എന്‍റെ ബിസിനസ് ജീവിതത്തിൽ നേരിൽ കാണുന്ന ആദ്യത്തെ ക്ലയിന്‍റ്. ഒരറുപതു വയസ്സോളം പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ച് ആഢ്യത്വവും കുലീനതയും തുളുമ്പുന്ന ഒരു സ്ത്രീ. മുഖത്ത് ലേശം പരിഭ്രമമുണ്ട്. അവരോട് ഇരിക്കാൻ പറഞ്ഞു. അവർക്കായി ഒരു കാപ്പി ഓർഡർ ചെയ്തു കൊണ്ട് ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു.
“ഗുഡ്മോർണിംഗ്. എന്‍റെ പേര് സാം ഡിക്രൂസ്. എന്‍റെ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച ഏകദേശവിവരം അറിഞ്ഞിരിക്കുമല്ലോ”
“ഗുഡ്മോർണിംഗ് സാം, അറിയാം. ഞാൻ മാർഗരറ്റ്. ഇവിടെ അടുത്തു തന്നെയാണ് എന്‍റെ വീട് ബീച്ച് റോഡിൽ.”
“ശരി. ഇനി പറയൂ. നിങ്ങൾ ഞങ്ങളിൽ നിന്നും ആവശ്യപ്പെടുന്ന സേവനം? കാര്യങ്ങൾ എല്ലാം വിശദമായിത്തന്നെ കേൾക്കാൻ ആഗ്രഹമുണ്ട്.”
മാർഗരറ്റ് തെല്ലിട ചുറ്റും നോക്കി. റസ്റ്റോറന്‍റിൽ അധികം തിരക്കില്ല. രണ്ടു മൂന്നാളുകളെ ഉള്ളൂ. അവരിലൊരാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നതു കണ്ട് അവർ ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇവിടെ പ്രൈവറ്റ് ഇരിപ്പിടം ലഭിക്കില്ലേ?
“ശരി. അതിനിവിടെ സൗകര്യമുണ്ട്. നമുക്കുമാറിയിരിക്കാം.”
എഴുന്നേറ്റ് ഒരു മൂലയിലുള്ള ഫാമിലി ക്യാബിനിലേക്ക് മാറിയിരുന്നു. അവരും ഒപ്പം അനുഗമിച്ചു. ജനലിലൂടെ മഴയുടെ ചെറുചാറ്റലുകൾ വന്നു തൂവുന്നത് അവർ അല്പനേരം നോക്കിയിരുന്നു. അവ പല കൈവഴിയിലൂടിറങ്ങി തിടം വച്ച് വലിയ തുളളികളായി സ്ഫടിക വാതായനത്തിലൂടെ താഴോട്ട് ഊർന്നിറങ്ങുന്നത് അവർ സശ്രദ്ധം നിരീക്ഷിക്കുന്നതായി എനിക്കു തോന്നി. അപ്പോഴേക്കും കാപ്പി എത്തിയിരുന്നു. കാപ്പി ഊതികുടിച്ച് അവർ പതുക്കെ പറയാനാരംഭിച്ചു.
“ഞാൻ പറഞ്ഞല്ലോ, ഞാൻ മാർഗരറ്റ്. മാഗി എന്നാണ് അടുപ്പമുള്ളവർ വിളിക്കുക. താങ്കൾ ഈ നാട്ടുകാരൻ തന്നെയല്ലേ? അപ്പോൾ ചിലപ്പോൾ കേട്ടിട്ടുണ്ടാകും, എലവുത്തിങ്കൽ കുടുംബത്തെക്കുറിച്ച്.“
എവിടെയൊക്കെയോ വച്ച് ആ വീട്ടുപേര് കേട്ടിട്ടുണ്ടായിരുന്നു. ഞാൻ തലയാട്ടി. അതുകണ്ടു അവർ തുടർന്നു.
“എനിക്കറിയാം നിങ്ങൾ അത് തീർച്ചയായും കേട്ടുകാണുമെന്ന്. പുരാതനവും കേൾവികേട്ടതുമായ തറവാടാണ് എലവുത്തിങ്കൽ. എന്‍റെ നാട് തൃശ്ശൂരാണ്. എലവുത്തിങ്കൽ തറവാട്ടിലേക്ക് ഞാൻ മരുമകളായി വന്നതാണ്. പിന്നെ ഞാൻ തരുന്ന എന്‍റെ വ്യക്തിഗത വിവരങ്ങൾ നിങ്ങളിൽ സുരക്ഷിതമെന്ന് ഞാൻ കരുതട്ടെ?”
“തീർച്ചയായും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.” ഞാൻ പെട്ടെന്ന് പ്രതികരിച്ചു.
അവർ തുടർന്നു.
“ശരി. എന്‍റെ ഭർത്താവ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ. ഞങ്ങളുടെ മകൾ എലീന. പ്ലസ്ടുവിനു പഠിക്കുന്നു. ഭർത്താവിന്‍റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. രണ്ടുവർഷം ആൻഡമാനിലുണ്ടായിരുന്നു. ഹസ്ബന്‍റ് ആർമിയിൽ നിന്നും റിട്ടയർ ആയതോടെ നാട്ടിൽ വന്ന് സ്ഥിരതാമസമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാത്രമല്ല മകളുടെ വിദ്യാഭ്യാസത്തിനും അതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി.”
അവരൊന്നു നിർത്തി അല്പം കൂടി കാപ്പി കുടിച്ചു.
“ഇവിടെ നാട്ടിൽ വന്ന് സെറ്റിൽ ആയി മൂന്നു മാസമേ ആയുള്ളൂ. ബീച്ച് റോഡിലുള്ള ഞങ്ങളുടെ പുരാതനമായ തറവാട്ടിൽ സ്ഥിരമായി താമസിക്കണം എന്നുള്ളതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ കേരളത്തിനു പുറത്തുള്ളപ്പോൾ സണ്ണിയും ഫാമിലിയുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്.”
“സണ്ണി?
“ജോൺസാറിന്‍റെ തൊട്ടുതാഴെയുള്ള സഹോദരൻ.“
“ശരി. ഹസ്ബന്‍റിന്‍റെ അടുത്ത ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ പറയാമോ?”
”ഹസ്ബന്‍റിന് നാലു സഹോദരങ്ങളുണ്ട്. ഡേവീസ്, സൂസൻ, ചാർലി, സണ്ണി. ഇവരിൽ സൂസൻ യു. കെയിൽ സെറ്റിൽഡാണ്. ഡേവീസ് മരിച്ചിട്ട് രണ്ടു വർഷത്തോളമായി ചാർലി നാട്ടിലുണ്ട്. റിയൽ എസ്റ്റേറ്റ്, റിസോർട്ട് എന്നിങ്ങനെ പലതരം ബിസിനസ്സുകൾ അയാൾക്കുണ്ട്. സണ്ണി ഒരു സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നു. ഇപ്പോൾ കറി മസാലപ്പൊടികളുടെ ഡീലറാണ്.
“ശരി. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഞാൻ ചോദിക്കാം.”
“ഇനി നിങ്ങളുടെ ആവശ്യം പറയു?”
അവർ വല്ലാത്തൊരു മുഖഭാവത്തോടെ പൊടുന്നനെ പറഞ്ഞുതുടങ്ങി.
“മി. സാം എന്‍റെ ഹസ്ബന്‍റ് രണ്ടാഴ്ച മുൻപ് മരണപ്പെട്ടു. പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം ഹൃദയാഘാതമെന്നാണ്. എന്നാൽ മി. സാം ഇതൊരു സ്വാഭാവിക മരണമായി എനിക്കു തോന്നുന്നില്ല. എന്‍റെ ഇച്ചായനെ ഏതോ ക്രിമിനൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. എനിക്കതിൽ സംശയം ഇല്ല. ഏവരെയും സ്നേഹിക്കുകയും, അർഹതപ്പെട്ടവരെ കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന, ഇന്നുവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത എന്‍റെ ഇച്ചായനെ ഇല്ലാതാക്കി ആർക്കാണ് നേടാനുള്ളത്? എനിക്കറിയണം ആരാണ് ഈ ദുഷ്ടതക്ക് പുറകിലെന്ന്?”
അവരുടെ മുഖത്തു രക്തം ഇരച്ചുകയറി. വെളുത്ത ആ മുഖം ചുവന്നു തുടുത്തു. കണ്ണിമയിൽ കണ്ണുനീർ നിറഞ്ഞു. ഒരു തൂവാല കൊണ്ട് കണ്ണു തുടച്ച് അവർ തല കുനിച്ചു. എന്തു പറഞ്ഞവരെ ആശ്വസിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി. അവരിൽത്തന്നെ അല്പനേരം ശ്രദ്ധാലുവായി. തെല്ലിട കഴിഞ്ഞ് പതുക്കെ പറഞ്ഞു.
“സോറി. നമുക്കു സത്യാവസ്ഥ കണ്ടുപിടിക്കാം. എന്നെ വിശ്വസിക്കൂ. പിന്നെ ഈയവസ്ഥയിൽ ഇങ്ങിനെ ആവശ്യപ്പെടുന്നതിൽ ക്ഷമിക്കണം. ആ സംഭവം ഒന്നു വിശദീകരിക്കാമോ?
അവർ മെല്ലെ മുഖമുയർത്തി. വികാരവിക്ഷോഭം അടക്കാൻ അവർ പാടുപെടുന്നപോലെ തോന്നി. അവരെ നോക്കുമ്പോൾ ആ കണ്ണുകളിൽ കടലേറ്റം കാണുന്ന പ്രതീതി. തെല്ലിടനേരം കഴിഞ്ഞു ശാന്തയായി കാപ്പി കുടിച്ചു തീർത്ത് അവർ പറയാനാരംഭിച്ചു.
“മി. സാം ഈ മാസം ഒൻപതാം തീയതിയാണ് ഞാൻ എന്‍റെ ഇച്ചായനെ അവസാനമായി ജീവനോടെ കാണുന്നത്. അന്നു രാവിലെ വീട്ടിൽ ഒരു പുതിയ സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോൺട്രാക്ടറെ കാണുവാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. കുറച്ചു ദിവസങ്ങളായി അക്കാര്യം അദ്ദേഹം പറയുമായിരുന്നു. അന്നാണ് പോകാൻ തരപ്പെട്ടത്. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തി.
അന്നു സന്ധ്യക്ക് തറവാട്ടിലെ ബാൽക്കണിയിലിരുന്ന് ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു. ഇച്ചായന് സഹോദരങ്ങളൊടൊക്കെ വലിയ സ്നേഹമാണ്. ഇളയ സഹോദരൻ സണ്ണിയോടാണ് ഏറെ വാൽസല്യം. അദ്ദേഹത്തിന്‍റെ യു. കെയിലുള്ള സഹോദരി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിൽ ചെയ്യാൻ തയ്യാറെടുക്കുന്നതായി എന്നോടു പറഞ്ഞു.
അവരുടെ കുടുംബത്തിന് നാട്ടിൽ വന്നു താമസിക്കാനായി ഒരു വില്ല വിലക്കുവാങ്ങുവാൻ തീരുമാനിച്ചതായും അതൊന്ന് അന്വേഷിക്കുവാൻ ഇച്ചായന്‍റെ സഹായം തേടിയതായും പറഞ്ഞു. രണ്ടു കോടി രൂപയാണത്ര ബജറ്റ്. അന്വേഷിച്ച് വിവരങ്ങളൊക്കെ കൊടുത്തോളൂ, സാമ്പത്തിക കാര്യങ്ങളിലൊന്നും വല്ലാതെ ഇടപെടേണ്ടെ എന്ന് ഞാനൊരു അഭിപ്രായം പറഞ്ഞു.
അതു കേട്ട് ചിരിച്ചു കൊണ്ട് ഇല്ല… ഇല്ല… അതിലൊന്നും ഇടപെടാനില്ല. ടൗണിനോട് ചേർന്ന് നല്ലൊരു വില്ല പ്രൊജക്റ്റ് പോയിക്കാണണം, മികച്ചതെങ്കിൽ അവരെ അറിയിക്കണം. അതേ ഉള്ളൂ എന്നു പറഞ്ഞു.
മികച്ച ഒന്നു രണ്ടു കൺസ്ട്രക്ഷൻ കമ്പനികളുടെ പേരും അവർ നിർദേശിച്ചതായി പറഞ്ഞു. പിന്നെ സണ്ണിയുടെ അമിതമായ മദ്യപാന ശീലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ഈ മദ്യമൊക്കെ ഞാനും കഴിക്കും. അതൊക്കെ ഒരു ലിമിറ്റിൽ മാത്രമേ ഉപയോഗിക്കൂ. ഒരു ലഹരിയും നമ്മളെ കീഴ്പെടുത്താൻ അനുവദിക്കരുത്. ഏതു ലഹരിയും നമ്മുടെ നിയന്ത്രണത്തിൽ വരണം. അതു മനുഷ്യനുമേൽ ആധിപത്യം നേടുന്ന നിമിഷം അവന്‍റെ തകർച്ചയുടെ തുടക്കമാണ്. എന്നൊക്കെ പറഞ്ഞതായി നല്ല പോലെ ഓർക്കുന്നു.
നിങ്ങൾക്ക് നിങ്ങളുടെ കുടുംബക്കാരുടെ കാര്യം മാത്രമേ ചർച്ച ചെയ്യാനുള്ളോ? എനിക്കും വീടും വീട്ടുകാരുമെല്ലാം ഉണ്ട് അങ്ങനെ എന്തെല്ലാമോ ഞാനും പറഞ്ഞു. ഞാനങ്ങനെ പറഞ്ഞത് അദ്ദേഹത്തെ ഒന്ന് ചൊടിപ്പിക്കാനായാണ്. എന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം നല്ല അടുപ്പവും അവരുമായി ബന്ധപ്പെട്ട എല്ലാ വിശേഷാവസരങ്ങളിലും പങ്കെടുക്കാറുമുണ്ടായിരുന്നു.
പിന്നെ ഞാൻ അടുക്കളയിൽ പോയി പനീറുകൊണ്ട് ഒരു വിഭവമുണ്ടാക്കി. ആ വിഭവം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പണ്ടുകാലത്ത് നോൺ വെജ് ധാരാളം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടദ്ദേഹം അത് തീർത്തും ഒഴിവാക്കിയിരുന്നു.
ഞാനത് പെട്ടന്ന് തയ്യാറാക്കി ബാൽക്കണിയിൽ കൊണ്ടുപോയി കൊടുത്തു. ദിവസവും ഒരു പെഗ് മദ്യം അദ്ദേഹം കഴിക്കും. ഒരു തുള്ളി പോലും കൂടുതൽ കഴിക്കില്ല. അതും മിലിട്ടറി കാന്‍റീനിൽ നിന്നും വാങ്ങുന്ന മേൽത്തരം മദ്യം മാത്രം. ഇന്നുവരെ അതിൽ കൂടുതൽ കഴിക്കുന്നത് കണ്ടിട്ടുമില്ല.
അന്ന് മദ്യം കഴിച്ച ശേഷം കുറച്ചു നേരം ബാൽക്കണിയിൽ നടന്നു. പിന്നെ ഒരിടത്തിരുന്ന് നെഞ്ചു തടവുന്നതു കണ്ടു. കൈ കഴക്കുന്ന പോലെന്നും നെഞ്ചിൽ വേദന തോന്നുന്നെന്നും പറഞ്ഞു. സാമുവൽ ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയേ ഇല്ല. എന്തൊ നല്ല സുഖം തോന്നുന്നില്ല നേരത്തെ കിടക്കാമെന്നു പറഞ്ഞ് വന്നു കിടന്നു. അപ്പോൾ നല്ല പോലെ വിയർത്തിരുന്നു. നെറ്റിയിൽ വിയർപ്പ് കിനിഞ്ഞിറങ്ങുന്നതു ഞാൻ വ്യക്തമായി കണ്ടു.
ക്ഷീണിതനെന്നു തോന്നി. ആഹാരം കഴിച്ച് കിടക്കാമെന്ന് പറഞ്ഞപ്പോൾ തീരെ വിശപ്പില്ല, നല്ലൊരുറക്കം കിട്ടിയാൽ ഈ ശാരീരിക അസ്വസ്ഥതകൾ മാറുമെന്ന് പറഞ്ഞ് കിടക്കുകയാണുണ്ടായത്. ഞാനും ഒന്നും കഴിക്കാതെ പോയിക്കിടന്നു. എന്നും രാവിലെ ഞാനല്പം വൈകി എണീക്കാറാണ് പതിവ്. ഇച്ചായൻ നേരത്തെ എണീക്കും. യോഗയൊക്കെ ചെയ്ത് ഗ്രീൻ ചായയൊക്കെ ഉണ്ടാക്കി കുടിച്ച് വ്യായാമമൊക്കെ ചെയ്ത് കുറെക്കഴിഞ്ഞേ ശേഷമേ ഞാൻ എഴുന്നേൽക്കാറുള്ളൂ.
അപ്പോഴേക്കുമേ വീട്ടിൽ നിക്കണ പെണ്ണ് വന്നു മറ്റുജോലികൾ തുടങ്ങൂ. കുക്കിംഗ് എല്ലാം ഞാനാണ് ചെയ്യാറ്. അത് മറ്റാരും ചെയ്യുന്നത് ഇച്ചായന് ഇഷ്ടമല്ല. അന്ന് രാവിലെ അതായത് പത്താം തീയതി ഒരേഴ് ഏഴര മണിക്ക് എന്തൊക്കൊയോ തട്ടി മറിയുന്ന ശബ്ദം കേട്ട് എണീറ്റു. ബെഡ്റൂമോട് ചേർന്ന് അറ്റാച്ഡ് ബാത്ത്റൂമാണ്. ബാത്ത് റൂമിന്‍റെ വാതിൽ മലർക്കെത്തുറന്ന് ഇച്ചായൻ നിലത്തു കുഴഞ്ഞു വീണു വീണുകിടക്കുന്നു.
ഷേവിംഗ് സെറ്റുകളും സോപ്പും ഡെറ്റോൾ കുപ്പിയുമെല്ലാം അവിടെ ചിതറി വീണിട്ടുണ്ട്. മുഖമാകെ ചുവന്ന് എന്തോ കണ്ട് പേടിച്ച പോലെ കോടിയിരിക്കുന്നു. എനിക്കാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ശരീരം മുഴുവൻ തരിച്ചു പോയ ഒരവസ്ഥ പെട്ടന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ഞാൻ ഒച്ചയുണ്ടാക്കി. അപ്പോഴേക്കും നിക്കണ പെണ്ണും മുകളിലേക്ക് ഓടി വന്നു. ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ താങ്ങിയെടുത്ത് ബെഡിലേക്ക് കിടത്തി.
ഉടനെത്തന്നെ കുടുംബ ഡോക്ടർ സാമുവേലിനെ വിളിച്ചു വിവരം പറഞ്ഞു. അദ്ദേഹം വീട്ടിലെത്തി പരിശോധിച്ചു . മരിച്ചിട്ട് ഒന്നര മണിക്കൂറിലേറെയായി എന്നു പറഞ്ഞു. ഹാർട്ട് അറ്റാക്കാകാനാണ് സാധ്യത എന്നും പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് നെഞ്ചു തടവിയിരുന്ന കാര്യവും ഞാൻ ഡോക്ടറോട് സൂചിപ്പിച്ചു. അപ്പോൾ തന്നെ അറിയിക്കാഞ്ഞതെന്തെന്ന് ചോദിച്ച് ഡോക്ടർ ദേഷ്യപ്പെട്ടു. അങ്ങിനെ ഇച്ചായന്‍റെ മരണം സ്വാഭാവിക മരണമായി കണക്കാക്കി പള്ളിയിലെ ഞങ്ങളുടെ കുടുംബക്കല്ലറയിൽ ശവസംസ്ക്കാരവും നടത്തി.”
മാർഗരറ്റ് തെല്ലിട നേരം ഒന്നു നിശ്വസിച്ചു.
“മരണത്തിൽ സംശയമുള്ള പക്ഷം എന്തുകൊണ്ട് പോലീസന്വോഷണം ആവശ്യപെട്ടില്ല?
ആ ചോദ്യം പ്രതീക്ഷിച്ചിരുന്നപോലെ അവർ മറുപടി പറഞ്ഞു.
“മി. സാം ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ? ഞങ്ങൾ അറിയപ്പെടുന്ന തറവാട്ടുകാരാണ്. ഇത്തരത്തിൽ ദുരൂഹവും സംശയാസ്പദമായ ഒരു സംഭവം ഞങ്ങളുടെ കുടുംബത്തിന്‍റെ ഇന്നോളമുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ല . ഇതിനു മേൽ പോലീസന്വോഷണവും മറ്റും വന്നാൽ പൊടിപ്പും തൊങ്ങലും വച്ച വാർത്തകൾ പരക്കാൻ ഇടയാകും.
ഇച്ചായന്‍റെ മരണം സ്വഭാവിക മരണം അല്ല എങ്കിൽ ആ മരണത്തിനു പിന്നിലുള്ള വസ്തുതകൾ എന്തായാലും മോശമായിരിക്കുമല്ലോ? അത്തരം കാര്യങ്ങൾ പൊതുജന സംസാരവുമൊക്കെയാവുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. പോരാത്തതിന് നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൊക്കെ വരുന്നത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്.”
“ശരി. അതും ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾ ആ വസ്തുത സത്യസന്ധമായി പറഞ്ഞു. പിന്നെ നിങ്ങൾ എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടത് ഏഴര മണിക്കാണ്. ഡോക്ടർ മരണം ഉറപ്പിച്ചതു പ്രകാരം മരണ സമയം ആറ് മണിയോടടുത്താണ്. അതിൽ…”
“മി. സാം ഞാനിക്കാര്യം ചിന്തിച്ചതാണ്. ഞാൻ എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടെഴുന്നേറ്റത് ഏഴരക്കു തന്നെയാണ്. ഞാനിക്കാര്യം നിക്കണ പെണ്ണിനോട് ആരാഞ്ഞിരുന്നു. അവൾ പറഞ്ഞത് ഏകദേശം ആ സമയത്ത് കഴുകി വച്ച പാത്രങ്ങൾ കൈ തട്ടിമറിഞ്ഞിരുന്നു എന്നാണ്.”
“അപ്പോൾ ഗ്രൗണ്ട് ഫ്ലോറിൽ നിന്നുള്ള ശബ്ദം കേട്ടാണ് നിങ്ങളുണർന്നത്.”
“അതെ. അങ്ങിനെതന്നെ എന്നാണ് തോന്നുന്നത്.”
“ശരി. നന്ദി. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുമെങ്കിൽ ഞാൻ സന്ദേശങ്ങളയക്കാം. എന്നെ വിളിച്ച നമ്പറിൽ വാട്ട്സപ് ഇല്ലേ?“
“അതെ.”
“സോറി. ഒരു കാര്യം കൂടി. രണ്ടു വർഷം മുൻപ് ഡേവീസ് മരിച്ചതായി പറഞ്ഞിരുന്നല്ലോ. അതെങ്ങിനെയായിരുന്നു?
“ഹൃദയസ്തംഭനം തന്നെ. ഒരു കല്യാണ പാർട്ടിയിൽ വച്ച് ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഞങ്ങൾ അക്കാലത്ത് ആൻഡമാനിൽ ആയിരുന്നെങ്കിലും കല്യാണ വിരുന്നിൽ പങ്കെടുക്കാനായി നാട്ടിൽ എത്തിയിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന ഡോക്ടറാണ് ഹൃദയസ്തംഭനമെന്ന് സ്ഥീരീകരിച്ചത്”
“ഡോ. സാമുവൽ ആ കല്യാണ വിരുന്നിൽ പങ്കെടുത്തിരുന്നോ? ആ ഡോക്ടർ സാമുവൽ ഡോക്ടർ തന്നെയായിരുന്നോ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു
“സാമുവൽ ഡോക്ടർ കല്യാണ വിരുന്നിൽ സംബന്ധിച്ചിരുന്നെങ്കിലും ഭക്ഷണത്തിനു മുൻപ് ഒരത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് എങ്ങോ പോയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരു ഡോക്ടറാണ് പരിശോധിച്ചത്. യു. കെ യിൽ പോയി മെഡിക്കൽ സയൻസിൽ ഉന്നതമായ ബിരുദമെടുത്ത ആളാണ് എന്നാണ് എന്‍റെ അറിവ്.
കുഴഞ്ഞു വീഴുന്നതു കണ്ട് വിരുന്നിൽ പങ്കെടുത്തിരുന്നവരെല്ലാം ഓടിക്കൂടി. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അപ്പോൾ തന്നെ കാറിൽ കയറ്റി ഇരുത്തിയതായിരുന്നു. അപ്പോഴാണ് സംശയം പ്രകടിപ്പിച്ച് ഡോക്ടർ രംഗത്തെത്തുകയും പരിശോധിക്കുകയും ചെയ്തത്. അപ്പോൾത്തന്നെ ഡേവിസ് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.”
“ശരി മകൾ അലീന ഈ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നോ?”
“അവളും കല്യാണ വിരുന്നിനു വന്നിരുന്നു”.
“അല്ല ജോൺ സാറിന്‍റെ മരണം സംഭവിച്ച ദിവസമാണ് ഉദ്ദേശിച്ചത്.”
“ഇല്ല. അവളുടെ സ്കൂളിൽ നിന്നും ടൂറിനു പോയിരുന്നു. വിവരം അറിയിച്ചപ്പോൾ അവരുടെ ടീം നെല്ലിയാമ്പതിയിലെത്തിയിരുന്നു. വിവരമറിഞ്ഞ് ഉടനെത്തന്നെ അലീന ടീച്ചറോട് പറഞ്ഞ് ടൂർ പ്രോഗ്രാം ഒഴിവാക്കി. ക്ലാസ്സ് ടീച്ചർ ഇടപെട്ട് ഒരു കാർ അറേഞ്ച് ചെയ്ത് ഉടൻ തന്നെ വീട്ടിലേക്കു തിരിക്കുകയായിരുന്നു. അവൾ വരുവാൻ വേണ്ടി ചടങ്ങുകൾ എല്ലാം നീട്ടിവച്ചു.
പാവം അപ്പൻ നഷ്ടപെട്ടത് എന്‍റെ കുട്ടിക്കിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അത്രക്കു വാത്സല്യമായിരുന്നു അപ്പന് മകളോട്. ഞങ്ങൾക്ക് അവളൊരു കുട്ടിയല്ലേ ഉള്ളു. അലീനക്ക് അപ്പനെന്നു പറഞ്ഞാ ജീവനാണ്. എന്നെക്കാൾ ഇഷ്ടവും അപ്പനോടാണെന്നു ചിലപ്പോ തോന്നാറുണ്ട്, അവളുടെ എല്ലാ കുസൃതിക്കും ഇഷ്ടങ്ങൾക്കും ഇച്ചായൻ കൂട്ടുനിൽക്കും ഇപ്പൊ പള്ളിയിൽ പോയാൽ അപ്പനെ കാണാതെ അവൾ വരില്ല. അപ്പൻ ഞങ്ങളെ വിട്ടുപോയിട്ടില്ല എന്നാണ് ഇപ്പോഴും പറയാ.
ഇന്നു രാവിലേയും ഇച്ചായന്‍റെ ഫോട്ടോ നോക്കി കണ്ണു നിറച്ചാ പോയത്. എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്നറിയില്ല. ടീച്ചറോടും അവളുടെ ഫ്രണ്ട്സിനോടൊക്കെ ഒന്നു കെയർ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ആ കുട്ടിക്ക് അപ്പന്‍റെ നഷ്ടം താങ്ങാൻ സർവ്വേശ്വരൻ കരുത്തു കൊടുക്കട്ടെ. അതല്ലേ പ്രാർത്ഥിക്കാൻ കഴിയൂ.
“അതെ കുട്ടികളെ അത് വല്ലാതെതന്നെ ബാധിക്കും. കുട്ടിക്ക് അപ്പന്‍റെ വിയോഗം തരണം ചെയ്യാൻ കഴിയട്ടെ.”
തെല്ലിട ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി. പിന്നെ മൗനമഴിഞ്ഞു.
“ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ? ഇങ്ങനെ ചോദിക്കുന്നതിൽ പ്രയാസമുണ്ടെങ്കിൽ ക്ഷമിക്കണം.
“നോക്കു എന്‍റെ സംശങ്ങൾക്ക് ഉത്തരം ലഭിക്കലാണ് എന്‍റെ ലക്ഷ്യം. ഞാൻ താങ്കളെ സമീപിച്ചതും അതിനുതന്നെ. അതിനായി എന്തു ചോദ്യവും താങ്കൾക്ക് ചോദിക്കാം.“
അല്പം ആശങ്കയോടെ ഞാൻ ചോദിച്ചു.
“ഭർത്താവിന്‍റെ മരണം സ്വാഭാവികമല്ല എന്നു തോന്നാൻ എന്താണ് കാരണം?
പൊടുന്നനെ മാർഗരറ്റിന്‍റെ കണ്ണുകൾ സജലങ്ങളായി. കൂമ്പിയ മിഴിയിൽ നിന്നും രണ്ടിറ്റു കണ്ണീരടർന്നത്തൂവാല കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് അവർ പറഞ്ഞു.
“ഇച്ചായൻ നല്ല ആരോഗ്യമുള്ള ആളായിരുന്നു. ഈ പ്രായത്തിലും തന്‍റെ ഒന്നാന്തരം ആരോഗ്യത്തിന്‍റെ രഹസ്യം പട്ടാളച്ചിട്ടയാണെന്നു പറയുമായിരുന്നു. ഓരോ കാര്യത്തിനും കൃത്യമായി സമയം അലോട്ട് ചെയ്ത് ചിട്ടയായ ജീവിതമാണ് നയിച്ചിരുന്നത്. ഒഴിവു ദിവസങ്ങളിൽ പോലും ആ ചിട്ട പുലർത്തിയിരുന്നത് കണ്ടിട്ടുണ്ട്. നേരത്തെ പറഞ്ഞില്ലേ? ചെറിയ അളവിൽ മദ്യം കഴിക്കുമെന്ന് അതല്ലാതെ യാതൊരു ദുശ്ശീലങ്ങളുമില്ലായിരുന്നു.ഡേവീസിന്‍റെ മരണം ഇച്ചായനെ വല്ലാതെ ഉലച്ചു കളഞ്ഞു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന നിർദേശം ഇച്ചായന് എവിടുന്നോ കിട്ടിയിരുന്നു. ചെറിയ അളവിൽ മദ്യപിക്കുന്നതിന്‍റെ കാരണവും അതായിരുന്നു.”
ഭർത്താവിനെ കുറിച്ചുള്ള ഓർമകളിലൂടെ മാഡം സഞ്ചരിച്ചു കൊണ്ടിരുന്നു.
“ഇച്ചായൻ മരിക്കുന്നതിനു ഒരാഴ്ച മുൻപ് ഞങ്ങൾ രണ്ടു പേരും മിലിറ്ററി ഹോസ്പിറ്റലിൽ പോയി ഫുൾ ബോഡി ചെക്കപ്പു നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം നോർമൽ ആയിരുന്നു. റിപ്പോർട്ട് പരിശോധിച്ച മിലിട്ടറി ഡോക്ടർ അഭിനന്ദിക്കുക കൂടി ചെയ്തു. ഈ പ്രായത്തിലും മുപ്പതുകാരന്‍റെ ഊർജസ്വലതയാണെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്! ഒന്നാന്തരം ആരോഗ്യത്തോടെ ഇരിക്കുന്ന ആളിങ്ങനെ പെട്ടന്ന്?
പിന്നെ സംഭവ ദിവസം എന്തോ തട്ടി മറിഞ്ഞ ഒച്ച കേട്ട് ഉറക്കമുണർന്ന ഞാൻ താഴെ അടുക്കള ഭാഗത്തുടെ ആരോ ഓടി പോകുന്ന ശബ്ദം കേട്ടു. പിന്നെ ഡേവീസ് ഹൃദയാഘാതം മൂലം മരിച്ചു കിടന്നത് ഞാൻ നേരിട്ടു കണ്ടതാണല്ലോ. ആ മരണവും ഇച്ചായന്‍റെ മരണവും തമ്മിൽ കാര്യമായ സാമ്യമുള്ള പോലെ തോന്നി. കഴുത്തിൽ ബലമായി അമർത്തിപ്പിടിച്ചപോലെ മുഖം ചുമന്നിരുന്നു. വായിൽ നിന്നും വെളുത്ത പതയും രക്തം കിനിഞ്ഞതിന്‍റെ പാടുകളും. മുഖം എവിടെയോ ശക്തിയായി ഇടിച്ച പോലെ നെറ്റിയിൽ വലിയൊരു മുഴയും കണ്ടു. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കുമോ? അറിയില്ല!
ഇച്ചായന്‍റെ മരണശേഷം ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല. നേരെ ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല ഇമയൊന്നടച്ചാൽ ആ കുഴഞ്ഞു കിടക്കുന്ന രംഗമാണ് മനസ്സിൽ. എന്തായാലും എന്‍റെ ഉൾമനസ്സ് പറയുന്നു, ഇച്ചായൻ സാധാരണ പോലെ മരിച്ചതല്ലെന്ന്! ഒരുറുമ്പിനെ പോലും നോവിക്കാത്ത, ദൈവഭയമുള്ള എന്‍റെ ഇച്ചായനെ കൊന്നിട്ട് ആർക്കെന്ത് നേടാനാണ്? എന്‍റെ ഇച്ചായനെ ഇല്ലാതാക്കിയതാരെന്ന് എനിക്കറിയണ്ടേ? നിങ്ങൾ തന്നെ പറയൂ. എനിക്കതറിഞ്ഞേ തീരൂ. ഇന്ത്യാ മഹാരാജ്യം മുഴുവൻ അലഞ്ഞ ശേഷം സമാധാനമായി ശിഷ്ടകാലം ജീവിക്കാനാഗ്രഹിച്ച് വന്നതാണ് ഞങ്ങൾ. ഇത്ര വേഗം എല്ലാം തീരുമെന്ന്… അവർ വേപഥുവോടെ പറഞ്ഞു നിർത്തി.
അറിഞ്ഞിട്ട് എന്തു ചെയ്യും എന്ന് ഞാവനരോട് ചോദിച്ചില്ല. എനിക്കതറിയേണ്ട കാര്യവുമില്ല. എന്നെ ഏൽപ്പിച്ച പണി, കൊലപാതകമെങ്കിൽ കൊലപാതകിയാരെന്ന് പറഞ്ഞു കൊടുക്കുക. അതല്ലെങ്കിൽ സ്വഭാവിക മരണമെന്ന് വിധിയെഴുതുക. അതറിഞ്ഞിട്ട് അവരുടെ തറവാടിന്‍റെ അന്തസ്സിനും ആഭിജാത്യത്തിനുസരിച്ച് എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ.
“എല്ലാം അവസാനിച്ചു എന്നൊന്നും ചിന്തിക്കരുത്. ജീവിതത്തിൽ എല്ലാവരും ഇത്തരം മനോവേദനയിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നു പോകേണ്ടവരാണ്. ഇത്തരം പരീക്ഷണഘട്ടങ്ങളെ ഉൾബലം കൊണ്ട് അതിജീവിച്ച് മുന്നോട്ടു പോകുക. അതേ മാർഗമുള്ളൂ.” ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു.
അല്പനേരം കഴിഞ്ഞ് അവരുടെ ശാന്തത കൈവന്ന മുഖഭാവം കണ്ട് ചോദിച്ചു. “ശരി. താങ്കളുടെ തൃശൂരിലെ കുടുംബ വിവരങ്ങൾ പറയാമോ?”
“പറയുന്നതിൽ വിരോധമൊന്നുമില്ല. എന്‍റപ്പനും അമ്മച്ചിയും ബാങ്ക് ജോലിക്കാരായിരുന്നു. അപ്പൻ കാത്തലിക്ക് സിറിയൻ ബാങ്കിൽ മാനേജരായി റിട്ടയർ ചെയ്തതാണ്. എനിക്ക് ഒരാങ്ങളയും ഒരു അനുജത്തിയും. അവർ ദൈവവിളി കേട്ട് മഠത്തിൽ ചേർന്നു. അനിയൻ ബാങ്ക് ജോലിക്കാരനാണ്. തറവാട്ടിലിപ്പൊ അനിയന്‍റെ കുടുംബവും അമ്മച്ചിയും ആണുള്ളത്.”
“ശരി.” നിങ്ങളുടെ സംശയങ്ങൾക്ക് തെളിവുകളോടെ തന്നെ പരിഹാരം കാണാൻ എന്നാലാവും വിധം ഞാൻ ശ്രമിക്കാം.”
ഞാനുടനെ അവരുടെ വിലാസവും ഇമെയിൽ അഡ്രസ്സും എഴുതി വാങ്ങി. മിസിസ് മാർഗരറ്റ് മേരി ജോൺ, w/o late. ജോൺ എലവുത്തിങ്കൽ, എലവുത്തിങ്കൽ ഹൗസ്, ബീച്ച് റോഡ്. എന്‍റെ സ്ഥാപനത്തിന്‍റെ നിബന്ധനകൾ ഇമെയിൽ ചെയ്യേണ്ടതുണ്ട്. പിന്നെ അവരുടെ വീടൊന്ന് സന്ദർശിക്കണം.
അവരെ ആശ്വസിപ്പിച്ച് യാത്രയാക്കിയ ശേഷം ഓഫീസിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കവേ ഒരു ന്യൂജനറേഷൻ ബൈക്ക് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മുന്നിലൂടെ പാഞ്ഞ് കടന്നു പോയി. അതെക്കുറിച്ച് ഏറെ ചിന്തിക്കാൻ നിൽക്കാതെ ഓഫീസിലെത്തി.
കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പായുന്ന ചിന്തകളുമായി ഇരിക്കുമ്പോൾ, ഞാൻ ഓഫീസെത്താൻ കാത്തു നിന്നാലെന്ന പോലെ വെളുത്തമഴ കനത്തു പിടിച്ചു. അത്ര നേരം ഉള്ളിലൊതുക്കിയ വ്യഥ പെയ്തു തീർത്ത് മഴമേഘങ്ങൾ ആശ്വാസം നേടിയ പോലെ തോന്നി.