പടക്കം പൊട്ടിച്ചും മൺചിരാതുകൾ കത്തിച്ചും വൈദ്യുത ദീപങ്ങൾ കൊണ്ട് വീട് അലങ്കരിച്ചും ഉപഹാരങ്ങൾ നൽകിയുമൊക്കെയാണല്ലോ നാം ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാറുള്ളത്. വർണ്ണക്കാഴ്‌ചകളും ശബ്‌ദ വിസ്‌മയങ്ങളും തീർക്കുന്ന വിവിധതരം പടക്കങ്ങൾ ദീപാവലിയുടെ ഏറ്റവും വലിയ ആകർഷണമാണ്. എന്നാൽ ചെറിയ അശ്രദ്ധ മതി ആഹ്ലാദത്തിന്‍റെ നാളുകളെ ദു:ഖത്തിലാഴ്‌ത്താൻ. വൈദ്യുത വിളക്കിൽ നിന്നും തീ പടർന്നും പടക്കം പൊട്ടിത്തെറിച്ചുമൊക്കെ ഈ അവസരത്തിൽ അപകടങ്ങൾ ഏറെയുണ്ടാവാറുണ്ട്. ഇത്തരം അപകടങ്ങളിൽ പെടുന്നത് ഏറിയ പങ്കും സ്‌ത്രീകളും കുട്ടികളുമായിരിക്കുമെന്നതാണ് മറ്റൊരു വസ്‌തുത. അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ പടക്കം പൊട്ടിക്കാതിരുന്നാൽ പോരെയെന്നു ചോദിച്ചാൽ കുട്ടികൾ സമ്മതിക്കുമോ? കമ്പിത്തിരി, മേശപ്പൂ, ചക്രം, മാലപ്പടക്കം, ഓലപ്പടക്കം എന്നിവയ്‌ക്ക് തിരി കൊളുത്തി തന്നെ ദീപാവലി ആഘോഷിച്ചോളൂ, എന്നാൽ മുൻകരുതൽ വേണമെന്നു മാത്രം.
ശ്രദ്ധിക്കുക
- പൊട്ടാത്ത പടക്കമെടുത്ത് വീണ്ടും പൊട്ടിക്കാൻ ശ്രമിക്കരുത്. അകത്ത് തീപ്പൊരിയുണ്ടെങ്കിൽ പടക്കം വീണ്ടും പൊട്ടിയെന്നു വരാം. അല്‌പ സമയം ഇതിനടുത്തേക്ക് പോകാതിരിക്കുക. ശേഷം വെള്ളം തളിച്ച് പടക്കത്തിന്‍റെ തീ കെട്ടുവെന്ന് ഉറപ്പു വരുത്താം.
- ലോഹ പാത്രത്തിൽ പടക്കം പൊട്ടിക്കരുത്.
- കുട്ടികളുടെ കൈയെത്തുന്നിടത്തും ജ്വലനശക്‌തിയുള്ള വസ്‌തുക്കൾക്കരികിലും പടക്കം സൂക്ഷിക്കരുത്.
- പടക്കം പൊട്ടിക്കുന്ന അവസരത്തിൽ അപകടമുണ്ടാവുന്നതിനുള്ള സാധ്യതയേറെയാണെന്നതിനാൽ ഇതിനടുത്തായി ഒരു ബക്കറ്റ് വെള്ളം കരുതുക.
- പടക്കം പൊട്ടിക്കഴിഞ്ഞയുടനെ പടക്കത്തിന്‍റെ അവശിഷ്‌ടങ്ങൾക്കു മീതെ വെള്ളം തളിക്കണം. പൊട്ടിയ പടക്കത്തിലും കുറച്ചു സമയം വരെ ചൂടും തീപ്പൊരിയുമുണ്ടാവും. കൗതുകം കാരണം കുട്ടികൾ പൊട്ടിയ പടക്കം വീണ്ടുമെടുക്കാൻ ശ്രമിച്ചുവെന്നു വരാം.
- പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ എങ്ങനെ നൽകണമെന്നതിനെക്കുറിച്ച് വ്യക്‌തമായ അറിവുണ്ടായിരിക്കണം. 90% പൊള്ളൽ കേസുകളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണെന്നതിനാൽ കേവലം മുൻകരുതൽ കൊണ്ട് മാത്രം കാര്യമില്ല. അപകട സമയത്തെടുക്കുന്ന രക്ഷാനടപടികൾക്കും ഏറെ പ്രാധാന്യമുണ്ട്. പൊള്ളലേറ്റ ആൾക്ക് നൽകുന്ന ആദ്യപരിചരണം പൊള്ളലിന്‍റെ കാഠിന്യം കുറയ്‌ക്കുന്നതിനു സഹായകരമാണ്.
നിസ്സാര പൊള്ളലിന്
- പൊള്ളലേറ്റ ഭാഗത്തുള്ള വസ്‌ത്രം ഉടനടി മാറ്റുക. ചർമ്മത്തോടു ചേർന്ന് വസ്‌ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കിൽ അത് വലിച്ചെടുക്കാൻ ശ്രമിക്കരുത്.
- പൊള്ളലേറ്റ ഭാഗത്ത് തുണി നനച്ച് ഏകദേശം 3 മുതൽ 5 മിനിറ്റ് വരെ വയ്‌ക്കുക. ഐസ് ഉരസരുത്, ഇങ്ങനെ ചെയ്‌താൽ ഉണങ്ങാൻ കാലദൈർഘ്യമെടുത്തെന്നു വരാം.
- പൊള്ളലേറ്റ ഭാഗത്ത് വെണ്ണ, പൗഡർ, മറ്റുവസ്‌തുക്കൾ പുരട്ടാൻ ശ്രമിക്കരുത്. ഇതിലൂടെ അണുബാധയേൽക്കാനുള്ള സാധ്യതയേറെയാണ്.
- നിസ്സാര പൊള്ളലേയുള്ളൂവെങ്കിൽ ഈ ഭാഗം ആദ്യം വൃത്തിയാക്കുക. ശേഷം ഇടവിട്ട് ഈ ഭാഗത്ത് കൂൾ കംപ്രസ്സ് ചെയ്യാം. അടുത്ത 24 മണിക്കൂർ ലൂസ് ഡ്രസ്സിംഗ് ചെയ്യാം.
- ഡോക്‌ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം കുട്ടികൾക്ക് വേദനസംഹാരി നൽകുക.
ഗുരുതരമായ പൊള്ളൽ
- പൊള്ളലേറ്റ ഭാഗത്ത് 5 മിനിറ്റിലധികം തണുത്ത വെള്ളമൊഴിക്കരുത്. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ.
- പൊള്ളലേറ്റ ഭാഗം ഡ്രസ്സ് ചെയ്യുന്നതിനു വൃത്തിയുള്ള തുണി ഉപയോഗിക്കുക. പൊള്ളലേറ്റയാളെ കഴിവതും വേഗം ആശുപത്രിയിലെത്തിക്കണം.
- ശുദ്ധവായു കിട്ടുന്ന വിധത്തിൽ കിടത്തണം.
ഡോക്‌ടറുടെ സഹായം തേടാം
കുട്ടിയ്‌ക്ക് കാര്യമായ പൊള്ളലാണ് ഏറ്റിരിക്കുന്നത്. പക്ഷേ കാഴ്‌ചയ്‌ക്ക് അതത്ര ഗൗരവമുള്ളതായി തോന്നുന്നില്ലെങ്കിൽ പൊള്ളലേറ്റ ഭാഗത്ത് വെറ്റ് കംപ്രസ്സ് ഉപയോഗിക്കരുത്. കുട്ടിയുടെ ശരീരോഷ്‌മാവ് പെട്ടെന്ന് താഴാനിടവരും. ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും അസ്വസ്‌ഥതകൾ തോന്നുന്ന പക്ഷം ഡോക്‌ടറുടെ സഹായം തേടാൻ മടിക്കരുത്.
- അഗ്നിബാധ, ഇലക്‌ട്രിക്ക് വയർ, രാസവസ്‌തുക്കൾ മൂലം പൊള്ളൽ ഏൽക്കുകയാണെങ്കിൽ.
- മുഖം, ശിരസ്സ്, കൈ, രഹസ്യഭാഗ ങ്ങൾ എന്നിവിടങ്ങളിൽ പൊള്ളൽ ഏൽക്കുന്ന പക്ഷം.
- നീര്, പഴുപ്പ്, പൊള്ളലേറ്റ ഭാഗത്ത് ചുവന്ന കുരുക്കൾ പ്രത്യക്ഷപ്പെടുക.
എന്താണ് പൊള്ളൽ?
ചർമ്മത്തിന്‍റെ ഏറ്റവും പുറംപാളിയെയാണ് പൊള്ളൽ രൂക്ഷമായി ബാധിക്കുന്നത്. ശേഷം ചുവട്ടിലുള്ള പാളികളിലേയ്‌ക്ക് ഇത് വ്യാപിക്കും. പൊള്ളലിന്‍റെ തീവ്രത, ചൂടിന്‍റെ കാഠിന്യം, ചർമ്മത്തിന്‍റെ കനം എന്നിങ്ങനെയുള്ള വസ്‌തുക്കളെ ആശ്രയിച്ചായിരിക്കും ഇത്. സെൻസിറ്റീവ് സ്‌കിൻ ആണെന്നതിനാൽ കുട്ടികളിലും വൃദ്ധരിലും പൊള്ളലേൽക്കുമ്പോൾ മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറെയാണ്. 70 വയസ്സുള്ള ഒരാളിൽ 10% പൊള്ളൽ പോലും അപകടം ക്ഷണിച്ചു വരുത്തുന്നു.
നേരിയ പൊള്ളലാണേൽക്കുന്നതെങ്കിൽ ചർമ്മം പെട്ടെന്നു തന്നെ സാധാരണ സ്‌ഥിതിയിലാവാറുണ്ടല്ലോ? ഈയൊരവസരത്തിൽ ഹെയർ ഫോളിക്കിൾസ്, സ്വറ്റ് ഗ്ലാന്‍റ്സ്, സെബേഷ്യസ് ഗ്ലാന്‍റ് എന്നിവ പൂർവ്വ സ്‌ഥിതിയിലെത്തുന്നതിനു കാലതാമസമെടുക്കുകയില്ല. ചർമ്മത്തിന്‍റെ പുറം പാളിയിലാണ് പൊള്ളലേറ്റിരിക്കുന്നതെങ്കിൽ കുമിളകൾ പ്രത്യക്ഷപ്പെടുകയും
ദ്രവരൂപത്തിലുള്ള സ്രവം നിർഗമിക്കുകയും ചെയ്യും. കുമിളകളിൽ രൂക്ഷമായ വേദനയും അനുഭവപ്പെടാം. അണുബാധയേൽക്കാതിരുന്നാൽ പൊള്ളൽ എളുപ്പം ഭേദപ്പെടും. ചർമ്മത്തിൽ പാടുകൾ വീഴുകയുമില്ല.
പൊള്ളൽ ഗുരുതരമാണെങ്കിൽ
സ്‌കിൻ ഗ്രാഫ്‌റ്റിംഗും സർജറിയും ആവശ്യമായി വരാം.
- അഗ്നിബാധ, രാസവസ്‌തുക്കൾ മൂലമുള്ള പൊള്ളൽ ആഴമുള്ളതായിരിക്കും. പൊള്ളൽ ഭേദപ്പെടാൻ കാലതാമസമെടുക്കുമെന്നു മാത്രമല്ല ചർമ്മത്തിൽ പൊള്ളലേൽപ്പിച്ച ആഘാതം ഒരു പാടായി അവശേഷിക്കുകയും ചെയ്യും.
- വൈദ്യുതി, ജ്വലനശക്‌തിയുള്ള രാസവസ്‌തുക്കൾ, അഗ്നിബാധ മൂലമുള്ള പൊള്ളൽ ആഴമേറിയതും വേദനാജനകവുമായിരിക്കും. ഈ അവസ്‌ഥയിൽ ഞരമ്പുകൾക്ക് വരെ ക്ഷതമേറ്റെന്നുവരാം. ഉചിതമായ ചികിത്സയുടെ അഭാവത്തിൽ ചർമ്മത്തിൽ പാടുകൾ വീഴുന്നതിനും രൂപമാറ്റം സംഭവിക്കുന്നതിനും സാധ്യതയുണ്ട്.
ഗ്രാഫ്‌റ്റിംഗ് എത്രത്തോളം വിജയകരമാണ്?
പൊള്ളലേറ്റ ശേഷം ഒരാഴ്‌ചയ്‌ക്കുള്ളിൽ ഗ്രാഫ്‌റ്റിംഗ് ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് മുഖം, കൈ, സന്ധികൾ എന്നീ ശരീരഭാഗങ്ങളിൽ ഗ്രാഫ്‌റ്റിംഗ് ചെയ്യുന്നത് ഉചിതമായിരിക്കും. ചർമ്മത്തിൽ ചുളിവുകൾ പ്രത്യക്ഷപ്പെടുകയില്ല. ശരീരത്തിലെ ക്ഷതമേൽക്കാത്ത ഭാഗത്തിലെ ചർമ്മം പ്രത്യേകിച്ച് തുട ഭാഗത്തെ ചർമ്മമാണ് ഗ്രാഫ്‌റ്റിംഗിനായി ഉപയോഗിക്കുന്നത്.
ഗ്രാഫ്‌റ്റിംഗ് പ്രയോജനങ്ങൾ
- ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമ്മം. ഇത് അണുബാധയേൽക്കാതെ ശരീരത്തെ സംരക്ഷിക്കുന്നു. പൊള്ളലേറ്റയുടനെ അധികം വൈകാതെ ഗ്രാഫ്‌റ്റിംഗ് ചെയ്യുകയാണെങ്കിൽ അണുബാധയേൽക്കാനുള്ള സാധ്യത നന്നേ കുറയും.
- ചർമ്മത്തിൽ ചുളിവുകളും മറ്റു തരത്തിലുള്ള കാഠിന്യങ്ങളും കുറയും.
- ആശുപത്രിയിൽ ഏറെ തങ്ങേണ്ടി വരികയില്ല. ഫലപ്രദവുമായിരിക്കും. അത്യാധുനിക സൗകര്യങ്ങൾ, ഉപകരണങ്ങൾ, വിദഗ്‌ധ ഡോക്‌ടറുടെ സഹായം എന്നിവ ലഭിച്ചാൽ മാത്രമേ ഗ്രാഫ്‌റ്റിംഗ് പൂർണ്ണമായും വിജയകരമാവുകയുള്ളൂ.