കേരളത്തിന്‍റെ പരമ്പരാഗത കൈത്തറി വസ്ത്രമായ മുണ്ടും നേര്യതും ഉപയോഗിച്ച് പ്രശസ്ത ഡിസൈനർ രാഹുൽ മിശ്ര ചെയ്ത പരീക്ഷണങ്ങൾ ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. രാഹുൽ മിശ്ര എന്ന ഡിസൈനറുടെ ലോക നിലവാരത്തിലുള്ള ഉൽപന്നങ്ങളിലേക്കുള്ള തുടക്കം ആയിരുന്നു അത്. കേരള കൈത്തറിയിൽ കൂടുതൽ ഡിസൈനുകൾ ചെയ്യാൻ രാഹുലിനെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചതും അതു തന്നെ.

ആധുനിക കാലത്ത് കൈത്തറി വസ്ത്രങ്ങൾക്കുള്ള ഡിമാന്‍റും ഫാഷൻ സാദ്ധ്യതകളും നെയ്ത്തുകാരെ കൂടി ബോദ്ധ്യപ്പെടുത്തണമെന്ന ചിന്ത തന്നിലേക്ക് കൊണ്ടു വന്നത് കേരളത്തിലെ നെയ്ത്തുകാർ നെയ്യുന്ന മനോഹരമായ ഓഫ് വൈറ്റ് കസവ് കോമ്പിനേഷനിലെ കൈത്തറി മുണ്ട് ആണ് എന്ന് രാഹുൽ പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഫാഷൻ ഇൻഡസ്ട്രി കൈത്തറിയെ പിന്തുണയ്ക്കണം. അങ്ങനെ പാവപ്പെട്ട നെയ്ത്തുകാരെയും. അതുകൊണ്ടാവാം രാഹുലിന്‍റെ എല്ലാ കളക്ഷനുകളും ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തു പാരമ്പര്യം ആഘോഷിക്കുന്നത്.

ലോകത്തിലുള്ള 85 ശതമാനം കൈത്തറിയും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലായിട്ടും അരിഷ്ടതകൾ ഒഴിയാത്ത മേഖലയാണ് നെയ്ത്തു വ്യവസായം. താലോലിച്ച് താലോലിച്ച് നശിപ്പിച്ച മേഖലയാണെന്നും കരുതാം. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരും ധരിക്കുന്ന വസ്ത്രമായി കൈത്തറി ഒതുങ്ങാതിരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിനം നിർബന്ധിത വസ്ത്രമാക്കി. എങ്കിലും കൈത്തറി വസ്ത്രങ്ങളും ഉൽപന്നങ്ങളും പഴമയും പ്രൗഢിയും അടയാളപ്പെടുത്തി സാധാരണക്കാരനിൽ നിന്ന് അൽപം ദൂരെ മാറി നിൽക്കുന്നു.

ഈ അവസരത്തിൽ പരമ്പരാഗത കൈത്തറി വസ്ത്രം ഫാഷൻ ഫാബ്രിക്കായി മാറ്റിയിരിക്കുകയാണ്, രാഹുൽ മിശ്ര മുതൽ ക്രിസ്റ്റി ജോബിൻ വരെയുള്ള പുതിയ കാലത്തെ ഡിസൈനർമാർ. ഈ മാറ്റം പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ളതാണ്. തുണിത്തരങ്ങളുടെ നിർമ്മിതിയിലും ഘടനയിലും ഫാഷനിലും എല്ലാം ഈ നവതരംഗം കാണാം.

കോടികളുടെ വില വരുന്ന ആധുനിക മില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണിത്തരങ്ങളേക്കാൾ ഇവരൊക്കെ ഇഷ്ടപ്പെടുന്നത് ഇക്കോഫ്രണ്ട്ലിയായ കൈത്തറിത്തുണികളാണ്. “ഇന്ത്യൻ നെയ്ത്തുകാരുടെ പൊട്ടൻഷ്യൽ അപാരമാണ്. അത് അവരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അങ്ങനെ ചെയ്താൽ ഡിസൈനർമാർക്ക് ഇത്തരം പരമ്പരാഗത മേഖല നിലനിർത്താൻ വലിയ പങ്ക് വഹിക്കാൻ കഴിയും” ഹാന്‍റെക്സിന്‍റെ ഡിസൈനർ ആയ ക്രിസ്റ്റി ജോബിൻ പറയുന്നത് സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ്.

“തിരുവനന്തപുരം, കണ്ണൂർ ഭാഗങ്ങളിൽ നിന്നാണ് എനിക്ക് ആവശ്യമായ തുണി നെയ്തു ലഭിക്കുന്നത്. ചുരിദാറും മറ്റും ഡിസൈൻ ചെയ്ത് മാർക്കറ്റിൽ കൊണ്ടുവന്നപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. ഡിസൈനും കളർ കോമ്പിനേഷനും പറഞ്ഞു കൊടുത്താൽ പല നെയ്ത്തുകാരും നല്ല പ്രൊഡക്ടുണ്ടാക്കും.”

“കടം കൊണ്ട് പൊറുതിമുട്ടിയ കൈത്തറി സംഘങ്ങളാണ് പലതും. മികച്ച ഡിസൈനുകൾ പറഞ്ഞു തരാം എന്ന് പറയുമ്പോൾ അതിനുള്ള പ്രതിഫലം തരാൻ നിവൃത്തിയില്ല എന്നു പറഞ്ഞാണ് പലരും നെയ്ത്തിന് തയ്യാറാകുക. അതൊന്നും സാരമില്ല, എന്‍റെ കടയിൽ വയ്ക്കാനുള്ള സാധനങ്ങൾ ക്രെഡിറ്റിൽ തന്നാൽ മതി എന്നു പറഞ്ഞാണ് അവരെ പ്രോത്സാഹിപ്പിച്ചത്.”

“എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് എനിക്കിപ്പോൾ അറിയാം. വൈവിദ്ധ്യം പ്രധാനമാണ്. 10 ചുരിദാർ വച്ചാൽ 10 ഉം പോകും. ഡിസൈൻസ് വ്യത്യസ്തമാകണം, ഡിസൈനർ ടച്ച് വേണം” ക്രിസ്റ്റി പറയുന്നു.

പൊതുവേ നെയ്ത്തുകാർക്ക് പരമ്പരാഗത രീതികളിൽ നിന്ന് മാറി ചിന്തിക്കാൻ മടിയുണ്ടെന്ന് ചേന്ദമംഗലം കൈത്തറി സഹകരണ സംഘം പ്രതിനിധി പറയുന്നു. ചേന്ദമംഗലം കൈത്തറി ജെക്കോഡ് നൂലുകൾ ഉപയോഗിച്ച് സാരികളിൽ പരീക്ഷണം നടത്തി. അതിനായി തമിഴ്നാട്ടിലെ മധുരയിൽ നിന്ന് നെയ്തുകാരെ വരുത്തി 10 നെയ്ത്തുകാർക്ക് പരിശീലനം നൽകി. മുസിരിസ് സാരികൾ എന്നപേരിലാണ് ഇറക്കിയത്. രണ്ട് വർഷം മുമ്പാണത്. കോട്ടൻ സിൽക്കാണ് ഉപയോഗിച്ചത്. സാരി മാർക്കറ്റിൽ വൻവിജയമായിരുന്നു. മുസിരിസ് പായ്ക്കപ്പൽ ഡിസൈനാണ് ഇതിന്‍റെ പ്രത്യേകത. ഇതേ മോഡലിൽ ചുണ്ടൻ വള്ളവും ഓടിവള്ളവും പ്രിന്‍റ് ചെയ്ത സാരികൾ ഓണക്കാലത്ത് ഇറക്കി. അതും നന്നായി മൂവ് ചെയ്തു.

നെയ്ത്തുകാരില്ല എന്നതാണ് ഇവിടെയും പ്രശ്നം. നല്ല വേഗതയിൽ നെയ്താൽ പോലും ആഴ്ചയിൽ രണ്ട് സാരിയാണ് ഒരാൾക്ക് നെയ്യാൻ കഴിയുക. ഡിമാന്‍റുള്ള ഓണക്കാലത്ത് പോലും വേണ്ടത്ര സാരി ഉണ്ടാക്കാൻ പറ്റാറില്ല. വേതനം കൂട്ടിക്കൊടുത്താൽ പോലും നെയ്യാൻ പുതുതലമുറ ഇല്ല…

“ഒരു പരിഷ്ക്കരണത്തെക്കുറിച്ച് ആലോചിക്കുമ്പോൾ റിസ്ക് ധാരാളമുണ്ട് എങ്കിലും നിലനിൽപ്പിന് അതുമാത്രമാണ് വഴി” ഇത് പൂർണ്ണമായും ശരിവയ്ക്കുകയാണ് എറണാകുളം ജില്ലാവ്യവസായ കേന്ദ്രം അധികൃതരും. “കൈത്തറി മേഖല ഇന്ന് നേരിടുന്ന പ്രധാനപ്രശ്നം നെയ്ത്തുകാരില്ലാത്തതു തന്നെയാണ്. പുതിയ തലമുറ ഈ രംഗത്തേക്കു വരാൻ ഇഷ്ടപ്പെടുന്നില്ല.”

“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍റ്ലൂം ടെക്നോളജി പോലുള്ള സ്ഥാപനങ്ങൾ ആവശ്യമായ സഹായവും ഉപദേശവും പരിശീലനവും നെയ്ത്തുകാർക്ക് നൽകുന്നു. ഗവൺമെന്‍റാകട്ടെ ധാരാളം ട്രെയ്ഡ് ഫെയറുകൾ നടത്തിയും ഹാന്‍റ്ലൂം സെക്ടറിൽ ധനസഹായം നൽകിയും പ്രോത്സാഹിപ്പിക്കുന്നുണ്ട്.”

“പഠിക്കുന്ന പ്രായത്തിൽ തന്നെ കുട്ടികൾക്ക് കൈത്തറിയുടെ മഹത്വം മനസ്സിലാക്കി കൊടുക്കണം. ഇതിനുവേണ്ടി ഞങ്ങൾ കൈത്തറി ഫാഷൻ ഷോ കോളേജുകളിൽ നടത്താറുണ്ട്.” കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍റ്ലൂം ടെക്നോളജി ടെക്നിക്കൽ സൂപ്രണ്ട് പറയുന്നു.

കോളേജ് വിദ്യാർഥികളെ ഫോക്കസ് ചെയ്ത് 1800 ഓളം പരമ്പരാഗത ഡിസൈനുകൾ പുതിയ രീതിയിൽ ഉപയോഗിച്ചു നോക്കി. സാരി, ദോത്തി, ഷർട്ട് ഇതിലെല്ലാമാണ് പരീക്ഷിച്ചത്. അത് വിജയകരമായിരുന്നു. ഇപ്പോൾ 119 സൊസൈറ്റികളിൽ ഈ ഡിസൈനുകൾ ലഭ്യമാക്കുന്നുണ്ട്. നെയ്ത്തു സംഘങ്ങൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവിടെ നിന്ന് ഫാഷൻ ഡിസൈനർമാരും സാങ്കേതിക വിദഗ്ദ്ധരും പോയി വേണ്ട നിർദ്ദേശങ്ങൾ നൽകും.”

ലോകത്തെ ഏറ്റവും വലിയ വസ്ത്ര നിർമാണ കമ്പനികൾ കോടികളുടെ വൈദ്യുതി തറികളിൽ വസ്ത്രം നെയ്യുന്നു. ഒന്നോ രണ്ടോ ടെക്നീഷ്യന്മാരുണ്ടെങ്കിൽ യഥേഷ്ടം നെയ്തെടുക്കാം. എന്നാൽ 50,000 രൂപ കൊണ്ട് നല്ലൊരു നാടൻ തറി ചെയ്യാം. ധാരാളം പേർക്ക് തൊഴിൽ നൽകാം. ഇതാണ് കൈത്തറിയുടെ നന്മ.

“ശിവകാശിയിൽ ചെന്നാൽ എത്രയോ ഫോട്ടോ പ്രിന്‍റുകൾ നിസാര വിലയ്ക്ക് ലഭിക്കും. എന്നാൽ എംഎഫ് ഹുസൈന്‍റെ ചിത്രം അങ്ങനെ കിട്ടുമോ? കൈത്തറിയുടെ ഇഴകളിലെല്ലാം നെയ്ത്തുകാരന്‍റെ വികാരവിചാരങ്ങൾ ഇഴുകി ചേർന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ അതിന് തകരാറുകൾ സംഭവിച്ചേക്കാം. ഒരു യഥാർത്ഥ പെയിന്‍റിംഗ് പോലെ വിലമതിക്കാനാവാത്ത ഒന്നാണ് കൈകൊണ്ട് നെയ്തെടുക്കുന്ന വസ്ത്രവും.”

“കൈത്തറിയിൽ ധാരാളം സൂക്ഷ്മ സുഷിരങ്ങൾ ഉണ്ട്. അതുകൊണ്ടാണ് വിയർപ്പ് വലിച്ചെടുക്കാനും അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാനും കൈത്തറി വസ്ത്രങ്ങൾക്ക് കഴിയുന്നത്. ഒരു പ്രാവശ്യം കൈത്തറി ഉപയോഗിച്ചാൽ അത് നിങ്ങൾക്ക് ഉപേക്ഷിക്കാനാവില്ല. പവർ ലൂമിൽ ഡിസൈൻസ് ചെയ്യാനും മറ്റും ധാരാളം രാസമിശ്രിതങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കൈത്തറിയിൽ കഞ്ഞിപ്പശയാണ് ഇടുന്നത്. ഇക്കോഫ്രണ്ട്ലിയുമാണ്” വർഷങ്ങളോളം നെയ്ത്തുരംഗത്ത് ഉണ്ടായിരുന്ന രാജശേഖരൻ. ബി പറയുന്നു.

ഭാവനയും കഴിവും ഉണ്ടായാൽ കൈത്തറികളിൽ എന്തും സൃഷ്ടിക്കാം. പക്ഷേ പവർ ലൂമുകളിൽ ഇതിനുള്ള സാദ്ധ്യത ഇല്ല. ഒരിക്കൽ ഐഐഎച്ച്ടിയുടെ സഹായത്തോടെ കണ്ണൂരിലെ നെയ്ത്തുകാർ ഇഎംഎസിന്‍റെ ചിത്രം നെയ്തെടുത്തു. ഫോട്ടോയ്ക്കു പോലും ലഭിക്കാത്തത്ര ഭംഗിയുണ്ടായിരുന്നു ആ നെയ്ത്തിന്. അദ്ദേഹത്തിന്‍റെ മകൾ ഇ.എം രാധ അതുകണ്ട് അദ്ഭുതപ്പെട്ടുപോയി. അവരുടെ കണ്ണ് നിറഞ്ഞു. ഇങ്ങനെ ഒരു ചിത്രം നെയ്തെടുക്കുന്നത് നെയ്ത്തുകാരന്‍റെ മനസ്സ് കൂടി നൽകിക്കൊണ്ടാണ്. കൈകൊണ്ട് നെയ്തെടുക്കുമ്പോൾ അതിൽ അവരുടെ ഹൃദയവും ഉണ്ട്. അത് അറിഞ്ഞു ഉപയോഗിക്കുമ്പോഴാണ് കൈത്തറിയുടെ വൈകാരിക തലം മനസ്സിലാക്കാൻ കഴിയുക. ഇതൊന്നും കമ്പ്യൂട്ടറിന് ചെയ്യാൻ കഴിയില്ലല്ലോ.

കൈത്തറി എന്നത് യഥാർത്ഥത്തിൽ വിലമതിക്കാൻ കഴിയാത്തതാണ്. ഉപഭോക്താവിന്‍റെ ആവശ്യം മനസ്സിലാക്കി ഉൽപാദിപ്പിക്കാൻ കഴിയും എന്നതാണ് പ്രധാന ഗുണം. കലാമനസ്സുള്ള നെയ്ത്തുകാരുടെ കഴിവും കൂടി ആകുമ്പോൾ  അവർക്ക് അദ്ഭുതങ്ങൾ നെയ്തെടുക്കാനാവും. വസ്ത്രങ്ങൾ മാത്രമല്ല, തുണികൊണ്ടു ചെയ്യാവുന്ന എന്തും.

“നെയ്ത്തു ജോലി പണ്ട് വളരെ നല്ലതായിരുന്നു. എന്‍റെ കുട്ടിക്കാലത്ത് വീട്ടിൽ 60 തറികളുണ്ടായിരുന്നു. അന്ന് ഹൈസ്ക്കൂൾ ആദ്ധ്യാപകർ അവിടെ വന്ന് വസ്ത്രം നെയ്യുമായിരുന്നു. ഇപ്പോഴാണ് നെയ്ത്തുകാർക്ക് ഐഡന്‍റിറ്റി ക്രൈസിസ് ഉണ്ടായത്. ഇപ്പോൾ നെയ്ത്തുകാരന്/ കാരിക്ക് വിവാഹം കഴിക്കാൻ ആളെ കിട്ടില്ല എന്നതാണ് സ്ഥിതി” നെയ്തുകാരനായ ജയരാജൻ പറയുന്നു.

വിദേശികൾ ഇന്ത്യയിലേക്ക് വന്നപ്പോൾ അവരെ അദ്ഭുതപ്പെടുത്തിയ രണ്ട് സംഗതികളുണ്ട്. സുഗന്ധവ്യഞ്‌ജനങ്ങളും നെയ്ത്തും. മനോഹരമായ വസ്ത്രം കൈകൊണ്ട് നെയ്തെടുക്കുന്ന കഴിവിനോടും കലയോടും അവർക്ക് അന്ന് അസൂയ കലർന്ന ആരാധനയായിരുന്നു!

ഇന്ത്യൻ കൈത്തറി ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ നൽകപ്പെട്ടവയാണ്. ഓരോ നാടിന്‍റെ തനിമയും സംസ്ക്കാരവും ഉൾക്കൊള്ളുമ്പോൾ കൈത്തറിയ്ക്ക് അതാതു നാടിന്‍റെ അംഗീകാരമായി പേരും പെരുമയും കിട്ടുന്നു. ലോകമെങ്ങും നമ്മുടെ നെയ്ത്തുഗ്രാമങ്ങളുടെയും പാരമ്പര്യത്തിന്‍റെയും കയ്യടയാളം പതിയാൻ ഇനിയും വൈകിക്കൂടാ.

और कहानियां पढ़ने के लिए क्लिक करें...