മഴക്കാലത്ത് കുട്ടികൾ വീടിന് പുറത്ത് മുറ്റത്തും മറ്റും ഓടി കളിക്കുന്നത് നിർത്തി വെയ്ക്കാറുണ്ട്. മഴ വരുമ്പോൾ അവർ പറയുന്നു മഴേ മഴേ പോകു പോകു എന്ന്! അതുപോലെ, കൊടും ചൂടിനെക്കുറിച്ചോ ശൈത്യകാലത്തെക്കുറിച്ചോ നമ്മളും വിഷമിക്കാറുണ്ട്, ഈ സീസൺ എപ്പോൾ പോകുമെന്ന് നമ്മൾ പലപ്പോഴും ആശങ്കപ്പെടാറുണ്ട്. കാലാവസ്ഥയ്ക്ക് അതിന്‍റേതായ സ്വാഭാവിക ചക്രമുണ്ട്. എന്നിരുന്നാലും, ഇക്കാലത്ത് കാലാവസ്ഥാ വ്യതിയാനം കാരണം പതിവില്ലാത്ത പല മാറ്റങ്ങളും ഭൂമിയിൽ സംഭവിക്കാറുണ്ട്.
അമിതമായ മഴയോ, അമിതമായ ചൂടോ, അതിശൈത്യമോ, ദീർഘനേരം നമ്മെ നിരന്തരം ബുദ്ധിമുട്ടിക്കുമ്പോൾ, മനസ്സിൽ നീരസമുണ്ടാകും. എന്നാൽ കാലാവസ്ഥ നമ്മുടെ മാനസികാവസ്ഥയെ ശരിക്കും ബാധിക്കുന്നുവെന്നത് മനസ്സിന്‍റെ ഒരു അനുമാനം മാത്രമാണോ? 70 കളുടെ അവസാനത്തിലും 80 കളുടെ തുടക്കത്തിലും ചില ശാസ്ത്രജ്ഞർ ഈ വിഷയം പഠിക്കാൻ തുടങ്ങിയപ്പോഴാണ് പലതും വ്യക്തമാവാൻ തുടങ്ങിയത്.
കാലാവസ്ഥയും മാനസികാവസ്ഥയും
ശാസ്ത്രം അനുസരിച്ച്, കാലാവസ്ഥയും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം വിവാദങ്ങൾ ഉയർത്തുന്നു. പല തരത്തിലുള്ള വാദങ്ങൾ ഉയർന്നതാണ് ഈ പഠനത്തിന് കാരണമായത്. 1984-ൽ ശാസ്ത്രജ്ഞർ മാനസികാവസ്ഥയിലെ മാറ്റത്തിന്‍റെ വിവിധ വശങ്ങൾ പഠിച്ചു. കോപം, സന്തോഷം, ഉത്കണ്ഠ, പ്രതീക്ഷ, നിരാശ അല്ലെങ്കിൽ ആക്രമണോത്സുകമായ പെരുമാറ്റം തുടങ്ങിയ മാനസികാവസ്ഥയിലെ മാറ്റങ്ങൾ സൂര്യപ്രകാശം, താപനില, കാറ്റ്, ഈർപ്പം, അന്തരീക്ഷമർദ്ദം, തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനം നിരീക്ഷിക്കുകയുണ്ടായി.
സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവയാണ് മാനസികാവസ്ഥയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നവയെന്ന് പഠനത്തിൽ കണ്ടെത്തി. പ്രത്യേകിച്ച് ഈർപ്പം കൂടുമ്പോൾ ഏകാഗ്രത കുറയുകയും ഉറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. 2005-ലെ ഒരു പഠനത്തിൽ വെളിയിൽ നല്ല കാലാവസ്ഥയിൽ സമയം ചെലവഴിക്കുന്നത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും മെമ്മറി മെച്ചപ്പെടുത്തുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു.
നല്ലതും ചീത്തയും
നമ്മുടെ എല്ലാം മാനസികാവസ്ഥ വസന്തകാലത്ത് മികച്ചതും വേനൽക്കാലത്ത് മോശവുമാണ് എന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാൽ ചില ശാസ്ത്രജ്ഞർ ഈ പഠനത്തോട് യോജിക്കാതെ 2008 ൽ ഒരു പ്രത്യേക പഠനം നടത്തി. ഈ പഠനത്തിൽ, സൂര്യപ്രകാശം, താപനില, ഈർപ്പം എന്നിവ മാനസികാവസ്ഥയിൽ കാര്യമായ പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് സ്വാധീനം ചെലുത്തുന്നില്ലെന്ന് അവർ നിരീക്ഷിച്ചു. അങ്ങനെ ഉണ്ടായാൽ പോലും ആ മാറ്റം നിസ്സാരമാണത്രെ. 2005 ലെ പഠനത്തിൽ സൂചിപ്പിച്ചതു പോലെ, നല്ല കാലാവസ്ഥ മാനസികാവസ്ഥയിൽ വളരെ മിതമായ പോസിറ്റീവ് പ്രഭാവം ചെലുത്തുന്നുവെന്നും അവർ നിരീക്ഷിച്ചു.
കാലാവസ്ഥയെയും മാനസികാവസ്ഥയെയും കുറിച്ച് കൂടുതൽ പഠനം ആവശ്യമാണ്. എന്നാൽ മിക്കവാറും എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം, മനുഷ്യനിൽ കാലാവസ്ഥയുടെ സ്വാധീനം ഓരോ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു, അത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നില്ല.
ഓരോ മനുഷ്യനും ഓരോ കാലാവസ്ഥ
കാലാവസ്ഥയോടുള്ള പ്രതികരണമോ സംവേദനക്ഷമതയോ ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, സീസൺ അനുസരിച്ച് മാനസികാവസ്ഥയിലെ മാറ്റമായ സീസണൽ അഫക്റ്റീവ് ഡിസോർഡർ ശ്രദ്ധിച്ചാൽ ശൈത്യകാലത്ത് ചില ആളുകൾക്ക് വിഷാദ മാനസികാവസ്ഥ ഉണ്ടെന്ന് കണ്ടെത്തി, ഇതിനെ വിന്‍റർ ബ്ലൂ എന്നും വിളിക്കുന്നു.