ജയ് ഭാരതി ചെറുപ്പം മുതലേ അച്ഛൻ പ്രസാദ് റാവുവിന്‍റെ ചെറിയ ലൂണ മോപ്പഡ് ഓടിക്കാൻ പഠിച്ചിരുന്നു. അക്കാര്യത്തിൽ സഹോദരനും അവളും തമ്മിൽ ഒരു വ്യത്യാസവും അച്ഛന് തോന്നിയിട്ടില്ല. അച്ഛന്‍റെ പ്രോത്സാഹനം കൊണ്ട് അവൾക്ക് ഡ്രൈവിംഗ് ഏറെ ഇഷ്ടമായി, തുടർന്ന് വീട്ടിൽ ഏത് മോട്ടോർ സൈക്കിൾ വന്നാലും അവൾ ഓടിച്ചു നോക്കും…
ജയ് ഭാരതി എന്ന ചെറിയ പെൺകുട്ടിയുടെ കുട്ടിക്കാലത്തെ ഇഷ്ടം കൊണ്ട് അവൾ ഇന്ന് പ്രശസ്തയായ ബൈക്ക് റൈഡർ ആയി മാറി!! ഒപ്പം മോവോ (moving women) എന്ന സ്ഥാപനത്തിന്‍റെ സിഇഒ യും ആർക്കിടെക്ടുമാണ് ഹൈദരാബാദുകാരിയ ജയ് ഭാരതി.
കുട്ടിക്കാലത്തു ഞാൻ ഒരു ഹോബിയായോ പാഷൻ ആയോ ആണ് ബൈക്ക് ഓടിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷമായി ഞാൻ ബൈക്ക് സീരിയസായി ഓടിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല, ഇന്തോനേഷ്യ, വിയറ്റ്നാം, അമേരിക്ക തുടങ്ങിയ പല സ്ഥലങ്ങളിലും ഒരു പ്രത്യേക ദൗത്യവുമായി ബൈക്കുകൾ ഓടിച്ചിട്ടുണ്ട്. ഒരു പാഷൻ ആയിട്ടാണ് ഞാൻ ബൈക്ക് ഓടിക്കാൻ പഠിച്ചത് എന്നത് ശരിയാണ്. അതുപോലെ പല സ്ത്രീകളും ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നു പക്ഷേ അവരെ പഠിപ്പിക്കാൻ ആരുമില്ല. എന്‍റെ സ്ഥാപനത്തിലൂടെ 1500 താഴ്ന്ന വരുമാനക്കാരായ സ്ത്രീകളെ ഞാൻ സൗജന്യമായി ഡ്രൈവ് ചെയ്യാൻ പഠിപ്പിച്ചു. അവരിൽ ചിലർ സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നു ചിലർ നിത്യോപയോഗ സാധനങ്ങൾ ചന്തയിൽ വാങ്ങി കൊണ്ടുവന്ന് വിൽക്കുന്ന ജോലി ചെയ്യുന്നു. ചിലർ സ്വയം ബൈക്ക് ഓടിച്ചു യാത്രകൾ പോകുന്നു. അവരോട് ഞാൻ ആവശ്യപ്പെട്ട ഒരു കാര്യം സ്വന്തം പണം ഉപയോഗിച്ച് ലൈസൻസ് എടുക്കൂ എന്നാണ്. പലപ്പോഴും പെൺകുട്ടികൾ വീട്ടിൽ അറിയിക്കാതെ ഡ്രൈവിംഗ് പഠിക്കാറുണ്ട്. എന്നാൽ വീട്ടുകാരെ അറിയിക്കാൻ ഞാൻ പറയാറുണ്ട്. എന്‍റെ ഈ ടീമിൽ 10 സംഘടനകളും 10 പേര് ഫ്രീലാൻസായും പ്രവർത്തിക്കുന്നു.
ആത്മവിശ്വാസം കൂടി
ബൈക്ക് റൈഡിംഗ് പഠിച്ചതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെ കുറിച്ച് ജയ് ഭാരതി ഇങ്ങനെ പറയുന്നു.
“ബൈക്കിൽ ഇരുന്നാലുടൻ ഒരു ആത്മവിശ്വാസം ഉണ്ടാകുന്നത് ഞാൻ അനുഭവിച്ചിട്ടുണ്ട്. ഏത് വാഹനവും നിയന്ത്രിക്കാൻ അത്ര എളുപ്പമല്ല, അത് നിയന്ത്രിച്ച് കഴിഞ്ഞാൽ ആ വ്യക്തിക്ക് നല്ല ആത്മവിശ്വാസം ലഭിക്കുന്നു, അത് പിന്നീട് അവരുടെ ജീവിതത്തിന്‍റെ ഭാഗമാകും.”
“ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് അവരുടെ ചലനവുമായി ബന്ധപ്പെട്ട് നിരവധി തടസ്സങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് ‘മൂവിങ് വുമൺ’ എന്ന കാമ്പയിൻ ആരംഭിച്ചത്. പഠനത്തിനോ മറ്റെന്തെങ്കിലും ജോലിയ്‌ക്കോ അവർക്ക് വീട്ടിൽ നിന്ന് ദൂരെ പോകാൻ കഴിയില്ല. കാരണം അവർക്ക് ഡ്രൈവ് ചെയ്യാൻ കഴിയില്ല, സുരക്ഷിതമല്ലാത്ത യാത്ര ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല, അതിനാൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്.
എല്ലാ ദിവസവും ഞാൻ എന്‍റെ മോട്ടോർ ബൈക്കിലാണ് യാത്ര ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകളെ കാണാനും ശിൽപശാലകൾ നടത്താനും എനിക്ക് അവസരം ലഭിച്ചു. ഡ്രൈവിംഗ് ഒരു ജോലിയായി തിരഞ്ഞെടുക്കാനും കഴിയുന്ന കാര്യം ആണെന്നു എനിക്ക് അവരോട് പറയാൻ കഴിഞ്ഞു. സ്ത്രീകൾക്ക് യാത്ര ചെയ്യാൻ വിശ്വസനീയമായ ഗതാഗത സൗകര്യം മാത്രമല്ല, സ്വന്തമായി വാഹനങ്ങൾ വാങ്ങി ഉപജീവനമാർഗം നേടാനും കഴിയുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനമാണ്. ഡ്രൈവിംഗ് ഒരു മികച്ച മാർഗമാണ്. അതിൽ തൊഴിലും സുരക്ഷിതത്വവും ഉണ്ട്. സ്ത്രീകൾ പുരുഷന്മാരെ ആശ്രയിക്കുന്നത് കുറയുകയും ചെയ്യും. ഞാന്‍ ഇവിടെ വരെ എത്തിയതിൽ ഏറ്റവും വലിയ പങ്ക് എന്‍റെ അച്ഛനാണ്, അദ്ദേഹം എന്നെ ഒരു ജോലിയും ചെയ്യുന്നതില്‍ നിന്നും നിരസിച്ചിട്ടില്ല, എന്‍റെ രണ്ട് സഹോദരന്മാരും എന്നെ പിന്തുണച്ചു.
പരിഹാസങ്ങൾ കേട്ടു
ഒരു സ്ത്രീയെന്ന നിലയിൽ ബൈക്ക് ഓടിച്ചതിന് എന്തെങ്കിലും തരത്തിലുള്ള പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, തുടക്കത്തിൽ പലതവണ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ജയ് ഭാരതി പറയുന്നു.
മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ജൻഡർ ന്യൂട്രൽ വസ്ത്രം ധരിക്കണം, ഹെൽമറ്റ് ധരിക്കണം, പെൺകുട്ടിയാണോ ആൺകുട്ടിയാണോ എന്ന് കൃത്യമായി തിരിച്ചറിയാൻ ആർക്കും കഴിയില്ല. ബൈക്ക് നിർത്തുമ്പോൾ മാത്രമാണ് ആളുകൾക്ക് എന്നെ മനസിലായത്. ചിലർ ഇതൊക്കെ പോസിറ്റീവ് ആയി എടുക്കുകയും തങ്ങളുടെ പെൺമക്കളെയും ബൈക്കിംഗ് പഠിപ്പിക്കാനുള്ള ആഗ്രഹം സന്തോഷത്തോടെ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്.
ഇപ്പോൾ ഞാൻ ഒരു 40 ദിവസത്തെ യാത്രയിലാണ്. ഒക്ടോബർ 11-ന് ഹൈദരാബാദിൽ നിന്ന് ആരംഭിച്ച് ബാംഗ്ലൂർ, ചെന്നൈ, കൊച്ചി, ഗോവ, പൂനെ, മുംബൈ, അഹമ്മദാബാദ്, ഡൽഹി, ശ്രീനഗർ വഴി ഹൈദരാബാദിൽ അവസാനിക്കും. ഈ യാത്ര ഇന്ത്യ മുഴുവൻ സഞ്ചരിക്കാൻ വേണ്ടിയാണ്. അഞ്ചു സ്ത്രീകൾ കൂടി എന്നോടൊപ്പം യാത്രയിൽ പങ്കെടുക്കുന്നുണ്ട്.
ഈ യാത്രയിൽ വനിതാ പരിശീലന കേന്ദ്രങ്ങൾ കാണാനും ചില സ്ത്രീകളുടെ വിജയ കഥകൾ മറ്റ് നഗരങ്ങളിലേക്ക് പ്രചരിപ്പിക്കാനും ആഗ്രഹിക്കുന്നു, ചെന്നൈയിലെ ഓട്ടോ ഡ്രൈവർമാരിൽ 50 ശതമാനത്തിലധികം സ്ത്രീകളാണ്. അതുകൊണ്ടാണ് മറ്റ് നഗരങ്ങളിലെ സ്ത്രീകളെ പ്രചോദിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ പൊതുഗതാഗതം പ്രവർത്തിപ്പിക്കാൻ സ്ത്രീകൾക്ക് കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് മറ്റ് നഗരങ്ങളിൽ അതിന് കഴിയാത്തത്. രാജ്യത്ത് കൂടുതൽ വനിതാ ഡ്രൈവർമാർ ഉണ്ടാകണം.
സ്വതന്ത്രയായിരിക്കട്ടെ
ഡ്രൈവിംഗ് ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതല്ല, പക്ഷേ നല്ല പരിശീലന സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടത് ആവശ്യമാണ്. സ്ത്രീകൾക്ക് പരിശീലനം നൽകുന്ന നിരവധി സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. പക്ഷേ അവർ ഈ സ്ഥാപനങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകി അവരെ സ്വയം പര്യാപ്തരാക്കാൻ പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് തയ്യാറുള്ള സ്ത്രീകളെ കണ്ടെത്തുന്നതും വളരെ ബുദ്ധിമുട്ടാണ്.
ട്രാഫിക് നിയമങ്ങൾ അവഗണിക്കരുത്
ഞാൻ തൊഴിൽപരമായി ഒരു ആർക്കിടെക്റ്റാണ്, എന്നാൽ 2 വർഷം മുമ്പ് ഞാൻ അത് ഉപേക്ഷിച്ച് സാമൂഹിക പ്രവർത്തനം ആരംഭിച്ചു. ഈ ജോലിക്ക് പ്രായപരിധിയില്ല, മുമ്പ് സ്ത്രീകൾ ആരുടെയെങ്കിലും ബൈക്ക് എടുത്താണ് പഠിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരുപാട് മാറിയിരിക്കുന്നു. ഇന്ന് ജന്മദിനത്തിൽ ഒരു ബൈക്ക് സമ്മാനിക്കുന്നവരുണ്ട്. ചില സ്ഥലങ്ങളിൽ സ്ത്രീകൾ ഡ്രൈവിംഗ് പഠിക്കാൻ വരുന്നത് വീട്ടിൽ അറിയിക്കാതെയും മറ്റുമാണ്. പഠിച്ചു ആത്മവിശ്വാസം ലഭിച്ച ശേഷം വീട്ടുകാരോട് പറയുകയും ചെയ്യുന്നു. ഡ്രൈവിംഗിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ട്രാഫിക് നിയമങ്ങൾ പാലിക്കുക, ലൈസൻസ് നേടുക, വേഗത പരിധി കൃത്യമായി പാലിക്കുക ഇതൊക്കെ ആണ് അവ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് സുരക്ഷിതമായി ഡ്രൈവ് ചെയ്യാം.