അന്ന് നേരം പുലരുമ്പോൾ അരുന്ധതി എന്‍റെ അടുത്തു വന്നു. ഉണർന്നു കിടന്ന എന്നെ സൂക്ഷിച്ചു നോക്കി അരുന്ധതി അൽപനേരം നിന്നു. പിന്നെ ചുണ്ടിൽ പുഞ്ചിരി വിരിയിച്ചു കൊണ്ട് ചോദിച്ചു. “ഫഹദ് സാറിനെ ഓർത്ത് മാഡം ഇന്നലെ രാത്രിയിൽ ഉറങ്ങിയിട്ടില്ലെന്നു തോന്നുന്നു. ഇനിയും ഈ അകൽച്ച വേണോ മാഡം. നിങ്ങൾക്ക് പുനർ വിവാഹിതരായി ഒരുമിച്ചു കഴിഞ്ഞു കൂടെ?”

ആ ചോദ്യം നേരിയ ഒരു ഞെട്ടൽ എന്നിലുളവാക്കി. അരുന്ധതിയിൽ നിന്ന് അത്തരമൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലുമിപ്പോൾ ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ മനസ്സു കൊണ്ട് എന്നും ഒരുമിച്ചായിരുന്നല്ലോ അരുന്ധതി എന്നു പറയുവാൻ തോന്നി. ശാരീരികമായ ഒത്തുചേരൽ ഞങ്ങളുടെ ജീവിതത്തിൽ അപ്രസ്കതമാണ് എന്നും. എന്‍റെ മനസ്സു വായിച്ചെന്ന പോലെ അരുന്ധതി പറഞ്ഞു.

“ഒരു പുനർവിവാഹം നിങ്ങൾക്കു രണ്ടുപേർക്കും ആവശ്യമില്ലായിരിക്കും. എങ്കിലും നാം ജീവിക്കുന്ന സമൂഹത്തെ ബോധ്യപ്പെടുത്തുവാൻ അത് വേണമെന്നെനിക്കു തോന്നുന്നു. ഇല്ലെങ്കിൽ നാളെ ആളുകൾ പലതും പറഞ്ഞെന്നിരിക്കും.”

അരുന്ധതിയുടെ വാക്കുകൾക്ക് മറുപടി പറയും മുമ്പ് ഫഹദ്സാർ അങ്ങോട്ടേയ്ക്കു കടന്നു വന്നു. അദ്ദേഹം ചിരിച്ചു കൊണ്ടന്വേഷിച്ചു.

എന്താ സുഹൃത്തുക്കൾ തമ്മിലൊരു ഗൂഢാലോചന…എന്നെ ഇവിടെ നിന്ന് നാടു കടത്താനാണോ? അല്ല… അങ്ങിനെവല്ല ഉദ്ദേശവുമുണ്ടെങ്കിൽ നേരത്തെ പറഞ്ഞോളു കേട്ടോ…”

അതുകേട്ട് അരുന്ധതി ചിരിച്ചു കൊണ്ടു പറഞ്ഞു.

“ഞങ്ങൾ പറഞ്ഞാലും സാർ മടങ്ങിപ്പോവുകയില്ലെന്നറിയാം. എങ്കിലും ഭാര്യാഭർത്താക്കന്മാരായിത്തന്നെ നിങ്ങൾക്കൊരുമിച്ച് ഇവിടെ കഴിഞ്ഞു കൂടെ എന്ന് ഞാൻ ചോദിക്കുകയായിരുന്നു. എങ്കിൽ ഈ രാത്രിയിലെ കൂട്ടു കിടപ്പ് ഞങ്ങൾക്ക് അവസാനിപ്പിക്കാമായിരുന്നു.”

അതിനുത്തരം നൽകാതെ ഫഹദ്സാർ ചിരിച്ചു കൊണ്ടിരുന്നു. അൽപം കഴിഞ്ഞ് അദ്ദേഹം പറഞ്ഞു. “അല്ല… ഞങ്ങൾ ഭാര്യാഭർത്താക്കന്മാർ ആണെന്നറിയുന്നവർ ഇവിടെ ചുരുക്കമാണല്ലോ. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കേണ്ടെന്നു കരുതിയാണ് ഞാൻ ഹോട്ടലിൽ മുറിയെടുത്തത്. അതുപക്ഷെ നിങ്ങൾക്കു ബുദ്ധിമുട്ടായെങ്കിൽ ഇന്നു രാത്രിയിൽ ഞാനിവിടെത്തന്നെ പുറത്ത് വരാന്തയിൽ കഴിഞ്ഞോളാം. മീരയ്ക്ക് കൂട്ടായി.”

“അല്ല… ഞാനുദ്ദേശിച്ചത് ഞങ്ങൾക്ക് കൂട്ടുകിടക്കാൻ വിഷമമുണ്ടെന്നല്ല…” പരുങ്ങലോടെ അരുന്ധതി വാക്കുകൾ ഉരുവിട്ടു. അതുകേട്ടു കൊണ്ട് അരുൺ കടന്നു വന്നു. “അല്ല… മമ്മി എന്താണു പറയുന്നതെന്നറിയില്ല. മാഡത്തെ ഒറ്റയ്ക്കാക്കുവാൻ ഞാൻ സമ്മതിയ്ക്കുമെന്ന് സാർ കരുതുന്നുണ്ടോ? എനിക്ക് മമ്മിയെപ്പോലെ തന്നെയാണ് മാഡവും.”

ആ വാക്കുകൾ ഒരിയ്ക്കൽ കൂടി എന്‍റെ മാതൃ ഹൃദയത്തെ കുളിരണിയിച്ചു. അരുൺ ഈ ലോകത്തിൽ ഞാനൊറ്റയ്ക്കല്ലെന്ന് നീ പണ്ടേ തെളിയിച്ചു തന്നു കഴിഞ്ഞുവല്ലോ മകനെ… അങ്ങനെ വികാരാധീനയായി ഞാൻ അരുണിനെക്കുറിച്ച് ചിന്തിച്ചപ്പോൾ എന്‍റെ മനോഗതം മനസിലാക്കിയിട്ടെന്ന പോലെ അരുൺ പെട്ടെന്നു പറഞ്ഞു.

“ഞാൻ മാഡത്തെ ഒറ്റയ്ക്കാക്കുകയില്ലെന്നു പറഞ്ഞത് ഇപ്പോൾ മറ്റൊരു അർത്ഥത്തിലാണ്. ഏതായാലും ഞാൻ നിങ്ങൾക്കു രണ്ടുപേർക്കുമിപ്പോൾ പുത്രതുല്യനാണ്. ഇനിയും ഒരു മകന്‍റെ സ്വാതന്ത്യ്രത്തോടെ ഞാൻ പറയട്ടെ നിങ്ങളുടെ ഈ പുനഃസമാഗമം ഒരു ചെറിയ ചടങ്ങിലൂടെ ആഘോഷമാക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. നിങ്ങൾ രണ്ടുപേരും എന്തുപറയുന്നു?” ഒന്നു നിർത്തി അരുൺ തുടർന്നു. “ഞാനും മമ്മിയും ഇതേക്കുറിച്ച് ഇന്നലെ ആലോചിച്ചിരുന്നു.” ഞാൻ പെട്ടെന്ന് ഞെട്ടലോടെ ചോദിച്ചു.

“ചടങ്ങോ… അരുൺ എന്താണ് പറഞ്ഞു വരുന്നത്?” എന്‍റെ ഞെട്ടൽ കണ്ട് ചിരിച്ചു കൊണ്ട് അരുൺ തുടർന്നു.

“ചടങ്ങെന്നു വച്ചാൽ വിവാഹം പോലെ ചെറിയൊരു ആഘോഷം. ഈ ഹോസ്പിറ്റലിൽ വച്ചു തന്നെ. അതിൽ പങ്കെടുക്കാൻ നമ്മൾ കുറച്ചുപേർ മാത്രം. മാഡത്തിന്‍റെ ഈ പുനർജന്മം എല്ലാ അർത്ഥത്തിലും പുൻരജന്മമായിക്കൊള്ളട്ടെ. അല്ലേ സർ?”

അരുൺ ഫഹദ്സാറിനെ നോക്കി ചോദിച്ചു. അദ്ദേഹവും അൽപം അമ്പരപ്പിലായിരുന്നു. വാർദ്ധക്യത്തിലെത്തി നിൽക്കുന്ന രണ്ടുപേർ തമ്മിലുള്ള വിവാഹമോ? അതുൾക്കൊള്ളാൻ അദ്ദേഹത്തിനുമായില്ല.

“സാറും മാഡവുമെന്താണൊന്നും മിണ്ടാത്തത്? നിങ്ങൾ രണ്ടുപേരും ഒരിക്കൽ ഭാര്യാഭർത്താക്കന്മാരായി കുറച്ചു നാളെങ്കിലും ജീവിച്ചവരാണ്. അന്ന് വിധി വൈപര്യത്താൽ നിങ്ങൾക്ക് അകന്നു നില്‌ക്കേണ്ടി വന്നു. കാലങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരൽ ഒരു ചെറിയ ആഘോഷമാക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല. നിങ്ങൾക്കു രണ്ടുപേർക്കും അതിന് മൗനസമ്മതമെന്ന് ഞാൻ കരുതുന്നു.”

അങ്ങിനെ പറഞ്ഞു കൊണ്ട് അരുൺ അവിടെ നിന്നും എഴുന്നേറ്റു നടന്നു. അരുന്ധതിയും പുറകേ പോയി. ഞങ്ങൾ ഇരുവരും അൽപനേരം മുഖത്തോടു മുഖം നോക്കിയിരുന്നു. അൽപനിമിഷങ്ങൾ കഴിഞ്ഞ് എന്‍റെ കൈത്തലം കവർന്നു കൊണ്ട് അദ്ദേഹം ചോദിച്ചു.

“അരുൺ പറഞ്ഞതിൽ തെറ്റൊന്നുമില്ല അല്ലേ മീര… നമ്മൾ വളരെ പണ്ടുതന്നെ ഭാര്യാഭർത്താക്കന്മാരായിത്തീർന്നവരാണ്. പിന്നെ അൽപകാലം അകന്നു നിൽക്കേണ്ടി വന്നു എന്നു മാത്രം. ഇന്നിപ്പോൾ കാലങ്ങൾക്കു ശേഷമുള്ള ഈ കൂടിച്ചേരലിൽ, നിനക്കൊരു പുതുജീവൻ നൽകാൻ എനിക്കു കഴിഞ്ഞെങ്കിൽ ഒരു പുതു ജീവിതം നൽകാനും എനിക്കു കഴിയും. ഇന്നിപ്പോൾ നമ്മുടെ മുന്നിൽ മറ്റു തടസ്സങ്ങളൊന്നുമില്ല. ചിരകാലമായി ഞാൻ അഭിലഷിച്ചിരുന്നതു പോലെ നീ എന്‍റേതു മാത്രമായിത്തീരുന്ന ഈ നിമിഷങ്ങൾ ആഘോഷമാക്കുന്നതിൽ ഞാൻ തെറ്റൊന്നും കാണുന്നില്ല.”

പെട്ടെന്ന് അൽപം വൈക്ലബ്യത്തോടെ ഞാൻ ചോദിച്ചു.

“അതല്ല ഫഹദ്സാർ… ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന രണ്ടു പേരാണ് നമ്മളിപ്പോൾ… ഈ വൈകിയ വേളയിൽ ഒരു പുനർവിവാഹത്തിനു തുനിയുക എന്നു വച്ചാൽ ആളുകൾ എന്തു പറയും?”

“ആളുകൾ എന്തും പറഞ്ഞു കൊള്ളട്ടെ. ഇനിയെങ്കിലും നമുക്കെല്ലാം മറന്ന് ജീവിയ്ക്കണം. നമ്മുടേതു മാത്രമായ ഒരു കൊച്ചു ലോകത്തിൽ. അതിന് ചെറിയ ഒരു സമൂഹത്തിന്‍റെ അംഗീകാരം കൂടി കിട്ടുന്നത് നല്ലതല്ലെ?”

“അങ്ങയ്ക്കങ്ങിനെ തോന്നുന്നുവെങ്കിൽ എനിക്കൊന്നും പറയാനില്ല. അങ്ങയോടൊത്തുള്ള ഒരു പുതു ജീവിതം അതും ഞാനും ആഗ്രഹിക്കുന്നുണ്ട്.”

വൈകാതെ അരുൺ വിവാഹമെന്ന ഒരു ചെറിയ ചടങ്ങു നടത്തുന്നതിലേയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. ഹോസ്പിറ്റലിലെ ചെറിയ ഹാളിൽ വച്ചു നടത്തിയ ആ ചടങ്ങിലേയ്ക്ക് ക്ഷണിക്കപ്പെട്ടവരായി കുറച്ചുപേർ മാത്രം… ഡോക്ടർ ഹേമാംബികയും ഭർത്താവും, പിന്നെ ഏതാനും നഴ്സുമാരടങ്ങിയ സംഘം.

ഹോസ്പിറ്റൽ സ്റ്റാഫ്, അരുണിന്‍റെ ഏതാനും സുഹൃത്തുക്കൾ, അരുന്ധതിയും അരണും അങ്ങിനെ ക്ഷണിക്കപ്പെട്ടവരായി ഏതാനും ചില അതിഥികൾ മാത്രം. ചടങ്ങുകളെല്ലാം കോഓർഡിനേറ്റ് ചെയ്തു കൊണ്ട് ഹേമാംബിക ഒരു ചെറുപ്രസംഗം നടത്തി. ഇത്തരത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന വയോജനങ്ങളടക്കം മറ്റു പലർക്കും ഈ വിവാഹം ഒരു മാതൃകയാവട്ടെ എന്നവർ ആശീർവദിച്ചു. പിന്നീട് വധൂവരന്മാർ പരസ്പരം മാലയിടുകയും മോതിരം കൈമാറുകയും ചെയ്‌തു.

പണ്ട് എന്‍റെ പിതാവിനാൽ പൊട്ടിച്ചെറിയപ്പെട്ട, താലിയ്ക്കുപകരം, മറ്റൊരു താലി അണിയിച്ചു കൊണ്ട് ഫഹദ്സാർ തന്‍റെ കടമ നിർവ്വഹിച്ചു. അപ്പോൾ എന്‍റെ കണ്ണുകളിൽ നിന്നും രണ്ടുതുള്ളി കണ്ണുനീർ അടർന്ന് നിലംപതിച്ചു. അത് പണ്ടെങ്ങോ കൈവിട്ടു പോയ നിധിയെ വീണ്ടെടുക്കാനായതിലുള്ള ഹർഷോന്മാദമോ, അതോ ഞാൻ മനസ്സറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്കുള്ള പ്രായശ്ചിത്തമോ, ഏതെന്ന് എനിക്കു തന്നെ അറിയില്ലായിരുന്നു. എന്നാൽ നാളെ മുതൽ ഞാൻ മീരാനാരായണനല്ല പകരം മീരാ ഫഹദ് ആണെന്ന തിരിച്ചറിവ് മനസ്സിനെ കൂടുതൽ തരളിതമാക്കി. പാറക്കെട്ടുകളെ തല്ലിത്തകർത്ത് കുതിച്ചൊഴുകുന്ന നീരുറവ പോലെ ഉള്ളിൽ കാലങ്ങളായി അണകെട്ടി നിർത്തിയ ആഹ്ലാദം അണപൊട്ടിയൊഴുകുന്നത് ഞാനറിഞ്ഞു.

അപരിഹാര്യമായ വിധിയുടെ കൈകളാൽ ഒരിക്കൽ പറിച്ചെറിയപ്പെട്ട ഞങ്ങളിരുവരും ഇതാവീണ്ടും അതേ വിധിയുടെ കരങ്ങളാൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ച സൃഷ്ടാവായ ഈശ്വരന്‍റെ അനേകം ലീലകളിൽ ഒന്നു മാത്രമേ ഇത്? പലപ്പോഴും വിധിയുടെ കൈകളിലെ ഒരു കളിപ്പാട്ടമായി മനുഷ്യനെ മാറ്റുന്നതിൽ ആ സൃഷ്ടാവു വിജയിക്കാറുണ്ട്.

ഏതോ നിഴൽ മറയ്ക്കപ്പുറത്ത്, അജ്ഞാതമായ ഏതോ കരങ്ങളിൽ വെറും തോൽപാവകളായി രൂപം മാറുന്ന മനുഷ്യർ. മറഞ്ഞിരിക്കുന്ന ആ കരങ്ങളുടെ ചലനങ്ങൾക്കനുസരിച്ച് ചലിക്കുവാൻ വിധിക്കപ്പെട്ടവർ… എന്നിട്ടും ചിലരെങ്കിലും സ്വന്തം ഇച്ഛാശക്തിയാൽ ആ പ്രപഞ്ച ശക്തിയെ അതിജീവിക്കുന്നതായി നാം കാണുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നിലെ ഞാനും ഫഹദ് സാറും തമ്മിലുള്ള ആത്മബന്ധവും.

ജന്മങ്ങളുടെ ഇഴയടുപ്പം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഡതരമാക്കി മറ്റെന്തിനെക്കാളും മഹത്തരമായത് അടിയുറച്ച സ്നേഹബന്ധമെന്ന് ഞങ്ങൾ ഊട്ടിയുറപ്പിച്ചിരിക്കുന്നു. അത്തരത്തിലുള്ള സ്നേഹബന്ധത്തെ പറിച്ചെറിയാൻ ഒരു ശക്തിക്കുമാവില്ലെന്നു. വിവാഹശേഷം ആദ്യം അരികിലെത്തി ആശംസിക്കുകയും അടക്കാനാവാത്ത സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു കൊണ്ട് അരുൺ പറഞ്ഞു.

“എന്‍റെ ജീവിതത്തിലെ അനർഘ നിമിഷങ്ങളിലൊന്നാണിത്. എന്‍റെ ചിരകാല അഭിലാഷം ഇന്ന് പൂർത്തിയായിരിക്കുന്നു. മാഡം എനിക്ക് മാതൃതുല്യയാണ് നിങ്ങൾ. മാഡത്തെ ഈ രീതിയിൽ കാണുവാൻ ഞാനെത്ര നാളുകളായി ആഗ്രഹിക്കുന്നു. നെറ്റിയിൽ ഈ മംഗല്യക്കുറി അണിഞ്ഞു നിൽക്കുന്ന മാഡത്തെ കാണുമ്പോൾ ഞാനെത്ര മാത്രം സന്തോഷിക്കുന്നുവെന്നോ? ഒരിക്കൽ മാഞ്ഞു പോയ മാഡത്തിന്‍റെ ആ സിന്ദൂരക്കുറിയും കഴുത്തിലെ താലിമാലയും വീണ്ടെടുത്തു നൽകാൻ കഴിഞ്ഞതിൽ ഞാനിന്നു കൃതാർത്ഥനാണ്. ഒരു മകനെന്ന നിലയിൽ എത്രമാത്രമാണ് എന്‍റെ മനസ്സിലെ ആനന്ദമെന്ന് എനിക്കു പറഞ്ഞറിയിക്കാൻ വയ്യ.

ആവേശം മൂത്ത് ഹിന്ദിയിലാണ് അരുൺ ആ വാക്കുകൾ പറഞ്ഞതെങ്കിലും, അവന്‍റെ കണ്ണുകളിലെ ആനന്ദകണ്ണീർ, ആ വാക്കുകളിലെ സത്യസന്ധത ഉറപ്പിയ്ക്കുന്നതായിരുന്നു. അവനെ അടുത്തു ചേർത്തു നിർത്തി ആലിംഗനം ചെയ്‌തു കൊണ്ടു ഞാൻ പറഞ്ഞു.

“നിന്നെപ്പോലൊരു മകനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ് അരുൺ. ഇന്നിപ്പോൾ ലോകത്തിലേറ്റവും സൗഭാഗ്യയായ സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു. ഏറ്റവും നല്ല ഭർത്താവിനേയും, ഏറ്റവും നല്ല മകനേയും ലഭിച്ച സൗഭാഗ്യവതി. കണ്ണീരിലൂടെ പുഞ്ചിരി തൂകി നിന്ന എന്‍റെ വാക്കുകൾ കേട്ട് സന്തോഷത്തോടെ ഫഹദ്സാർ ഞങ്ങൾക്കരികിൽ ചേർന്നു നിന്നു. എന്‍റെ വാക്കുകൾക്ക് പൂർണ്ണത നൽകുമാറ് ക്യാമറക്കണ്ണുകൾ ആരംഗം ഒപ്പിയെടുത്തു. ഫ്ളാഷുകൾ മിന്നിമറഞ്ഞു കൊണ്ടിരുന്നു.

പിന്നീടുള്ള ദിനങ്ങൾ കുതിച്ചൊഴുകുന്ന കാട്ടരുവിയുടേതു പോലെയായിരുന്നു. പ്രതിബന്ധങ്ങളെ തല്ലിത്തകർത്ത് പാറയിടുക്കുകളിലൂടെ കുതിച്ചൊഴുകിയ ആ കാട്ടരുവി രണ്ടാത്മാക്കളുടെ അപൂർവ്വ സംഗമത്തിലൂടെ ആനന്ദിക്കുകയായിരുന്നു.

ഏതാനും ദിനങ്ങൾക്കുള്ളിൽ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്‌ജു ചെയ്യപ്പെട്ട് ഞങ്ങൾ ഫ്ളാറ്റിലെത്തി. ഇതിനിടയിൽ എറണാകുളത്തെ വീടിന്‍റെ വിൽപന നടക്കുകയും ഒരു നല്ല തുക എന്‍റെ അക്കൗണ്ടിൽ വന്നു ചേരുകയും ചെയ്‌തു. പന്ത്രണ്ടു കോടിയുടെ വിൽപ്പന നടക്കുന്ന വിവരം മായ അറിയിച്ചതനുസരിച്ച്, ഹോസ്പിറ്റലിൽ വച്ച് സ്വന്തം പൗവ്വർ ഓഫ് അറ്റോർണി ഞാൻ മായയ്ക്ക് കൈമാറുകയായിരുന്നു. ആ പണത്തിൽ നിന്നും ഒരു ഭാഗമുപയോഗിച്ചാണ് ഞാൻ ഫ്ളാറ്റ് വാങ്ങിയത്. നരേട്ടന്‍റെ ഓർമ്മകളുറങ്ങുന്ന പഴയ വീട് വാടകയ്ക്ക് നൽകുകയും ചെയ്‌തു.

ഒരു നല്ല തുക കൃഷ്ണയുടെ പേരിൽ ബാങ്കിലിടുമ്പോൾ അതവളെ വിളിച്ചറിയിച്ചു. അതറിഞ്ഞ കൃഷ്ണയുടെ പരിഭവം ഒട്ടൊക്കെ മാറി.

പിന്നീട് ഹോസ്പിറ്റൽ വിട്ട് ഫ്ളാറ്റിലേയ്ക്കു ചേക്കേറുമ്പോൾ ഫഹദ്സാറ് ഫ്ളാറ്റിനു മുന്നിലെ നെയിം ബോർഡ് വായിച്ചു കൊണ്ട് ഫലിത രൂപേണ പറഞ്ഞു.

“നെസ്റ്റ് എന്ന പേര് ഈ ഫ്ളാറ്റിനു കൊള്ളാം. നമുക്കു ചേർന്നതു തന്നെ ഇനി ഈ കൂട്ടിൽ മുട്ടയിട്ട് ഇണക്കുരുവികളെപ്പോലെ നമുക്കിവിടെ കഴിയാം.”

“മുട്ടയിടാനോ… അതിനുള്ള പ്രായം കഴിഞ്ഞു പോയില്ലെ?”

ഫഹദ്സാറും ഞാനും ഉറക്കെച്ചിരിച്ചു. പിന്നീട് അനുരാഗവായ്പോടെ എന്‍റെ കൈത്തലമെടുത്ത് അദ്ദേഹം പറഞ്ഞു.

“ഇന്നിപ്പോൾ നിന്നെ തിരിച്ചു കിട്ടിയല്ലോ. അതുമതി എനിക്ക്. ഈ വാർദ്ധക്യത്തിൽ ഞാൻ സൗഭാഗ്യവാനാണ്.” ജന്മാന്തരങ്ങൾക്കപ്പുറത്ത് തപസ്സിരുന്ന വേഴാമ്പലിന്‍റെ ശബ്ദം.

“നിന്നെത്തേടിയലഞ്ഞ നാളുകളിൽ നീ എന്‍റെ കരങ്ങളിൽ നിന്നും ഏറെ അകലെയായിരുന്നു. അല്ലെങ്കിൽ മറ്റാരൊക്കെയോ നമ്മെ അകറ്റി നിർത്തി. ഇന്നിപ്പോൾ കാലം നമ്മെ വീണ്ടും കൂട്ടിയിണക്കിയിരിക്കുന്നു. നമ്മുടെ ഒത്തുചേരൽ ദൈവവും ആഗ്രഹിച്ചിരുന്നുവെന്നല്ലെ അതിനർത്ഥം…. മീരാ….”

“അതെ സാർ… ആത്മാർത്ഥ സ്നേഹം എപ്പോഴാണെങ്കിലും വിജയിക്കും. ദൈവത്തിനു അതംഗീകരിക്കാതിരിക്കാനാവില്ല…” ഞാൻ പ്രതിവചിച്ചു.

കാലം ഒരു പ്രവാഹമായി മുന്നോട്ടൊഴുകിയപ്പോൾ പൊട്ടിച്ചിരികൾ മാത്രം ബാക്കിയാക്കി ജീവിതം തളിരണിഞ്ഞു.

ഓപ്പറേഷനു ശേഷമുള്ള വിശ്രമ ദിവസങ്ങളിൽ ഫഹദ്സാർ എല്ലാ അർത്ഥത്തിലും എനിക്കു തുണയായി നിന്നു. വീട്ടിലെ പാചകം സ്വയം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

“പത്തിരുപത്തിനാലു വർഷം വിഭാര്യനായിക്കഴിഞ്ഞ ഒരാൾക്ക് പാചകമറിയില്ലെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും? പാചകകലയിൽ എന്‍റെ മിടുക്ക് എത്രത്തോളമുണ്ടെന്ന് മീര കണ്ടോളൂ.”

അസാമാന്യ പാടവത്തോടെ അദ്ദേഹം ഭക്ഷണം പാകം ചെയ്യുന്നത് ഞാൻ നോക്കിയിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...