ഇതൊരു തുടക്കം മാത്രം - കരിയറിലെ ഏറ്റവും വലിയ ഹിറ്റും 2023 ലെ ആദ്യ മലയാള സൂപ്പർ ഹിറ്റുമായി ഉയർന്നു വന്ന മാളികപ്പുറത്തിന്‍റെ ബോക്സ് ഓഫീസ് വിജയത്തെക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിൽ വരുമാനത്തിൽ ഒന്നാം സ്‌ഥാനത്ത് തുടരുകയാണ് മാളികപ്പുറം. കുടുംബ പ്രേക്ഷകർക്കിടയിലുള്ള ഡിമാൻഡ് കാരണം കേരളത്തിലെ നിരവധി തിയേറ്ററുകളിൽ വാരിസു, തുണിവ് തുടങ്ങിയ വലിയ തമിഴ് ചിത്രങ്ങളെ പിന്തള്ളി കൊണ്ടു ഈ ചിത്രം മുന്നോട്ട് പോയി. ഇനി മറ്റ് ഭാഷകളിലും മൊഴിമാറ്റം ചെയ്യപ്പെടുമ്പോൾ ആ കണക്കുകൾ കൂടി വരുമ്പോൾ കോടി ക്ലബ് സ്റ്റാർ എന്ന പട്ടികയിൽ ഉണ്ണിയും കടന്നെത്തിയിരിക്കും.
ഏതായാലും ഈ ചിത്രത്തിന്‍റെ വിജയത്തിനായി ഉണ്ണിയും ടീമും ഏറെ വിയർപ്പൊഴുക്കി. നിറഞ്ഞ ഷോകൾക്കിടയിൽ തിയേറ്ററുകളിൽ നിന്നു തീയറ്ററുകളിലേക്ക് ഉണ്ണി നടത്തിയ സന്ദർശനങ്ങൾ പ്രേക്ഷകർക്ക് അപൂർവമായ സന്തോഷ അനുഭവം കൂടി സമ്മാനിച്ചു. അല്പം വൈകിയെങ്കിലും ഉണ്ണി മുകുന്ദൻ എന്ന നടനെ കേരളക്കര അംഗീകരിച്ചിരിക്കുന്നു.
താരം ഒടിടി പ്ലേയ്ക്ക് നൽകിയ എക്സ്ക്ലൂസീവ് ചാറ്റിൽ നിന്നുള്ള പ്രസക്തമായ ഭാഗങ്ങൾ കൂടി വായിക്കാം.
മാളികപ്പുറം ഇതുവരെയുള്ള ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുന്നു
മാളികപ്പുറത്തിന്‍റെ യാത്ര തുടങ്ങിയിട്ടേ ഉള്ളൂ എന്ന് കരുതുന്നു. ജനുവരി ഇത് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്തശേഷം ബോക്സ് ഓഫീസിൽ സിനിമ എത്രത്തോളം മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു എന്ന് വിലയിരുത്താം.
സിനിമയിൽ വലതുപക്ഷ സ്വാധീനം കൂടുതലാണെന്ന് ആരോപണം ഉണ്ടായല്ലോ
സിനിമയിൽ വലതു പക്ഷ സ്വാധീനം ഉണ്ടെന്ന കമന്‍റുകളുടെ പ്രളയമായിരുന്നു. ഇപ്പോൾ മൂന്നാഴ്ച പിന്നിടുന്നു. സിനിമ ഇപ്പോഴും തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കുടുംബ പ്രേക്ഷകരാണ് പ്രേക്ഷകരിൽ ഭൂരിഭാഗവും.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പുതിയ പോസ്റ്റർ ബോയ് ഞാനാണെന്നും നിരവധി കമന്‍റുകൾ ഞാൻ വായിച്ചു. എന്നാൽ സിനിമ കാണുമ്പോൾ കേരളത്തിലെ കുടുംബപ്രേക്ഷകർക്ക് ഇതിന്‍റെ ലക്ഷ്യം മനസിലാകുമെന്ന് സിനിമ റിലീസിന് മുമ്പ് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതൊരു കംപ്ലീറ്റ് എന്‍റർടൈൻമെന്‍റ് പാക്കേജ് ആയിരിക്കുമെന്ന് ഞാൻ വാക്ക് കൊടുത്തു. അത് അയ്യപ്പ ഭക്തർക്ക് ആശ്വാസം നൽകുമെന്നും ഞാൻ പറഞ്ഞു. ഇത്രയധികം ബോധ്യമുള്ള ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ആദ്യമായാണ് ഉറപ്പ് നൽകുന്നത്.
ഇപ്പോഴിതാ പടം കണ്ടിട്ട് അത് തങ്ങളെ കീഴടക്കി എന്ന് ആളുകൾ പറഞ്ഞു. അവർ എന്നെ കെട്ടിപ്പിടിച്ചിട്ടുണ്ട്, ചില പ്രത്യേക സന്ദർഭങ്ങളിൽ അവർ എന്നെ വണങ്ങി, അവർ സ്ക്രീനിൽ കണ്ടത് ഞാനാണെന്ന് വിശ്വസിച്ചു. ഒരു അഭിനേതാവ് എന്ന നിലയിൽ ഇതൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു. സ്ക്രീനിൽ അയ്യപ്പനായി അഭിനയിക്കുമ്പോൾ അതെനിക്ക് രോമാഞ്ചം തന്നെ ആയിരുന്നു. വൈകാരികമായ അനുഭവങ്ങളും എനിക്ക് ഉണ്ടായി. അയ്യപ്പന്‍റെ രൂപത്തെ കുറിച്ച് ഞങ്ങൾക്ക് ഒരു റഫറൻസും ഇല്ലാത്തതിനാൽ എന്‍റെ രൂപത്തെ ഭക്തർ എങ്ങനെ മനസ്സിൽ സങ്കൽപ്പിച്ചു സാമ്യപ്പെടുത്തുമെന്ന് ഞാൻ ആശങ്കപെട്ടിരുന്നു. എന്നാൽ ഞങ്ങൾക്ക് അത് ആത്മാർത്ഥമായി തൃപ്തിപ്പെടുത്താൻ കഴിയുമെന്ന് മനസിലായി. അങ്ങനെ, ഈ സിനിമ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് എനിക്ക് ബോധ്യമായി.