ഒരു മാസം, ആ കാലയളവ് എങ്ങിനെ പൊയ്പോയി എന്നത് ആ മാസാവസാനം എനിക്ക് മനസ്സിലായതേ ഇല്ല. ജീവിതത്തിൽ യാതൊരു പുരോഗതിക്കു വേണ്ടിയും ഒരുമ്പെടാത്ത, യാതൊരു പുരോഗതിക്കും ദൃശ്യമാകാതെ പൊയ്പോയ ഒരു മാസക്കാലം.

എന്‍റെ തൊഴിലുമായി ബന്ധപ്പെടുന്ന ഫോറൻസിക് സയൻസുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിച്ചതാണ് ആകെയുള്ള ഒരു നേട്ടമായി തോന്നിയത്. അതിന്‍റെ എഴുതാപ്പുറങ്ങളിലേക്ക്, കാണാക്കയങ്ങളിലേക്ക് ഊളിയിട്ട് പൊയ്പോയ മനസ്സ്. മാഗി മാഡവുമായി ബന്ധപ്പെട്ട് പിന്നീട് ഒന്നും തന്നെ അറിയാൻ കഴിഞ്ഞില്ല. അറിയാൻ ശ്രമിച്ചുമില്ല. ഒരു തവണയോ മറ്റോ കുഞ്ഞച്ചൻ ആ കറുത്ത അംബാസിഡർ കാർ ഓടിച്ചു പോകുന്നതായി കണ്ടിരുന്നു.

ബീച്ച് റോഡിലേക്കുള്ള വഴിത്താരയിൽ പൂമരങ്ങൾ പൂത്തുതളിർത്തു നിന്ന പരിസരങ്ങളിൽ ആയിരുന്നു അയാളെ കണ്ടത്. പൂമരച്ചോട്ടിനരികെ പാർക്കു ചെയ്ത കാറിനരികിലേക്ക് ഹൃദയം തകർന്ന് നടന്നു പോകുന്ന മാഗി മാഡം. ആ കാഴ്ച ഏറെ നാൾ മനസിനെ ശക്തിയായി പിടിച്ചുലച്ചിരുന്നു. പിന്നെ അതെക്കുറിച്ച് ഓർക്കാതായി.

പരീക്ഷാക്കാലത്ത് എഴുതിയും വായിച്ചും പഠിച്ചിരുന്ന വസ്തുതകൾ തക്ക സമയത്ത് ഓർമ്മ കിട്ടാത്തതോർത്ത് പരീക്ഷാ ഹാളിലിരുന്ന് മനസ്സുനൊന്തു വ്യസനിച്ചിരുന്നു. മറവി മനുഷ്യനു ദൈവം നല്കിയ വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് ഇന്നറിയുന്നു. മനുഷ്യനെ മുന്നോട്ടു ചലിപ്പിക്കുന്ന ചാലകശക്തി മറവി തന്നെയെന്ന് ചിലപ്പോൾ തോന്നിപ്പോകുന്നു. അനവരതം നീറ്റലുള്ള ഓർമ്മകൾ വന്നു നിറയുമ്പോൾ മനസ്സ് മുന്നോട്ടു ചലിക്കുന്നതെങ്ങനെ? അത് മുറിവേറ്റ മനസ്സിന്‍റെ ഓർമ്മകളെങ്കിലോ? തുടർ ജീവിതം അസാദ്ധ്യം തന്നെ!

ഒരേ പോലെ ആവർത്തിക്കുന്ന ദിനരാത്രങ്ങൾ. ചിലപ്പോൾ ഓഫീസിനു പുറത്തെ ബാൽക്കണിയിൽ നിന്നു നോക്കുമ്പോൾ സമയവും സ്ഥലവും നിശ്ചലമായി തളം കെട്ടി നിൽക്കുന്നതായി തോന്നും. പിന്നെയാ തോന്നൽ ഈടില്ലാത്തതെന്ന് വ്യക്തമാകും. സ്ഥലകാലങ്ങളെ മറികടന്ന് ഒരാൾ നടത്തിയ യാത്രയെക്കുറിച്ചുള്ള ഒരു ലേഖനം പണ്ട് വായിച്ചതോർക്കുന്നു.

കുറെക്കാലം മുമ്പ് റുഡോൾഫ് ഫെന്‍റസ് എന്നൊരു വ്യക്തി തിരക്കേറിയ ഒരു തെരുവിൽ പ്രത്യക്ഷപ്പെട്ടു. ഉടനെത്തന്നെ കാറ് ഇടിച്ച് മരിക്കുകയും ചെയ്തു. അയാൾ കഴിഞ്ഞ നൂറ്റാണ്ടിലെ വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. അയാളുടെ പോക്കറ്റുകളിൽ നിന്ന് ലഭിച്ച വസ്തുക്കൾ എല്ലാം കഴിഞ്ഞ നൂറ്റാണ്ടിലേത്. അന്വേഷണത്തിൽ നിന്നും വെളിവായത് അയാൾപോയ നൂറ്റാണ്ടിൽ ഒരു നാൾ അപ്രത്യക്ഷനായ വ്യക്തി എന്നായിരുന്നു. ആ പ്രഹേളികക്ക് ഇന്നും ഉത്തരമില്ല. സമയത്തെ മറികടന്നു കൊണ്ട് ഒരു യാത്ര. ശാസ്ത്ര നിയമങ്ങളെ മറികടന്നുള്ള സംഭവപരമ്പരകൾ. അതിന് സമീകരണവുമില്ല.

ഇവിടെ നിന്നു നോക്കുമ്പോൾ എനിക്കു മുന്നിൽ പുതിയ കെട്ടിടങ്ങൾ ഉയരാനൊരുങ്ങുന്നുണ്ട്. ഉള്ള കെട്ടിടങ്ങൾ പുതിയ നിറമണിയുന്നുണ്ട്. ആളുകളും ആളുകളെ നിറച്ച വാഹനങ്ങളും ജീവബിന്ദുക്കളും എല്ലാം അനവരതം ലക്ഷ്യസ്ഥാനത്തെത്താൻ നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാമായിരിക്കും കാലപ്രയാണത്തിന്‍റെ സൂചനകൾ.

ഓഫീസിലും ഒരു മാറ്റം ഞാൻ കൊണ്ടുവന്നിരിക്കുന്നു. ചിലപ്പോൾ ഇവിടെ കാലം നിശ്ചലമാണെന്നു തോന്നിയാലോ? ബിനാലെയോടുബന്ധിച്ചുള്ള ഒരു ചിത്രപ്രദർശനം കാണാൻ അവസരം ലഭിച്ചപ്പോൾ മനസ്സിലുടക്കിയ ഒരു ചിത്രം, ഘാലിയുടെ ഉരുകുന്ന വാച്ചുകൾ, അതു കണ്ടപ്പോൾതന്നെ ഇഷ്ടപ്പെട്ടു. പറഞ്ഞ വില കൊടുത്ത് വാങ്ങി. അതിന്ന് ഓഫീസ് ചുമരിന് ഗാംഭീര്യം നൽകുന്ന പ്രസക്തമായ ഒരാഭരണമായി തൂക്കിയിട്ടിരിക്കുന്നു. മനുഷ്യർ വാച്ചുകൾക്കൊണ്ട് സമയത്തെ അളക്കാൻ തുനിയുന്നതിന്‍റെ വ്യർത്ഥത അടയാളപ്പെടുത്തുന്ന ഘാലിയുടെ ഉരുകുന്ന വാച്ചുകൾ.

എങ്കിലും സമയം മനുഷ്യന്‍റെ ദൈനംദിന ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം അനാദൃശ്യമാകുന്നു. മനുഷ്യനെ നിരന്തരം കർമ്മബന്ധത്തെ കുറിച്ച് ഓർമ്മിപ്പിക്കുന്ന സമയമെന്ന മായാജാലക്കാരൻ.

ഈ കാർന്നു തിന്നുന്ന വിരസതയിലും ട്രീസയുടെ പതിഞ്ഞ ശബ്ദത്തിലുള്ള മാധുര്യമാർന്ന കിളികൊഞ്ചലുകൾ ആശ്വാസം നൽകുന്നു. അവൾക്കു അവളുടെ അമ്മയുടെ സ്വാധീനം വഴി സുഗന്ധദ്രവ്യങ്ങളുടെ നിർമ്മാണ കമ്പനിയിൽ ജോലി തരപ്പെട്ടത്ര. എങ്ങും സുഗന്ധം മാത്രം പരന്നൊഴുകുന്ന പെർഫ്യൂം കമ്പനിയുടെ സ്റ്റോറിലാണ് ജോലി.

ഏതായാലുംഅവളുടെ അമ്മക്ക് ആ പ്രസിദ്ധമായ പെർഫ്യൂം കമ്പനിയുടെ നടത്തിപ്പുകാരിൽ കാര്യമായ സ്വാധീനമുണ്ട് എന്ന് വ്യക്തം. ആ സ്വാധീനം എനിക്കൊരു ദ്രോഹമായി വരുമോ എന്ന ഒരു സംശയം ഇല്ലാതില്ല. ഒരിക്കൽ വിളിച്ചപ്പോൾ അവൾ അപ്രതീക്ഷിതമായി പെട്ടെന്നൊരു ചോദ്യം. പാസ്പോർട്ട് എടുത്തിട്ടുണ്ടോ എന്ന്! താത്പര്യമെങ്കിൽ അവിടെ ഒരു ജോലി ശരിപ്പെടുത്തിത്തരാമെന്ന്. പറയാമെന്നു പറഞ്ഞ്‌ ഫോൺ കട്ടു ചെയ്തു.

ഇവിടുത്തെ കാറ്റും മഴയും വേനലുമറിയാതെ, ഉൾക്കൊള്ളാതെ, ഭൂഖണ്ഡങ്ങൾ താണ്ടാനോ? അമ്മ? എവിടെക്കുമില്ല. ജനിച്ചു വളർന്നിടത്തെ സാന്ദ്രമായ ജൈവസ്ഥലരാശികൾ ഉപേക്ഷിച്ച് എങ്ങോട്ടും ഇല്ല. ഏതായാലും അവൾക്കായി ഇവിടെ ഒരു ജോലി അന്വേഷിക്കേണ്ടിയിരിക്കുന്നു.

തുടർന്ന് അവൾ അമ്മയെക്കുറിച്ച് പറഞ്ഞു. അവളുടെ അമ്മ ഏറെ സമാധാനത്തിൽ കഴിയുന്നു. പഴയ പോലെ തൊട്ടതിനും പിടിച്ചതിനും ദേഷ്യപ്പെടലില്ല. സ്വന്തം നാടു പറ്റിയതിന്‍റെ ആശ്വാസത്തിന്‍റെ പ്രതിഫലനമാകാം ആ സന്തോഷം!

തോമാച്ചനെ പറ്റി വിവരമില്ല. ശേഷം സ്ക്രീനിൽ എന്നെഴുതിയ ഒരു സന്ദേശം കണ്ടു. കാര്യം അന്നേരം മനസ്സിലായില്ല. പിന്നീടാണ് അറിഞ്ഞത് തോമാച്ചൻ പുതിയ ലാവണം കണ്ടെത്തിയിരിക്കുന്നു.

അയാളുടെ പുതിയ കൂടുമാറ്റം രസകരമായിത്തോന്നി. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നല്കുന്ന കോർഡിനേറ്റർ. ഒരു പാട് സൗഹൃദങ്ങളും ഒരു പാട് അഭിനയമോഹികളും ഉള്ള ഇന്നാട്ടിൽ തോമാച്ചൻ തിളങ്ങും എന്ന് എനിക്കു തോന്നി. എന്നാൽ കോർഡിനേറ്റർ മാത്രമായി ചുരുങ്ങാൻ തയ്യാറല്ല എന്ന് തോമാച്ചൻ വിശദീകരിച്ചു.

വർക്കുകൾ ഏറ്റെടുത്ത് കഴിവു തെളിയിച്ച് സംവിധായകരുടേയും നിർമ്മാതാക്കളുടേയും പ്രീതിയും നല്ല അഭിപ്രായവും പിടിച്ചുപറ്റി യോജിച്ച നല്ലൊരു അഭിനയാവസരം ഒത്തുവന്നാൽ സിനിമയിൽ അഭിനയിക്കുക എന്നതാണ് അദ്ദേഹത്തിന്‍റെ ആത്യന്തിക ലക്ഷ്യം.

തോമാച്ചന്‍റെ ചിലയവസരങ്ങളിലെ ശരീരഭാഷ കാണുമ്പോൾ മികച്ച അഭിനയം എന്നെനിക്ക് തോന്നാറുണ്ടെങ്കിലും അഭിനയമോഹം ഉള്ളിലുറങ്ങിക്കിടക്കുന്ന മികച്ച ഒരു കലാകാരനാണെന്നു എനിക്കറിയില്ലായിരുന്നു. തിരിച്ചറിയാതെപ്പോയ ഒരു പ്രതിഭ. ആ പ്രതിഭയെ തൊട്ടുണർത്തുന്ന സാഹചര്യമാണ് ഈ ജോലിയിലൂടെ ഒത്തു വന്നിരിക്കുന്നത്.

പണ്ടേതോ നാടകത്തിലൊക്കെ അഭിനയിച്ചിരുന്നെന്നു പറഞ്ഞപ്പോൾ ഞാൻ കാര്യമായി ഗൗനിച്ചിരുന്നില്ല. തുടർന്ന് ഈ മേഖലയിലെ സാമ്പത്തിക ശാസ്ത്രം വിവരിച്ചു കേട്ടപ്പോൾ സംഗതി കൊള്ളാമെന്നു തോന്നി. ഒരാളെ ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനിൽ എത്തിച്ചു നല്കിയാൽ എണ്ണൂറു രൂപ തോമാച്ചനു കിട്ടും. ചായ, ഭക്ഷണം, ലഘുഭക്ഷണം മുതലായവ ഇഷ്ടം പോലെ.

ആ എണ്ണൂറു രൂപയിൽ അഞ്ഞൂറു രൂപ ആർട്ടിസ്റ്റിനു പോകും. ബാക്കിമുന്നൂറു രൂപ കമ്പനിക്ക്. ഇതു പോലെ പലയിടങ്ങളിൽ ഷൂട്ടിംഗ് കാണും. വമ്പൻ പടമെങ്കിൽ കൂടുതൽ ദിവസവും കൂടുതൽ ആളുകളും വേണ്ടിവരും. അത്തരം അവസരങ്ങൾ ഒത്തുവന്നാൽ തോമാച്ചൻ കളം വാഴും. ഇതിനായി അഞ്ഞൂറു പേരടങ്ങുന്ന ഒരു വാട്ട്സപ്പ് കൂട്ടായ്മയും രൂപീകരിച്ചു. ആളെ ആവശ്യമെന്ന അറിയിപ്പു കിട്ടിയാൽ ആ വിവരവും ലൊക്കേഷനും സമയവും പ്രായവും മറ്റു വിവരങ്ങളും ഗ്രൂപ്പിൽ ഇടും. താത്പര്യം കാണിക്കുന്നവരുടെ ലിസ്റ്റ് ബന്ധപ്പെട്ട സിനിമാക്കാർക്കു നല്കും. പിന്നെ തോമാച്ചൻ നേരെ ലൊക്കേഷനിലേക്ക് .

പലയിടങ്ങളിൽ നിന്നായി അവിടെ എത്തിച്ചേരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെ പട്ടിക തയ്യാറാക്കും. ജൂനിയർ ആർട്ടിസ്റ്റുകളെ കയ്യോടെ ഷൂട്ടിംഗിനേൽപ്പിച്ച് ലഘുഭക്ഷണം കഴിച്ചും സൗഹൃദങ്ങളുണ്ടാക്കിയും തോമാച്ചൻ ലെക്കേഷനിൽ കറങ്ങി നടക്കും. അന്നത്തെ ഷൂട്ടിംഗിനു ശേഷം പടത്തിൽ സഹകരിച്ചവരുടെ പട്ടിക പ്രൊഡക്ഷനിൽ ഏൽപ്പിച്ച് അന്നത്തെ പണം കൃത്യമായി കൈപ്പറ്റും.

ഇങ്ങിനെ തിരക്കുപിടിച്ച അവസ്ഥയിലാണെങ്കിലും എനിക്കൊരാവശ്യം വന്നാൽ അതിനായിരിക്കും പ്രഥമ പരിഗണനയെന്ന് തോമാച്ചൻ വാക്കു തന്നു. അതു കേട്ടപ്പോൾ അയാൾ കൈവിട്ടു പോയല്ലോ എന്ന് വിഷമിച്ച എനിക്ക് ആശ്വാസമായി.

സിനിമാ ലോകം! ഈ ചെറിയ ടൗൺസിനിമാക്കാരുടെ പ്രധാന കേന്ദ്രമാണ്. പലപ്പോഴുള്ള യാത്രകളിൽ എത്രയോ സിനിമാക്കാഴ്ചകൾ കണ്ടിരിക്കുന്നു. അന്നൊന്നും കാര്യമായി ശ്രദ്ധിച്ചിട്ടില്ല. കൊളോണിയൻ ഭരണത്തിന്‍റെ ബാക്കിപത്രമായ, കാര്യമായ കേടുപാടുകൾ സംഭവിക്കാത്ത മനോഹരമായ ശേഷിപ്പുകൾ ഇവിടെ ഒരുപാടുണ്ട്.

വെട്ടുകല്ല് പാകിയ മനോഹരമായ വഴിത്താരകൾ. വഴിത്താരക്കിരുവശവും പച്ച തഴച്ച നിരയൊത്ത മരങ്ങൾ. അവ കാണുമ്പോൾ വിദേശ രാജ്യത്തെ ഏതോ മനോഹരമായ സ്ഥലമെന്ന് തോന്നിപ്പോകും. ഇവിടുന്ന് നടക്കാവുന്ന ദൂരമേുള്ളൂ ബീച്ചിലേക്ക്. വെളുത്ത കമ്പിളി വിരിച്ച പോലെ നീണ്ടു കിടക്കുന്ന വെള്ളമണൽപ്പരപ്പ് അതിർത്തി നിശ്ചയിച്ച അപാരമായ നീലകടൽ. പിന്നെ ദൈവത്തിന്‍റെ സ്വന്തം നാടിനെ അടുത്തറിയാൻ മഹാസമുദ്രങ്ങളും വൻകരകളും താണ്ടി എത്തുന്ന വിദേശീയർ. ചെറിയ കാര്യങ്ങൾ അത്ഭുതം കലർന്നമിഴിയോടെ കാണുന്നവർ.

പിന്നെ സിനിമയിലെ ആരാധനാപാത്രമാകാൻ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന അഭിനയമോഹികൾ. അവർക്കു തന്നെയറിയാം ലക്ഷങ്ങൾ ഈയൊരു ലക്ഷ്യമിട്ട് അലയുന്നുണ്ടെന്ന്! അതിൽ നിന്നും സിനിമയിൽ മുൻനിരയിൽ എത്തിപ്പെടുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. മിക്കവാറും അഭിനയമോഹികൾ വേണ്ടപ്പെട്ടവരിൽ നിന്നുള്ള നിരന്തരമായ പഴി കേട്ട് മടുത്ത് ബന്ധുജനങ്ങളുടെ പരിഹാസം ഉൾക്കൊണ്ട് പതുക്കെ പിൻവലിയും. പിന്നെ അവർ ജീവിതം മുന്നോട്ടു പോകാനുള്ള തൊഴിലിലോ ബിസിനസ്സിലോ കയറിപ്പറ്റാനാണ് ശ്രമിക്കുക.

ഒന്നും വകവക്കാതെ അസ്ഥിക്കു പിടിച്ച സിനിമാ പ്രേമം മൂലം കുറെക്കൂടി മുന്നോട്ടു പോകുന്നവരുണ്ട്. ഇടക്ക് എപ്പോഴെങ്കിലും വെള്ളിത്തിരയിൽ മുഖം കാണിച്ച് അങ്ങനെ കുറെക്കാലം കഴിയുമ്പോൾ അവരും പച്ച കാണാതെ പിൻവാങ്ങും. അതു കൊണ്ടു തന്നെ സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും കാണുമ്പോൾ നമിക്കണം. സാധാരണക്കാർക്ക് ഏറെ ദുഷ്ക്കരമാണ് ഇത്തരം മേഖലകളിൽ മുൻനിരയിൽ എത്തിപ്പെടാൻ.

ചെറുപ്പകാലത്ത് സിനിമാ ഷൂട്ടിംഗ് കാണുമ്പോൾ പോയി നോക്കി നിൽക്കാറുണ്ട്. പിന്നെ പിന്നെ ആ പുതുമ പോയി. സിനിമ കാണുന്ന രസം ഷൂട്ടിംഗ് കാണുമ്പോഴില്ല എന്നു തീർത്തും ബോധ്യപ്പെട്ടു. ഏതായാലും തോമാച്ചന്‍റെ പുതിയ മേച്ചിൻ പുറം ഒന്നാന്തരമായി. ഇനി വിളിക്കുമ്പോൾ സിനിമാ സെറ്റിലെ ആഹാരത്തെക്കുറിച്ച് വിശദമായി ചോദിക്കണം. സിനിമാ സെറ്റിലെ ആഹാരത്തിന്‍റെ രുചി പിടിച്ചവൻ പിന്നെ അതു വിട്ട് പോകില്ലെന്ന് ഞാൻ കേട്ടിട്ടുണ്ടായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...