തന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരി സാവിത്രിയുമായി ഏറെ നേരം ഫോണിൽ സംസാരിച്ച ശേഷം കൗസല്യ മകൻ വിവേകിനെ അടുത്തു വിളിച്ച് വലിയ ഉത്സാഹത്തോടെ അവന്‍റെ വിവാഹക്കാര്യം സംസാരിക്കാൻ തുടങ്ങി.

“മോനേ… നിന്‍റെ വിവാഹം ഞാനങ്ങ് ഉറപ്പിച്ചു.” യാതൊരു മുഖവുരയും കൂടാതെ കൗസല്യ പറഞ്ഞതുകേട്ട് വിവേക് ശരിക്കും ഞെട്ടി.

“ഏ… എപ്പോ… എവിടെ… ഏതാ പെൺകുട്ടി…” വിവേക് സോഫയിൽ നിന്നും ചാടിയെഴുന്നേറ്റു.

“അധികം തുള്ളിച്ചാടേണ്ട. ആരാണ് വധുവെന്ന് നിനക്ക് നന്നായറിയാം.”

സംശയം വിട്ടു മാറാത്ത മുഖഭാവത്തോടെ വിവേക് നോക്കുന്നതു കണ്ട് കൗസല്യ പറഞ്ഞു.

“ആഹ്, ഇനി പറയാം. സാവിത്രിയുടെ മകൾ പൂജ…”

“ഞാൻ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പൂജയുമായോ…”

“കണ്ടിട്ടില്ലെന്നോ? നിങ്ങൾ ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ?”

“മമ്മീ, ഇതത്ര തമാശയായെടുക്കേണ്ട കാര്യമല്ലല്ലോ? മുതിർന്ന ശേഷം ഞാൻ ഒരിക്കൽ പോലും പൂജയെ കണ്ടിട്ടില്ല. പിന്നെ എവിടുന്നു വിവാഹം കഴിക്കാൻ ഇതെന്താ കുട്ടിക്കളി വല്ലതുമാണോ?” വിവാഹത്തിനു തീരെ താൽപര്യമില്ലെന്ന പോലെയാണ് വിവേക് സംസാരിച്ചത്.

“നിനക്ക് ഓർമ്മയില്ലേ? അഞ്ചു വർഷം മുമ്പ് ചിത്ര ആന്‍റിയുടെ മകളുടെ വിവാഹത്തിന്… ഞാൻ നിനക്ക് പൂജയെ പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ? എനിക്കൊരു മരുമകൾ ഉണ്ടെങ്കിൽ അത് പൂജമോൾ തന്നെയായിരിക്കുമെന്ന് നീ കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്നെ ഞാൻ സാവിത്രിക്ക് വാക്കു നൽകിയതാണ്. മോനേ, ഞാനവർക്ക് പ്രോമിസ് നൽകിപ്പോയി. നീയിതിനു സമ്മതിക്കണം.”

എങ്ങനെയെങ്കിലും മകനെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കണം എന്നതിനാൽ സ്നേഹമസൃണമായ സ്വരത്തിലാണ് കൗസല്യ സംസാരിച്ചത്.

“മമ്മീ, ജീവിതാവസാനം വരെ നിലനിൽക്കേണ്ട ബന്ധമല്ലേ വിവാഹം? ഒട്ടും പരിചയമില്ലാത്ത പെൺകുട്ടിയുമായുള്ള വിവാഹത്തിനു ഞാനെങ്ങനെ സമ്മതം മൂളും?” വിവേകിന്‍റെ മറുപടിയിൽ അമർഷം നിറഞ്ഞിരുന്നു.

“ആഹാ… അപ്പോ അതാണോ കാര്യം? അതിന് ആ കുട്ടിയെ കണ്ട് പരിചയപ്പെട്ട് സംസാരിച്ച് തീരുമാനിച്ചാൽ പോരേ?”

“അതെങ്ങനെ?”

“അവൾ കൊച്ചിയിൽ ഒരു ഹോസ്റ്റലിൽ താമസിച്ചു പഠിക്കികയല്ലേ? ഇവിടുന്ന് രണ്ട് മണിക്കൂർ ദൂരം കാണും. ഈ ഞായറാഴ്ച അവളെ നേരിട്ടു കണ്ട് സംസാരിക്ക്…”

“ശരി. ഞാൻ കുട്ടിയുമായി ഇന്‍റർവ്യൂ നടത്തട്ടെ. എനിക്ക് ഇഷ്ടമായില്ലെങ്കിൽ മമ്മി പിന്നെ വാശി പിടിക്കരുത്.”

“നിനക്കവളെ ഇഷ്ടമാവും, തീർച്ച.”

“കാണാമല്ലോ…” വിവേക് പിറുപിറുത്തു കൊണ്ട് തന്‍റെ മുറിയിലേക്കു നടന്നു.

വിവേക് പൂജയുമായി ഒരു ഇന്‍റർവ്യൂ നടത്താൻ പോകുന്നുവെന്ന കാര്യം കൗസല്യ വഴി സാവിത്രിയും സാവിത്രി വഴി മകൾ പൂജയും ഫോണിലൂടെ അറിഞ്ഞു.

“ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഇന്‍റർവ്യൂ ചെയ്യാറുണ്ട്. ഇയാളെന്താ എനിക്ക് ജോലി നൽകാൻ പോവുകയാണോ?”

പൂജ മോഹൻ തന്‍റെ കൂട്ടുകാരി പൂജ ചന്ദ്രനോട് തെല്ലൊരു അമർഷത്തോടെ പറഞ്ഞു. “ആ അഹങ്കാരി വിവേകിനെ പരിചയപ്പെടാൻ എനിക്കു തീരെ താൽപര്യമില്ല.”

“പക്ഷേ നിന്‍റെ അമ്മ നിർബന്ധിച്ചതല്ലേ? നിനക്ക് അയാളോട് സംസാരിക്കേണ്ടി വരും.” പൂജ ചന്ദ്രൻ സഹതാപം അഭിനയച്ചു.

“ശരിയാ… എനിക്കിപ്പോൾ ശനിദശയാണെന്നു തോന്നുന്നു.”

“ഇനിയങ്ങോട്ടു ശനിദശയെന്നു പറയുന്നതാവും ശരി.” പൂജ ചന്ദ്രൻ കൂട്ടുകാരിയെ കളിയാക്കി.

“മനസ്സിലായില്ല…” പൂജ മോഹന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“മൈ ഡിയർ പൂജ… കഴിഞ്ഞ 5 വർഷത്തോളമായി നീ അയാളെ ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്ന കാര്യം എനിക്കറിയാം. അന്നത്തെ കൂടിക്കാഴ്ചയിൽ തുടങ്ങിയ പ്രണയം ഇന്നും അതേപടി കാണുമെന്നാണ് എന്‍റെ വിശ്വാസം.”

“ഏയ്… അങ്ങനെയൊന്നുമില്ല.” പൂജ മോഹൻ നിരസിക്കാൻ ശ്രമിച്ചുവെങ്കിലും അവളുടെ നുണക്കുഴിയുള്ള ചിരി സത്യം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.

“മോളേ, നീ കൂടുതൽ വിഷമിക്കേണ്ട. നീ ഈ ഇന്‍റർവ്യൂവിൽ വിജയിക്കുമെന്നു മാത്രമല്ല, സ്വപ്നങ്ങളിലെ രാജകുമാരനെ നിനക്ക് സ്വന്തമാക്കാനുമാവും.” പൂജ ചന്ദ്രൻ അവളെ വീണ്ടും പരിഹസിച്ചു. ഇതുകണ്ട് പൂജ മോഹന്‍റെ ദേഷ്യം ഇരട്ടിച്ചു.

“ഇന്‍റർവ്യൂ പോലും… ഈ വാക്ക് എന്‍റയുള്ളിൽ മുള്ളുപോലെ കുത്തിത്തറയ്ക്കുകയാണ്. ആ അഹങ്കാരി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കനാണോ അതോ ലാഭനഷ്ടങ്ങളുടെ കച്ചവടം നടത്താൻ വരികയാണോ? എങ്ങനെയാണ് ശരിക്കുള്ള ഇന്‍റർവ്യൂ നടത്തേണ്ടതെന്ന് ഞാനയാൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.” പൂജ മോഹന്‍റെ അമർഷം കെട്ടടങ്ങിയിരുന്നില്ല.

ഞായറാഴ്ച രാവിലെ ഏതാണ്ട് 10 മണി സമയം. വിവേക് ഹോസ്റ്റലിലെ ഗസ്റ്റ് റൂമിൽ ഇരിക്കുകയായിരുന്നു. സുന്ദരികളായ രണ്ടു ചെറുപ്പക്കാരികൾ അവിടെയെത്തി. അവരിൽ ഒരാൾ ജീൻസും ചുവന്ന നിറത്തിലുള്ള ടോപ്പുമായിരുന്നു അണിഞ്ഞിരുന്നത്. മറ്റേ പെൺകുട്ടി പച്ച നിറത്തിലുള്ള ചുരിദാറും.

അവർ ചെറിയൊരു മന്ദഹാസത്തോടെ നമസ്തേ എന്ന് അഭിവാദനം ചെയ്തപ്പോൾ ഗൗരവം ഒട്ടും വിട്ടുമാറാത്ത മുഖഭാവത്തോടെ വിവേക് അവരെ നോക്കി വിഷ് ചെയ്തതേയുള്ളൂ. കുറച്ചു നേരത്തേ നിശ്ശബ്ദതയ്ക്കു ശേഷം വിവേക് ആണ് സംസാരിച്ചു തുടങ്ങിയത്. “നിങ്ങളിൽ ആരാണ് പൂജ?”

“ദാ, ഇവളാണ്.” ജീൻസ് ധരിച്ച പെൺകുട്ടിയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

“അല്ലല്ല, ഇവളാ…” ചുരിദാർ ധരിച്ച പെണകുട്ടി കൂട്ടുകാരിയെ ചൂണ്ടിക്കാണിച്ചു.

“ഏ… അപ്പോൾ നിങ്ങൾ രണ്ടുപേരും പൂജയാണെന്നോ?” വിവേക് ആകെ കൺഫ്യൂസ്ഡായി.

“അതെ… ഞാൻ സാവിത്രി ആന്‍റിയുടെ മകളെ കാണാൻ വന്നതാണ്.” വിവേക് വിശദീകരിച്ചു.

“ഞങ്ങൾ രണ്ടുപേരും അവരുടെ മക്കളാണ് എൻജിനീയർ സാർ.. താങ്കൾക്ക് ഞങ്ങളെ രണ്ടുപേരെയും ഇന്‍റർവ്യൂ ചെയ്യേണ്ടി വരും. ഞങ്ങളിൽ ഇഷ്ടമാവുന്ന ആളെ തെരഞ്ഞെടുക്കാം.” പച്ച ചുരിദാറുകാരി ചിരിയടക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ഞങ്ങൾ രണ്ടുപേരെയും ഒന്നിച്ച് ഇന്‍റർവ്യൂ ചെയ്യുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടോ വിഷമമോ ഒന്നുമില്ലല്ലോ?” ജീൻസുകാരിയുടെ മുഖത്ത് നിഷ്കളങ്ക ഭാവമായിരുന്നു.

“പക്ഷേ സാവിത്രിയാന്‍റിയുടെ ശരിക്കുള്ള മകളെ തിരിച്ചറിയാൻ സാധിച്ചിരുന്നുവെങ്കിൽ…”

“ഒറിജിനലിനെയും ഡ്യൂപ്ലിക്കേറ്റിനെയും കുറിച്ചുള്ള ടെൻഷൻ മാറ്റി ഇന്‍റർവ്യൂ തുടങ്ങിയാലും.” ജീൻസുകാരി തയ്യാറായിരുന്നു.

“താങ്കൾക്ക് ഞങ്ങളെക്കുറിച്ച് അറിയാനുള്ള കാര്യങ്ങൾ ദയവായി യാതൊരു മടിയും കൂടാതെ ചോദിച്ചു തുടങ്ങിയാലും. ഞങ്ങൾക്ക് വിവാഹമാർക്കറ്റിൽ വിറ്റഴിക്കപ്പെടാനും അങ്ങേക്ക് വാങ്ങാനുമുള്ള സുവർണ്ണാവസരമാണിത്.” ചുരിദാറുകാരി ഭാവഭേദമില്ലാതെ പറഞ്ഞു.

“അതിന് ഞാനിവിടെയൊന്നും വാങ്ങാൻ വന്നതല്ല.” അവരുടെ സംസാരം വിവേകിന് തീരെ രസിച്ചില്ല.

“താങ്ക്യൂ സർ. ഞങ്ങൾക്ക് ആദരവ് നൽകിയതിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു.”

“എന്താ, നിങ്ങളെന്നെ പരിഹസിക്കുകയാണോ?” വിവേക് നെറ്റി ചുളിച്ച് ഇരുവരെയും നോക്കി.

“അയ്യോ, ഇല്ലേയില്ല…” ചെവി നുള്ളി സത്യം ചെയ്തു.

“അതിനും മാത്രമുള്ള ധൈര്യം ഞങ്ങൾക്കില്ല എൻജിനീയർ സാറേ… ഞങ്ങൾക്ക് ഇന്‍റർവ്യൂവിന്‍റെ സീരിയസ്നെസ്സ് അറിയാം. അങ്ങേയ്ക്ക് ഇവിടെ നിന്നും വെറും കൈയോടെ മടങ്ങേണ്ടി വരില്ല.” ചുരിദാറുകാരി മുഖത്ത് ഗൗരവം വരുത്താൻ ശ്രമിക്കുന്നത് കണ്ട് വിവേകിന് ചിരിയടക്കാനായില്ല.

“ദാ, നോക്കിയേ എൻജിനീയർ സാറിന് സന്തോഷമായല്ലോ… പറ്റിയ അവസരം തന്നെ. ദയവായി എന്‍റെ ഗുണഗണങ്ങൾ വർണ്ണിച്ച് എന്‍റെ മാർക്കറ്റ് വാല്യൂ കൂട്ടാൻ സഹായിക്ക്…” ജീൻസുകാരി ചുരുദാറുകാരിയുടെ കൈയിൽ നുള്ളി പ്രോത്സാഹിപ്പിച്ചു.

“എന്‍റെ കൂട്ടുകാരിയായതു കൊണ്ട് പറയുകയല്ല. ഇവളുടെ സൗന്ദര്യം കണ്ട് കവിതയെഴുതിയ വിരുതന്മാർ ഒന്നും രണ്ടുമൊന്നും ആയിരുന്നില്ല അന്ന് കോളേജിലുണ്ടായിരുന്നത്.” ചുരിദാറുകാരി കൂട്ടുകാരിയെ വളരെ നാടകീയമായി വർണ്ണിക്കുവാൻ തുടങ്ങി.

“അവരൊക്കെ പാവ കളിപ്പിച്ചുവന്ന ഇവൾ നല്ലൊരു നർത്തകി കൂടിയാണ്. അങ്ങ് കുയിൽ നാദമെന്നു കേട്ടിട്ടുണ്ടോ?”

“ആഹ്”

“ഇവളുടെ ശബ്ദവും അതേ കിളിനാദം പോലെയാണ്. ഇവളെ സെലക്ട് ചെയ്താൽ സംഗീതവും നൃത്തവും ജീവിതാന്ത്യം വരെ വീട്ടിലിരുന്ന് ആസ്വദിക്കാനാവും…”

“കുയിലിന്‍റെ ശബ്ദമാധുര്യമാണിവൾക്ക് എന്നു ചുരുക്കം അല്ലേ?” വിവേക് പുഞ്ചിരിച്ചു.

“എന്താ വിശ്വാസമായില്ലേ?”

“ഇവരെ വിവാഹം കഴിക്കുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല. പക്ഷേ വെറുതെ കഷ്ടപ്പെടുത്തണമല്ലോ എന്നോർക്കുമ്പോൾ…”

“മനസ്സിലായില്ല…”

“വലിയ വലിയ മരച്ചില്ലകളിലിരിക്കുന്ന കുയിൽ നാദം കേൾക്കാൻ സുഖമുണ്ട്. പക്ഷേ നിങ്ങളുടെ കൂട്ടുകാരി ദിവസവും മരച്ചില്ലയിൽ കയറിയിരുന്നു കൂകേണ്ടി വരികയെന്നത്… അതു കഷ്ടമുള്ള കാര്യമല്ലേ?” വിവേകിന്‍റെ തമാശ മനസ്സിലായില്ലെന്ന പോലെ ഇരുവരും മുഖം ചുളിച്ചു. ഇതു കണ്ട് വിവേക് പൊട്ടിച്ചിരിച്ചു.

“ഇതൊരു ഇന്‍റർവ്യൂവാണ്. ഇതിന്‍റെ സീരിയസ്സ്നെസ്സ് നഷ്ടമാകാതിരിക്കാനായി എനിക്ക് പറയാനുള്ളതു കൂടി നിങ്ങൾ ദയവായൊന്നു കേൾക്കൂ.” ജീൻസുകാരി ദേഷ്യം നടിച്ചു കൊണ്ട് വിവേകിനെ തുറിച്ചു നോക്കി.

“ദാ…. എന്‍റെ ഈ കൂട്ടുകാരി കോളേജിലെ പി.ടി ഉഷയായിരുന്നുവെന്നു പറയാം. ഇവളുടെ ഓട്ടത്തിന്‍റെ സ്പീഡു കാരണം ഇന്നേവരെ ഒരു യുവാവിനു പോലും ഇവളെ പ്രണയക്കുരുക്കിൽ കുടുക്കാൻ പറ്റിയിട്ടില്ല. നല്ല ഭക്ഷണമുണ്ടാക്കാനിഷ്ടമാണ്. വാരിക്കോരി കഴിക്കുകയും ചെയ്യും… പിന്നെ വണ്ണം കൂടാതിരിക്കാനായി ശരിക്കും എക്സർസൈസും ചെയ്യും. ഇവളെ സെലക്ട് ചെയ്താൽ ജീവിതാന്ത്യം വരെ നല്ല ഭക്ഷണം കഴിക്കാമെന്നു മാത്രമല്ല, ആരോഗ്യദൃഢഗാത്രനായിരിക്കുകയും ചെയ്യാം. ഞാൻ ഗ്യാരണ്ടി….”

“ഒരു കാര്യം ചോദിച്ചോട്ടെ…”

“ഊം…”

“വിവാഹ കമ്പോളത്തിൽ ഒന്നിനൊന്ന് ഫ്രീ എന്ന ഓഫറുണ്ടെങ്കിൽ എന്‍റെ പരാതി തീരും. ഞാൻ നിങ്ങളെ രണ്ടുപേരേയും… അയ്യോ… ദേഷ്യപ്പെടല്ലേ… അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ…” വിവേക് ചിരിയടക്കാൻ നന്നേ ബുദ്ധിമുട്ടി.

അവർ മറുപടി പറയാനൊരുങ്ങവേ മറ്റു രണ്ടു പെൺകുട്ടികൾ മുറിക്കകത്തേക്ക് എത്തിനോക്കി. അവരുടെ കണ്ണുകളിൽ ഉത്സാഹവും കുസൃതിയും ഒളിച്ചിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...