ഈയിടെയായി എന്‍റെ ഭാര്യ വിജയയ്ക്ക് സെയിൽസ് മേളകളിൽ പോകുവാനുള്ള ഹരം കൂടിയിരിക്കുന്നു. രാവിലെ ചായയെടുക്കുന്നതിനും പകരം പത്രമെടുക്കുവാനായി ഓടും അവൾ. രാഷ്ട്രീയ വാർത്തകൾ അവൾക്ക് അലർജിയാണ്. ആദ്യമേ പത്രത്തിലെ അറാമത്തെ പേജ് മറിക്കുന്നു. ഇതിൽ നഗരത്തിലെ സെയിൽസിനെക്കുറിച്ചുള്ള പരസ്യം നൽകിയത് ഇപ്രകാരമായിരുന്നു. 100 രൂപയ്ക്കുള്ളത് വെറും 40 രൂപയ്ക്ക് മാത്രം. കുട്ടികളുടെ വസ്ത്രങ്ങളിൽ 60 ശതമാനം ഇളവ്, പുതപ്പ് വളരെ വിലക്കുറവിന്.
ഒരു ദിവസം രാവിലെ പരസ്യം കണ്ട് അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ചായക്കോപ്പയുമായി എന്‍റെ അടുക്കലെത്തി പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. “നോക്കൂ ഈ മാസം നിങ്ങളുടെ പിറന്നാളല്ലേ. ഹോട്ടൽ അവന്യൂ റീജന്‍റിൽ സെയിൽസ് മേള നടക്കുന്നു. അവിടെ ഷർട്ട് പകുതി വിലയ്ക്ക് ലഭിക്കും. ചേട്ടനൊരു പുതിയ ഷർട്ട് വാങ്ങാം. വൈകുന്നേരം ചേട്ടനിത്തിരി നേരത്തെ ഓഫീസിൽ നിന്നു വരണം. ഇന്ന് ലാസ്റ്റ് ഡേറ്റാണ്.”
“ഇല്ല വിജു, റിഡക്ഷൻ സെയിലിൽ മോശം സാധനമാണ് ലഭിക്കുന്നത്. അധികവും റിജക്ടു ചെയ്ത സാധാനങ്ങളായിരിക്കും. അതിൽ എന്തെങ്കിലുമൊക്കെ ഡിഫക്ട്സ് ഉണ്ടായിരിക്കും. വലിയ കമ്പനികളുടെ ഡ്യൂപ്ളിക്കേറ്റ് സാധനങ്ങളാണ് വിൽക്കുന്നത്. സാധനങ്ങൾക്ക് ഒരു ഗ്യാരണ്ടിയും കാണുകയില്ല. നമ്മളവിടെപ്പോയാൽ അവർ നമ്മളെ കൊള്ളയടിക്കും. പറയാറില്ലേ പണക്കാരൻ ഒരിക്കൽ കരയുമെങ്കിൽ, പാവപ്പെട്ടവൻ വീണ്ടും വീണ്ടും കരയുമെന്ന്. മാർക്കറ്റ് രീതികൾ കുറച്ചെങ്കിലും മനസ്സിലാക്കൂ ഭാര്യേ…” ഞാൻ പറഞ്ഞു.
“സെയിൽ എന്നു പറയുന്നത് ഒരു പ്രത്യേകതരം സൂത്രമാണ്. വില കുറഞ്ഞ വല വിരിച്ച് ഉപഭോക്താവ് എന്നു പറയുന്ന മീനുകളെ കുടുക്കാൻ എളുപ്പം കഴിയും. പ്രത്യേകിച്ച് സ്ത്രീകൾക്ക് മാർക്കറ്റിലെ തന്ത്രത്തെക്കുറിച്ച് അറിവില്ലായിരിക്കും. ഇവർ സെയിൽ എന്ന ബോർഡ് കാണുമ്പോഴേക്കും സെയിൽ മാർക്കറ്റിലേക്ക് ഒറ്റ ഓട്ടമാണ്.”
ഇതു പറഞ്ഞപ്പോഴേക്കും അവൾക്ക് ദേഷ്യമായി. ഞാനവളെ കുറേ തമാശകൾ പറഞ്ഞ് സന്തോഷിപ്പിക്കുവാൻ ശ്രമിച്ചു. എന്നാൽ അവൾ വഴുക്കലുള്ള ഒരു കുടം പോലായിരുന്നു. ഭാര്യ വാശി പിടിക്കുകയാണെങ്കിൽ ഭർത്താവിനെ സംബന്ധിച്ച് ഒറ്റ കണക്കുകൂട്ടലേ ഉണ്ടാകൂ. ഒന്നല്ലെങ്കിൽ ഭാര്യയുടെ ദേഷ്യം സഹിച്ച് ദിവസം മുഴുവനും ഉപവസിക്കണം. അല്ലെങ്കിൽ സെയിൽ നടക്കുന്ന മാർക്കറ്റിൽ പോയി കീശ കാലിയാക്കണം.
ഉപവസിക്കുന്ന രോഗം എനിക്കില്ലായിരുന്നു. പിണങ്ങിയിരിക്കുന്ന ഭാര്യക്കു മുന്നിൽ കീഴടങ്ങുന്നതാണ് ഉചിതമെന്നു തോന്നി. ഞാൻ പറഞ്ഞു, “ശരി ഞാൻ നിന്‍റെ മുന്നിൽ തോറ്റു. വിജയേ, നിന്‍റെ പേരു പോലെ തന്നെ നീ എപ്പോഴും ജയിക്കാനായി ജനിച്ചവളാണ്. ഞാൻ വൈകുന്നേരം വേഗം വരാം.”
ഓഫീസിലേക്കു പോകുമ്പോൾ ഞാൻ ആദ്യമേ തന്നെ ബാങ്കിൽ നിന്നും 2000 രൂപയെടുത്തു. വൈമനസ്യത്തോടു കൂടി സർക്കാർ ജോലി ചെയ്‌തിട്ട് തന്‍റെ കുടുംബ ജീവിതം നശിച്ചു പോകുന്നതിൽ നിന്നും രക്ഷപ്പെടുന്നതിനായി സെയിൽ സെയിൽ എന്നു പറഞ്ഞ് വീട്ടിലെത്തിച്ചേർന്നു. എന്‍റെ വിജയ എന്നേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അവൾ പുഞ്ചിരിച്ച മുഖവുമായി ചൂടുള്ള ഭക്ഷണമെനിക്ക് വിളമ്പി. ഞാനവളുടെ കുശലതന്ത്രം മണത്തറിഞ്ഞിരുന്നു, ആ സ്വാദിഷ്ഠമായ ഭക്ഷണം അഥവാ തന്നെ കൊലപാതകം ചെയ്യാനുള്ള ബ്ലേഡ് മൂർച്ച കൂട്ടി സെയിൽ മേളയിൽ വച്ച് എന്‍റെ കീശ കീറാമല്ലോ.
ജീവൻ പോയാലും വാക്ക് പാലിക്കണം. ഭാര്യയ്ക്ക് കൊടുത്തിരിക്കുന്ന വാക്ക് പാലിക്കേണ്ടതായി വരും. എന്നു മുറുമുറുത്ത് ഞാൻ എന്‍റെ ഗൃഹലക്ഷ്മിയോടു പറഞ്ഞു. “പോകാം ബലിവേദിയുടെ അടുക്കലേക്ക്.”
അവൾ തുറിച്ച നോട്ടത്തോടെ ചോദിച്ചു, “നിങ്ങളെന്താ പറഞ്ഞത്?”
“അല്ല, ഞാൻ പറയുകയായിരുന്നു. സെയിൽ മാർക്കറ്റിലേക്കു പോകാമെന്ന്.” എന്നിട്ട് 2,000 രൂപയെടുത്തു കൊടുത്തു.
ഹോട്ടൽ അവന്യൂ റീജന്‍റിൽ നല്ല തിരക്കായിരുന്നു. അവിടെയെത്തിയപ്പോൾ എനിക്ക് സന്തോഷമായി. ഞാൻ മാത്രമല്ല ശാന്തനായി ആ സെയിൽ മാർക്കറ്റിൽ എത്തിയിരുന്നത്. എന്നെപ്പോലെ പല ഭർത്താക്കന്മാരും ഉണ്ടായിരുന്നു. സെയിൽ മാർക്കറ്റിന്‍റെ മുഴുവൻ ഹാളും പ്രകാശം കൊണ്ട് വെട്ടിത്തിളങ്ങി. ഓരോ ചുവടു വയ്പിലും കാണുന്ന സ്റ്റോളുകളിൽ ജീൻസ്, ടൗവ്വൽ, സോക്സ്, ചുരീദാർ എല്ലാം അലങ്കോലമായി ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഓരോ ഐറ്റത്തിലും വിലയുടെ സ്ലിപ്പും ഉണ്ടായിരുന്നു.
എന്‍റെ ഭാര്യ സാരി കൗണ്ടറിലേക്ക് കണ്ണോടിച്ചു. സാരിയുടെ കൂമ്പാരത്തിൽ നിന്നും തിരിച്ചും മറിച്ചും ഒടുവിൽ ഒരു സാരിയെടുത്തു. അപ്പോൾ എനിക്കു മനസ്സിലായി സാരി സെലക്ട് ചെയ്യുകയെന്നത് ഒരു കലയാണെന്ന്. ഈ മാർക്കറ്റിൽ വച്ചാണ് സ്ത്രീകളുടെ മനഃശാസ്ത്രം ഞാൻ പഠിച്ചത്. കിട്ടാത്തവയെക്കുറിച്ച് അവർ എപ്പോഴും ആവലാതിപ്പെട്ടു കൊണ്ടിരിക്കും.
മുന്നിൽ നിരന്നു കിടന്ന സാരികളൊന്നും വിജയയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അവൾ ആ കൂമ്പാരത്തിന്‍റെ ഏറ്റവും അടിയിൽ നിന്നും പവിഴമുത്തന്വേഷിച്ചു കണ്ടെത്തുന്നതു പോലെ ഏറ്റവും അടിയിൽ നിന്നും ഒരു സാരി വലിച്ചെടുത്തു.
“എങ്ങനെയുണ്ട് സാരി?”
കൊളംബസ്സിന്‍റെ അന്വേഷണം പോലെ ഭാര്യ സാരി അന്വേഷിക്കുമ്പോഴേക്കും ഞാൻ തിരക്കിൽ നോക്കു കുത്തിപോലെ നിന്നു മടുത്ത് അവനവന്‍റെ ഭാര്യമാരുടെ അംഗരക്ഷകരായി നിൽക്കുന്ന ഭർത്താക്കന്മാരെ വീക്ഷിക്കുകയായിരുന്നു.
വിജയ പിന്നേയും ചോദിച്ചു, “ഏയ് കേട്ടോ നിങ്ങൾ സാരി എങ്ങനെയുണ്ടെന്നു പറഞ്ഞില്ലല്ലോ?”
ഞാൻ ഉപചാരപൂർവ്വം പറഞ്ഞു “എത്രയാ വില?”
“ശരിയ്ക്കുള്ള വിലയേക്കാൾ വളരെ കുറഞ്ഞ വിലയാണ്. ഈ സാരി ഏതെങ്കിലും എ.സി. ഷോറൂമുകളിൽ നിന്നും വാങ്ങുകയാണെങ്കിൽ 1,800 രൂപയാകും. ഇവിടെ വെറും 585 രൂപയേ ഉള്ളൂ.
ഞാൻ പതുങ്ങിയ സ്വരത്തിൽ പറഞ്ഞു “എടുത്തോളൂ, ഞാൻ പറഞ്ഞില്ലേ നിനക്കിഷ്ടമായെങ്കിൽ എനിക്കും ഇഷ്ടമായി.”
“അതെല്ലാം ശരിയാണ്. എന്നാൽ എന്‍റെ അഭിപ്രായത്തിൽ ഭക്ഷണം തന്‍റെ ഇഷ്ടപ്രകാരവും വസ്ത്രധാരണം ഭർത്താവിന്‍റെ ഇഷ്ടപ്രകാരവുമാവുകയെന്നത് സ്ത്രീകൾക്കൊരലങ്കാരമാണെന്നാണ്.” അവൾ പറഞ്ഞു.
പറഞ്ഞു വരുമ്പോൾ ഞാൻ എനിക്കൊരു ഷർട്ട് എടുക്കാൻ വന്നതാണ്. എന്നാൽ സെയിൽ ആകുന്ന ചക്രവ്യൂഹത്തിൽപ്പെട്ട് സ്ത്രീ പ്രാധാന്യമുള്ള സാധനങ്ങളുടെ ഇടയിലായി. അപ്പോൾ അടുത്ത കൗണ്ടറിൽ നിൽക്കുന്ന സ്ത്രീയുടെ സ്വരം കേട്ടു “ഈ സാരി എങ്ങനെയുണ്ട്. ചേട്ടാ?”
ഇതുകേട്ട് എന്‍റെ വിജയ ഞെട്ടിപ്പോയി. താൻ സെലക്ടു ചെയ്തു വച്ചിരിക്കുന്ന സാരി ഉപേക്ഷിച്ച് അടുത്ത കൗണ്ടറിൽ വച്ചിരിക്കുന്ന സാരികൾ തിരിച്ചും മറിച്ചും നോക്കുവാൻ തുടങ്ങി. അപ്പോൾ എനിക്ക് പരമമായ ജ്ഞാനമുണ്ടായി. അതായത് അസൂയ എന്ന ഭാവന സ്ത്രീകളുടെ പ്രത്യേക ഗുണമാണ്. തന്നേക്കാൾ മെച്ചപ്പെട്ട വസ്തു മറ്റേതെങ്കിലും സ്ത്രീ വാങ്ങുന്നത് അവർക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഫലമോ രണ്ടുപേരും സാരി വാങ്ങിയില്ല എന്നു മാത്രമല്ല തിരക്കുള്ള മറ്റൊരു കൗണ്ടറിന്‍റെ അടുക്കലേക്കു പോയി.
ഞാൻ ഒടുവിൽ എന്‍റെ ഭാര്യയോടു ചോദിച്ചു “നീ എന്താണു വാങ്ങാൻ ആഗ്രഹിക്കുന്നത്?”
“സെയിലിൽ ആരെങ്കിലും മുൻധാരണയോടെയാണോ വരണത്? സാധനമിഷ്ടപ്പെട്ടാൽ വാങ്ങും.”
എനിക്ക് മനസ്സിലായി, വീട്ടിലിരുന്ന് ടി.വി സീരിയൽ കണ്ട് മടുക്കുമ്പോഴും മൂഡ് ശരിയല്ലാതെയിരിക്കുമ്പോഴുമാണ് സ്ത്രീകൾ സെയിൽ സന്ദർശനത്തിന് പുറപ്പെടുന്നത്. സെയിൽ എന്നത് സ്ത്രീകളെ സംബന്ധിച്ച് ഫ്രീയായിട്ടുള്ള എന്‍റർടെയിൻമെന്‍റ് കേന്ദ്രമാണ്. അവർ അവിടെ തങ്ങളുടെ രൂപലാവണ്യവും പണക്കൊഴുപ്പും തുറന്നു പ്രദർശിപ്പിക്കുന്നു.
“ദേ അങ്ങോട്ടു നോക്കൂ, കമ്പിളിയുടേയും ബഡ്ഷീറ്റിന്‍റേയും സ്റ്റാൾ, അവിടെ കാശ്മീരി പുതപ്പുകളും പഞ്ചാബിലെ കമ്പിളികളും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.” എന്നു പറഞ്ഞ് അവൾ മുന്നോട്ടു നടന്നു.
നടന്നു കൊണ്ടിരിക്കുമ്പോൾ ഞാൻ ചോദിച്ചു “ഈ ചുട്ടുപൊള്ളുന്ന ചൂടിൽ നീ കമ്പിളി വാങ്ങി എന്തുചെയ്യുവാൻ പോകുവാ?”
അവൾ എന്‍റെ വാക്കുകൾ കേൾക്കാത്തതു പോലെ പുതപ്പും കമ്പിളിയും നിർദ്ദയം തിരിച്ചും മറിച്ചും അതൃപ്തിയുള്ള മുഖത്തോടു കൂടി സെയിൽസ്മാനോട് ചോദിച്ചു. “സഹോദരാ, പുതിയ ഡിസൈനൊന്നുമില്ലേ?”
അയാൾ ആവേശത്തോടെ പരുഷമാർന്ന സ്വരത്തിൽ പറഞ്ഞു “മാഡം ദിവസവും പുതിയ ഡിസൈൻ അന്വേഷിക്കുന്ന കംപ്യൂട്ടർ ഞങ്ങളുടെ പക്കലില്ല.”
വിജയയ്ക്ക് ഈ അപമാനം സഹിക്കാനായില്ല. അവൾ ഒരു കൗണ്ടറിൽ നിന്നും അടുത്ത കൗണ്ടറിലേക്ക് നീങ്ങി. ഞാൻ പിറകേയും. ഭാര്യയുടെ കൂടെ സെയിൽ മാർക്കറ്റിൽ പോകുകയെന്നത് ഭർത്താവിന്‍റെ ക്ഷമ പരീക്ഷിക്കുന്നതിനു തുല്യമായിരുന്നു. എന്‍റെ മാനസിക സമനില നിലനിർത്താനായി ഞാൻ വീണ്ടും വീണ്ടും വാച്ചിലേക്കു നോക്കി.
വിജയ എന്‍റെ കൈ പതുക്കെ അമർത്തി. എനിക്ക് മനസ്സിലായി എന്‍റെ പ്രിയയ്ക്ക് സെയിൽ മാർക്കറ്റ് വലിയ തൃപ്തികരമായിട്ടില്ലെന്ന്. അവൾ പതുക്കെ പറഞ്ഞു, “നിങ്ങളുടെ ബനിയനും അണ്ടർവെയറും പഴയതായില്ലേ, വരൂ അതു തന്നെ മേടിക്കാം.”
എന്‍റെ ജീവിത പങ്കാളി എത്ര മിതവ്യയയാണെന്നോർത്ത് ഞാൻ കൃതാർത്ഥനായിപ്പോയി. നമ്മുടെ സർക്കാരിനെപ്പോലെ എവിടെ പീരങ്കി വാങ്ങണോ അവിടെ തോക്കു വാങ്ങാനുള്ള പദ്ധതി കൊണ്ടു വരും. ആവശ്യം ഷർട്ടായിരുന്നു. ലഭിച്ചതോ അണ്ടർ വെയറും ബനിയനും. അവൾ വിജയസ്വരത്തിൽ പറഞ്ഞു, നോക്കൂ പായ്ക്കറ്റിൽ 80 രൂപയെന്നാണ് പ്രിന്‍റ് ചെയ്‌തിരിക്കുന്നത്. എന്നാൽ ഇവർ ഇത് 25 രൂപയ്ക്കാ വിൽക്കുന്നത്. അവൾ 2 ബനിയനും 2 അണ്ടർവെയറും വാങ്ങി.
അപ്പോൾ പിറകിൽ നിന്നും അവളുടെ കൂട്ടുകാരി വനജ വിളിച്ചു. അവൾ തന്‍റെ കൂട്ടുകാരിയോട് വാതോരാത്ത സംസാരം തുടങ്ങി. ഞാൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു “വനജേ, ഇടയ്ക്കൊക്കെ ഞങ്ങളുടെ വീട്ടിൽ വരണേ.”
“ശരി, പോകട്ടെ” എന്നു പറഞ്ഞ് വിജയ പാക്കറ്റെടുത്തു കൊണ്ടിറങ്ങി.
രാത്രി 10 മണിയായപ്പോഴേക്കും ഞങ്ങൾ സന്തോഷത്തോടെ വീട്ടിലെത്തിച്ചേർന്നു. അണ്ടർവെയറും ബനിയനും നൽകികൊണ്ട് വിജയ പറഞ്ഞു “ഒന്നു ട്രയൽ ചെയ്‌തു നോക്കൂ.”
പക്ഷേ, പെട്ടെന്ന് അവൾ അലറി വിളിച്ചു. “എന്താ? എന്തുപറ്റി” ഞാൻ പരിഭ്രാന്തനായി ചോദിച്ചു.
“എന്‍റെ പേഴ്സ് തിരക്കിനിടയിൽ ക്യാഷ് കൗണ്ടറിൽ വച്ച മറന്നെന്നു തോന്നുന്നു. അതിപ്പോൾ കാണാനില്ല.” അവൾ കരഞ്ഞു കൊണ്ടു പറഞ്ഞു.
എന്‍റെ പകുതി ബോധം നഷ്ടപ്പെട്ടു. ഇനിയിപ്പോൾ ഒന്നും ചെയ്യാനില്ല. ഞങ്ങളുടെ കൈവശം ഫോൺ നമ്പരോ സമയമോ ഇല്ലായിരുന്നു. സെയിൽ നടത്തുന്നവർ രാത്രി തന്നെ നഗരം വിട്ടു പോയിട്ടുണ്ടാകും.
ആ സെയിൽ ദിനം ഞാൻ ആജീവനാന്തം മറക്കില്ല. എന്തുകൊണ്ടെന്നാൽ സ്വന്തം സന്തോഷം വില കുറച്ച് വിറ്റു തുലച്ച ദിനമായിരുന്നു അന്ന്.