“ആ ദിവസം ഇന്നലെക്കഴിഞ്ഞ പോലെ ഞാനോർക്കുന്നു. കറുത്ത കാറും ക്ഷീണിതയായ കഴുത്തിൽ ചുവന്നു തടിച്ച പാടുള്ള ഒരു പെൺകുട്ടിയും. ആ ദിവസത്തെ തീയതി കൃത്യമായി ഞാൻ ഓർക്കുന്നില്ല. അന്ന് ഡ്യൂട്ടി ഞാനല്ലായിരുന്നു. നൈറ്റ് ഡ്യൂട്ടിക്ക് ഞാൻ പോകാറില്ല. രാത്രീല് ഭാര്യേം മക്കളേം തനിച്ചാക്കി വന്നാ സമാധാനം കിട്ടില്ല. അന്ന് രാത്രി ഡ്യൂട്ടിക്കു വരേണ്ടത് ജോസപ്പേട്ടൻ. ഭാര്യയ്ക്ക് വലിവ് കൂടുതലാണെന്ന് പറഞ്ഞ് എന്നെ വിളിച്ച് ഒന്നഡ്ജസ്റ്റു ചെയ്യണമെന്ന് പറഞ്ഞു. അന്നേരം ഡ്യൂട്ടി മാറി വീട്ടിൽ പോകാൻ ഒരുങ്ങി ജോസപ്പേട്ടനേയും നോക്കിയിരിക്കുകയായിരുന്നു ഞാൻ. ശരിയെന്നു പറഞ്ഞ് ഞാൻ ഡ്യൂട്ടിയിൽ കയറി.
ഏകദേശം പത്തു പത്തര പതിനൊന്ന് മണിയായിക്കാണും. ഒരു കറുത്ത കാറ് ഗേറ്റിൽ വന്നു നിന്നു. ഞാൻ ചെന്ന് നോക്കിയപ്പോൾ ആ കൊച്ചാണ് വണ്ടിയിൽ. വല്ലാത്ത ക്ഷീണം ആ മുഖത്ത്. കഴുത്തിൽ ആരോ പിടിച്ച് ഞെരിച്ച പോലെ ചുവന്നു തടിച്ചിരിക്കുന്നത് വ്യക്തമായി ഞാൻ കണ്ടു. ആ കുട്ടി കുഴഞ്ഞു വീണു പോകുമോ എന്നു വരെ ഞാൻ ഭയന്നു. അത്രക്കു ക്ഷീണം ആ മുഖത്ത്. ആവശ്യമില്ലാത്തത് ഞാൻ എന്തിന് അന്വോഷിക്കണം? അവനവന് പറഞ്ഞിട്ടുള്ള പണി ചെയ്യുക. സമാധാനത്തോടെ വീട്ടീപോകുക. അതാണെന്‍റെ നടപ്പു പോളിസി.
വെഹിക്കിൾ എൻട്രി രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത ശേഷം ഞാൻ ഉള്ളിൽ പോകാൻ അനുവദിച്ചു. കുറച്ചു കഴിഞ്ഞ് കാർ തിരികെ പോകുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഡ്യൂട്ടി ജോസപ്പേട്ടന് കൈമാറി പോകാൻ നിൽക്കുമ്പോഴാണ് ആ പെൺകുട്ടി ആത്മഹത്യ ചെയ്ത വിവരം അറിയുന്നത്. ഞാൻ കാണാനൊന്നും പോയില്ല. വേണ്ടാത്ത കാര്യത്തിൽ എടപെടുന്നത് എന്നേ നിർത്തി. അതോണ്ട് ജോസപ്പേട്ടനോട് വിവരം പറഞ്ഞു ഡ്യൂട്ടി കൈമാറി വേഗം വീടുപറ്റി.” ഇത് പോരെ എന്ന മട്ടിൽ വർക്കിച്ചേട്ടൻ പറഞ്ഞുനിർത്തി.
“ആ കാർ ഓടിച്ചിരുന്നയാളെ അറിയുമോ?”
“ഇരുട്ടത്ത് അയാളെ നേരെ കണ്ടില്ല. പുറകിലെ സീറ്റിൽ ഇരുന്നിരുന്ന പെൺകുട്ടിയെ മൊബൈലിന്‍റെ വെളിച്ചത്തിൽ മുഖം കാണാൻ പറ്റി. ആ കുട്ടിയെ മാത്രമേ ശ്രദ്ധിച്ചുള്ളു ആ കാർ ഇടക്ക് വന്നു പോകൽ പതിവുണ്ട് . ആരുടെതെന്ന് അറിയില്ല.”
“രജിസ്റ്ററിൽ എന്തെല്ലാമാണ് എഴുതുക?”
“വണ്ടീടെ നമ്പർ ഇൻ ടൈം , ഔട്ട് ടൈം. ചിലപ്പോൾ മൊബൈൽ നമ്പർ.”
“ആ കാർ തിരിച്ചുപോകാൻ എത്ര സമയം എടുത്തു?”
“ഇങ്ങനെ ഒക്കെ ചോദിച്ചാൽ കുഴഞ്ഞുപോകത്തെ ഉള്ളു. രജിസ്റ്റർ നോക്കിയേ അത് പറയാൻ പറ്റൂ.”
“അതുമതി കാർ നമ്പറും, കാർ ഔട്ട് ആയ സമയവും. പിന്നെ മൊബൈൽ നമ്പർ എഴുതിയിട്ടുണ്ടെങ്കിൽ അതും. രജിസ്റ്ററിലെ ആ ഭാഗം ഫോട്ടോയെടുത്ത് അയച്ചു തരണം കേട്ടോ?”
തലയാട്ടിക്കൊണ്ട് സമ്മതം മൂളി. ആഹാരം ആസ്വദിച്ചു കഴിച്ചു തീർത്ത ശേഷം വർക്കിച്ചേട്ടൻ എഴുന്നേറ്റു.
പുറത്ത് നേരിയ ചുകന്ന വെയില്. സന്ധ്യയാകാൻ വെമ്പുന്ന പ്രകൃതി കൂടുവിട്ട് പോയിരുന്ന ജീവബിന്ദുക്കളെല്ലാം തിരികെ കൂടണയാൻ തിടുക്കപ്പെട്ടു പോകുന്നനേരം. സർവ്വേശ്വരൻ അനുഗ്രഹിച്ചു നല്കിയ വലിയ ദിനത്തിന്‍റെ അവസാന ഘട്ടം.
ബൈക്കിൽ അരമണിക്കൂർ കൊണ്ട് വർക്കിച്ചേട്ടന്‍റെ വീടെത്തി. ഒരു ചായ കുടിക്കാൻ ഒരു പാട് നിർബന്ധിച്ചെങ്കിലും സമയമേറെ വൈകി ഇനി മറ്റൊരവസരമാകാമെന്നു പറഞ്ഞു. ഫോൺ നമ്പർ വാങ്ങി സേവ് ചെയ്തു.
ആരാധന ഹോട്ടലിന്‍റെ മുതലാളിയും സിനിമാ നിർമ്മാതാവുമായ ആ മനുഷ്യ സ്നേഹിയുടെ പേര് ചോദിച്ചു. ഈപ്പൻ വർഗ്ഗീസ് എന്നാണ് അയാളുടെ പേര്. വിളറി വെളുത്ത നിലയിൽ ദത്തൻ സാർ കണ്ടെന്നു പറഞ്ഞ നിർമ്മാതാവ്. ഇയാളെക്കുറിച്ചു തന്നെയാണ് അന്വേഷിക്കാൻ തോമാച്ചനെ ഏൽപ്പിച്ചത്. അങ്ങനെ എന്‍റെ കൂടണയാനുള്ള നേരവും ആഗതമായിരിക്കുന്നു കൂടണയാൻ വെമ്പുന്ന അസംഖ്യം ജീവബിന്ദുക്കളിലൊരാളായി ഈ ഞാനും.
തോമാച്ചന്‍റെ റിപ്പോർട്ടിനായി കാത്തിരുന്ന് രണ്ടു ദിവസം കഴിഞ്ഞു. ആകെ ഒരു പുരോഗതി വർക്കിച്ചേട്ടൻ അയച്ചു തന്ന മെസേജാണ്. കാറിന്‍റെ നമ്പറുണ്ട്. അതു കിട്ടിയതും അതാരുടെ പേരിലെന്ന് ലാപ്ടോപ്പ് ഓൺ ചെയ്ത് പരിശോധിച്ചു. സംശയമില്ല. കാർ ഞാൻ കരുതിയിരുന്ന വ്യക്തിയുടേതുതന്നെ!
പിന്നെ വെഹിക്കിൾ രജിസ്റ്ററിന്‍റെ ഫോട്ടോയും. കാറിന്‍റെ ഔട്ട് ടൈമിൽ കണ്ട ചില വെട്ടി തിരുത്തലുകൾ എന്നിൽ സംശയത്തിന്‍റെ മുൾമുനയുയർത്തി. ഉടനെ വർക്കിച്ചേട്ടനോട് വിളിച്ചാരാഞ്ഞെങ്കിലും അതെക്കുറിച്ച് യാതൊരു പിടിപാടുമില്ലെന്നായിരുന്നു മറുപടി. പോലീസ് അതൊന്നും പരിശോധിച്ചില്ലെന്നു അയാൾ ഉറപ്പിച്ചു പറഞ്ഞു. അതോടെ ആ സംഭവം മനസ്സിൽ നിന്നും വിട്ടു.
അങ്ങനെ രണ്ടു ദിവസത്തിനുള്ളിൽ യുക്തമായ തെളിവോടെ ചന്ദ്രേട്ടന്‍റെ പ്രശ്നത്തിന്‍റെ കാരണങ്ങളെല്ലാം കണ്ടു പിടിച്ചു. മനസ്സിൽ വല്ലാത്ത വേദന തോന്നിയെങ്കിലും വിഷയം അയാൾക്കു മുന്നിൽ അവതരിപ്പിക്കുക തന്നെ വേണമല്ലോ. മിക്കവാറും മനസ്സു തകർക്കുന്ന കേസുകളാണ് എനിക്കു മുന്നിൽ വരുന്നത്.
ഇടയ്ക്കെപ്പോഴോ ചന്ദ്രേട്ടൻ വിളിച്ചു. വിവരങ്ങൾ അന്വേഷിച്ചു. സൗകര്യമുള്ളപ്പോൾ ഒന്നിവിടം വരെ വരാനാവശ്യപ്പെട്ടു. അത് പറഞ്ഞു അര മണിക്കൂറിനകം അയാളെത്തി. എനിക്കഭിമുഖമായി ഇരുന്നു. പരിക്ഷീണനായ അയാളുടെ മുഖത്തു നിന്നും വിയർപ്പു ചാലുകൾ ഒഴുകി പടർന്നിരുന്നു. മുൻപും പിൻപും നോക്കാതെ അവിവേകത്തിനു മുതിരരുതെന്ന നിർദേശത്തോടെ വളച്ചുകെട്ടില്ലാതെ ഞാൻ വിവരങ്ങൾ പറഞ്ഞു തുടങ്ങി.
വീട്ടിലെ ഏകാന്തമായ അന്തരീക്ഷത്തിൽ നിന്നുള്ള ഒരു മോചനമായാണ് നിങ്ങളുടെ ഭാര്യ തുണിക്കടയിൽ ജോലിയ്ക്കു പോയിത്തുടങ്ങിയത്. അവിടെ വച്ച് അവർ ഒരാളെ പരിചയപ്പെട്ടു, പിന്നീട് അടുപ്പത്തിലായി. ആദ്യം ഒരു തമാശക്കാണ് തുടങ്ങിയ ഇന്നാ ബന്ധം വളരെയേറെ മുന്നോട്ടു പോയിരിക്കുന്നു. നിങ്ങളോടുള്ള നിങ്ങളുടെ മക്കളോടുള്ള ആത്മബന്ധത്തേക്കാൾ ഏറെ ദൃഢമാണ് ഇന്ന് അവർക്ക് ആ ബന്ധം.
അവരുടെ മനസ്സ് നിങ്ങളിൽ നിന്ന് ഏറെ അകന്നിരിക്കുന്നു. ഇനി ഒരിക്കലും അടുക്കാനാവാത്ത വിധം. ഇനി അവരെ ഒപ്പം നിർത്താൻ നിങ്ങൾ എന്തൊക്കെ മാർഗ്ഗങ്ങൾ പരീക്ഷിച്ചാലും അതു നിഷ്ഫലമാണ്. അതിന്‍റേതായ കാലഘട്ടവും പരിധിയും ഏറെ കഴിഞ്ഞു പോയിരിക്കുന്നു. മാത്രമല്ല അതിന് മുതിരുന്നത് നിങ്ങൾക്ക് ഏറെ അപകടകരവുമാണ്. അധികം താമസിയാതെ നിങ്ങളുടെ ഭാര്യയുടെ രജിസ്റ്റർ വിവാഹം ഉണ്ടാകും. എല്ലാം തന്നെ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു.
ഒരക്ഷരം മിണ്ടാതെ മുഖത്ത് തുറിച്ചു നോക്കിയിരിക്കുന്ന ചന്ദ്രേട്ടനെ കണ്ടപ്പോൾ തെല്ലു ഭയം തോന്നി. എടുത്തടിച്ച പോലെ ഇങ്ങനെ പറയേണ്ടതില്ലായിരുന്നു. അപ്രിയങ്ങളായ സത്യങ്ങൾ പറയുമ്പോൾ ഒരുപാട് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനസ്സു വിഷമിച്ചു വരുന്ന ആളുകളാണ്. എന്തായാലും പറയേണ്ടത് പറഞ്ഞു കഴിഞ്ഞു. ഇനി എന്തു പറഞ്ഞാണ് അയാളെ സമാധാനിപ്പിക്കേണ്ടത് എന്നറിയാതെ കുഴങ്ങുമ്പോൾ ചന്ദ്രേട്ടൻ ദൃഢസ്വരത്തിൽ പറഞ്ഞു.
“എനിക്കു സങ്കടമില്ല സാർ. എന്നെ ആവശ്യമില്ലാത്തവരെ എനിക്കും വേണ്ട. ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട്. ചെയ്യാത്ത ജോലികളില്ല. മീൻ പിടിക്കാൻ ആഴക്കടലിൽ പോയി ആഴ്ചകളോളം ചത്തു ജീവിച്ചിട്ടുണ്ട്. അതെല്ലാം അനുഭവിച്ചത് എനിക്കു വേണ്ടിയല്ല. ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ എന്‍റെ കുടുംബത്തിന് വരാതിരിക്കാൻ വേണ്ടി. എനിക്ക് തെറ്റുപറ്റി. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഞാൻ പലതും മറന്നു. മനസ്സിലെ സ്നേഹവും പരിഗണനയും പലപ്പോഴും പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. മീൻകാരൻ ചന്ദ്രന്‍റെ മക്കൾ രണ്ടു പേരും ഫോറിനിൽ കമ്പ്യൂട്ടർ എഞ്ചിനീയർമാരാ… എന്‍റെ കഷ്ടപ്പാടിന്‍റെ ഫലാ അത്. ഒരു വാക്കു കൊണ്ടു പോലും ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല.”
അതുവരെ അടക്കിപ്പിടിച്ച വിങ്ങൽ കണ്ണീരായി ചന്ദ്രേട്ടന്‍റെ കവിളിലൂടെ ഇറ്റു വീണു. ഇയാളോട് എന്താണ് പറയേണ്ടതെന്ന് അറിയാതെ ഞാൻ കുഴങ്ങി. ഒടുവിൽ നടപ്പു സാഹചര്യം മനസ്സിലാക്കി, പ്രായോഗികമായി ചേയ്യേണ്ടതിനെക്കുറിച്ച് സംസാരിക്കാമെന്ന് വിചാരിച്ചു.
“താങ്കൾ വിയർപ്പൊഴുക്കി സമ്പാദിച്ച…“
“പറഞ്ഞു മുഴുവനാക്കും മുൻപ് ചന്ദ്രേട്ടൻ പറഞ്ഞു.
“അറിയാം സാർ എനിക്കൊന്നും വേണ്ട സാർ. പങ്കായം പിടിച്ച് തഴമ്പിച്ച കയ്യാ. നിക്ക് ഇനി ജീവിക്കാൻ ഇതന്നെ ധാരാളം. എല്ലാം അവൾ കൊണ്ടു പൊയ്ക്കോട്ടെ. പോയി സുഖമായി ജീവിക്കട്ടെ.”
ചന്ദ്രേട്ടൻ എഴുന്നേറ്റു. ആശ്വാസവാക്കുകൾ കൊണ്ടൊന്നും ആ മനസ്സിന്‍റെ തീ ശമിപ്പിക്കാൻ കഴിയില്ലെന്ന് തോന്നി. തല കുനിച്ച് അയാൾ നിൽപ്പുറക്കാത്ത ഒരാളെ പോലെ ഇടറിക്കൊണ്ട് നടന്നകലുന്നത് പ്രയാസത്തോടെ നോക്കി നിന്നു. കുടുംബത്തിന് ഭൗതിക സുഖസാഹചര്യങ്ങൾ ഒരുക്കാനുള്ള തത്രപ്പാടിൽ, എല്ലാം മറന്നുള്ള നെട്ടോട്ടത്തിൽ തനിക്കു നഷ്ടപ്പെടുന്നതെന്തെന്ന് തിരിച്ചറിയാൻ വൈകിയ നിസ്സഹായനായ ഒരു മനുഷ്യൻ. ഒരു മനുഷ്യായുസ്സു മുഴുവൻ കുടുംബത്തിനായി ജീവിച്ചു. ഒടുവിൽ കാലം അയാൾക്കായി കാത്തു വച്ചതോ?
കനം തൂങ്ങിയ മനസ്സുമായി അങ്ങനെ ഇരിക്കുമ്പോഴാണ് തോമാച്ചൻ കാണാനാഗ്രഹിക്കുന്നതായുള്ള സന്ദേശം ലഭിച്ചത് . തുണിക്കടയിലെ കഥാനായകൻ തോമാച്ചന്‍റെ ഒരകന്ന ബന്ധുവാണ്. അതുമായി ബന്ധപ്പെട്ട വിഷയമാണെന്നാണ് കരുതിയത്. സംഭവം അതല്ല. ഒരു പാട് അലച്ചിനിടയിൽ ഞാൻ ആവശ്യപ്പെട്ട വ്യക്തികളുടെ വിവരങ്ങൾ ലഭിച്ചതായി പറഞ്ഞു. അതിനായി അല്പം പണവും ചെലവായതായി പറഞ്ഞു. അപ്പോഴാണോർത്തത് എന്‍റെ സേവന വ്യവസ്ഥകൾ ദത്തൻ സാറിന് മെയിൽ ചെയ്തിട്ടില്ലെന്ന കാര്യം. അതുടനെ ചെയ്ത ശേഷം മറുപടിക്കായി അല്പനേരം കാത്തു. മറുപടിയില്ല. തിരക്കായിരിക്കാം എന്നാശ്വസിച്ച് വൈകീട്ടോടെ തോമാച്ചനോട് വിവരങ്ങൾ തരാൻ വരാനാവശ്യപ്പെട്ട് കസേരയിൽ ചാഞ്ഞുകിടന്നു. പെയ്തു പോയ ചാറൽ മഴ അവശേഷിച്ചു പോയ ഇളം തണുപ്പുണ്ട്. കണ്ണടഞ്ഞു പോകുന്നു. ഇത്തരം ചെറുമയക്കങ്ങൾ നല്കുന്ന ഉന്മേഷം ചെറുതല്ല.
തോമ്മാച്ചൻ കുലുക്കിയുണർത്തിയപ്പോഴാണ് കണ്ണു തുറന്നത്.
“എന്തൊരു ഉറക്കമാ ഇങ്ങനെ വാതിലൊക്കെ തുറന്നിട്ട് ഉറങ്ങിയാൽ ആളെ എടുത്തു കൊണ്ടു പോയാലും അറിയില്ലല്ലോ?”
തോമാച്ചനെ ഞാൻ ആകെയൊന്ന് ഉഴിഞ്ഞു നോക്കി. തോമാച്ചന് പ്രകടമായ മാറ്റം. ക്ലീൻ ഷേവ് ചെയ്ത് ഹിന്ദി നടൻമാരെപ്പോലെ മിനുക്കി കോതി വച്ച മുടി. ഒരു കാതിൽ ചുകന്ന കമ്മൽ. വെളുത്ത വട്ടക്കഴുത്തുള്ള ടീ ഷർട്ടും നീല ജീൻസും. കൈയ്യിൽ ചിത്രപ്പണികളുള്ള ചെമ്പുവള. തോമാച്ചന് വന്ന മാറ്റത്തിൽ അതിയായ സന്തോഷം തോന്നി. തോമ്മാച്ചനോട് ഇരിക്കാൻ പറഞ്ഞ് താഴെ പോയി മുഖം കഴുകി ചായക്കും ബർഗറിനും ഓർഡർ കൊടുത്ത് ആകാംക്ഷയോടെ തോമാച്ചനടുത്തെത്തി.
തോമാച്ചൻ അപ്പോൾ ബാൽക്കണിയിൽ നിന്ന് ഒരു സെൽഫിക്കു പോസു ചെയ്യുകയായിരുന്നു. എന്നെക്കണ്ടതും കാര്യഗൗരവം വീണ്ടെടുത്ത് സോഫയിൽ വന്നിരുന്നു. വിവരങ്ങൾ കിട്ടുന്നതിന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെപ്പറ്റി പറഞ്ഞു.
ഒരു പാട് സിനിമാ സെറ്റുകളുടെ ഭാഗമായി മാറിയത് തന്‍റെ സമയത്തെ നല്ല രീതിയിൽ ബാധിച്ചുപോലും. എന്‍റെ ക്ഷമ നശിച്ചു. ഈയവസരത്തിൽ മഹാനടനെ പിണക്കാനും വയ്യ. ക്ഷമയോടെ എല്ലാം കേട്ടിരുന്നു. തുടർന്ന് തോമാച്ചൻ ചുരുങ്ങിയ സമയത്തിനുള്ളിൽ ആർജ്ജിച്ച വിവരങ്ങളുടെ കെട്ടഴിച്ചു.
“ദത്തൻ സാർ. ഒരു മലയോര ഗ്രാമത്തിലാണ് വീട്. സ്വന്തം കഴിവും അധ്വാനവും ഒന്നുകൊണ്ടു മാത്രം മലയാള സംവിധാന രംഗത്ത് തന്‍റേതായ ഇടം നേടിയ വ്യക്തി. കഴിവുള്ള പുതിയ ആളുകളെ സിനിമയിലേക്ക് കൊണ്ടുവരാൻ ഏറെ താത്പര്യം കാണിക്കുന സംവിധായകൻ. അതിന്‍റെ പേരിൽ നിർമ്മാതാവുമായി ഉടക്കാൻ മടിയുമില്ലാത്തയാളാണ്.
സെറ്റിൽ എല്ലാവരോടും വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകുന്നയാൾ. തന്നോടൊപ്പം ജോലി ചെയ്യുന്നവർക്കെല്ലാം ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നയാൾ. എല്ലാത്തിനുപരി പടത്തിനു പണം മുടക്കുന്നയാൾക്ക് മിനിമം മുടക്കു മുതൽ ലഭിക്കണമെന്ന് ദൃഢനിശ്ചയം ഉള്ളയാൾ. ഇതെല്ലാമാണ് ദത്തൻ സാർ.” തോമ്മാച്ചൻ പറഞ്ഞു നിർത്തി.
പോർച്ചുഗീസ് കഫെയിൽ നിന്നും വരുത്തിയ ബർഗർ ഒന്നു കടിച്ച് ഒരു തുടം ചായ കുടിച്ച് തോമാച്ചൻ തുടർന്നു.
“ഇതെല്ലാം സെറ്റിലുള്ളവർക്കെല്ലാം അറിയാവുന്ന കാര്യങ്ങൾ. ഇനി പറയാൻ പോകുന്നത് എല്ലാവർക്കും അറിയാത്ത കാര്യങ്ങൾ.”
ഞാൻ പൊടുന്നനെ ജാഗരൂഢനായി.
”ദത്തൻ സാറിന്‍റെ മനസ്സു മുഴുവൻ സിനിമയാണ്. അതുമാത്രമായിരുന്നു ദത്തൻ സാറിന്‍റെ ആത്യന്തിക ലക്ഷ്യവും. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്നതാണ് അയാളുടെ ആപ്തവാക്യം. സിനിമയിലേക്കുള്ള പ്രവേശനം നേടി ഷൂട്ടിംഗ് ലൊക്കേഷനുകളും താരങ്ങളെയും നിർമ്മാതാക്കളെയും തേടിയുള്ള അലച്ചിലിനിടയിൽ, പ്രശസ്തനായ നിർമ്മാതാവിന്‍റെ മകൾ എന്നറിഞ്ഞു കൊണ്ടു തന്നെയാണ് ആന്‍റണി ഐസക്കിന്‍റെ ഒരേ ഒരു മകൾ തെരേസ ആന്‍റണിയെ പരിചയപ്പെട്ടതും ആ പരിചയം പ്രണയത്തിലേക്കും വഴി മാറിയതും.
തുടർന്ന് ആ പ്രണയം ഏറെ താമസിയാതെ വിവാഹത്തിലുമെത്തി. ദത്തൻ സാറിന്‍റെ ആദ്യപടത്തിന്‍റെ നിർമ്മാതാവും ആന്‍റണി ഐസക്ക് ആയിരുന്നു. ആ പടത്തിന് വളരെ ചെറിയ മുതൽ മുടക്കേ വേണ്ടിവന്നുള്ളൂ. എന്നാൽ പടം വമ്പൻ വിജയമായി. വെറും അമ്പതു ലക്ഷത്തിനു ഫസ്റ്റ് കോപ്പി ആയ പടം തിയേറ്റർ കളക്ഷൻ നാലു കോടി നേടി. മറ്റു റൈറ്റ്സ് കൂടാതെ. അപൂർവ്വമായി കിട്ടിയ ആ അവസരം ദത്തൻ സാർ ഭംഗിയായി ഉപയോഗിച്ചു എന്ന് പറയുന്നതാവും ശരി.
പുതുമുഖങ്ങളെ വച്ച് ചെയ്ത ആ പടം മെഗാ വിജയമായത് സംവിധായകന്‍റെ മിടുക്കായി വിലയിരുത്തപ്പെട്ടു. അതോടെ ദത്തൻ സാറിന്‍റെ രാശി തെളിഞ്ഞു. പിന്നെ മറ്റു നിർമ്മാതാക്കൾ അഡ്വാൻസുമായി വീട്ടുപടിക്കൽ ക്യൂ നിൽക്കാൻ തുടങ്ങി. നടപ്പു താരങ്ങളുടെ ഡേറ്റ് ലഭിക്കുമായിരുന്നിട്ടും അടുത്ത പടത്തിലും പുതുമുഖങ്ങൾ തന്നെയായിരുന്ന പ്രധാന നടൻമാർ.
അദ്ദേഹത്തിന്‍റെ ഭാര്യ തെരേസാ സിനിമാ പാരമ്പര്യമുള്ള ഒരു മധ്യതിരുവിതാംകൂർ കുടുംബാംഗം. അച്ഛൻ സിനിമാരംഗത്ത് തഴക്കവും പഴക്കുമുള്ള ആന്‍റണി ഐസക്ക്. ഒരു സഹോദരനുണ്ട്. അയാൾ കാനഡയിൽ വളരെക്കാലമായി സെറ്റിൽഡ് ആണ്.
അച്ഛന്‍റെ സിനിമാക്കമ്പം അതുപോലെത്തന്നെ പാരമ്പര്യമായി മകൾക്കാണ് കിട്ടിയിരിക്കുന്നത്. അച്ഛന്‍റെ സിനിമാക്കമ്പമെന്നത് ഒരു കോടി മുടക്കി പത്തുകോടി സമ്പാദിക്കുക എന്നതു മാത്രമാണ്. എന്നാൽ മകളുടേത് അതല്ല. സാങ്കേതിക വിഭാഗം, കാസ്റ്റിംഗ്, കോസ്റ്റുംസ്, ലെക്കേഷൻ, കഥ തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ആ സ്ത്രീയുടെ ഇടപെടലുണ്ട്.
നല്ല നിർദേശങ്ങളെ ദത്തൻ സാർ പ്രോത്സാഹിപ്പിക്കാറുമുണ്ട്. ആ സ്ത്രീ പടത്തിന്‍റെ ആദ്യാവസാനം വരെ സെറ്റിലുണ്ടാവും. ദത്തൻ സാറിനും അക്കാര്യത്തിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
“ഇവരുടെ വിവാഹം കഴിഞ്ഞിട്ടെത്ര കാലമായി?”
“നാലഞ്ചു വർഷമായിക്കാണും. എന്നാൽ മക്കളില്ല.”
“ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദത്തൻ സാറിന്‍റെ പടത്തിന്‍റെ നിർമ്മാതാവും ആന്‍റണി ഐസക്ക് ആണോ?“
അല്ല. അത് ഈപ്പച്ചൻ മുതലാളി. ആന്‍റണിയുടെ വകയിലൊരു ബന്ധുവായിട്ടു വരും. വലിയ പുള്ളിയാണ്.
ഹോട്ടൽ ബിസിനസ്സ്, റിയൽ എസ്റ്റേറ്റ് അങ്ങനെ പല സംഭവങ്ങൾ പുള്ളിക്കുണ്ട്. പിടിപാടുകളുമുണ്ട്. പക്ഷേ ആളു കഞ്ഞിയാണ്. കഞ്ഞിയീപ്പൻ എന്നാണ് രഹസ്യമായി അറിയപ്പെടുന്നത്. ഒരു നൂറുരൂപ കളത്തിലിറക്കാൻ നൂറു തവണ ചിന്തിക്കും. അതാണ് ആ മഹാന്‍റെ പോളിസി. ദത്തൻ സാറിനോട് അയാളുടെ കളിയൊന്നും നടക്കില്ല . വരച്ച വരയിൽ നിർത്താൻ ദത്തൻ സാറിനറിയാം . രാമോജി ഫിലിം സിറ്റി ഈ കൊച്ചിയിൽ സൃഷ്ടിച്ച അമാനുഷനാണ് ഈപ്പൻ.”
എനിക്കതു മനസ്സിലായില്ല.
അല്ല തിരക്കഥയിൽ രാമോജി ഫിലിം സിറ്റിയിലാണ് ഇടവേളക്കു ശേഷം കഥ നടക്കുന്നത്. രാമോജി ഫിലിം സിറ്റിടെ ബോർഡും വച്ച് അങ്ങേരിവിടെ സെറ്റ് തയ്യാറാക്കി പടം തീർത്തു. പടം കണ്ടാൽ രാമോജി തന്നെ.
തോമാച്ചൻ വിശദീകരിച്ചു.
ദത്തൻ സാറായിട്ട് അങ്ങനെ അഭിപ്രായ വ്യത്യാസമൊന്നുമില്ല. ചെലവു കുറച്ച് പടമെടുക്കാൻ അദ്ദേഹത്തിനും വളരെ താത്പര്യമാണല്ലോ? ആരില്ലെങ്കിലും സിനിമയുണ്ടാവും നിർമ്മാതാവൊഴിച്ച് എന്നാ പറയാറ്.
അടുത്തയാൾ കാറ്ററിംഗ് സൂപ്പർവൈസർ ശ്രീമാൻ അമൽ വർക്കി. എല്ലാവരുടേയും അന്ന ദാതാവ്. വളരെ നല്ല പയ്യൻ. എല്ലാവരുടേയും മാനസപുത്രൻ. നിർമാതാവു മുതൽ ലൈറ്റ് ബോയ് വരെ എല്ലാവരോടും സർവ്വ സ്വാതന്ത്ര്യത്തോടെ ഇടപെടുന്ന ഒരാൾ. ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടങ്ങളറിഞ്ഞ് പ്രവർത്തിക്കുന്ന വ്യക്തി. വളരെ റിസ്ക്കുള്ള ജോലിയാണ്. വ്യത്യസ്തങ്ങളായ നാവുകളെ തൃപ്തിപ്പെടുത്തുക എളുപ്പമല്ലാലോ? എന്നിട്ടും ഇന്നുവരെ ആരുടേയും മുഖം കറുപ്പിച്ചിട്ടില്ല.
ഓരോരുത്തരുടേയും ആഹാരത്തോടുള്ള അഭിരുചി അറിഞ്ഞ് പ്രവർത്തിക്കുക എളുപ്പമല്ല. എന്നാൽ അവനതറിയാം. പിന്നെ കൃത്യനിഷ്ഠ. അവന്‍റെ അപ്പന് ഈപ്പച്ചന്‍റെ ഹോട്ടലിൽ ജോലിയുണ്ട്. അയാൾ മുന്നേ കാറ്ററിംഗ് സർവ്വീസ് നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്.
ശരി. ഇനിയാരാണ്? ജോഫിൻ അല്ലേ? ഞാൻ പിറുപിറുത്തു.
“അതെ മെഗാ താരം ജോഫിൻ. മസിലു പിടിച്ചോണ്ട് നടക്കുന്ന എനിക്കവനെതീരെ പിടുത്തമില്ല. അഭിനയമോഹിയായി നടക്കുന്ന ഒരുത്തനാണ്. ഒരു പടത്തിൽ പോലും ഞാൻ അവനെ കണ്ടിട്ടില്ല എന്നാൽ അവന്‍റെ വിചാരം ലിയാനാർഡോ ഡികാപ്രിയോ ആണെന്നാണ്.
സിനിമയിലെ ആരെക്കണ്ടാലും പോയി ചാൻസു ചോദിക്കും. അത്യാവശ്യം പഠിച്ചിട്ടൊക്കെ ഉണ്ട്. നിലവിൽ ദത്തൻ സാറിന്‍റെ ഡ്രൈവറാണ്. ഇവനെപ്പോലുള്ളവർ ഒരെണ്ണമെങ്കിലും എല്ലാ സെറ്റിലും കാണും. വിശ്വസിക്കാൻ കൊള്ളില്ല. ഇവിടെക്കേട്ടത് അവിടെ പറഞ്ഞ് അവിടെ കേട്ടത് ഇവിടെ പറഞ്ഞ്.”
ഞാനപ്പോൾ ഇടക്കു കയറി പറഞ്ഞു.
“നീ പറയുന്ന ഇനം ആളെ മനസ്സിലായി. ഇത്തരക്കാർ സിനിമാസെറ്റിൽ മാത്രമല്ല എല്ലായിടത്തുമുണ്ടാകും. ഇവൻമാരൊക്കെ എന്തെങ്കിലും ജോലി വൃത്തിയായി ചെയ്തിട്ടല്ല ആളാകുന്നത്. എന്നാൽ ഇത്തരം സ്വഭാവക്കാർ, ഒരോഫീസാണെങ്കിൽ ഓഫീസ് മേധാവിയുടെ അരുമയായിരിക്കും. അവർക്കും ഇത്തരം വിവരങ്ങൾ അറിയാൻ താത്പര്യമുള്ളവരായിരിക്കും. അങ്ങനെ വിവരങ്ങൾ തേടുന്നതിന് അവർക്ക് പരിമിതികളുണ്ടല്ലോ? അപ്പോൾ ഇത്തരം ആളുകളെ കൂടുതലായി ആശ്രയിക്കേണ്ടതായി വരും.
“അതെ, അതു തന്നെ സിനിമ സെറ്റിലെ വമ്പൻമാരുമായി ഇവൻ നല്ല സൗഹൃദത്തിലാണ്. ഇവനെയാണ് പ്രധാന കാര്യങ്ങൾ ഏൽപ്പിക്കാറ്. പറയുമ്പോഴോ ദത്തൻ സാറിന്‍റെ വെറുമൊരു ഡ്രൈവറും. അവനൊന്നും ടലന്‍റില്ല. പിന്നെ സ്ത്രീകളായിട്ടൊക്കെ നല്ല കമ്പനിയാണ്.
ദത്തൻ സാറിന്‍റെ ഭാര്യ സൈറ്റിൽ വന്നാൽ ഓരോ കാര്യങ്ങൾ പറഞ്ഞും സേവനങ്ങൾ ചെയ്തും കൂടെക്കൂടും. സത്യം പറഞ്ഞാൽ ഇവനെ ഒരു തരം ഭയമാണ് എല്ലാവർക്കും. ഇവനുള്ളപ്പോൾ തമാശക്കെന്തെങ്കിലും പറയുന്നത് എത്തേണ്ടിടത്തെത്തും.”
“ശരി. അഭിനയിക്കാൻ വന്ന ഒരു കുട്ടി മരിച്ച ദിവസം. തോമാച്ചനുണ്ടായിരുന്നോ ഷൂട്ടിംഗ് ടീമിനൊപ്പം?”
“അങ്ങനെ ഒരു സംഭവം നടന്നതായി പറഞ്ഞു കേട്ടിരുന്നു. ഞാൻ വർക്കു ചെയ്യാൻ തുടങ്ങിയിട്ട് മൂന്നു മൂന്നര മാസമല്ലേ ആയുള്ളൂ. മരിച്ച സംഭവം ആറേഴ് മാസം മുന്നേയാണ്.”
“ശരി. ആ കുട്ടിയുടെ അമ്മയെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ?”
“അതെപ്പറ്റി അന്വേഷിച്ചില്ല. ലിസ്റ്റിൽ അതുണ്ടായിരുന്നില്ലല്ലോ?”
“ശരി ആ കോമഡി ചെയ്യുന്നയാൾ?”
”ഓ അയാളോ അയാളൊരു സാധുവാണ്. സ്ത്രീകളൊടൊക്കെ കമ്പനിയായി നടക്കാൻ വലിയ താത്പര്യമാണ്. എന്നാലോ അതിനൊരു നയം ആവശ്യമാണല്ലോ അതയാൾക്ക് ഇല്ല താനും. അതു കൊണ്ടെന്താ, ഓരോ അമളിയിൽ ചെന്നു ചാടും. സിനിമേല് അയാളുടെ വേഷങ്ങൾ കണ്ടിട്ടില്ലേ? അതുപോലെത്തന്നെ ജീവിതവും…”
ഇതിനകം ഒരുപാട് ഫോൺ കോൾ വന്നു കൊണ്ടിരുന്ന തോമാച്ചനെ ഇനിയും ഇരുത്തേണ്ടെന്നു കരുതി യാത്രയാക്കി. ഇപ്പോൾ ദുരൂഹത മുറ്റി കാളിമയാർന്ന വിഷയത്തിനൊരു തെളിമയുടെ പ്രകാശകിരണങ്ങൾ കാണാൻ തുടങ്ങിയിട്ടുണ്ട്. ചിത്രം ഏകദേശം ഒരു മങ്ങിയ കണ്ണാടി കാഴ്ച പോലെ വ്യക്തമായി വരുന്നു. എങ്കിലും കൂടിച്ചേരാനാകാത്ത കണ്ണികൾ ഏച്ചുകെട്ടിയ പോലെ മുഴച്ചു നില്ക്കുന്നുമുണ്ട് അതിലെ ഏറ്റവും വലിയ മുഴയാണ് സന മരണത്തിനു മുൻപ് അമ്മക്ക് അയച്ചതായി പറയുന്ന വാട്ട്സപ്പ് സന്ദേശം. അമ്മയ്ക്കും പിന്നെ…
തെല്ലിട നേരം അതെകുറിച്ച് ചിന്തിച്ചപ്പോൾ പൊടുന്നനെ ആ വലിയ ഏച്ചുകെട്ടലിന്‍റെ കുരുക്കഴിയുന്നതായി തോന്നി. അതെ! അതു തന്നെയാണ് സംഭവിച്ചിരിക്കുക. ഇനിയൊരു യാത്ര കൂടി. ആ യാത്ര ചില സംശയങ്ങൾക്ക് തീർപ്പാകാൻ വേണ്ടി മാത്രം. ആ യാത്ര വച്ചു താമസിപ്പിക്കാനില്ല. അതിനു മുന്നേ ദത്തൻ സാറിന്‍റെ അനുവാദം വാങ്ങണം.
ഇമെയിൽ തുറന്നു നോക്കിയപ്പോൾ എന്‍റെ സേവന വ്യവസ്ഥയെല്ലാം അംഗീകരിച്ചതായി കണ്ടു. ഉടനെത്തന്നെ വിളിച്ച് അനുവാദം ചോദിച്ചപ്പോൾ ഏറെ നേരം കനത്ത മൗനമായിരുന്നു മറുപടി. ഒടുവിലയാൾ അർദ്ധ മനസ്സോടെ സമ്മതം തന്നു. അതൊരു കല്ലുകടിയായി എനിക്ക് തോന്നി. ഏതായാലും അദ്ദേഹത്തിന്‍റെ മറുപടി പ്രതികൂലമായാൽ പോലും നാളെത്തന്നെ യാത്ര തിരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു…