ഒരു കുഞ്ഞ് വൈറസ് നമ്മുടെ രണ്ട് പുതുവർഷ ആഹ്ലാദാരവങ്ങളെ നിർദ്ദാഷിണ്യം കവർന്നു കൊണ്ടുപോയി. എന്നിട്ടും മറ്റൊരു പുതുവർഷത്തിന്‍റെ പ്രതീക്ഷകളിലേക്ക് വീണ്ടും നാം എത്തുമ്പോൾ ആശങ്കകൾ പൂർണ്ണമായും ഒഴിഞ്ഞു എന്നു പറയാറായിട്ടില്ല. ശ്രദ്ധിച്ചാൽ, കോവിഡിനു മുമ്പും കോവിഡിനു ശേഷവും എന്നൊരു ജീവിതാവസ്‌ഥ തന്നെ നമുക്ക് അനുഭവിച്ചറിയാൻ കഴിയും.ആരോഗ്യം എന്നത് ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണിപ്പോൾ. കോവിഡ് കൊണ്ടുവന്ന വലിയൊരുമാറ്റം ആരോഗ്യപരിപാലനത്തിൽ ആളുകൾ കുറെ കൂടി ജാഗ്രത പുലർത്തുന്നു എന്നതാണ്. ശാരീരിക മാനസികാരോഗ്യങ്ങൾക്ക് തുല്യപരിഗണന നൽകിയുള്ള ജീവിതചര്യ പുതിയകാലത്തിന്‍റെ മുഖമുദ്രയാണ്. രോഗങ്ങൾ വന്നാൽ ചികിത്സിക്കണം. എന്നാൽ രോഗങ്ങൾ പിടിപെടാതിരിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് ചിന്തിപ്പിക്കാൻ പോയ രണ്ടുവർഷങ്ങൾക്കു കഴിഞ്ഞു. ഈ പുതുവർഷത്തിൽ ആരോഗ്യമുള്ള ജീവിത രീതി പിന്തുടരാൻ തീരുമാനമെടുത്തിട്ടുണ്ടോ? എങ്കിൽ തീർച്ചയായും ഇവരുടെ വാക്കുകൾ നമുക്ക് ശ്രദ്ധിക്കാം….
കവിത പി യുട്യൂബർ, സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ
കോവിഡ് തുടങ്ങുന്നതിന് 7 മാസം മുമ്പേ ഞാൻ ചാനൽ തുടങ്ങി. എന്നാൽ കോവിഡ് സമയമായപ്പോഴാണ് ആളുകൾ എന്‍റെ ചാനലിനെ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങുന്നത്. ആരോഗ്യസംരക്ഷണ കാര്യത്തിൽ ആളുകൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷെ സമയമില്ലാത്തതാണ് പ്രശ്നം. ഒരിക്കൽ ഒരു ആരോഗ്യപ്രശ്നത്തിൽ എത്തി കഴിയുമ്പോഴാണ് പലരും ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. 35 വയസ്സിന് മുകളിൽ ഉള്ളവരാണ് ഇക്കാര്യത്തിൽ കൂടുതൽ പ്രാധാന്യം നൽകി കാണുന്നത്. പ്രകൃതിദത്തമായ രീതിയിലൂടെയുള്ള ആരോഗ്യ- സൗന്ദര്യ സംരക്ഷണത്തിനാണ് ഞാൻ മുൻതൂക്കം നൽകുന്നത്. ഒരിക്കലും കുറുക്ക് വഴികൾ തേടാതിരിക്കുക.
കാഴ്ചപ്പാടിൽ മാറ്റം
പലരും ഭക്ഷണ കാര്യത്തിൽ കുറെയേറെ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. ഒപ്പം മാനസികാരോഗ്യത്തിനും മുൻതൂക്കം നൽകുന്നുണ്ട്. ഇത് വളരെ നല്ല പ്രവണതയാണെന്നാണ് സോഷ്യൽ മീഡിയ ഇൻഫ്ളൂൻസർ എന്ന നിലയിൽ ഞാൻ വിലയിരുത്തുന്നത്. ഞാൻ ഒരു ഫിറ്റ്നസ് ട്രെയ്നറും കൂടിയാണ്. കൊറോണ കാലത്താണ് ആളുകൾ ഫിറ്റ്നസ് കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയതെന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്. എന്തൊക്കെ ഫുഡ് കഴിക്കണം, കഴിക്കുന്ന ആഹാരം ഹെൽത്തിയായിട്ടുള്ളതാണോ, എങ്ങനെ വണ്ണം കുറയ്ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കൂടുതലും സെർച്ച് ചെയ്യുന്നത്.
ഒരു പക്ഷേ സ്ത്രീകളെക്കാൾ കൂടുതലും പുരുഷന്മാരാണ് സൗന്ദര്യ-ആരോഗ്യ പരിചരണത്തിൽ ശ്രദ്ധ നൽകുന്നതെന്ന് കാണാൻ കഴിയും. ഈ പുതുവർഷത്തിൽ സ്ത്രീകളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് ക്രിയേറ്റ് ചെയ്‌ത് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കണയെന്നത് എന്‍റെയൊരു ലക്ഷ്യമാണ്.
പുതിയ തലമുറയോട് എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഒരുപാട് കാശ് മുടക്കി നമ്മൾ വിലയേറിയ ഡ്രസ്സുകളും ആക്സെസറീസുകളുമൊക്കെ വാങ്ങിക്കുന്നതിന് പകരമായി ഒരു സ്കിപ്പിംഗ് റോപ്പെങ്കിലും വാങ്ങാം. ഹെൽത്ത് മെയിന്‍റയിൻ ദിനചര്യയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസ് വർദ്ധിപ്പിക്കും. ഇതാവണം ഈ പുതുവർഷത്തിൽ എല്ലാവരും ചെയ്യേണ്ടത്.
വളരെ ഡൾ കളർ ഉള്ള ആളായിരുന്നു ഞാൻ. കല്യാണം കഴിഞ്ഞതോടെ കുടുംബ ജീവിതത്തിന്‍റെ തിരക്കുകളിലായി. പിന്നീട് ചെന്നൈയിൽ എത്തിയതോടെ എന്‍റെ ജീവിതം മാറി മറിഞ്ഞു. രണ്ടാമത്തെ പ്രസവം കഴിഞ്ഞു 105 കിലോ ശരീരഭാരം ഉണ്ടായിരുന്ന ഞാൻ അത് 67 കിലോയിൽ എത്തിച്ചത് നിതാന്തമായ പരിശ്രമം കൊണ്ടാണ്. 8 വർഷം മുമ്പായിരുന്നു അത്. അന്ന് തുടങ്ങി അത് മെയിന്‍റൻ ചെയ്‌തു കൊണ്ടു പോകുന്നു.
ഫുഡ് കൺട്രോൾ ചെയ്തല്ല മറിച്ച് ഫുഡ് ഹാബിറ്റിൽ മാറ്റം വരുത്തുകയാണ് ഉണ്ടായത്. 6 മാസം കൊണ്ട് 35 കിലോയാണ് കുറച്ചത്. വെളുപ്പിനെ 5 മണിക്ക് എഴുന്നേൽക്കുകയും രാത്രി 9.30 ന് ഉറങ്ങുകയും ചെയ്യും. 6 മാസക്കാലം ഞാൻ വേവിക്കാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. ഈ ഫുഡ് ഹാബിറ്റ് ഉൾപ്പെടുത്തി കൊണ്ടുള്ള വെയ്റ്റ് ലോസ് ചാലഞ്ച് സീരിസ് ചെയ്‌തപ്പോഴാണ് എന്‍റെ ചാനൽ റീച്ചായത്.
രാവിലെ 5 മണിക്ക് ഉണരുന്നത് ശീലമാക്കുകയും രാത്രി അധികം വൈകാതെ ഉറങ്ങുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. ധാരാളം ജലാംശമുള്ള പച്ചക്കറികൾ, ചീര എന്നിവ ഡയറ്റിൽ അധികമായും ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കാർബോഹൈഡ്രേറ്റ് ആവശ്യമായതിനാൽ ചെറുപയർ, മില്ലറ്റുകൾ, റാഗി എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. ഇവ മുളപ്പിച്ച് കഴിക്കുന്നത് ശരീരാരോഗ്യത്തിന് പ്രയോജനം ചെയ്യും. കൃത്യമായ പ്രോട്ടീൻ ഡയറ്റ് ഉറപ്പു വരുത്തുന്നത് പ്രയോജനം ചെയ്യും.
ശരീരാരോഗ്യത്തിന് എന്ന പോലെ മാനസികാരോഗ്യത്തിന് യോഗ ചെയ്യുന്നതും ഡാൻസ് ചെയ്യുന്നതും വിവരണാതീതമായ അനുഭവമാണ് സമ്മാനിക്കുക ഒപ്പം മെഡിറ്റേഷനും. വ്യായാമം, സൗന്ദര്യ പരിചരണം അങ്ങനെ സ്വയം ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് ജീവിതം പ്രത്യാശ നിറഞ്ഞതാക്കും.
വൈദ്യപരിശോധന
വർഷത്തിൽ ഒരിക്കൽ കംപ്ലീറ്റ് ബോഡി ചെക്ക് അപ്പ് എന്നത് റൂട്ടീൻ ആയി തുടരണം. എന്‍റെ അഭിപ്രായത്തിൽ 30 പിന്നിട്ടവർ വർഷത്തിൽ ഒരു തവണയും 40 പിന്നിട്ടവർ 6 മാസം കൂടുമ്പോൾ വൈദ്യ പരിശോധന നടത്തുന്നത് ഇനി വരുന്ന കാലത്ത് അനിവാര്യമാണ്. പ്രത്യേകിച്ചും മാമോഗ്രാഫി പരിശോധന. ഇക്കാര്യത്തിൽ സെൽഫ് ചെക്കപ്പ് ചെയ്യുന്ന രീതി അറിഞ്ഞിരിക്കുന്നതും ഒരുപാട് ഉപകരിക്കും. ഇടയ്ക്കിടെ ഷുഗർ, കൊളസ്ട്രോൾ, ബിപി എന്നിവയൊക്കെ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയാണെങ്കിൽ അവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കഴിയും.
സുനന്ദ, സെയിൽസ് പേഴ്സൺ, ഥഹോം
മികച്ച ആരോഗ്യമെന്നത് എന്നെ സംബന്ധിച്ച് ജീവിതകാലത്തുടനീളം സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ഇരിക്കാനുള്ള ഊർജ്ജമാണ്. കുറേ വർഷങ്ങളായി ഞാൻ യോഗ ചെയ്യുന്നുണ്ട്. എനിക്ക് പറ്റുന്ന രീതിയിലുള്ള എയറോബിക്സും ഞാൻ അതോടൊപ്പം ചെയ്യുന്നുണ്ട്. കൂടാതെ നടക്കുന്നുമുണ്ട്. ഇത് മൂന്നുമാണ് തുടർച്ചയായി മെയിന്‍റയിൻ ചെയ്‌ത് പോകുന്നത്.
ഷുഗർ വന്നതോടെയാണ് നടപ്പ് റൂട്ടിനിന്‍റെ ഭാഗമായത്. ഏകദേശം 5 കി. മീറ്ററോളം നടക്കും. രാവിലെ അഞ്ചേമുക്കാലിന് തുടങ്ങി ആറര വരെയാണ് നടക്കുക. ഞങ്ങൾ കുറച്ചു പേർ ചേർന്ന് വോക്കിംഗ് ഗ്രൂപ്പ് ഉണ്ട്. മാസത്തിൽ 2-3 ദിവസം മാത്രമേ നടപ്പ് ഒഴിവാക്കാറുള്ളൂ. തന്നെ നടക്കുന്നതാണ് എനിക്ക് കുറച്ചുകൂടി കംഫർട്ടായി തോന്നിയിട്ടുള്ളത്. സ്വന്തം സ്പീഡ്, ബോഡി ലാംഗ്വേജ് അനുസരിച്ച് നടക്കാൻ പറ്റുമെന്നതാണ് അതിന് കാരണം. മറ്റുള്ളവർക്കൊപ്പമാണെങ്കിൽ അവരുടെ നടപ്പിന്‍റെ സ്പീഡിന് അനുസരിച്ച് നടപ്പിന്‍റെ വേഗത ക്രമീകരിക്കേണ്ടി വരുമെന്നതാണ് കാരണം.
4.30 ഓടെയാണ് എന്‍റെ പ്രഭാതം ആരംഭിക്കുന്നത്. അത്യാവശ്യം അടുക്കള ജോലിയൊക്കെ ചെയ്ത് കഴിഞ്ഞ് യോഗയും കുറച്ച് ഈസിയായിട്ടുള്ള എയറോബിക്സ് സ്റ്റെപ്പുകളും ചെയ്‌ത ശേഷമാണ് നടക്കാൻ പോവുക. വലിയ ശരീരഭാരമൊന്നുമില്ല. പക്ഷെ വയറൽപം കൂടിയപ്പോഴാണ് വ്യായാമം ചെയ്യാൻ ചിട്ട തുടങ്ങിയത്. ഇപ്പോൾ ശരീരഭാരം 57 കിലോയുണ്ട്. ശരീരഭാരം അങ്ങനെ കൂടാറില്ലെങ്കിലും ഒരിക്കൽ അത് 61 കിലോയിലെത്തിയിരുന്നു. അത് കുറച്ചു വെയിറ്റ് മെയിന്‍റയിൻ ചെയ്‌തു പോകുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിട്ടില്ല
ഷുഗർ നില നേരിയതായി വർദ്ധിച്ചത് മാത്രമാണ് എനിക്കുണ്ടായ ഏക ആരോഗ്യ പ്രശ്നം. അതു അത്ര കൂടുതലായിട്ടുണ്ടായിരുന്നില്ല. കൊറോണ പിടികൂടിയ ശേഷമാണ് ഷുഗർ പ്രശ്നമുണ്ടായത്. തുടക്കത്തിൽ മരുന്ന് കഴിച്ചിരുന്നു. പിന്നീടത് നിർത്തിയിട്ട് എന്‍റേതായ രീതിയിൽ ജ്യൂസ് തയ്യാറാക്കി കഴിച്ചും ഭക്ഷണം നിയന്ത്രിച്ചും ഷുഗറിനെ മാനേജ് ചെയ്യുകയായിരുന്നു.
എനിക്കുണ്ടായ മാറ്റം
എനിക്കുണ്ടായ ആരോഗ്യപരമായ മാറ്റം മറ്റുള്ളവർ പറയുമ്പോഴാണ് ഞാനറിയുന്നത്. സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നതു കൊണ്ട് നിരന്തരം കസ്റ്റമേഴ്സുമായി ഇന്‍ററാക്ട് ചെയ്യേണ്ടി വരും. നിങ്ങൾ ഈ ഏജിലും വളരെ ചുറുചുറുക്കോടെയാണല്ലോ ഇരിക്കുന്നതെന്ന് അവർ പറയുമ്പോഴാണ് എനിക്കുണ്ടായ മാറ്റത്തെ ഞാൻ എക്സ്പീരിയൻസ് ചെയ്യുന്നത്.
ഭക്ഷണക്രമം
രാവിലെ ചപ്പാത്തിയാണ് കഴിക്കുക. പരമാവധി രണ്ടെണ്ണം മാത്രം. കൂടെ എന്തെങ്കിലും വെജിറ്റബിൾ കറിയുണ്ടാകും. ഉച്ചയ്ക്ക് കുറച്ച് ചോറ് അല്ലെങ്കിൽ ഒരു ചപ്പാത്തിയ്ക്കൊപ്പം കുറച്ച് ചോറ്. കറി, സാലഡ് എന്നിവ ഉണ്ടാകും. രാത്രി ചപ്പാത്തി അല്ലെങ്കിൽ പഴങ്ങൾ കഴിക്കും. ഇടയിൽ സ്നാക്ക്സായി ഫ്രൂട്സ് അല്ലെങ്കിൽ നട്സ് കഴിക്കും. പാൽ, മുട്ട ഇതൊക്കെ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. മുട്ട രണ്ട് ദിവസത്തിലൊരിക്കൽ മാത്രമാണ് കഴിക്കുക.
ആരോഗ്യം പുതുവർഷത്തിൽ
പരമാവധി ഇതേ ദിനചര്യ തുടർന്നു പോകാനാണ് താൽപര്യം. ഈ പുതുവർഷത്തിൽ മുടിയുടെ ആരോഗ്യത്തിന് ഊന്നൽ കൊടുത്തു കൊണ്ട് ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നാണ് പ്ലാൻ. അതുപോലെ ക്ലാസിക്കൽ നൃത്തം അഭ്യസിക്കാനും പ്ലാനുണ്ട്. ഉടനടി സൗകര്യപ്രദമായ ഇടത്ത് ഡാൻസ് പരിശീലിച്ചു തുടങ്ങും.
കുടുംബാംഗങ്ങളുടെ ആരോഗ്യം
എനിക്ക് രണ്ട് ആണ്മക്കളാണ്. രണ്ടുപേരും കോളേജ് വിദ്യാർത്ഥികളാണ്. അവരുടെ ആരോഗ്യ കാര്യത്തിലും ശ്രദ്ധ നൽകാറുണ്ട്. ചെറുപ്രായത്തിലുള്ള അവർ ഞാൻ പുലർത്തുന്ന റൂട്ടീനിലൊന്നും വരണമെന്നില്ലല്ലോ. പക്ഷെ രണ്ടുപേരും ജിമ്മിൽ പോകുന്നുണ്ട്.
സന്ദേശം
മിച്ചം വരുന്ന ഭക്ഷണം കളയാതെ കഴിച്ച് കഴിച്ച് എന്‍റെ അമ്മയ്ക്ക് ഷുഗർ, പ്രഷർ, തൈറോയിഡ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായി. ഭൂരിഭാഗം വീടുകളിലെയും സ്ത്രീകളുടെ അവസ്‌ഥ ഇത് തന്നെയാണ്. അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അമ്മയെ പരിചരിക്കുന്ന സമയത്ത് മനസിലാക്കിയ ഒരു യാഥാർത്ഥ്യമുണ്ട് എന്‍റെ ജീവിതചര്യയിലും ശീലങ്ങളിലും മാറ്റം കൊണ്ടു വരണം. ഈയൊരു അനുഭവത്തിന്‍റെ വെളിച്ചത്തിൽ നിന്നും എനിക്ക് പറയാനുള്ളത് ചെറിയ പ്രായം തുടങ്ങി കുട്ടികൾ സ്വന്തം ആരോഗ്യം സംരക്ഷിച്ചു തുടങ്ങണം എന്നാണ്. ആരോഗ്യസംരക്ഷണത്തിന്‍റെ പ്രാധാന്യം മനസിലാക്കുന്നതിലൂടെ അവർക്കുണ്ടാകുന്ന കുഞ്ഞുങ്ങളും ആരോഗ്യമുള്ളവരായിരിക്കും. ഏത് പ്രായത്തിലുള്ള സ്ത്രീയായാലും ആരോഗ്യത്തിന് ഭീഷണിയാകുന്ന ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കി പോഷകസമ്പുഷ്ടമായ ഭക്ഷണശീലം വളർത്തിയെടുക്കണം.
നിഷ കെ വർഗ്ഗീസ്, സോഫ്റ്റ്‍വെയർ എഞ്ചിനീയർ, ഇൻഫോപാർക്ക്
വെയ്റ്റ് കൂടുതലായതു കൊണ്ട് എനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഞാൻ സുംബ ക്ലാസിൽ ചേരുന്നത്. കൊറോണ മാറി വരുന്ന സമയത്താണ് ഞാൻ ജോയിൻ ചെയ്യുന്നത്. സ്‌ഥിരമായ പരിശീലനത്തിലൂടെ ആദ്യമൊക്കെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ മാറി.
ഹെൽത്തി ഫുഡ്
ഹെൽത്തിയായ ഭക്ഷണം തയ്യാറാക്കി കഴിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് ആരോഗ്യ പരിപാലനത്തിൽ മുഖ്യം. മട്ടർ, കുക്കുംബർ, കാരറ്റ് തുടങ്ങിയവ കൊണ്ടുള്ള വിഭവങ്ങൾ, സലാഡുകൾ തയ്യാറാക്കി കഴിക്കും. ചെറുപയർ, വൻപയർ, ഗ്രീൻപീസ്, ദാൽ, ബീൻസ് തുടങ്ങിയ പ്രോട്ടീൻ റിച്ചായിട്ടുള്ളവ ഡയറ്റിൽ ഉൾപ്പെടുത്തും. പാൽ, ഇറച്ചി കഴിക്കാറില്ല. മുട്ട കഴിക്കാറുണ്ട്. ചോറ് എനിക്കിഷ്ടമാണ്. നല്ല കറികൾ ഉണ്ടെങ്കിൽ ചോറ് കൂടുതലായി കഴിക്കാൻ തോന്നും. എന്നാൽ പയർ, ദാൽ എന്നിങ്ങനെയുള്ള കറികളാണെങ്കിൽ ചോറ് അധികം കഴിക്കാൻ തോന്നുകയില്ല. ഇഡ്ഡലി, ദോശ, റാഗിപ്പുട്ട്, ഗോതമ്പ് പുട്ട്, മില്ലറ്റ് എന്നിവയാണ് പ്രാതലായി കഴിക്കുക. വൈകുന്നേരം ഈന്തപ്പഴം, നട്സ് എന്നിവ സ്നാക്ക്സായി കഴിക്കും. വൈകുന്നേരം 7 മണിയോടെ ദിവസത്തെ ഫുഡ് അവസാനിപ്പിക്കും.
എന്നിലുണ്ടായ മാറ്റം
ശരീരഭാരം കുറഞ്ഞതോടെ വല്ലാത്തൊരു ലൈറ്റ് ഫീൽ ഉണ്ടായി. നടക്കുമ്പോൾ ഉണ്ടായിരുന്ന ചെറിയ അണപ്പ്, കയറ്റം കയറുമ്പോഴുള്ള പ്രയാസമൊക്കെ മാറി. 7 ാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട് എനിക്ക്. ഞാൻ ഏതെങ്കിലും ഫുഡ് എക്സ്ട്രയായി കഴിക്കാൻ ശ്രമിച്ചാൽ അവരുടൻ അത് ഓർമ്മപ്പെടുത്തും.
ന്യൂ ഇയർ
ഇപ്പോഴെനിക്ക് ശരീരഭാരം 65 കിലോയിലെത്തിയിരിക്കുന്നതിനാൽ അത് മെയിന്‍റയിൻ ചെയ്തു കൊണ്ടുപോവുകയെന്നതാണ് തീരുമാനം. കൊളസ്ട്രോൾ, ഷുഗർ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കിട വരുത്താത്ത വിധത്തിലുള്ള ഭക്ഷ്യ വിഭവങ്ങൾക്ക് കൂടുതൽ മുൻതൂക്കം നൽകും. പുതുവർഷത്തിൽ വ്യായാമത്തിലും ഭക്ഷണ കാര്യത്തിലും കുറച്ചു കൂടി മാറ്റങ്ങൾ കൊണ്ടുവരണമെന്നതാണ് പ്ലാൻ. കൂടുതൽ ആരോഗ്യത്തോടെ സന്തോഷത്തോടെ ഊർജ്ജ സ്വലതയോടെ… എന്നാണ് ഇനിയങ്ങോട്ടുള്ള ഓരോ ചുവട് വയ്പും.
പോഷകാഹാരം പ്രധാനം- എൻ മനോജ് കുമാർ, വെൽനെസ് എക്സ്പെർട്ട്
പുതുവർഷം പുതിയ തീരുമാനങ്ങളുടെ സമയമാണ്. സാധാരണയായി പലർക്കും വ്യായാമത്തെക്കുറിച്ച് തീരുമാനങ്ങളുണ്ടാകും. എന്നാൽ വ്യായാമം കൊണ്ടു മാത്രം ആരോഗ്യം പൂർണമാകില്ല. കഴിക്കുന്ന ഭക്ഷണവും വളരെ ശ്രദ്ധിക്കണം. പോഷകാഹാരം വ്യായാമം പോലെ പ്രധാനമാണെന്ന് കരുതുക. ഈ പുതുവർഷത്തിൽ ഓരോ വ്യക്‌തിയും പോഷകാഹാരത്തെക്കുറിച്ച് കൂടുതൽ പഠിക്കുകയും ഭക്ഷണത്തിൽ മതിയായ പോഷകാഹാരം ഉണ്ടായിരിക്കാൻ തീരുമാനിക്കുകയും വേണം എന്നാണ് ഒരു വെൽനെസ് എക്സ്പെർട്ട് എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.