ലൈം ലൈറ്റിൽ നിൽക്കുന്ന കോർപ്പറേറ്റ് ഉദ്യോഗസ്‌ഥകൾക്കും സിനിമാനടികൾക്കും മോഡലുകൾക്കും ഒരു പ്രത്യേകതയുണ്ട്. ഇവരുടെ വ്യക്‌തിത്വത്തെ അവഗണിക്കാൻ ആർക്കുമാവില്ല! അവരെ മറ്റുള്ളവരിൽ നിന്നും വേറിട്ടതാക്കുന്ന ആ മാന്ത്രിക രഹസ്യം എന്തായിരിക്കും? ഗ്രൂമിംഗ്! ഏതൊരാളുടേയും വ്യക്‌തിത്വത്തെ തേച്ചുമിനുക്കി തിളക്കമുള്ളതാക്കാൻ ഗ്രൂമിംഗ് സഹായിക്കുന്നു. സംസാരിക്കുന്ന രീതി, നടപ്പും ഇരിപ്പും, പ്രകടനം, ഭക്ഷണം കഴിക്കുന്ന രീതിയിലുമൊക്കെയുള്ള സവിശേഷതയാർന്ന ബോഡി ലാംഗ്വേജിനെ ഗ്രൂമിംഗ് എന്നാണ് വിശേഷിപ്പിക്കുക.
അതിനായി പ്രത്യേക പരിശീലനം തന്നെയുണ്ട്. ഇന്ന് പ്രസന്‍റേഷന്‍റെ കാലമാണ്. ഏത് ജോലിക്കും അക്കാദമിക് വിദ്യാഭ്യാസം മാത്രം പോര. പ്രസന്‍റബിൾ ആയിരിക്കുകയെന്നതും പ്രധാനമാണ്. അതിൽ ഗ്രൂമിംഗിനുള്ള പങ്ക് വളരെ പ്രധാനമാണ്. ഗ്രൂമിംഗിന്‍റെ പിൻബലത്തോടെ ആർക്കും ഏത് ലക്ഷ്യവും കീഴടക്കാനാവും.
“ഇംഗ്ലീഷിൽ ഒരു പഴയചൊല്ലുണ്ട്. ഫസ്‌റ്റ് അപ്പിയറൻസ് ഈസ് ദി ലാസ്‌റ്റ് അപ്പിയറൻസ് എന്ന്. അതായത് ഒരു വ്യക്‌തിയുടെ ആദ്യത്തെ വ്യക്‌തിപ്രഭാവം തന്നെയായിരിക്കും അവസാനത്തെ വ്യക്‌തിപ്രഭാവവും” കൊൽക്കത്തയിൽ എല്ലാ വർഷവും അരങ്ങേറുന്ന സൗന്ദര്യ മത്സരത്തിന്‍റെ കൊറിയോഗ്രാഫർ ആയ സുകല്യാൺ ഭട്ടാചാര്യ പറയുന്നു.
വ്യക്‌തിപ്രഭാവം മികച്ചതാക്കാൻ ഗ്രൂമിംഗ് അനിവാര്യമാണ്. മികച്ച ഗ്രൂമിംഗില്ലെങ്കിൽ സ്വന്തം കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരമാവും നഷ്‌ടപ്പെടുക.
മികച്ച നേട്ടം കൈവരിക്കുന്നതിന് ഏറ്റവുമാദ്യം വേണ്ടത് ഗ്രൂമിംഗാണ് എന്നാണ് മുംബൈയിലെ അറിയപ്പെടുന്ന മോഡലും ഗ്രൂമിംഗ് കൺസൾട്ടന്‍റുമായ ജെസീക്കാ ഗോമസ് പറയുന്നത്. മൂന്ന് തരത്തിലുള്ള ഗ്രൂമിംഗുണ്ട്- പ്രൊഫഷണൽ, മോഡൽ, സോഷ്യൽ. ഉദാഹരണത്തിന് ഏതെങ്കിലും മൾട്ടിനാഷണൽ കമ്പനിയിൽ അഭിമുഖത്തിനായുള്ള കോൾലെറ്റർ വന്നുവെന്നിരിക്കട്ടെ. പ്ലാനിംഗൊന്നുമില്ലാതെ സ്വന്തമിഷ്‌ടമനുസരിച്ച് സാരിയോ കടുംനിറത്തിലുള്ള സൽവാർ കമ്മീസോ അണിഞ്ഞ് അഭിമുഖത്തിന് പോയാലുള്ള അവസ്‌ഥയൊന്ന് ആലോചിച്ച് നോക്കൂ. ആ വേഷം നിങ്ങളുടെ വ്യക്‌തിത്വത്തെ തന്നെ ഡൗണാക്കി കളയും. നിങ്ങൾ സാധാരണനിലയിലുള്ള വേഷം ധരിച്ചുപോയാലും ഇതേ പ്രശ്നമുണ്ടാകാം. ചിലപ്പോൾ മറ്റുള്ളവർ നിങ്ങളെ അവഗണിച്ചേക്കാം. അല്ലെങ്കിൽ കമ്പനി എക്‌സിക്യൂട്ടീവ് നിങ്ങളെ കണ്ടഭാവം പോലും നടിക്കില്ല.
മികച്ച ഗ്രൂമിംഗ് വ്യക്‌തിയെ മാറ്റി മറിക്കും. വ്യക്‌തിയിലുള്ള കുറവുകൾ പരിഹരിക്കാൻ സഹായിക്കും. മൊത്തത്തിൽ മികച്ച വ്യക്‌തിത്വത്തിലൂടെ യുദ്ധം പാതി വിജയിക്കാം. ബാക്കിയുള്ള യുദ്ധം വിജയിക്കാൻ നേടിയ അറിവിന്‍റെ പിൻബലവും പ്രൊഫഷണൽ ട്രെയിനിംഗും മതിയാവും.
പ്രൊഫഷണൽ ഗ്രൂമിംഗ്
ജോലിക്കായുള്ള അപേക്ഷ തയ്യാറാക്കൽ, അഭിമുഖത്തിന് തയ്യാറാകൽ, വേഷവിധാനം തുടങ്ങി പല കാര്യങ്ങളും പ്രൊഫഷണൽ ഗ്രൂമിംഗിൽ ഉൾപ്പെടും. അഭിമുഖത്തിനുള്ള തയ്യാറെടുപ്പ് അത്രയെളുപ്പമുള്ള ജോലിയല്ല. ധാരാളം ഉദ്യോഗാർത്ഥികളാവും ഒരു ജോലിക്കായി അപേക്ഷിച്ചിരിക്കുക. അവരിൽ ഏതാനും പേരെയാവും ഒടുവിൽ അഭിമുഖത്തിന് ക്ഷണിക്കുക. കമ്പനി എക്‌സിക്യൂട്ടീവുമാരെ ഇംപ്രസ്സ് ചെയ്യുന്നവരെയാവും തെരഞ്ഞെടുക്കുക. അതുകൊണ്ട് ഉദ്യോഗാർത്ഥി എല്ലാതരത്തിലും കഴിവ് തെളിയിച്ചിരിക്കണം.
ആദ്യ ചുവട്
പ്രൊഫഷണൽ ഗ്രൂമിംഗിന്‍റെ ആദ്യ ചവിട്ടുപടിയാണ് ജോലിയ്‌ക്കുള്ള അപേക്ഷ തയ്യാറാക്കൽ. അപേക്ഷയിൽ യാതൊരുവിധത്തിലുള്ള തെറ്റുകൾ ഉണ്ടാകാൻ പാടില്ല. അപേക്ഷ ഫോർമാറ്റിൽ പിശകുകൾ ഉണ്ടാകാതെ നോക്കണം. ഏതെങ്കിലും കമ്പനിയിൽ അപേക്ഷ ഫോറം അയയ്‌ക്കുമ്പോൾ സ്വന്തം പ്രൊഫൈൽ എങ്ങനെ തയ്യാറാക്കുമെന്നതിനെപ്പറ്റി ധാരണയുണ്ടാവണം. ബയോഡാറ്റയുടെ രൂപത്തിലോ അതോ സിവിയോ പ്രൊഫൈലോ വേണോയെന്ന് നിശ്ചയിക്കാം. സ്വന്തം ആവശ്യവും സൗകര്യവുമനുസരിച്ച് ഏതെങ്കിലുമൊരു ഫോർമാറ്റ് തെരഞ്ഞെടുക്കാം. അതുകൊണ്ട് ഈ മൂന്ന് ഫോർമാറ്റുകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് നല്ല ധാരണയുണ്ടാവണം.
ജോലിയെക്കുറിച്ച് മുൻപരിചയമൊന്നുമില്ലാത്തവരും ആദ്യമായി ജോലിയ്‌ക്ക് അപേക്ഷിക്കുന്നവരുമാണെങ്കിൽ ബയോഡാറ്റയാണ് ഉചിതം. ബയോഡാറ്റയെന്നാൽ സംക്ഷിപ്‌തരൂപത്തിലുള്ള പരിചയപ്പെടുത്തൽ എന്ന് പറയാം. ഇത് ടു ദി പോയിന്‍റായിരിക്കണം. ജോലിയിൽ 2-3 വർഷത്തെ മുൻപരിചയമുള്ളവർക്ക് മികച്ചൊരു സിവി അഥവാ കരിക്കുലം വിറ്റ തയ്യാറാക്കാം. സിവിയിൽ ജോലിയെ സംബന്ധിച്ച് മുഴുവൻ വിവരങ്ങളുമുണ്ടാവും. പ്രൊഫൈലിലും സിവി പോലെ അൽപം വിസ്‌തരിച്ചുള്ള വിവരങ്ങൾ ഉണ്ടാവും. പ്രൊഫഷണൽ ഗ്രൂമിംഗിൽ ഇത് സംബന്ധിച്ചുള്ള കാര്യങ്ങളാണ് പഠിപ്പിക്കുക.
ഡ്രസ് അപ്പ്
അഭിമുഖത്തിനുള്ള തയ്യാറെടുപ്പിൽ യോജിച്ച വസ്‌ത്രത്തിന്‍റെ തെരഞ്ഞെടുപ്പും പ്രധാനമാണ്. ഉദ്യോഗാർത്ഥിയുടെ വേഷവും ചേർന്നുള്ള വ്യക്‌തിത്വമാവും ആദ്യം ശ്രദ്ധിക്കുക. ആൺകുട്ടിയായാലും പെൺകുട്ടിയായാലും വേഷം പ്രധാനം തന്നെയാണ്. കടുംനിറത്തിലുള്ള വേഷമാകരുത്. സിമ്പിൾ സോബർ നിറത്തിലുള്ളതാണ് അഭികാമ്യം.
ഫോർമൽ ട്രൗസറിനൊപ്പം ഫോർമൽ ഷർട്ട് അണിയാം. പെൺകുട്ടികൾക്ക് സാരിയോ സൽവാർ കുർത്തയോ തെരഞ്ഞെടുക്കാം. എന്നാൽ സാരി ബ്ലൗസ് സ്‌റ്റൈലിഷോ ഡിസൈനറോ ആകരുത്.
ബോഡി ലാംഗ്വേജും തയ്യാറെടുപ്പും
പൂർണ്ണമായ ആത്മവിശ്വാസത്തോടെ വേണം അഭിമുഖത്തിനായുള്ള മുറിയിൽ പ്രവേശിക്കാൻ. വളരെ മര്യാദയോടെയും പ്രസരിപ്പോടെയും വാതിൽ തുറന്ന് അകത്ത് കടന്ന് ഇന്‍റർവ്യൂ ബോർഡിലുള്ളവരെയെല്ലാം നോക്കി അഭിവാദ്യം ചെയ്യാം. അഭിമുഖത്തിന് ഇരിക്കുമ്പോഴും ശ്രദ്ധിക്കുക. വളഞ്ഞു കൂനിയുള്ള ഇരിപ്പുവേണ്ട. മിക്കവരും കാലിന് മീതെ കാലും കയറ്റി ഇരിക്കാറുണ്ട്, അത് പാടില്ല. ഇരു കാലുകളും നേരെ വച്ച് ഇരിക്കാം. ഉത്തരങ്ങൾ ചോദ്യകർത്താവിന്‍റെ മുഖത്ത് നോക്കി വേണം പറയാൻ. നിറഞ്ഞ ആത്മവിശ്വാസത്തെയാണ് അത് പ്രതിഫലിപ്പിക്കുക. ഉദ്യോഗാർത്ഥിക്ക് സ്വന്തം വിഷയത്തിൽ പരന്ന അറിവ് സുപ്രധാനമാണ്. എന്നാൽ മറ്റേതെങ്കിലും വിഷയത്തെ സംബന്ധിച്ച് ചോദ്യം നേരിടേണ്ടി വരികയാണെങ്കിൽ അതിനുള്ള മറുപടി അറിയില്ലെങ്കിൽ തെല്ലും പരിഭ്രമിക്കാതെ അക്കാര്യം ഉദ്യോഗാർത്ഥിക്ക് തുറന്ന് പറയാം.
പ്രസന്‍റേഷൻ സ്‌കിൽ
വൻകിട കമ്പനികൾ ഉദ്യോഗാർത്ഥിയുടെ പ്രസന്‍റേഷൻ സ്‌കിൽ പരിശോധിക്കാറുണ്ട്. സ്വന്തം കമ്പനിയെ ക്ലൈന്‍റിന് മുന്നിൽ അവതരിപ്പിക്കുന്നതിനെയാണ് പ്രസന്‍റേഷൻ സ്‌കിൽ എന്നു പറയുന്നത്. ക്ലൈന്‍റിനുവേണ്ടി കമ്പനിയുടെ പ്രൊജക്‌റ്റ് തയ്യാറാക്കുന്നത് തുടങ്ങി അവർക്കു മുമ്പിൽ കമ്പനിയെ പ്രസന്‍റ് ചെയ്യുന്നതു വരെ ഇതിലുൾപ്പെടും. പ്രസന്‍റേഷന് മുന്നോടിയായി കമ്പനിയെക്കുറിച്ച് നന്നായി മനസ്സിലാക്കുക പ്രധാനമാണ്.
മോഡൽ ഗ്രൂമിംഗ്
മോഡൽ ഗ്രൂമിംഗിനെക്കുറിച്ച് കൊൽക്കത്തയിലെ അറിയപ്പെടുന്ന ഗ്രൂമിംഗ് ബ്യൂട്ടി എക്‌സ്‌പെർട്ട് എസ്‌തർ ചെൻ പറയുന്നതിങ്ങനെയാണ്. മോഡലിംഗ് പല തരത്തിലുള്ളവയാണ്. ടിവി മോഡലിംഗ്, ആഡ് മോഡലിംഗ്, കാറ്റലോഗ് മോഡലിംഗ്, പ്രിന്‍റ് മോഡലിംഗ്, പ്രൊമോഷണൽ മോഡലിംഗ് എന്നിവ. മോഡലിംഗ് ചെയ്യാൻ നല്ല ഉയരം വേണമെന്നത് ഒരു തെറ്റിദ്ധാരണയാണ്. പാദങ്ങൾക്കുള്ള ക്രീമിന്‍റെ പരസ്യമാണെങ്കിലോ പ്രിന്‍റ് മീഡിയയിൽ വരുന്ന പരസ്യമാണെങ്കിലോ മോഡലിന്‍റെ പാദവും മുഖവും ആവും ഫോക്കസ് ചെയ്യുക. ഇവിടെ ഉയരം ഒരു പ്രശ്മാകുന്നേയില്ല. സ്ലിമ്മിംഗ് സെന്‍ററിന്‍റെ പരസ്യമാണെങ്കിൽ തടിച്ചതോ മെലിഞ്ഞതോ ആയ മോഡലുകൾക്ക് പ്രിയമേറും.
മോഡൽ ഗ്രൂമിംഗിലെ അവിഭാജ്യ ഘടകമാണ് കൊറിയോഗ്രാഫി. അവ രണ്ട് തരത്തിലുണ്ട്. മോഡൽ കൊറിയോഗ്രാഫി, ഡാൻസ് കൊറിയോഗ്രാഫി, റാമ്പിൽ എവിടെ വരെ നടക്കണം, എവിടെ വന്ന് നിൽക്കണം, എവിടെ നിന്ന് തിരിയണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മോഡൽ കൊറിയോഗ്രാഫിയിൽ പഠിപ്പിക്കുക. ഡാൻസ് കൊറിയോഗ്രാഫിയിലാകട്ടെ ഡാൻസിലാവും ഫോക്കസ് ചെയ്യുക. ഒരു പരിധിവരെ അഭിനയവും മോഡൽ ഗ്രൂമിംഗിന്‍റെ ഭാഗമായി വരുന്നുണ്ട്. ഒപ്പം ബോഡി ലാംഗ്വേജിനും തല്യപ്രാധാന്യമുണ്ട്. മുഖത്തെ ഭാവഹവാദികളും മര്യാദയോടെയുള്ള ഇരിപ്പും നടപ്പും കാണികളെ നോക്കുന്ന രീതിയും റാമ്പിൽ നടക്കുമ്പോൾ മുഖത്തുണ്ടാവുന്ന ആത്മവിശ്വാസത്തിന്‍റെ പ്രതിഫലനവുമൊക്കെ ബോഡി ലാഗ്വേജിൽ ഉൾപ്പെടുന്നു.
സോഷ്യൽ ഗ്രൂമിംഗ്
സമൂഹത്തിൽ എല്ലാ വിഭാഗം ആളുകളുമായി ഇടപഴകേണ്ടി വരുന്നതും അനിവാര്യമാണെന്നതാണ് സോഷ്യൽ ഗ്രൂമിംഗിനെക്കുറിച്ച് മുൻമോഡലും ഗ്രൂമിംഗ് എക്‌സ്‌പെർട്ടുമായ നോയനികാ ചാറ്റർജി പറയുന്നത്.
ഇതൊരു സാധാരണ നിയമമാണ്. എന്നാൽ ഉദ്യോഗത്തെയോ മോഡലിംഗിനെയോ സംബന്ധിച്ചാണെങ്കിൽ അവിടെ സ്വന്തമിഷ്‌ടാനിഷ്‌ടങ്ങൾക്ക് സ്‌ഥാനമുണ്ടായിരിക്കുകയില്ല. എപ്പോഴും ഏതെങ്കിലും തരത്തിലുള്ള പരിസ്‌ഥിതിയെയോ അനുഭവത്തെയോ പ്രശ്നത്തെയോ നേരിടേണ്ടതായി വരും. ചിലപ്പോൾ സമൂഹത്തിൽ നമുക്ക് ചിലയാളുകളെ ഇഷ്‌ടപ്പെടുകയോ മറ്റ് ചിലരെ ഇഷ്‌ടപ്പെടാതെ വരികയോ ചെയ്യാം. ഈ സാഹചര്യത്തിൽ സ്വന്തം മാനസികാവസ്‌ഥ വെളിപ്പെടുത്താതിരിക്കുകയാണ് വേണ്ടത്.
ഏത് ജോലിയായാലും വ്യക്‌തിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. നിറഞ്ഞ ആത്മവിശ്വാസവും പ്രധാനമാണ്. മുഖത്ത് നേരിയൊരു പുഞ്ചിരി എപ്പോഴുമുണ്ടാകണം.
ടേബിൾ മാനേഴ്‌സ് അതിഥികൾ
ഇതിൽ പല കാര്യങ്ങളുണ്ട്. ടേബിളിൽ ഇരിക്കുന്നതിനുള്ള ഒരു പൊതുവായ രീതിയുണ്ട്. ടേബിളിൽ കൈമുട്ട് കുത്തി ഇരിക്കരുത്. ഡൈനിംഗ് ടേബിളിൽ വളരെ മര്യാദയോടെ വേണം നാപ്‌കിൻ തുറക്കാൻ. ഭക്ഷണം കഴിക്കുന്നതിനിടയിൽ വായ തുടയ്‌ക്കേണ്ടതുണ്ടെങ്കിൽ നാപ്‌കിന് പകരം ടിഷ്യൂ പേപ്പർ ഉപയോഗിക്കാം. സൂപ്പ് കുടിക്കുന്നതിനും ഒരു രീതിയുണ്ട്. സൂപ്പ് ബൗൾ വായ്‌ക്കകത്തേക്ക് കടത്തി വെച്ച് കഴിക്കുന്നതിനുപകരം ചുണ്ടിൽ മുട്ടിച്ച് കുടിക്കുക. ഭക്ഷണം കഴിക്കുമ്പോൾ കത്തിയും മുള്ളും വലിയ ശബ്‌ദത്തോടെ ഉപയോഗിക്കരുത്.
അതിഥി സൽക്കാര മര്യാദകളും ഗ്രൂമിംഗിന്‍റെ ഭാഗമായി വരുന്ന കാര്യങ്ങളാണ്. വീട്ടിൽ ഡിന്നറോ ലഞ്ചോ കഴിക്കുമ്പോഴോ പാർട്ടിയാഘോഷമായാലോ തീൻമേശ മര്യാദകൾ പാലിച്ചിരിക്കണം. വീട്ടിൽ ഗെറ്റ്‌റ്റുഗദർ സംഘടിപ്പിക്കുന്നുവെങ്കിൽ അതിഥികളെ പരസ്‌പരം പരിചയപ്പെടുത്തുകയെന്നത് ആതിഥേയന്‍റെ ആദ്യത്തെ കടമയാണ്. അതിഥികൾ പിരിയുമ്പോൾ ക്ഷണമനുസരിച്ച് എത്തിയതിന് അവരോട് ഹൃദയംഗമമായ നന്ദി അറിയിക്കാനും മറക്കരുത്.