മഴക്കാലത്ത് കുട്ടികൾ വീടിന് പുറത്ത് മുറ്റത്തും മറ്റും ഓടി കളിക്കുന്നത് നിർത്തി വെയ്ക്കാറുണ്ട്. മഴ വരുമ്പോൾ അവർ പറയുന്നു മഴേ മഴേ പോകു പോകു എന്ന്! അതുപോലെ, കൊടും ചൂടിനെക്കുറിച്ചോ ശൈത്യകാലത്തെക്കുറിച്ചോ നമ്മളും വിഷമിക്കാറുണ്ട്, ഈ സീസൺ എപ്പോൾ പോകുമെന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുണ്ട്. കാലാവസ്ഥയ്ക്ക് അതിന്‍റേതായ സ്വാഭാവിക ചക്രമുണ്ട്. എന്നിരുന്നാലും, ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനം കാരണം പതിവില്ലാത്ത പല മാറ്റങ്ങളും ഭൂമിയിൽ സംഭവിക്കാറുണ്ട്.
അമിതമായ മഴയോ, അമിതമായ ചൂടോ, അതിശൈത്യമോ, ദീർഘനേരം നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോൾ, മനസ്സിൽ നീരസമുണ്ടാകും. എന്നാൽ കാലാവസ്ഥ നമ്മുടെ മാനസികാവസ്ഥയെ ശരിക്കും ബാധിക്കുന്നുവെന്നത് മനസ്സിന്‍റെ ഒരു അനുമാനം മാത്രമാണോ? 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും ചില ശാസ്ത്രജ്ഞർ ഈ വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് പലതും വ്യക്തമാവാൻ തുടങ്ങിയത്.
കാലാവസ്ഥയും മാനസികാവസ്ഥയും
ശാസ്ത്രം അനുസരിച്ച്, കാലാവസ്ഥയും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം വിവാദങ്ങൾ ഉയർത്തുന്നു. പല തരത്തിലുള്ള വാദങ്ങൾ ഉയർന്നതാണ് ഈ പഠനത്തിന് കാരണമായത്. 1984-ൽ ശാസ്ത്രജ്ഞർ മാനസികാവസ്ഥയിലെ മാറ്റത്തിന്‍റെ വിവിധ വശങ്ങൾ പഠിച്ചു. കോപം, സന്തോഷം, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ അല്ലെങ്കിൽ ആക്രമണോത്സുകമായ പെരുമാറ്റം തുടങ്ങിയ മാനസികാവസ്ഥയിലെ മാറ്റങ്ങൾ സൂര്യപ്രകാശം, താപനില, കാറ്റ്, ഈർപ്പം, അന്തരീക്ഷമർദ്ദം, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനം നിരീക്ഷിക്കുകയുണ്ടായി.
സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവയാണ് മാനസികാവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവയെന്ന് പഠനത്തിൽ കണ്ടെത്തി. പ്രത്യേകിച്ച് ഈർപ്പം കൂടുമ്പോൾ ഏകാഗ്രത കുറയുകയും ഉറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 2005-ലെ ഒരു പഠനത്തിൽ വെളിയിൽ നല്ല കാലാവസ്ഥയിൽ സമയം ചെലവഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മെമ്മറി മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു.
നല്ലതും ചീത്തയും
നമ്മുടെ എല്ലാം മാനസികാവസ്ഥ വസന്തകാലത്ത് മികച്ചതും വേനൽക്കാലത്ത് മോശവുമാണ് എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ ചില ശാസ്ത്രജ്ഞർ ഈ പഠനത്തോട് യോജിക്കാതെ 2008 ൽ ഒരു പ്രത്യേക പഠനം നടത്തി. ഈ പഠനത്തിൽ, സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവ മാനസികാവസ്ഥയിൽ കാര്യമായ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നില്ലെന്ന് അവർ നിരീക്ഷിച്ചു. അങ്ങനെ ഉണ്ടായാൽ പോലും ആ മാറ്റം നിസ്സാരമാണത്രെ. 2005 ലെ പഠനത്തിൽ സൂചിപ്പിച്ചതു പോലെ, നല്ല കാലാവസ്ഥ മാനസികാവസ്ഥയിൽ വളരെ മിതമായ പോസിറ്റീവ് പ്രഭാവം ചെലുത്തുന്നുവെന്നും അവർ നിരീക്ഷിച്ചു.
കാലാവസ്ഥയെയും മാനസികാവസ്ഥയെയും കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എന്നാൽ മിക്കവാറും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം, മനുഷ്യനിൽ കാലാവസ്ഥയുടെ സ്വാധീനം ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല.
ഓരോ മനുഷ്യനും ഓരോ കാലാവസ്ഥ
കാലാവസ്ഥയോടുള്ള പ്രതികരണമോ സംവേദനക്ഷമതയോ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സീസൺ അനുസരിച്ച് മാനസികാവസ്ഥയിലെ മാറ്റമായ സീസണൽ അഫക്റ്റീവ് ഡിസോർഡർ ശ്രദ്ധിച്ചാൽ ശൈത്യകാലത്ത് ചില ആളുകൾക്ക് വിഷാദ മാനസികാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി, ഇതിനെ വിന്‍റർ ബ്ലൂ എന്നും വിളിക്കുന്നു.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ലോകജനസംഖ്യയുടെ 6% ആളുകളിൽ വിന്‍റർ ബ്ലൂ സിൻഡ്രോം കാണപ്പെടുന്നു, അതിനാൽ ഇതിനെ അപൂർവമായ മൂഡ് റിലേറ്റഡ് ഡിസോർഡർ എന്ന് വിളിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ഓഫ് അമേരിക്കയുടെ അഭിപ്രായത്തിൽ, ഇതെല്ലാം വളരെ നേരിയ തോതിലുള്ള രോഗമാണ്.
സമ്മർ സാഡ്: ചിലർക്ക് വേനൽ വരുമ്പോൾ ദുഃഖം ഉണ്ടാവുകയും അത് മൂലം വിഷാദം അനുഭവപ്പെടുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ബൈപോളാർ ഡിസോർഡറുള്ളവർക്ക്. ചില ആളുകൾക്ക് ചൂട് കാരണം അപസ്മാരം ഉണ്ടാകാം, എന്നാൽ ചില ആളുകൾക്ക് വേനൽക്കാലത്ത് ഉത്കണ്ഠ, ദേഷ്യം ഇവ വർദ്ധിച്ചു കാണാറുണ്ട്.
ചില സന്ദർഭങ്ങളിൽ, മോശം മാനസികാവസ്ഥ ഉള്ള ഒരാൾക്ക് മോശം കാലാവസ്ഥ മൂലം കൂടുതൽ പ്രയാസം അനുഭവപ്പെട്ടേക്കാം (അമിതമായ ചൂടോ തണുപ്പോ മഴയോ ആകാം).
ഇതിനുശേഷം, 2011 ൽ വീണ്ടും നടന്ന ഒരു പഠനത്തിൽ കാലാവസ്ഥയുടെ പ്രഭാവം വളരെ കുറച്ച് ആളുകളിലെങ്കിലും മാനസികാവസ്ഥയെ തീർച്ചയായും ബാധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പഠനം നടത്തിയ 50% ആളുകളിൽ കാലാവസ്ഥയുടെ ഒരു സ്വാധീനവും കണ്ടില്ല. എന്നാൽ ബാക്കിയുള്ള 50% ൽ ഇത് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ഫലമുണ്ടാക്കി. അതേസമയം കാലാവസ്ഥ ബാധിക്കാത്തവരുടെ അഭിപ്രായത്തിൽ, മാനസികാവസ്ഥയും കാലാവസ്ഥയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് തന്നെ ആണ്. എന്നാലും ഒരു പ്രത്യേക കാലാവസ്ഥയെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയുന്നവരുടെ പ്രതികരണങ്ങൾ താഴെ പറയുന്ന വിധം ആയിരുന്നു
വേനൽക്കാല പ്രേമികൾ: ചില ആളുകൾക്ക് വേനൽക്കാലത്തും സൂര്യപ്രകാശത്തിലും നല്ല മാനസികാവസ്ഥയുണ്ട്. അവർക്കത് സന്തോഷം നൽകുന്നു.
മഴയെ വെറുക്കുന്നവർ: ഇവർക്ക് മഴക്കാലം ഒട്ടും ഇഷ്ടമല്ല. ഈ ദിവസങ്ങളിൽ അവരുടെ മാനസികാവസ്ഥ നല്ലതല്ല. ഏകദേശം 9% ആളുകൾ ഈ വിഭാഗത്തിൽ പെടുന്നു. അമേരിക്കൻ സൈക്കോളജിസ്റ്റ് ഡോ. ടാക്സിയ ഇവാൻസിന്‍റെ അഭിപ്രായത്തിൽ, മഴയുള്ള രാത്രികളിൽ ഇവർക്ക് ഏകാന്തതയും ഭയവും അനുഭവപ്പെടുന്നു.
അന്തരീക്ഷത്തിൽ സൂര്യപ്രകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും, താപനിലയുടെ പ്രഭാവം വ്യക്തിയുടെ സ്വഭാവത്തെയും തലച്ചോറിനെയും ബാധിക്കുന്നു. പൊതുവേ ഉയർന്നതോ താഴ്ന്നതോ ആയ താപനില വരുമ്പോൾ വ്യക്തിക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുന്നു. താപനില 25 ൽ താഴെയോ മുകളിലോ ആയിരിക്കുമ്പോൾ മനുഷ്യന്‍റെ സ്നേഹ പ്രകടനവും സഹായിക്കാനുള്ള പ്രവണതയും കുറയുന്നതായി ഒരു പഠനത്തിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
കാലാവസ്ഥയും ലൈംഗികതയും
കാലാവസ്ഥയെയും ലൈംഗികതയെയും കുറിച്ച് എല്ലാവർക്കും ബാധകമായ ഒരു പൊതു നിയമമില്ല. എന്നിരുന്നാലും കാലാവസ്ഥയുടെ സ്വാധീനം ലൈംഗികതയെ ഒരു പരിധിവരെ ബാധിക്കുന്നു.
വേനൽക്കാലത്തെ സെക്‌സ് ഡ്രൈവ് ശൈത്യകാലത്തേക്കാൾ മികച്ചതാണ്: വിരോധാഭാസമെന്നു പറയട്ടെ, തണുപ്പിനേക്കാൾ ചൂടുള്ള കാലാവസ്ഥയിലാണ് ലൈംഗികതയ്ക്കുള്ള ആഗ്രഹം വർദ്ധിക്കുന്നത് ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഹോർമോൺ ആണ് കാരണം. സ്ത്രീകളുടെ ലൈംഗിക ഹോർമോണുകൾ ചൂടിലും സൂര്യപ്രകാശത്തിലും കൂടുതൽ നിർമ്മിക്കപ്പെടുന്നു, ഇതുമൂലം അവരിൽ വേനൽക്കാലത്തു ലൈംഗികാഭിലാഷം വർദ്ധിക്കുന്നു. ഇതുകൂടാതെ, ഫീൽ ഗുഡ് ന്യൂറോ ട്രാൻസ്മിറ്ററായ സെറോടോണിൻ വസന്തകാലത്തും വേനൽക്കാലത്തും സ്ത്രീകളിലും പുരുഷന്മാരിലും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു, അതിനാൽ ആ സമയം മാനസികാവസ്ഥ മികച്ചതായി തുടരുന്നു.
ശൈത്യകാല സെക്‌സ് ഡ്രൈവ്
ഈ സീസണിൽ നല്ല ഹോർമോണുകൾ സെറോടോണിൻ ഉൽപ്പാദിപ്പിക്കപ്പെടുന്നത് കുറവാണ്. കൂടാതെ സ്ത്രീകളിൽ ഈസ്ട്രജൻ ഉൽപ്പാദിപ്പിക്കുന്നതും കുറയുന്നു ഇതുമൂലം ലൈംഗികതയിൽ കുറവുണ്ടാകും. ഇതുകൂടാതെ, തണുപ്പിൽ എപ്പോഴും കൂടുതൽ വസ്ത്രങ്ങൾ ശരീരത്തിൽ ഉള്ളതിനാൽ, ചർമ്മത്തിന്‍റെ എക്സ്പോഷർ കുറയുന്നു, ഇത് പരസ്പര ആകർഷണത്തിന് കുറവു വരുത്തുന്നു.
ഹോട്ട് മൺസൂൺ!
അതേസമയം മൺസൂൺ സെക്‌സിന് ഏറ്റവും അനുയോജ്യമാണ്: സെക്‌സിന് ഏറ്റവും മികച്ച സീസണായി മൺസൂൺ കണക്കാക്കപ്പെടുന്നു. മിന്നലുകളും മേഘങ്ങളുടെ ഗർജ്ജനവും വ്യത്യസ്തമായ ആവേശം സൃഷ്ടിക്കുകയും ചെയ്യും. അങ്ങനെ ലൈംഗികതയുടെ ഉന്മാദത്തെ ഉണർത്തുകയും ചെയ്യുന്നു.
മഴയത്ത് ആലിംഗനം ചെയ്യുന്നത് പ്രണയ ഹോർമോണായ ഓക്‌സിടോസിൻ വർദ്ധിപ്പിക്കുന്നു, ഇത് രണ്ട് പങ്കാളികളിലും ലൈംഗികാഭിലാഷം വർദ്ധിപ്പിക്കുന്നു.
ചില വ്യക്തികൾ കാലാവസ്ഥയോട് പൊരുത്തപ്പെടുന്ന രീതിയിൽ ജീവിക്കുന്നു അതായത്, ഒരു തരത്തിൽ അവർ കാലാവസ്ഥാ പ്രതിരോധികളാണ്. അവർക്ക് ഒരു കാലാവസ്ഥയും കാര്യമായ സ്വാധീനം ഉണ്ടാക്കുന്നില്ല. മിക്ക പുരുഷന്മാർക്കും സ്വാഭാവികമായും കാലാവസ്ഥയ്ക്ക് അനുസരിച്ച് സ്വയം ക്രമീകരിക്കാൻ കഴിയും എന്നതും പ്രധാനമാണ്.
മറുവശത്ത്, ചില ആളുകൾ കാലാവസ്ഥയോട് സംവേദനക്ഷമതയുള്ളവരാണ്, കാലാവസ്ഥയോടുള്ള പ്രതികരണത്തിന്‍റെ തീവ്രത ആ വ്യക്തിയുടെ സ്വഭാവത്തെയും ശാരീരിക ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു.