“ആരെയെങ്കിലും ഇഷ്ടമായോ? എങ്ങനെയുണ്ട് ഇന്‍റർവ്യൂ?” അവളിൽ ഒരുവൾ തിരക്കി.

“ഇദ്ദേഹം ആളൊട്ടും മോശമല്ല. ഞങ്ങളെ രണ്ടുപേരെയും വേണം പോലും…” ജീൻസ് ധരിച്ച പെൺകുട്ടി മുഖമോന്നു കോട്ടി.

“സമ്മതമാണെങ്കിലും ഇല്ലെങ്കിലും വേഗം പറയണം. ഇന്‍റർവ്യൂവിനായി മറ്റു പെൺകുട്ടികൾ ഇവിടെ കാത്തുകെട്ടി നിൽക്കുന്നു…” വിവേകിനെ തീരെ ശ്രദ്ധിക്കാതെ അവർ പുറത്തേക്കു നടന്നു.

“മറ്റു പെൺകുട്ടികളോ…” വിവേകിന്‍റെ മുഖം വിളറി വെളുത്തു.

“നിങ്ങളെപ്പോലെ സുന്ദരനും സ്മാർട്ടും കഴിവുമുള്ള പയ്യന്മാരെ കണ്ടുകിട്ടാൻ ഇക്കാലത്ത് തപസ്സിരിക്കണം. അങ്ങയോടൊന്നു സംസാരിക്കാൻ, അങ്ങയുടെ ഇന്‍റർവ്യൂവിലൊന്നു പങ്കെടുക്കാൻ ഈ ഹോസ്റ്റലിൽ പകുതിയിലധികം പേർ തയ്യാറായി കാത്തു നിൽക്കുന്നുണ്ട്…” ജീൻസുകാരി ചെറിയൊരു പരിഹാസച്ചുവയോടെ പറഞ്ഞു നിർത്തി.

“ഇനി ദയവായി താങ്കൾ ഒന്ന് സ്വയം പരിചയപ്പെടുത്തിയാൽ നന്നായിരുന്നു.” ചുരിദാറുകാരി അഭ്യർത്ഥിച്ചു.

“അതേ, നിങ്ങൾ കരുതന്നതു പോലെ അത്ര മോശക്കാരനോ അറിവില്ലാത്തവനോ അല്ല ഞാൻ…” വിവേക് ഗൗരവത്തോടെ പറഞ്ഞു. “വിവാഹം കഴിക്കാനുദ്ദേശിക്കുന്നവർ പങ്കാളിയുടെ സ്വാഭാവവും ഇഷ്ടാനിഷ്ടങ്ങളും മനസ്സിലാക്കുന്നതു നല്ലതാണ്. എന്‍റെ അമ്മ നിർബന്ധിച്ചില്ലായിരുന്നുവെങ്കിൽ ഞാനീ പെണ്ണുകാണൽ ചടങ്ങിന് സമ്മതിക്കില്ലായിരുന്നു…”

“അതെയോ?” ജീൻസ് ധരിച്ച പെൺകുട്ടി ആശ്ചര്യം അഭിനയിച്ചു.

“ദയവായി സാവിത്രി ആന്‍റിയുടെ മകളാരാണെന്ന് ഇനിയെങ്കിലുമൊന്നു പറയൂ…” വിവേക് ശരിക്കും അസ്വസ്ഥനായി.

“നിങ്ങൾക്ക് ഇനിയും മനസ്സിലായില്ലേ?” ജീൻസുകാരി പൊട്ടിച്ചിരിച്ചു.

ഇല്ലെന്ന അർത്ഥത്തിൽ വിവേക് തലകുലുക്കി.

“എൻജിനീയറിങ്ങൊക്കെ കഴിഞ്ഞതല്ലേ? നല്ല ബുദ്ധിശാലിയായിരിക്കുമെന്നാ ഞങ്ങൾ കരുതിയത്…”

“അതൊക്കെ ശരി തന്നെ. പക്ഷേ ഇതുപോലെ തല തിരിഞ്ഞവരുടെ മുന്നിൽ തോൽക്കേണ്ടി വരുമെന്നതാണ് വാസ്തവം.”

“ആഹാ, അപ്പോ ഏമാൻ ഇത്ര പെട്ടെന്ന് തോൽവി സമ്മതിച്ചോ… അങ്ങ് ഇവളുമായി സംസാരിച്ചിരിക്ക്. ഞാൻ ചായയും സ്നാക്സുമായി വരാം.” ജീൻസുകാരി മുറിക്കു പുറത്തേക്ക് നടന്നു.

വിവേക് ചുരിദാർ ധരിച്ച പെൺകുട്ടിയെ സൂക്ഷിച്ചു നോക്കി, “സത്യം പറയൂ, നിങ്ങളല്ലേ പൂജ മോഹൻ?”

“എന്താ… അവളേക്കാൾ ഏറെ താങ്കൾക്ക് എന്നെയാണോ ഇഷ്ടമായത്?” പൂജ പഴയകാല നായികമാരെപ്പോലെ കണ്ണുചിമ്മി.

“പറയൂ… പ്ലീസ്…”

“അകത്തുപോയ കൂട്ടുകാരി മടങ്ങി വന്നശേഷം താങ്കൾ ഇതേ ചോദ്യം അവളുടെ മുന്നിൽ വച്ച് ചോദിച്ചോളൂ… സത്യം പറഞ്ഞാൽ അവളെന്നെ കൊന്നു കളയും.”

“ഇല്ല, ഞാനാരോടും പറയില്ല. ദയവായി നീയൊന്നു പറയ്…”

“ദയവായി മറ്റെന്തെങ്കിലും പറയൂ… പ്ലീസ്…”

വിവേക് നിസ്സഹായതയോടെ തലതാഴ്ത്തി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പഠനസംബന്ധമായ കാര്യങ്ങൾ സംസാരിക്കുമാൻ തുടങ്ങി.

ജീൻസുകാരി 10 മിനിറ്റിനു ശേഷം ഒരു ട്രേയിൽ മൂന്ന് പ്ലേറ്റ് സാമ്പാർ വടയുമായെത്തി.

വിവേക് ഒരു സ്പൂണെടുത്ത് സാമ്പാർ വടയൊന്നു രുചിച്ചു നോക്കി. എരിവു സഹിക്കാനാവാതെ വിവേകിന്‍റെ കണ്ണു നിറഞ്ഞു. മറ്റു രണ്ടുപേരും നല്ലതുപോലെ ആസ്വദിച്ച് കഴിക്കുന്നുണ്ടായിരുന്നു.

എരിവ് കൂടുതലായിരുന്നുവെങ്കിലും വിവേക് ഇതറിയിക്കാതിരിക്കാൻ ചിരിച്ചുകൊണ്ട് സാമ്പാർവട കഴിക്കാൻ തുടങ്ങി. അവരുടെ മുന്നിൽ പരിഹാസപാത്രമാകാൻ താൽപര്യമില്ലായിരുന്നു.

പെട്ടെന്ന് രണ്ട് പെൺകുട്ടികൾ കൈയിൽ ഓരോ പ്ലേറ്റുമായി ഗസ്റ്റ് റൂമിലെത്തി. അവർ വിവേകിനടുത്തുള്ള സോഫയിൽ വന്നിരുന്നു.

“സാർ. സെലക്ഷൻ കഴിഞ്ഞോ?” കൂട്ടത്തിൽ നല്ല ഉയരമുള്ള യുവതി ചോദിച്ചു.

“ഇതുവരെ തീരുമാനമായിട്ടില്ല…” വിവേക് ചിരിച്ചുകൊണ്ട് മറുപടി നൽകി.

“സാർ, വേഗമോരു തീരുമാനമെടുക്കൂ… ക്യാമ്പസ് പ്ലേയ്സ്മെന്‍റിന്‍റെ സീസണാണിത്. ഹോസ്റ്റലിൽ ആകെക്കൂടി ഈയൊരു ഗസ്റ്റ് റൂം മാത്രമേയുള്ളൂ. ഇന്‍റർവ്യൂവിനുള്ള അടുത്ത പാർട്ടി ഉടനെയെത്തും.” കൂടെയുണ്ടായിരുന്ന പെൺകുട്ടി നെറ്റി ചുളിച്ച് ദേഷ്യം പ്രകടിപ്പിച്ചു. രണ്ടുപേരും പുറത്തേക്ക് നടന്നു.

“ഞാൻ പൂജ മോഹനെയൊന്നു കണ്ട് സംസാരിക്കാൻ വന്നതാണ്. അതിന് നിങ്ങൾ ഇന്‍റർവ്യൂ എന്നൊക്കെ പറഞ്ഞ് വെറുതെ പരിഹസിക്കേണ്ട കാര്യമില്ല.” വിവേക് തീരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അതിന് നിങ്ങളെപ്പോലെ വലിയ വലിയ ആളുകൾക്ക് ഇങ്ങനെയൊരു തോന്നലുണ്ടാകേണ്ട കാര്യമുണ്ടോ?” ജീൻസുകാരി ഉപദേശിച്ചു.

“പണം പൂഴ്ത്തി വയ്ക്കൽ, സെക്സ് സ്കാന്‍റൽ, കൊലപാതകം എന്നു വേണ്ട ഇവിടുത്തെ ഉന്നതർ എന്തെല്ലാം തോന്ന്യാസങ്ങളാ കാട്ടിക്കൂട്ടുന്നത്? അവർക്ക് യാതൊരു കുറ്റബോധവും തോന്നാറില്ലല്ലോ?  നിങ്ങൾ കല്യാണം കഴിക്കാനായി ഒരു ഇന്‍റർവ്യൂ നടത്തുന്നു. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നിസ്സാരമല്ലേ? താങ്കൾ യാതൊരു മടിയും കൂടാതെ ഇന്‍റർവ്യൂ തുടർന്നോളൂ… പ്ലീസ്…” എഴുന്നേറ്റ് നിന്ന് പ്രഭാഷണം നടത്തുകയായിരുന്ന ചുരിദാറുകാരി സോഫയിലേയ്ക്ക് വീണ്ടും അമർന്നിരുന്നു.

അൽപനേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു, “ഇന്‍റർവ്യൂ കഴിഞ്ഞിരിക്കുന്നു…”

“ആഹാ… അപ്പോ തീരുമാനം ആയോ?” ചുരിദാർ ധരിച്ച യുവതിയ്ക്ക് ആശ്ചര്യമായി.

“ഊം…”

“ഈയുളളവളെയാണോ അങ്ങയുടെ ദാസിയായി തെരഞ്ഞെടുത്തിരിക്കുന്നത്?”

“എടീ… നിന്നെയല്ല എന്നെയാവും ഇദ്ദേഹം സെലക്ട് ചെയ്തത്?” ജീൻസുകാരി നാടകീയമായി സ്വന്തം നെറ്റിയിലടിച്ചു പറഞ്ഞു. അതുവരെ പ്രസന്നവദനനായിരുന്ന വിവേകിന്‍റെ മുഖം പെട്ടെന്ന് മ്ലാനമായി. വിവേക്  വയറു പൊത്തിപ്പിടിച്ച് ഛർദ്ദി അഭിനയിച്ചു.

“എനിക്ക് വല്ലാത്ത ഭയം തോന്നുന്നു. ശ്വാസം പോലും നേരെയല്ല. എന്തോ സുഖമില്ലാത്ത പോലെ. നിങ്ങൾ എനിക്കു തന്ന സാമ്പാറിൽ എരിവിനൊപ്പം… അറിയാതെ മറ്റെന്തെങ്കിലും… ചേർത്തിരുന്നോ…?” മുഖത്ത് തീക്ഷണമായ ഭാവമാറ്റം വരുത്തി ഭയങ്കര ശബ്ദത്തോടെ വിവേക് നിലത്തേക്ക് വീണു.

സാമ്പാറിൽ മറ്റെന്തെങ്കിലും ചേർത്തിരുന്നോ എന്ന് വിവേക് ജീൻസുകാരിയോടാണ് ചോദിച്ചത്. അവൾ കിടുകുടാ വിറക്കാൻ തുടങ്ങി.

“അയ്യോ… ഇയാളുടെ കൈകൾ തണുത്തിരിക്കുന്നല്ലോ.” കൂട്ടത്തിലൊരുത്തി പറഞ്ഞു.

“വെ… വെ… വെള്ളം… വേഗം…” ജീൻസുകാരി ശരിക്കും ഭയന്നു.

“സത്യം പറഞ്ഞോ? നീ മുളകുപൊടി കൂടാതെ മറ്റെന്താ സാമ്പാറിൽ ചേർത്തത്?”

“മറ്റെന്തെങ്കിലും ചേർക്കാൻ എനിക്കെന്താ ഭ്രാന്തുണ്ടോ?”

“ഇയാളെ ഒരു പാഠം പഠിപ്പിക്കാനായി നീ അറിയാതെ എന്തെങ്കിലും…”

“ശ്ശൊ, ഇതിപ്പോ പുലിവാല് പിടിച്ച പോലായല്ലോ? ഇനിയെന്തു ചെയ്യും. നമുക്ക് ഡോക്ടറെ വിളിച്ചു വരുത്തിയാലോ? നിന്‍റെ മമ്മി ഇതെങ്ങാനും അറിഞ്ഞാൽ എന്നെ ജീവനോടെ കുഴിച്ചു മൂടും. നീയെന്തിനാ തുറിച്ചു നോക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല.” ജീൻസ് ധരിച്ച യുവതി കുറ്റബോധത്തോടെ തല താഴ്ത്തി.

“ഇയാളെ വേഗം സോഫയിലെടുത്തു കിടത്താം. നിങ്ങളാരെങ്കിലും വേഗമൊന്നു ചെന്ന് ഡോക്ടറെ വിളിച്ചുകൊണ്ടുവാ…. ഇയാളെ ഭ്രാന്തു പിടിപ്പിച്ചതിന് ഇനി ഞാനെന്തെല്ലാം കേൾക്കേണ്ടി വരുമോ ആവോ?” പച്ച ചുരിദാർ ധരിച്ച യുവതി കൂട്ടുകാരിയെ ശകാരിച്ചു.

വിവേക് പെട്ടെന്ന് കണ്ണു തുറന്ന് അവളുടെ കൈത്തണ്ടയിൽ മുറുകെ പിടിച്ചു.

പൂജാ മോഹൻ ആദ്യമൊന്നു ഞെട്ടിയെങ്കിലും വിവേകിന് ആപത്തൊന്നുമില്ലല്ലോ എന്നു കണ്ട് ആശ്വസിച്ചു.

“ഹോ… നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ. ആശ്വാസമായി. പിന്നെന്തിനാ സുഖമില്ലെന്ന് അഭിനയിച്ചത്?” പച്ച ചുരിദാറുകാരി പരിഭവത്തോടെ പറഞ്ഞു.

“ഇപ്പോ എന്നെക്കുറിച്ച് ഒരു ഐഡിയ കിട്ടിയില്ലേ. എങ്ങനെയുണ്ടായിരുന്നു മിസ് പൂജ മോഹൻ എന്‍റെ അഭിനയം? എന്‍റെ കഴിവിനെ പ്രശംസിക്കുന്നില്ലേ?” വിവേക് പൂജയുടെ കണ്ണുകളിലേക്ക് നോക്കി.

“ഹോ… പക്ഷേ ഇത്രയ്ക്ക് അഭിനയം വേണ്ടിയിരുന്നില്ല.” പൂജ മോഹന്‍റെ ഷോക്ക് അപ്പോഴും വിട്ടു മാറിയിരുന്നില്ല.

“നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ ടെൻഷൻ പിടിപ്പിച്ചില്ലേ? അപ്പോ കുറഞ്ഞത് ഇത്രയുമെങ്കിലും….”

“എന്‍റെ കൈയൊന്ന് വിടൂ… പ്ലീസ്….”

“വെറുതെ വിട്ടുകളയാൻ വേണ്ടിയല്ല ഞാനീ കൈകൾ പിടിച്ചിരിക്കുന്നത്?”

“അപ്പോൾ ഇവൾ ഇന്‍റർവ്യൂവിൽ പാസ്സായി എന്നല്ലേ ഇതിനർത്ഥം?” ജീൻസുകാരി ചോദിച്ചു.

“നൂറിൽ നൂറ് മാർക്കാ നിങ്ങളുടെ കൂട്ടുകാരിക്ക്. ഇനി നിങ്ങളുടെ കൂട്ടുകാരിയോട് എന്‍റെ റിസൾട്ട് പറയാൻ പറയൂ….?”

“തോറ്റുപോയി… ഹോ… ഞാനെന്തുമാത്രം പേടിച്ചു പോയെന്നോ?” പൂജ ദേഷ്യവും ലജ്ജയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“ഞാൻ നിങ്ങൾക്ക് പാസ്മാർക്ക് നൽകിയിട്ടുണ്ട് എൻജിനീയർ സാർ. ഇവളുടെ കൈയിലെ പിടുത്തം വിട്ട് ദാ ഈ കൈ പിടിച്ചോളൂ…?”

“ആഹ്…. അതുവേണ്ട.” പൂജ മോഹൻ കൂട്ടുകാരിയെ തള്ളിമാറ്റി.

“ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്നു കേട്ടിട്ടുണ്ട്. ഇപ്പോൾ…. പൂജ നിനക്ക് എന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ?”

അതെയെന്ന അർത്ഥത്തിൽ തലകുലുക്കുമ്പോൾ പൂജയുടെ കവിളുകൾ ചുവന്നു തുടുത്തിരുന്നു. കൂട്ടുകാരി കൈയടിച്ച് ഈ തീരുമാനം സ്വാഗതം ചെയ്തു.

“എ ഗിഫ്റ്റ് ഫോർ സംവൺ യു ലവ്?” വിവേക് പോക്കറ്റിൽ നിന്നും ഒരു ചോക്ലേറ്റെടുത്ത് പൂജയ്ക്ക് നൽകി. “നമ്മുടെ ഈ റിലേഷൻ സ്വീറ്റിൽ തന്നെയാവട്ടെ തുടക്കം…” എരിവ് നൽകിയതിന് മധുര പ്രതികാരം എന്നോണം വിവേക് പറഞ്ഞു.

(അവസാനിച്ചു)

और कहानियां पढ़ने के लिए क्लिक करें...