ഒരു സാധാരണ ഫിലിം മേക്കർ എന്നതിലുപരി സിനിമയുടെ എല്ലാ മേഖലയും അതിന്‍റെ സാങ്കേതികത മനസ്സിലാക്കിക്കൊണ്ടു തന്നെ വളരെ കൃത്യതയോടെ സമീപിക്കുന്ന ഒരാളാണ് മഹേഷ് നാരായണൻ. സംവിധായകൻ, എഡിറ്റർ, സിനിമാട്ടോഗ്രാഫർ, സ്ക്രിപ്റ്റ് റൈറ്റർ തുടങ്ങി വിശേഷണങ്ങൾ ഏറെ. കമലഹാസന്‍റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങൾ എഡിറ്റ് ചെയ്ത് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന എഡിറ്റർമാരുടെ പട്ടികയിൽ സ്‌ഥാനം നേടിയ വ്യക്തി.
ടേക്ക്ഓഫ്, സിയു സൂൺ, മാലിക്, അറിയിപ്പ് പേരിനൊക്കെ എന്തോ ഒരു കണക്ഷൻ ഉണ്ടോ?
ഓരോ കഥയ്ക്കും ആവശ്യമായ ടൈറ്റിൽ ആയിട്ടാണ് ഇട്ടിട്ടുള്ളത്. അല്ലാതെ ടൈറ്റിലുകൾക്ക് തമ്മിൽ എന്തെങ്കിലും കണക്ഷനുള്ളതായി തോന്നുന്നില്ല. കാരണം ടേക് ഓഫിന്‍റെ ടൈറ്റിൽ ശരിക്കും നഴ്സ്മാരുടെ ജീവിതവുമായി ബന്ധപ്പെട്ടാണ്. ഫ്ളൈറ്റുമായി ബന്ധമുള്ളത് കൊണ്ടാണ് അങ്ങനൊരു പേര് വന്നത്. മാലിക് എന്നത് ഒരു അറബി വാക്കാണ്, ഉടമ എന്നൊക്കെ അർത്ഥം വരുന്നത്.
എഡിറ്റർ, ഡയറക്ടർ, സിനിമാ ട്ടോഗ്രാഫർ ഇതിൽ ഏതാണ് ഏറ്റവും ഇഷ്ടം?
സിനിമയുമായി ബന്ധപ്പെട്ടു എന്തെങ്കിലും പ്രവർത്തിച്ചു കൊണ്ടിരിക്കുക. അത്ര തന്നെ ആഗ്രഹിക്കുന്നുള്ളൂ. പിന്നെ സ്വന്തം സിനിമ ചെയ്യുമ്പോൾ കിട്ടുന്നൊരു സന്തോഷമുണ്ട്. ഒരു ആർട്ട് സ്വന്തമായി ഉണ്ടാക്കുമ്പോഴുള്ള ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ടല്ലോ, കംപ്ലീറ്റായി ഒരു ഇൻവോൾവ്മെന്‍റ്. അത് കുറച്ചുകൂടി നമുക്ക് മാനസിക സുഖവും അച്ചീവ്മെന്‍റും ഒക്കെ ഉണ്ടാക്കും.
ഫഹദ്, കുഞ്ചാക്കോ എന്താണ് ഇവരിൽ തന്നെ സ്റ്റക്കായി കിടക്കുന്നത്?
അങ്ങനെയൊന്നുമില്ല, അങ്ങനെ വലിയ ലാർജർ ദാൻ ലൈഫ് കഥകൾ പറഞ്ഞിട്ടില്ല. മാലികാണ് ഒരു സ്റ്റാർ ഡ്രിവൺ പടം എന്നൊക്കെ പറയാവുന്നത്. എന്നാലും അതൊരു സാധാരണത്വമുള്ള സിനിമയാണ്. അതിൽ പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. വല്യ ഗാങ്സ്റ്റർ ആയിട്ടൊ സംഭവമായിട്ടൊ ഒന്നും ഇല്ല. സാധാരണക്കാരുടെ കഥ പറയുന്നതു കൊണ്ട്. അങ്ങനെ സാധാരണക്കാരുടെ മുഖം അന്വേഷിക്കുമ്പോൾ അവരിലേക്ക് എത്തുന്നു. കൂടാതെ സിനിമയുടെ വിൽപ്പനയ്ക്ക് വേണ്ടിയിട്ടുള്ള ഒരു താര മുഖം വേണം. രണ്ടാമത്തെ കാര്യം ഇവരെല്ലാവരും സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ അവർ ചെയ്യാനാഗ്രഹിക്കുന്ന ടെറിട്ടറീസ് എക്സ്പ്ലോർ ചെയ്യാൻ ഇഷ്ടപ്പെടുന്നുണ്ട്. അല്ലാതെ ഇന്ന കഥയ്ക്ക് ഇന്ന ആള് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല.
സി യു സൂൺ പോലൊരു സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ ഗംഭീര പരീക്ഷണമല്ലേ, അതിലേക്കുള്ള യാത്ര?
സി യു സൂൺ ഒരു സ്ക്രീൻ ബേസ്ഡ് പടമാണ്. അതൊരു ജോണർ ഫിലിമാണ്. ജോണർ ഫിലിമിനകത്ത് ഒരു സബ് ജോണറാണ് ഈ സ്ക്രീൻ ലൈഫ് എന്നു പറയുന്നത്. ഒരു ഡ്രാമയ്ക്ക് അകത്തുള്ളൊരു സബ് ജോണറായി പറയാം. സ്ക്രീൻ ബേസ്ഡ് സിനിമ എന്ന നിലയിൽ. ഇത് സ്ക്രീനിനകത്തേക്ക് ആക്കണം എന്നു വിചാരിച്ചു. കാരണം എന്‍റെ എല്ലാ സിനിമകൾക്കും എന്തെങ്കിലുമൊരു കണക്ഷൻ ഉണ്ടായിരിക്കും. ഒന്നുകിൽ ഞാൻ വായിച്ചതോ എവിടെയെങ്കിലും കണ്ടതോ ആയ എന്തെങ്കിലും ഉണ്ടാകും. അതിൽ നിന്നൊക്കെയാണ് ഒരു തുടക്കം ഉണ്ടാകുന്നത്.
ടേക് ഓഫിന്‍റെ സമയത്തുള്ള ഒരു റിസർച്ചിന്‍റെ കാലങ്ങളിൽ മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ കഥ കേട്ടു. അവരൊരു മെയ്ഡ് ആയിരുന്നു. മെയ്ഡ് ആയിട്ട് എത്തിപ്പെട്ടപ്പോൾ ഒരു വിസ തട്ടിപ്പിന്‍റെ ഇരയായി അവരൊരു വില്ലയിൽ സ്റ്റക്കായി. അവർക്ക് പാസ്സ്പോർട്ട് ഇല്ല. അങ്ങനെ തിരിച്ചു വരാൻ പറ്റാതെ പെട്ടുപോയിരിക്കുമ്പോൾ, അവർക്ക് ബാത്ത്റൂമിൽ ഇരിക്കുമ്പോൾ കുറച്ചു നേരത്തേക്ക് ഇന്‍റർനെറ്റ് കിട്ടി, ആ ഇന്‍റർനെറ്റ് കിട്ടിയ സമയത്ത് അവരൊരു എസ്ഒ സ് പോലൊരു വീഡിയോ മെസ്സേജായിട്ട് ഷൂട്ട് ചെയ്ത് ആർക്കോ ഫോർവേഡ് ചെയ്യുകയും പിന്നീട് അത് അവിടെയുള്ള സംഘടനകളൊക്കെ മനസ്സിലാക്കി എംബസിയുമായി ബന്ധപ്പെട്ട് തിരിച്ചവരെ നാട്ടിലെത്തിക്കുകയും ചെയ്‌തു.
സത്യം പറഞ്ഞാൽ അതൊരു ട്രൂ ഇൻസിഡന്‍റ് ആണ്. കർണാടക സ്വദേശി ആണ്. നമ്മളിത് കാണുമ്പോൾ വെർട്ടിക്കൽ വീഡിയോ ഫോർമാറ്റിലാണ് കാണുന്നത്. ക്യാമറ വളരെ അടുത്താണ്. നമ്മളപ്പോൾ ആളിന്‍റെ ഭംഗിയൊന്നുമല്ല കാണുന്നത്. അവരെത്രത്തോളം പ്രസന്‍റ് ചെയ്യുന്നു. മറ്റുള്ളവരെ അറിയിക്കുക എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. കുറച്ചാഴത്തിൽ പതിഞ്ഞത് ഈ സ്ക്രീനിൽ ഇത്രയും അടുത്ത് കാണുമ്പോഴാണ്. അതൊരു ജേണലിസ്റ്റ് സ്ക്രീനിൽ റെക്കോഡ് ചെയ്താൽ പോലും നമുക്കത്രയും ഒരു ഫീല് തോന്നില്ല. അതവര് തന്നെ സെൽഫായിട്ട് റെക്കോർഡ് ചെയ്‌തതുകൊണ്ടാണ് അത് സംഭവിക്കുന്നത്. അപ്പോൾ അതിന്‍റെ ഒരു ഫോർമാറ്റിൽ തന്നെ സിനിമ ഉണ്ടാകണമെന്ന ചിന്ത ഉണ്ടായി. ആ സീൻ ആക്ച്വലി സീ യു സൂൺ റീട്ടെയിൻ ചെയ്‌തിട്ടുമുണ്ട്. ദർശന അവതരിപ്പിച്ച ക്യാരക്ടർ ബാത്ത്റൂമിൽ ഇരുന്നു അമ്മയോട് പറയുന്നൊരു സീൻ ഉണ്ട്. ഈ സിനിമയിൽ കാണുന്നതിനെക്കാൾ വൈകാരികവും ഡിസ്റ്റർബിങ്ങും ആയിരുന്നു ആ റിയൽ ഫൂട്ടേജ്. അങ്ങനെ നമ്മളോട് എളുപ്പം സംവദിക്കുന്ന ഒരു ഫോമാറ്റിലേക്ക് വരുമ്പോഴാണ് ആളുകൾക്ക് ഇഷ്ടം തോന്നുന്നത്.
സി യു സൂൺ എന്ന സിനിമയ്‌ക്ക് കൊറോണയും ലോക്ക്ഡൗണും ഒരു കാരണമായിട്ടുണ്ടോ?
കൊറോണ അല്ലായിരുന്നെങ്കിലും ആ പടം അങ്ങനെ എടുക്കാൻ പറ്റൂ. ഇത് കോവിഡ് കാലത്ത് നടന്ന എസ്ഒഎസ് സന്ദേശമല്ല. 2014, 2015 തൊട്ടേ ഇത് സ്ക്രീനിൽ വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. കറക്റ്റ് സമയം വന്നപ്പോൾ ഫഹദിന്‍റെ ഭാഗത്ത് നിന്നാണ് അങ്ങനെയൊരു ഇനീഷ്യേറ്റീവ് ഉണ്ടാകുന്നത്. കാരണം ഫഹദിന് കഥ നേരത്തെ അറിയാമായിരുന്നു. അങ്ങനെ ഫഹദ് എന്നോട് ചോദിച്ചു, അന്നത്തെ ഐഡിയ വച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ. അങ്ങനെയാണ് അത് സിനിമയായി മാറുന്നത്.
ലോക്ക്ഡൗൺ സമയത്താണോ ഇത് ചിത്രീകരിക്കുന്നത്?
അതെ, ഏതാണ്ട് ഏപ്രിൽ മെയ്യ് മാസം നമ്മുടെ മന്ത്രി സഭ നമുക്കൊരു കൺസഷൻ തന്നായിരുന്നു. അതായത് ഒരു അമ്പത് പേരുടെ ക്രൂ വച്ചിട്ട് ചെയ്യാമെന്നൊരു തീരുമാനം വന്നു. ടിവി പ്രോഗ്രാമുകൾ നിന്നു പോകാതിരിക്കാനുള്ളൊരു ആവശ്യത്തിന്‍റെ പുറത്തായിരുന്നു അങ്ങനെ പറഞ്ഞത്. അപ്പൊ ഈ അമ്പത് പേരെ വച്ചുള്ള ഈ പരിപാടി നമ്മൾ സിനിമയിലും അപ്ലൈ ചെയ്‌തു. അങ്ങനെ ഞങ്ങളന്ന് ഏപ്രിൽ മിഡോടു കൂടി സ്റ്റാർട്ട് ചെയ്യുകയും സെപ്റ്റംബർ ഒന്നാം തീയതിയോടു കൂടി ആമസോൺ പ്രൈം വഴി റിലീസ് ആകുകയും ചെയ്‌തു.
എന്താണ് മഹേഷ് നാരായണൻ എന്ന വ്യക്‌തി തന്നിൽ കാണുന്ന പ്രത്യേകത?
ഒരു പ്രത്യേകതയും എടുത്തു പറയാനായിട്ട് ഇല്ല. പ്രശ്നങ്ങളാണ് ഞാൻ എപ്പോഴും അനലൈസ് ചെയ്യുന്നത്. എനിക്ക് ഒരു കാര്യത്തിൽ മാത്രം സാറ്റിസ്ഫൈഡ് ആയി ഇരിക്കാൻ പറ്റത്തില്ല. അതിൽ നിന്നെന്തെങ്കിലും പുതുതായിട്ട് പഠിക്കണം. ഒരു കഥാ രീതി അത് സക്സസ് ഫുൾ ആണെങ്കിൽ അത് ആളുകൾക്കിടയിൽ ജനസമ്മതി കിട്ടുന്നുണ്ടെങ്കിൽ അതിനെ ഫോളോ ചെയ്‌തു ചിലർ വീണ്ടും ചെയ്യാൻ ശ്രമിക്കും. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഇച്ചിരി ബുദ്ധിമുട്ടാണ്. ചില വിഷ്വൽ ഗ്രാമറുകൾ ഓരോ സമയത്തും മാറിക്കൊണ്ടിരിക്കും.
എക്സാമ്പിളായി പറഞ്ഞാൽ ചൈന സിൻഡ്രോം 1995 ൽ കണ്ട ഫീലിലല്ല നമ്മളിപ്പോൾ കാണുന്നത്. അതുകൊണ്ട് ഈ സ്ക്രിപ്റ്റുകൾ, കഥകൾ ഒക്കെ ആലോചിക്കുമ്പോൾ ഒരു ആറു മാസമോ ഒരു വർഷമോ കഴിയുമ്പോഴേക്കും മാറ്റിയെഴുതണമെന്നുള്ളൊരു ആഗ്രഹം എനിക്കെപ്പോഴും വരാറുണ്ട്. അത് വർക്ക് ചെയ്യുമ്പോൾ കിട്ടുന്നൊരു എനർജി ഉണ്ട്. അത് നിർബന്ധമായും ചെയ്‌തിരിക്കണം.
അപ്പോൾ എഴുതി വച്ച സ്ക്രിപ്റ്റിൽ ഒരു സമയം കഴിയുമ്പോൾ റീ വർക്ക് ആവശ്യമെന്നാണോ പറയുന്നത്?
റീവർക്ക് എന്നുദ്ദേശിക്കുന്നത് ചിലത് എഴുതിവച്ചതിന്‍റെ മൊത്തം കാര്യങ്ങൾക്കല്ല ഞാനിത് പറയുന്നത്. ചിലപ്പോൾ മൊത്തത്തിൽ അതിന്‍റെ സെറ്റിങ്ങുകൾ മാറ്റേണ്ടി വരും. ആറു മാസമോ ഒരു വർഷമോ എന്നുള്ളതല്ല. ഞാനുദ്ദേശിച്ചത് അതൊരു ടെൻടേറ്റീവ് ടൈം പിരീഡ് ആണ്. ചില സാഹചര്യങ്ങൾ നമുക്ക് ചുറ്റുപാടും സംഭവിക്കുമ്പോൾ അതനുസരിച്ചു കഥയ്ക്ക് ചില മാറ്റങ്ങൾ സംഭവിക്കും. സി യു സൂൺ പോലൊരു കഥ പോലും അന്നാലോചിച്ച പോലെ അല്ല, ഇന്ന് വന്നപ്പോഴേക്കും ഡാറ്റയുടെയൊക്കെ സ്പീഡ് കൂടി. പ്രോഗ്രാമുകളൊത്തിരി കൂടുതലായി, അന്നങ്ങനെ ഇല്ലായിരുന്നു. വാട്ട്സ് ആപ്പ് പോലും ഉപയോഗിക്കുന്ന സമയത്ത് അല്ല ആ സ്ത്രീ ആ വീഡിയോ മെസ്സേജ് അയച്ചത്. മിഡിൽ ഈസ്റ്റിൽ മാത്രം ഉള്ളൊരു ആപ്പിൽ ആണ് അവരാ വീഡിയോ അയക്കുന്നത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഓരോ സമയത്തും പുതിയ പുതിയ കാര്യങ്ങൾ വരുമ്പോൾ അത് മറന്നിട്ട് എന്തെങ്കിലും ചെയ്യുന്നതിൽ കാര്യമില്ല.
ഹാപ്പിനെസിനു വേണ്ടി എന്തെങ്കിലും പ്രത്യേകമായി സമയം മാറ്റി വയ്ക്കുന്നുണ്ടോ?
എന്‍റെ സിനിമകളിൽ ഹാപ്പി എൻഡിങ് കുറവാണ്. ടേക് ഓഫ് എടുത്തുനോക്കിയാലും അതിന്‍റെ അവസാനം ജീവിതം അനിശ്ചിതത്ത്വത്തിൽ നിൽക്കുകയാണ്. സീ യു സൂണിലും അതുപോലെ വിള്ളലൊക്കെ വന്നു ഒരു പ്രണയബന്ധം നഷ്ടപ്പെട്ടു. അതാ നഷ്ടത്തിൽ തന്നെ കിടക്കുകയാണ്. അതിന്‍റെ ബാക്കി കാര്യങ്ങളെക്കുറിച്ചു നമ്മൾക്കറിയില്ല. നമ്മുടെ ലൈഫിനകത്ത്, നമ്മൾ ചെയ്യുന്ന വർക്കുകൾ ആളുകൾ അക്സെപ്റ്റ് ചെയ്യുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. അതിൽ തന്നെ അക്സപ്റ്റൻസ് രണ്ടു രീതിയിൽ ഉണ്ട്. ഒന്ന് അവർക്ക് ഇഷ്ടപ്പെട്ട് അക്സെപ്റ്റ് ചെയ്യുക, രണ്ട് വീഴ്ചകളെ ചൂണ്ടിക്കാട്ടി കൃത്യമായിട്ട് അതിനെ ക്രിട്ടിക്കലായി അനലൈസ് ചെയ്യുന്നത് ഒരു നല്ല രീതിയാണ്. ബയസ്സ് അല്ലാത്ത രീതിയിൽ കാര്യങ്ങൾ പറയുമ്പോൾ അത് നമ്മളെ ഗൈഡ് ചെയ്യുന്നതാണ്. അതും ഇഷ്ടപ്പെടുന്നുണ്ട്. അതാണ് സത്യം പറഞ്ഞാൽ ഹാപ്പിനെസ്. കാരണം അത് അവർക്ക് മനസ്സിലായല്ലോ, ഇതിനെക്കുറിച്ച് അനലൈസ് ചെയ്യാൻ പറ്റിയല്ലോ, ചിന്തിക്കാൻ പറ്റിയല്ലോ എന്നൊരു സന്തോഷം ഉണ്ടാകുന്നുണ്ട്. എനിക്കേറ്റവും കൂടുതൽ ക്രിട്ടിസിസം കിട്ടിയ പടമാണ് മാലിക്. പക്ഷെ ആ ക്രിട്ടിസസത്തിന്‍റെ സമയത്ത് ഞാൻ പലപ്പോഴും പലരോടും പറഞ്ഞ കാര്യമാണ് എന്‍റെയൊരു സിനിമ കാരണം ചില ഇൻസിഡന്‍റുകൾ ആളുകൾ മറക്കാതിരിക്കുന്നുണ്ടെങ്കിൽ അത് നല്ല കാര്യമല്ലേ. ആ സിനിമ ഓർമ്മിക്കുന്നുണ്ടെങ്കിൽ ഞാൻ അച്ചീവ് ചെയ്‌തു എന്നാണ് കാണുന്നത്.
എങ്ങനെയാണ് അടുത്ത പത്ത് വർഷത്തിനുള്ളിൽ മലയാള സിനിമ ലോക സിനിമാ ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോകുന്നത്?
ലോക സിനിമയുടെ ഭൂപടത്തിലൊക്കെ മലയാള സിനിമ നേരത്തെ എത്തിക്കഴിഞ്ഞു. അക്കാദമിക്ക് സിനിമകൾക്ക് ജനസമ്മതിയില്ല. സ്വയംവരം പോലൊരു സിനിമ ഇവിടെ തീയറ്ററിൽ വിജയിച്ച സിനിമയാണ്. എന്നാൽ അതുപോലൊരു സിനിമ ഇന്നിവിടെ ചെയ്താൽ എനിക്ക് തോന്നുന്നില്ല ആളുകൾ കാണാൻ വരുമെന്ന്. മനുഷ്യർക്കിടയിൽ എവിടെയോ ഒരു ബാലൻസ് ഉണ്ടായിരുന്നു. ഓഡിയൻസികത്തുണ്ടാകുന്ന ഒരുതരം പ്രപ്പോഷൻ ഉണ്ട്. ആ പ്രപ്പോഷനൊരു ബാലൻസ് ഉണ്ടായിരുന്നു. എല്ലാവരും പറയുന്നു സിനിമകൾക്ക് നല്ല കാലമാണ്. ഓഡിയൻസൊക്കെ മാറി എന്ന പറയുമെങ്കിലും ഈ മാറ്റമെന്ന് പറയുന്നത് അതിന്‍റെ പെർസന്‍റേജ് വളരെ കുറവു തന്നെയാണ്. ഒരു സമയങ്ങളിൽ പലരും, ഭരതൻ സാറായിക്കോട്ടെ, അരവിന്ദൻ സാറാകട്ടെ, ഷാജി സാറാകട്ടെ അവരെല്ലാം ഒരു മാപ്പിൽ നമ്മളെ എത്തിക്കാൻ ഒരു ശ്രമമുണ്ടല്ലോ. ആ ശ്രമത്തിൽ പല സിനിമകളും എത്തിയിട്ടുണ്ട്. മലയാളും എന്നൊരു ആശയത്തെ തന്നെ പരിചയപ്പെടുത്താനായിട്ട് സഹായിച്ചിട്ടുണ്ട്. അത്തരത്തിലുള്ളൊരു അപ്രോച്ച് ഇപ്പോഴത്തെ ഫിലിം മേക്കേഴ്സിന് ബുദ്ധിമുട്ടാകുന്നതിന് കാരണം ഇതിന്‍റെ റവന്യു സ്ട്രീം എന്ന ഒരവസ്‌ഥയാണ്.
ഇവിടെ സിനിമയെടുക്കുന്ന സാഹചര്യങ്ങളൊക്കെ കപ്ലീറ്റായി മാറി. ഒരുപാട് കടമ്പകൾ കടക്കെണ്ടതായിട്ട് വരുന്നു. അതുകൊണ്ട് തന്നെ ഇതിൽ ആർക്കെങ്കിലും എന്തെങ്കിലും ഫ്ളേവറുകൾ അത് എന്ത് തരം സിനിമയായാലും ചേർക്കേണ്ടതായിട്ട് വരുന്നു. അതുപക്ഷേ യൂറോപ്പിൽ ടോക്കാർണോ ഫിലിം ഫെസ്റ്റിവൽ എടുത്തു കഴിഞ്ഞാൽ (ഇത് എന്‍റെ പേഴ്സണൽ ഒപ്പീനിയൻ ആയി പറയുന്നതാണ്) സിനിമ തീയറ്ററിൽ റിലീസ് ചെയ്യുന്ന സമയങ്ങളിൽ അവിടെ കിട്ടുന്ന ഒരു സ്വീകാര്യതയുണ്ട്. ആ സ്വീകാര്യത ഒരിക്കലും നമുക്കിവിടെ കിട്ടുന്നില്ല. നല്ല രീതിയിൽ കണ്ടന്‍റ് ഉണ്ടാക്കി കഴിഞ്ഞാൽ അംഗീകരിക്കപ്പെടും.
എൻഎഫ്ഡിസി പോലുള്ള പ്രസ്ഥാനങ്ങൾ അല്ലെങ്കിൽ അത്തരത്തിലുള്ള ഫിലിം സൊസൈറ്റി പ്രസ്‌ഥാനങ്ങൾ ഇവരെല്ലാം ഇന്ന് ഇന്‍റിപെന്‍റന്‍റ് ഫിലിം മേക്കറെ സഹായിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരു ഫിലിം ബസാർ ഗോവ ഇഫിയുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്നല്ലാതെ വേറെ അധികം പ്രസ്ഥാനങ്ങളൊന്നും നിലവിൽ ഇല്ലെന്ന് തന്നെ പറയാം. ഫിലിം ബസാറിനകത്ത് കുറച്ചു സിനിമകൾ പിച്ച് ചെയ്യാൻ പറ്റും അത് നല്ലതാണ്. പല ആൾക്കാർക്കും അത് ക്യൂറേറ്റ് ചെയ്യാം കൊണ്ട് പോകാം കാണാം. അതൊക്കെ ശരിയാണ് പക്ഷേ, എന്നാൽ പോലും ഗ്രാന്‍റ് പോലുള്ള കാര്യങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഇപ്പോൾ ചില ഫ്രഞ്ച് പടങ്ങൾ, ചില ഇറ്റാലിയൻ സിനിമകൾക്ക് കിട്ടുന്ന അവരുടെ ഇൻസ്റ്റിറ്റ്യൂഷൻ ഗ്രാന്‍റുകൾ ഉണ്ടല്ലോ അത് സെലക്ട് ആയവർക്ക് കിട്ടണം. അത്തരത്തിലുള്ള ഗ്രാന്‍റുകൾ പോലും മെയിൻ സ്ട്രീം സിനിമകളിലോട്ടു മാറേണ്ട അവസ്ഥയായിപ്പോയി. അതുകൊണ്ടായിരിക്കാം നമ്മളീ പറഞ്ഞ ഡിലെ സംഭവിക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ തലങ്ങളും ഉപയോഗിച്ച് സിനിമയിൽ പരീക്ഷണം നടത്തുന്ന താങ്കൾ എന്താണ് പുതുതലമുറയോട് പുതുതായി സിനിമയെ സമീപിക്കുന്നവരോട് പറയാൻ ആഗ്രഹിക്കുന്നത്?
എല്ലാത്തരം ആൾക്കാരെയും നമ്മൾ സ്വാഗതം ചെയ്യണം. പണ്ട് സിനിമ ഒരു എക്സ്പെൻസീവ് മീഡിയം ആയിരുന്നു. ഇന്ന് അത് വളരെ മിനിമലായി ചെയ്യാൻ പറ്റുന്നുണ്ട്. ഫോണിൽ വരെ സിനിമ ഉണ്ടാക്കാൻ പറ്റുന്നുണ്ട്. അതിന് കിട്ടുന്ന വിസിബിലിറ്റി ഉണ്ടാക്കേണ്ടുന്ന ഉത്തരവാദിത്തം നമ്മളുടേത് തന്നെയാണ്. ആ വിസിബിലിറ്റി കണ്ടെത്താനായിട്ടുള്ള ഒരു ശ്രമം, അത് ഏത് തരത്തിലായാലും മെയിൻ സ്ട്രീമിൽ ആയാലും പാരലൽ സിനിമയിൽ ആയാലും പ്ലാറ്റ്ഫോമിൽ സിനിമ ചെയ്യാൻ ആയാലും ശരി നമ്മളെ അവിടെ അറിയുക, അല്ലെങ്കിൽ ഇങ്ങനെയൊരു സിനിമ ഉണ്ട് എന്ന് അറിയിക്കണം.
ഓരോ വർഷവും മലയാള സിനിമയിൽ നൂറ്റിയെൺപതോ നൂറ്റിറ്റിയെഴുപതോ സിനിമ ഇറങ്ങുന്നു എന്ന് പറയപ്പെടുന്നു, അപ്പോൾ അത്തരം സിനിമകളിൽ എത്ര സിനിമയാണ് ഒരു മാസം പിടിച്ചു നിൽക്കുന്നത് എന്ന് ചോദിച്ചാൽ ഈ ഒരു വർഷം കംപ്ലീറ്റായി നോക്കി കഴിഞ്ഞാൽ പന്ത്രണ്ട് സിനിമയായിരിക്കും. അതിൽ പത്ത് സിനിമയിൽ താഴെയായിരിക്കും പിടിച്ചു നിർത്തിയിരിക്കുന്നത്. റവന്യു ആയിക്കോട്ടെ ആളുകളുടെ സ്വീകാര്യത ആയിക്കോട്ടെ ഒരു മാസത്തിൽ ഒരു സിനിമ പോലും തികയ്ക്കുന്നില്ല എന്നുള്ളതാണ് അർത്ഥം. അപ്പോൾ അത് സീരിയസ് ആയി എടുക്കേണ്ട കാര്യവുമാണ്.
ന്യൂ നോർമൽ എന്താണ് താങ്കളുടെ ചിന്ത?
ന്യൂ നോർമൽ എന്നുദ്ദേശിക്കുന്നത് രണ്ടു രീതിയിൽ ആണ്. കോവിഡിന്‍റെ സമയത്തുള്ള ന്യൂ നോർമൽ അല്ലാതെ നമ്മളെന്തു തരം സിനിമ ഉണ്ടാക്കാമെന്നതിലെ ന്യൂ നോർമൽ വരെ നമ്മൾ പഠിച്ചോണ്ടിരിക്കുകയാണ്. പല തരത്തിലുള്ള പ്രതിസന്ധികൾ കടന്നെ പറ്റുകയുള്ളൂ. ഇന്ത്യയിൽ ഇപ്പോഴും ഈ സെൻസർ ബോർഡ് സർട്ടിഫിക്കേഷന്‍റെ അകത്ത് പോലും കട്ടുകൾ ഉണ്ടാക്കുകയാണ്. അതിനകത്ത് പോലും പ്രോപ്പർ അജണ്ടയുണ്ട്. അതിനകത്ത് സ്റ്റേറ്റിനെ പ്രൊട്ടക്ട് ചെയ്യുക, രാജ്യത്തിനെതിരെ എന്തെങ്കിലും സംസാരിക്കുന്നുണ്ടോ എന്നൊക്കെ നോക്കുന്നുണ്ട്, ക്രിട്ടിസൈസ് ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഒരുപോലെ ഇല്ലാ എന്നുള്ള ഒരവസ്‌ഥയിലേക്ക് മാറിയിട്ടുണ്ട്. ഇത് ജേർണലിസത്തിലായാലും ഉണ്ട്. പലതും ഒരു പെയ്ഡ് മീഡിയ ആയിട്ട് മാറിയിരിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഇതിൽ എന്താണ് വിശ്വസിക്കേണ്ടത്, എന്ത് തരത്തിലാണ് ഇതിനെ ബൈപ്പാസ് ചെയ്യേണ്ടത് എന്ന രീതിയിൽ പേടി എല്ലാവർക്കും ഉണ്ടാവാറുമുണ്ട്. ഇപ്പോൾ എഴുത്തിൽ തന്നെ തുടങ്ങുമ്പോൾ അയ്യോ ഇന്നത്തെ കാലത്ത് ഇങ്ങനെ എഴുതിയാൽ ശരിയാവില്ലല്ലോ, ഇതിന് ഒരുപാട് തടസ്സങ്ങൾ ഉണ്ടാവുമല്ലോ, എന്നുള്ള മുൻധാരണ തുടങ്ങുന്നു. അതാണ് അൾട്ടിമേറ്റ്ലി പുതിയൊരു നോർമൽ രീതി.
റേഷ്യൽ ഡിസ്ക്രിമിനേഷനെക്കുറിച്ചോ ഒരു പൊളിറ്റിക്കൽ കോൺട്രവേഴ്സിയെക്കുറിച്ചോ നമുക്ക് ഒരു പുസ്തകമെഴുതാം. എന്നാൽ സിനിമയാകുമ്പോൾ എല്ലാവരും പറയുന്നത് സിനിമ എല്ലാവരെയും സ്വാധീനിക്കുന്നു എന്നതാണ്. സ്വാധീനിക്കുന്നു എന്നു പറയുന്നത് ഞാൻ ഒരിക്കലും അങ്ങനെ കാണുന്നില്ല. കാരണം താരാരാധന ഉണ്ടാകാം. പക്ഷെ താരം ചെയ്യുന്ന കാര്യങ്ങൾ മനുഷ്യനെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അങ്ങനെ ആയിരിക്കില്ലല്ലോ ജനത വളരുന്നത്. ഒരുപാടുതലങ്ങളിൽ ചിലർ പറയാറുണ്ട്, ആ സിനിമയിൽ ഇങ്ങനെ ആകർഷിച്ചു അതുകൊണ്ടാണ് ആ വ്യക്‌തി ഇങ്ങനെ ആയത് എന്നൊക്കെ പറയാറുണ്ട്. അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ എന്നത് ബേസിക്കലി ഒരു എസ്ക്കേപ്പിസം ആണ്. അതായത് നമ്മൾ കുറച്ചു സമയത്തേക്ക് ലൈഫിൽ നിന്ന് കട്ട്ഓഫ് ചെയ്‌തു വേറെന്തെങ്കിലും ചിന്തിച്ചു ഒന്ന് റിഫ്രെഷായി തിരിച്ചു വരിക എന്നതാണ് അതിനകത്ത് ഉദ്ദേശിക്കുന്നത്.
ക്രിട്ടിസൈസ് ചെയ്യുന്നത് കൺസ്ട്രക്റ്റീവ് ആയിരിക്കണം. അത് ആരെ ക്രിട്ടിസൈസ് ചെയ്‌താലും അത് അവരുടെ വളർച്ചയെ മുരടിപ്പിക്കുന്ന രീതിയിലുള്ള ക്രിട്ടിസിസം ആകരുത് എന്നാണ് എനിക്ക് പറയാനുള്ളത്. അവർക്ക് വളരാനുള്ളൊരു സമയം കൊടുക്കണം. പക്ഷെ ഇപ്പം സംഭവിച്ചിരിക്കുന്നത് എല്ലാവരുടെയും വായ അടപ്പിച്ചിരിക്കുന്നു എന്നു പറയുമ്പോൾ വളർച്ച അവിടെ തന്നെ നിന്നു. ഇപ്പോൾ താഴോട്ടാണ് വളരുന്നത്. ഇപ്പുറത്ത് റെസിസ്റ്റൻസ് സംഭവിക്കുന്നില്ല.
പിന്നെ ടെക്നിക്കൽ ആസ്പെക്ടിലെ ന്യൂ നോർമൽ എന്ന് പറയുന്നത് പലേ കാര്യങ്ങളിലും ഇപ്പോൾ നമുക്ക് കോവിഡിന് ശേഷം നമുക്ക് കുറച്ചു കൂടി ആളുകളെ ലിമിറ്റ് ചെയ്‌തു ഷൂട്ട് ചെയ്യാനൊക്കെ തീരുമാനങ്ങളൊക്കെ എടുത്തു തുടങ്ങി. പക്ഷെ അത് ഈ കോവിഡൊക്കെ മാറി ഇപ്പോൾ എല്ലാം പഴയതു പോലെയായി. ഇനിയാ ന്യൂ നോർമൽ എന്നു പറയുന്നതിനകത്ത് കഴമ്പുണ്ടെന്ന് തോന്നുന്നില്ല. വീണ്ടും അതിനപ്പുറത്തേക്കുള്ള ലക്ഷ്വറിയിലോട്ട് പോയിട്ടുണ്ട്. കാരണം അൾട്ടിമേറ്റ്ലി ഇതൊരു മണി ബിസിനസ്സ് ആണ്. ഇൻവോൾവ്ഡ് മണി ഹാസ് ഗോട്ട് പവർ ആൾസോ. എവിടെയോ ഒരു പവർ ഉണ്ട്. ആ പവർ കൃത്യമായിട്ട് ഉപയോഗിക്കാനും മിസ് യൂസ് ചെയ്യാനും മനുഷ്യൻ ഇങ്ങനെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ അവരുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ എന്തിനാണ് നമ്മളിങ്ങനെ ചിന്തിക്കുന്നതെന്നു തോന്നലുണ്ടായേക്കാം.
സ്ത്രീ ശാക്തീകരണം സ്ത്രീ മുന്നേറ്റം തുടങ്ങി സ്ത്രീകളുടെ വിഷയവുമായി ബന്ധപ്പെട്ട് മിക്ക സിനിമകളിലും കൃത്യമായൊരു രേഖപ്പെടുത്തൽ നടത്തുന്നുണ്ട്, അത് മനഃപൂർവ്വം ചെയ്യുന്നതാണോ?
ഞാൻ അങ്ങനെ ജെണ്ടറിനെ വച്ചിട്ടു സിനിമയുണ്ടാക്കുന്നില്ല. ഞാൻ എപ്പോഴും ഒരു ന്യൂട്രൽ ആയിട്ടുള്ള അവസ്‌ഥയിൽ നിന്ന് സിനിമ എടുക്കുന്ന ഒരാളാണ്. പ്രോട്ടഗോണിസ്റ്റുകൾ സ്ത്രീയാകുമ്പോൾ അവിടെ അവർക്ക് കഥയിൽ ഒരു സ്ഥാനം കാണും. ഉദാഹരണത്തിന് ടേക് ഓഫ് സമീറയ്ക്കൊപ്പം യാത്ര ചെയ്യുന്ന കഥയാണ്. ശരിക്കും അതിൽ ഇറാക്ക് യുദ്ധം ഒക്കെ ഉണ്ടെങ്കിലും അതിനകത്ത് മൂല കഥ എന്ന് പറയുന്നത് ആദ്യ ഭർത്താവിൽ നിന്നും ഉണ്ടായ കുട്ടിയോട് രണ്ടാമത്തെ ഭർത്താവിൽ ഉണ്ടാകാൻ പോകുന്ന കുട്ടിയെക്കുറിച്ച് എങ്ങനെ മറയ്ക്കാം എന്ന് ചിന്തിക്കുന്ന സ്ത്രീയുടെ കഥയാണ്. അവർക്ക് പറയാനുള്ള ബുദ്ധിമുട്ടിനെ അവർ എങ്ങനെ ടാക്കിൾ ചെയ്യുന്നു എന്നതുമാണ്. അപ്പോൾ അൾട്ടിമേറ്റ്ലി അവരൊരു പ്രോട്ടഗോണിസ്റ്റ് ആയി മാറുന്നു. അറിയിപ്പിലേക്ക് വരുമ്പോൾ ഞാൻ ഒരിക്കലും രശ്മിയുടെ സൈഡിൽ നിന്ന് മാത്രം നിന്നല്ല കഥ പറഞ്ഞിരിക്കുന്നത്. രണ്ടു സൈഡിലും പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ ഈ ശാക്തീകരണം എന്നുദ്ദേശിക്കുന്നത് നമ്മൾ ഘോരഘോരം പ്രസംഗിച്ചതു കൊണ്ടോ അല്ലെങ്കിൽ എന്തെങ്കിലും പൊളിറ്റിക്കലി നമുക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ നമുക്കത് വലിയൊരു സ്റ്റേറ്റ്മെന്‍റ് ആക്കി പ്രഭാഷണം നടത്തി വെർബലായിട്ടോ പറഞ്ഞു കൊണ്ടാണ് സിനിമയെടുക്കേണ്ടതെന്നൊരു വിചാരത്തിനോട് ഭയങ്കര വിയോജിപ്പാണ്. സിനിമ ഒരു വിഷ്വൽ ആർട്ടാണ്. അല്ലെങ്കിൽ പണ്ട് തെരുവ് നാടകം ചെയ്യുന്നത് പോലെയാകും. തെരുവ് നാടകം ചെയ്യുന്നത് അതൊരു പ്രത്യേക അജണ്ടയ്ക്ക് വേണ്ടി ചെയ്യുന്നതാണ്. കൃത്യമായ വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സമയങ്ങളിൽ ആ വാർത്ത എങ്ങും എത്തില്ല എന്നുള്ള അവസ്‌ഥയിൽ ആണല്ലോ ഇത്തരം തെരുവ് നാടകങ്ങൾ വരുന്നത്. അതിനകത്ത് എല്ലാ തെരുവ് നാടകങ്ങൾക്കും പ്രൊട്ടസ്റ്റിന്‍റെ സ്വഭാവം കൂടിയുണ്ട്. സിനിമയതല്ല, ആർട്ട് എന്ന് പറയുന്നത് പ്രൊട്ടസ്റ്റും ആവാം, റെസിസ്റ്റും ആവാം വിഷ്വൽ ഹാലൂസിനേഷനും ആവാം. പക്ഷേ അത് പുരുഷനോ സ്ത്രീയോ ആയിട്ട് ബന്ധമൊന്നുമില്ല.