ഞാൻ സാരി ഉടുക്കണോ ജീൻസ് ഇടണോ? കേരളത്തിലെ ചില പെൺകുട്ടികൾ എങ്കിലും ഇപ്പോൾ ഇത്തരമൊരു ചോദ്യം വീട്ടുകാർക്ക് മുന്നിൽ വച്ചിട്ടുണ്ടാകണം. ഇത് വെറുമൊരു ചോദ്യമല്ല. ഒരു ശരാശരി പെൺകുട്ടിയെ കുഴയ്ക്കുന്ന ചോദ്യമാണിത്. കുറേ നാള് മുമ്പ് ഗന്ധർവ്വഗായകൻ കെ.ജെ യേശുദാസ് തയ്യാറാക്കിയെടുത്ത ജീൻസ് വിവാദ മസാലയുടെ രൂക്ഷഗന്ധം കേരളത്തിലെ പെൺകുട്ടികളെ ശ്വാസം മുട്ടിച്ചു. പാകമാകാത്ത ഒരു വസ്ത്രം ധരിച്ചാലെന്ന പോലെ!
ഇറുകിയ ജീൻസും ബനിയനും ലെഗിംഗ്സുമൊക്കെ പുരുഷന് പ്രലോഭനമുണ്ടാക്കുന്ന വസ്ത്രങ്ങളുടെ പട്ടികയിൽ പെടുത്തിയിരിക്കുമ്പോഴും ആ വസ്ത്രങ്ങൾ ഒഴിവാക്കാൻ പെൺ സമൂഹം തയ്യാറല്ല. പുരുഷനെ പ്രലോഭിപ്പിക്കാനാണ് സ്ത്രീകൾ ഇത് ധരിക്കുന്നതെന്ന ചിന്താഗതികൾക്കാകട്ടെ അടിസ്ഥാനവുമില്ല. വസ്ത്ര ധാരണത്തിലെ ഈസിനെസ് ആണ് ഇത്തരം വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ ആധുനിക പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്. ആകർഷകമായി വസ്ത്രം ധരിക്കണം, ആണായാലും പെണ്ണായാലും. എന്നാൽ പുരുഷനെ ആകർഷിക്കാൻ മാത്രമാണ് സ്ത്രീകൾ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നതെന്ന വാദങ്ങളോട് പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് എന്തായിരിക്കും?
ജീൻസും ടോപ്പും സ്ത്രീകൾക്ക് ഒട്ടും ആകർഷകമായ വസ്ത്രമല്ല എന്ന വാദം തൊട്ട്, സ്ത്രീകൾ കൂടുതൽ സെക്സിയാവുന്നത് സെറ്റുമുണ്ടിലും സാരിയിലുമാണെന്നു വരെ പലരും വാദിക്കുന്നു.
“ഒരാളുടെ വസ്ത്രധാരണ രീതി ഒരിക്കലും മറ്റൊരാളുടെ അവകാശ പരിധിയിൽ പെടാത്ത ഒരു കാര്യമാണെന്നിരിക്കെ എന്തുകൊണ്ടാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത്. ഇതിലും പ്രാധാന്യമർഹിക്കുന്ന എത്രയോ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. ഇതിനിടെ എന്ത് ധരിക്കണം, എന്ത് ധരിക്കണ്ട എന്ന് ഇപ്പോഴത്തെ വിദ്യാസമ്പന്നരായ തലമുറയെ ഉപദേശിക്കുന്നതിൽ എന്താണർത്ഥം?” സർക്കാർ ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്റെ അഭിപ്രായം ഇതാണ്.
“സൗകര്യപ്രദമായ, ആത്മവിശ്വാസം നൽകുന്ന വസ്ത്രങ്ങൾ ധരിക്കുന്നവരാണ് ഭൂരിഭാഗവും. വിഭിന്നരായി ചിലരെ കണ്ടേക്കാം. എന്നാൽ അതിന്റെ പേരിൽ ഡ്രസ് കോഡ് പൊതുവൽക്കരിച്ചു പറയുന്നത് ശരിയല്ല. വസ്ത്രധാരണത്തിലൂടെ ആണുങ്ങളെ പ്രലോഭിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്?” ഗവേഷകയായ നിയതി ശ്രീകല രാധാകൃഷ്ണൻ ചോദിക്കുന്നു.
“ലോകമെങ്ങും അംഗീകരിക്കപ്പെട്ട വസ്ത്രമാണ് ജീൻസ്. അതു ധരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ആ വസ്ത്രത്തെ മൂല്യവും സംസ്കാരവുമായി ബന്ധപ്പെടുത്തുന്നത് എന്തിന്?” പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് പ്രതികരിക്കുന്നതിങ്ങനെ.
സ്ത്രീയുടെ വസ്ത്രധാരണ രീതിയാണ് സ്ത്രീ പീഡനങ്ങൾ വർദ്ധിക്കാൻ കാരണമെന്ന തരത്തിലുള്ള വാദങ്ങൾ ഇപ്പോഴും ശക്തമാണ്. സ്ത്രീ ശരീരത്തിന്റെ വടിവുകൾ വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുമ്പോൾ അതിനപ്പുറത്തേക്ക് നോക്കാൻ പ്രേരണ ലഭിക്കുന്നു എന്നാണ് വാദം. ഈ പ്രേരണ പുരുഷന്റെ പ്രകൃതിദത്തമായ ശീലമാണെന്നും ചിലർ വാദിക്കുന്നു. സ്ത്രീയെ എപ്പോഴും ശരീരം മാത്രമായി കാണുന്ന ഉപഭോഗ സംസ്കാരമാണ് പുരുഷന്മാരെ ഇപ്പോൾ കീഴടക്കിയിരിക്കുന്നത്.
“അങ്ങനെയെങ്കിൽ ഈ മാനസിക ദൗർബല്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഓരോ പുരുഷനിൽ നിന്നും ഉണ്ടാകേണ്ടത്. എന്നാൽ ആണായാലും പെണ്ണായാലും സഭ്യമായ വസ്ത്രധാരണം വേണമെന്ന അഭിപ്രായം എനിക്കുണ്ട്. നല്ല വസ്ത്രധാരണത്തിലൂടെയും പെരുമാറ്റത്തിലൂടെയും നമ്മുടെ വില വർദ്ധിക്കുമെന്ന് ഞാൻ കരുതുന്നു.” കോളേജ് അധ്യാപികയായ അനിത ഷിനു അഭിപ്രായപ്പെടുന്നു.
മാറു മറയ്ക്കാനുള്ള സ്ത്രീയുടെ അടിസ്ഥാനപരമായ ആവശ്യം നിഷേധിക്കപ്പെട്ട കറുത്ത കാലഘട്ടം ഒരിക്കൽ നമുക്കുണ്ടായിരുന്നു. അതിൽ നിന്ന് ബഹുദൂരം മുന്നോട്ട് സഞ്ചരിച്ചു കഴിഞ്ഞു നാം. എങ്കിലും സ്ത്രീയുടെ വസ്ത്രധാരണത്തിന്റെ പേരിലുള്ള സങ്കുചിത കാഴ്ചപ്പാടുകളിൽ നിന്ന് ആധുനിക കേരളം ഇനിയും കര കയറിയിട്ടില്ല.
“സ്ത്രീകളോട് പുരുഷ സമൂഹത്തിനുള്ള കീഴടക്കൽ മനോഭാവം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും കുറഞ്ഞിട്ടില്ല. സ്ത്രീകൾ പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളെ വിലക്കിയും ധരിക്കാൻ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങളെ നിരുത്സാഹപ്പെടുത്തിയും പുരുഷനിഷ്ടമുള്ളവ അടിച്ചേൽപിച്ചും നിയന്ത്രിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോഴും സമൂഹം ആവശ്യപ്പെടുന്ന മാറ്റങ്ങൾ അംഗീകരിക്കാൻ പലരും തയ്യാറല്ല.” മുന് രാജ്യസഭാംഗവും സിപിഎം നേതാവുമായ ടി.എൻ സീമ ചൂണ്ടിക്കാട്ടുന്നു.
സ്വന്തം വ്യക്തിത്വത്തിന് മാറ്റു കൂട്ടുന്ന, ധരിക്കാൻ സുഖകരമായ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ഇത് ഓരോ വ്യക്തിയുടെയും മൗലിക അവകാശമായി കാണുന്നതിനു പകരം, സ്ത്രീക്ക് മാത്രം പ്രത്യേക ഡ്രസ് കോഡ് നിർദ്ദേശിക്കപ്പെടുന്നത് എന്തുകൊണ്ട്?
ഇതേ ചോദ്യം ആവർത്തിക്കപ്പെടുമ്പോഴും മറുവശത്ത് ആധുനിക വസ്ത്രങ്ങളുടെ വിപണന രംഗം ശക്തിയാർജ്ജിക്കുന്നുമുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തിലെ വൈവിധ്യം ഷോപ്പിംഗ് മാളുകളിലെ വസ്ത്രശാലകൾക്ക് പണം നേടിക്കൊടുക്കുമ്പോൾ തന്നെ അതിലേറെ വിവാദവും ഒപ്പം പുകയുകയാണ്. മുസ്ലീം രാജ്യങ്ങളിലേതുപോലെ ശരീരം മൊത്തം മൂടിയ വസ്ത്രധാരണം വേണമെന്ന് പോലും ചിന്തിക്കുന്നവരുള്ളിടത്താണ് ഈ വസ്ത്ര വൈവിധ്യം അനുദിനം പുറത്തു വരുന്നത് എന്നോർക്കണം.
“ഫാഷൻ രംഗം ഇന്നൊരു വൻ വ്യവസായമാണ്. അതിന്റെ നിലനിൽപു തന്നെ സ്ത്രീകളുടെ വസ്ത്രങ്ങളിലാണ്. പണ്ട് ഷർട്ടും മുണ്ടുമായിരുന്നു പുരുഷന്മാർ അണിഞ്ഞിരുന്നത്. തിരക്കു കൂടിയ ജീവിതശൈലി ആയതോടെ സൗകര്യം കണക്കിലെടുത്ത് പലരും പാന്റും ജീൻസും ഉപയോഗിക്കാൻ തുടങ്ങി. സ്ത്രീകളും ഇപ്പോൾ തിരക്കുള്ള ജീവിതശൈലി പിന്തുടരുന്നു. പുരുഷൻ ചെയ്യുന്ന എല്ലാ ജോലിയും സ്ത്രീകളും ചെയ്തു തുടങ്ങി. സ്വാഭാവികമായും അവരും സൗകര്യപ്രദമായ വസ്ത്രങ്ങൾ തെരഞ്ഞെടുക്കും. ചുരിദാറും പാന്റും ജീൻസുമൊക്കെ അങ്ങനെയാണ് സ്ത്രീകളുടെയും വസ്ത്രമായി മാറിയത്. ഇപ്പോൾ സ്ത്രീകൾക്കു വേണ്ടി പ്രത്യേകം നിർമ്മിച്ച് ഈ വസ്ത്രങ്ങൾ വിപണിയിലെത്തുന്നുണ്ടല്ലോ” കൊച്ചിയിൽ ഹോൾസെയിൽ വസ്ത്ര വ്യാപാരിയായ വിനയകുമാർ പറയുന്നു.
എന്നാൽ വ്യക്തിപരമായ സ്വാതന്ത്യ്രം എന്ന പേരിൽ എന്തു കോപ്രായവും ധരിക്കാനുള്ള പുതിയ തലമുറയുടെ പ്രവണതയെ നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് വീട്ടമ്മയായ കലാ നായർ ചൂണ്ടിക്കാട്ടുന്നു. മാന്യമായ വസ്ത്രധാരണം എന്നതിന്റെ നിർവചനം ഓരോ വ്യക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. പലരുടെയും സ്വാതന്ത്യ്രത്തിന്റെയും മാന്യതയുടെയും മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ എന്തു കാര്യത്തിലും വ്യത്യസ്ത അഭിപ്രായങ്ങളും രീതികളും ഉണ്ടാകും, പ്രത്യേകിച്ചും വസ്ത്രധാരണം പോലുള്ള കാര്യങ്ങളിൽ.
ഓരോ സ്ത്രീയുടെയും വസ്ത്രധാരണം, അവളുടെ മാത്രം അവകാശവും അധികാരവുമായി മനസ്സിലാക്കി പെരുമാറാനാണ് ഇനി പൊതുസമൂഹം ശ്രമിക്കേണ്ടത്. സ്ത്രീകളെക്കുറിച്ചുള്ള പുരുഷ കാഴ്ചപ്പാടുകളിൽ ഇക്കാലത്ത് വലിയ മാറ്റമുണ്ടായിട്ടുണ്ട്. എന്നാൽ പിന്തിരിപ്പൻ മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നു മാത്രം.
“പണ്ടത്തെ സിനിമയിൽ സ്ത്രീകൾ മുണ്ടും ബ്ലൗസും ധരിച്ചായിരുന്നു അഭിനയിച്ചിരുന്നത്. അന്ന് ആരും അവരുടെ ശരീരത്തിലേക്ക് നോക്കിയിട്ടില്ല. ഇപ്പോൾ പൊക്കിൾ കണ്ടാൽ അതു മതി. ഇത് 21-ാം നൂറ്റാണ്ടാണ്. പക്ഷേ നമ്മൾ റിവേഴ്സ് ഗിയറിട്ടാണ് മുന്നേറാൻ ശ്രമിക്കുന്നതെന്ന് തോന്നുന്നു.” ചലച്ചിത്രതാരം ശ്വേതാ മേനോൻ പറയുന്നു.
പണ്ടൊക്കെ നാട്ടിൻ പുറത്തെ കുളിക്കടവിലും കനാലിലുമൊക്കെ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് കുളിക്കുന്ന കാഴ്ചകളിൽ പോലും അശ്ലീലമുണ്ടായിരുന്നില്ല. സ്ത്രീകൾ ലൈംഗിക വസ്തു മാത്രമാണെന്ന ചിന്തയ്ക്ക് ശക്തി കൂടിയതോടെ എല്ലാ കണ്ണുകളിലും കാപട്യത്തിന്റെ നിഴൽ വീണിരിക്കുന്നുവോ?