ബാൽക്കണിയിൽ നിന്നു കൊണ്ട് ആഹാരത്തെക്കുറിച്ച് ചിന്തിച്ചപ്പോഴാണതു ശ്രദ്ധയിൽ പെട്ടത്. പോർച്ചുഗീസ് ഡച്ച് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്റോറന്‍റിനടുത്ത് പുതുതായി ഒരു പഞ്ചാബി ധാബ തുറന്നിരിക്കുന്നു. എന്‍റെ അറിവിൽ ഈ പ്രദേശത്ത് നോർത്തിന്ത്യൻ ആഹാരസാധനങ്ങൾ ലഭിക്കുന്ന ഭക്ഷണശാലകൾ കണ്ടിട്ടില്ല. ഇത്തരം ധാബകളിലെ മൃദുലമായ ചപ്പാത്തി അതീവ രുചികരമാണെന്നു കേട്ടിട്ടുണ്ട്. ഉച്ചതിരിഞ്ഞ നേരത്ത് അതൊന്ന് സന്ദർശിക്കാമെന്ന് തീരുമാനിച്ചു.
തൊഴിൽപരമായ പലതരം വിഷയങ്ങളെക്കാളുപരി ട്രീസയെക്കുറിച്ചുള്ള ചിന്തകളാണ് ഏറെ ആകുലപ്പെടുത്തുന്നത്. ഭൂഖണ്ഡങ്ങളുടെ അത്യന്തം വിദൂരമായ അകൽച്ച. ദിവസവും ഫോണിലൂടെ സംസാരമുണ്ടെങ്കിലും അകന്നിരിക്കുന്നത് മാനസികമായ ഇഴയടുപ്പത്തെ ഒരുപാട് ബാധിക്കുന്ന ഒന്നാണ്. എന്നന്നേക്കുമായ നഷ്ടപ്പെടലിനു തന്നെ അതു കാരണമായേക്കാം.
വീടും നാടുമുപേക്ഷിച്ചു രണ്ടും കല്പിച്ച് വിദേശത്തു പോകുന്നതും ചിന്തിക്കാൻ വയ്യ. അവളുടെ അമ്മ അങ്ങനെ വെറുതെ ഇരിക്കില്ല . നിശ്ചയമായും മകൾക്കായി വിവാഹാലോചനകൾ കൊണ്ടുവരും. മകൾക്കും മകനും ഇന്നാട്ടിലിരുന്നു വിദൂര രാജ്യത്തുള്ള കമ്പനിയിൽ ജോലി ഏർപ്പാടാക്കിയ അവർക്കാണോ മകൾക്കായി ഒരു വിവാഹബന്ധം തരപ്പെടുത്താൻ കഴിയാത്തത്! ഇപ്പോൾ തന്നെ ഈയൊരു വിഷയത്തിൽ അവൾക്കു മേൽ സമ്മർദ്ദമുണ്ടെന്നു തോന്നുന്നു. ആ മാധുര്യമുള്ള പതിഞ്ഞ ശബ്ദത്തിന്‍റെ താള ഭേദം, പതർച്ച അതെല്ലാം സംസാരത്തിനിടക്ക് ഞാൻ ഉൾക്കൊണ്ടതാണ്. ഞാൻ അറിഞ്ഞതാണ്.
വിദൂരതയിലിരുന്നു തന്നെ പ്രയാസപ്പെടുത്തേണ്ടെന്നു കരുതി അവൾ എല്ലാ കാര്യങ്ങളും തുറന്നു പറയാത്തതാവാം. അത്തരം എന്തെങ്കിലും തീരുമാനങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കിയാൽ അവൾ കടുത്ത രീതിയിൽ തന്നെ എതിർക്കും. അതിനൊരു സംശയവുമില്ല. എത്രനാൾ എതിർക്കും? എന്നിൽ നിന്നും അനുകൂലമായ ഒരു നീക്കമുണ്ടാകാത്ത പക്ഷം എതിർപ്പിന് ശക്തി സ്വാഭാവികമായും കുറയും. പിന്നീട് ഉണ്ടാകാൻ ഇടയുള്ള കാര്യങ്ങൾ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല.
ഇല്ല. അവളെ ഞാൻ മനസ്സിലാക്കിയിടത്തോളം മറ്റാരാണ് മനസ്സിലാക്കിയിട്ടുള്ളത്? എത്ര സമ്മർദ്ദമേറിയാലും അവൾ അവസാന ശ്വാസം വരെ പിടിച്ചു നിൽക്കും. അതെനിക്കുറപ്പുണ്ട്. അതിനു മുൻപ് ഒരു തീരുമാനവും അതനുസരിച്ചുള്ള പ്രവർത്തനവും എന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു.
ഉള്ളുലക്കുന്ന ചിന്തകളുമായി സമയം ഉച്ചയാകാറായി. വെയിലേറ്റ് മഞ്ഞച്ച ഇലകൾ ചുടുകാറ്റിൽ വഴിത്താരയിലേക്ക് പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. മനസ്സിലും പുറത്തെ പടർന്നു പിടിക്കുന്ന ചുടുകാറ്റിന്‍റെ പ്രതിഫലനം. റോഡ് മുറിച്ച് കടന്ന് പുതുതായി തുടങ്ങിയ പഞ്ചാബി ധാബയിൽ കയറി ഒരു ലസ്സി ഓർഡർ ചെയ്തു. ഇളംതണുപ്പുള്ള ലസ്സി ഏറെ സമയമെടുക്കാതെ കൊണ്ടുവന്നു തന്നു, അല്പാൽപ്പം നുണഞ്ഞിറക്കുന്നതിനിടെ മെനു കാർഡ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്.
തോമാച്ചൻ ഇവിടെ അടുത്തെവിടെയോ ഉണ്ട്. എന്നെ കാണേണ്ട ഒരു അത്യാവശ്യ കാര്യമുണ്ട്. നേരിൽ കണ്ട് ഉടനെത്തന്നെ സംസാരിക്കണമെന്നാണ് ആവശ്യം. ഞാനുടനെ ധാബയുടെ ലൊക്കേഷൻ തോമാച്ചന് അയച്ചു കൊടുത്തു. പത്തു മിനിറ്റിനകം വിയർത്തു കുളിച്ച് തോമാച്ചനെത്തി. വന്നപാടെ മേശപ്പുറത്തിരുന്ന ലസ്സി ഒറ്റയടിക്കു കുടിച്ചു തീർത്തു കസേരയിൽ തളർന്നിരുന്നു തോമാച്ചന്‍റെ പരവേശം തെല്ലൊന്നടങ്ങിയപ്പോൾ ഞാൻ ധാബക്കാരനെ വിളിച്ച് രണ്ടു ലസ്സിക്കു കൂടെ ഓർഡർ പറഞ്ഞു.
ആ സമയം മെനു കാർഡ് പരിശോധിക്കുകയായിരുന്ന തോമാച്ചൻ, രണ്ട് നാനിനും ഒരു പ്ലേറ്റ് പനീർ ബട്ടർ മസാലക്കും ഓർഡർ കൊടുത്തു കഴിഞ്ഞിരുന്നു. തെല്ലിട കഴിഞ്ഞ് വിയർപ്പാറി ശാന്തത കൈവരിച്ച തോമാച്ചൻ വന്ന കാര്യം പറയാൻ ആരംഭിച്ചു.
പ്രശസ്തനായ ഒരു സംവിധായകന് എന്നെ അടിയന്തിരമായി കാണണം. മലയാള സിനിമയിൽ മുൻനിരയിൽ നിൽക്കുന്ന അദ്ദേഹത്തിന്‍റെ പേര് ഞാൻ കേട്ടിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ സിനിമയിൽ വെള്ളിവെളിച്ചത്തിൽ നിൽക്കുന്ന ആളുകളുമായി തോമാച്ചൻ ഇത്രവേഗം സൗഹൃദത്തിലായതിൽ എനിക്കു സന്തോഷം തോന്നി. എന്തായാലും കലാപരമായ യാതൊരു കഴിവും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത എന്നെ ആ പ്രശസ്തനായ സംവിധായകൻ കാണാനാഗ്രഹിക്കുന്നത് അലേർട്ട് ഡിറ്റക്ടീവ് ഏജൻസിയിൽ നിന്നും എന്തെങ്കിലും സേവനം കാംക്ഷിച്ചായിരിക്കും എന്നു മനസ്സു പറഞ്ഞു.
എന്നെക്കുറിച്ചും അലേർട്ട് ഡിറ്റക്ടീവ് ഏജൻസിയെക്കുറിച്ചും സേവനകളെക്കുറിച്ചും മറ്റു പല കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ സൂചിപ്പിച്ചുണ്ടെന്നും എന്നാൽ ഇപ്പോൾ എന്നെ അടിയന്തിരമായി കാണാൻ ആഗ്രഹിക്കുന്നതെന്തിനെന്ന് അറിവില്ല എന്നായിരുന്നു തോമാച്ചന്‍റെ എങ്ങും തൊടാതെയുള്ള മറുപടി.
സംവിധായകന്‍റെ പുതിയ പടത്തിന്‍റെ ഷൂട്ട് അടുത്തൊരിടത്ത് നടക്കുന്നുണ്ട്. ഞായറാഴ്ചകളിൽ സാധാരണ ഷൂട്ട് ഉണ്ടാകാറില്ല. അത്തരം ഒഴിവുള്ള ദിവസങ്ങളിൽ തോമാച്ചനെ അറിയിച്ചാൽ സംവിധായകൻ താമസിക്കുന്ന ഹോട്ടൽ മുറിയിൽ വന്ന് കാണാനുള്ള സൗകര്യം ഏർപ്പാടാക്കിത്തരും എന്ന നിർദേശമാണ് തോമാച്ചനു സംവിധായകനിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഏതായാലും നിലവിൽ യാതൊരു ജോലിയുമില്ല. എന്നാലും അല്പം തിരക്കു കാണിക്കുന്നതാണ് ഈയൊരു ഘട്ടത്തിൽ നല്ലതെന്നു തോന്നി.
മാർദ്ദവമേറിയ നാനും സുഖകരമായ ഗന്ധം പ്രസരിക്കുന്ന പനീർ ബട്ടർ മസാലയും ടേബിളിലെത്തിയപ്പോൾ തോമാച്ചൻ സംസാരിച്ചുകൊണ്ടിരുന്ന വിഷയം വിട്ടു. നാൻ അല്പം കീറിയെടുത്ത് ചാറിൽ ഒന്നു മുക്കി സമചതുരാകൃതിയിലുള്ള പനീർ പീസ് ഉള്ളിൽ വച്ച് മടക്കി കഴിച്ചപ്പോൾ എന്‍റെയും മനസ്സൊന്നു കൈവിട്ടു.
നാവിൽ രുചിയുടെ മുകുളങ്ങൾ തൊടിയിടയിൽ ഉണർന്നു പ്രവർത്തനക്ഷമമായി. നാക്കിനെ മയക്കുന്ന അപാരമായ രുചിമേളം ചില തരം വെജ് വിഭവങ്ങളുണ്ട്. ഇത് അതിൽ പെട്ടതാണ്.
സാവകാശം ആസ്വദിച്ച് നാൻ കഴിച്ചു തീർത്ത് അതിനു മുകളിൽ ഒരു ലസ്സി കൂടി കുടിച്ച് സംതൃപ്തനായി തോമ്മാച്ചൻ എഴുന്നേറ്റു. ഡിജിറ്റൽ മാർഗ്ഗം പണം കൊടുത്ത് ധാബ വിട്ട് പുറത്തു കടന്നപ്പോൾ വെയിലിന്‍റെ ഉഷ്ണ തീവ്രത കുറഞ്ഞിരുന്നു.
വെയിൽ ശമിച്ച തെരുവിലൂടെ നടന്നു പോകുന്ന ആളുകളുടെ എണ്ണവും വർദ്ധിച്ചു തുടങ്ങി. വാച്ചിലേക്കും തുടർന്ന് ആകാംക്ഷയോടെ എന്‍റെ മുഖത്തേക്കും മാറി മാറി നോക്കുന്ന തോമാച്ചനെ ഇനിയും പരീക്ഷിക്കേണ്ടെന്നു കരുതി നാളെ രാവിലെത്തന്നെ സംവിധായകന്‍റെ വിഷയത്തിലുള്ള എന്‍റെ തീരുമാനം അറിയിക്കാമെന്നു പറഞ്ഞു. അതു കേട്ടതും തിരക്കുപിടിച്ച് ഒരു ഓട്ടോക്കു കൈ കാണിച്ച് അതിൽ കയറി തോമാച്ചൻ സ്ഥലം വിട്ടു. ഞാൻ ഓഫീസിലേക്കും.
ഓഫീസിലേക്കുള്ള ചുറ്റു ഗോവണി കയറി മരം പാകിയ വരാന്തയിലൂടെ നടക്കവേയാണ് നാസാരന്ദ്രങ്ങളെ ഉണർത്തിയ ഗന്ധം തിരതള്ളിയെത്തിയത് ! ആ ഗന്ധം തന്നെ! പതുപതുത്ത കേക്കിന്‍റെ ഗന്ധം!
പിറ്റേന്ന് കുളിരു തിരതല്ലുന്ന പുലർകാലം ആസ്വദിച്ചുകൊണ്ട് ഓഫീസിലേക്ക് പോകുമ്പോൾ ജിജ്ഞാസ മനസ്സിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. അതുകൊണ്ടു അപ്പോൾത്തന്നെ തോമാച്ചനെ വിളിച്ച് സംവിധായകനെ കാണാനുള്ള എന്‍റെ സമ്മതമറിയിച്ചു. ഏതായാലും പ്രശസ്തനായ ആ സംവിധായകനുമൊത്തുള്ള കൂടിക്കാഴ്ചക്ക് മനസ്സ് വെമ്പിത്തുടങ്ങി. അദ്ദേഹത്തിന് എന്തായിരിക്കും എന്നോട് അറിയിക്കാനുള്ളത്? ഏതു പ്രശ്നമാണ് അദ്ദേഹത്തെ അലട്ടി കൊണ്ടിരിക്കുന്നത്?
ഉന്മേഷത്തോടെ വഴിയോരത്തെ പച്ചപ്പുൽനാമ്പിൽ പറ്റിക്കിടന്ന മഞ്ഞുതുള്ളികൾ തട്ടിത്തെറിപ്പിച്ചു കൊണ്ട് നടക്കുമ്പോഴാണ് ഓഫീസിനരികിലെ ചെറിയ ചായക്കടയിൽ നീട്ടി ചായയടിക്കുന്നതു കണ്ടത്. ചായ കുടിച്ച് കൗതുകത്തിന് അവിടെ തുങ്ങിക്കിടന്ന ഒരു സിനിമാ മാഗസീനും വാങ്ങി ഓഫീസിലെത്തി. ഒരു മസാലച്ചായ വരുത്തി അല്പാൽപ്പം കുടിച്ചു കൊണ്ട് സിനിമാ മാഗസിന്‍റെ താളുകൾ മറിച്ചു നോക്കി.
കേരളത്തിലുടനീളം നടക്കുന്ന സിനിമാഷൂട്ടിംഗ് വിവരങ്ങൾ ലൊക്കേഷനുകൾ സഹിതം അതിൽ കൊടുത്തിട്ടുണ്ട് സിനിമാ പ്രവർത്തകരൊടൊപ്പമുള്ള നീണ്ട അഭിമുഖങ്ങൾ. അങ്ങിനെ താളുകൾ ഒന്നോടിച്ചു വായിച്ചു മറിക്കുമ്പോൾ യാദൃശ്ചികമായാണ് അടുത്തൊരിടത്ത് നടക്കുന്ന ഷൂട്ടിംഗ് വിശേഷങ്ങൾ ശ്രദ്ധയിൽ പെട്ടത്. വായിച്ചു നോക്കിയപ്പോൾ അത് തോമ്മാച്ചൻ പറഞ്ഞ സംഭവം തന്നെ.
സംവിധായകനുമൊപ്പം ദീർഘമായ ഒരു അഭിമുഖവും. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
ഈ സംവിധായകനെക്കുറിച്ച് ഞാനൊരു ലേഖനം വായിച്ചതോർക്കുന്നു. വിദൂരമായ ഒരു കുഗ്രാമത്തിൽ നിന്നും സിനിമയുടെ സ്വപ്നഭൂമികയിൽ എത്തി, ഒരു ഗോഡ്ഫാദറിന്‍റേയും പിൻബലമില്ലാതെ കഠിനാധ്വാനം കൊണ്ടും ജന്മസിദ്ധമായി ആർജിച്ച കഴിവുകൊണ്ടും മലയാള സിനിമാമേഖലയിൽ മുൻനിരയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്ന സംവിധായകൻ.
സിനിമ ആത്യന്തികമായി സംവിധായകനെ അടയാളപ്പെടുത്തുന്ന കലാരൂപമാണെന്ന് വിശ്വസിക്കുന്നയാൾ. ഒരു ചലച്ചിത്രം അന്തിമമായി അടയാളപ്പെടുത്തേണ്ടത് സംവിധായകന്‍റെ കയ്യൊപ്പിനാലെന്ന് തീർച്ചപ്പെടുത്തിയ ഒരാൾ. സിനിമയിലെ പല വിധ മേഖലയിൽ തന്നാലാവും വിധം പുതിയ ആളുകൾക്ക് അവസരം നല്കുന്ന സംവിധായകൻ. ഇതു വരെ ചെയ്ത സിനിമകളത്രയും കലാപരമായും സാമ്പത്തികമായും മികച്ച വിജയം നേടിയവ.
തന്നെ വിശ്വസിച്ച് സിനിമക്കായി പണം മുടക്കുന്നവർക്ക് മുടക്കു മുതലെങ്കിലും തിരിച്ചുകൊടുക്കലാണ് തന്നിലെ സംവിധായകന്‍റെ പ്രഥമ കർത്തവ്യം എന്ന് സംശയലേശമെന്യേ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നു. അതിനു തടസ്സമാകുന്നതൊന്നും താൻ ചെയ്യുന്ന സിനിമകളിൽ ഉണ്ടാകില്ലെന്നു ഉറപ്പു പറഞ്ഞിരിക്കുന്നു. അതെല്ലാം നല്ല കാര്യങ്ങൾ തന്നെ. മാസിക മടക്കി ചായ കുടിച്ചു കഴിഞ്ഞ് ബാൽക്കണിയിൽ പോയി നിന്നു.
ദൂരെ വിശാലമായ ചില്ലകൾ പടർത്തി ഏവർക്കും തണലു നല്കി ദീർഘകായനായ മുത്തച്ഛനെപ്പോലെ എഴുന്നു നിൽക്കുന്ന പൂമരത്തിൽ ശ്രദ്ധിക്കുമ്പോഴാണ് തോമാച്ചൻ വിളിക്കുന്നത്.
പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.
“നാളെ ഞായറല്ലേ? ഞാൻ തയ്യാറാണ്. സംവിധായകനോട് ചോദിച്ച് വിവരം പറയൂ.”
തോമ്മാച്ചൻ സമ്മതിച്ചു കൊണ്ട് ഫോൺ കട്ടു ചെയ്തു. തിരിച്ച് ഓഫീസിലേക്ക് കയറുമ്പോഴാണ് കറുത്തു തടിച്ച് ദീർഘകായനായ ഒരാൾ സോഫയിൽ ഇരിക്കുന്നത് കണ്ടത്. എന്‍റെ കണ്ണിൽ പെടാതെ ഇയാളെങ്ങിനെ ഇവിടെ കയറിപ്പറ്റി എന്നാലോചിച്ച് കസേരയിൽ പോയിരുന്നു. അപ്പോഴാണ് അവിടെ കടൽകാറ്റിന്‍റെയും മത്സ്യത്തിന്‍റെയും ഗന്ധം അനുഭവപ്പെട്ടത്. അയാൾ എഴുന്നേറ്റു വന്ന് എനിക്കഭിമുഖമായി ഇരുന്നു. സിൽക്കു ജുബ, കൈവിരലുകളിൽ കനത്ത സ്വർണ്ണ മോതിരങ്ങൾ. കഴുത്തിൽ പിരിയൻ സ്വർണ്ണമാല. ഘനഗംഭീര സ്വരത്തിൽ പരിചയപ്പെടുത്തി.
“ഞാൻ ചന്ദ്രൻ. ഫിഷ് മർച്ചന്‍റാണ്. ഞാൻ ഒരിക്കൽ വിളിച്ചിരുന്നു. എന്‍റെ പ്രശ്നം ഞാൻ പറഞ്ഞിരുന്നു.”
പൊടുന്നനെ അയാളെയും അയാളുടെ വിഷയവും എനിക്ക് ഓർമ്മ വന്നു. മനസ്സിന്‍റെ ഇടർച്ചയും വ്യസനവും അയാളുടെ മുഖത്തു നിന്നും വായിച്ചെടുക്കാമായിരുന്നു. അടുത്ത കാലത്തായി ഭാര്യയുടെ പ്രകൃതത്തിൽ വന്ന മാറ്റമാണ് ചന്ദ്രനിൽ സംശയം ജനിപ്പിച്ചത്. ആ മാറ്റങ്ങളെക്കുറിച്ചൊന്നും ഞാൻ ചോദിച്ചില്ല. അതേകദേശം എനിക്കുഹിക്കാം, അയാളുടെ വിലാസവും ഭാര്യ മാനേജരായി ജോലി ചെയ്യുന്ന തുണിക്കടയുടെ വിലാസവും വാങ്ങി ഡയറിയിൽ കുറിച്ചെടുത്തു.
ഏതു നിമിഷവും പുറത്തേക്ക് ബഹിർഗമിക്കാവുന്ന ലാവ ഉള്ളിലൊതുക്കിയ അഗ്നിപർവ്വതമാണ് അയാളെന്നു തോന്നി. അതുകൊണ്ടുതന്നെ അധികമൊന്നും വിവരങ്ങൾ തേടിയില്ല. അയാൾ പറയുന്നത് കേട്ടിരുന്നു.
ആകെയുള്ള മകൾ ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞ് വിദേശ രാജ്യത്ത് ചേക്കേറിയിരിക്കുന്നു. നാട്ടിൽ വന്ന് പോയിട്ട് ഏഴെട്ടു കൊല്ലമായി. വലിയ വീട്ടിൽ ഭാര്യ ഒറ്റക്കിരിക്കുന്നതിന്‍റെ ദു:ഖം അകറ്റാൻ ഇയാൾ തന്നെയാണ് നിർബന്ധിച്ച് തുണിക്കടയിലെ മാനേജർ ജോലി തരപ്പെടുത്തി കൊടുത്തത്. അതിപ്പോൾ ഇയാൾക്കു തന്നെ കോടാലിയായിട്ടാണ് വന്നിരിക്കുന്നത്.
ഭാര്യയിൽ വന്ന മാറ്റം കണ്ട് ജോലിക്കു പോകുന്നത് ഒഴിവാക്കാൻ ഇയാൾ ഒരു പാട് നിർബന്ധിച്ചെങ്കിലും ഒന്നും തന്നെ ഫലവത്തായില്ല. ജോലി ചെയ്യുവാനുള്ള ആഗ്രഹമല്ല അതിനു പിന്നിലെന്ന് ആർക്കും പകൽ പോലെ സുവ്യക്തമാണ് അതേക്കുറിച്ചു അയാൾക്കറിയാവുന്നതിൽ കൂടുതൽ വസ്തുതകളും വിവരങ്ങളും തുണിക്കടയിലെ സ്റ്റാഫുകൾക്ക് അറിയുമായിരിക്കും. ഒരാഴ്ചക്കകം വിവരങ്ങൾ കൈമാറാമെന്ന് ഉറപ്പു നല്കിയ ശേഷം അയാളെ യാത്രയാക്കി.
പുറമേക്ക് പരുക്കനായി തോന്നിച്ച ആ നിർഭാഗ്യവാനായ മനുഷ്യനോട് അനുകമ്പ തോന്നുകയാണ്. കാര്യങ്ങൾ അറിഞ്ഞിടത്തോളം സംഭവം അത്യന്തം ഗുരുതരമാണ്. ഒരു കുടുംബത്തിന്‍റെ തകർച്ചയിലേക്കുതന്നെ നയിക്കാവുന്ന കാര്യങ്ങൾ ഇതിലുണ്ട് ഏതായാലും സംവിധായകന്‍റെ വിഷയം മനസ്സിലാക്കിയ ശേഷം ഇയാളുടെ ഭാര്യയെക്കുറിച്ച് അന്വോഷിക്കണം. അയാൾ തന്ന അഡ്രസ്സിലെ തുണിക്കട അത്ര പ്രസിദ്ധമല്ല. മെയിൻ റോഡിനോടു ചേർന്നുള്ള ചെറിയ ഒരു കടയാണ്. ഏതായാലും അവിടെങ്ങും എനിക്ക് പരിചയക്കാരില്ലാത്ത സ്ഥിതിക്ക് വീട്ടമ്മയെ പിൻതുടരേണ്ടി വരും. ഒപ്പം തുണിക്കടയിലും ഒന്നു പോകേണ്ടിവരും.
ഞായറാഴ്ച വൈകീട്ട് സംവിധായകനുമൊത്തുള്ള കൂടിക്കാഴ്ച തോമാച്ചൻ ഏർപ്പാടാക്കിത്തന്നു. ടൗണിലെ മുന്തിയ ഒരു ഹോട്ടൽ. ഹോട്ടൽ ആരാധന. ആർക്കും ആരാധന തോന്നിക്കുന്ന നക്ഷത്ര ഹോട്ടൽ. സിനിമക്കാരുടേയും രാഷ്ട്രീയക്കാരുടേയും സ്ഥിരം തട്ടകം. സമയമുണ്ട്. അതു കൊണ്ട് തുണിക്കടയിൽ പോയി എന്തെങ്കിലും വാങ്ങാം എന്നു നിശ്ചയിച്ചു. ഞായറാഴ്ചയും തുറക്കുന്ന കടയാണ്. നല്ല കച്ചവടം ഞായറാഴ്ചയാകും ലഭിക്കുന്നത്. അമ്മ നിർബന്ധിച്ചു തന്ന ഒരു ഗ്ലാസ്സ് കടും കാപ്പിയും കുടിച്ച് രാവിലെത്തന്നെ നേരത്തെ പുറത്തിറങ്ങി.
ഇളം തണുപ്പുള്ള അന്തരീക്ഷം. പുൽക്കൊടിത്തുമ്പിൽ കുഞ്ഞു സൂര്യന്മാർ മിന്നിത്തിളങ്ങുന്നു. ഈറനുടുത്തു നിൽക്കുന്ന മരങ്ങൾ. അവയത്രയും ഉൾക്കൊണ്ടു കിടക്കുന്ന നേരിയ ചുകന്ന വെയിൽ. നാരായണേട്ടന്‍റെ കടയായിരുന്നു ആദ്യ ലക്ഷ്യം. എത്ര കഴിച്ചാലും മതിയാകാത്ത നേർത്തുമൊരിഞ്ഞ ദോശയും പൂ പോലെ മൃദുലമായ ഇഡലിയുമാണ് അവിടുത്തെ സ്പെഷൽ . കൂട്ടിന് ഉള്ളിച്ചമ്മന്തിയും സാമ്പാറും. പിന്നെ വേണമെങ്കിൽ പച്ച വെളിച്ചെണ്ണ കുഴച്ച ചട്നി പൊടിയും.
ദോശയെല്ലാം ഒറ്റയടിക്കുണ്ടാക്കി കണ്ണാടിക്കൂട്ടിൽ അട്ടിവക്കുന്ന രീതി അവിടില്ല. ചിലയിടങ്ങളിൽ അങ്ങിനെക്കിട്ടുന്ന തണുത്തു ഉണങ്ങിയ ദോശയും എനിക്ക് ഇഷ്ടമല്ല. ഇവിടെ ആവശ്യക്കാരുടെ ഓർഡറനുസരിച്ച് അപ്പപ്പോൾ ചൂട് ദോശ തയ്യാറാക്കലാണ് പതിവ്.
ചെറിയ ചായക്കടയിൽ രണ്ടോ മൂന്നോ ആളുകളേ ഉള്ളൂ. നേർത്തുമൊരിഞ്ഞ നെയ് ദോശ , വെളിച്ചെണ്ണയൊഴിച്ചു പതം വരുത്തിയ മുളകു ചമ്മന്തി ചേർത്ത് കഴിക്കുമ്പോൾ പുറത്തെ ഇളം തണുപ്പ് നേരിയ മഴയ്ക്ക് വഴിമാറി. ആ അവാച്യമായ സുഖം ആസ്വദിച്ച് നീട്ടിയാറ്റി പാലൊഴിച്ചു കൊഴുപ്പിച്ച ചായ അൽപാൽപം കുടിക്കുമ്പോൾ ഫിഷ് ബിസിനസ്സുകാരൻ ചന്ദ്രേട്ടനെക്കുറിച്ച് ആലോചിച്ചു.
കുടുംബജീവിതത്തിൽ അല്പസ്വല്പം ദാമ്പത്യ പ്രശ്നങ്ങൾ സാധാരണമാണ്. അവ പരമാവധി ഭാര്യയിലും ഭർത്താവിലുമായി ഒതുങ്ങി നിൽക്കാറാണ് പതിവ്. അത്യന്തം ഗുരുതരമാകുമ്പോഴെ പുറത്തു നിന്നുള്ള ഇടപെടലുകൾ അവരാവശ്യപ്പെടാറുള്ളൂ. അങ്ങനെയെങ്കിൽ ചന്ദ്രേട്ടന്‍റെ വിഷയം ഗുരുതരം തന്നെ.
സാമ്പത്തികമായി നല്ല ശേഷിയുള്ള കുടുംബമാണ്. ഭാര്യക്കു പോയി പണം സമ്പാദിക്കേണ്ട ആവശ്യമില്ല. എങ്കിൽ ഭർത്താവിന്‍റെ എതിർപ്പിനെ വകവക്കാതെ ധിക്കരിച്ചു കൊണ്ട് അവർ ജോലിക്കു പോകാൻ ഒരുമ്പെടുന്നതിനു പിന്നിൽ ജോലിയോടുള്ള താത്പര്യമല്ലെന്നു വ്യക്തം. അവരെ ജോലിക്കു പോകാൻ പ്രേരിപ്പിക്കുന്ന പ്രചോദനശക്തികൾ അവരുടെ ജോലിസ്ഥലത്തു ഉണ്ടായിരിക്കാം.
അതെന്തെന്നു കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുമ്പ് കണ്ടുപിടിച്ചാൽ എന്‍റെ പ്രശ്നത്തിന് സമീകരണമായി അതോടപ്പം ആ കണ്ടെത്തൽ ചന്ദ്രേട്ടന്‍റെ പ്രശ്നങ്ങളുടെ ആരംഭവുമാകും.
നാരായണേട്ടൻ ഒരു തവ ദോശമാവെടുത്തു ദോശ കൂട്ടാനുള്ള തയാറെടുപ്പിനിടയിൽ എന്‍റെ അനുവാദത്തിനായി എന്നെ ഒന്ന് നോക്കി പിന്നെയും ദോശ കഴിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവത് സംബന്ധിയായ വിഷയത്തിന്‍റെ ഹേതുവറിയാനുള്ള ജിജ്ഞാസ മൂലം എഴുന്നേറ്റു കൈ കഴുകി നാരായണേട്ടന് പണം കൊടുത്ത് പുറത്തിറങ്ങുമ്പോൾ പൊടിഞ്ഞു പെയ്തു കൊണ്ടിരുന്ന മഴ പൂർണ്ണമായും തോർന്നിരുന്നു.