തോമാച്ചനെ വിളിച്ചപ്പോൾ പുള്ളി നല്ല തിരക്കിലാണ്. അയാൾക്ക് തിരക്കൊഴിഞ്ഞ് പിന്നെ സമയമില്ലല്ലോ. എന്നാലും എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞ പണി കൃത്യമായി ചെയ്യും. അതു കൊണ്ട് വിശ്വസിക്കാം. ഫോണിൽ ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. മാഗി മാഡം എന്‍റെ നിബന്ധനകളെല്ലാം അംഗീകരിച്ച് ഒപ്പിട്ടയച്ച സ്കാൻ ചെയ്ത കോപ്പി. ഇനിയുടനെ രംഗത്തിറങ്ങണം. മധുരും എരിവും ഇടകലർന്ന ചൂടു ചായ കപ്പിൽ പകർന്ന് ജനലഴിക്കരികിലെ കസേരയിൽ വന്നിരുന്ന് മെല്ലെ കുടിച്ചു കൊണ്ടിരുന്നു. തൊണ്ടയിലൂടെ ചൂടും എരിവും വിലയിച്ചു ചേർന്ന ചായ അല്പാൽപ്പമായി ഇറങ്ങിപ്പോയപ്പോൾ വല്ലാത്ത സുഖവും ആശ്വാസവും. ഇടക്കെപ്പോഴോ ചെറിയ ജലദോഷം ശരീരവ്യവസ്ഥയെ പിടിമുറുക്കിയെന്ന് സംശയം.
ഉച്ചയാകാറാകുന്നു. വെയിലേറ് കൊള്ളുന്ന വഴിത്താരയിലൂടെ ആളുകൾ ധൃതി പിടിച്ച് നടന്നകലുന്നു. ഇവരിൽ ആരെങ്കിലുമൊരാൾ കുറ്റകൃത്യം ചെയ്ത് ധൃതിയിൽ വരുന്നവരുണ്ടായിരിക്കുമോ? ബസ്സിലും ട്രെയിനിലും മറ്റു പൊതു സ്ഥലങ്ങളിലും അടുത്ത് വന്നിരിക്കുന്നവർ, പരിചയപെടുന്നവർ. അവരിൽ ചിലർക്കെങ്കിലും കുറ്റവാളിയുടെ കറുത്ത മനസ്സുണ്ടാകാം. അവസരം കിട്ടുമ്പോൾ നൂറ്റാണ്ടുകളിലെ ജീനുകളിലൂടെ പകർന്ന ആദിമ മൃഗതൃഷ്ണ തലപൊക്കിക്കൂടെന്നില്ല.
ചിലയവസരങ്ങളിൽ യാത്രയിലും മറ്റും ചിലരുടെ ശരീരഭാഷ ശ്രദ്ധയിൽ പെടുമ്പോൾ ഭീതിയുടെ മുൾമുന പോറലേൽപ്പിക്കാറുണ്ടെന്നത് വാസ്തവം. പഴയ കാലത്ത് നാട്ടിൻ പുറങ്ങളിൽ നടന്ന ആത്മഹത്യകളിൽ മിക്കതും കൊലപാതകങ്ങളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒതളങ്ങ ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്‍റെ പരിപ്പ് അരച്ച ഭക്ഷണം കഴിച്ചാലുള്ള മരണങ്ങളിൽ, യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
ഇനിയീ ഇച്ചായന് വിഷബാധ ഏറ്റതായിരിക്കുമോ? തലേന്ന് മദ്യത്തോടൊപ്പം പനീർ വിഭവം കഴിച്ചതായി പറയുന്നു. അതിനു ശേഷം എന്തു കഴിച്ചെന്നറിയില്ല. പനീർ വിഭവവും മദ്യവുമല്ലാതെ ഒന്നും കഴിച്ചില്ലെന്ന് മാഡം പറയുന്നു. മദ്യത്തോടൊപ്പം മറ്റെന്തെങ്കിലും സ്നാക്സ് ഒപ്പം കഴിച്ചു കാണില്ലേ? ഇനി പനീറിലെന്തെങ്കിലും? പനീർ വിഭവം ഉണ്ടാക്കി കൊണ്ടുവന്നു എന്നല്ലാതെ അത് കഴിച്ചു എന്ന് പറഞ്ഞതായി കേട്ടില്ല. ഇനി അഥവാ വിഷം കലർന്ന ആഹാരം കഴിച്ചെങ്കിൽ അതിന്‍റെ പ്രത്യാഘാതമായി ശരീരം ഉടൻ പ്രതികരിച്ചു തുടങ്ങും. ഛർദ്ദിച്ച് വശം കെടും. അതെക്കുറിച്ചൊന്നും മാഗി മാഡം സൂചിപ്പിച്ചില്ല. ആകെ നല്ല സുഖം തോന്നുന്നില്ല, പിന്നെ നെഞ്ചു തടവി എന്നൊക്കെയാണ് പറഞ്ഞത്.
പിറ്റേന്ന് പുലർച്ചെയും ഒന്നും തന്നെ കഴിച്ചിട്ടുമില്ല. വിഷബാധക്കു കാരണമായേക്കാവുന്ന വസ്തുക്കളൊന്നും ആ ഒരു സമയപരിധിക്കുള്ളിൽ ഉപയോഗിച്ചിട്ടില്ല. ഉറങ്ങാൻ കിടന്ന് പുലർച്ചെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോകുന്നതു വരെ സുരക്ഷിത മേഖലയിലൂടെയാണ് ജോൺ സാറിന്‍റെ സഞ്ചാരം. ബാത്ത് റൂമിൽ കയറിയ ശേഷമാണ് അദ്ദേഹം കൈവിട്ടു പോയത്. അതു ഹൃദയഘാതം തന്നെയാവണം. മറ്റൊരു വ്യക്തിയുടെ ഇടപെടലിന് സാധ്യതയും അതിനുള്ള അവസരവും തുലോം കുറവാണ്.
അപ്പോഴാണ് ഫോണിൽ നിന്നും ഒരു കിളിനാദം. തോമാച്ചനാണ്. അന്വോഷിക്കേണ്ട ആളെപ്പറ്റി അറിയാവുന്ന വിവരങ്ങൾ നല്കി. പേരു പറഞ്ഞപ്പോൾ പെട്ടന്നു തന്നെ തോമാച്ചന് ആളെ പിടി കിട്ടി. തോമാച്ചൻ ആ കുടുംബക്കാരെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടത്ര. നാട്ടിൽ ഏറെ അറിയപ്പെടുന്ന കുടുംബമാണ്. ഇത്രക്കു പ്രശസ്തമായ കുടുംബമെങ്കിൽ ഞാനെന്തുകൊണ്ടു ഇവരെപ്പറ്റി കേൾക്കാതെ പോയതെന്ന് വെറുതെ നിനച്ചു. രണ്ടു ദിവസത്തിനകം ആവശ്യപ്പെട്ട വിവരങ്ങൾ നല്കാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വച്ചു.
ഇന്നു വൈകീട്ട് ബീച്ച് റോഡിലെ മാഗി മാഡത്തിന്‍റെ തറവാടൊന്നു കാണണം. പറ്റുമെങ്കിൽ സർവെന്‍റിനോടൊന്നു സംസാരിക്കണം. അപ്പോൾത്തന്നെ വൈകുന്നേരം അഞ്ചു മണിക്ക് വരുന്ന കാര്യം മാഡത്തെ അറിയിച്ചു. അതിന് മാഡം സമ്മതം തന്നു.
ഉച്ചതിരിഞ്ഞപ്പോഴേക്കും അലോസരപ്പെടുത്തുന്ന പൊടിഞ്ഞ മഴ പെയ്തു തുടങ്ങിയിരുന്നു. അതു വകവയ്ക്കാതെ ഒരു ടവ്വൽ തലയിൽ കെട്ടി ഇറങ്ങി. പൊടിഞ്ഞ മഴയേറ്റ് വഴിത്താരകളിലെല്ലാം നനവേറു വീണു കുതിർന്നു. ഹരിതകം തെളിഞ്ഞു നിന്ന മരച്ചില്ലകളിൽ മഴമുത്തുകൾ ഭൂമിയെ മോഹിച്ചു തൂങ്ങിക്കിടന്നു. ബീച്ച് റോഡിലേക്ക് തിരിയുന്നിടം ഒരു മരച്ചുവട്ടിൽ കണ്ട കപ്പലണ്ടി വിൽപ്പനക്കാരനിൽ നിന്ന് ചൂടു കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ട് മെല്ലെ നടന്നു.
ഇളംമഴയിൽ, ഇളംതണവിൽ ഇങ്ങിനെ നടക്കാൻ സുഖമുണ്ട്. അല്പകാലം മുൻപു വരെ എനിക്ക് ഇത്തരം യാത്രകളിൽ കൂട്ടുണ്ടായിരുന്നു. പൊടിഞ്ഞ മഴയും ഇളങ്കാറ്റും അലിഞ്ഞു ചേർന്ന ഇത്തരം യാത്രകളിലാണ് ഒപ്പം നടന്ന് പിന്നീട് പിരിഞ്ഞു പോയവർ മനസ്സിൽ ഓർമ്മകളുടെ പൂക്കാലം തീർക്കുന്നത്. ഒപ്പം ജീവിത വഴിത്താരയിൽ ഒറ്റപ്പെട്ടു പോയതിന്‍റെ കടലാഴം അറിയുന്നതും.
ആലോചിച്ചു നോക്കിയാൽ മുന്നിൽ മുള്ളുനിറഞ്ഞ മൺതാരയാണ്. ദൂരം, അവളുടെ അമ്മയുടെ പിടിവാശി. ഗബ്രി എന്‍റെ മനസ്സിനൊടൊപ്പമാണ്. എനിക്കൊപ്പം നില്കും അതാണ് മരുഭൂമിയിൽ കാണുന്ന മരുപ്പച്ച. പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യണം. എനിക്കതു ചെയ്തല്ലേ പറ്റൂ.
വഴിയിൽ, പൊടുന്നനെ മുന്നിൽ വന്നു പെട്ട ഒരാളോട് അഡ്രസ്സ് അന്വേഷിച്ചു. സിനിമ ഷൂട്ടിംഗിന് കൊടുക്കുന്ന വീടല്ലേ എന്നായിരുന്നു അയാളുടെ മറുചോദ്യം. സണ്ണിക്കപ്പോൾ അത്തരം ബിസിനസ്സും ഉണ്ടായിരുന്നു. ഏതായാലും സിനിമാ ഷൂട്ടിംഗാണ് വീടിനെ അടയാളപ്പെടുത്തുന്നത്. അപ്പോൾ ജോൺ സാറിന്‍റെ അറിവോടെയാണോ അദ്ദേഹത്തിന്‍റെ വീട് സിനിമാ ഷൂട്ടിംഗിന് വാടകക്ക് നല്കിയിരുന്നത്? ആയിരിക്കില്ല. സണ്ണിയെക്കുറിച്ച് മനസ്സിൽ തിടം വച്ച ധാരണകൾക്ക് കരുത്തേറുകയാണ്.
പണമുണ്ടാക്കാൻ പലവിധ മാർഗ്ഗങ്ങൾ തേടുന്നവനാണ് സണ്ണി. ഏതായാലും ആ വഴി പോക്കൻ കൃത്യമായി വഴി പറഞ്ഞു തന്നു. വേണമെങ്കിൽ കൂടെ വന്ന് സ്ഥലം കാണിച്ചു തരാമെന്നായി അയാൾ. ആ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് മുന്നോട്ടു നടന്നു. അങ്ങിനെ ഉപ്പുമണം പുരണ്ട പൊടിമഴയത്രയും ഉൾക്കൊണ്ടു കൊണ്ട് നടന്ന് വീടെത്തി.
പുരാതനമായ ഒരു വീട്. വലിയ വലുപ്പമില്ല. എന്നാൽ പഴമയുടെ പ്രൗഢിയും ഗാംഭീര്യവും ഒത്തിണങ്ങിയ, പഴയകാല കൊളോണിയൽ ഗരിമയിൽ തലയുയർത്തി നിൽക്കുന്ന ഗൃഹം. പ്രശാന്തമായ ഈ അന്തരീക്ഷത്തിൽ കടൽക്കാറ്റേറ്റ് ഇവിടെ താമസിക്കാൻ ഇച്ചായനെന്നല്ല ആരും തന്നെ ആഗ്രഹിച്ചു പോകും.
കട്ടിയിരുമ്പിൽ ചിത്രപ്പണ്ണികളോടെ തീർത്ത ഗേറ്റ് ഏറെപ്പണിപ്പെട്ടാണ് ഒരാൾ തുറന്നു തന്നത്. അയാളുടെ വേഷം കണ്ടപ്പോൾ ഗേറ്റിലെ സെക്യൂരിറ്റിയും ഡ്രൈവറും ഗാർഡനറുമൊക്കെയാണ് തോന്നിപ്പോയി. അയാളൊട് വിവരം പറഞ്ഞപ്പോൾ പൂമുഖത്തു ഇരിക്കാൻ ആവശ്യപ്പെട്ടു. കരിങ്കല്ലുകൾക്കിടയിൽ നനുത്ത പുല്ലുപാകിയ വിസ്തൃതമായ മുറ്റം കടന്ന് സ്വിറ്റ്ഔട്ടിൽ ഇട്ടിരുന്ന കസേരകളിലൊന്നിൽ ചെന്നിരുന്നു. അവിടുത്തെ ടീപോയിൽ ചിതറിക്കിടന്ന ഒരു മാസികയെടുത്ത് രണ്ടു പേജുകൾ മറിക്കുമ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
വാതിൽ തുറന്ന് ഒരു അമ്പത്തഞ്ച് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് അകത്തേക്ക് ക്ഷണിച്ചു. ഇവരായിരിക്കും സർവന്‍റ്. പഴമയുടെ പ്രൗഢി പേറുന്ന വിശാലമായ സ്വീകരണമുറി. മനോഹരമായ കലാരൂപങ്ങൾക്കൊണ്ട് മുറിയുടെ സിംഹഭാഗവും അലങ്കരിച്ചിരിക്കുന്നു. നേരെ മുന്നിലുള്ള ചുവരിൽ വലിയ ഒരു ഛായാചിത്രം പതിപ്പിച്ചിരിക്കുന്നു. ഒരു ഇലക്ട്രിക് ദീപവും ചിത്രത്തിനു താഴെയായുണ്ട്. ഒരു പട്ടാളക്കാരന്‍റെ വീര്യവും ഗാംഭീര്യവും മുഖത്ത് പ്രകടം. ഇദ്ദേഹം തന്നെയായിരിക്കും റിട്ട. മേജർ ജോൺ എലുവത്തിങ്കൽ.
ഒരഞ്ചു മിനിറ്റ് അങ്ങിനെ ഇരുന്നപ്പോഴേക്കും മാഡം താഴെക്കിറങ്ങി വന്നു. വെളുത്ത വസ്ത്രമാണ് അവർ അണിഞ്ഞിരുന്നത്. വൈധവ്യം അവരെ ഒരുപാട് ക്ഷീണിതയാക്കിയെന്നു തോന്നി. അതു കൊണ്ടു തന്നെ അധികം സംസാരിച്ച് ബുദ്ധിമുട്ടിക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. അവരെ അഭിവാദ്യം ചെയ്ത് സംഭവം നടന്ന ബെഡ്റൂമൊന്ന് കാണിച്ചു തരുവാൻ ആവശ്യപ്പെട്ടു. അവരെ അനുഗമിക്കുന്നതിനിടയിൽ നേരത്തെ കണ്ട സ്ത്രീ ഏറെ കാലമായുള്ള സെർവന്‍റാണെന്നും ഒരു മതിലപ്പുറമാണ് അവരുടെ വീടെന്നും മനസ്സിലാക്കി.
അയൽപക്കമെങ്കിലും ഈയിടെയായി ഇവർ മാഗി മാഡത്തിന് ഒരു കൂട്ടെന്ന പോല ഈ വീട്ടിൽത്തന്നെയാണ് സ്ഥിരതാമസമെന്നും അവിടുത്തെ പൊതുഅന്തരീക്ഷം വിശകലനം ചെയ്തപ്പോൾ അറിയുവാൻ കഴിഞ്ഞു.
വിശാലമാണ് ബെഡ്റൂം. ഒന്നാന്തരം വിലയേറിയ പെയിന്‍റിംഗ്, മരത്തിൽ പണിയിച്ച മനോഹരങ്ങളായ കലാരൂപങ്ങൾ എന്നിവ ചുവരുകൾക്ക് ആഭരണമായി പരിലസിക്കുന്നു. ഒപ്പം പല പല നാടുകളിൽ നിന്നുള്ള വസ്തുക്കൾക്കൊണ്ട് മുറി ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ബെഡ്റൂമിനോട് ചേർന്ന് ബാത്റൂം. ആധുനികമായ സജ്ജീകരണമൊരുക്കാൻ അതിൽ കാര്യമായ മരാമത്തുപണികൾ ചെയ്തിട്ടുണ്ട്. ഇവിടെയൊക്കെ രണ്ടു മൂന്നാൾക്കൊക്കെ സുഖമായി പതുങ്ങിയിരിക്കാം. ചുവരിൽ പതിപ്പിച്ച കണ്ണാടി അതിനു താഴെ ഷേവിംഗ് സാമഗ്രികൾ , ബ്രഷ്, പേസ്റ്റ്.
“സോറി. ഈ ബാത്ത്റൂമാണോ നിങ്ങളും ഉപയോഗിക്കാറ്?” ഞാൻ ആരാഞ്ഞു.
“അല്ല. ഈ ബെഡ്റൂമിന്‍റെ വാതിലിനടുത്തായി ഒന്നു കൂടെ ഉണ്ട് അതാണ് ഞാൻ ഉപയോഗിക്കാറ്. അദ്ദേഹത്തിന്‍റെ ബാത്റൂം മറ്റാരും ഉപയോഗിക്കുന്നത് ഇഷ്ടമല്ല. അതു കൊണ്ട് ഞങ്ങളാരും ഉപയോഗിക്കാറേ ഇല്ല. അതുപോലെ പേഴ്സണലയായി ഉപയോഗിക്കുന്ന വസ്തുക്കൾ സോപ്പ്, ചീപ്പ് പോലുള്ളവ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും ഇച്ചായനിഷ്ടമല്ല.” മാഗി മാഡം പറഞ്ഞു.
തുടർന്ന് അദ്ദേഹം കുഴഞ്ഞു വീണു കിടന്നിരുന്ന സ്ഥലം കാണിച്ചു തന്നു. തലയും കയ്യുമടക്കമുള്ള ഭാഗങ്ങൾ ബാത്ത്റൂമിന്‍റെ വാഷ്ബേസിനരികെയുള്ള മുൻവാതിലിന് അപ്പുറത്തേക്കും കാലുകൾ ബാത്ത്റൂമിനകത്തും ആയാണ് കണ്ടതെന്ന് വിതുമ്പലോടെ അവർ പറഞ്ഞു. അപ്പോൾ ബാത്റൂമിനകത്തു വച്ചാണ് ദാരുണമായ ഈ സംഭവം നടന്നതെന്നു വ്യക്തമാകുന്നു.
കൊലയാളി ബാത്റൂമിനകത്തിരുന്നു. കൊലപ്പെടുത്തി. ഇരുചെവിയറിയാതെ യാതൊരു പ്രയാസവുമില്ലാതെ ഇറങ്ങിപ്പോയി. അതിന്‍റേതായ യാതൊരു ബഹളവും ഇവരറിഞ്ഞില്ലെന്നതാണ് അത്ഭുതം!
“ബാത്റൂമിലെ വാട്ടർ സപ്ലൈ ഫിറ്റിംഗ്സുകളും, ടൈലുകളുമെല്ലാം പുതിയതാണല്ലോ? പുതിയ പണികൾ എല്ലാം എന്നാണ് ചെയ്തത്?” ഞാൻ ചോദിച്ചു.
“ഞങ്ങൾ ഇവിടെ താമസമാരംഭിച്ച് രണ്ടു ദിവസത്തിനകം ബാത്റൂമിന്‍റെ പണി തുടങ്ങി. ഇവിടെ പഴയ രീതിയിലുള്ള ക്ലോസറ്റായിരുന്നു. ഇച്ചായന് അത് പറ്റില്ലായിരുന്നു. ഒരാഴ്ച കൊണ്ട് ബാത്റൂമിലെ പണികളെല്ലാം തീർത്തു, ഇച്ചായൻ പണിക്കാരോടൊപ്പം നിന്ന് ചെയ്യിക്കുകയായിരുന്നു.” മാഡം മറുപടി നല്കി.
നല്ല കരുത്തനായ ഒരാളാണ് മി. ജോൺ. പ്രായം തളർത്താത്ത കരുത്തൻ. അയാളെ എളുപ്പത്തിൽ കീഴ്പെടുത്താനാവില്ല. സംഭവം നടന്നിട്ടു ആഴ്ചകൾ കഴിഞ്ഞെങ്കിലും ബലപ്രയോഗം നടന്നതിന്‍റെ ചെറിയ എന്തെങ്കിലും ലക്ഷണങ്ങൾ കാണേണ്ടതാണ്. അതൊന്നും കാണുന്നില്ല. മാത്രമല്ല നാലഞ്ചു മീറ്റർ അപ്പുറത്താണ് മാഗി മാഡം ഉറങ്ങിക്കിടന്നിരുന്നത്. അങ്ങിനെ എന്തെങ്കിലും ബലപരീക്ഷണം നടന്നുവെങ്കിൽ എന്തായാലും അവർ ഉണരുമായിരുന്നു. പേസ്റ്റും ബ്രഷുമെല്ലാം ഇവിടെ ചിതറിക്കിടന്നിരുന്നു എന്നാണ് മാഡം പറഞ്ഞത്. അതായത് ഈ കണ്ണാടിക്ക് താഴെയുള്ള ഏതാനും വസ്തുക്കൾ. ശരിക്കും കാര്യമായി തല പുണ്ണാക്കേണ്ട അവസ്ഥയാണ്.
“കുടുംബാംഗങ്ങളുടെ ഫോട്ടോസ് ഉള്ള ആൽബം ഉണ്ടോ? ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.”
മുഖം മനസിന്‍റെ കണ്ണാടിയാണ് എന്നൊരു സത്യത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. പത്രങ്ങളിലും മറ്റും വരുന്ന കുറ്റകൃത്യം നടത്തിയ ആളുകളുടെ മുഖം വിവിധ തലങ്ങളിൽ സൂക്ഷ്മമായി ഞാൻ നിരീക്ഷിക്കാറുണ്ടായിരുന്നു. അതിൽ നിന്നും മനസിലാക്കിയ ഒരുവസ്തുത കുറ്റവാളി സുന്ദരനോ സുന്ദരിയോ ആയിക്കൊള്ളട്ടെ അവരിൽ കുടിലതയുടേതായ ഒരുഭാവം എനിക്ക് വേർതിരിച്ചു കാണാൻ കഴിയുമായിരുന്നു. ആൽബം ഒന്ന് കാണാൻ ചോദിച്ചത് ആ ഒരുസാധ്യത മുന്നിൽ കണ്ടായിരുന്നു.
“ഉണ്ട്. താഴെ ഇരുന്ന് കാപ്പി കുടിക്കൂ ഞാനുടനെത്തന്നെ എടുത്തു കൊണ്ടു വന്നു കാണിക്കാം.“ അതും പറഞ്ഞ് അവർ പോയി.
സ്വീകരണമുറിയിൽ സെർവന്‍റ് നിൽക്കുന്നുണ്ടായിരുന്നു. അവരെ നോക്കി ഹൃദ്യമായി ചിരിച്ചു. പേരു ചോദിച്ചു. സെലീനാമ്മ
“ശരി. എന്നെ ഭയക്കുകയൊന്നും വേണ്ട. ഞാൻ മാഗി മാഡത്തിന്‍റെ ഫ്രണ്ടാണ്.”
പൊടുന്നനെ സെലീനാമ്മയുടെ മുഖത്തെ ഭയത്തിന്‍റെയും അപരിചിതത്വത്തിന്‍റെയും കാർമേഘം നീങ്ങി പോയതു കണ്ടു ഞാൻ സന്തുഷ്ടനായി. അവർ ഒരു സംസാരപ്രിയയാണെന്നു തോന്നി.
“അപ്പോൾ മാഡത്തിന്‍റെ മകളെവിടെ?”
“മോള് സ്കൂളുവിട്ട് വന്ന് കാപ്പി കുടിച്ച് പള്ളി പോവും. പള്ളീലെ പാട്ടു സെറ്റിലെ മെയിൻ പാട്ടുകാരിയാ എലീനാ മോൾ. കൊറച്ചു കഴിഞ്ഞാ കൊച്ചമ്മേം കുഞ്ഞച്ചന്നും പോയികൂട്ടിക്കൊണ്ടു പോരും.”
സെലീനാമ്മ ഒരാളെ സംസാരിക്കാൻ കിട്ടിയ സന്തോഷത്തിൽ പറഞ്ഞു തുടങ്ങി
“ആരാ കുഞ്ഞച്ചൻ? ”ഞാൻ ചോദിച്ചു.
“ദാ മിറ്റത്തു നിക്കണില്ലേ? അയാളന്നെ.” സെലീനാമ്മ മുറ്റത്തേക്കു കൈ ചൂണ്ടി.
യാതൊരു സഹകരണ മനോഭാവവും ഇല്ലെന്നു വിളിച്ചുപറയുന്ന ശരീരഭാഷയും മുഖത്ത് വസൂരിക്കലയുള്ള കുഞ്ഞച്ചൻ. കാവൽ നില്കുകയാണെങ്കിലും അയാളുടെ ദൃഷ്ടി മുഴുവൻ ഇവിടേക്കാണ്. ആ വലിയ തലക്കുള്ളിൽ ജോണിന്‍റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യം ഉണ്ടോ?
“ഈ കുഞ്ഞച്ചൻ അധികം കാലമായില്ല അല്ലെ ഇവിടെ ഡ്യൂട്ടി ചെയ്യാൻ തുടങ്ങിയിട്ട്?”
“ആര് പറഞ്ഞു? പത്തുമുപ്പതു വർഷമായിട്ടു ഇവിടുള്ള ആളാണ്. പാവമാ. എന്ത് പണിയേൽപ്പിച്ചാലും വൃത്തിക്ക് ചയ്യും. ഒരു പരാതിയുമില്ല.” സെലീനാമ്മ കുഞ്ഞച്ചനെ പരിപൂർണമായിപിന്തുണച്ചു.
സ്വീകരണമുറിയോട് ചേർന്ന ഒരു മുറിക്കു മുന്നിൽ വയലിന്‍റെ രൂപം മനോഹരമായി കാർവ് ചെയ്തിരിക്കുന്നു. ഞാൻ കുഞ്ഞച്ചനിൽ നിന്നും വിഷയം മാറ്റി.
“ഈ മുറി ആരു ഉപയോഗിക്കുന്നതാണ്?”
“ഇത് അലീന മോളടെയാണ്.”
“അല്പം വെള്ളം കുടിക്കാ…“
പറഞ്ഞു മുഴുമിക്കുമ്പോഴേക്കും സെലീനാമ്മ അയ്യോ ഞാൻ സാറിന് ചായ തന്നില്ലല്ലോ എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു. അഞ്ചു മിനിറ്റിനകം തിരിച്ചു വന്ന് ചായ ഗ്ലാസ്സിലേക്കു പകർന്നു തന്നു. ചായ കുടിച്ചപ്പോൾ നല്ല ഇഞ്ചിസത്തു ചേർത്ത എരിവുള്ള മസാല ചായ.
“ഇത്ര വേഗം ചായ തയാറാക്കിയോ?” അഭിനന്ദന സൂചകമായിപുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
“ഇവിടുത്ത കൊച്ചമ്മക്ക് ഇടക്ക് ചായ കുടിക്കണം. അതോണ്ട് വലിയ ഫ്ലാസ്ക്കിൽ രാവലത്തന്നെ ഉണ്ടാക്കി വക്കും.”
സെലീനാമ്മ കരുതലുളവാക്കുന്ന മുഖഭാവത്തോടെ പറഞ്ഞു.
“അലീന മോള് ഇവിടെ അടുത്തുള്ള സെക്രട്ട് ഹാർട്സ് സ്കൂളിൽ അല്ലെ പഠിക്കുന്നെ?”
“അതേ മിടുക്കിക്കുട്ടിയാണ്. അസ്സലായി പഠിക്കും. പാടും. മനുഷ്യൻമാർക്ക് എന്താ ചെയ്യാൻ പറ്റാ? എല്ലാം നിശ്ചയിക്കണത് മോളിലുള്ള ഒരാളല്ലേ? അപ്പനെ കർത്താവ് നേരത്തെ വിളിപ്പിച്ചു. ആ കുട്ടിയാണെങ്കിലോ എല്ലാരടടുത്തും അങ്ങിനെ കളിച്ച് ചിരിച്ച് നടക്കുന്ന പ്രകൃതമേ അല്ല. പിന്നെ ഇപ്പൊ ഇതും കൂടെ ആയപ്പോഴോ! പാവംകുട്ടി. പള്ളീല് പാട്ടിനൊക്കെ പോവാൻ തൊടങ്ങീപ്പിന്യാ കുട്ടിത്തിരി ഉഷാറായേ. അപ്പനേം കെട്ടിപ്പിടിച്ച് എന്തോര് കരച്ചിലാ കരഞ്ഞെന്നോ! എല്ലാരടേം ചങ്കു പൊട്ടിപ്പോയി.”
സെലീനാമ്മ മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണു തുടച്ചു. മാഗി മാഡം ഒരു വലിയ ആൽബവുമായി ഇറങ്ങി വരുന്നതു കണ്ട് അവർ അകത്തേക്കു പോയി.
“സോറി. ഇതെല്ലാം ഏത് അലമാരയിലാ വെച്ചിരുന്നതെന്ന് ഓർമ്മിച്ചില്ല. എല്ലാം അലമാരയും തുറന്ന് നോക്കേണ്ടി വന്നു.”
“സാരമില്ല എനിക്ക് പോകാൻ തിരക്കില്ല.” ആൽബം വാങ്ങി ടീ പോയ്ക്കു മേൽ വക്കുന്നതിനിടെ ഞാൻ പറഞ്ഞു.
അവർ എനിക്കരികെ ഒരു കസേരയിട്ടിരുന്ന് ആൽബത്തിന്‍റെ പേജുകൾ ഓരോന്നായി തുറന്ന് ഫോട്ടോയിലുള്ള ആളുകളെപ്പറ്റി വിവരിച്ചു തന്നു. ഒരു പാട് പഴക്കുമുള്ള ഫോട്ടോകൾ . പലതിന്‍റേയും അരിക് കറുത്ത് പൊടിഞ്ഞിട്ടുണ്ട്. ജോൺ സാറിന്‍റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് ഏറെ ഒപ്പം ഈ കുടുംബവുമായി ബന്ധമുള്ള മിക്കവരുടേയും ഫോട്ടോകളുണ്ട്.
“മാഡം. ഒന്നു ചോദിച്ചോട്ടെ? ഔദ്യോഗിക ജീവിതത്തിൽ ജോൺ സാറിന് ശത്രുക്കളുണ്ടായതായി അറിയുമോ?” ഫോട്ടോസ് ശ്രദ്ധാപൂർവ്വം നോക്കി കൊണ്ട് ഞാൻ ചോദിച്ചു
“ഇല്ല. അങ്ങിനെ ശത്രുക്കളുള്ളതായി അറിയില്ല. എല്ലാവരോടും മാന്യമായേ ഇടപെടാറുള്ളൂ. കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കലാണ് പ്രകൃതം. പിന്നെ ഒന്നു രണ്ടു സന്ദർഭങ്ങളുണ്ടായതായി അറിയാം. ഒരിക്കൽ ഒരു യു.പിക്കാരൻ മെസ്സിൽ വച്ച് മദ്യത്തിന്‍റെ ലഹരിയിൽ സാറിനെ ഹർട്ട് ചെയ്തു കൊണ്ടിരുന്നപ്പോൾ നിവൃത്തികേടുകൊണ്ട് ഒന്നു കൈകാര്യം ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്.
പിന്നെ ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ബ്ലോക്കിന് മുകളിലെ നിലയിൽ താമസിച്ചിരുന്ന ഒരു ബീഹാറുകാരൻ ഭാര്യയെ ഉപദ്രവിച്ച സംഭവത്തിൽ സാറിടപെട്ട് നേവി പോലീസിനെക്കൊണ്ട് അയാളെ അറസ്റ്റ് ചെയ്യിച്ചതായ ഒരു സംഭവവും ഓർമ്മ വരുന്നു. ഇതെല്ലാം അവിടെ വച്ചുതന്നെ പറഞ്ഞു തീർത്തവയാണ്. വേണ്ടാതീനം ചെയ്തവർ പിന്നീട് വന്ന് സാറിനോട് മാപ്പു പറയുകയും ചെയ്തു. ഈ സംഭവങ്ങൾ ഉണ്ടായതു ഞങ്ങൾ പുണെയിൽ ഇരിക്കുമ്പോൾ ആണ്.” അതു പറയുമ്പോൾ അവരുടെ മുഖം അഭിമാനത്താൽ വിജൃംഭിതമായിരുന്നു.
ഇതൊന്നും തന്നെ പകവച്ചു പുലർത്താനോ കൊലപ്പെടുത്താൻ തക്കവണ്ണം മാരകമായ തിരിച്ചടി നൽകുവാൻ കാരണമായ സംഭവങ്ങളല്ല ആ വഴിയും അടഞ്ഞ അധ്യായങ്ങളായി. ഇനി ഔദ്യോഗിക ജീവിതത്തിൽ എന്തെങ്കിലും?
ശരി. ആവശ്യമുണ്ടെന്ന് തോന്നിയ, സണ്ണിയും ഡേവീസും സൂസനുമൊക്കെ ഉൾപ്പെടുന്ന രണ്ടു മൂന്നു ഫോട്ടോകൾ മാഡത്തിന്‍റെ അനുവാദത്തോടെ മൊബെലിൽ ഫോട്ടോ എടുത്തു സേവു ചെയ്തു. എല്ലാം നോക്കിക്കഴിഞ്ഞ ശേഷം ആ കനപ്പെട്ട ആൽബം മടക്കി വച്ചു. അതു മുകളിൽ കൊണ്ടുപോയി വയ്ക്കാനായിരിക്കണം അവർ സെലീനാമ്മയെ വിളിച്ചത്. ആ അവസരം നോക്കി മാഗി മാഡത്തിന്‍റെ മൗനാനുവാദത്തോടെ സെലീനാമ്മയോട് പത്താം തീയതി രാവിലെ നടന്ന സംഭവങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടു.
തെല്ലു പകച്ചു നിന്ന ശേഷം അവർ പറഞ്ഞു.
“ഇവിടുത്ത സാറ് മരണപ്പെട്ട അന്നല്ലേ. സാറേ എനിക്കന്നു മുട്ടുവേദന സഹിക്കാൻ മേലാഞ്ഞിട്ട് വീട്ടിൽ ഇരിപ്പായിരുന്നു. അന്ന് ഇവിടെ പണിക്കുവരാൻ പറ്റിയില്ല. അന്ന് എന്‍റെ മോളാ ഇവടെ സഹായത്തിനു വന്നത്.”
“പിന്നെ ഇവിടുത്തെ കുട്ടി വലിയ കരച്ചിലായിരുന്നു എന്നൊക്കെ പറഞ്ഞതോ? കൺമുമ്പിൽ കണ്ടതുപോലെയല്ലെ പറഞ്ഞു കളഞ്ഞത്”
“സാറേ അതെന്‍റെ മോള് എന്‍റടുത്തു വന്നു പറഞ്ഞതാ.”
“ശരി ഇവിടടുത്തല്ലെ വീട് മോളെ ഒന്നു വിളിക്കൂ. നിങ്ങൾ കൂടെ വരണമെന്നില്ല കേട്ടോ.”
മാഡത്തിന്‍റെ കനത്ത നോട്ടം അനുവാദമായെടുത്ത് സെലീനാമ്മ പെട്ടെന്ന് പൊയ്ക്കളഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ മകളെത്തി. ഓടി വന്നതിന്‍റെ കിതപ്പടക്കിക്കൊണ്ട് ഒരു ഇരുപതുകാരി ഒതുങ്ങി നിന്നു. ഉത്കണ്ഠയും പരിഭ്രമവും മാറിമാറി മുഖത്തു പ്രകടമാണ്. ശരീരം ചെറുതായി വിറക്കുന്നുണ്ട്. മാഡത്തിനേയും എന്നെയും മാറി മാറി നോക്കുമ്പോൾ മാഡം എടുത്തടിച്ച പോലെ ചോദിച്ചു
“ജിൻസി. ജോൺ സാർ മരണപ്പെട്ട ദിവസം രാവിലെ അടുക്കളയിലെന്താ ഉണ്ടായത്? ആരെങ്കിലും ഓടി പോകുന്നത് കണ്ടിരുന്നോ? ഈ സാറിന് എല്ലാമൊന്നു പറഞ്ഞു കൊടുക്കു.”
ആ ചോദ്യം അപാകതയായി എനിക്കു തോന്നി. സമാധാനത്തോടെ മറ്റെന്തെങ്കിലും പറഞ്ഞ് തെല്ലിട കഴിഞ്ഞ് ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പെട്ടെന്നിങ്ങനെ ചോദിച്ചാൽ പരിഭ്രമം കൊണ്ട് നടന്ന സംഭവങ്ങൾ അതേപടി പറയണമെന്നില്ല. ഏതായാലും ചോദ്യം കേട്ടതും ഒന്നു പകച്ച് ഭയം കലർന്ന മുഖഭാവത്തോടെ അവൾ പറഞ്ഞു തുടങ്ങി.
“അമ്മച്ചിക്ക് മുട്ടിന് നീരായതോണ്ട് മരുന്നു കെട്ടി വച്ചിരിക്കുകയായിരുന്നു. കാലനക്കാൻ പാടില്ലെന്ന് വേലൻ വൈദ്യര് പറഞ്ഞോണ്ട് കാലനക്കാതെ അമ്മച്ചി വീട്ടിൽ റെസ്റ്റു ചെയ്യുകയായിരുന്നു. അതോണ്ട് ഞാനാ അന്ന് പണിക്ക് വന്നത്. ഞാൻ രാവിലെത്തന്നെ വന്ന് അടുക്കള അടിച്ചുവാരി പാത്രങ്ങളൊക്കെ കഴുകി വെടുപ്പാക്കായിരുന്നു. അപ്പഴാ സണ്ണി വന്നെ.”
“സണ്ണിയോ? ഞാൻ ആകാംക്ഷയോടെ ആരാഞ്ഞു.
“അതേന്നെ എന്നും പാല് കൊണ്ടോരില്യ ആ ചെക്കൻ തന്നെ. കോപ്പറേറ്റീവ് കോളേജില് പഠിക്കണ സണ്ണിക്കുട്ടി. അവൻ വന്നിട്ട്. വന്നിട്ട് പാലിന്‍റെ പാത്രം തരണ നേരത്ത് എന്‍റെ കൈക്കു… ഞാൻ പേടിച്ചപ്പോ പാത്രങ്ങളൊക്കെ തട്ടി മറഞ്ഞ് വീണു. അവനപഴക്കും പേടിച്ച് ഓടിപ്പോയി…“
“ഇക്കാര്യം നീയെന്നോടിതു വരെ എന്തുകൊണ്ട് പറഞ്ഞില്ല?” മാഗി മാഡത്തിന്‍റെ ശബ്ദമുയർന്നു.
“മാഡം ആ കുട്ടി പറയട്ടേ.” ഞാൻ ഇടക്കു കയറി.
ഭയത്തിന്‍റെ തിരയിളക്കം കണ്ണുകളിലേക്ക് പകർന്ന് അവൾ തുടർന്നു.
“പിന്നെ കുറച്ചുകഴിഞ്ഞ് മാഗി മാഡത്തിന്‍റെ കരച്ചിലും എന്നെ ഉച്ചത്തിൽ വിളിക്കുന്നതായും കേട്ടു. ഞാൻ വേഗം സ്റ്റപ്പ് കയറി മുകളിൽ ചെന്ന് നോക്കുമ്പോഴാണ് സാറ്!
അവൾ ആ രംഗം ഓർക്കാനിഷ്ടപ്പെടാത്ത പോലെ തെല്ലിട വിമ്മിഷ്ടപ്പെട്ടു നിന്നു. മാഗി മാഡം തുടരാൻ ആംഗ്യം കാണിച്ചതോടെ സ്വിച്ചിട്ട പോലെ അവൾ പറഞ്ഞു തുടങ്ങി.
“പിന്നെ ഞാനും കൊച്ചമ്മയും കൂടെ എടുത്തു ബെഡിൽ കിടത്തി. കൊച്ചമ്മ ഡോക്ടറെ വിളിക്കുമ്പോഴേക്കും ഞാൻ സാറിന്‍റെ മുഖത്തെ അഴുക്കെല്ലാം നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി. പിന്നെ ബാത്റൂമിൽ നിലത്തു വീണു കിടന്ന സാധനങ്ങളൊക്കെ മോളിൽ എടുത്തു വച്ചു. അപ്പോഴേക്കും ഡോക്ടറൊക്കെ വന്നു. പരിശോധിച്ച് മരിച്ചെന്ന് പറഞ്ഞു.” അവൾ ദുഃഖഭാരത്തോടെ പറഞ്ഞു നിർത്തി. അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു കണ്ടു.
“ജോൺ സാറിന്‍റെ ബ്രദറും ഫാമിലിയുമല്ലേ മുമ്പിവിടെ താമസിച്ചിരുന്നത് അപ്പോഴും ഇവിടെ ജോലിക്കു വന്നിരുന്നോ?”
“അതെ ഞങ്ങടെ അമ്മക്ക് കൊറെ കാലായിട്ട് ഇവിടത്തന്യാ പണി. എടക്ക് അമ്മേനെ സഹായിക്കാൻ ഞാനും വരും. എപ്പഴുംല്ല ഞാൻ കംപ്യൂട്ടറ് പഠിക്കാ ബോണണ്ടേ അതാ…”
“കംപ്യൂട്ടറ് എവിടെയാ പഠിക്കാൻ പോകുന്നത്?”
അവൾ പ്രസരിപ്പോടെ സ്ഥലം പറഞ്ഞു. അപ്പോഴാണ് ഓർത്തത് ആ സ്ഥലം എന്‍റെ ഓഫീസിനടുത്താണെന്നത്. പിന്നെയും ചോദ്യങ്ങൾ പ്രതീക്ഷിക്കുന്ന പോലുള്ള ആ കുട്ടിയുടെ ഉത്സാഹം നിറഞ്ഞ മുഖം കണ്ട് ഒന്നുകൂടെ ചോദിച്ചു.
“കംപൂട്ടറില് എന്ത് കോഴ്സാ പഠിക്കുന്നെ?”
“എം.എസ് ഓഫീസ്. ഇപ്പഴും പഠിക്കണണ്ട്.”
ശരി. ഗുഡ്. ആ കുട്ടിയെ പോകാനനുവദിച്ച് തെല്ലു നിരാശയോടെ എഴുന്നേറ്റു. മാഡത്തിന്‍റെ ആകാംക്ഷ നിറഞ്ഞ മുഖഭാവത്തെ ഗൗനിക്കാതെ യാത്ര പറഞ്ഞ് പോകാനൊരുങ്ങി. അവരുടെ അനുവാദത്തോടെ പോകാൻ തുടങ്ങുമ്പോഴാണ് മാഡം പുറകിൽ നിന്നും വിളിച്ചത്. ആകാംക്ഷയോടെ തിരിഞ്ഞു നിന്നപ്പോൾ അവർ പറഞ്ഞു.
”മി. സാം ലേറ്റസ്റ്റായ ഫോട്ടോസുള്ള ഒരാൽബം കൂടിയുണ്ട്. അതു മകളുടെ മുറിയിലാണെന്നു തോന്നുന്നു. നിങ്ങൾ അല്പനേരം ഇരിക്കു ഞാനെടുത്തു തരാം. പക്ഷേ പെട്ടെന്നു നോക്കിത്തരണം. എനിക്കു ഉടനെത്തന്നെ എലീനയെ വിളിക്കാൻ പോകണം.”
ഇനിയേതായാലും അകത്ത് കയറുന്നില്ല. തെല്ലിട പരിസരം വീക്ഷിച്ചു നിന്നു. മനോഹരമായി വെട്ടിയൊതുക്കിയ പച്ച തഴച്ച ബുഷ് ചെടികൾ. അവക്കു പിന്നിലെ പല ജാതി പൂക്കൾ പടർന്നു നിൽക്കുന്ന ഭംഗിയേറിയ പൂന്തോട്ടം. ജലധാര… പരിസരം മനോഹരമായി പരിപാലിക്കുന്ന കുഞ്ഞച്ചനെ നോക്കി പുഞ്ചിരിച്ചു . എന്‍റെ സൗഹാർദ്ദപൂർവ്വമായ പുഞ്ചിരിയെ അയാൾ തീർത്തും അവഗണിച്ചു മുഖം തിരിച്ചു. ഇയാൾ ഒരു പാവമാണെന്ന സെലീനാമ്മയുടെ സാക്ഷ്യപത്രം വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.
തെല്ലിട കഴിഞ്ഞ് ആൽബമെത്തി. അവിടെ നിന്നു കൊണ്ടു തന്നെ പേജുകൾ ഒന്നൊന്നായി മറിച്ചു നോക്കി. താരതമ്യേന പുതിയ ഫോട്ടോകളാണ്. ഫാമിലി ട്രിപ്പ് പോയതിന്‍റെയാണ് ഏറെയും. സെലിനാമ്മയൊക്കെ ഒരു മഫ്ളറൊക്കെ കഴുത്തിൽ കെട്ടി ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്. മുട്ടിനു നീര് വന്നു നടക്കാൻ വയ്യാത്ത സെലീനാമ്മ… മുട്ടുവേദന ഇതിനൊക്കെ ശേഷം തുടങ്ങിയതാവാനും മതി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്…
ഹൗസ്ബോട്ടിംഗിനും അതിരപ്പിള്ളിയിലോട്ടൊക്കെ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ആഹ്‌ളാദം തിരതല്ലുന്ന നിമിഷങ്ങൾ. ഹാപ്പി റിട്ടയർ ലൈഫ് എന്നൊക്കെ പറയുന്നതിതാണ്. അതിനാണ് ഭാഗ്യം ചെയ്യേണ്ടത്. പക്ഷേ റിട്ട. മേജർ ജോൺ എലുവത്തിങ്കലിന്‍റെ കാര്യത്തിൽ റിട്ടയർമെന്‍റിനു ശേഷം നിർഭാഗ്യം വന്നു ഭവിച്ചു. റിട്ടയർമെന്‍റ് ജീവിതം അതിനിടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പൂർണ്ണമായി ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ആൽബത്തിന്‍റെ അവസാനമായപ്പോൾ കണ്ടപേജുകളിലെ രണ്ടു മൂന്നു ഫോട്ടോകൾ സൂക്ഷ്മമായി നോക്കിയപ്പോഴാണ് മനസ്സിൽ ഒരു ദുരൂഹത കൊളുത്തിപ്പിടിച്ചത്. ആ ഫോട്ടോ എടുപ്പിനു ശേഷം ഫോട്ടോയിൽ ആരുടേയോ ശക്തമായ ഒരിടപെടൽ സംഭവിച്ചിട്ടുണ്ട്. സ്വാഭാവികമായി എങ്ങനെയോ ആരുടെയോ കൈപ്പിഴ മൂലം സംഭവിച്ച ഒന്നായി അതിനെ തള്ളിക്കളയാൻ മനസ്സനുവദിച്ചില്ല.
വലിയൊരു സത്യത്തിലേക്കാണ് സംശയത്തിന്‍റെ കൂർത്ത മുൾമുന തറഞ്ഞിരിക്കുന്നതെന്നു വേപഥുവോടെ ഞാൻ മനസിലാക്കി. മൊബെൽ ഫോണിലുള്ള സ്കാനർ ആപ്പു വഴി അതിന്‍റെ മിഴിവാർന്ന നാലഞ്ചു ഫോട്ടോസെടുത്ത് ആൽബം തിരിച്ചു കൊടുത്തു. മകളെ കൂട്ടാൻ പോകാനായി തിരക്കുപിടിച്ചു നിന്ന മാഡത്തിനോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.