ഒരു തെളിഞ്ഞ പ്രഭാതം. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുകയാണ് ഉണ്ണിത്താൻ. അല്‍പസമയം കഴിഞ്ഞപ്പോൾ വായന അവസാനിപ്പിച്ച് കസേരക്കരികിൽ ചാരിവെച്ചിരുന്ന വാക്കിംഗ് സ്റ്റിക്കുമെടുത്ത് ഉണ്ണിത്താൻ മുറ്റത്തേക്കിറങ്ങി.
സമ്പന്നതയുടെ ധാടിയും മോടിയുമൊന്നും ഉണ്ണിത്താന്‍റെ വേഷത്തിലുണ്ടായിരുന്നില്ല. ഒരു മുണ്ടും തോളിലൊരു തോർത്തും മാത്രം. സ്വന്തം ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളുടെ മേൽ നോട്ടമെല്ലാം ഉണ്ണിത്താൻ നേരിട്ടാണ് നടത്തുന്നത്. ഈ ലോകത്തുള്ള സമസ്ത സസ്യജാലങ്ങളും അദ്ദേഹത്തിന്‍റെ ബലഹീനതയാണെന്ന് മാത്രമല്ല, ആ വിഷയത്തിൽ അഗാധപാണ്ഡിത്യമുള്ള ഒരാളുമാണദ്ദേഹം
ഉണ്ണിത്താൻ മുൻവശത്തെ വിശാലമായ ഉദ്യാനത്തിലെ വാക്ക് വേയിലൂടെ പൂക്കളുടെ വർണ്ണഭംഗിയാസ്വദിച്ചുകൊണ്ട് കുറച്ച് സമയം ഉലാത്തിയശേഷം പിറകിലെ തൊടിയിലേക്ക് നടന്നു. കായ്കറിത്തോട്ടത്തിലെ പാവൽപന്തലിനരികിൽ ഉണ്ണിത്താന്‍റെ വിശ്വസ്തഭൃത്യനായ ധർമ്മേന്ദ്രൻ നില്പുണ്ടായിരുന്നു. പാവലിന്‍റെ ചുരുണ്ടിരിക്കുന്ന ഇലകൾ ഓരോന്നായി അടർത്തി ശ്രദ്ധാപൂർവ്വം ഒരു പ്ളാസ്റ്റിക് കവറിനുള്ളിൽ നിക്ഷേപിക്കുകയായിരുന്നു അയാൾ.
“ഒന്നിനേപ്പോലും ബാക്കിവെച്ചേക്കരുത് കേട്ടോ ധർമ്മാ, അവറ്റോള് ഇലകള് മുഴുവൻ തിന്ന് തീർക്കും” ഉണ്ണിത്താൻ ഓർമ്മിപ്പിച്ചു.
“ശരിയാ. തപസ്സിരിക്കാൻ തുടങ്ങണതിന് മുൻപ് ഇവറ്റകൾക്ക് മുടിഞ്ഞ വിശപ്പാ.”മറ്റൊരില നുള്ളിയെടുത്ത് അതിൽ ഒളിഞ്ഞിരിക്കുന്ന പച്ചപുഴുവിനെ കവറിനകത്തേക്ക് നിക്ഷേപിച്ചുകൊണ്ട് ഒരു പ്രപഞ്ചസത്യം പ്രവചിക്കുംപോലെ ഗൗരവത്തോടെ ധർമ്മേന്ദ്രൻ അഭിപ്രായപ്പെട്ടു.
“അവ തപസ്സിരിക്കുന്നതൊന്നുമല്ലെടോ. ചിറക് മുളക്കുന്നതുവരെ ഒരു സമാധിഘട്ടത്തിലാണവ.”
ഇളിഭ്യചിരിയോടെ ധർമ്മേന്ദ്രൻ പാതി തന്നോടുതന്നെയെന്നപോലെ പറഞ്ഞു.”ജീവനോടെ സമാധിയിരിക്കണതിന് തപസ്സിരിക്യാന്ന് പറേണതില് തെറ്റൊന്നൂല്ല. സമാധിയിരിക്കുമ്പോ പഞ്ചാക്ഷരമന്ത്രംകൂടി ജപിക്കണുണ്ടോന്നാർക്കറിയാം. ങ്ഹാ! അല്പം കൂടി ക്ഷമിച്ചോ, എല്ലാത്തിനേം ഒരുമിച്ച് സ്വർഗ്ഗത്തിലേക്കയച്ചേക്കാം.”
മുന്നോട്ട് നടക്കുന്നതിനിടയിൽ തിരിഞ്ഞു നിന്ന് ഉണ്ണിത്താൻ വിളിച്ച് ചോദിച്ചു.”നീയെന്തെങ്കിലും പറഞ്ഞോ ധർമ്മാ?”
“ഓ, ഇല്ല” ധർമ്മേന്ദ്രൻ വിനീതനായി.
ഉണ്ണിത്താൻ തിരികെ സിറ്റൗട്ടിലേക്ക് കയറുമ്പോൾ ഡ്രോയിംഗ്റൂമില്‍ ഭാര്യ സേതുലക്ഷ്മി ഫോണിലാരോടോ സംസാരിക്കുന്ന സ്വരം. അകത്തേക്കുവെച്ച കാൽ പിന്നോട്ടെടുത്ത് ഉണ്ണിത്താൻ വാതിലിന്‍റെ മറവിലേക്ക് നീങ്ങിനിന്നുകൊണ്ട് ശ്രദ്ധിച്ചു.
“അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല, ജുജുമോളെ. നീയിവിടെവരെ വന്നേ ഒക്കൂ. അത്ര നല്ല കേസാ. അതുകൊണ്ടാ.”
തിരുവനന്തപുരത്തെ കോളേജ്- ഹോസ്റ്റലിൽ താമസിച്ച് ഡിഗ്രി ഫൈനലിയറിന് പഠിക്കുന്ന മകളോടാണ് സേതുലക്ഷ്മി സംസാരിക്കുന്നതെന്ന് ഉണ്ണിത്താന് മനസ്സിലായി. മഞ്ജുവെന്നാണ് മകളുടെ പേര്. അവളെ സേതുലക്ഷ്മി “ജുജൂ”വെന്നാണ് വിളിക്കുന്നത്. ഉണ്ണിത്താൻ മഞ്ചാടിമോളെന്നും.
ചെറിയൊരിടവേള. മകളുടെ മറുപടിയൊട്ടും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്ന അസഹ്യതയാണ് സേതുലക്ഷ്മിയുടെ മുഖത്തിപ്പോൾ
“ഇതങ്ങനെ നീട്ടിക്കൊണ്ട്പോകാൻ പറ്റില്ല മോളൂ. ചടങ്ങ് നടത്താൻ വൈകിയാൽ പയ്യനെ മറ്റാരെങ്കിലും റാഞ്ചിക്കൊണ്ട് പോകും. അത്രക്ക് നല്ല കേസാ. ശനീം ഞായറും നിനക്ക് മുടക്കമല്ലേ? ശനിയാഴ്ച നീയിങ്ങോട്ടെത്തിയാൽ ഞായറാഴ്ച രാവിലെ ചടങ്ങ് നടത്താം.”
എന്തോ അനക്കംകേട്ട് സേതുലക്ഷ്മി തിരിഞ്ഞുനോക്കി. ഉണ്ണിത്താനെ കണ്ടപ്പോൾ ഒന്ന് പതറിയെങ്കിലും സംഭാഷണം തുടർന്നു.”ശനിയാഴ്ചതന്നെ നീയീങ്ങോട്ടെത്തിയേക്കണം. ഇല്ലെങ്കിൽ മമ്മി നിന്നോടിനി മിണ്ടില്ല. പറഞ്ഞേക്കാം. ബൈ ജുജൂ”
ഫോൺ ക്രേഡിലിൽവെച്ച് സേതുലക്ഷ്മി തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ ഉണ്ണിത്താൻ പിറകേ കൂടി.”രാവിലെ മോളേ വിളിച്ച് സംസാരിക്കുന്നത് കേട്ടല്ലോ എന്താ കാര്യം”
ഉണ്ണിത്താനെ തറപ്പിച്ചൊന്ന് നോക്കി ഒരക്ഷരം മറുപടി പറയാതെ മുഖം വെട്ടിതിരിച്ചുകൊണ്ട് സേതുലക്ഷ്മി അകത്തേക്ക് പോയി. ഉണ്ണിത്താനിൽനിന്നും നിസ്സഹായതയുടെ ഒരു നെടുവീർപ്പുയർന്നു.
അച്ഛനായ തന്നോടുപോലും ഒരുവാക്ക് പറയാതെയാണ് സേതുലക്ഷ്മി മകൾക്ക് വിവാഹമാലോചിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. തന്‍റെ മരുമകൻ ശിവരാമകൃഷ്ണനെക്കൊണ്ട് മഞ്ജുവിന്‍റെ കഴുത്തിൽ താലികെട്ടിക്കണമെന്നാണ് താനാഗ്രഹിക്കുന്നതെന്ന് സേതുലക്ഷ്മിക്കറിയാം. ആ ബന്ധം സേതുലക്ഷ്മിക്ക് തീരെ ഇഷ്ടമല്ല. പോസ്റ്റ്ഗ്രാജ്വേഷനും കഴിഞ്ഞിട്ട് മതി സ്വന്തം വിവാഹമെന്ന അഭിപ്രായമാണ് മഞ്ജുവിന്.
ഇത്രപെട്ടെന്ന് തന്‍റെ ഭാര്യ മകൾക്ക് ഒരു ഭർത്താവിനെ അന്വേഷിച്ച് കണ്ടുപിടിക്കുമെന്ന് സ്വപ്നത്തിൽപോലും ഉണ്ണിത്താന്‍ കരുതിയിരുന്നില്ല. സേതുലക്ഷ്മിയുടെ നീക്കങ്ങൾക്കെതിരെ താനെങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ചായിരുന്നു ഉണ്ണിത്താന്‍റെ അടുത്ത ചിന്ത.
മഞ്ജു വരട്ടെ. അവളെ വേണ്ടപോലൊന്ന് ഉപദേശിച്ച് നോക്കാം. യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കാനുള്ള ബുദ്ധിയൊക്കെ തന്‍റെ മകൾക്കുണ്ടെന്നതൊരാശ്വാസമാണ്. ഉണ്ണിത്താൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
ധർമ്മേന്ദ്രൻ കൃഷിപ്പണി കഴിഞ്ഞ് അടുക്കളയിലേക്ക് ചെല്ലുമ്പോൾ പാചകക്കാരി മണ്ഡോദരി തിരക്കിട്ട ജോലിയിലാണ്.
“മണ്ഡൂ, അല്പം തിളച്ചവെള്ളം” ധർമ്മേന്ദ്രൻ വളരെ അനുനയസ്വരത്തില്‍ തന്‍റെ ആവശ്യമറിയിച്ചു. അടിമുടി വിയർപ്പിൽ കുളിച്ച് പോയിരുന്നു അയാൾ. പുഴുക്കൾ പുളയുന്ന പ്ളാസ്റ്റിക്ക് കൂടിലേക്ക് നോക്കി അറപ്പോടെ മണ്ഡോദരി പരിഹസിച്ചു “ഓ! ധർമ്മൻചേട്ടൻ വേട്ട കഴിഞ്ഞെത്തിയോ?”
“കഴിഞ്ഞൂന്ന് തീർത്ത് പറയാനാവില്ല. ശത്രുക്കളെ ബന്ദികളാക്കിയിട്ടേയുള്ളു. ഇനി വധ ശിക്ഷ നടപ്പാക്കണം.”
“എന്തിനാ ധർമ്മൻചേട്ടാ ഈ മുടിഞ്ഞ പണിക്ക് പോണത്. പുഴുക്കേടിനെന്തെങ്കിലും മരുന്നു തളിച്ചാൽപോരേ?”
“മണ്ടത്തരം പറയല്ലേ, എന്‍റെ മണ്ഡോദരി, കീടനാശിനികൾ കൊടിയ വിഷമാണെന്നറിഞ്ഞൂടേ നിനക്ക്?”
കയ്യിലെ വാച്ചിൽ നോക്കി മണ്ഡോദരി വേവലാതിപ്പെട്ടു “അയ്യോ! നേരമൊരുപാടായി. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കൊച്ചമ്മ ഇപ്പഴെത്തും.. വീട്ടുകാരാകെ രണ്ട് പേരേയുള്ളു. എന്നാലെന്താ? ഈരാറ് പന്ത്രണ്ടിഷ്ടങ്ങളല്ലേ. അതാ അടുക്കളേലെ പണിതീരാത്തത്. മാഡത്തിന് ഷാങ്ങ്ഹായ് ഓംലറ്റും കോൺഫ്ളേക്സും മതിയെന്നാ ഓഡർ. സാറിന് പുട്ടും പഴോം കടലക്കറീം.”
ചുറ്റുമൊന്ന് കണ്ണോടിച്ച് അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം ധർമ്മേന്ദ്രൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.”പ്രശ്നം തന്‍റെ മാഡം തന്നെയാണ്. സാറിന് പുട്ട് മതിയെന്ന് പറഞ്ഞാൽ തനിക്കും അത് മതീന്ന് വിചാരിച്ചൂടെ ആയമ്മക്ക്?”
“മറിച്ചും ആവാല്ലോ. ധർമ്മൻചേട്ടന്‍റെ സാറിനെന്താ ഒന്ന് അഡുജസ്റ്റ് ചെയ്താല് ?”
“ഒരു വീടായാൽ ആണുങ്ങടെ ഇഷ്ടമാ നോക്കേണ്ടത്”
“അത് വെറും ഷോനിസമാണെന്നാ മാഡം പറയുന്നേ”
“എന്ന് പറഞ്ഞാലെന്തോന്നാ?”
“അത്….. പിന്നെ.. സത്യം പറഞ്ഞാ അതെന്തോന്നാണെന്ന് എനിക്കുമറിഞ്ഞൂടാ. ആണുങ്ങടെ ഒരുതരം ഷോവാണെന്ന് കൂട്ടിക്കോ. മാഡമെപ്പോഴും സാറിനെക്കുറിച്ചങ്ങനെയൊക്കെ പറേണത് കേക്കാം. അയ്യോ! നേരം പോയി കേട്ടോ. ബാങ്കി പോകാന്‍ വൈകീന്നും പറഞ്ഞ് മാഡമിന്ന് പടവാളെടുക്കും ഒറപ്പ്.”
“കുറച്ച് തിളച്ചവെള്ളം കിട്ടിയാൽ ഞാനങ്ങ് പൊയ്ക്കോളാം.”
“വെള്ളം തിളപ്പിക്കാനൊന്നും സ്റ്റൗ ഒഴിയത്തില്ലെന്നേ”
“പതുക്കെ മതി. താൻ പണിയെടുക്കുന്നതും കണ്ടോണ്ട് ഞാനിവിടെയിരുന്നോളാം.”
“അയ്യട! അങ്ങിനെയിപ്പോൾ വായ് നോക്കിയിരിക്കണ്ട. ദേ, ഈ ഉള്ളിയൊന്ന് തൊലിച്ച് തന്നേക്ക്.”
(മേല്‍ ഷോവനിസം = പുരുഷമേധാവിത്വ പ്രവണത)
കൈയെടുത്താൽ ഇവറ്റകള് രക്ഷപ്പെട്ടാലോന്നാണ്.”
“കിടന്ന് പുളക്കുന്നത് കണ്ടോ. അറച്ചിട്ട് വയ്യ” പ്ളാസ്റ്റിക് കൂടിലേക്ക് നോക്കിക്കൊണ്ട് മണ്ഡോദരി മുഖം ചുളിച്ചു.
അടുക്കളയിലുള്ള കോളിംഗ് ബെൽ ശബ്ദിച്ചപ്പോൾ രണ്ടുപേരും സംഭാഷണം അവസാനിപ്പിച്ച് ചെവിയോർത്തു.
“സാറായിരിക്കും പൂജാമുറിയിൽ ചന്ദനമരച്ച് വെക്കാൻ മറന്നു. അതിനായിരിക്കും.” ധർമ്മേന്ദ്രൻ പറഞ്ഞു.
കവറിന്‍റെ അറ്റം പിണച്ച് കെട്ടി അത് അടുക്കള സ്ളാബിൽ വെച്ച് അയാൾ നടക്കാൻ തുടങ്ങുമ്പോൾ മണ്ഡോദരി തടഞ്ഞു “അത് പുറത്തെവിടേങ്കിലും വെച്ചിട്ട് പോയാൽ മതി.”
“ഓ, ഉത്തരവുപോലെ ഞാൻ വരുമ്പോഴേക്കും തിളച്ചവെള്ളം റെഡിയാക്കി വെച്ചേക്കണം കേട്ടോ ”
“ങ്ഹാ” മണ്ഡോദരി അർദ്ധസമ്മതത്തോടെ ഒന്ന് മൂളി. പിന്നെ ധൃതിയിൽ പാചകം തുടർന്നു.
ചാണയിലരച്ച് തയ്യാറാക്കിയ ചന്ദനവുമായി ധർമ്മേന്ദ്രൻ പൂജാമുറിയിലെത്തുമ്പോൾ അസ്വസ്ഥതയോടെ ഉലാത്തുകയാണ് ഉണ്ണിത്താൻ. ഇലക്കീറിലെ ചന്ദനംകൊണ്ട് നെറ്റിയിലും മാറിലും കുറി വരച്ച് ദൈവങ്ങൾക്ക് മുന്നിൽ ഭക്തിപൂർവ്വം ഒരു ദണ്ഡനമസ്ക്കാരവും കഴിച്ചശേഷം പതിഞ്ഞസ്വരത്തിൽ ഉണ്ണിത്താൻ പറഞ്ഞു. ”നീയാ വാതിലൊന്നടക്ക് ധർമ്മാ. പ്രധാനപ്പെട്ടൊരു കാര്യം നിന്നോട് സംസാരിക്കാനുണ്ടെനിക്ക്.”
ധർമ്മേന്ദ്രൻ അനുസരണയോടെ ഉടന്‍തന്നെ വാതിൽ ചേർത്തടച്ചു.
“നിന്‍റെ കൊച്ചമ്മയിന്ന് മഞ്ചാടിമോൾക്ക് ഫോൺ ചെയ്ത് എന്തോ കല്യാണാലോചനയുടെ കാര്യം പറയുന്നത് കേട്ടു. ഞാൻ ചോദിച്ചിട്ട് സേതു ഒന്നും പറയുന്നുമില്ല. അവള്‍ മണ്ഡോദരിയോട് വിശേഷങ്ങളെല്ലാം വിസ്തരിച്ച് പറഞ്ഞുകാണും. വിവരങ്ങളെല്ലാം മണ്ഡോദരിയോട് ചോദിച്ചറിഞ്ഞ ശേഷം നീയത് എത്രേം വേഗം എന്നെ അറിയിക്കണം.”
“അയ്യോ! രഹസ്യം ചോർത്താൻ ചെന്നാൽ അവളെന്നെ കടിച്ച് കീറാൻ വരും.”
“നീയവളെ എങ്ങനേങ്കിലും വളച്ചെടുത്ത് കാര്യം സാധിക്കാൻ നോക്കെന്‍റെ ധർമ്മാ” ഉണ്ണിത്താന്‍റെ സ്വരത്തിൽ നിസ്സഹായത നിഴലിച്ചു.
“ങ്ഹാ, ശ്രമിച്ച് നോക്കാം” ധർമ്മേന്ദ്രൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് ഗൗരവപൂർവ്വം പുറത്തേക്കിറങ്ങി നടന്നു.
ഡൈനിംഗ് ടേബിളിൽ പ്രാതലിനുള്ള വിഭവങ്ങളെല്ലാം ഒരുക്കിവെച്ച് എല്ലാം വേണ്ടപോലായിട്ടുണ്ടോയെന്ന് ഒരിക്കൽകൂടി പരിശോധിക്കുകയായിരുന്നു മണ്ഡോദരി.
സേതുലക്ഷ്മിക്കുള്ള പ്ളേറ്റിനടുത്ത് കത്തി, ഫോർക്ക് നാപ്കിൻ ഇവയൊക്കെ യഥാസ്ഥാനത്ത് ഒരുക്കിവെച്ചിരിക്കുന്നു. ടേബിളിന്‍റെ എതിർവശത്ത് ഉണ്ണിത്താനുള്ളതും ഒരു തൂശനിലസഹിതം തയ്യാറാക്കിവെച്ചിരിക്കുന്നു.
അവൾ അടുക്കളയിലേക്ക് മടങ്ങാൻ തുടങ്ങുമ്പോൾ ധർമ്മേന്ദ്രനും പിറകേ കൂടി. ”മണ്ഡൂ, തന്നെ ശരിക്കും തൊഴണം. സ്വന്തം ജോലി ഇത്ര അച്ചട്ടായി ചെയ്യുന്ന ഒരു പെണ്ണും ഈ ഭൂമണ്ഡലത്തിലുണ്ടാവില്ല”
“ധർമ്മൻചേട്ടനെന്തിനാ രാവിലെ സോപ്പിടുന്നേ.”
“അതേയ്, ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയാമോ”
“ഇല്ലല്ലോ. കിന്നാരം പറയാനൊന്നും എനിക്ക് തീരെ സമയമില്ല. കിച്ചണിൽ നൂറ്കൂട്ടം പണി കിടക്കുന്നു. മാഡത്തിന് ലഞ്ച് കൊണ്ടുപോകേണ്ടതല്ലേ. തിളച്ചവെള്ളം എടുത്ത് വെച്ചിട്ടുണ്ട്. പഞ്ചായത്തിന് നില്ക്കാതെ അതുമെടുത്ത് വേഗം സ്ഥലം വിട്ടേക്ക്.”
തിളച്ചവെള്ളവുംകൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ ധർമ്മേന്ദ്രൻ പറഞ്ഞു. ”ഞാനിപ്പോ വന്നേക്കാം കേട്ടോ.”
“എന്തിനാ”
“നിന്നെ സഹായിക്കാൻ”
മണ്ഡോദരിയുടെ മുഖത്തെ ഗൗരവം മെല്ലെ തണുക്കുന്നത് കണ്ടപ്പോൾ ധർമ്മേന്ദ്രൻ അവൾ കാണാതെ വിജയഭാവത്തിൽ തലയനക്കി. അവളെ പ്രസാദിപ്പിക്കുന്നതിനുള്ള ഏകമാർഗ്ഗം അവളെ പാചകജോലിയിൽ സഹായിക്കുക എന്നത് മാത്രമാണെന്ന് അയാൾക്കറിയാമായിരുന്നു. അന്നത്തെ പച്ചക്കറി വിഭവങ്ങളുടെ പാചകം മൊത്തം തലയിലായെങ്കിലും ധർമ്മേന്ദ്രൻ അതിവിദഗ്ദ്ധമായി രഹസ്യങ്ങൾ ചോർത്തിയെടുത്തു.
ഉണ്ണിത്താന്‍റെ സംശയം ശരിയായിരുന്നെന്ന് തീർച്ചയായപ്പോൾ സത്യത്തിൽ ധർമ്മേന്ദ്രന്‍റെ രക്തം ധാർമ്മികരോഷംകൊണ്ട് തിളച്ചു പോയി. സ്വന്തം മകളെ ജീവന് തുല്യം സ്നേഹിക്കുന്ന സാറിനോട് പറയാതെ കൊച്ചമ്മ അവൾക്ക് വിവാഹാലോചന നടത്തിയത് പൊറുക്കാനാകാത്ത ധിക്കാരമാണെന്നായിരുന്നു യജമാനസ്നേഹിയായ അയാളുടെ നിലപാട്.
ഉണ്ണിത്താനെ വാർത്തകളറിയിക്കാൻ സേതുലക്ഷ്മി ബാങ്കിലേക്കിറങ്ങുന്നതുവരെ കാത്തിരിക്കേണ്ടിവന്നു അയാൾക്ക്
കുറച്ച് കഴിഞ്ഞപ്പോൾ കടുംപച്ചനിറത്തിൽ കസവുകരയുള്ള പട്ടുസാരിയും മാച്ച് ചെയ്യുന്ന ബ്ളൗസും ആഭരണങ്ങളുമണിഞ്ഞ് സേതുലക്ഷ്മി ഡൈനിംഗ് ഹോളിലേക്ക് ധൃതിയിൽ നടന്ന് വന്നു. പുട്ടും പഴവും നന്നായി കുഴച്ചുരുട്ടി ആസ്വദിച്ച് വായിലാക്കുകയായിരുന്നു ഉണ്ണിത്താൻ.
ടക്കിടെ വാച്ചിൽ നോക്കിക്കൊണ്ട് ഷാങ്ഹായ് ഓംലെറ്റ് ഫോർക്കിൽ കുത്തിയെടുത്ത് കഴിക്കുന്നതിനിടയിൽ ഉണ്ണിത്താനെ ശ്രദ്ധിക്കുന്ന സേതുലക്ഷ്മിയുടെ മുഖത്ത് അസഹ്യത തെളിഞ്ഞു. സേതുലക്ഷ്മിയുടെ നീരസം കലർന്നഭാവം തീർത്തും അവഗണിച്ചുകൊണ്ട് ഉണ്ണിത്താൻ വിരലുകൾ ഇടക്കിടെ ഈമ്പിക്കൊണ്ട് ഭക്ഷണം തുടർന്നു.
പെട്ടെന്ന് സേതുലക്ഷ്മി പൊട്ടിത്തെറിച്ചു. ”ശങ്കരേട്ടന് മര്യാദക്ക് ഭക്ഷണം കഴിച്ചൂടെ? ഇതൊരുമാതിരി സംസ്ക്കാരമില്ലാത്തപോലെ.”
വിരലുകൾ ഒരിക്കൽകൂടി ഈമ്പിക്കൊണ്ട് ഉണ്ണിത്താൻ ചോദിച്ചു. ”ഇങ്ങനെ പുട്ട് കഴിക്കുന്നതിലെന്താടോ കുഴപ്പം? എന്‍റെ വീട്ടിലിരുന്ന് പുട്ടും പഴോം തിന്നാൻ എനിക്കിത്രയൊക്കെ സംസ്ക്കാരം മതി.”
“മാന്യന്മാരുടെ മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഇത്തരം വൃത്തികേടുകളൊക്കെ കാണിച്ചാൽ.
“താനേതായാലും ആ വകുപ്പിൽ പെടില്ലല്ലോ. പിന്നെയാരാ വേറെ മാന്യന്മാര്”
“ജുജൂന്‍റെ ബന്ധു വീട്ടുകാരായി വരാൻ പോകുന്നവര്.”
“ഓ! അവളെ കല്യാണം കഴിക്കാൻ പോകുന്നത് എന്‍റെ മരുമകൻ ശിവരാമകൃഷ്ണനല്ലേ? അവനും ഇതേ ശൈലിയിലാ പുട്ടും പഴോം തിന്നുന്നത്. അവൻ മാത്രല്ലാ, അവന്‍റെ അമ്മ, അതായത് എന്‍റെ പെങ്ങൾ ഈശ്വരിച്ചേച്ചിയുമതേ.”
“ഒരു ശിവരാമകൃഷ്ണൻ! ആ മരമണ്ടൂസിന് ഞാനെന്‍റെ മകളെ കൊടുക്കില്ല, തീർച്ച”
“അത് നമുക്ക് കാണാം”
ഭക്ഷണം മതിയാക്കി എഴുന്നേറ്റുകൊണ്ട് ഒരങ്കത്തിന് തയ്യാറായിട്ടെന്നപോലെ സേതുലക്ഷ്മി പറഞ്ഞു “കാണാം”
കൈകഴുകി വാഷ്ബേസിന് മുകളിലെ ചുവരിൽ തൂക്കിയിരുന്ന കണ്ണാടിയിൽ ഒരിക്കൽകൂടി മുഖത്തെ മേക്കപ്പ് പരിശോധിച്ചശേഷം സേതുലക്ഷ്മി കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് കയറിയിരുന്നു. പൊൻകുന്നത്തുള്ള ഒരു പബ്ളിക്സെക്ടർ ബാങ്കിൽ മാനേജരാണ് സേതുലക്ഷ്മി.
കാർ അകന്നുപോകുന്ന സ്വരം കേട്ടയുടനെ ധർമ്മേന്ദ്രൻ ഉണ്ണിത്താന്‍റെ അടുത്തെത്തി. “സാറേ, സംഗതി വാസ്തവമാ, മഞ്ജുക്കുഞ്ഞിനെ കാണാൻ ഒരു ഐ,എ.എസ്സുകാരൻ വരുന്നു. പേര് മുരളീമനോഹർ. ഇരുപത്തൊമ്പത് വയസ്സ്, ആറടി പൊക്കം, വെളുത്ത നിറം, സുമുഖൻ. കൊച്ചമ്മ പയ്യന്‍റെ ഫോട്ടോ മണ്ഡോദരിക്ക് കാണിച്ചു കൊടുത്തെന്ന് ”
“സേതു എന്നെ അറിയിക്കാതെ മരുമകനെ കണ്ടുപിടിക്കാനുള്ള ശ്രമമാണല്ലേ?”
“യാതൊരു സംശയോം വേണ്ട. കൊച്ചമ്മേടെ ഉദ്ദേശം അത് തന്നെയാ. അല്ലെങ്കിൽ മണ്ഡോദരിക്ക് ചെക്കന്‍റെ ഫോട്ടോവരെ കാണിച്ചുകൊടുത്ത കൊച്ചമ്മക്ക് ഈ വിവരം സാറിനോടൊന്ന് പറഞ്ഞേക്കാമെന്ന് തോന്നിയില്ലല്ലോ”
എരിതീയില്‍ എണ്ണ പകരുംപോലെ ആ പരാമര്‍ശം ഉണ്ണിത്താനെ പ്രകോപിപ്പിച്ചു. “നടക്കട്ടെ, നടക്കട്ടെ“ എന്തോ തീരുമാനിച്ചു ഉറപ്പിച്ചതുപോലെയായിരുന്നു ആ വാക്കുകള്‍…..
(തുടരും)