കേരളത്തിന്‍റെ പരമ്പരാഗത കൈത്തറി വസ്ത്രമായ മുണ്ടും നേര്യതും ഉപയോഗിച്ച് പ്രശസ്ത ഡിസൈനർ രാഹുൽ മിശ്ര ചെയ്ത പരീക്ഷണങ്ങൾ ഇന്ത്യൻ ഫാഷൻ ഇൻഡസ്ട്രിയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. രാഹുൽ മിശ്ര എന്ന ഡിസൈനറുടെ ലോക നിലവാരത്തിലുള്ള ഉൽപന്നങ്ങളിലേക്കുള്ള തുടക്കം ആയിരുന്നു അത്. കേരള കൈത്തറിയിൽ കൂടുതൽ ഡിസൈനുകൾ ചെയ്യാൻ രാഹുലിനെ വീണ്ടും വീണ്ടും പ്രേരിപ്പിച്ചതും അതു തന്നെ.
ആധുനിക കാലത്ത് കൈത്തറി വസ്ത്രങ്ങൾക്കുള്ള ഡിമാന്‍റും ഫാഷൻ സാദ്ധ്യതകളും നെയ്ത്തുകാരെ കൂടി ബോദ്ധ്യപ്പെടുത്തണമെന്ന ചിന്ത തന്നിലേക്ക് കൊണ്ടു വന്നത് കേരളത്തിലെ നെയ്ത്തുകാർ നെയ്യുന്ന മനോഹരമായ ഓഫ് വൈറ്റ് കസവ് കോമ്പിനേഷനിലെ കൈത്തറി മുണ്ട് ആണ് എന്ന് രാഹുൽ പറയുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഫാഷൻ ഇൻഡസ്ട്രി കൈത്തറിയെ പിന്തുണയ്ക്കണം. അങ്ങനെ പാവപ്പെട്ട നെയ്ത്തുകാരെയും. അതുകൊണ്ടാവാം രാഹുലിന്‍റെ എല്ലാ കളക്ഷനുകളും ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തു പാരമ്പര്യം ആഘോഷിക്കുന്നത്.
ലോകത്തിലുള്ള 85 ശതമാനം കൈത്തറിയും ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലായിട്ടും അരിഷ്ടതകൾ ഒഴിയാത്ത മേഖലയാണ് നെയ്ത്തു വ്യവസായം. താലോലിച്ച് താലോലിച്ച് നശിപ്പിച്ച മേഖലയാണെന്നും കരുതാം. സെലിബ്രിറ്റികളും രാഷ്ട്രീയ പ്രമുഖരും ധരിക്കുന്ന വസ്ത്രമായി കൈത്തറി ഒതുങ്ങാതിരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിനം നിർബന്ധിത വസ്ത്രമാക്കി. എങ്കിലും കൈത്തറി വസ്ത്രങ്ങളും ഉൽപന്നങ്ങളും പഴമയും പ്രൗഢിയും അടയാളപ്പെടുത്തി സാധാരണക്കാരനിൽ നിന്ന് അൽപം ദൂരെ മാറി നിൽക്കുന്നു.
ഈ അവസരത്തിൽ പരമ്പരാഗത കൈത്തറി വസ്ത്രം ഫാഷൻ ഫാബ്രിക്കായി മാറ്റിയിരിക്കുകയാണ്, രാഹുൽ മിശ്ര മുതൽ ക്രിസ്റ്റി ജോബിൻ വരെയുള്ള പുതിയ കാലത്തെ ഡിസൈനർമാർ. ഈ മാറ്റം പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ളതാണ്. തുണിത്തരങ്ങളുടെ നിർമ്മിതിയിലും ഘടനയിലും ഫാഷനിലും എല്ലാം ഈ നവതരംഗം കാണാം.
കോടികളുടെ വില വരുന്ന ആധുനിക മില്ലുകളിൽ ഉൽപാദിപ്പിക്കുന്ന തുണിത്തരങ്ങളേക്കാൾ ഇവരൊക്കെ ഇഷ്ടപ്പെടുന്നത് ഇക്കോഫ്രണ്ട്ലിയായ കൈത്തറിത്തുണികളാണ്. “ഇന്ത്യൻ നെയ്ത്തുകാരുടെ പൊട്ടൻഷ്യൽ അപാരമാണ്. അത് അവരെ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. അങ്ങനെ ചെയ്താൽ ഡിസൈനർമാർക്ക് ഇത്തരം പരമ്പരാഗത മേഖല നിലനിർത്താൻ വലിയ പങ്ക് വഹിക്കാൻ കഴിയും” ഹാന്‍റെക്സിന്‍റെ ഡിസൈനർ ആയ ക്രിസ്റ്റി ജോബിൻ പറയുന്നത് സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിലാണ്.
“തിരുവനന്തപുരം, കണ്ണൂർ ഭാഗങ്ങളിൽ നിന്നാണ് എനിക്ക് ആവശ്യമായ തുണി നെയ്തു ലഭിക്കുന്നത്. ചുരിദാറും മറ്റും ഡിസൈൻ ചെയ്ത് മാർക്കറ്റിൽ കൊണ്ടുവന്നപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. ഡിസൈനും കളർ കോമ്പിനേഷനും പറഞ്ഞു കൊടുത്താൽ പല നെയ്ത്തുകാരും നല്ല പ്രൊഡക്ടുണ്ടാക്കും.”
“കടം കൊണ്ട് പൊറുതിമുട്ടിയ കൈത്തറി സംഘങ്ങളാണ് പലതും. മികച്ച ഡിസൈനുകൾ പറഞ്ഞു തരാം എന്ന് പറയുമ്പോൾ അതിനുള്ള പ്രതിഫലം തരാൻ നിവൃത്തിയില്ല എന്നു പറഞ്ഞാണ് പലരും നെയ്ത്തിന് തയ്യാറാകുക. അതൊന്നും സാരമില്ല, എന്‍റെ കടയിൽ വയ്ക്കാനുള്ള സാധനങ്ങൾ ക്രെഡിറ്റിൽ തന്നാൽ മതി എന്നു പറഞ്ഞാണ് അവരെ പ്രോത്സാഹിപ്പിച്ചത്.”