നൈസർഗിക പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന യൂറോപ്പിലെ അതിമനോഹര നഗരമാണ് ജനീവ. അൽപ്സ് താഴവരയിലെ ജനീവ തടാകത്തീരത്തുള്ള നഗരമാണിത്. പച്ചപ്പട്ടു വിരിച്ച ഭൂപ്രകൃതിയും വർണ്ണവൈവിധ്യമുള്ള പൂക്കളുടെ നയനമനോഹരദൃശ്യങ്ങളും ജനീവയെ സന്ദർശകരുടെ പ്രിയ കേന്ദ്രമാക്കി മാറ്റുന്നു. വനാന്തരങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ആൽപ്സ് പർവ്വതനിരകളും വെൺപട്ടു പുതച്ചതുപോലെ മഞ്ഞു മൂടിക്കിടക്കുന്ന ജൂറാ പർവ്വത നിരകളും സന്ദർശകരെ വിസ്മയിപ്പിക്കുന്നു. ഒട്ടനവധി മ്യൂസിയങ്ങളും തീയറ്ററുകളും കലാകേന്ദ്രങ്ങളും ഒപ്പറാ ഹൗസുമൊക്കെ ചേർന്ന് ജനീവയ്ക്ക് ഒരു സാംസ്കാരിക നഗരപരിവേഷം പ്രദാനം ചെയ്യുന്നു.
അന്താരാഷ്ട്ര പ്രാധാന്യമുള്ള നഗരമാണിത്. ജനസംഖ്യയുടെ ഭൂരിഭാഗവും വിദേശികളാണ്. കൂടാതെ യുഎൻഒ, റെഡ്ക്രോസ് തുടങ്ങി 200ലധികം അന്താരാഷ്ട്ര സംഘടനകളുടെ ആസ്ഥാനകേന്ദ്രം കൂടിയാണ് ജനീവ. റൈവ് ഗൗച്ചേ, റൈവ് ഡ്രോയിത്ത് എന്നിങ്ങനെ നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട് നഗരമധ്യത്തിലൂടെ റോൺ നദി ഒഴുകുന്നു.
രണ്ടു നഗരികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ആറു പാലങ്ങളും ഇവിടെയുണ്ട്. ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയങ്കരമായ ഇടങ്ങളും ഷോപ്പിംഗ് സെന്‍ററുകളും റൈവ് ഗൗച്ചേയിലാണുള്ളത്. റൈവ് ഡ്രോയിത്ത് നദീതീരത്ത് വലിയ ഹോട്ടലുകളും റെസ്റ്റോറന്‍റുകളുമുണ്ട്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വിഭവങ്ങൾ നമ്മുക്കിവിടെ ലഭിക്കും.
ജനീവയുടെ ചരിത്രത്തിലെ രസകരമായ വസ്തുതയാണ് പുരാതന ചെസ്റ്റ്നട്ട് വൃക്ഷം. വസന്തകാലത്തിന്‍റെ വരവറിയിക്കുന്നത് ഈ വൃക്ഷമാണ്. വൃക്ഷത്തിൽ ആദ്യത്തിലെ തളിരില നാമ്പിടുമ്പോൾ ജനീവ പാർലമെന്‍റ് സെക്രട്ടറി പത്രമാധ്യമങ്ങളെ പ്രസ് നോട്ടീസിലുടെ വിവരമറിയിരിക്കും. കാലാവസ്ഥ വൃക്ഷലതാദികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക തെളിവാണിത്. വസന്തകാലത്തിന്‍റെ വരവ് നേരത്തെയാണോ അല്ലാതെയോ എന്നൊക്കെ റെക്കോർഡ് നോക്കി പരിശോധിച്ച് മനസ്സിലാക്കാനാവും. 1818 നു മുമ്പ് മാർച്ച്- ഏപ്രിൽ മാസത്തിലാണ് വസന്തം വരവറിയിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫെബ്രുവരിയുടെ ആരംഭത്തോടെയായി മാറിയിരിക്കുന്നു.
ജനീവയുടെ മറ്റൊരു ആകർഷണമാണ് ജെറ്റ് ഡ്യൂ ഫൗണ്ടൻ. ഫൗണ്ടൻ മനോഹരമാക്കാൻ പ്രത്യേക ലൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്. വെള്ളം ആകാശം മുട്ടുംവിധം 140 മീറ്റർ ഉയരത്തിലേക്ക് കുതിച്ച് വളഞ്ഞും ചരിഞ്ഞും മടങ്ങിയെത്തുന്ന അദ്ഭുതക്കാഴ്ചയാണിവിടെ.
ഈ പുരാതന നഗരത്തിലെ ഏറ്റവും ഉയരമുള്ളയിടത്താണ് സെന്‍റ് പീറ്റർ കത്തീഡ്രൽ. നഗരത്തിലെ പരിഷ്കരണ വിപ്ലവത്തിന് തുടക്കമിട്ടതിവിടെയാണ്, ഒരു മ്യൂസിയവും ഇതിനകത്തുണ്ട്.
പഴമയുടെ ചിത്രം
സെന്‍റ് പീറ്റർ കത്തീഡ്രലിൽ നിന്നും അൽപം ദൂരെയായി മോയ്സൺ ടാവൽ കാണാം. ഈ കെട്ടിടം 12-ാം നൂറ്റാണ്ടിൽ ടാവൽ രാജകുടുബം നിർമ്മിച്ചതാണ്. ജനീവയുടെ ചരിത്രവും പുരാതന നഗരജീവിത ദൃശ്യങ്ങളും കെട്ടിടത്തിനടത്തൂടി നടന്നു കാണാനാവും.
ജനീവ റെയിൽവേ സ്റ്റേഷനിൽ നിന്നും അൽപം ദൂരെയായി മോയ്സൺ ടാവൽ കാണാം. ഈ കെട്ടിടം 12-ാം നൂറ്റാണ്ടിൽ ടാവൽ രാജകുടുംബം നിർമ്മിച്ചതാണ്. ജനീവയുടെ ചരിത്രവും പുരാതന നഗരജീവിത ദൃശ്യങ്ങളും കെട്ടിടത്തിനടുത്തൂടി നടന്നു കാണാനാവും.
ജനീവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏതാണ്ട് ഒരു കി. മീ വടക്കായി അവന്യൂ ദ ല പാറ്റ്സിലാണ് യുഎൻഒ യുടെ ആസ്ഥാനം. 1929- 1936 കാലയളവിൽ നിർമ്മിച്ച ഈ കെട്ടിടം മുമ്പ് ലീഗ് ഓഫ് നേഷൻസിന്‍റെ ഓഫീസായിരുന്നു. പിന്നീട് 1945ൽ ഈ സംഘടന യുഎൻഒ ആയി മാറുകയായിരുന്നു.
ഇതേ സ്ഥാനത്താണ് റെഡ്ക്രോസിന്‍റെ അന്താരാഷ്ട്ര സമിതിയുടെ പ്രധാന ഓഫീസ്. യുഎൻഒ ആസ്ഥാനത്തിൽ നിന്നും അൽപം ദൂരെയായി അരിയാനാ എന്ന മറ്റൊരു മ്യൂസിയം കൂടിയുണ്ട്. കൂടാതെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം, റാത്ത് മ്യൂസിയം എന്നിവയും സന്ദർശിക്കാം. ജനീവയിലെ അതിപുരാതനമായ കലാകേന്ദ്രമാണ് മ്യൂസിറാത്ത്. 1826ലാണ് ഇത് നിർമ്മിക്കപ്പെട്ടത്. മ്യൂസിയത്തിനടുത്തായി നഗരത്തിലെ പ്രശസ്ത ഓപ്പറ ഹൗസ് സ്ഥിതി ചെയ്യുന്നു.
രസകരമായ നൈറ്റ് ലൈഫ്
ഓപ്പറ ഹൗസിന്‍റെ തെക്കു ഭാഗത്തായി വലിയൊരു പാർക്കും ഇതോടു ചേർന്ന് അനേകം യൂണിവേഴ്സിറ്റി കെട്ടിടങ്ങളും കാണാം. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരമാണ് ഇവിടം.
നഗരമധ്യത്തിൽ നിന്നും 2 കി. മീ. തെക്കോട്ട് സഞ്ചരിച്ചാൽ കൈരി നഗരം കാണാം. ജനീവയുടെ ദ്രുതഗതിയിലുള്ള വളർച്ചയിൽ ഈ നഗരം സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യയിലെ ജയ്പൂർ നഗരം പോലെയാണിത്. ചെസ് ബോർഡ് പോലെയാണ് നഗരം രൂപ കൽപന ചെയ്തിരിക്കുന്നത്. അതിനാൽ പരസ്പരം മുറിച്ച് കടന്നു പോകുന്ന റോഡുകളാണെങ്ങും.
ജനീവയിലെ രസകരമായ നൈറ്റ് ലൈഫ് ആസ്വദിക്കണമെങ്കിൽ കൈരി തെരുവുവീഥികളിൽ തന്നെയെത്തണം. നഗരമധ്യത്തിൽ വരെ ട്രാമുകൾ സഞ്ചരിക്കും. സസ്യസമൃദ്ധമായ പുഷ്പോദ്യാനങ്ങളിലിരുന്ന് അൽപസമയം പ്രകൃതിയുടെ സാമീപ്യം ആസ്വദിക്കാനാവും.
ജനീവയിലെ റിയു ദു റോൺ പ്രദേശം ഒരു കാലത്ത് തൊഴിലാളികൾ താമസിച്ചിരുന്നു. പിന്നീട് ഇതെല്ലാം പൊളിച്ചു മാറ്റി അത്യാധുനിക മാർക്കറ്റ് നിർമ്മിക്കുകയായിരുന്നു. ആഭരണങ്ങളുടെയും വാച്ചുകളുടെയും വലിയ ഷോറുമുകളും മനോഹരമായ ഡിപ്പാർട്ട്മെന്‍റ് സ്റ്റോറുകളും ഡിസൈൻ ബുട്ടീക്കുകളും ഇവിടെയുണ്ട്. മരത്തിൽ നിർമ്മിച്ച ക്ലോക്കിലെ സൂചിക്കു താഴെയുള്ള ഒരു കൊച്ചു ബോക്സിൽ നിന്നും ഓരോ മണിക്കൂറിനു ശേഷവും വാതിൽ തുറന്നു പുറത്തു വന്ന് കോഴി കൂവുന്ന കാഴ്ച വിസ്മയകരമായി തോന്നി. ചീസിന്‍റെയും ചോക്ലേറ്റുകളുടെയും നാടും കൂടിയാണിത്.