മകളെ സ്കൂളിലേക്ക് ഒരുക്കി വിട്ടശേഷം നളിനി വേഗം തയ്യാറാവാൻ തുടങ്ങി. സാരി നല്ലവണ്ണം ഉടുത്ത ശേഷം അവൾ കണ്ണാടിക്ക് മുന്നിൽ വന്നു നിന്ന് ലിപ്സ്റ്റിക്ക് അണിഞ്ഞു. കോളേജിൽ പഠിക്കുന്ന കാലം തൊട്ടേ നളിനി അങ്ങനെയാണ്. ധൃതി പിടിച്ച് ഒരുങ്ങിയാലും നല്ല ചേലാണ് കാണാൻ.
ഒരുങ്ങുന്നതിനിടയിൽ അമ്മ പിന്നിൽ വന്ന് നിന്നത് നളിനി ശ്രദ്ധിച്ചിരുന്നില്ല. അവൾ മുഖത്ത് ചായം തേക്കുന്നത് അമ്മ നിസ്സംഗതയോടെ നോക്കി നിന്നു. അമ്മയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നളിനി തിരിഞ്ഞു നോക്കി ചിരിച്ചു. അവളുടെ ആത്മവിശ്വാസവും മനസ്സിന്‍റെ ശാന്തതയും കണ്ട് അമ്മയ്ക്ക് വല്ലാതായി.
മോളിന് വിവാഹമോചനം നേടാൻ കോടതിയിലേക്ക് പോവുകയാണ്. അമ്മയുടെ മനസ്സ് നളിനിയുടെ ഭാവിയോർത്തു പിടഞ്ഞു. കുറച്ച് വർഷങ്ങളായി കോടതിയിൽ കേസ് നടക്കുകയായിരുന്നു. ഇന്നാണ് വിധി. ഒമ്പതു വർഷങ്ങൾക്കു മുമ്പ് നളിനി സ്വന്തമിഷ്ടപ്രകാരം കൂട്ടിയിണക്കിയ ബന്ധമാണ്. ഇന്ന് സ്വന്തമിഷ്ടപ്രകാരം അവൾ തന്നെ അത് പൊട്ടിക്കുന്നു. അവൾ എന്നേക്കുമായി സ്വതന്ത്രയാവുകയാണ്.
ദുഃഖകരമായ കാര്യം ഭർത്താവിനെ വിട്ടു പിരിയുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് പീഡനമാണ്. നളിനിയുടെ അമ്മ സാവിത്രി രാത്രി തീരെ ഉറങ്ങിയിരുന്നില്ല. മകളുടെ ഭാവി എന്താകും എന്ന ആശങ്കയിലായിരുന്നു അവർ. ഇപ്പോൾ നളിനിയുടെ ഭാവം കണ്ടപ്പോഴും അമ്മയുടെ ഞെട്ടൽ മാറുന്നില്ല. എത്ര ശാന്തയാണവൾ! കല്യാണനാളിൽ പോലും അവളെയിത്ര സന്തോഷവതിയായി അമ്മ കണ്ടിട്ടില്ല. ഒന്നര വർഷം മുമ്പ് കുഞ്ഞുമോളുടെ കൈയും പിടിച്ച് നളിനി പടി കടന്ന് വന്നതും വളരെ സന്തോഷത്തോടെ ആയിരുന്നു. വരുന്നതിന്‍റെ രണ്ട് ദിവസം മുമ്പാണ് നളിനി അമ്മയെ വിളിച്ചു പറഞ്ഞത് “അമ്മേ ഞാൻ അവിടേക്ക് വരുന്നു.”
അന്ന് സാവിത്രിക്ക് നല്ല സന്തോഷമായി. എത്ര കാലമായി മകളെ കണ്ടിട്ട്. അവളിവിടെ വന്നാൽ കുറച്ചു ദിവസം പിടിച്ചു നിർത്തിയിട്ടേ പോകാൻ സമ്മതിക്കുകയുള്ളൂ. ആ അമ്മ ആഗ്രഹിച്ചിരുന്നു.
പക്ഷേ മരുകമൻ വസന്തിനെ കൂടാതെ നളിനി കയറി വന്നപ്പോൾ അമ്മ ആകെ ഞെട്ടിപ്പോയി.
അന്ന് ഉണ്ടാക്കിവച്ച പലഹാരങ്ങൾ… എല്ലാ ഒരുക്കങ്ങളുടെയും സന്തോഷം ഒറ്റ രാത്രികൊണ്ട് തന്നെ ഇല്ലാതായി. മകൾക്ക് ഭർത്താവില്ലാതാവുന്നത് ഏത് അമ്മയ്ക്കാണ് സഹിക്കാനാവുക? ഭർത്താവിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ച് വന്നതാണെന്ന് യാതൊരു കൂസലുമില്ലാതെ നളിനി പറഞ്ഞപ്പോൾ ആ അമ്മ തളർന്നു പോയി.
“മോളേ നീ ചെയ്തത് ഒട്ടും ശരിയായില്ല. ഒന്നുകൂടി ആലോചിച്ച് തീരുമാനമെടുത്താൽ മതി.” സാവിത്രി വളരെ സങ്കടത്തോടെയാണ് മകളെ ഉപദേശിച്ചത്.
“ഇല്ല അമ്മേ, എനിക്കിനി അയാളുമായി ഒരുതരത്തിലും പൊരുത്തപ്പെടാനാവില്ല. ഇത് അത്ര പെട്ടെന്നൊന്നും ശരിയാവില്ലെന്ന് എനിക്കറിയാം. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ സഹിക്കുന്നത് ലോകത്ത് ഒരു സ്ത്രീയും അനുഭവിക്കാത്ത കാര്യങ്ങളാണ്. എനിക്കിനി അയാളുടെ കൂടെ കഴിയാനാവില്ല. മറ്റൊരു സ്ത്രീയുമായി അയാൾക്ക് ബന്ധമുണ്ട്. എനിക്കത് സഹിക്കാനാവില്ല അമ്മേ.”
നളിനിയുടെ തൊണ്ട ഇടറിയോ… അമ്മ തകർന്നു പോയിരുന്നു.
“ഞാൻ മോളെ ഓർത്താണ് ഇത്രയും കാലം സഹിച്ചത്. ഇനി എനിക്ക് വയ്യ.”
“അയാൾ അവളെയും കൊണ്ട് വീട്ടിൽ വരാൻ തുടങ്ങിയപ്പോഴാണ് അമ്മേ എന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയത്. ഞാനുമൊരു സ്ത്രീയല്ലേ… ഈ ചതി എനിക്ക് പൊറുക്കാനാവില്ല. എന്‍റെ മകൾ ഒരിക്കലും അയാളെ കണ്ട് പഠിക്കരുത്. അവളുടെ ഭാവി ഓർത്ത് മാത്രമാണ് ഞാനിന്ന് ജീവിക്കുന്നത്. അല്ലെങ്കിൽ… ഞാനെന്നേ അവസാനിപ്പിക്കുമായിരുന്നു.”
ജീവിക്കാനുള്ള വാശി ഉള്ളിലുള്ളതു കൊണ്ടാവണം അധികം കണ്ണുനീർ അവളിൽ നിന്നുണ്ടായില്ല. സാവിത്രി പക്ഷേ എല്ലാ നിയന്ത്രണവും വിട്ട് പൊട്ടിക്കരയുകയായിരുന്നു. മകളെ ആശ്വസിപ്പിക്കുമ്പോൾ… തളർന്നു പോയിരുന്നു.
“ഏഴു വയസ്സുള്ള മോളെക്കുറിച്ച് അവൻ ഓർത്തില്ലല്ലോ മോളേ” സാവിത്രി അടുത്തുള്ള തൂണിൽ ബലം കൊടുത്തു നിന്നു.
“അങ്ങനെയുള്ള ഒരു വീട്ടിൽ ഞാനെങ്ങനെയാണ് എന്‍റെ മോളെ നല്ല രീതിയിൽ വളർത്തുക” നളിനിയുടെ ചോദ്യം ന്യായമായിരുന്നു.
“പക്ഷേ മോളെ… ഭർത്താവില്ലാതെ മകളെ വളർത്തിക്കൊണ്ട് വരികയെന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ലോകത്തിന്‍റെ ആയിരം ചോദ്യങ്ങൾക്ക് നാം ഉത്തരം പറയേണ്ടി വരും. പാവം കുട്ടികളാണ് എല്ലാം സഹിക്കേണ്ടി വരുന്നത്.” അമ്മ നളിനിയോട് ചേർന്നിരുന്നു.
വല്ലാത്ത ആത്മവിശ്വാസത്തോടെയാണ് നളിനി അമ്മയോട് സംസാരിച്ചത്. “എല്ലാ ഞാൻ നോക്കിക്കോളാം അമ്മേ. തലതെറിച്ച തന്ത ഉള്ളതിനേക്കാൾ ഭേദം തന്തയില്ലാതിരിക്കുന്നതാണ് എന്‍റെ കുട്ടിക്ക്. ഞാനവളെ നല്ല കുട്ടിയായി വളർത്തും. ഇനി ഞാനിവിടെ കഴിയുന്നതിൽ അമ്മയ്ക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ പറയണം. ഞാൻ ട്രാൻസ്ഫറിനായി അപേക്ഷിച്ചിട്ടുണ്ട്. അതിനാൽ കമ്പനി വക കോർട്ടേഴ്സ് ലഭിക്കും. ഞാൻ അധികം വൈകാതെ അങ്ങോട്ട് മാറിക്കോളാം.”
“നീയിത് എന്തെല്ലാമാണ് പറയുന്നത് മോളേ. ഞാനിവിടെ ഒറ്റക്കല്ലേ. നീ വന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. നിന്‍റെ ആങ്ങളയും ഭാര്യയും വിദേശത്തെ ജോലി ഉപേക്ഷിച്ച് അടുത്ത കാലത്തൊന്നും വരുന്ന കാര്യം?അവർക്ക് തന്നെ ഉറപ്പില്ല. നീ വന്നതിൽ പിന്നെ എന്‍റെ ഒറ്റപ്പെടൽ മാറിയില്ലേ. നിന്‍റെ അച്‌ഛൻ പോയതിൽ പിന്നെ ഞാനെന്നും ഒറ്റയ്ക്കായിരുന്നു.”
“അമ്മേ, നമ്മൾ എല്ലാവരും ഒറ്റയ്ക്കാണ്. ചിലർ കുറച്ചധികം ഒറ്റയ്ക്കാണെന്നു മാത്രം.”
നിയമപരമായി വേർപിരിയുന്ന ദിവസം ചമഞ്ഞൊരുങ്ങിയിറങ്ങിയ നളിനിയുടെ മനസ്സ് സാവിത്രിക്ക് ഒട്ടും പിടികിട്ടിയില്ല. സാമ്പത്തിക സുരക്ഷിതത്വം ഇക്കാലത്തെ പെൺകുട്ടികളെ സ്വയം തീരുമാനമെടുക്കാൻ പ്രേരിപ്പിക്കുന്നു. മുമ്പ് അങ്ങനെ ആയിരുന്നില്ല. തന്‍റെ എല്ലാ ആവശ്യങ്ങൾക്കും ആണിനെ ആശ്രയിക്കണം. ഒരു ചാന്ത്പൊട്ട് വാങ്ങാൻ പോലും… അമ്മ പഴയ കാലം ഓർത്തു. കാലം മാറിപ്പോയിരിക്കുന്നു. ക്ഷമിക്കാനും കാത്തിരുന്ന് നേരെയാക്കാനും ആർക്കും നേരമില്ലാതായിരിക്കുന്നു. അമ്മ നെടുവീർപ്പിട്ടു.
ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി പോകാനൊരുങ്ങിയ നളിനിയോട് അമ്മ രണ്ടും കല്പിച്ച് ചോദിച്ചു, “മോളേ… എല്ലാം അവസാനിപ്പിക്കാൻ മാത്രം നീ വെറുത്തു തുടങ്ങിയോ എല്ലാം. ഒന്നുകൂടി ആലോചിച്ചിട്ടു പോരേ… മോൾക്ക് അച്‌ഛനില്ലാതാവില്ലേ…”
“ഒരവസരം കൂടി നൽകി എന്‍റെ ജീവിതം ബലി കൊടുക്കാൻ ഞാനാഗ്രഹിക്കുന്നില്ല അമ്മേ” യാതൊരു ഭാവമാറ്റവും കൂടാതെയാണ് നളിനി ഇത് പറഞ്ഞത്.
“കാലം ഉണക്കാത്ത മുറിവുകളുണ്ടോ നളിനീ…” അമ്മ ഇടറിക്കൊണ്ട് പറഞ്ഞു.
“മൂന്ന് വർഷം ഞാൻ എല്ലാം സഹിച്ചിരുന്നില്ലേ? നിങ്ങളോട് ഞാൻ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എല്ലാം എന്നെ ബാധിക്കുന്ന പ്രശ്നങ്ങളായിരുന്നു. അതുകൊണ്ട് ഞാൻ അത് ചേട്ടനോടു പോലും പങ്കുവച്ചില്ല. ഇപ്പോൾ ഞാൻ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതിൽ നിന്ന് എന്‍റെ കുഞ്ഞിനെയെങ്കിലും എനിക്ക് രക്ഷിക്കണം. ചെറിയ ജീവിതമേ ഉള്ളൂ. അത് ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം എനിക്ക്. ഏതെങ്കിലും പുരുഷന് എറിഞ്ഞ് ഉടച്ച് കളയാനുള്ളതല്ല എന്‍റെ ലൈഫ്.”
മകൾ എത്രമാത്രമാണ് വളർന്നു പോയത്. വലിയ വലിയ കാര്യങ്ങളാണ് വായയിൽ വരുന്നത്. ഇനിയും മകളെ ഉപദേശിക്കുന്നതിൽ കാര്യമില്ലെന്ന് സാവിത്രിക്ക് തോന്നി.
സാവിത്രി ഓർത്തു.
നളിനിയുടെ അച്‌ഛനും ഇങ്ങനെയായിരുന്നു. പക്ഷേ സമനില കൈവിടാതെ താൻ അതെല്ലാം നേരെയാക്കിയത് മുത്തശ്ശിയുടെ ഉപദേശം സ്വീകരിച്ചതിനാലാണ്. നളിനിയുടെ അച്‌ഛന് ഒരു സഹപ്രവർത്തകയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. അന്ന് താൻ ഇതുപോലെ എല്ലാം ഇട്ടെറിഞ്ഞ് പോന്നിരുന്നെങ്കിൽ… ഇല്ല, താൻ അന്നതു ചെയ്‌തില്ല. പകയോടെയല്ലാതെ വളരെ സ്നേഹമായാണ് ഭർത്താവുമായി സംസാരിച്ചത്. സ്നേഹം കൊടുത്ത് ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മുത്തശ്ശി പറഞ്ഞതു പോലെ. കാരണം തനിക്ക് അദ്ദേഹത്തെ വേണമായിരുന്നു. തന്‍റെ രണ്ട് കുട്ടികൾക്ക് വേണമായിരുന്നു. സമൂഹത്തിന് യാതൊരു സംശയവും നൽകാതെയാണ് എല്ലാം താനന്ന് കൈകാര്യം ചെയ്തത്. പക്ഷേ പുതിയ തലമുറ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന സ്വഭാവക്കാരാണ്. നശിക്കാനും നശിപ്പിക്കാനും മാത്രമേ അവർക്കറിയൂ… സഹിക്കാൻ അവർക്കറിയില്ല. ക്ഷമിക്കാനും…
പഴയ കാര്യങ്ങൾ ഓർത്ത് സാവിത്രി വാതിലടച്ചു കരഞ്ഞു.
“എനിക്ക് കേൾക്കണ്ട അമ്മയുടെ സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും കഥകൾ…” ഒരിക്കൽ സങ്കടം പറഞ്ഞപ്പോൾ ഉപദേശിക്കുകയാണെന്നു കരുതി നളിനി ഒച്ച വച്ചത് സാവിത്രിയോർത്തു.
“ഇല്ല, അവളുടെ തീരുമാനം ഉറച്ചതാണ്. മാനസികമായി വേർപെട്ടത്?ഇനി തുന്നിച്ചേർക്കാനാവില്ല. അങ്ങനെ വിളക്കിച്ചേർക്കപ്പെടണമെങ്കിൽ ഇരുവർക്കും വലിയ ഹൃദയമുണ്ടായിരിക്കണം. നളിനിമോൾക്കതിനാവില്ല.” സാവിത്രി കണ്ണ് തുടച്ച് വാതിൽ തുറന്നു. നമ്മുടെ സ്വഭാവമാണ് നമ്മുടെ വിധി. സാവിത്രി പുറത്തെ വെയിലിലേക്ക് നോക്കി ആരേയോ കാത്തിരിക്കുന്നതു പോലെ ഇരുന്ന് മയങ്ങിപ്പോയി. വൈകുന്നേരം മകൾ വന്ന് കാൽതൊട്ടപ്പോഴാണ് സാവിത്രി ഉണർന്നത്.
“അമ്മേ അനുഗ്രഹിക്കണം.”
ഈ ഭൂമിയിലെ നിസ്സഹായരായ പെണ്ണുങ്ങളുടെ കരച്ചിൽ സാവിത്രിയിലൂടെ പുറത്തു വന്നു.
നളിനി അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഒരു മുത്തം കൊടുത്തു. പുതിയ കാലത്തെ കരുത്തുള്ള സ്ത്രീയുടെ മുത്തം.