കറ്റാർവാഴ, കയ്യൂന്നി, ബ്രഹ്മി, നെല്ലിക്ക, നീലയമരി തുടങ്ങി പതിനാലിനം പച്ചമരുന്നുകൾ ചേർത്ത് തേങ്ങാപ്പാലിൽ തയ്യാറാക്കുന്നതാണ് ഈ ഹെയർ ഓയിൽ. തിരുവനന്തപുരത്ത് ശ്രീകൃഷ്ണ ഫാർമസിയിലാണ് നന്തികേശത്തിന്റെ നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്.
നന്തികേശം എന്ന ബ്രാൻഡിൽ എന്തൊക്കെ പ്രൊഡക്ടുകൾ?
ഹെയർ കെയർ പ്രോഡക്ടുകളാണ് പ്രധാനമായും നന്തികേശം എന്ന ബ്രാൻഡിൽ വിപണിയിലുള്ളത്. താരൻ, മുടികൊഴിച്ചിൽ, ഉറക്കക്കുറവ് എന്നിവയ്ക്ക് പരിഹാരമായി നന്തികേശം ഹെർബൽ ഹെയർ കെയർ ഓയിലും, അകാലനരയ്ക്കും, മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും, വളർച്ച ത്വരിതപ്പെടുത്തുന്നതിനും നന്തികേശം ഇൻഡിഗോ ഹെയർ ഓയിലും ഉപയോഗിച്ചു വരുന്നു. ആയുർവേദ ഷാംപൂ, നീം ഫേസ്വാഷ് എന്നിവയും ലഭ്യമാണ്.
ഹെയർ സൊല്യൂഷൻ ഉത്പന്നങ്ങൾ തുടങ്ങാനുള്ള പ്രേരണ
ചെറുപ്പത്തിൽ നന്നേ നീളവും നല്ല ഉൾക്കനവും ഉള്ള മുടിയായിരുന്നു എനിയ്ക്ക്. നീളം കുറഞ്ഞ ചെറിയ മുടിയായിരുന്നു എനിയ്ക്ക് ഇഷ്ടമെങ്കിലും പെൺകുട്ടികളായാൽ നീളൻ മുടിയാണ് വേണ്ടതെന്ന അമ്മയുടെ നിർബന്ധവും പരിചരണവുമായിരുന്നു കൂട്ടുകാർ പോലും അദ്ഭുതത്തോടെ നോക്കിയിരുന്ന എന്റെ മുടിയുടെ രഹസ്യം. അതിനായി കയ്യുണ്ണിയും കറിവേപ്പിലയുമൊക്കെ ചേർത്ത് വീട്ടിലുണ്ടാക്കിയ ഒരു കാച്ചെണ്ണയായിരുന്നു സ്ഥിരമായി ഉപയോഗിച്ചു വന്നിരുന്നത്. വർഷങ്ങൾ പോകവേ അതുണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം വിപണിയിൽ കിട്ടുന്ന പരസ്യത്തിൽ കാണുന്ന പലതരം ഹെയർ ഓയിലുകൾ ഉപയോഗിച്ചു വരികയായിരുന്നു. മകൾ ഗായത്രിയ്ക്കുണ്ടായ മുടികൊഴിച്ചിലും തലയിൽ നിന്നും കയ്യെടുക്കാൻ ആകാത്ത വിധം എനിക്കുണ്ടായ താരന്റെ ശല്യവുമായിരുന്നു മുടിയിലേയ്ക്ക് ശ്രദ്ധ കൊണ്ടുവരാനുള്ള കാരണമായിത്തീർന്നത്. അറിയാവുന്ന രീതിയിൽ ആദ്യം കാച്ചെണ്ണ ഉണ്ടാക്കി മുടി കൊഴിച്ചിൽ നിന്നെങ്കിലും താരന് പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടായില്ല. വീണ്ടും പരീക്ഷണം തുടർന്നു. ചില പ്രത്യേക അങ്ങാടി മരുന്നുകൾ ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തപ്പോൾ താരൻ മാറി. എന്നാൽ നീരിറക്കവും തൊണ്ട വേദനയും വില്ലനായി. അതുമാറാനുള്ള പൊടി കൈകൾ അമ്മയിൽ നിന്നും കൂടി കിട്ടിയതോടെ നന്തികേശം മുടിയുടെ എല്ലാ പ്രശനത്തിനുമുള്ള ഒരു പരിഹാരമായി മാറി.
ധാരാളം ആയുർവേദ ഹെയർ പ്രൊഡക്ടുകൾ ഇപ്പോൾ വിപണിയിലുണ്ട്. അവയിൽ നിന്നും വ്യത്യസ്തമായി ഈ ഓയിലിന്റെ പ്രത്യേകത എന്താണ്?
താരൻ, മുടികൊഴിച്ചിൽ, ഉറക്കക്കുറവ്, ചെമ്പൻ മുടി തുടങ്ങിയവ മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കിടയിൽ വളരെ വേഗം റിസൾട്ട് കിട്ടുന്ന ഏറെ ഗുണപ്രദമായ ഒരു ഔഷധമായി മാറുകയായിരുന്നു നന്തികേശം. ജീവിതശൈലി രോഗങ്ങളിൽ മുടികൊഴിച്ചിലിന് ഒരു പ്രധാന പങ്കുണ്ട്. മുടിയ്ക്കുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം എന്ന നിലയിൽ നന്തികേശം ഉപയോഗിക്കുന്നവരാണ് അധികവും.
ഔഷധങ്ങൾ എവിടെ നിന്നാണ് ശേഖരിക്കുന്നത്?
പച്ചമരുന്നുകളും മറ്റും സ്ഥിരമായി എത്തിച്ചുതരുന്ന ഉൾപ്രദേശത്ത് ജീവിക്കുന്ന തികച്ചും സാധാരണക്കാരായ ചിലരുണ്ട്. കറ്റാർ വാഴയും മറ്റും പ്രാദേശികമായി കൃഷി ചെയ്യുന്നവരിൽ നിന്നുമാണ് ശേഖരിക്കുന്നത്. തേങ്ങാപ്പാലിൽ പച്ചമരുന്ന് നീരെടുത്ത് ചേർത്ത് വിറകടുപ്പിൽ മൂന്നു ദിവസമിട്ട് പാകമാക്കിയെടുക്കുന്നതാണ് നിർമ്മാണ രീതി.
ഇത് ആർക്കൊക്കെ ഉപയോഗിക്കാം? ഉപയോഗക്രമം എങ്ങനെ?
ഒരു വയസു മുതൽ ഉള്ള കുട്ടികൾ മുതൽ 85 വയസ്സ് വരെ പ്രായമുള്ളവർ വരെ നന്തികേശം ഉപയോഗിക്കുന്നുണ്ട്. തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം. രാത്രി മസാജ് ചെയ്ത് രാവിലെ കഴുകുന്നവർക്ക് കൂടുതൽ റിസൾട്ടുള്ളതായി പറയുന്നുണ്ട്. രാത്രിയിലെ ഉപയോഗം സുഖകരമായ ഉറക്കം നല്കുന്നതായും ഗുണഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. നല്ല ഉറക്കം ലഭിക്കുന്നതിലൂടെ മൈഗ്രയിൻ, സൈനസൈറ്റിസ് മാറിയ ഒട്ടനവധി ഉപഭോക്താക്കളും നന്തികേശത്തിന് സ്വന്തമായുണ്ട്.
ഈ പ്രൊഡക്ടുകൾ കസ്റ്റമർക്ക് എങ്ങനെ ലഭ്യമാക്കും?
ആമസോണിലൂടെയും കൊറിയറിലൂടെയുമാണ് നിലവിൽ നന്തികേശം കസ്റ്റമർക്ക് ലഭ്യമാകുന്നത്. വാട്സാപ്പിൽ നല്കുന്ന അഡ്രസ്സിൽ കൊറിയറിലൂടെയാണ് കസ്റ്റമറിലേക്ക് എത്തിക്കുന്നത്. ഫേസ്ബുക്കിൽ പോസ്റ്റിട്ടും, കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇന്ത്യയിലെല്ലായിടത്തും കൊറിയറിലൂടെയാണ് നന്തികേശം വിപണനം ചെയ്യുന്നത്. ഗൾഫ് മേഖലയിൽ വളരെയധികം ഉപഭോക്താക്കളുണ്ട്. നാട്ടിൽ നിന്നു പോകുന്നവരുടെ കൈയ്യിൽ ഏല്പിച്ചാണ് അവരിലേക്ക് പ്രോഡക്ട് എത്തിക്കുന്നത്. പരസ്യങ്ങളൊന്നും തന്നെയില്ലാതെ ഉപഭോക്താക്കൾ വാമൊഴിയിലൂടെ പകർന്നാണ് നന്തികേശത്തിന്റെ വിപണി വർദ്ധിച്ചു വരുന്നത്. ഓയിൽ ഉപയോഗത്തിലൂടെ അവർക്ക് കിട്ടിയ ഗുണഫലങ്ങൾ അവരുടെ പൂർണ്ണസമ്മതത്തിലൂടെ നന്തികേശം എന്ന പേരിൽ ഒരു ഫോസ്ബുക്ക് പേജ് തുടങ്ങി അതിലൂടെ ഈ സ്ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്താണ് പുതിയ കസ്റ്റമേഴ്സ് ഞങ്ങളിലേക്കെത്തുന്നത്. നിർമ്മാണത്തിന്റെ ഘട്ടങ്ങളോരോന്നും തന്നെ വീഡിയോകളിലൂടെയും പോസ്റ്റുകളായും നന്തികേശം പേജിൽ കാണാൻ കഴിയും.
കുടുംബത്തിന്റെ പിന്തുണ
മക്കൾ വിശാഖും ഗായത്രിയും തന്നെയാണ് അന്നുമിന്നും ഏറ്റവും വലിയ പിന്തുണയുമായി ഒപ്പം നില്ക്കുന്നത്. ബിസിനസിലും ജീവിതത്തിലും ഉണ്ടായ ഓരോ പ്രതിസന്ധികളിലും മക്കൾ നല്കിയ താങ്ങ് വളരെ വലുതായിരുന്നു.
പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരോട് പറയാൻ ആഗ്രഹിക്കുന്നത്?
സംരംഭം എന്തു തന്നെയായാലും പണം മാത്രമാകരുത് ലക്ഷ്യം. ജീവിതത്തിൽ മായം കലർത്താതിരിക്കുക. പ്രവൃത്തിയിലും. വിജയം പിന്നാലെ വന്നോളും. കഴിഞ്ഞ ഏഴു വർഷമായി ചെറുതും വലുതുമായ എല്ലാത്തരം ഹെയർ ഓയിലുകൾക്കിടയിലും ഇന്നും നന്തികേശം തലയുയർത്തി നില്ക്കുന്നതിന്റെ പിന്നിൽ കഠിനാധ്വാനവും, ഉപഭോക്താക്കളിലുള്ള വിശ്വാസവും മാത്രം. നൂറു ശതമാനം ആത്മാർത്ഥതയോടെ ചെയ്യുന്ന ഏതു പ്രവർത്തനവും വിജയം കണ്ടെത്തും എന്നതിന്റെ നേർക്കാഴ്ചയാണ് നന്തികേശത്തിന്റെ വിജയം.
സംരംഭക എന്നതിനപ്പുറം ശ്രീവിദ്യ എന്ന വ്യക്തിയെ കുറിച്ചു എന്താണ് പറയാനുള്ളത്.
എടുത്തു പറയാനായി സുഹൃത്തുക്കളില്ലാത്ത വ്യക്തി. വർഷങ്ങൾ അനുഭവിച്ച നിരന്തരമായ ഭയത്തിൽ നിന്നുയിർക്കൊണ്ട നിർഭയത്വമാണ് കൈമുതൽ. ഇഷ്ടമില്ലാത്തത് എന്തുതന്നെയായാലും ആരോടായാലും വെട്ടിത്തുറന്നു പറയാനുള്ള ആർജ്ജവം. ബിസിനസുകാരിയായി അറിയപ്പെടാനാഗ്രഹം.