പൊടിമഴ അപ്പോഴും ശമിച്ചിരുന്നില്ല. അതിന്‍റെ ശക്തി ഏറിയും കുറഞ്ഞുമിരുന്നു. യാത്രക്കിടയിൽ എപ്പോഴോ എയ്തു വിട്ട അസ്ത്രം കണക്ക് വലിയ തുള്ളികൾ ഉൾക്കൊണ്ട മഴ ദേഹത്താഞ്ഞു പതിച്ചു. അങ്ങനെ വളർന്നു വലുതായ മഴ വകവക്കാതെ ആളുകൾ റോഡിലൂടെ ധൃതി പിടിച്ച് പൊയ്ക്കൊണ്ടിരുന്നു. കടലിനോരം ചേർന്ന നടപ്പാതക്കരികിലെ പരന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചിലർ നേർത്ത റോപ്പ് ഉപയോഗിച്ച് മീൻ പിടിക്കുന്നതു വരുമ്പോൾ കണ്ടിരുന്നു. ഈ നേരം വരെ ചൂണ്ടയിട്ടിട്ടും രണ്ടോ മൂന്നോ മീനുകളെ അവർക്കു ലഭിച്ചിട്ടുള്ളൂ.
മഴയൊന്നും തങ്ങളെ തെല്ലും അലട്ടുന്നില്ലെന്ന മട്ടിൽ യുവമിഥുനങ്ങൾ അവിടവിടെ കടലിന്‍റെ തിരതല്ലൽ നോക്കി നിൽപ്പുണ്ട്. വരുമ്പോൾ കണ്ട കപ്പലണ്ടിക്കാരനെ കാണാനുമില്ല. അയാളെ കണ്ടിരുന്നെങ്കിൽ ചൂടു കപ്പലണ്ടി വാങ്ങി കഴിക്കാമായിരുന്നു. അയാൾ എങ്ങു പോയ്മറഞ്ഞു ആവോ? കനത്തുപിടിച്ചു ആക്കം കൂടാനൊരുങ്ങുന്ന മഴയ്ക്കു മുൻപ് ഓഫീസെത്തണം.
ചിന്തിച്ചു നോക്കിയാൽ മനുഷ്യ മനസ്സ് വല്ലാത്തൊരു പ്രഹേളികയാണ്. ഒരു ദിവസം മനുഷ്യമനസ്സിൽ എഴുപതിനായിരത്തോളം ചിന്തകളാണ് വന്നു നിറയുന്നത്. അവയിൽ ഒരാൾ ഇടപെടുന്ന ആളെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടാകാം. പ്രതികൂലമായ ചിന്തകൾക്കു പിന്നിൽ ശക്തമായ ചോദനയെങ്കിൽ ആ ചിന്തകൾ നടപ്പാക്കപ്പെടുക തന്നെ ചെയ്യും. അതിൽ ഒരു സംശയവുമില്ല.
നമ്മളോട് ചിരിച്ച് രസിച്ച് സംസാരിക്കുന്ന ആൾ നമ്മളെക്കുറിച്ചുള്ള എന്തെല്ലാം വസ്തുതകൾ ചിന്തിച്ചു കൂട്ടിക്കാണും. ഏതെങ്കിലും വിഷയത്തിലുള്ള കടുത്ത അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ ഇവനെ അങ്ങ് തട്ടിക്കളഞ്ഞാലോ എന്ന് ഒരു വേള ചിന്തിച്ചിരിക്കില്ലെന്ന് ആരു കണ്ടു?
ആ ഒരു ചിന്തക്കു പിറകിലെ ചോദന അതിശക്തമെങ്കിൽ 'തട്ടിക്കളയുക' എന്ന സംഭവം നടക്കുക തന്നെ ചെയ്യും. അതിനായിമനസ്സ് മാധ്യമങ്ങളിലൂടെയും മറ്റു വിവരസമാഹരണ കേന്ദ്രങ്ങൾ വഴിയും സ്വയത്തമാക്കിയ, പിന്നെയും സ്വയത്തമാക്കേണ്ടുന്ന അറിവുകളെ തേടും. അതിന്‍റെ അടിസ്ഥാനത്തിൽ തന്‍റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി വിവിധ വഴികൾ വിശകലനം ചെയ്യും. അങ്ങിനെ സുരക്ഷിതമായ വഴി നിശ്ചയിച്ച് ലക്ഷ്യം നടപ്പാക്കും. ഫ്രോയ്സിന്‍റെ തിയറിയനസരിച്ചുള്ള ഈഡ്, ഈഗോ, സൂപ്പർ ഈഗോ നിയന്ത്രണങ്ങളെ അതിലംഘിക്കാൻ മാത്രം കരുത്താർജിക്കുമെങ്കിൽ ആ ക്രിമിനൽ ഇവന്‍റ് നടന്നിരിക്കും.
എല്ലാ മനുഷ്യരിലും ഈഡിന്‍റെ അടിസ്ഥാന സവിശേഷതയായ മൃഗതൃഷ്ണ അന്തർലീനമാണ്. സുരക്ഷിത സാഹചര്യമെന്ന ബോധത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ ഈഗോ, സൂപ്പർ ഈഗോ വേലിക്കെട്ടുകളെ തകർത്ത് മൃഗം പുറത്തുചാടും. ലോകം കീഴടക്കുന്നവനല്ല മനസ്സിനെ മെരുക്കുന്നവനാണ് യഥാർത്ഥ പോരാളി എന്നല്ലേ ബുദ്ധൻ പറഞ്ഞത്?
ഓഫീസിലെ ഒച്ചയുണ്ടാകുന്ന പിരിയൻ ഇരുമ്പു ഗോവണി പിടിച്ചു കയറുമ്പോൾ മഴയേറ്റിട്ടു പോലും ദേഹം വിയർത്തു കുളിച്ചിരുന്നു. മറ്റു ദേഹാധ്വാനമൊന്നും ഇല്ലാത്തതിനാൽ നടന്നു പോകാവുന്ന ഇടങ്ങളിൽ നടന്നു പോകാറാണ് പതിവ്. ഒരു വ്യയാമവുമാകും. പഴഞ്ചൻ താക്കോലെടുത്ത് ഓഫീസിന്‍റെ വാതിലു തുറന്ന് പവർ ഓൺ ചെയ്തു.
മധ്യഭാഗം വീർത്ത കുറിയ പങ്ക തലക്കു മുകളിൽ തിരിയാൻ ആരംഭിച്ചു. ഇളങ്കാറ്റിൽ വിയർപ്പാറിത്തണുത്തു. ലാപ്ടോപ്പ് ഓൺ ചെയ്ത് മൊബൈലുമായി ബന്ധിപ്പിച്ച് മൊബെലിൽ അല്പം മുന്നെ എടുത്ത ചിത്രങ്ങൾ ഒരു ഫോൾഡർ ഉണ്ടാക്കി ട്രാൻസ്ഫർ ചെയ്തു. വലിയ സ്ക്രീനിൽ മിഴിനട്ട് ഫോട്ടോകളിലെ ചില ഭാഗങ്ങൾ വലുതാക്കി പരിശോധിക്കുമ്പോഴാണ് ഫോണിൽ നിന്നും കിളിനാദം കേട്ടത്.