എന്നാൽ ആ സന്തോഷത്തിന് അതിരുകൾ കല്പിച്ചു കൊണ്ടുള്ള ആ അപ്രതീക്ഷിത അതിഥിയുടെ കടന്നു വരവ് തികച്ചും ആകസ്മികമായിരുന്നു. ആ വരവ് ഒരു കൊടുങ്കാറ്റിന്‍റെ ആരംഭമായിരുന്നുവെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. കൃഷ്ണമോളായിരുന്നു ആ അപ്രതീക്ഷിത അതിഥി. അപ്പോഴേയ്ക്കുമവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിക്കഴിഞ്ഞിരുന്നു. ടുട്ടുമോനും, കിങ്ങിണിമോളും… ആ രണ്ടു കണ്മണികളെ മാറോടടുക്കി പിടിച്ചവൾ ഒരു ദിനം ഞങ്ങളുടെ ഫ്ളാറ്റിലെത്തി.
ഞാനും, ഫഹദ്സാറും ഒരു ഹോളിഡേ മൂഡിലായിരുന്നു. ആസിഫാകട്ടെ വീൽചെയറിൽ നിന്ന് പൂർണ്ണമായും മോചിതനായിരുന്നില്ല. പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഫ്ളാറ്റിനു പുറത്തെത്തി ഞാൻ നോക്കി നിന്നു. അപ്പോൾ കൃഷ്ണമോൾ തന്‍റെ കുഞ്ഞുങ്ങളേയും ചേർത്തു പിടിച്ച് കാറിൽ നിന്നുമിറങ്ങുകയായിരുന്നു.
ആ കാഴ്ച എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്. ആവശ്യപ്പെട്ട പണം കിട്ടിയപ്പോൾ കൃഷ്ണമോളുടെ പിണക്കമെല്ലാം മാറിയിരിക്കുന്നു ഞാനോർത്തു.
“കൃഷ്ണമോളെ… നീ വന്നുവോ… അല്ല ടുട്ടുമോനും, കിങ്ങിണിമോളുമുണ്ടല്ലോ…” ഞാൻ ഓടിച്ചെന്ന് കുഞ്ഞുങ്ങളെ വാങ്ങി. ടുട്ടുമോന് ഏകദേശം മൂന്നു വയസ്സും, കിങ്ങിണിമോൾക്ക് ഒരു വയസ്സുമായിക്കഴിഞ്ഞിരുന്നു. അപ്പോൾ കിങ്ങിണിമോൾ ഞാൻ കൈയ്യിലെടുത്ത ഉടൻ കരയാൻ തുടങ്ങി.
എന്നാൽ ആ അപരിചിതത്വം ടുട്ടുമോനുണ്ടായിരുന്നില്ല. അവൻ പണ്ടെങ്ങോ കണ്ടു മറന്നതു പോലെ എന്നോട് ചേർന്നു നിന്നു. മാത്രമല്ല അവനറിയാം ഞാൻ അവന്‍റെ ഗ്രാന്‍റ്മായാണെന്ന്. ആ സ്വാതന്ത്യ്രം മുതലെടുത്ത് അവൻ ചോദിച്ചു.
“ഗ്രാന്‍റ്മാ… എനിക്ക് ചോക്ക്ളേറ്റ് വാങ്ങിത്തരുമോ? ഈ മമ്മി എനിക്ക് ഒന്നും വാങ്ങിത്തരില്ല…”
“പിന്നെന്താ… ഗ്രാന്‍റ്മാ മോന് ചോക്ക്ളേറ്റും കളിയ്ക്കാൻ കാറും ഒക്കെ വാങ്ങിത്തരുമല്ലോ…” അവനെ ചേർത്തു പിടിച്ച് ആ കവിളിൽ ഉമ്മ നൽകി കൊണ്ട് ഞാൻ പറഞ്ഞു.
അപ്പോൾ കൃഷ്ണമോൾ മുറ്റത്തു നിന്ന് ഞങ്ങളുടെ ഫ്ളാറ്റിന്‍റെ ഭംഗി ആസ്വദിക്കുകയായിരുന്നു.
“എത്ര നല്ല ഫ്ളാറ്റാ മമ്മീ ഇത്… എ ലക്ഷ്വറി ആൻഡ് എലിഗന്‍റ് വൺ… മമ്മി ഇതിന് എത്ര കൊടുത്തു?”
“അതൊക്കെപ്പറയാം കൃഷ്ണമോളെ… വന്ന കാലിൽ നിൽക്കാതെ നീ അകത്തേയ്ക്കു വാ…”
ഞാൻ കൃഷ്ണമോളെ അകത്തേയ്ക്കു ക്ഷണിച്ചു കൊണ്ട് പറഞ്ഞു. അവൾ വന്ന സന്തോഷത്തിൽ ഞാൻ മറ്റെല്ലാം മറന്നിരുന്നു. അകത്തേയ്ക്ക് വന്നയുടനെ കൃഷ്ണമോൾ ഓരോ മുറിയായി കയറിയിറങ്ങിത്തുടങ്ങി.
“സ്പേഷ്യസ് റൂംസ്… മമ്മീ… മമ്മീയുടെ സെലക്ഷൻ ഉഗ്രൻ…” അവൾ എന്നെ അഭിനന്ദിച്ചു കൊണ്ടു പറഞ്ഞു.
അതിനിടയിൽ ഞാനന്വേഷിച്ചു. “കൃഷ്ണമോളെ, നിന്‍റെ ഭർത്താവിന്‍റെ വീട്ടുകാരുടെ പ്രശ്നമൊക്കെ തീർന്നോ? അവർക്കാവശ്യമായ പണം നീ നൽകിയോ?”
“ഓ… അതൊന്നും ഒരിയ്ക്കലും തീരുകയില്ല മമ്മീ… എത്ര കിട്ടിയാലും തികയാത്ത ആർത്തിപ്പണ്ടാരങ്ങളാ അവർ…”
“അങ്ങനെയൊന്നും പറയരുത് കൃഷ്ണമോളെ… എത്രയൊക്കെയായാലും അവർ നിന്‍റെ ഭർത്താവിന്‍റെ ആൾക്കാരാണ്. നീ ഇങ്ങനെയേക്കെപ്പറയുന്നതു കേട്ടാൽ ദേവാനന്ദിന് എന്തു തോന്നും?” ഞാൻ അവളെ ശാസിച്ചു കൊണ്ടു പറഞ്ഞു.
“ഓ… ആ മണ്ണുണ്ണിയ്ക്ക് ഇതൊന്നും പ്രശ്നമല്ല മമ്മീ… എല്ലാ കാര്യങ്ങളും ഞാൻ ഡീൽ ചെയ്‌താൽ മതി.”
ഞങ്ങളുടെ സംഭാഷണം ആസിഫിന്‍റെ ബെഡ്റൂമിൽ ചെന്നാണ് അവസാനിച്ചത്. അവിടെ ആസിഫ് വീൽചെയറിലും, ഫഹദ്സാർ അവനെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തും നില്പുണ്ടായിരുന്നു. എന്‍റെ ബെഡ്റൂമിൽ അപരിചിതരായ രണ്ടു പുരുഷന്മാരെക്കണ്ട് കൃഷ്ണമോൾ ഞെട്ടിത്തെറിച്ചു.
“ഇതാരാ മമ്മീ… രണ്ടുപേർ മമ്മിയുടെ ബെഡ്റൂമിൽ നിൽക്കുന്നത്?”
“ഇത്… ഈ് ഫഹദ്സാറും മകനുമാണ്. കൃഷ്ണമോൾ ഈ മമ്മിയോടു പൊറുക്കണം. ഞങ്ങളുടെ മാര്യേജ് കഴിഞ്ഞ വിവരം നിന്നെ അറിയ്ക്കാൻ പറ്റിയില്ല…”
അല്പം ഭയപ്പാടോടെ ഞാൻ വിക്കി വിക്കി പറഞ്ഞു.
“എന്ത്… ഫഹദ്സാറുമായുള്ള മമ്മിയുടെ മാര്യേജ് കഴിഞ്ഞുവെന്നോ? എനിക്കിത് വിശ്വസിയ്ക്കാനാവുന്നില്ല. ഈ വിവാഹം എന്നായിരുന്നു മമ്മീ… അല്ല, ആരേയും അറിയ്ക്കാതെ മമ്മിയ്ക്ക് ഒറ്റയ്ക്ക് എന്തുമാകാമെന്നാണോ?”
അവൾ ഈറ്റപ്പുലിയെപ്പോലെ ചീറിക്കൊണ്ട് ഞങ്ങളെ നോക്കി ചോദിച്ചു.
“അത്… അത് ഏകദേശം ഒന്നരക്കൊല്ലം മുമ്പായിരുന്നു മോളെ… നിന്നെ അറിയിച്ചാൽ നിനക്ക് ഇഷ്ടപ്പെടുകയില്ലെന്നു തോന്നിയതു കൊണ്ടാണ്…”
അർദ്ധോക്തിയിൽ നിർത്തിയ എന്‍റെ നേർക്ക് ചീറിക്കൊണ്ടവൾ പാഞ്ഞടുത്തൂ.
“എന്നിട്ട്… എന്നിട്ട് മമ്മി എല്ലാം എന്നിൽ നിന്ന് ഒളിച്ചു വച്ചു. എന്നെ അറിയിച്ചാൽ എനിക്കിഷ്ടപ്പെടുകയില്ലെന്ന് അറിഞ്ഞു കൊണ്ടു തന്നെ മമ്മി മറ്റൊരാളെ വിവാഹം കഴിച്ചു. കൊള്ളാം മമ്മീ… എന്‍റെ പപ്പ മരിച്ച് ഒരു കൊല്ലം തികയുന്നതിനു മുമ്പ് മമ്മി മറ്റൊരാളെ തെരഞ്ഞെടുത്തു. നിങ്ങൾക്ക് നാണമുണ്ടായിരുന്നോ മമ്മീ ഇങ്ങനെയൊക്കെ ചെയ്യാൻ. എന്‍റെ പപ്പ, എന്‍റെ പപ്പ നിങ്ങളെ എത്രമാത്രം സ്നേഹിച്ചിരുന്നു…”
അവൾ അവസാനം വാക്കുകൾ പറയുമ്പോൾ തേങ്ങിക്കരഞ്ഞു തുടങ്ങിയിരുന്നു.
“ശരിയാണ് മോളെ… മമ്മി ചെയ്തത് നിന്‍റെ കണ്ണിൽ തെറ്റായിരിക്കാം. പക്ഷെ നിന്‍റെ പപ്പയുടെ മരണ സമയത്തെ ആഗ്രഹവും കൂടിയായിരുന്നു ഇത്. പപ്പ ഫഹദ്സാറിനോട് ചെയ്‌ത തെറ്റിന് മമ്മി പ്രായശ്ചിത്തം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പിന്നെ എനിക്ക് കിഡ്നി ഡൊണേറ്റ് ചെയ്‌തത് ഇദ്ദേഹമാണ്. ഇദ്ദേഹത്തെ ഉപേക്ഷിയ്ക്കാൻ എനിക്കാകുമായിരുന്നില്ല.”
“മമ്മീ… എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ സ്വാർത്ഥയാണ്. നിങ്ങളൊരിക്കലും എന്‍റെ പപ്പയെ സ്നേഹിച്ചിരുന്നില്ല. നിങ്ങൾക്ക് എന്നും ഇദ്ദേഹമായിരുന്നു വലുത്. മമ്മിയുടെ ചെറുപ്പത്തിലെ ഈ കാമുകൻ…”
പരിസരം മറന്നുള്ള കൃഷ്മോളുടെ പ്രകടനങ്ങൾ ഫഹദ്സാറിനെയും, ഒപ്പം ആസിഫിനെയും ഒരുപോലെ അമ്പരപ്പിച്ചു. അവർ അസ്തപ്രജ്ഞരായി നോക്കി നിന്നു. ഇതിനിടയിൽ കൃഷ്ണമോൾ ടുട്ടുമോനെ വലിച്ചിഴച്ച്, കിങ്ങിണിമോളെ ഒക്കത്തെടുത്ത് അടക്കാനാവാത്ത ദേഷ്യത്തോടെ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു.
“ഇനി ഇങ്ങോട്ട് ഞാൻ കാലുകുത്തുകയില്ല. മാത്രമല്ല മമ്മി എന്നോട് ചെയ്ത ഈ ചതിയ്ക്ക് ഞാൻ പകരം ചോദിച്ചിരിക്കും. എനിക്കവകാശപ്പെട്ട, മമ്മി വാടകയ്ക്ക് കൊടുത്തിരിയ്ക്കുന്ന ആ വീട്, അതെന്‍റെ പപ്പ പണി കഴിപ്പിച്ചതാണ്. അത് എനിക്ക് ഉടൻ വിട്ടു കിട്ടണം. പിന്നെ മമ്മിയുടെ സ്വത്തുക്കൾ അതും എനിക്കവകാശപ്പെട്ടതാണ്. എന്‍റെ അവകാശങ്ങൾ മറ്റാരും അനുഭവിയ്ക്കാൻ ഞാൻ സമ്മതിയ്ക്കുകയില്ല. കേസു കൊടുത്താണെങ്കിലും ഞാനവയെല്ലാം വാങ്ങിയെടുത്തിരിയ്ക്കും. ഇതോടെ ഞാനും മമ്മിയും തമ്മിലുള്ള എല്ലാ ബന്ധങ്ങളും തീർന്നു കഴിഞ്ഞു. ഇനി നിങ്ങൾ മരിച്ചുവെന്നറിഞ്ഞാൽ പോലും ഞാൻ വരികയില്ല.”
കൃഷ്ണമോൾ ചാടിത്തുള്ളിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോയി. അല്പം കഴിഞ്ഞപ്പോൾ അവൾ വന്ന കാറ് അവിടെ നിന്നും അകന്നു പോകുന്ന ശബ്ദം കേട്ടു. ഒരു കൊടുങ്കാറ്റടിച്ചു ശാന്തമായതു പോലെ അവിടമാകെ കനത്ത നിശബ്ദത പരന്നു.
കൃഷ്ണമോൾ പോയ ശേഷം പ്രഞ്ജയറ്റതു പോലെ നിന്ന എന്‍റെ സമീപത്തേയ്ക്ക് ഫഹദ് സാർ നടന്നെത്തി. അദ്ദേഹം എന്‍റെ തോളിൽപ്പിടിച്ച് സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.
“സാരമില്ല മീര… ഒരു കാലത്ത് അവൾ എല്ലാം മനസ്സിലാക്കും. തന്‍റെ കൈയ്യിൽ തെറ്റൊന്നുമില്ലെന്ന്.”
ആയിരിക്കാം ഫഹദ്സാർ… പക്ഷെ … പക്ഷെ… ഇപ്പോളവൾ പറഞ്ഞ വാക്കുകൾ എത്രത്തോളം എന്നെ വേദനിപ്പിച്ചുവെന്ന് അങ്ങയ്ക്കറിയില്ല. അവൾക്കെന്നും സ്വന്തം അവകാശങ്ങളായിരുന്നു വലുത്. സ്വന്തം പപ്പയും, എന്നെ അവളൊരിക്കലും സ്നേഹിച്ചിട്ടില്ല.
ഞാൻ പൊട്ടിക്കരഞ്ഞു തുടങ്ങിയപ്പോൾ ഫഹദ്സാർ എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അടുത്തിരുന്നു.
“നമുക്ക് നമ്മെ അറിയുന്നിടത്തോളം മറ്റുള്ളവർക്ക് നമ്മെ അറിഞ്ഞെന്നു വരികയില്ല മീരാ… നമ്മുടെ മനസ്സാക്ഷിയ്ക്കു മുമ്പിൽ നമ്മൾ തെറ്റുകാരാകാതിരുന്നാൽ മതി. മറ്റുള്ളവർ നമ്മെ തനിയെ ബോദ്ധ്യപ്പെട്ടു കൊള്ളും.”
ആ വാക്കുകൾ ഒട്ടൊരു ആശ്വാസം പകർന്നു തന്നു. പിന്നീട് കരച്ചിലടക്കി ഞാൻ കിച്ചനിലേയ്ക്കു നടന്നു. ഫഹദ്സാറിനും ആസിഫിനുമുള്ള ആഹാരം പാകം ചെയ്യുന്ന തിരക്കിലമർന്നപ്പോൾ ഞാൻ മറ്റെല്ലാം മറന്നു. എന്‍റെ ദുഃഖങ്ങളും അതോടെ കെട്ടടങ്ങി. എങ്കിലും ഇടയ്ക്കിടെ കൃഷ്ണമോളുടെ അന്ത്യശാസനം മനസ്സിൽ മുഴങ്ങി.
“എനിയ്ക്കവകാശപ്പെട്ട മമ്മി വാടകയ്ക്കു കൊടുത്തിരിയിക്കുന്ന ആ വീട്… എന്‍റെ പപ്പ പണികഴിപ്പിച്ചതാണ്… അതെനിയ്ക്ക് വിട്ടു കിട്ടണം. മാത്രമല്ല മമ്മിയുടെ മറ്റു സ്വത്തുക്കൾ… അതിന്‍റെ അവകാശിയും ഞാൻ മാത്രമാണ്.”
അവളുടെ വാക്കുകൾ ഒരശരീരി പോലെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. അപ്പോൾ കൃഷ്ണമോളുടെ പ്രശ്നം ഞാൻ മറ്റൊരു വിവാഹം കഴിച്ചതല്ല, അവൾക്കവകാശപ്പെട്ടതെല്ലാം മറ്റൊരാൾ അനുഭവിക്കുമെന്ന പേടിയാണ്. അതിനെപ്പറ്റി സൂചിപ്പിച്ചപ്പോൾ ഫഹദ് സാർ പറഞ്ഞതിങ്ങനെയാണ്.
“എനിക്കോ എന്‍റെ മകനോ മീരയുടെ മകൾക്കവകാശപ്പെട്ടതൊന്നും ആവശ്യമില്ല. സ്വത്തു മോഹിച്ചല്ല ഞാൻ മീരയെ വിവാഹം കഴിച്ചത്. ഈ ലോകത്തിൽ മറ്റെന്തിനെക്കാളും വലുത് എനിക്കെന്‍റെ മീര മാത്രമാണ്. മരിയ്ക്കും വരെ അങ്ങനെയായിരിക്കുകയും ചെയ്യും.”
ആ വാക്കുകൾ ശില പോലെ ഉറച്ചതായിരുന്നു. സ്നേഹത്തിന്‍റെ കാര്യത്തിൽ ഉറപ്പുള്ള ആ മനസ്സിന്‍റെ കാഠിന്യം തനിക്കെന്നേ ബോദ്ധ്യപ്പെട്ടതാണ്. ഏതൊരു കൊടുങ്കാറ്റിനും പിഴുതെറിയാനാവാത്ത ശിലയുടെ കാഠിന്യം ആ വാക്കുകളിൽ നിറഞ്ഞു നിന്നു.
കാലം ഉണക്കാത്ത മുറിവുകളില്ല എന്നാണല്ലോ പറയാറ്, എന്നെ സംബന്ധിച്ചിടത്തോളവും അതുതന്നെയായിരുന്നു ശരി. പല മുറിവുകളും കാലാന്തരത്തിൽ ഉണങ്ങിക്കരിഞ്ഞു. പക്ഷെ വീണ്ടും മുറിവുകളുണ്ടായി. അവയും കാലത്തിന്‍റെ തലോടലേറ്റ് ഉണങ്ങിക്കരിഞ്ഞു. ഒരു ഭിഷഗ്വരനെ പ്പോലെ കാലം അതിന്‍റെ പ്രക്രീയ തുടർന്നു പോന്നു.
എന്നാൽ ഞങ്ങൾക്കിടയിൽ സ്നേഹത്തിന്‍റെ കളകളാരവും മുഴക്കിക്കൊണ്ട്, കാലം കുറച്ചു നാളുകളെങ്കിലും ഒരു കാട്ടാറു പോലെ കുതിച്ചൊഴുകിക്കൊണ്ടിരുന്നു.
ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരുടേയും റിട്ടയർമെന്‍റ് കാലവുമെത്തി. കോളേജങ്കണത്തിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് എന്നേയും ഫഹദ് സാറിനേയും, വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ആദരിക്കുകയുണ്ടായി.
പത്തുമുപ്പത്തഞ്ചു വർഷക്കാലം ഞാനാ കോളേജിനു വേണ്ടി ചെയ്ത സേവനങ്ങൾ, വിദ്യാർത്ഥികളോടുള്ള ആത്മാർത്ഥത, പഠിപ്പിക്കുവാനുള്ള കഴിവ് അങ്ങിനെ എല്ലാം എടുത്തു പറഞ്ഞ് എന്നെ വാഴ്ത്തുകയുണ്ടായി. ബൃഹത്തായ, പലനിലകളിൽ എത്തിപ്പെട്ട ഒരു ശിഷ്യ പരമ്പര തന്നെ എനിക്കുണ്ടായി എന്നത് അഭിമാനാർഹ നേട്ടമായി എടുത്തു പറയപ്പെട്ടു.
വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന കാര്യത്തിലും മറ്റെല്ലാക്കാര്യത്തിലും കോളേജിനു ഞാൻ നൽകിയ പിന്തുണ പ്രത്യേകം ശ്ലാഘിക്കപ്പെട്ടു. എല്ലാറ്റിനും മറുപടി പറയുമ്പോൾ വികാരവിക്ഷോഭം കൊണ്ട് വാക്കുകൾ കിട്ടാതെ ഞാൻ ഉഴറി.
വിദ്യാർത്ഥികളിൽ പലരും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. മാഡം ഞങ്ങൾക്ക് മാതൃസമാനയാണെന്ന് പറഞ്ഞ് എന്നോട് അടുപ്പം പ്രകടിപ്പിച്ചു. ഒരിയ്ക്കൽ കൂടി എല്ലാറ്റിനും നന്ദി പറഞ്ഞു കൊണ്ട് ഞാനും, ഫഹദ്സാറും ആ കോളേജിന്‍റെ പടിയിറങ്ങി. ചായ സത്ക്കാരവും കഴിഞ്ഞ് തിരികെപ്പോരുമ്പോൾ ഫഹദ്സാർ എന്‍റെ കൈപിടിച്ചു പറഞ്ഞു.
“ഇനിയുള്ള കാലം നമുക്ക് നാം മാത്രം. പരസ്പരം സ്നേഹിച്ച്, അന്യോന്യം തുണയായി നമുക്ക് നമ്മുടെ കൊച്ചു കൂട്ടിൽ കഴിയാം.”
ആഹ്ലാദത്തിന്‍റെ ഇലയും പൂവും, കായും തളിർത്തു നിന്ന ഞങ്ങളുടെ ജീവിത വൃക്ഷ ശാഖയിൽ ഋതുക്കൾ പാറി വന്നു, കൂടുകൂട്ടി…
മാറി വന്ന ഋതുക്കളിലെ ചൂടും, തണുപ്പുമേറ്റ് രണ്ടു വൃദ്ധ ദമ്പതികൾ ആ കിളിക്കൂട്ടിൽ സുഖമായുറങ്ങി. അന്യോന്യം സ്വയം മറന്നു സ്നേഹിച്ച ഞങ്ങളുടെ കൂട്ടിലേയ്ക്ക് കാലം കാത്തു വച്ചത് മറ്റൊരു അശനിപാതമായിരുന്നു. ബ്രസ്റ്റ് കാൻസറിന്‍റെ രൂപത്തിൽ അതു എന്നെ വിഴുങ്ങാനായി കാത്തു നിന്നു. അപ്പോഴേയ്ക്ക് ആസിഫ് തന്‍റെ എംഡി പഠനം പൂർത്തിയാക്കിയിരുന്നു. അവന് വിദേശത്തു നിന്നും ജോലിയ്ക്കുള്ള നല്ല ഒരു ഓഫർ വന്നുവെങ്കിലും അവൻ പോകുവാൻ കൂട്ടാക്കാതെ നിന്നു.
“ഇവിടെ ഉമ്മായേയും ബാപ്പയേയും ഒറ്റയ്ക്ക് വിട്ട് ഞാനെങ്ങനെ പോകും? ഉമ്മായ്ക്കാണെങ്കിൽ നല്ല സുഖമില്ല താനും.”
അവൻ തന്‍റെ നിലപാടു വെളിപ്പെടുത്തി. എന്നാൽ ഫഹദ്സാറും ഞാനും അതിനെതിരായിരുന്നു. അവന്‍റെ നല്ല ഭാവിയായിരുന്നു ഞങ്ങൾക്കു മുഖ്യം.
“എനിക്കിപ്പോൾ കാര്യമായ അസുഖമൊന്നുമില്ല ആസിഫ്… എന്നെയോർത്ത് നീ നിന്‍റെ നല്ല ഭാവി നഷ്ടപ്പെടുത്തരുത്.” ഞാൻ ശാസനാ രൂപത്തിൽ പറഞ്ഞപ്പോൾ അവൻ പിന്നെ എതിർക്കാൻ നിന്നില്ല. സത്യത്തിൽ ആസിഫിന്‍റെ മനസ്സിൽ കനത്തു നിന്ന ഒരു മോഹമായിരുന്നു വിദേശത്ത് ഒരു ജോലി.
ഹുസൈനും അതു പറഞ്ഞ് അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. ഒടുവിൽ എല്ലാവരുടേയും മോഹസാക്ഷാത്ക്കാരം പോലെ, ന്യൂസിലാന്‍റിലേയ്ക്ക് അവൻ തന്‍റെ സ്വപ്നങ്ങളുടെ ചിറകിലേറി പറന്നു.
ആസിഫ് അകന്നു പോയപ്പോഴാണ് അവന്‍റെ വിടവ് ഞങ്ങളറിഞ്ഞത്. ഒരു മകനെന്ന നിലയിലും ഒരു ഡോക്ടറെന്ന നിലയിലും ഈ വാർദ്ധക്യത്തിൽ അവൻ ഞങ്ങൾക്ക് തുണയായിരുന്നു. പ്രത്യേകിച്ച് ഞാൻ രോഗഗ്രസ്തയായ ഈ സാഹചര്യത്തിൽ. ആദ്യത്തെ ഞെട്ടലിൽ നിന്നു വിമുക്തയായപ്പോൾ എന്‍റെ രണ്ടു മാറിടങ്ങളും എനിക്കു നഷ്ടമായിരുന്നു.
“ഞാനിന്നൊരു സ്ത്രീയല്ല, ഒരു സ്ത്രീയുടെ നിഴൽ രൂപം മാത്രമാണ് ഫഹദ്സാർ…”
ഛേദിക്കപ്പെട്ട എന്‍റെ മാറിടത്തിലേയ്ക്കും വയറ്റിലെ ഓപ്പറേഷന്‍റെ തെളിഞ്ഞു നിൽക്കുന്ന പാടിലേയ്ക്കും നോക്കി നെടുവീർപ്പിടുമ്പോൾ എന്‍റെ വാക്കുകളിൽ നിറഞ്ഞു നിന്ന അപകർഷതയുടെ മുള്ളുകളെ വാക്കുകൾ കൊണ്ടെടുത്ത് ഫഹദ്സാർ പറഞ്ഞു.
“നിന്‍റെ ശരീരമല്ല, നിന്‍റെ മനസ്സാണ് എനിക്കു വലുത്. നിന്നെ സ്നേഹിക്കുമ്പോൾ നിന്‍റെ ആത്മാവിന്‍റെ സൗന്ദര്യമാണ് നിന്‍റെ മിഴികളിൽ ഞാൻ കണ്ടത്.”
ആ വാക്കുകളുടെ പവിത്രതയിൽ അലിഞ്ഞില്ലാതെയാവുകയായിരുന്നു ഞാൻ. പിന്നീട് ഹോസ്പിറ്റലിലേയ്ക്കുള്ള നീണ്ട യാത്രകൾ. ചിലപ്പോഴെല്ലാം ഡോക്ടറുടെ ആശ്വാസ വാക്കുകൾ. ക്യാൻസർ അങ്ങനെ ഭയപ്പെടേണ്ട അസുഖമൊന്നുമല്ല. മനശക്തി കൊണ്ട് എന്തിനേയും നേരിടാൻ പഠിച്ചാൽ ഏതസുഖത്തിൽ നിന്നും മുക്തിനേടാം.
ആ വാക്കുകളിൽ അഭയം തേടി പലപ്പോഴും മനസ്സിനെ ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. കൂടെ ഫഹദ്സാറിന്‍റെ സാന്നിദ്ധ്യവും, സാന്ത്വന വചസ്സുകളും ഏറ്റവുമൊടുവിൽ മാറിടം ഛേദിക്കപ്പെട്ടപ്പോഴും ഞാൻ പിടിച്ചു നിന്നു. അസുഖത്തിൽ നിന്ന് മുക്തയാകുമല്ലോ എന്നോർത്ത് സന്തോഷിച്ചു. എന്നാൽ എന്‍റെ അവയവങ്ങൾ ഓരോന്നും ദാനം നൽകിയിട്ടും തൃപ്തിവരാത്ത പോലെ ക്യാൻസർ എന്നെ വിടാതെ പിടികൂടി. ശരീരത്തിലെ മിയ്ക്കവാറും എല്ലാ അവയവങ്ങളിലേയ്ക്കും ക്യാൻസർ വ്യാപിച്ചു തുടങ്ങി എന്ന് ഡോക്ടറുടെ മുന്നറിയിപ്പ് ഒരിയ്ക്കൽ കൂടി എന്നെ തളർത്തിക്കളഞ്ഞു. പക്ഷെ അപ്പോഴും ഫഹദ്സാർ പറഞ്ഞു.
“ഇല്ല മീര… നിന്നെ ഞാൻ മരണത്തിനു വിട്ടു കൊടുക്കുകയില്ല. ഈ ജീവിതം മുഴുവൻ എന്നോടു തന്നെ പോരാടി ഞാൻ നിന്നെ നേടിയത് ഇതിനുവേണ്ടിയായിരുന്നില്ല. എന്തു ത്യാഗം സഹിച്ചും എത്ര പണം ചെലവാക്കിയും ഞാൻ നിന്നെ വീണ്ടെടുക്കും.” ഫഹദ്സാർ നിശ്ചയദാർഢ്യം തുളുമ്പുന്ന വാക്കുകൾ ഉരുവിട്ടു.
എനിക്കും ജീവിയ്ക്കണം ഫഹദ്സാർ… അങ്ങയോടൊപ്പം കല്പാന്ത കാലത്തോളം… ഞാൻ തൊട്ടടുത്തെത്തി നിൽക്കുന്ന മരണത്തിനു മുന്നിൽ നിന്നും മുഖം തിരിച്ച് ഫഹദ്സാറിനെ ഇറുകെപ്പുണർന്നു പറഞ്ഞു. നിറഞ്ഞൊഴുകുന്ന എന്‍റെ മിഴികൾ തുടച്ച് ഫഹദ്സാർ വീണ്ടും പറഞ്ഞു.
“നമ്മൾ ജീവിയ്ക്കും മീരാ.. ഒരുമിച്ചു തന്നെ… അഥവാ മരിയ്ക്കുകയാണെങ്കിൽ അതും ഒരുമിച്ച്…”
അദ്ദേഹം എന്നെ ഇറുകെപ്പുണർന്നു കൊണ്ടാണതു പറഞ്ഞത്. സെക്കന്‍റുകൾ മിനിട്ടുകളായും മിനിട്ടുകൾ മണിക്കൂറുകളായും ഞങ്ങൾക്കു മുന്നിലൂടെ കടന്നു പോയ്ക്കൊണ്ടിരുന്നു. വേർപിരിയാനാവാത്ത രണ്ടാത്മാക്കൾ പോലെ, പരസ്പരം ഒട്ടിച്ചേർന്ന് ഞങ്ങളിരുന്നു.
ഇതിനോടകം രാവും പകലും എത്ര പ്രാവശ്യം തങ്ങളുടെ സ്‌ഥാനങ്ങൾ അന്യോന്യം കൈമാറിയെന്ന് ഞങ്ങളറിഞ്ഞില്ല. രാവു പകലിനു വേണ്ടിയും പകൽ രാവിനു വേണ്ടിയും ദീർഘമായി തപസ്സിരുന്നു.
അന്ത്യത്തിൽ സന്ധ്യയുടെ നേർത്ത തുടിപ്പിൽ നൈമിഷികമായ സമാഗമം. ഒടുവിൽ രാവിന്‍റെ ഇരുളിമയിൽ അലിഞ്ഞു ചേർന്ന് പകൽ സായൂജ്യം നേടിയതു പോലെ ഞങ്ങളും അന്യോന്യം ആത്മാവു കൊണ്ട് അലിഞ്ഞു ചേർന്നു. അതിനു ദൃക്സാക്ഷിയാവാൻ ഒരാളെത്തി.
അസുഖത്തിന്‍റെ തീവ്രതയിൽ ആശുപത്രിക്കിടക്കയിൽ മയങ്ങിക്കിടക്കുമ്പോൾ ആ രൂപം മിഴികളിലോടിയെത്തി. ശുഭ്രവസ്ത്രം ധരിച്ച്, നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞ ഒരു സന്യാസിനി രൂപം അതോ ദേവതയോ? പുഞ്ചിരിയോടെ ആ ദേവ, എന്‍റെ കൈകൾ ഉള്ളം കൈയ്യിലെടുത്ത് ചോദിച്ചു. “അമ്മയ്ക്കിപ്പോൾ എങ്ങിനെയുണ്ട്?” എന്‍റെ കൈകൾ കവർന്ന ആ യുവ സന്യാസിനിയെ അല്പം പരിഭ്രമത്തോടെ ഞാൻ സൂക്ഷിച്ചു നോക്കി.
നീണ്ടിടതൂർന്ന മുടിയിഴകളിലും, ചുവന്നു തുടുത്ത ചുണ്ടുകളിൽ മനോഹരമായി വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയിലേയ്ക്കും ശുഭ്രവസ്ത്രത്തിലേയ്ക്കും നോക്കി ഞാൻ പതിയെ ചോദിച്ചു.
“ആരാണു നീ… എന്നെ സ്വർഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുവാൻ വന്ന ദേവതയാണോ?
“ദേവതയോ? അമ്മ ഈ ഭൂമിയിൽ തന്നെ ജീവിച്ചു കാണണം എന്നാഗ്രഹിക്കുന്ന ഒരു പാവം പെൺകുട്ടിയാണമ്മേ ഞാൻ… എന്‍റെ പേര് അഞ്ജലി… അമ്മയ്ക്കെന്നെ മനസ്സിലാകണമെങ്കിൽ ഒന്നു സൂക്ഷിച്ചു നോക്കൂ…”
ഞാനാ നീണ്ട കണ്ണുകളിലേയ്ക്കും നിഷ്ക്കളങ്കത തങ്ങി നിൽക്കുന്ന തുടുത്ത കവിൾത്തടങ്ങളിലേയ്ക്കും നോക്കി നിർന്നിമേഷയായി കിടന്നു. അപ്പോൾ മനസ്സു പറഞ്ഞു എവിടെയോ കണ്ടു മറന്ന മുഖം. പക്ഷെ ഓർമ്മകൾ നിറം മങ്ങിയ കണ്ണാടി പോലെ അവ്യക്‌ത ചിത്രങ്ങളായി മനസ്സിൽ നിറയുന്നു.
നിറം മങ്ങിയ ഒരു പെയിന്‍റിംഗ് പോലെ മനസ്സിന്‍റെ ഭീത്തിയിൽ ആരോ തൂക്കിയിട്ട ഒരു ചിത്രം…. പക്ഷെ ആ ചിത്രം പ്രിയപ്പെട്ട ആരുടേയോ എന്ന പോലെ ഹൃദയഭിത്തിയിൽ കൊളുത്തി വലിയ്ക്കുന്നു. ആരുടേയോ ഓർമ്മയിൽ ഹൃദയം നുറുങ്ങുകളായി ചിതറുന്നതു പോലെ…
മനസ്സ് മന്ത്രിക്കുന്നു. ഈ രൂപം നിനക്കേറെ പ്രിയപ്പെട്ട ഒരാളുടേതാണ്… ഓർമ്മകളെ മടങ്ങി വരൂ… ഈ രൂപം ആരുടേതെന്ന് ഒരിയ്ക്കൽ മാത്രം എന്നോടു മന്ത്രിയ്ക്കൂ.. അപ്പോൾ കാതിൽ വീണ്ടും ആ വാക്കുകൾ കേട്ടു.
“എന്നെ മനസ്സിലായില്ലേ അമ്മേ… ഞാൻ … ഞാൻ… ഒരിയ്ക്കൽ രാഹുലിന്‍റെ എല്ലാമായിരുന്നു. അമ്മ ഏതെങ്കിലും ഗ്രൂപ്പ് ഫോട്ടോയിൽ എന്നെ കണ്ടു കാണും രാഹുലിനോടൊപ്പം. ഒന്നോർത്തു നോക്കിയേ…” വീണ്ടും നിഷ്ക്കളങ്കമായ ആ പുഞ്ചിരി. അതെ ഇതവൾ തന്നെ. ഒരിയ്ക്കൽ രാഹുലിന്‍റെ എല്ലാമായിരുന്നവൾ. രാഹുലിനു വേണ്ടി ജീവത്യാഗം പോലും ചെയ്യാൻ തയ്യാറായവൾ. എന്‍റെ രാഹുൽ മോന്‍റെ ഇഷ്ടഭാജനം. “മോളെ അഞ്ജലി” നിന്നെ ഞാൻ തിരിച്ചറിയാതെ പോയല്ലോ… ഈ അമ്മയോടു ക്ഷമിക്കൂ മോളെ…
ഹൃദയം നുറുങ്ങിയ വാക്കുകൾ ഉരുവിടുമ്പോൾ അറിയാതെ കൈകൾ കൂപ്പിയോ? ഇല്ല… ഇവിടെ ഞാൻ മാപ്പിനർഹയല്ല. എന്‍റെ രാഹുൽമോൻ പരലോകത്തിരുന്ന് ഈ കാഴ്ച കാണുന്നുണ്ടാവും. അവൻ ഈ അമ്മയോട് ക്ഷമിച്ചു എന്നു വരികയില്ല.
തമ്മിൽ കാണുമ്പോൾ അവനോട് എന്തു പറഞ്ഞ് ഞാൻ മാപ്പിരക്കും? അപരിഹാര്യമായ ഈ തെറ്റിനുള്ള ശിക്ഷ എന്തായിരിക്കും അവൻ നൽകുക? ഇനി ഒരിയ്ക്കലും ഈ വയറ്റിൽ പിറക്കാതെ പോകട്ടെ എന്നോ? അരുത്… മകനെ… നീയി അമ്മയെ അങ്ങനെ ശിക്ഷിയ്ക്കരുത്. ഇനിയുമൊരു നൂറു ജന്മം കൂടി നീ എന്‍റെ വയറ്റിൽ മകനായി പിറക്കണം. നിന്‍റെ ജന്മത്താൽ എന്‍റെ ഗർഭപാത്രം പവിത്രീകരിയ്ക്കണം. ഈ അമ്മയുടെ ഓരോ ജന്മങ്ങളും നിനക്കുവേണ്ടി മാത്രമുള്ളതാണ്. മകനെ നിനക്കുവേണ്ടി മാത്രം… അങ്ങനെ ഈ അമ്മയുടെ ഓരോ ജന്മങ്ങളും സഫലമാകട്ടെ.
അഞ്ജലി അടുത്തിരുന്ന് ആ മടിയിൽ എന്‍റെ ശുഷ്ക്കിച്ച കരങ്ങൾ വച്ച് തലോടിക്കൊണ്ട് പറഞ്ഞു.
“അമ്മേ… രാഹുൽ മരിച്ച ശേഷവും അകലങ്ങളിലിരുന്ന് ഞാൻ അമ്മയെക്കുറിച്ച് എല്ലാം അറിഞ്ഞിരുന്നു. അരുണിലൂടെ… ഇപ്പോഴും അമേരിയ്ക്കയിലിരുന്ന് അവൻ എന്നെ എല്ലാമറിയിക്കാറുണ്ട്.”
“അരുണിലൂടെയോ… അപ്പോൾ അവന് അഞ്ജലി എവിടെയാണെന്ന് അറിയാമായിരുന്നു അല്ലേ? ഒരിയ്ക്കൽ ഞാൻ നിന്‍റെ ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ അവന്‍റെ കൈയ്യിലില്ലായിരുന്നു. പിന്നെ എപ്പോഴെങ്കിലും കാണിച്ചു തരാം എന്നു പറഞ്ഞു. അഞ്ജലി ഇപ്പോഴും അവിവാഹിതയായി കഴിയുകയാണെന്നും പറഞ്ഞു. അല്പം അതിശയോക്തി കലർന്ന ശബ്ദത്തിൽ അവശതയോടെ ഞാൻ മെല്ലെ പറഞ്ഞതു കേട്ട് അജ്ഞലി പറഞ്ഞു.
“ശരിയാണമ്മേ… ഞാനും അരുണും തമ്മിൽ നേരിട്ട് കണ്ടിട്ട് വർഷങ്ങളായി. പക്ഷെ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ഞങ്ങൾ ചാറ്റ് ചെയ്യുമായിരുന്നു. അങ്ങനെയാണ് വിശേഷങ്ങൾ അറിഞ്ഞു കൊണ്ടിരുന്നത്.”
“എന്നിട്ടിപ്പോൾ ഞാനിവിടെയുണ്ടെന്ന് അരുൺ പറഞ്ഞുവോ?” എന്‍റെ ചോദ്യം കേട്ട് അവൾ പറഞ്ഞു.
അതെ അമ്മേ… അമ്മ ഇവിടെയാണെന്ന് ഈയിടെ അരുണാണ് എന്നോട് പറഞ്ഞത്. പക്ഷെ അമ്മ ഇവിടെയെത്തുന്നതിനു മുമ്പു തന്നെ ഞാൻ ഇവിടെയെത്തിയിരുന്നു. ഈ പാലിയേറ്റീവ് സെന്‍ററിൽ ഞാനെത്തിയിട്ട് മൂന്നു വർഷങ്ങളാകുന്നു. ഇവിടെ മരണത്തോടു മല്ലടിച്ചു കഴിയുന്ന രോഗികളെ ശുശ്രൂഷിച്ച് ഞാൻ കഴിയുകയായിരുന്നു. ഒരു ഡോക്ടറെന്നതിനാക്കാളേറെ ഒരു സാമൂഹ്യ സേവനം എന്ന നിലയ്ക്കാണ് ഞാനിവിടെ പ്രവർത്തിക്കുന്നത്. അപ്പോഴാണ് ഒരു ഉൾവിളിക്കണക്ക അമ്മയുടെ സാന്നിദ്ധ്യം ഞാനറിയുന്നത്. അതുകഴിഞ്ഞ് അരുണും എന്നോടതു തന്നെ പറഞ്ഞു.
എന്‍റെ രാഹുലിന്‍റെ അമ്മയെ ശുശ്രൂഷിക്കാൻ ദൈവം എനിക്കു നൽകിയ അവസരമായി ഞാനിതിനെ കണക്കാക്കുന്നു. അവൾ കരുണ ചൊരിയുന്ന കണ്ണുകളോടെ എന്‍റെ സമീപം ഇരുന്നു. അവളുടെ കണ്ണുകൾ കുറേശേ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു. ഞാൻ അവളുടെ കരങ്ങൾ മെല്ലെ കൈയ്യിലെടുത്ത് പറഞ്ഞു.
“നിന്നെ ഇപ്പോഴെങ്കിലും കണ്ടെത്താനായത് എന്‍റെ ഭാഗ്യമാണു മോളെ… രാഹുൽമോനുള്ളപ്പോൾ ഒരിയ്ക്കൽ പോലും അവൻ നിന്നെ എനിക്ക് കാണിച്ചു തന്നില്ല. നിന്നെപ്പോലൊരു മാലാഖ കുട്ടിയെ അവൻ വിവാഹം കഴിച്ചിരുന്നെങ്കിൽ ഞങ്ങൾ ഒരിയ്ക്കലും എതിർക്കുമായിരുന്നില്ല.”
“ശരിയാണമ്മേ… രാഹുലിനൊടൊപ്പം അച്‌ഛനെയും അമ്മയേയും കൃഷ്ണമോളെയും കാണാനുള്ള ഭാഗ്യം എനിക്കുമുണ്ടായില്ല.”
നാലു കണ്ണുകൾ അപ്പോഴേയ്ക്കും നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു. പെട്ടെന്ന് അഞ്ജലി സ്വയം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ അതുമിതും പറഞ്ഞ് അമ്മയെക്കൂടി വേദനിപ്പിയ്ക്കുകയാണെന്നു തോന്നുന്നു. അരുൺ എന്നെ ഒരു ദൗത്യം ഏല്പിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് അമ്മയെ ജീവിതത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ… അതിനുവേണ്ടി എന്തു ത്യാഗം ചെയ്യാനും അവൻ തയ്യാറാണ്.”
അഞ്ജലി പറഞ്ഞതു കേട്ട് വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു.
“നമ്മൾ ഒന്നു വിചാരിക്കുന്നു, ദൈവം മറ്റൊന്നു വിധിയ്ക്കുന്നു. ഞാനും ഫഹദ്സാറും നീയും അരുണുമൊക്കെ വിചാരിച്ചാൽ പോലും ഇനിയും ജീവിതത്തിലേയ്ക്കൊരു മടക്കം അതുണ്ടാവുമെന്ന് തോന്നുന്നില്ല മോളെ… അതു പോകട്ടെ, നീയിപ്പോഴും അവിവാഹിതയായി കഴിയാനാണോ തീരുമാനിച്ചിരിക്കുന്നത്? ഈ സന്യാസിനീ രൂപത്തിന്‍റെ അർത്ഥമെന്താണ്?”
“അതെ അമ്മെ ഇനിയും മറ്റൊരു ജന്മമുണ്ടെങ്കിൽ രാഹുൽ എന്‍റെ കഴുത്തിൽ താലി ചാർത്തും. അതുവരെ ഞാൻ അവിവാഹിതയായിരിക്കും.”
ഞങ്ങളുടെ സംഭാഷണം അന്നവിടെ അവസാനിച്ചു. അവൾ മടങ്ങിപ്പോകാനൊരുങ്ങുമ്പോൾ ഞാനാ കൈകളിൽപ്പിടിച്ച് വിങ്ങിപ്പൊട്ടി.
“എന്‍റെ മോളെ, നിന്നെപ്പോലൊരു മരുമകളെ അടുത്ത ജന്മമെങ്കിലും നൽകുവാൻ ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കും.”
കണ്ണീരിലൂടെ പുഞ്ചിരിച്ച് എന്‍റെ കൈകളിൽ പിടിച്ച് സാന്ത്വനമോതി അന്നവൾ യാത്രയായി.
ശുഭ്രവസ്ത്രധാരിണിയായ ഒരു മാലാഖയെപ്പോലെ അവൾ ഒഴുകി നീങ്ങുന്നത് കട്ടിലിൽ കിടന്ന് ഞാൻ നോക്കിക്കണ്ടു. ഹോസ്പിറ്റലിനു പുറത്തു പോയി തിരികെ വരുമ്പോൾ അവൾ എന്‍റെ അടുത്തു വന്നു മടങ്ങുന്നത് ഫഹദ്സാർ കണ്ടിരുന്നു.
“ആരാണാ പെൺകുട്ടി?” അദ്ദേഹത്തിന്‍റെ ചോദ്യത്തിനുള്ള മറുപടി ഞാൻ രണ്ടു മൂന്നു വാക്കുകൾകളിലൊതുക്കി.
“അഞ്ജലി… എന്‍റെ രാഹുൽ മോന്‍റെ ജീവിതത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞെത്തി പിന്നീട് അകന്നു പോയ ഒരു ദിവ്യ മാലാഖ.
എന്‍റെ മറുപടിയിൽ കാര്യം ഗ്രഹിച്ച ഫഹദ്സാർ അകന്നു പോകുന്ന അവളുടെ കാലടികൾ നോക്കിക്കൊണ്ടു പറഞ്ഞു.
“അതെ… അവൾ മാലാഖ തന്നെയെന്ന് അവൾ അവശേഷിപ്പിച്ച കാലടി പാടുകൾ തന്നെ പറയുന്നുണ്ട്. സേവനത്തിന്‍റെ ഉത്തമ മാതൃക. ഒരു പക്ഷെ രാഹുൽ മോൻ ജീവിച്ചിരുന്നെങ്കിൽ ആ മാലാഖ അവന്‍റെ ജീവിതത്തെ കൂടുതൽ ധന്യമാക്കുമായിരുന്നു.”
ആ വാക്കുകൾ മുഴുവൻ കേൾക്കുന്നതിനു മുമ്പ് എന്‍റെ ബോധം മറഞ്ഞു. കാൻസർ ഒരു കരിമൂർഖനെപ്പോലെ എന്നെ വരിഞ്ഞു മുറുക്കുകയായിരുന്നു. ഒടുവിൽ ഫഹദ്സാർ ഡോക്ടറുടെ കാലുകളിൽ വീണ് കെട്ടിപ്പിടിച്ചപേക്ഷിച്ചു.
“എന്‍റെ മീരയെ എങ്ങിനെയും രക്ഷിയ്ക്കണം ഡോക്ടർ അവൾക്ക് പകരമായി ഞാൻ എന്‍റെ ജീവൻ തരാം.”
“ജീവിതം എടുക്കുന്നതും മടക്കിത്തരുന്നതും ഞങ്ങളല്ല മി. ഫഹദ്. അതിന് മുകളിൽ ഒരു മഹാവൈദ്യനുണ്ട്. അദ്ദേഹത്തോട് പ്രാർത്ഥിച്ചോളൂ…”
ഡോക്ടറുടെ വാക്കുകൾ ഹൃദയത്തെ മഥിച്ചപ്പോൾ ഫഹദ് സാർ പൊട്ടിക്കരഞ്ഞു. താഴെ മുട്ടുകുത്തി നിന്ന് പരമ കാരുണ്യവാനായ ദൈവത്തോടപേക്ഷിച്ചു.
“അള്ളാ… എന്‍റെ മീരയുടെ ജീവനു പകരമായി അങ്ങ് എന്‍റെ ജീവനെടുത്തോളൂ. എന്നിട്ട് മീരയ്ക്കാ ജീവിതം നൽകൂ.”
ബലിക്കല്ലിൽ സ്വജീവിതം ബലി അർപ്പിക്കാൻ തയ്യാറായ ഒരു ബലി മൃഗത്തെപ്പോലെ അദ്ദേഹം ഭൂമിയിൽ തലവച്ച് കിടന്നു. അന്ത്യവിധിയ്ക്കായി കാതോർത്തു കൊണ്ട്…
“മീരയ്ക്ക് സീരിയസ്സാണ്… വേഗം എത്തുക.” ഫഹദ്സാറിന്‍റെ മെസ്സേജ് ഫോണിലൂടെ കൈകളിലെത്തുമ്പോൾ കൃഷ്ണ ഓഫീസിലായിരുന്നു. അവൾ തിരികെ വിളിച്ച് ഫഹദ് സാറിനോട് കാര്യങ്ങളന്വേഷിച്ചു.
(തുടരും)