ചിലർക്ക് ഷോപ്പിംഗ് ഒരു ഹരമാണ്. ഹോബി എന്താണ് എന്നു ചോദിച്ചാൽ ഉത്തരം ദാ വന്നു. ഷോപ്പിംഗ്! ചിലർക്ക് ടെൻഷൻ വന്നാൽ അത് മറക്കാനുള്ള മാർഗ്ഗമാണ് ഷോപ്പിംഗ്. ഇങ്ങനെ ആവശ്യത്തിനും അതിലേറെ അനാവശ്യത്തിനുമായി നിർലോഭം പണം ചെലവഴിക്കുന്നവരുണ്ട്. എന്നാൽ ചിലരാകട്ടെ, അറുത്ത കൈയ്‌ക്ക് ഉപ്പു തേയ്‌ക്കാത്ത അറുപിശുക്കന്മാരെപ്പോലെ വില കുറഞ്ഞ സാധനങ്ങൾക്കു പിന്നാലെ പോകും. ഫ്രീ എന്നു കേട്ടാൽ ചിലർ ചാടി വീഴും. യഥാർത്ഥത്തിൽ ഷോപ്പിംഗ് രസകരമായ അനുഭവമാണ്. അതിന്‍റെ ഫൺ കൂട്ടുന്ന മറ്റൊരു രസകരവും ആദായകരവുമായ സംഗതിയാണ് ബാർഗെയിനിംഗ് അഥവാ വിലപേശൽ.
എന്നാൽ ഒരു നിശ്ചിത പരിധിക്കുള്ളിൽ നിന്നുള്ള വിലപേശലേ നമുക്കു ശീലമുള്ളൂ. സൂപ്പർ മാർക്കറ്റ്, മാൾ ട്രെന്‍റുകളും, എംആർപി ലേബലും മാത്രമാണോ ബാർഗെയിനിംഗിൽ നിന്ന് നമ്മെ അകറ്റി നിർത്തുന്നത്. വില കുറച്ചു തരണമെന്ന് ചോദിക്കുന്നത് കുറച്ചിലല്ലേ എന്ന ചിന്ത, അതായത് നാണക്കേട് ഓർത്താണ് പലരും വിലപേശലിന് തുനിയാത്തത്. ഇവിടെ റെഡി ക്യാഷ് കൊടുത്ത് സാധനം വാങ്ങുന്നയാൾ മറ്റൊരു നാട്ടിൽ ചെന്നാൽ ബാർഗെയിനിംഗ് ചെയ്യും!
വിലപേശൽ അല്‌പം സമയം കളയുന്ന ഏർപ്പാടാണ്. വേണ്ടത്ര സമയവും, ഷോപ്പിംഗ് ആസ്വദിക്കാനുള്ള മനസ്സും ആരോഗ്യമുള്ള ശരീരവുമുണ്ടെങ്കിൽ നിങ്ങൾക്ക് സുഖമായി ബാർഗെയിൻ ചെയ്യാം!
വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങളുടെ ഏകദേശ ധാരണ, വിലയടക്കം മുൻകൂട്ടി മനസ്സിലാക്കി വച്ചാൽ ഷോപ്പിംഗും വിലപേശലും കുശാലാക്കാം. വലിയ തിരക്കുള്ള കടകളിലും അമിതമായ ശബ്‌ദഘോഷങ്ങളുമുള്ള ഷോപ്പിംഗ് സെന്‍ററുകളിലും വിലപേശൽ എളുപ്പമാകില്ല. കടക്കാരൻ പ്രകോപിച്ചാൽ പോലും ക്ഷമ കൈവിടാതിരിക്കുക. വാങ്ങാനുദ്ദേശിക്കുന്ന ഇഷ്‌ടമുള്ള സാധനം കണ്ടാലും, ആ ഇഷ്‌ടം പുറത്തു പ്രകടിപ്പിക്കാതെ ഇതിന്‍റെ ഡിസ്‌കൗണ്ട് എത്ര കിട്ടും എന്നു ചോദിക്കാൻ ശീലിച്ചു നോക്കൂ. വിലപേശാൻ തയ്യാറായിട്ടാണ് പോകുന്നതെങ്കിൽ കയ്യിൽ ചില്ലറ കരുതേണ്ടത് അനിവാര്യമാണ്. വിലപേശി കുറച്ച പണം, വലിയ നോട്ടു കാണുമ്പോൾ ചില്ലറയില്ലെന്ന പേരിൽ കളയാതിരിക്കാമല്ലോ?
ചിലർ സമ്മർദ്ദങ്ങളും ടെൻഷനും ഉള്ള സമയത്ത്, അതു കുറയ്‌ക്കാനെന്ന രീതിയിലും ഷോപ്പിംഗ് ചെയ്യും. ഇത്തരം അവസരങ്ങൾ ഒരിക്കലും വിലപേശലിനുള്ള മൂഡ് നിങ്ങൾക്ക് നൽകിയെന്നും വരില്ല. എന്തായാലും ഇനി ഷോപ്പിംഗ് ചെയ്യാൻ പോകുമ്പോൾ ഒന്നു ബാർഗെയിൻ ചെയ്‌തു നോക്കൂ...
കച്ചവട തന്ത്രങ്ങളില്ലാത്ത സാധാരണ വ്യക്‌തിയാണോ നിങ്ങൾ? എങ്കിൽ ഒരു തമാശയായി മാത്രം വിലപേശലിനെ കാണുക. പോവുമ്പോൾ ഒരു കാര്യം മറക്കാതിരിക്കുക. ആവശ്യത്തിനു ഭക്ഷണം കഴിച്ചു ഊർജ്‌ജം സംഭരിച്ചു മാത്രം ഷോപ്പിംഗിനിറങ്ങുക. ഇനി റിലാക്‌സ് ചെയ്‌ത് വിലപേശുക... കീശയിൽ അല്‌പം മണി കിലുക്കം...
ഷോപ്പിംഗിലേയും വിലപേശലിലേയും അനുഭവങ്ങൾ പങ്കുവയ്‌ക്കുകയാണ് അഭിനേത്രിയും ഫാഷൻ ഡിസൈനറുമായ ഊർമ്മിള ഉണ്ണി, ആൾ ഇന്ത്യാ റേഡിയോ ആർ.ജെ. നീനു എം സുനിൽ, നോക്കിയ സൊലൂഷൻസ് സ്‌പെഷ്യലിസ്‌റ്റ് രതീഷ് സി.ആർ, ചിത്രകാരിയും വീട്ടമ്മയുമായ അനിതാ മോഹൻ എന്നിവർ.