സംഗീത പുതിയ ഫ്‌ളാറ്റിലേയ്ക്ക് താമസം മാറിയിട്ട് അധിക നാളായില്ല. ഇന്‍ഡോർ പ്ലാന്‍റ്സും ഫർണിച്ചർ സെറ്റിങ്ങുമൊക്കെ കണ്ടാൽ ഇന്‍റീരിയർ ഉഗ്രനെന്നേ ആരും പറയൂ. പക്ഷേ നിലത്ത് കാൽ കുത്തിയാൽ അപ്പടി പൊടിയാണ്. പതിവായി വൃത്തിയാക്കുന്നുണ്ടല്ലോ പിന്നെ എന്താണിങ്ങനെ, സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്. ഫർണിച്ചർ പൊടിഞ്ഞു വീഴുന്നതാണ്. തിരക്കിനിടയിൽ ഫർണിച്ചർ മെയിന്‍റനെൻസ് കാര്യം മറന്നു. വുഡൻ ഫർണിച്ചറിൽ പറ്റിപ്പിടിച്ച ചിതലായിരുന്നു പ്രശ്നക്കാരൻ.
വെളുത്ത ഉറുമ്പുകള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ആഴ്ചയില്‍ 15 പൗണ്ട് അളവില്‍ തടി തിന്നു തീർക്കാന്‍ ഒരു ചിതല്‍ കോളനിയ്ക്ക് കഴിയും.
ചിതൽ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ചില്ലറ ഒന്നുമല്ല. പുസ്‌തകങ്ങളെയും തുണികളെയും ഇവ ആക്രമിക്കും. ഡാംപ് വുഡ്, ഡ്രൈ വുഡ്, മണ്ണിലുള്ളവ എന്നിങ്ങനെ ചിതലുകൾ പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്. ഇവയിൽ ഏറ്റവും അപകടകാരികൾ മണ്ണിന് അടിയിൽ വസിക്കുന്ന ചിതലുകളാണ്. വെറും മൂന്നു മാസം കൊണ്ട് ഇവയ്‌ക്ക് ഫർണിച്ചറുകളെ തറപറ്റിക്കാനാകും. ഈർപ്പമുള്ള ഇരുട്ടു നിറഞ്ഞയിടങ്ങളിലാണിവ വസിക്കുന്നത്. മഴക്കാലത്ത് ജനലിലും വാതിലിന്‍റെ ഇടുക്കുകളിലും ഇവ പറ്റിപ്പിടിച്ചിരിക്കും. ഇവയുടെ പ്രധാന ഭക്ഷണം മരവും ഉണങ്ങിയ തടിയുമൊക്കെയാണ്.
ഓറഞ്ച് തൈലം, ബോറിക് ആസിഡ്, ചില സുഗന്ധവ്യഞ്ചനതൈലങ്ങള്‍, വിനാഗിരി, കുറേ ദിവസം പഴകിയ കറ്റാർവാഴ നീര്, കറിയുപ്പ് തുടങ്ങിയവയൊക്കെ ഇക്കോ ഫ്രണ്ട്‌ലിയായ ടെർമിനേറ്ററായി ഉപയോഗിക്കാറുണ്ട്. ഫർണിച്ചറുകള്‍ കടും വെയിലത്ത് വയ്ക്കുന്നതും ചിതല്‍ ശല്യത്തില്‍ നിന്ന് ശമനം ലഭിക്കാന്‍ സഹായകമാണ്.
ചിതലുകളെ തുരത്താം
- ലീക്കേജുള്ള പൈപ്പ് കഴിവതും വേഗം നന്നാക്കുക. ഭിത്തിയിൽ ഈർപ്പം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
- തടി ഫർണിച്ചറുകളിൽ ദ്വാരമോ വിള്ളലോ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ തന്നെ ടെർമിനേറ്റർ ലായനിയോ വാർണിഷോ പെയിന്‍റോ പുരട്ടി ചിതൽ ശല്യം ഒഴിവാക്കുക.
- ഓടകൾ പതിവായി വൃത്തിയാക്കുക. വീടിന്‍റെ ഫൗണ്ടേഷനോട് ചേർന്ന് വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
- ടെറസ്സിൽ വെള്ളം കെട്ടി നിർത്തരുത്.
- വീട്ടിൽ പേപ്പറും തടി കഷണങ്ങളും കൂട്ടിയിടരുത്.
- ഭിത്തിയോടു ചേർത്തു വച്ചിരിക്കുന്ന, പതിവായി വൃത്തിയാക്കാൻ സാധിക്കാത്ത വുഡൻ ഫർണിച്ചറുകളെയാവും ചിതലുകൾ പ്രധാനമായും ആക്രമിക്കുക. ഉദാ: അലമാര, ക്യാബിനറ്റ്, അലമാരയുടെ ചുവടുവശം, വുഡൻ ഫ്രേമിൽ തീർത്ത വാതിൽ. ഇക്കോ ഫ്രണ്ട്‌ലിയായ ടെർമിനേറ്റർ ലായനി തളിച്ച് ഇവയുടെ ശല്ല്യം ഒഴിവാക്കാനാവും. ചിതൽ ശല്ല്യം ഏറെയുണ്ടെങ്കിൽ സ്വയം പരീക്ഷണത്തിനു മുതിരാതെ പ്രൊഫഷണൽ പെസ്‌റ്റ് കൺട്രോളറുടെ സഹായം തേടാൻ മടിക്കരുത്.
പെസ്‌റ്റ് കൺട്രോളിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ചിതൽ ശല്ല്യം കാരണം വുഡൻ ഫർണിച്ചർ വല്ലാതെ പൊടിഞ്ഞിട്ടുണ്ടെങ്കിൽ ഇതിൽ 2-3 തവണ ആന്‍റി ടെർമിനേറ്റർ മിശ്രിതം പുരട്ടുക.
- ലായനി തളിച്ച് 7-8 മണിക്കൂർ ഉണങ്ങിയ ശേഷം പോളിഷോ പെയിന്‍റോ പുരട്ടാം.
- ഫർണിച്ചറിലെ ചിതലരിച്ചിരിക്കുന്ന സുഷിരം തീരെ ചെറുതാണെങ്കിൽ സൂചി ലായനിയിൽ മുക്കിയ ശേഷം ചിതൽ ശല്ല്യമുള്ള ഭാഗത്ത് പുരട്ടുക.
- പെസ്‌റ്റ് കൺട്രോളിന് ഉപയോഗിക്കുന്ന പല കെമിക്കൽ ലായനികളും പരിസ്‌ഥിതിയ്‌ക്ക് ഹാനികരമാണ് എന്നതിനാൽ തളിക്കുമ്പോൾ മതിയായ ശ്രദ്ധ നൽകേണ്ടതുണ്ട്.
- ബ്രഷിന്‍റേയോ സ്‌പ്രേയറിന്‍റേയോ സഹായത്തോടെ മാത്രം കെമിക്കൽസ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
- വാതിലുകളും ജനാലയും തുറന്നു വച്ച ശേഷം വേണം സ്‌പ്രേ തളിക്കാൻ.
- പെസ്‌റ്റ് കൺട്രോൾ ലായനിയ്‌ക്ക് ഒപ്പം മറ്റു ലായനികൾ മിക്‌സ് ചെയ്‌ത് ഉപയോഗിക്കരുത്. ലായനിയുടെ ഇഫക്‌റ്റ് കുറഞ്ഞെന്നു വരാം.