർന്നു നിന്നു. മരങ്ങൾക്കു താഴെ ഞാവൽ പഴങ്ങൾ മണ്ണിൽ വയലറ്റ് നിറം പടർത്തി ചതഞ്ഞു കിടന്നു  ഗേറ്റിൽ പതിപ്പിച്ചിട്ടുള്ള സ്വർണ്ണം പൂശിയ തകിടിൽ ആ പേര് ആലേഖനം ചെയ്തിരിക്കുന്നു. ഗേറ്റ്കീപ്പറോട് വിവരം പറഞ്ഞപ്പോൾ അയാൾ ഫോൺ ചെയ്ത് അനുവാദം തേടി.

വീട്ടിലേക്ക് കയറാനൊരുങ്ങുമ്പോൾ തെല്ലിട നേരം ആ വിശാലമായ പ്രകൃതിയും പരിസരങ്ങളും ഞാൻ ഉൾക്കൊള്ളാൻ ശ്രമിച്ചു. മനോഹരമായ പൂന്തോട്ടം. പലജാതി പുഷ്പങ്ങൾ നിറംപടർത്തി നിൽക്കുന്നു. പൂന്തോട്ടത്തിന്‍റെ ഒരു കോണിൽ കണ്ണിനു കുളിർമയേകുന്ന വെളുത്ത ജലധാര കരിങ്കല്ല് ചതുരാകൃതിയിൽ വെട്ടിയൊതുക്കിയ വീട്ടിലേക്കുള്ള നീണ്ട നടപ്പാത. പച്ചപ്പുല്ല് ഇടകലർത്തിയ അതിനിരുവശവും മനോഹരങ്ങളായ ഓർക്കിഡ് പൂക്കളുടെ വിചിത്രവർണ്ണങ്ങൾ പീലിവിടർത്തി നിന്നു

കോളിംഗ് ബെല്ലിൽ വിരലമർത്താനൊരുങ്ങുമ്പോഴേക്കും മിയ വാതിൽ തുറന്നിരുന്നു. അവർ സൗഹാർദ്ദപൂർവ്വം അകത്തേക്കു ക്ഷണിച്ചു. ആഡംബരത്തിന്‍റെയും ധാരാളിത്തത്തിന്‍റെയും പരകോടിയിൽ നിൽക്കുന്ന നിർമ്മിതി. വീടിനകം മുഴുവൻ വിലയേറിയ വസ്തുക്കൾ മനോഹരമായി ക്രമീകരിച്ചു വച്ചിരിക്കുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ ദൃശ്യരൂപം കൈകൊണ്ട ഒട്ടേറെ അതിമനോഹരമായ എണ്ണഛായാ ചിത്രങ്ങൾ. വിലപിടിപ്പുള്ള കലാരൂപങ്ങൾ.

സമയംകളയാതെ വീടിനകം പോയിക്കണ്ടു. എല്ലാ മുറികളും ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ ഒന്നാന്തരമായും മനോഹരമായും പുനർനിർമ്മിച്ചിരിക്കുന്നു. ചിലയിടങ്ങളിൽ പഴമയുടെ തനിമ അതിനിടെ എല്ലാ മനോഹാരിതയോടും കൂടെ നിലനിർത്തിയിട്ടുണ്ട്. നിലവറ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതെന്നേ നിരപ്പാക്കിയതായി മിയ അറിയിച്ചു.

കഠിനാധ്വാനിയായ റൊസാരിയോ ആശുപത്രിയിലേക്കും ക്ലിനിക്കിലേയും സേവനങ്ങൾക്കു ശേഷം വീട്ടിലും ചികിത്സ നടത്തിയിരുന്നതായുള്ള അറിവ് എനിക്ക് പുതിയതായിരുന്നു. റോസ് വില്ലയിലെ ഇടതുവശത്തുള്ള ഒരു മുറിയാണ് ചികിത്സക്കായി ഉപയോഗിച്ചിരുന്നത്. ആ ഇടത്തരം മുറിയിൽ കാര്യമായ പുനർനിർമ്മാണം നടത്തിയിട്ടില്ലെന്ന് മിയ പറഞ്ഞു. എങ്കിൽ അതൊന്നുകാണാമെന്ന് ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു.

വൃത്തിയായി സൂക്ഷിച്ചു പരിപാലിച്ചു വച്ചിരിക്കുന്ന ഒരു മുറി.  എല്ലാ വസ്തുക്കളും ചിട്ടയായി അടുക്കിയും ഒതുക്കിയും വച്ചിരിക്കുന്നു. റാക്കിൽ മെഡിക്കൽ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു. ഡൊമനിക്ക് റൊസാരിയോ ഉപയോഗിച്ചിരുന്ന സ്റ്റെതസ്കോപ്പ്, മറ്റു ചില മെഡിക്കൽ ഉപകരണങ്ങൾ അവ ഇത്രയേറെ വർഷങ്ങൾ പോയ്മറഞ്ഞിട്ടും വൃത്തിയായും വെടിപ്പായും പുതിയതുപോലെ സൂക്ഷിച്ചിരിക്കുന്നു. ഒരു മെഡിക്കൽ പുസ്തകം റാക്കിൽ നിന്നെടുത്തു വെറുതെ മറിച്ചു നോക്കുമ്പോൾ ഞാൻ ചോദിച്ചു.

“അപ്പന് ഡയറിയെഴുതുന്ന ശീലമുണ്ടായിരുന്നോ?

“ഇല്ല അങ്ങനെ ഡയറിയെഴുതുന്നതായൊന്നും ശ്രദ്ധയിൽ പെട്ടിട്ടില്ല.”

“ഇവിടെ ചികിത്സക്ക് ഒരുപാട് പേഷ്യന്‍റ്സ് വരുമായിരുന്നോ?“

“ഒരാറേഴുപേർ. പരമാവധി അതെ കാണു.“

“എല്ലാ ദിവസവും ഡോക്ടർ രോഗികളെ പരിശോധിച്ചിരുന്നോ?“

“ഞാൻ പറഞ്ഞിരുന്നില്ലേ? മെഡിക്കൽ സെന്‍റർ ഹോസ്പിറ്റലിൽ പത്തുമണി മുതൽ നാലുവരെ അഞ്ചുമുതൽ ഏഴുവരെ ക്ലിനിക്കിൽ. എട്ടു മുതൽ ഇവിടെ. രോഗികളുടെ എണ്ണമനുസരിച്ച് ചിലപ്പോൾ വൈകാറുമുണ്ട്. ശനിയും ഞായറും ആശുപത്രിയിലും ക്ലിനിക്കിലും പോകില്ല. ആ ദിവസങ്ങളിൽ ഇവിടെ അഞ്ചുമണി മുതൽ പരിശോധന ആരംഭിക്കും.”

“ഡോക്ടറുടെ സഹായത്തിന് ആരെങ്കിലും?“

“ഒരു അമ്മച്ചി വരാറുണ്ട്. ഏലിയാന്‍റീടെ പരിചയത്തിലുള്ളതാ ഈയിടെയാ അവര് മരിച്ചത് പിന്നെ ഞാനും അല്പസ്വൽപ്പം സഹായം ചെയ്യും. വെറുതെയല്ല അപ്പനെ സഹായിക്കുന്നതിന് എനിക്ക് പോക്കറ്റ്മണിയും തരുമായിരുന്നു.“ അത് പറഞ്ഞു മിയ ഒന്നു പുഞ്ചിരിച്ചു.

പൊടുന്നനെ തുറന്നിട്ടിരുന്ന വാതിൽ വലിയൊരു ശബ്ദത്തോടെ വലിഞ്ഞടഞ്ഞു. അങ്ങനെ ശക്തിയായി അടയാൻ മാത്രം കാറ്റൊന്നും അപ്പോൾ വീശിയിരുന്നില്ലെന്നു ഞാൻ പൊടുന്നനെ ഓർത്തു. ഈ മുറിയിലെ വാതിൽ മാത്രമാണ് അടഞ്ഞത്. ജനാലകളിൽ കാറ്റിന്‍റെ ലാഞ്ചനയില്ല. ജനലഴിയിലൂടെ നോക്കിയപ്പോൾ പൂന്തോട്ടത്തിലെ ഉയർന്നു നിൽക്കുന്ന ചെടിപ്പടർപ്പുകൾ നിശ്ചലമായി നിൽക്കുന്നതു കണ്ടു. അവിടെ കാറ്റില്ല. ആ മുറിക്കകത്തെ അന്തരീക്ഷം മെല്ലെമെല്ലെ വീർപ്പുമുട്ടിക്കുന്നതായി തോന്നി. ആ മുറിയിൽ നിന്നും പുറത്തുകടക്കാൻ ഒരുമ്പെടുമ്പോഴാണ് ആ മുറിയിലെ ഒരു കോണിൽ ഒരു മരത്തിന്‍റെ ടേബിളിൽ വച്ചിരിക്കുന്ന തുകൽപെട്ടി ശ്രദ്ധയിൽ പെട്ടത്.

ഞാൻ അതു നോക്കുന്നതു കണ്ടപ്പോൾ മിയ അതിനടുത്തുചെന്ന് ആ തുകൽപെട്ടി തുറന്നു. ഒരു ടൈപ്പ്റൈറ്റർ ആയിരുന്നു അത്. എടുത്തുകൊണ്ടു നടക്കാവുന്ന ഒരപൂർവ്വയിനം. അതിമനോഹരമായ ഒരു വിന്‍റേജ് കളക്ഷൻ.

“ഇതിനെത്ര പഴക്കമുണ്ടെനറിയാമോ?” മിയ ചോദിച്ചു.

ഞാൻ കൈ മലർത്തി.

“അറുപതിലേറെ വർഷം. എന്‍റെ അപ്പന്‍റെ അപ്പന് അന്നത്തെ ബ്രിട്ടീഷ് ഗവർണർ സമ്മാനിച്ചതാണ്. ഒന്നു ടൈപ്പു ചെയ്തു നോക്കൂ.”

ഞാൻ ആ ടൈപ്പ്റൈറ്ററിൽ ഒന്നുരണ്ടു വാചകം ടൈപ്പു ചെയ്തു. ഒരു തകരാറുമില്ല. അനായാസമായി ടൈപ്പ്റൈറ്റർ പ്രവർത്തിക്കുന്നു.

“കണ്ടോ ഇത്രയും കാലം കഴിഞ്ഞിട്ടും ഒരു കുഴപ്പമില്ല. ഇതാണ് പഴയനിർമ്മിതികളുടെ ഗുണം. ഇക്കാലത്ത് പ്രവർത്തിക്കുന്ന ഒരു ടൈപ്പ്റൈറ്റർ ഒരു കൗതുകത്തിനുവേണ്ടി പോലും കാണാൻ കിട്ടുമോ?”

ശരിയാണ് എവിടെക്കാണാൻ വല്ല ആക്രിക്കടയിൽ തപ്പിയാൽ ഭാഗ്യമുണ്ടെങ്കിൽ കിട്ടും.

“മിയയുടെ അപ്പൻ ഇതുപയോഗിച്ചിരുന്നോ?”

ഇതാണ് അപ്പൻ മരുന്നു കുറിപ്പടി നല്കാൻ ഉപയോഗിച്ചിരുന്നത്. അപ്പന്‍റെ കൈയ്യക്ഷരം മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് ഇതിൽ ലറ്റർപാഡ് വച്ച് ടൈപ്പ് ചെയ്ത് കൊടുക്കലാണ് പതിവ്. സാധാരണ ടൈപ്പ്റൈറ്റർ പോലെയല്ലല്ലോ ഇതിൽ ടൈപ്പു ചെയ്യുന്നത് എളുപ്പമല്ലേ.

ഞാൻ മൂന്നുനാലു വരികൾ കൂടി ടൈപ്പു ചെയ്തു. മിയ പറഞ്ഞത് ശരിയാണ്. കമ്പ്യൂട്ടർ കീബോർഡുപോലെ അനായാസമായി ടൈപ്പു ചെയ്യാൻ സാധിക്കുന്നുണ്ട്. അക്ഷരങ്ങൾക്കും ഒരു രാജകീയത. കറുത്തുമിനുത്ത ആ ടൈപ്പ്റൈറ്റർ തുകൽബാഗിലിട്ട് യഥാസ്ഥാനത്തു വച്ച് മുറി വിട്ടിറങ്ങി.

അകത്തളത്തിലെ മൂലയിൽ നാലഞ്ചു എണ്ണച്ചായച്ചിത്രങ്ങൾ ചുവരോരം ചേർന്ന് ചാരിവച്ചിരിക്കുന്നതു കണ്ടു. അവയിൽ മുന്നിലിരിക്കുന്ന ചിത്രത്തിലേക്ക് ഒന്നേ നോക്കിയുള്ളൂ. ഹന്ന! പൊടുന്നനെ കണ്ണുകൾ പിൻവലിച്ച് മിയയോട് യാത്ര പറഞ്ഞ് കരിങ്കൽ നടപ്പാത താണ്ടി പുറത്തിറങ്ങി.

അന്തരീക്ഷത്തിലെ ചൂട് കെട്ടടങ്ങി ശമിച്ചിരുന്നു. വഴിത്താരകൾ ഉൾക്കൊണ്ടതാപം അപ്പോഴും ശമിക്കാതെ പടർന്നുനിന്നു. പുറമെ ശാന്തരായി കളങ്കമറ്റവരായി കാണപ്പെടുന്ന ചില മനുഷ്യരും ഇങ്ങനെ അകക്കാമ്പിൽ തിളക്കുന്ന ചൂടുപിടിക്കുന്ന ചിന്തകൾ പേറുന്നവരല്ലേ എന്ന് വെറുതെ ആലോചിച്ചു.

ഒരു സുഹൃത്ത് അയച്ചുതന്ന ഒരു വിദേശബാലന്‍റെ ചിത്രം. ഇത്രയേറെ അരുമയും നിഷ്കളങ്കതയും ശാന്തതയും വഴിഞ്ഞൊഴുകുന്ന ഒരു മുഖം ഞാൻ ഏറെ കണ്ടിട്ടില്ല. ഞാൻ കരുതിയത് ആ ബാലൻ എന്തെങ്കിലും നല്ല കാര്യം ചെയ്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പയ്യനെന്നാണ്. തുടർന്ന് അവന്‍റെ വിവരങ്ങൾ അറിഞ്ഞപ്പോഴാണ് ഞെട്ടി പോയത്. വിശ്വസിക്കാൻ കഴിഞ്ഞില്ല.

തന്‍റെ മൂന്ന് സഹോദരങ്ങളേയും അമ്മയേയും നിഷ്കരുണം വധിച്ച് പല ഭാഗങ്ങളാക്കി ഫ്രിഡ്ജിലും വീടിന്‍റെ മറ്റു പലയിടത്തുമായി അവൻ വൃത്തിയായി നിക്ഷേപിച്ചു. വൈകിട്ട് വീട്ടിൽ വന്ന അച്ഛനേയും അവൻ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ഇത്തരം ദുഷ് കൃത്യങ്ങൾക്ക് വെറും പതിനഞ്ച് വയസ്സായ അവനെ പ്രചോദിപ്പിച്ചത് അവന്‍റെ അമ്മ വീഡിയോ ഗെയിം കളിക്കുന്നത് വിലക്കിയതാണ്!

മുഖം മനസ്സിന്‍റെ കണ്ണാടിയെന്നത് ഭാഗികമായി തിരുത്തേണ്ടി വരും. ഭാഗികമായി ശരിയാണു താനും. ചിലരുടെ മുഖം ശാന്തനും സമാധാനപ്രിയനുമായി അനുഭവപ്പെടുമെങ്കിലും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെ ആ മുഖത്ത് ഒളിഞ്ഞിരിക്കുന്ന ക്രൗര്യം തിരിച്ചറിയാൻ കഴിയും. ക്രൂരകൃത്യം നടത്തി പിടിക്കപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന മുഖചിത്രങ്ങളിൽ ഞാനത് വ്യക്തമായി നിരീക്ഷിച്ചറിഞ്ഞിട്ടുണ്ട്.

അതേക്കുറിച്ചു എന്‍റെ നിരീക്ഷണങ്ങൾ കുറിപ്പുകളായി എഴുതി സൂക്ഷിച്ചിട്ടുണ്ട് മുഖത്തിന്‍റെ ആകൃതിയിൽ, വായയിൽ, കണ്ണുകളിൽ, പുരികങ്ങളുടെ വടിവുകളിൽ അതു പ്രതിഫലിച്ചു കണ്ടിട്ടുണ്ട്. വേട്ടക്കാരെന്‍റെയും ഇരയുടെയും ശരീരഭാഷ, മുഖം ഏറെക്കുറെ മനസിന്‍റെ പ്രതിഫലനമാകുന്നു.ആ  സാമാന്യധാരണയെയും തമസ്കരിക്കുന്ന, അതായതു ഇരയുടെ മുഖഭാവങ്ങൾ ഓളം വെട്ടുന്ന വേട്ടക്കാരനെയും അപൂർവമായി കാണാവുന്നതാണ്.

ഓഫീസിന്‍റെ ചുറ്റുഗോവണി കയറുമ്പോഴാണ് പോർച്ചുഗീസ് റസ്റ്റോറന്‍റിൽ പോയിട്ട് ഏറെ ദിവസമായല്ലോയെന്ന് ഓർത്തത്. ഗോവണി തിരിച്ചിറങ്ങി റസ്റ്റോറന്‍റിൽ എത്തിയപ്പോൾ അവിടെ ഏറെ ആൾത്തിരക്കില്ല. മുൻവശത്തു തന്നെ അലങ്കാരമീനുകൾ നീന്തിത്തുടിക്കുന്ന ഒരു അക്വാറിയം പുതുതായി വച്ചിരിക്കുന്നു. മെനു പരിശോധിച്ചപ്പോൾ ഫ്രാൻസിൻഹ സാൻഡ്വിച്ച് എന്നൊരു വിഭവം പുതുതായി എഴുതിച്ചേർത്തിരിക്കുന്നതു കണ്ടു. അതിന്‍റെ മലയാള അർത്ഥവും ബ്രാക്കറ്റിൽ എഴുതിയിരിക്കുന്നു. കുഞ്ഞു ഫ്രഞ്ച് പെൺകുട്ടി. ഏതോ ഫ്രഞ്ചു സാൻഡ്‍വിച്ചിൽ നിന്നും കടമെടുത്ത വിഭവമാണ്. അതൊടൊപ്പം കാൽഡോ സൂപ്പും ഓർഡർ ചെയ്ത് സീറ്റിൽ പോയിരുന്നു.

ഉന്മേഷദായകവും അതീവ രുചികരവുമായ കാൽഡോ സൂപ്പ് അൽപ്പാൽപ്പം നുണയുമ്പോൾ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ റോസ് വില്ലയിലെ ദുരൂഹതകൾ എന്ന പരമ്പര അവസാനിപ്പിക്കണം എന്നു നിശ്ചയിച്ചു. അതിലേക്കായി ഒരു വസ്തുതയുടെ സ്ഥിരീകരണം ഗബ്രിയിൽ നിന്നും ലഭിക്കേണ്ട ഒരേ ഒരു കടമ്പ മാത്രമേ ബാക്കിയുള്ളു. രണ്ടു ദിവസത്തിനുള്ളിൽ അതു ലഭിക്കും എന്നുതന്നെയാണ് പ്രതീക്ഷ. അതല്പം ദുഷ്ക്കരമാണെങ്കിൽത്തന്നെയും.

അക്വാറിയത്തിലെ ചുകന്ന മീനുകളുടെ ധ്രുതചലനങ്ങൾ ശ്രദ്ധിക്കുമ്പോഴാണ് കടുത്തു ചുവന്ന സോസും കൂട്ടായി ഫ്രാൻസിൻഹയും എത്തിയത്. പുഴുങ്ങിയ മുട്ട പൊതിഞ്ഞുവച്ച് മനോഹരമായി അലങ്കരിച്ച വിഭവം. നാവിനെ മയക്കുന്ന രുചിയും അഴകാർന്ന ആ വിഭവത്തിന് സ്വർണ്ണത്തിന്‍റെ സുഗന്ധം പോലെ അനുഭവപ്പെട്ടു.

രണ്ടു പാർസൽ പറഞ്ഞപ്പോൾ മര്യാദക്കാരനായ മാനേജർ ഉണ്ടാക്കിയെടുത്ത ഉടനെ കഴിക്കേണ്ട വിഭവമാണെന്നും രണ്ടുമണിക്കൂറിനപ്പുറം പോയാൽ രുചി വ്യത്യാസം തോന്നുമെന്നും പറഞ്ഞു.

പിന്നീട് ഓഫീസ് റൂമിലിരുന്ന് റോസ് വില്ല സംഭവപരമ്പരയിലെ അറ്റുപോയ കണ്ണികൾ കൂട്ടിച്ചേർത്തും മുഴച്ചു നിൽക്കുന്നവ നേർരേഖയിലാക്കിയും സന്ധ്യവരെ ഓഫീസിലിരുന്നു. ഹെർബലിട്ട് തിളപ്പിച്ച ഒരു ചായ കുടിച്ച് ഫ്ലാറ്റിലേക്ക് പോകാനൊരുമ്പെടുമ്പോഴാണ് മുറിയിൽ കേക്ക് ബേക്കു ചെയ്യുന്ന ഗന്ധം എവിടെ നിന്നോ അലയടിച്ചെത്തിയത്. ബാല്യകാലത്ത് വല്ലപ്പോഴും ഇവിടെ വരുമ്പോൾ അനുഭവപ്പെട്ടിരുന്ന അതേ ഗന്ധം.

തിരിച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ സന്ധ്യയുടെ നിറം പോയിരുന്നു. മരങ്ങളുടെ എഴുന്നുനിൽക്കുന്ന മേലാപ്പുകൾ ഇരുളാൻ തുടങ്ങി. ആ പ്രദേശത്തെ ഇരുളിലാഴ്ത്തി പുതക്കാൻ കരിമ്പടവുമായി രാത്രി ഓങ്ങിനിന്നു.

ഇന്നത്തെ അലച്ചിലിന്‍റെ ബാക്കി പത്രമായി ക്ഷീണവും നീരസവുമുണ്ട്. ഷവറിൽ നിന്നും ചീറ്റിത്തെറിക്കുന്ന വെള്ളത്തിന് ജീവനില്ല. നാട്ടിൻ പുറത്തെ പഴയ വീട്ടിനു പുറകിലുള്ള കിണറു വെള്ളത്തിന്‍റെ തണവും കുളിർമ്മയും ഓർമ്മ വരുന്നു ഇവിടുത്തെ മുനിസിപ്പൽ വെള്ളത്തിന് ആ ഗുണങ്ങൾ ഇല്ല.

സ്നിഗ്ധമായ തൊലിയടരുകളെ തെല്ലു പോലും ഉണർത്താതെ ജീവനറ്റ ജലം ഒഴുകിയൊലിച്ചുപ്പോകുന്നു. രണ്ടു ഗോതമ്പുദോശ ചുകന്ന ഉള്ളിചട്നി ചേർത്ത് കഴിച്ചശേഷം ഒരു കട്ടൻചായയും കുടിച്ച് ബെഡ്റൂമിലേക്ക് കയറി. ഫോണിൽ ഒരു ഇമെയിൽ വന്നതിന്‍റെ മണിനാദം കേട്ടു. ഞാനത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഗബ്രിയുടെ. അതിലെ അറ്റാച്ച്മെന്‍റും എന്‍റെ ഊഹത്തെ സാധൂകരിക്കുന്നതാകുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

അല്പനേരം കറങ്ങി നിന്നശേഷം അറ്റാച്ച്മെന്‍റ് തുറന്നപ്പോൾ എന്‍റെ നിഗമനം ശരിയായിരുന്നു. ഗബ്രിക്ക് നന്ദി പറഞ്ഞ് മറുപടി അയച്ചു അല്പനേരം ചിന്തയിലാണ്ട് ഇരുന്ന് കഴിഞ്ഞപ്പോൾ ട്രീസ പൊടുന്നനെ കയറി വന്നു.

“ജോലിയെല്ലാം കഴിഞ്ഞെങ്കിൽ ഇരിക്ക് എനിക്ക് ചിലത് പറയാനുണ്ട്.” അവളുടെ ആകാംക്ഷാഭരിതമായ മുഖത്തേക്ക് നോക്കി ഞാൻ തുടർന്നു.

“റോസ് വില്ല കേസ് ഞാൻ അവസാനിപ്പിക്കാൻ പോകുകയാണ്.“

“അതെന്തുപറ്റി?”

“അല്ല ഞാൻ പോസറ്റീവായിത്തന്നെ അവസാനിപ്പിക്കാൻ പോകുന്നു. ആ സംഭവപരമ്പരകളിലെ എല്ലാ ദുരൂഹതകളും വെളിവായിരിക്കുന്നു. ഇനി മിയയെ വിളിച്ച് സമയം നിശ്ചയിച്ചോളൂ. നാളെയോ മറ്റന്നാളോ അതിനപ്പുറം പോകാൻ എനിക്കാഗ്രഹമില്ല.”

“അതു വിളിച്ചു പറയാം. പിന്നെ എന്താണുണ്ടായത്? ദയവായി എന്നോടു പറയൂ. എനിക്കറിയാം മിയയെ പോലെ ഒരു പാവമാണ് അവളുടെ അപ്പൻ. എല്ലാവരും ചേർന്ന് അയാളെ കുടുക്കി അല്ലേ? അതല്ലേ സത്യം?“

“നീ ധൃതിവയ്ക്കാതിരിക്കൂ ഞാൻ പറയാം. കേൾക്കൂ. നിനക്ക് ഞാൻ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും വിയോജിപ്പ് തോന്നുന്നെങ്കിൽ എന്നോട് തുറന്നു പറയണം. എനിക്ക് ദേഷ്യം വന്നെങ്കിലോ എന്ന് കരുതി പറയാതിരിക്കരുത്. നീ ചോദ്യങ്ങൾ ചോദിക്കുന്നതാണ് എനിക്കിഷ്ടം നീയെത്ര പ്രകോപിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചാലും എനിക്ക് ദേഷ്യം വരില്ല. എങ്കിൽ ഞാൻ തുടങ്ങട്ടെ?“

അവൾ തലയാട്ടിക്കൊണ്ട് ബെഡിൽ പോയിരുന്നു. ഞാൻ എഴുന്നേറ്റ് ജനാലകൾ തുറന്നിട്ടു നേരിയ തണുപ്പുള്ള ഇളങ്കാറ്റ് മുറിക്കുള്ളിൽ പടർന്നു കയറി.

और कहानियां पढ़ने के लिए क्लिक करें...