സിന്ദൂരക്കുറി ചാർത്തി, കുപ്പിവളയിട്ട് കുങ്കുമ വർണ്ണത്തിലുള്ള മനോഹരമായ കോട്ടൺ സാരി ചുറ്റി പുഞ്ചിരിയോടെ ആ പെൺകുട്ടി കടന്നു വന്നു. കണ്ടാൽ വെളുത്തുമെലിഞ്ഞൊരു ഉത്തരേന്ത്യൻ സുന്ദരി. ചെമ്പു നിറമുള്ള നീണ്ട മുടി സുന്ദരമായി ചീകി കുളിപ്പിന്നലിട്ടിരിക്കുന്നു. തനി മലയാളി സ്‌റ്റൈൽ തന്നെ. പാരിസ് ലക്ഷ്‌മി. അവളുടെ പേരിൽ പോലുമുണ്ട് ഭാരതീയത. ഇന്ത്യയേയും ഇന്ത്യൻ സംസ്‌കാരത്തേയും കലകളേയും സ്‌നേഹിച്ച് കടൽകടന്നു വന്ന സുന്ദരിക്കുട്ടി ഇപ്പോൾ മലയാളത്തിന്‍റെ മരുമകളാണ്. ഭാരതത്തിന്‍റെ യശസുയർത്തുന്ന നർത്തകിയും!
അഞ്ചു വർഷത്തെ പ്രണയത്തിനിടയിലാണ് ഫ്രഞ്ച് സ്വദേശി മരിയം സോഫിയ ലക്ഷ്‌മി എന്ന പാരിസ് ലക്ഷ്‌മിയും പ്രശസ്‌ത കഥകളികലാകാരൻ പള്ളിപ്പുറം സുനിലും വിവാഹിതരായത്. ഇത് കേവലം യാദൃച്‌ഛികമായ സംഭവങ്ങളല്ല, ആലോചിച്ചുറപ്പിച്ച തീരുമാനങ്ങൾ. യഥാർത്ഥത്തിൽ ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊരു സംസ്‌കാരത്തിലേക്കുള്ള തീർത്ഥാടനം. ലക്ഷ്‌മിയേപ്പോലെ കടൽ കടന്ന് വരുന്ന വധുക്കൾക്ക് മറുനാട്ടിലേക്കുള്ള ഈ യാത്ര ഒരു കൂടുമാറ്റം തന്നെയാണ്. ആന്തരികമായും ബാഹ്യമായും. ഇങ്ങനെ വന്ന വധുക്കളിൽ ഒരു തീർത്ഥാടനം പോലെ ഈ മാറ്റത്തെ കാണുന്ന വിദേശയുവതിയാണ് പാരിസ് ലക്ഷ്‌മി.
ഫ്രഞ്ച് കവി ക്വിനോവസിന്‍റേയും ചിത്രകാരി പെട്രീഷ്യയുടേയും മകളാണ് ലക്ഷ്‌മി. 30 വർഷം മുമ്പാണ് ലക്ഷ്‌മിയുടെ മാതാപിതാക്കൾ ആദ്യമായി ഇന്ത്യ സന്ദർശിക്കാനെത്തുന്നത്. അന്നു മുതൽ ഇന്ത്യൻ സംസ്‌കാരത്തോടും നൃത്ത സംഗീതകലകളോടും അടങ്ങാത്ത അഭിനിവേശം ആയി. ഇന്ത്യൻ കലകളോടുള്ള സ്‌നേഹം നിമിത്തമാണ് സ്വന്തം മക്കൾക്ക് ലക്ഷ്‌മിയെന്നും നാരായണനെന്നും അവർ പേരു നൽകിയതു പോലും.
“ഡാൻസ് എനിക്ക് കുട്ടിക്കാലം മുതൽ വളരെ ഇഷ്‌ടമാണ്. ഞാൻ ഫ്രാൻസിൽ വച്ച് നൃത്തം അഭ്യസിക്കുന്നുണ്ടായിരുന്നു. ഒമ്പതാം വയസ്സിൽ ഭരതനാട്യം കാണാനിടയായ ശേഷം അതു പഠിക്കാൻ ഞാൻ ഇഷ്‌ടപ്പെട്ടു” ലക്ഷ്‌മി പറയുന്നു. ആയിടയ്‌ക്ക് കേരളത്തിൽ വന്നപ്പോൾ ഫോർട്ടുകൊച്ചിയിൽ വച്ചാണ് പിതാവിനൊപ്പം പള്ളിപ്പുറം സുനിൽ എന്ന കഥകളി കലാകാരനെ ലക്ഷ്‌മി പരിചയപ്പെടുന്നത്. അന്ന് കഥകളിയുടേയും ഭരതനാട്യത്തിന്‍റേയും കടുംവർണ്ണങ്ങൾ ലക്ഷ്‌മിയുടെ മനസ്സിനെ ത്രസിപ്പിച്ചു. “പത്ത് വർഷങ്ങൾ കഴിഞ്ഞ് പത്മ സുബ്രഹ്‌മണ്യത്തിനു കീഴിൽ ഭരതനാട്യം പഠിക്കാൻ ഇന്ത്യയിൽ എത്തിയപ്പോഴാണ് സുനിലിനെ വീണ്ടും കാണുന്നത്. ഇതിനിടയിൽ പിതാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു സുനിലിന്.
“ലക്ഷ്‌മിക്ക് കലയോടുള്ള ആത്മാർത്ഥത ബോധ്യപ്പെട്ടപ്പോൾ എനിക്ക് വലിയ ആരാധന തോന്നി” പള്ളിപ്പുറം സുനിൽ പറയുന്നു. “നാട്ടിലുള്ളവർ പോലും ഇന്ത്യൻ കലകളെ ഇത്ര ബഹുമാനത്തോടെ സ്വീകരിക്കില്ല” തുടക്കത്തിൽ ഇന്ത്യയിൽ നിരവധി സ്‌ഥലങ്ങളിൽ നൃത്തം അവതരിപ്പിക്കാൻ ലക്ഷ്‌മിക്ക് കഴിഞ്ഞത് സുനിലിന്‍റെ പിന്തുണ കൊണ്ടായിരുന്നു. ലക്ഷ്‌മിക്ക് സുനിലിനെ വിവാഹം കഴിക്കാൻ താൽപര്യമാണെന്നറിഞ്ഞപ്പോൾ ലക്ഷ്‌മിയുടെ രക്ഷിതാക്കൾക്കും സമ്മതമായി.
2012 ഫെബ്രുവരിയിൽ വൈക്കം മഹാദേവക്ഷേത്രത്തിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അന്ന് ലക്ഷ്‌മിയുടെ മാതാപിതാക്കളും സഹോദരനും എത്തിയിരുന്നു. സുനിലിന്‍റെ ഭാര്യയായ ശേഷം വൈക്കത്ത് കലാശക്‌തി എന്ന സ്‌ഥാപനം നടത്തുകയാണ് ലക്ഷ്‌മി. ഇവിടെ കഥകളിയും ഭരതനാട്യവും പഠിപ്പിയ്‌ക്കും. 40 ഓളം ശിഷ്യകളുണ്ട് ലക്ഷ്‌മിക്ക്.
“അച്‌ഛനും അമ്മയും ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് വളരെയധികം അറിവുള്ളവരാണ്. കുട്ടിക്കാലത്ത് മിക്കവാറും അവധിക്കാലങ്ങളിൽ അച്‌ഛനും അമ്മയും എന്നെയും അനുജനേയും കൂട്ടി ഇന്ത്യയിൽ വരുമായിരുന്നു.” ലക്ഷ്‌മി തന്‍റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർമ്മിക്കുന്നു.
“ഇന്ത്യയിൽ വരാനും താമസമാക്കാനും ആഗ്രഹിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ എനിക്കുണ്ട്. വ്യത്യസ്‌തമായ സംസ്‌കാരവുമായി ഇഴുകിച്ചേർന്ന് ജീവിക്കാൻ കഴിയുമോ എന്ന ആശങ്ക കൊണ്ടാണ് അവർ വിട്ടു നിൽക്കുന്നത്. എനിക്ക് ഇതിന് കഴിയുന്നത് എന്‍റെ കുട്ടിക്കാലം മുതൽ ഇന്ത്യ എന്തെന്ന് ഞാൻ മനസ്സിലാക്കിയതുകൊണ്ടാവാം.”
“സംസ്‌കാരം, ബന്ധങ്ങൾ, കല, വസ്‌ത്രധാരണം ഇതൊക്കെയാണ് വിദേശികളെ ഇന്ത്യ എന്ന രാജ്യം ഇത്രയേറെ ഫാസിനേറ്റ് ചെയ്യിക്കുന്നത്.”
ഒരു സംസ്കാരത്തിൽ നിന്ന് മറ്റൊരു സംസ്‌കാരത്തിലേക്ക് നടന്നു കയറിയ ഈ കലാകാരിക്ക് സ്വന്തം നാടിനെ വിട്ടുപിരിഞ്ഞ സങ്കടങ്ങളില്ല. വർഷത്തിലൊരിക്കൽ ഫ്രാൻസിൽ പോകും, ഇടയ്‌ക്ക് മാതാപിതാക്കളും അനിയനും കാണാൻ വരും. “എന്‍റെ ചെറുപ്പത്തിൽ സോൾട്ടും പെപ്പറും മാത്രമാണ് ഞാൻ കൂടുതലറിഞ്ഞ സ്വാദ്. ഇവിടെ വന്ന ശേഷമാണ് പലതരം സ്‌പൈസി ഫുഡ് കഴിക്കുന്നത്. ആദ്യമൊക്കെ മുളക് ഉപയോഗിക്കുന്നത് ഒരു വലിയ ഷോക്ക് ആയിരുന്നു!”
“കുക്ക്ബുക്ക് നോക്കി ഇവൾ നന്നായി പാചകം ചെയ്യും കേട്ടോ. കൂട്ടുകറി അസ്സലായിട്ട് ഉണ്ടാക്കും. ലക്ഷ്‌മിയുടെ പരീക്ഷണങ്ങൾ മുഴുവൻ കേക്കിലാണ്. അവൾ അത് നന്നായി ചെയ്യും” സുനിലിന്‍റെ കമന്‍റു കേട്ട് ലക്ഷ്‌മിയുടെ മുഖത്ത് നാണം കലർന്ന ചിരി.
“ഇന്ത്യൻ ടാർട്ട് ആണ് എനിക്കേറ്റവും ഇഷ്‌ടം” ചോക്ലേറ്റ് പ്രിയയായ ലക്ഷ്‌മിക്ക് കേരളത്തിൽ വന്ന ശേഷം ആകെ മിസ് ചെയ്യുന്നത് ചില സ്‌പെഷ്യൽ ഫ്രഞ്ച് ചീസ് വിഭവങ്ങൾ മാത്രം.
“സുനിലേട്ടൻ വെജിറ്റേറിയനായതുകൊണ്ട് വീട്ടിൽ അതാണ് ഉണ്ടാക്കുക. നോൺവെജ് പുറത്തുപോകുമ്പോൾ കഴിക്കും.”
ഇംഗ്ലീഷും മലയാളവും കൂട്ടിക്കലർന്ന സംസാരത്തിനിടയിൽ ലക്ഷ്‌മിയുടെ, സുനിലേട്ടൻ എന്ന പ്രയോഗം കേട്ടപ്പോൾ കൗതുകം തോന്നി. “ഇവൾ ആദ്യം മുതലേ അത് മനസ്സിലാക്കി അങ്ങനെയാണ് എന്നെ വിളിക്കുന്നത്” സുനിൽ ചിരിക്കുന്നു.
യോഗയും കണ്ടമ്പററി നൃത്തവും പരിശീലിച്ചിട്ടുള്ളതിനാൽ ലക്ഷ്‌മിയുടെ ഭരതനാട്യത്തിന്‍റെ ചടുലത ഒന്നു വേറെ തന്നെയാണ്. ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും നൃത്തം പഠിച്ചശേഷമേ അരങ്ങേറ്റം നടത്താവൂ എന്നാണ് ലക്ഷ്‌മിക്ക് പറയാനുള്ളത്. ഭാരതത്തെയും നൃത്തത്തേയും ഇത്രയേറെ സ്‌നേഹിക്കുന്ന ലക്ഷ്‌മി തന്‍റെ വലിയ ആഗ്രഹം തുറന്നു പറയുന്നു.
“എന്‍റെ നൃത്തത്തെ വിമർശിക്കുന്നതു കേൾക്കണം” സാംസ്‌കാരിക ഭിന്നതകൾക്കിടയിലൂടെയുള്ള പ്രയാണത്തിനിടെ ഭാരതീയ കലയിൽ വ്യക്‌തിമുദ്ര പതിപ്പിച്ച ഒരു വിദേശ യുവതിയുടെ അഭിലാഷമാണിത്. ഭാരതവും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുമ്പ് വാണിജ്യതാൽപര്യങ്ങളുടെ പേരിലായിരുന്നു. എന്നാൽ അതിനപ്പുറം സ്വന്തം ജീവിതത്തെ അപ്പാടെ പറിച്ചുനട്ടുകൊണ്ട് ഒരു ഫ്രഞ്ച് യുവതി ഇന്ത്യൻ സംസ്‌കാരത്തെ പ്രണയിക്കുകയാണ്. യാത്ര പറയാൻ നേരം അവർ താലത്തിൽ ഓറഞ്ചും പഴവും കൊണ്ടു വന്നു. ശരിക്കും ഒരു രവിവർമ്മ ചിത്രം പോലെ.
ഇന്ത്യയുടെ സംസ്‌കാരത്തെ സ്വീകരിച്ച് ഇന്ത്യൻ വധുക്കളായി, നാടിനു മുതൽക്കൂട്ടായ വിദേശവനിതകളിൽ പ്രശസ്‌തരായവരേറെയുണ്ട്. മുൻ രാഷ്‌ട്രപതി കെ.ആർ.നാരാണന്‍റെ ഭാര്യ ഉഷ ബർമ്മക്കാരിയായിരുന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാര്യയും യുപിഎ അദ്ധ്യക്ഷയുമായ സോണിയ ഇറ്റലിയിലെ ഒരു ഇടത്തരം കുടുംബത്തിൽ നിന്നു വന്ന വധുവാണ്.
ഇവരെപ്പോലെ പൊതുജീവിതത്തിൽ വലിയ സ്വാധീനമൊന്നും ചെലുത്തുന്നില്ലെങ്കിലും ഇന്ത്യയിലേക്ക് ധാരാളം വിദേശ വനിതകൾ മരുമക്കളായി വരുന്നുണ്ട്. അത്തരക്കാരിലൊരാളാണ് ക്രിസ്‌റ്റീന. സ്വിറ്റ്‌സർലണ്ടുകാരിയായ ക്രിസ്‌റ്റീന മലയാളിയായ ആന്‍റണിയെ വിവാഹം ചെയ്യുമ്പോൾ ഇന്ത്യയെക്കുറിച്ച് ആകെ അറിയാവുന്നത്, പാമ്പാട്ടികളുടേയും മസാലക്കൂട്ടുകളുടെയും നാട് എന്നു മാത്രമാണ്. പക്ഷേ വിവാഹ ശേഷം ക്രിസ്‌റ്റീനയും ഭർത്താവും തിരുവനന്തപുരത്ത് താമസമാരംഭിച്ചു. അതും ക്രിസ്‌റ്റീനയുടെ നിർബന്ധത്തിൽ!
“കുടുംബ ബന്ധങ്ങൾ ഇവിടെ എത്ര ഊഷ്‌മളമാണ്. നമുക്ക് ഏകാന്തത ഒരിക്കലും തോന്നുകയില്ല. ഇന്ത്യയോട് ഇപ്പോൾ എന്നെ ബന്ധിപ്പിക്കുന്ന ഘടകം ഊഷ്‌മളമായ കുടുംബ ബന്ധങ്ങൾ തന്നെ” ക്രിസ്‌റ്റീന പറയുന്നു. സ്വാർത്ഥ നേട്ടങ്ങൾക്കു വേണ്ടി ഇത്തരം വിവാഹങ്ങൾ നടത്തുന്നവരുമുണ്ട്, അതുപാടില്ല എന്നാണ് ഇവരുടെ നിർദ്ദേശം. “യഥാർത്ഥത്തിൽ ഇതെല്ലാം സങ്കീർണ്ണമായ വിഷയമാണ്. അതിനെ ലാഘബുദ്ധിയോടെ കൈകാര്യം ചെയ്യാതിരിക്കുക. ക്രോസ് കൾച്ചറൽ മാര്യേജിനു മുമ്പ് തീർച്ചയായും ദീർഘ വീക്ഷണം ആവശ്യമാണ്. ഒന്നോ രണ്ടോ വാചകത്തിൽ പറഞ്ഞു തീർക്കാവുന്ന ഒരു കാര്യമല്ല ഇത്.” വിദേശ വനിതയെ വിവാഹം ചെയ്‌ത സിനിമാ സംവിധായകൻ രാജീവ് വിജയ രാഘവൻ പറയുന്നു.
നാലു വർഷമായി റഷ്യയിലെ ആയുർവേദ ആശുപത്രിയിൽ നഴ്‌സായ രാഹുലിന് വധുവായി വന്നത് കൂട്ടുകാരിയായ ജുനൈൽ എന്ന റഷ്യൻ യുവതിയാണ്. ഒരേ കെട്ടിട സമുച്ചയത്തിൽ ജോലി ചെയ്യവേ ഇവർ പരിചയപ്പെടുകയായിരുന്നു.
“വീട്ടുകാർക്ക് വിവാഹത്തിന് എതിരില്ലായിരുന്നു. ഇന്ത്യൻ സംസ്‌കാരത്തോട് പണ്ടേ ഇഷ്‌ടമാണ്. അതുകൊണ്ടാണ് കേരളത്തിൽ വച്ച് വിവാഹം കഴിച്ചത്.” പാലക്കാട്ടെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് രാഹുലിന്‍റേയും ജുനൈലിന്‍റേയും അടുത്ത ബന്ധുക്കളും പങ്കെടുത്തിരുന്നു. സ്‌നേഹമാണ് എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന ഘടകം. ബാക്കി എല്ലാം അതിനെ പിന്തുടർന്ന് വരും എന്നാണ് ഇവരെല്ലാം ചിന്തിക്കുന്നത്. ഇന്ത്യക്കാർ സംസ്‌കാര സമ്പന്നരാണ്. അതേസമയം അൽപം യാഥാസ്‌ഥിതിക സമൂഹമാണ്. എന്നാൽ വിദേശ നാടുകളിലേക്കു ചെല്ലുമ്പോൾ താരതമേന്യ തുറന്ന മനസ്സുള്ള സമൂഹമാണുള്ളത് എന്ന കാഴ്‌ചപ്പാടും ഇവർക്കെല്ലാമുണ്ട്.
ഇന്ത്യയ്‌ക്കകത്തു തന്നെ വിവിധ സംസ്‌കാരങ്ങൾ ഉള്ളവർ തമ്മിലുള്ള വിവാഹബന്ധങ്ങൾ പോലും കുറവാണ്. അങ്ങനെ നടക്കുന്നവയിൽ പോലും സങ്കീർണ്ണതകളേറെയുണ്ട്. മലയാളിയും തമിഴനും ഗുജറാത്തിയും ബംഗാളിയും ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലായാൽ പോലും സംശയത്തോടെ വീക്ഷിക്കും.
“പാരമ്പര്യത്തിലും സംസ്‌കാരത്തിലും വിശ്വസിക്കുന്ന ഇന്ത്യക്കാർക്ക് ഇത്തരം സാംസ്‌കാരിക ഭിന്നതകൾ വലിയ കീറാമുട്ടിയാണ് എന്ന ചിന്തയാണ്.” സാമൂഹ്യപ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. ഗീത മധുസൂദനൻ പറയുന്നു. ഇവർക്കിടയിൽ കടൽ കടന്നു പ്രണയത്തിന്‍റെ കൊടി പാറിക്കുന്നവർ, സ്‌നേഹത്തിന്‍റെ ഭാഷ എവിടെയും ഒന്നാണെന്ന് മനസ്സിലാക്കിയവരാണ്. ഭാഷയും സംസ്‌കാരവും ഒരു തടസ്സമാകുന്നേയില്ല.
ഒരു ക്രോസ് ബോർഡർ പ്രണയം ഏഷ്യയിൽ സക്‌സസ് സ്‌റ്റോറിവ ആവണമെങ്കിൽ വരൻ ഏഷ്യക്കാരനാവണം. ഏഷ്യൻ രീതി അനുസരിച്ച് വധുവും അവളുടെ പരമ്പരയും പിന്തുടരേണ്ടത് വരന്‍റെ പാരമ്പര്യമാണ് എന്നതാണ് കാരണം. സാനിയ – ഷൊയ്‌ബ് വിവാഹത്തെ പാക്കിസ്‌ഥാൻ സ്വാഗതം ചെയ്‌തതും അതുകൊണ്ടാണ്. സാനിയ ഇനി മുതൽ പാക്കിസ്‌ഥാനു വേണ്ടി കളിക്കണമെന്നു പോലും അവർ പ്രതികരിച്ചിരുന്നു.
വിവാഹം കഴിഞ്ഞാൽ ഭർത്താവിന്‍റെ സംസ്‌കാരം സ്വീകരിച്ചവളാണ് ഭാര്യ. ഏഷ്യൻ രീതികളുടെ പാരമ്പര്യം അതാണ്. പക്ഷേ വിവാഹശേഷം ദുബായിൽ താമസമാക്കിയ സാനിയ മിനി സ്‌കർട്ടും – സ്ലീവ്‌ലെസ് ടോപ്പുകളും ഉപേക്ഷിച്ചിട്ടില്ല!
എന്തായാലും ഇന്ത്യയുൾപ്പെടെ ലോകമെങ്ങും രണ്ടും മൂന്നും തലമുറ ഇത്തരം മിശ്രവിവാഹങ്ങളോട് ആഭിമുഖ്യമുള്ളവരാണ്. പ്രൊഫഷണൽ രംഗത്ത് ഉയരാൻ ഇത് പലരേയും സഹായിക്കുന്നു എന്നതാണ് പ്രധാന ആകർഷണം. ആഗോള പൗരത്വത്തിനുള്ള സാധ്യതയും ക്രോസ്‌കൾച്ചറൽ വിവാഹങ്ങൾ തുറന്നു തരുന്നു. എന്നാൽ ഇതൊക്കെ സാധ്യമാവാൻ നിയമത്തിന്‍റെ നൂലാമാലകൾ ഏറെ മറികടക്കേണ്ടതുണ്ട്.
ലോകം മുഴുവൻ ഒരു മൗസ്‌ക്ലിക്ക് അകലെ നിൽക്കുമ്പോൾ ദിക്കുകൾക്കും ദേശങ്ങൾക്കും ഇടയിൽ ദൂരത്തിന്‍റെ വിരസതയില്ല. ഏതു തരം വ്യക്‌തികൾക്കും കണ്ടുമുട്ടാൻ എളുപ്പം, പ്രണയത്തിൽ വീഴാനും. ക്രോസ് കൾച്ചറൽ വിവാഹത്തിനു തയ്യാറാകുന്നവർ മറ്റു പ്രണയ വിവാഹങ്ങളെപ്പോലെ അന്ധമായിട്ടിറങ്ങരുത് എന്നുമാത്രം. വീട്ടുകാരുടെ പിന്തുണ അതീവ പ്രധാനമാണ്. വ്യത്യസ്‌ത സംസ്‌കാരങ്ങളുടെ ഘടകങ്ങൾ മനസ്സിലാക്കുവാനും അതിന്‍റെ പേരിലുണ്ടാവുന്ന പൊരുത്തക്കേടുകൾ പരിഹരിക്കാനും വീട്ടുകാരുടെ പിന്തുണ വേണം. കാരണം ഒരു സംസ്‌കാരവും മോശമല്ല, അതേ സമയം ഒന്നും സമ്പൂർണ്ണവുമല്ല.