ഞാൻ നോക്കുമ്പോൾ ഫഹദ് സാർ ഇതികർത്തവൃതാമൂഢനായി ഇരിയ്ക്കുന്നതാണ് കണ്ടത്. അദ്ദേഹത്തിന് എന്തു പറയണമെന്ന് അറിയില്ലെന്നു തോന്നി. അല്പം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റു കൊണ്ടു പറഞ്ഞു.

“താങ്കൾ ഇതുവരെ പേരു പറഞ്ഞില്ല… നിങ്ങളുടെ മറ്റുമക്കളുടെ കാര്യവും…”

എന്‍റെ പേര് ഹുസൈൻ എന്നാണ്. ഞാൻ ഒരു ചെറിയ ബിസിനസ്സുകാരനാണ്. എന്‍റെ മൂത്ത രണ്ടു പെണ്മക്കളുടെ വിവാഹം കഴിഞ്ഞു. ഒരാൾ മലപ്പുറത്തും, ഒരാൾ കോഴിക്കോട്ടുമായി ജീവിക്കുന്നു. ഇളയവൾ എന്നോടൊപ്പം ഇവിടെയും.

“മി. ഹുസൈൻ, നിങ്ങൾ മഹാമനസ്ക്കനാണ്. അല്ലെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ല. മറ്റൊരാളിൽ നിന്ന് ഗർഭിണിയായ സഫിയയെ നിങ്ങൾ ഭാര്യയാക്കിയപ്പോൾ തന്നെ നിങ്ങളുടെ മഹാമനസ്ക്കത തെളിഞ്ഞതാണ്. ഇന്നിപ്പോൾ നിങ്ങൾ ഇത്രകാലം വളർത്തി വലുതാക്കിയ നിങ്ങളുടെ മകനെപ്പോലുള്ള ആസിഫിനേയും എനിക്കു നിങ്ങൾ നൽകുന്നു.”

അദ്ദേഹത്തിന് തുടർന്നു പറയാനാവാതെ വാക്കുകൾ ഉടറി. അപ്പോൾ ഹുസൈൻ എഴുന്നേറ്റ് അദ്ദേഹത്തിന്‍റെ സമീപം വന്നു നിന്നു പറഞ്ഞു.

“ഫഹദ് സാർ… അന്നത്തെ സാഹചര്യത്തിൽ എന്നെപ്പോലെ ഒരു പുരുഷനാവശ്യം എന്‍റെ രണ്ടു പെണ്മക്കൾക്ക് ഒരു ഉമ്മയെയായിരുന്നു. ഒരുമ്മയുടെ സ്നേഹം എന്തെന്ന് അമ്മയാകാൻ പോകുന്ന ഒരുവൾക്ക് നല്ലതു പോലെ അറിയുമെന്നെനിക്കു തോന്നി. ഞാൻ വിചാരിച്ചതു പോലെ സഫിയ അവർക്കതു നൽകുകയും ചെയ്തു. പക്ഷെ പിന്നീട് ഞാൻ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ നടന്നത്. മനുഷ്യൻ നിനയ്ക്കുന്നതു പോലെയല്ലല്ലോ പടച്ചവൻ നിനയ്ക്കുന്നത്. ആരിഫ എന്ന പെൺകുഞ്ഞിനെ പ്രസവിച്ച് എന്‍റെ കൈയ്യിൽ തന്നു കൊണ്ട് അവളും പടച്ചവന്‍റെ അടുത്തേയ്ക്കു പോയി. അപ്പോൾ എനിക്കു മനസ്സിലായി പടച്ചവൻ നിനയ്ക്കുന്നതേ നടക്കൂ എന്ന്… ഇന്നിപ്പോൾ ആസിഫിനെ അങ്ങയെ ഏൽപ്പിയ്ക്കാൻ പറയുന്നതും ആ പടച്ചവൻ തന്നെയാണ്. സഫിയയുടെ ആഗ്രഹവും അതുതന്നെയായിരുന്നു…”

ഹുസൈൻ പറഞ്ഞു നിർത്തിയപ്പോൾ ആ കണ്ണുകൾ നനഞ്ഞിരുന്നു. ജീവിതത്തിൽ ഏറെ അനുഭവിച്ചവരെന്ന് സ്വയം അഹങ്കരിച്ച ഞങ്ങൾക്ക് ജീവിത പക്വത കൈവന്ന ആ മനുഷ്യന്‍റെ മുന്നിൽ നമസ്ക്കരിയ്ക്കാൻ തോന്നിപ്പോയി. കഠിന പരീക്ഷണങ്ങളിലൂടെ ആർജ്ജിച്ച അനുഭവജ്ഞാനം ആ മനുഷ്യനെ ഹൃദയവിശാലത ഉള്ളവനാക്കിത്തീർത്തിരിക്കുന്നു.

അപ്പോഴേയ്ക്കും കൈയ്യിൽ നാരങ്ങാ ജ്യൂസ് നിറച്ച ഗ്ലാസ്സുമായി തലയിൽ തട്ടമിട്ട് ഒരു കൊച്ചു പെൺകുട്ടി ഞങ്ങളുടെ മുന്നിലെത്തി. കൈയ്യിലെ ജ്യൂസ് നിറച്ച ഗ്ലാസ്സ് അവൾ ഞങ്ങളുടെ നേരെ നീട്ടി. അവളുടെ നിഷ്ക്കളങ്കമായ പുഞ്ചിരി ആരേയും മയക്കുന്നതായിരുന്നു.

“മോൾ ഏതു ക്ലാസ്സിൽ പഠിക്കുന്നു” നാരങ്ങാ നീരു നുണഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു.

“ഏഴാം ക്ലാസ്സിൽ” അവളുടെ നിഷ്ക്കളങ്കമായ കൊച്ചു മണിനാദം ഞങ്ങളുടെ മനസ്സിൽ കുളിർമഴ പെയ്യിച്ചു.

“നിങ്ങൾ ആസിഫിക്കായെ കൊണ്ടു പോകാൻ വന്നതാണോ?” അവളുടെ ചോദ്യത്തിനു മുന്നിൽ എന്തു പറയേണ്ടു എന്നറിയാതെ ഞങ്ങൾ മിഴിച്ചു നിന്നു. അപ്പോഴേയ്ക്കും ഹുസൈൻ അവളെ ചേർത്തു നിർത്തിപ്പറഞ്ഞു.“ മോൾ അകത്തുപോയി ആസിഫിക്കായെ വിളിച്ചു കൊണ്ടു വാ… ബാപ്പ വിളിക്കുന്നെന്ന് പറയ്…”

അവൾ അകത്തേയ്ക്ക് ഓടിപ്പോകുന്നതു കണ്ടു. അവളുടെ കാലുകളിൽ വെള്ളിക്കൊലുസുകളുടെ മണിക്കിലുക്കം അകന്നു പോകുന്നത് ശ്രദ്ധിച്ചു കൊണ്ട് ഞങ്ങളിരുന്നു. അൽപം കഴിഞ്ഞപ്പോൾ ആസിഫിന്‍റെ കൈപിടിച്ച് അവളെത്തി. അവന്‍റെ മുഖമാകെ കാറുകൊണ്ട് മേഘം പോലെ ദുഃഖ നിമഗ്നമായിരുന്നു. കണ്ണീരുണങ്ങി വറ്റിയ പാടുകൾ അവന്‍റെ കവിൾത്തടങ്ങളിൽ തങ്ങി നിന്നു. അവൻ മുന്നിൽ വന്നു നിന്നപ്പോൾ ഹുസൈൻ പറഞ്ഞു.

“ആസിഫേ… നീ ഇവരോടൊപ്പം ഡൽഹിയ്ക്കു പോകണം. ഇദ്ദേഹം നിന്നെ കൂടുതൽ പഠിപ്പിച്ച് വലിയ ആളാക്കും. ഇന്നത്തെ കാലത്ത് വെറും എംബിബിഎസ് കൊണ്ട് വലിയ കാര്യമൊന്നുമില്ല. നിന്നെ കൂടുതൽ പഠിപ്പിക്കാനാണെങ്കിൽ എന്‍റെ കൈയ്യിൽ പണവുമില്ല. നീ പഠിച്ച് വലിയ ഡോക്ടറായി വരുന്നതും കാത്ത് ഞങ്ങളിവിടുണ്ടാകും.”

“ബാപ്പ… അങ്ങ് വലിയവനാണ് അങ്ങയെപ്പോലെ ഒരു മനുഷ്യനെ ഞാൻ വേറെ കണ്ടിട്ടില്ല.” കണ്ണീരോടെ ആസിഫ് ആ കാൽക്കൽ വീണു കൊണ്ടു പറഞ്ഞു. അവനെ പിടിച്ചെഴുന്നേൽപ്പിച്ച് ഫഹദ് സാറിന്‍റെ കൈകളിൽ നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.

“ഫഹദ് സാറെ… ഞാനിവനെ അങ്ങയെ ഏൽപ്പിക്കുകയാണ്. എന്‍റെ മകനായിപ്പിറന്നില്ലെങ്കിലും ഇവൻ എനിക്ക് എന്‍റെ മകൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ വിട്ടു തരുമ്പോൾ എന്‍റെ മനസ്സ് വല്ലാതെ വേദനിക്കുന്നുണ്ട്. പക്ഷെ ഇവന്‍റെ നല്ല ഭാവിയ്ക്കു വേണ്ടി ഇവന്‍റെ ശരിയായ ബാപ്പയായ നിങ്ങൾക്ക് ഞാനിവനെത്തരുന്നു…”

അതു പറയുമ്പോൾ ഹുസൈന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ആ അച്ഛനും, മകനും പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്‍റെ അടുത്തു നിന്ന ആരിഫയെയും ആസിഫ് കെട്ടിപ്പിടിച്ചു.

“ഇക്ക പോയി വരാം മോളെ…”

“ഇക്ക വലിയ ഡോക്ടറായി മടങ്ങി വരണം… ഞാൻ കാത്തിരിക്കും.”

“വരാം മോളെ…” ആ നിഷ്ക്കളങ്ക ബാലികയെ ഒരിയ്ക്കൽ കൂടി കെട്ടിപ്പിടിച്ച് മുത്തം നൽകി അവൻ ഞങ്ങളോടൊപ്പം ചേർന്നു. ഹുസൈനോടും, ആരിഫയോടും യാത്ര പറഞ്ഞ് ഞങ്ങളിറങ്ങി.

അപ്പോൾ ഞങ്ങളെ കാത്തിരിക്കുന്ന ആനന്ദിനേയും നിമിഷയേയും കുറിച്ചോർത്തു. അപ്രതീക്ഷിത സംഭവവികാസങ്ങൾ മൂലം അന്നു രാത്രിയിലത്തെ ഫ്ളൈറ്റിൽ ഞങ്ങൾ മടങ്ങുകയാണെന്ന് ഫോണിലൂടെ അറിയിച്ചു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നിമിഷ പറഞ്ഞു.

“നിങ്ങൾക്ക് ഒരു മകനെക്കൂടി ലഭിച്ചതറിഞ്ഞ് ഞങ്ങൾ സന്തോഷിക്കുന്നു. ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും അനുഗ്രഹങ്ങൾ വാരിച്ചൊരിയുകയാണ്. നിങ്ങൾക്കു വേണ്ടി ഒരു നല്ല വിരുന്നൊരുക്കാൻ ഞങ്ങൾ കാത്തിരുന്നുവെങ്കിലും, നിങ്ങളുടെ ഈ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുകയാണ്. ആസിഫിനേയും കൂട്ടി ഇനിയും നിങ്ങൾ വരണം. ഞങ്ങൾ കാത്തിരിക്കും.” നിമിഷയും ആനന്ദും ഹൃദയപൂർവ്വം ഞങ്ങൾക്ക് മംഗളങ്ങൾ നേർന്നു.

അന്നു രാത്രിയിലത്തെ ഫ്ളൈറ്റിൽ തന്നെ ഞങ്ങൾ ഡൽഹിയ്ക്കു മടങ്ങി. അപ്രതീക്ഷിതമായി ഞങ്ങൾക്കു ലഭിച്ച മകനെ സ്വീകരിക്കുവാൻ ഞങ്ങളുടെ ഫ്ളാറ്റ് ഒരുങ്ങി നിന്നു. ഞങ്ങൾ വരുന്ന വിവരം നേരത്തെ അറിയിച്ചതു കൊണ്ട് അരുണും അരുന്ധതിയും എല്ലാം ഒരുക്കി വച്ച് ഞങ്ങളെ സ്വീകരിക്കുവാൻ കാത്തു നിന്നു. കൂടെ സാരംഗിയുമുണ്ടായിരുന്നു. അവർ ബലൂണുകളും മറ്റും തൂക്കി ഫ്ളാറ്റിൽ ഒരു ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ ചെയ്‌തിരുന്നു. ഞങ്ങൾക്ക് പുതിയതായി ഒരു മകനെക്കൂടി ലഭിച്ചതിൽ ഏറ്റവുമധികം സന്തോഷിച്ചത് അരുന്ധതിയും അരുണുമായിരുന്നു.

ഞങ്ങൾ ഫ്ളാറ്റിൽ തിരികെയെത്തുമ്പോൾ നേരം പുലർന്നു കഴിഞ്ഞിരുന്നു. എയ്റോഡ്രോമിൽ നിന്ന് ഒരു ടാക്സി പിടിച്ച് ഞങ്ങൾ ഫ്ളാറ്റിലെത്തി. ഫ്ളാറ്റിന്‍റെ ഗേറ്റ് കടന്ന് ഞങ്ങൾ കടന്നു വരുന്നതു കണ്ട് അരുൺ ഓടിയെത്തി.

“ഓ… ഫ്ളൈറ്റ് നേരത്തെ എത്തി അല്ലേ മാഡം? എയർപോർട്ടിൽ എത്തിയപ്പോൾ എന്താണ് എന്നെ അറിയിക്കാതിരുന്നത്? ഞാൻ വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടു വരുമായിരുന്നല്ലോ?”

അരുൺ പറഞ്ഞതുകേട്ടു ഞാൻ പറഞ്ഞു “ടെർമിനലിൽ നിന്നും ഇറങ്ങിയ ഉടൻ തന്നെ എയർപോർട്ടിൽ നിന്നുള്ള ടാക്സി കിട്ടി, ഞങ്ങളിങ്ങോട്ടു പോന്നു.”

അരുൺ പിന്നെ ഒന്നും പറഞ്ഞില്ല. ആസിഫിനടുത്തെത്തി കൈ കൊടുത്തു കൊണ്ടവൻ പറഞ്ഞു. “ഹലോ ആസിഫ്… ഞാൻ താങ്കളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. താങ്കളെപ്പോലെ ഒരു മകനെ മാഡത്തിനും ഫഹദ് സാറിനും ലഭിച്ചതറിഞ്ഞ് ഞാൻ ഒരു പാടു സന്തോഷിച്ചു.” തുടർന്ന് ആസിഫിന്‍റെ ചുമലിൽ തട്ടിക്കൊണ്ട് അരുൺ പറഞ്ഞു. “ഇത്രയും നല്ല അച്‌ഛനമ്മമാരെ ലഭിച്ച നീ ഭാഗ്യവാനാണ് ആസിഫ്… ഇത്രയും കാലം ഞാൻ ആ ഭാഗ്യം അനുഭവിച്ചവനാണ്… അതുകൊണ്ട് എനിക്കിത് ഉറപ്പിച്ചു പറയാൻ കഴിയും…”

എല്ലാം കേട്ട് ആസിഫ് വെറുതെ പുഞ്ചിരി തൂകി നിന്നു. ഹുസൈനെയും ആരിഫയെയും വിട്ടുപോന്നതിലുള്ള വിഷമം അവന് വിട്ടകന്നിരുന്നില്ല. അപ്പോൾ ഞാൻ ആസിഫിന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“അരുൺ ഞങ്ങളുടെ ദത്തുപുത്രനും കൂടിയാണ്. അരുൺ ഇല്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഞാനുണ്ടാകുമായിരുന്നില്ല. മാത്രമല്ല ഫഹദ് സാറും ഞാനുമായുള്ള കൂടിക്കാഴ്ചയും നടക്കുമായിരുന്നില്ല.”

ഞാനതു പറയുമ്പോൾ ആസിഫിന്‍റെ മുഖത്ത് വെറുപ്പ് നിഴലിക്കുന്നതായി തോന്നി. എല്ലാം എന്‍റെ തോന്നലായിരിക്കുമെന്ന് വിചാരിച്ച് സമാധാനിക്കാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അരുൺ അടുത്തെത്തിപ്പറഞ്ഞു.

“ഓ… എല്ലാം മാഡം വെറുതെ പറയുന്നതാണ് ആസിഫ്… മാഡത്തിന്‍റെ നല്ല മനസ്സാണ് എല്ലാത്തിനും കാരണം. പിന്നെ ഈശ്വര കൃപയും. ഇത്രകാലം മാഡത്തിന് ആരുമില്ലാതിരുന്നതു കൊണ്ട് ഒരു മകന്‍റെ ചുമതലകൾ ഞാൻ നിർവഹിച്ചു പോന്നു എന്നു മാത്രം. ഇനി അത് ആസിഫിന്‍റെ ചുമതലയാണ്. കാരണം ആസിഫ് ഫഹദ്സാറിന്‍റെ യഥാർത്ഥ മകനാണ്.”

“അരുൺ… നീ ചുമതലകൾ വച്ചൊഴിഞ്ഞ് എവിടേയ്ക്കാണ് പോകുന്നത്?” ഞാൻ ഉൽകണ്ഠയോടെ അന്വേഷിച്ചു.

“ഞാൻ… ഞാനൊരു വിദേശയാത്ര പോവുകയാണ് മാഡം. അഞ്ചു വർഷത്തേയ്ക്ക് ഒരു വിദേശ സർവ്വകലാശാലയിൽ വർക്കു ചെയ്യുന്നതിനായി, സാരംഗിയും എന്‍റെ കൂടെ ഉണ്ടാകും.

ആ വാർത്ത എന്നിലുളവാക്കിയത് നടുക്കം മാത്രമല്ല, ഹൃദയത്തെ കുത്തി നോവിക്കുന്ന വേദനയും കൂടിയായിരുന്നു. എന്‍റെ വേദന തിങ്ങിയ മുഖം കണ്ട് എന്നെ സമാശ്വസിപ്പിച്ചു കൊണ്ട് അരുൺ പറഞ്ഞു. മാഡം വിഷമിക്കരുത്… അഞ്ചു വർഷം വളരെ വേഗം കടന്നു പോകും. തിരിച്ചെത്തിയാൽ ഞാൻ മാഡത്തെ വിട്ട് എങ്ങും പോകില്ല. മാഡത്തിന്‍റെ മകനായി ഇവിടത്തന്നെയുണ്ടാകും. ഇപ്പോൾ ഈ യാത്ര എന്നെക്കാൾ കൂടുതലായി സാരംഗി ആഗ്രഹിക്കുന്നു. എനിക്കതു കൊണ്ട് പോകാതിരിയ്ക്കാനാവില്ല മാഡം…

അപ്പോൾ അല്പം അകന്നു നിന്ന് അരുന്ധതിയും കണ്ണ് തുടയ്ക്കുന്നതു കണ്ടു. തന്നെക്കാളേറെ വേദന സഹിയ്ക്കുന്നത് അവരാണെന്നോർത്തപ്പോൾ സ്വയം നിയന്ത്രിച്ചു. അല്പ സമയത്തിനുള്ളിൽ പൊട്ടിച്ചിരികളും, തമാശകളുമായി അരുൺ രംഗം കീഴടക്കി. അതോടെ ദുഃഖമയമായ ആ അന്തരീക്ഷത്തിന് അയവു വന്നു. അരുൺ ഫ്ളാറ്റിലുള്ള ഏതാനും പേരെയും അങ്ങോട്ടു ക്ഷണിച്ചിരുന്നു. നേരം നല്ലവണ്ണം പുലർന്നതോടെ അവരെല്ലാം എത്തിച്ചേർന്നു. എല്ലാവർക്കും ആസിഫിനെ പരിചയപ്പെടുത്തിക്കൊടുത്തത് അരുൺ തന്നെയാണ്. പിന്നെ ചെറിയ ഒരു ബ്രേക്ക്ഫാസ്റ്റ് എല്ലാവർക്കും നൽകി. ഒരു മണിക്കൂറിനുള്ളിൽ എല്ലാവരും ഒഴിഞ്ഞു പോയപ്പോൾ അരുൺ പറഞ്ഞു.

“ഇനി ഞങ്ങളും ഇറങ്ങുകയാണ് മാഡം. ഫോറിനിൽ പോകുന്നതിനോടനുബന്ധിച്ച് ചില കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ട്.”

അരുണും അരുന്ധതിയും യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഏതോ അസഹനീയമായ വേദന മനസ്സിനെ മഥിച്ചു.

അപ്പോൾ ഫഹദ് സാർ അടുത്തെത്തി എന്നെ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു.

“അരുണിന്‍റെ നല്ല മനസ്സ് അവനെ ഉയർന്ന നിലയിൽ എത്തിക്കും. അതോർത്ത് നമുക്കാശ്വസിക്കാം.”

ആസിഫാകട്ടെ എല്ലാം കണ്ടും കേട്ടും ഒരപരിചിതനെപ്പോലെ അപ്പോൾ മാറി നിൽക്കുകയായിരുന്നു. അവന് എല്ലാറ്റിനോടും യോജിക്കാൻ എന്തോ വിഷമമുള്ളതു പോലെ തോന്നി. ഫഹദ് സാർ അവന്‍റെ അടുത്തെത്തിപ്പറഞ്ഞു.

“ഇവിടെയുള്ളവർ എല്ലാവരും നല്ലവരാണ് ആസിഫ്… കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിനക്ക് എല്ലാറ്റിനോടും പൊരുത്തപ്പെടാൻ കഴിയും. ഇപ്പോൾ പോയി കുളിച്ചു വന്നോളൂ. നമുക്ക് ഉച്ചയ്ക്ക് പുറത്തു പോയി ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച് വരാം. അതിനു മുമ്പ് വേണമെങ്കിൽ ഡൽഹിയിൽ എല്ലായിടവും ചുറ്റി നടന്നു കാണാം.

അതോടെ ആസിഫ് വൈക്ലബ്യം മാറ്റി ഉത്സാഹവാനായി. അവന്‍റെ സ്വന്തം ബാപ്പയുടെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ ഉൻമേഷവാനായിത്തീർന്ന അവനെക്കണ്ട് ഞാൻ പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും പുറത്തു പോയി കാഴ്ചകൾ കണ്ടു വന്നോളൂ… ഞാൻ അപ്പോഴേയ്ക്കും ലഞ്ച് റെഡിയാക്കാം…”

“അതു വേണ്ട മീരാ… തനിക്കിന്ന് യാത്രാക്ഷീണമുണ്ടാകും. താൻ റെസ്റ്റേടുത്തോളൂ… നമുക്ക് അല്പം കഴിഞ്ഞ് പുറത്തു പോകാം..”

ഫഹദ് സാർ നിർദ്ദേശിച്ചതു കേട്ട് ഞാൻ അകത്തേയ്ക്കു നടന്നു. സത്യത്തിൽ തലേദിവസത്തെ യാത്രാക്ഷീണത്തോടൊപ്പം ഉറക്ക ക്ഷീണവും എന്നെ തളർത്തിയിരുന്നു.

എന്നാൽ ആസിഫിനെ തുടക്കത്തിൽ തന്നെ എന്നെപ്പറ്റി എന്തുതോന്നും എന്നോർത്ത് പറഞ്ഞതാണ്. ആൺകുട്ടികൾക്കെപ്പോഴും സ്വന്തം അമ്മമാർ പാകം ചെയ്‌ത് ഉണ്ടാക്കുന്ന ആഹാരം കഴിയ്ക്കാനായിരിക്കും താൽപര്യം. അത്തരത്തിൽ അമ്മയുടെ സ്‌ഥാനം ഊട്ടി ഉറപ്പിയ്ക്കുവാനുള്ള ഒരു ശ്രമവും കൂടിയായിരുന്നു അത്. എന്നാൽ ആസിഫിന്‍റെ ഉള്ളിൽ ഞാൻ ശത്രുസ്‌ഥാനത്താണ് നിലക്കൊള്ളുന്നതെന്ന സത്യം വളരെ പതുക്കെയാണ് ഞാൻ മനസ്സിലാക്കിയത്. തന്‍റെ ഉമ്മയുടെ ജീവിതം തച്ചുടച്ച ശത്രുവിന്‍റെ സ്‌ഥാനത്ത് അവൻ എന്നെ കണ്ടു.

അന്ന് ഫഹദ് സാറിനോടൊപ്പം കാറിൽ ചുറ്റിയടിക്കുമ്പോഴെല്ലാം ആസിഫ് കനത്ത മൗനത്തിലായിരുന്നു. എന്തോ കനത്ത ഭാരം ഹൃദയത്തിലിറക്കി വച്ചതു പോലെ അവൻ വീർപ്പുമുട്ടി. എന്നെ കാണുമ്പോഴെല്ലാം ആ വീർപ്പുമുട്ടൽ കൂടിക്കൂടി വന്നു. അവനെ സന്തോഷിപ്പിക്കുവാനുള്ള ഫഹദ് സാറിന്‍റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.

ഒടുവിൽ ആ വീർപ്പുമുട്ടലിന്‍റെ കാരണം ഞാൻ കണ്ടെത്തി. എന്‍റെ സാന്നിദ്ധ്യമാണ് ആ വീർപ്പുമുട്ടലിനു കാരണം. ഞാൻ അകന്നു മാറുമ്പോഴെല്ലാം ആസിഫ് സന്തോഷവാനായിരുന്നു. തന്‍റെ ബാപ്പയുടെ ഹൃദയം ഒരന്യ സ്ത്രീയുടെ കൈയ്യിലാണെന്ന മട്ടിൽ അവൻ അതിനെ ബലമായി അടർത്തിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവന്‍റെ കണ്ണിൽ ഞാനൊരു നീച സ്ത്രീയായിരുന്നു. അവന്‍റെ ബാപ്പയിൽ നിന്നും അവന്‍റെ ഉമ്മയെ അകറ്റിയ നീച സ്ത്രീ.

ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ആസിഫിന് ഡൽഹി എയിംസിൽ ഒരഡ്മിഷനു പ്രയാസമുണ്ടായിരുന്നില്ല. കാരണം അവന് എംഡിയുടെ അഖിലേന്ത്യ പ്രവേശന പരീക്ഷയിൽ മൂന്നാം സ്‌ഥാനമുണ്ടായിരുന്നു. അങ്ങിനെ ആഗ്രഹിച്ചിടത്തു തന്നെ അവന് പഠിക്കുവാൻ കഴിഞ്ഞു.

ഫഹദ് സാർ ഏറെ ഉൻമേഷവാനായി കാണപ്പെട്ടു. ഒരു കാര്യത്തിലൊഴിച്ച്, എന്നോടുള്ള അവന്‍റെ സമീപനത്തിൽ അദ്ദേഹം ഏറെ കുണ്ഠിതപ്പെട്ടു. ഞാൻ പാകം ചെയ്യുന്ന ആഹാരം പോലും അവൻ കഴിയ്ക്കാൻ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു. ഒരു ദിവസം അവൻ പറഞ്ഞു.

“ഞാൻ കാന്‍റീനിൽ നിന്ന് ആഹാരം കഴിച്ചോളാം… ബാപ്പ എനിക്ക് പൈസ തന്നാൽ മതി.”

“അതെന്തിനാ ആസിഫേ… മീര എല്ലാം പാകം ചെയ്‌ത് നിനക്ക് തന്നയ്ക്കുന്നുണ്ടല്ലോ…” എന്ന അദ്ദേഹത്തിന്‍റെ ചോദ്യത്തിന് മറുപടിയായി ആസിഫ് പറഞ്ഞത്.

“അത് ബാപ്പ… വീട്ടിലുണ്ടാക്കുന്ന ആഹാരം എനിക്ക് പണ്ടെ ശീലമില്ല. ഉമ്മ മരിച്ചതിൽപ്പിന്നെ പുറത്തു നിന്നാണ് ഞാൻ ആഹാരം കഴിച്ചു കൊണ്ടിരുന്നത്. എനിക്കതേ പിടിക്കുകയുള്ളൂ…”

ഫഹദ് സാർ പിന്നെ അവനെ നിർബന്ധിച്ചില്ല. അവന്‍റെ ഒഴിഞ്ഞുമാറ്റം എന്തു കൊണ്ടെന്ന ഫഹദ്സാറിനും എനിക്കും മനസ്സിലാകുമായിരുന്നു. നാളുകൾ ചെല്ലുന്തോറും അവൻ എന്നിൽ നിന്ന് കൂടുതൽ അസ്വസ്ഥതയോടെ അകന്നു മാറിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു ദിവസം അവൻ പറഞ്ഞു.

“ബാപ്പാ… ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിച്ചോളാം… അതാകുമ്പോൾ ദിവസവും എന്നെ കൊണ്ടുപോയാക്കുന്നതിനുള്ള ബാപ്പയുടെ ബുദ്ധിമുട്ട് ഒഴിവാകുമല്ലോ. പിന്നെ തിരിച്ചുള്ള ബസ്സ് യാത്രയുടെ പൈസയും ലാഭിക്കാം…”

അവന്‍റെ ഓരോ വാക്കും എന്നിലും, ഫഹദ് സാറിലും കനത്ത ആഘാതമേല്പിച്ചു കൊണ്ടിരുന്നു. അവന്‍റെ മാതാപിതാക്കളാകാനുള്ള ഞങ്ങളുടെ പരിശ്രമത്തെ അവൻ പുല്ലു പോലെ തള്ളിനീക്കിക്കൊണ്ടിരുന്നു. ഫഹദ് സാറെന്ന ബാപ്പയുടെ സാന്നിദ്ധ്യം അവൻ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും എന്‍റെ സാന്നിദ്ധ്യം ഒരു പിശാചിനിയുടേതെന്ന പോലെ അവനെ വിറളി പിടിപ്പിച്ചു. തന്‍റെ ഉമ്മയുടെ ശത്രു തന്‍റേയും ശത്രുവാണെന്ന് അവൻ വിധിയെഴുതി.

ഒടുവിൽ ഹോസ്റ്റലിൽ ചേരുവാനുള്ള അവന്‍റെ ഉദ്യമത്തെ ഫഹദ് സാറിന് അനുകൂലിക്കേണ്ടി വന്നു. മുറിവേറ്റ മനസ്സുമായി ഞങ്ങളുടെ മുന്നിലൂടെ നാളുകൾ കടന്നു പോയ്ക്കോണ്ടിരുന്നു. ഒരു മകനെ ലഭിച്ചതിലുള്ള അമിതാഹ്ലാദത്തിൽ നിന്ന് വേദനയുടെ പടുകുഴിയിലേയ്ക്ക് ഞങ്ങൾ നിപതിച്ചു. അവന്‍റെ അടുത്തെത്തുമ്പോൾ വാത്സല്യാതിരേകത്താൽ ത്രസിച്ചു കൊണ്ടിരുന്ന എന്നെ വെറുപ്പിന്‍റെ കൂർത്ത നോട്ടങ്ങളയച്ച് അവൻ മുറിവേല്പിച്ചു കൊണ്ടിരുന്നു. അങ്ങിനെ ആറുമാസം തികയാറായി. ഒരിയ്ക്കൽ കോളേജിൽ വച്ച് ഒരു ഫോൺ കോൾ ഞങ്ങളെ തേടി വന്നു ആസിഫിന്‍റെ ഹോസ്റ്റൽ വാർഡന്‍റേതായിരുന്നു അത്.

“ആസിഫ് ഹാഡ് ആൻ ആക്സിഡേന്‍റ്… ഹി ഈസ് ഇൻ ദ റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ…”

ആ വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ഹോസ്പിറ്റലിൽ ഓടിയണഞ്ഞ ഞങ്ങൾക്കറിയാൻ കഴിഞ്ഞത് ആസിഫ് ഐസിയുവിലാണെന്നും സീരിയസ് കൺഡീഷനിലാണെന്നുമാണ്. അവനെ ഒരു നോക്കു കാണുവാൻ ഞങ്ങൾ പരിശ്രമിച്ചു.

ഡോക്ടർ പറഞ്ഞതനുസരിച്ച് ഓപ്പറേഷനാവശ്യമായ രക്തം സംഘടിപ്പിക്കുവാൻ ഞങ്ങൾ ഓടി നടന്നു. ബ്ലഡ് ബാങ്കിൽ നിന്നും ലഭിച്ച രക്തം തികയാതെ വന്നപ്പോൾ എന്‍റെ രക്തം നൽകി ആ പ്രതിസന്ധിയെ തരണം ചെയ്‌തു. എന്‍റെ രക്ത ഗ്രൂപ്പു തന്നെയാണ് ആസിഫിന്‍റേതുമെന്നറിഞ്ഞപ്പോൾ മാത്രമാണ് ഞങ്ങൾക്ക് ആശ്വാസമായത്.

അവന്‍റെ കാലിനായിരുന്നു കൂടുതൽ പരിക്ക് പറ്റിയത്. പിന്നെ ബൈക്ക് വന്ന് ദേഹത്തേയ്ക്ക് മറിഞ്ഞു വീണതു മൂലം വയറിന്‍റെ ഭാഗങ്ങൾക്കും പരുക്കു പറ്റിയിരുന്നു. അടിയന്തിരമായി ആസിഫിന് ഓപ്പറേഷൻ നടത്തിയതിനാൽ അപകടസന്ധി തരണം ചെയ്യുവാൻ അവന് കഴിഞ്ഞു. എങ്കിലും ഇരുപത്തിനാലുമണിക്കൂർ കഴിയാതെ ഒന്നും പറയുവാനാവുകയില്ലെന്ന് ഡോക്ടർ പറഞ്ഞു.

വാർദ്ധക്യ കാലത്ത് അപ്രതീക്ഷിതമായി ഞങ്ങൾക്കു കിട്ടിയ വരമായിരുന്നു ആസിഫ്. ഹൃദയം കൊണ്ട് അവൻ ഞങ്ങളോട് അകന്നു നിന്നുവെങ്കിലും ഞങ്ങൾക്കവൻ ഹൃദയത്തിന്‍റെ ഭാഗമായിരുന്നു…

ഒരിയ്ക്കൽ കൂടി ഒരു മകനെ നഷ്ടപ്പെടുവാൻ ഞങ്ങളൊരുക്കമായിരുന്നില്ല. അല്പകാലമെ ആയുള്ളുവെങ്കിലും ജീവിതത്തിൽ ആകസ്മികമായി ലഭിച്ച ഈ സൗഭാഗ്യത്തെ ഞങ്ങൾ മാറോടണച്ചു കഴിഞ്ഞിരുന്നു.

ഒരിയ്ക്കൽ കൂടി വരമായി നൽകിയ ഈ സൗഭാഗ്യത്തെ ഈശ്വരൻ തട്ടിപ്പറിക്കുമോ? ഞങ്ങളുടെ മനസ്സ് അലകടൽ പോലെ ഇളകി മറിഞ്ഞു കൊണ്ടിരുന്നു. ആസിഫിനു വേണ്ടി വഴിപാടുകൾ നേർന്നു കൊണ്ട് ഞങ്ങൾ ഐസിയുവിനു മുന്നിൽ കാവലിരുന്നു. അപ്പോഴാണ് ഫഹദ് സാർ ഓർമ്മിച്ചത്.

“ഹുസൈനെ കാര്യങ്ങൾ അറിയിക്കണ്ടെ? പിന്നീടെന്തെങ്കിലും സംഭവിച്ചാൽ ഹുസൈൻ കാര്യങ്ങൾ അറിയിക്കാത്തതിൽ നമ്മെളെ കുറ്റപ്പെടുത്തുകയില്ലേ?”

അതു ശരിയാണെന്ന് ഞാനും പിന്താങ്ങി. അങ്ങിനെ ഫഹദ് സാർ ഹുസൈനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. കാര്യങ്ങൾ എല്ലാം കേട്ടയുടനെ ഹുസൈൻ സംഭ്രാന്തനായി പറഞ്ഞു.

“അള്ളാ എന്‍റെ കുട്ടിയെ കാത്തുരക്ഷിക്കുമെന്നെനിക്കുറപ്പുണ്ട്. എങ്കിലും മനസ്സു പിടയുകയാണ്. ഞാൻ എങ്ങിനെയും ഇന്നു തന്നെ അവിടെ എത്താൻ നോക്കാം…”

അന്ന് വൈകുന്നേരത്തെ ഫ്ളൈറ്റിൽ ഹുസൈനും ആരിഫയും എത്തിച്ചേർന്നു. ഫഹദ് സാർ അവർക്കു വേണ്ടി രണ്ടു ഫ്ളൈറ്റ് ടിക്കറ്റുകൾ ബുക്കു ചെയ്‌തിരുന്നു.

“എവിടെ എന്‍റെ പൊന്നുമോൻ… അവന് എന്താണ് പറ്റിയത് സാറെ? പത്തിരുപത്തിമൂന്നു വയസ്സുവരെ ഒരു പോറൽ പോലുമേൽക്കാതെയാണ് ഞാൻ അവനെ വളർത്തിയത്.” ഹുസൈൻ പൊട്ടിക്കരഞ്ഞു കൊണ്ട് ഞങ്ങളുടെ സമീപമെത്തി.

“ആസിഫിപ്പോൾ അപകടനില തരണം ചെയ്‌തു കഴിഞ്ഞു ഹുസൈൻ… പേടിയ്ക്കാനൊന്നുമില്ല.”

ഹുസൈനെ ആശ്വസിപ്പിയ്ക്കാനായി ഫഹദ് സാർ പറഞ്ഞു. എങ്കിലും ഫഹദ് സാർ പറഞ്ഞത് പൂർണ്ണമായും സത്യമല്ലെന്ന് ഹുസൈന് മനസ്സിലായി. അയാൾ കരഞ്ഞു കൊണ്ട് വീണ്ടും ചോദിച്ചു.

“എവിടെ എന്‍റെ മോൻ സാറെ… എനിക്കൊന്നു കാണിച്ചു തരൂ…”

ഫഹദ് സാർ ഹുസൈനെ ഐസിയുവിന്‍റെ വെന്‍റിലേറ്ററിലൂടെ ആസിഫിനെ കാണിച്ചു കൊടുത്തപ്പോൾ മാത്രമാണ് അയാൾ അല്പം ശാന്തനായത്. അയാളുടെ കൈപിടിച്ചു നിന്ന ആരിഫയും അപ്പോൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു.

“എന്‍റെ ഇക്ക… ഇക്കയ്ക്കെന്താണ് പറ്റിയത്? ഇക്കായ്ക്ക് ബോധമില്ലേ ബാപ്പ?” അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു കൊണ്ടിരുന്നു.

ഞങ്ങൾ സ്വയം ആശ്വസിപ്പിക്കാൻ വിഫലമായി ശ്രമിക്കുമ്പോൾ മറ്റു രണ്ടുപേരെക്കൂടി ആശ്വസിപ്പിയ്ക്കേണ്ട ചുമതല കൂടി ഞങ്ങൾക്കു വന്നു ചേർന്നു.

അന്നു രാത്രി മുഴുവൻ എട്ടുകണ്ണുകൾ കണ്ണിമയ്ക്കാതെ പ്രാർത്ഥയുമായി ഐസിയുവിനു മുന്നിൽ കാവലിരുന്നു. ഒടുവിൽ പിറ്റേ ദിവസം ഡോക്ടർ ആശ്വാസപ്രദമായ ആ വാർത്ത നൽകി.

“ആസിഫ് അപകട നില പൂർണ്ണമായും തരണം ചെയ്‌തിരിക്കുന്നു.”

ആസിഫ് ഒരു ഡോക്ടറായതു കൊണ്ടും കൂടിയാകാം ഡോക്ടർമാർ അവന് പ്രത്യേക ശ്രദ്ധ നൽകി ചികിത്സിച്ചിരുന്നു.

ഒടുവിൽ നാലാം ദിനം അവനെ വാർഡിലേയ്ക്കു മാറ്റുമ്പോൾ ഞങ്ങൾ ആശ്വാസ നിശ്വാസങ്ങളുതിർത്തു. ഒരു കൊടുങ്കാറ്റൊഴിഞ്ഞു പോയതു പോലെ ഞങ്ങൾക്കനുഭവപ്പെട്ടു. ആസിഫിനെ വാർഡിലേയ്ക്ക് കൊണ്ടുവന്നതോടെ ഹുസൈനും ആശ്വാസമായി. ആസിഫിന്‍റെ അടുത്തെത്തി ഹുസൈൻ പറഞ്ഞു.

“അള്ളാ കാത്തു… അല്ലെങ്കിൽ ഞമ്മളും നിന്‍റൊപ്പം പോരേണ്ടി വന്നേനെ. ഈ ജീവിതം തന്നെ മടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്നേനെ…”

അതുകേട്ട് ആസിഫ് പറഞ്ഞു “ബാപ്പ ഇങ്ങനെയൊന്നും പറയരുത്… ബാപ്പയുടെ പ്രാർത്ഥന എന്നോടൊപ്പം ഉള്ളിടത്തോളം കാലം എനിക്കൊന്നും പറ്റുകയില്ല.”

“അതുശരിയാണ് മോനെ. ഞമ്മക്കെപ്പോഴും നിന്നെക്കുറിച്ചു മാത്രമേ പ്രാർത്ഥിക്കാനുള്ളൂ. പിന്നെ ആരിഫാനെക്കുറിച്ചും. നിങ്ങളു രണ്ടുപേരും ഈ ഭൂമിയിൽ സുഖമായിരിക്കുന്നതു കണ്ടാലെ ഞമ്മക്കും സുഖമുണ്ടാവുകയുള്ളൂ….”

“ബാപ്പ…” ആസിഫ് വികാര വിവശനായി വിളിച്ചു. പിന്നെ കരഞ്ഞു കൊണ്ടു നിന്ന ആരിഫയെ അടുത്തു വിളിച്ചു നിർത്തി പറഞ്ഞു.

“പൊട്ടിപ്പെണ്ണെ… നീയെന്തിനാ കരയുന്നേ? ഇക്കായ്ക്ക് ഒന്നും പറ്റിയിട്ടില്ലാ മോളെ…”

“ഇക്കാ ഇനി ബൈക്കിലൊന്നും പോകണ്ട എനിക്ക് പേടിയാ…” ആരിഫ കരഞ്ഞു കൊണ്ടു പറയുന്നതു കേട്ടപ്പോൾ ആസിഫ് പറഞ്ഞു.

“ബൈക്ക് ഓടിച്ചത് ഇക്കയല്ല മോളെ… ഇക്കായുടെ ഒരു കൂട്ടുകാരനാ… ഇക്കാ ഓടിച്ചിരുന്നെങ്കിൽ ഈ അപകടമൊന്നും പറ്റുകയില്ലായിരുന്നു…”

“ഒന്നും വേണ്ടാ ഇക്കാ… ഇക്കാ ഇനി കാറോടിച്ചാ മതി… ഇക്കാ ഒരു ഡോക്ടറല്ലെ. കാറു വാങ്ങിയാ മതി. ഇക്കാ കാറു വാങ്ങിയിട്ടു വേണം എനിക്കു സ്ക്കൂളിൽ എല്ലാവരോടും പറയാൻ ഞങ്ങൾക്കും കാറുണ്ടെന്ന്…”

ആരിഫാ തന്‍റെ കൊച്ചു സ്വപ്നങ്ങൾ പുഞ്ചിരിയോടെ ഇക്കായുടെ മുമ്പിൽ നിരത്തി വച്ചു. അതുകേട്ട് അറിയാതെ ഒരു പുഞ്ചിരി ഞങ്ങളുടെയെല്ലാം മുഖത്തു വിരിഞ്ഞു. അതോടെ ദുഃഖം ഖനീഭവിച്ചു നിന്ന ആ അന്തരീക്ഷത്തിന് അയവു വരികയും ചെയ്‌തു.

ആരിഫായും ഹുസൈനും അന്നു തന്നെ മടങ്ങി. ഫഹദ് സാറും ഞാനും ആസിഫിന്‍റെ അടുത്തു നിന്ന് മാറി മാറി ശുശ്രൂഷിച്ചു. ഫഹദ് സാർ ഒരാഴ്ചത്തേയ്ക്കും ഞാൻ ലീവ് ഒരു മാസത്തേയ്ക്കും നീട്ടിയെടുത്തു. ഇപ്പോൾ ഞാനടുത്തെത്തുമ്പോഴുള്ള ആസിഫിന്‍റെ നിലപാടിന് അയവു വന്നിരുന്നു.

അവന്‍റെ കണ്ണുകൾ ഒരുമ്മയുടെ സാമീപ്യം കൊതിയ്ക്കുന്നതായി ഞാൻ മനസ്സിലാക്കി. ആ അവസരം മുതലെടുത്ത് നന്നായി ഞാനും പെരുമാറി. അവന്‍റെ എല്ലാ കാര്യങ്ങളിലും ശ്രദ്ധ വച്ചു കൊണ്ട് ഞാനടുത്തു നിന്നു. ക്രമേണ എന്നെക്കാണുമ്പോൾ വെറുപ്പ് നിഴലിച്ചിരുന്ന ആ കണ്ണുകളിൽ  സ്നേഹം നാമ്പെടുത്തു തുടങ്ങി. ഉമ്മായെന്ന് എന്നെ വിളിയ്ക്കുവാൻ അവൻ കൊതിയ്ക്കുന്നതായി എനിക്കു തോന്നി.

ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ആസിഫിനെ വീൽചെയറിലിരുത്തി ഞങ്ങൾ വാർഡിനു പുറത്തേയ്ക്ക് കൊണ്ടു പോയിത്തുടങ്ങി. ഒരു ദിവസം ആസിഫിനെ വീൽചെയറിലിരുത്തി ഉന്തുമ്പോൾ അവൻ എന്നോടു പറഞ്ഞു.

“നിങ്ങളിപ്പോൾ എനിക്ക് എന്‍റെ സ്വന്തം ഉമ്മായെ പോലെയാണ്. എന്‍റെ ഉമ്മായുണ്ടായിരുന്നെങ്കിൽ എന്നെ ഇത്രത്തോളം സ്നേഹിക്കുമായിരുന്നോ എന്നെനിക്ക് സംശയം തോന്നുന്നു. ഉമ്മാ പറഞ്ഞതു കേട്ട് ഞാനും നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ഇപ്പോൾ വിഷമം തോന്നുന്നു. നിങ്ങൾ നന്മയുള്ളവളാണ്. നിങ്ങൾക്കൊരിയ്ക്കലും എന്‍റെ ബാപ്പയെ എന്‍റെ ഉമ്മായിൽ നിന്ന് അകറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല…”

ആ വാക്കുകൾ കേട്ട് ഒരു മഞ്ഞുമഴയിലെന്ന പോലെ ഞാൻ കുളിർന്നു നിന്നു. ഈശ്വരന്‍റെ കാരുണ്യം പലപ്പോഴും അപ്രതീക്ഷിതമായിട്ടായിരിക്കും നമുക്കു ലഭിക്കുക. ഒരു രക്ഷിതാവിനെപ്പോലെ ചിലപ്പോൾ ഒരു കൈകൊണ്ടു തല്ലുമ്പോൾ മറ്റേ കൈകൊണ്ടു തലോടാനും അദ്ദേഹം മറക്കില്ല.

“ഞാൻ നിങ്ങളെ ഉമ്മായെന്നു വിളിച്ചോട്ടെ… എന്‍റെ ഉമ്മാ മരിച്ചശേഷം എനിക്കങ്ങനെ ആരേയും വിളിക്കാൻ പറ്റിയിട്ടില്ല.”

ആസിഫിന്‍റെ വാക്കുകൾ തേങ്ങലിൽ കുരുങ്ങി നിന്നു. അതുകേട്ട് ഒരു മകനെയെന്നതു പോലെ അവനെ മാറോടണച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“ആസിഫ് എനിക്കെന്‍റെ സ്വന്തം മകൻ തന്നെയാണ്. ഫഹദ് സാർ നിന്‍റെ ബാപ്പയാണെങ്കിൽ ഞാൻ നിന്‍റെ ഉമ്മയാകാതിരിയ്ക്കുന്നതെങ്ങിനെ?”

ആസിഫിന്‍റെ കണ്ണുകളിൽ നിന്ന് സന്തോഷാശ്രുകൾ അടർന്ന് എന്‍റെ കൈകളിൽ വീണു. ആ കണ്ണുകളിലെ കണ്ണുനീർ തുടച്ചു നീക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

“ആസിഫിനെ കണ്ടനാൾ മുതൽ നീ എനിക്ക് മകൻ തന്നെയാണ്. നീയും അരുണും എനിക്ക് പിറക്കാതെ പോയ രണ്ടു മക്കൾ കാരണം ഫഹദ് സാറിനെ കണ്ട അന്നു മുതൽ നീ എന്‍റെ ഹൃദയത്തിൽ നാമ്പെടുത്തു കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അരുണിനേക്കാൾ പ്രായം കൊണ്ട് ചെറുപ്പമെങ്കിലും നീ തന്നെയാണ് എന്‍റെ മൂത്തമകൻ.”

എന്‍റെ വാക്കുകൾ ഉൾക്കൊണ്ടിട്ടെന്നപോലെ ആസിഫ് പുഞ്ചിരിച്ചു.

വീട്ടിൽത്തിരിച്ചെത്തിയ ശേഷവും ആസിഫിന് കുറച്ചു നാൾ വീൽ ചെയറിൽ തുടരേണ്ടി വന്നു. ഞാനും ഫഹദ് സാറും മാറി മാറി ലീവെടുത്ത് നിന്ന് ആസിഫിനെ ശുശ്രൂഷിച്ചു. ആ കാലയളവിൽ അവൻ ഞങ്ങളോട് വളരെയേറെ അടുത്തു. ജീവിതത്തിൽ സംഭവിച്ച അപരിഹാര്യമായ നഷ്ടങ്ങളുടെ വിടവു നികത്തുന്നതിൽ ഞങ്ങൾ പരസ്പരം മത്സരിച്ചു.

തനിക്കു നഷ്ടമായ ഉമ്മയേയും ബാപ്പയേയും തിരികെ ലഭിച്ചതിൽ ആസിഫും ആസിഫ് എന്ന മകനെ ലഭിച്ചതിൽ ഞങ്ങളും മതിമറന്ന് സന്തോഷിച്ചു. സ്നേഹമെന്ന വില തീരാത്ത അമൂല്യരത്നത്താല്‍ ഞങ്ങൾ ആ സന്തോഷത്തിന്‍റെ മാറ്റു കൂട്ടിക്കൊണ്ടിരുന്നു. ആനന്ദനിമഗ്നമായി ദിവസങ്ങളും, മാസങ്ങളും പറന്നു പൊയ്ക്കൊണ്ടിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...