മലപ്പുറത്തുനിന്നാണ് ഈ സംഭവം. രണ്ട് പെൺമക്കളുള്ള ഇടത്തരം മുസ്ലിം കുടുംബം. ചെറുക്കൻ കാണാൻ വന്നത് പതിനെട്ടുകാരിയായ മൂത്ത പെൺകുട്ടിയെയാണ്. ദല്ലാൾ പറഞ്ഞതനുസരിച്ച് ഒന്നര ലക്ഷം രൂപയും പത്തുപവനും പെൺവീട്ടുകാർ കൊടുക്കാമെന്നേറ്റതുമാണ്. ചെറുക്കൻ വന്നപ്പോൾ യാദൃശ്ചികമായി പതിനഞ്ചുവയസ്സുള്ള ഇളയകുട്ടിയെ കാണാനിടയായി. ജ്യേഷ്‌ഠത്തിയെ കാണാൻ വന്നയാൾ മടങ്ങിപ്പോവുമ്പോൾ വിലപേശാൻ മറന്നില്ല. അനുജത്തിയാണെങ്കിൽ ആദ്യം പറഞ്ഞ തുക തന്നാൽ മതി, ജ്യേഷ്‌ഠത്തിയെ കെട്ടണമെങ്കിൽ റേറ്റ് കൂടും...!
പതിനഞ്ചുകാരിയായ ആ പെൺകുട്ടി ഒമ്പതാംക്ലാസ്സിൽ പഠിക്കുന്നു. ഋതുമതിയായിട്ട് ആറുമാസം ആയിട്ടുള്ളൂ. പെൺകുട്ടി ഋതുമതിയായാൽ കല്ല്യാണത്തിന് പ്രായമായി എന്നാണ് മുസ്ലിം മതമൗലികവാദികളുടെ എക്കാലത്തെയും വാദം.
കുഞ്ഞുപ്രായത്തിലേ കെട്ടിക്കുന്ന രീതി കാലാകാലമായി ഈ സമുദായത്തിൽ ശക്‌തമാണ്. എന്നാൽ ഇപ്പോൾ ഇതിന് നിയമപരമായ പിന്തുണയ്‌ക്കു വേണ്ടി ശ്രമിക്കുകയാണ് കേരളത്തിൽ മതസംഘടനകൾ. 10നും 13നും ഇടയിൽ പ്രായത്തിൽ മിക്കവാറും പെൺകുട്ടികൾ ഋതുമതികളാവുന്നു. ഋതുമതിയായി എന്ന ഒറ്റക്കാരണം കൊണ്ട്, ഈ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ ആർക്കാണ് തിടുക്കം? എന്തിനുവേണ്ടിയാണിത്?
ഇന്ത്യയിലെ ബാലവിവാഹം പൂർണ്ണമായും തടയാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബാലവിവാഹനിരോധന നിയമം മറികടക്കാൻ കേരളത്തിലെ ഏതാനും മുസ്ലിം സംഘടനകൾ സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ച നിയമത്തെ കോടതിയിൽ നേരിടാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനത്തിന് മുസ്ലിം സമുദായത്തിൽ നിന്നു പോലും പിന്തുണയില്ല. എന്തുകൊണ്ട് പെൺകുട്ടിയെ ഇത്ര നേരത്തെ വിവാഹം കഴിച്ചയക്കണമെന്നതിനെക്കുറിച്ച് വ്യക്‌തമായ ഒരു കാരണവും ഈ സംഘടനകൾ പറയുന്നുമില്ല. എങ്കിലും ബാലവിവാഹങ്ങൾ എങ്ങനെ നിയമപരമായി അംഗീകരിപ്പിക്കാം എന്നതിനാണ് ഇവർ മുൻതൂക്കം നൽകുന്നത്. ഇതിന്‍റെ മുന്നോടിയായി 16 വയസ്സിൽ വിവാഹിതരായവർക്ക് വിവാഹ രജിസ്‌ട്രേഷൻ നൽകുന്നതു സംബന്ധിച്ച് പഞ്ചായത്തുവകുപ്പിൽ ഒരു സർക്കുലർ വരെ ഇറങ്ങിയിരുന്നു. ഈ സർക്കുലർ, വിവാദത്തെ തുടർന്ന് പിൻവലിച്ചുവെങ്കിലും മതമൗലികവാദികൾ മറ്റൊരു വഴി തേടുകയാണ്.
മുസ്ലിം ജനതയുടെ മൊത്തം അഭിപ്രായമായിട്ടാണ് പല സംഘടനകളും ബാല വിവാഹത്തെ നിയമപരമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഭൂരിഭാഗം പേരും ഇതിനെതിരാണെന്ന് നിലമ്പൂർ മുൻസിപ്പൽ ചെയർമാനും ചലച്ചിത്ര പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നു.
യഥാർത്ഥത്തിൽ മുസ്ലിം മതമൗലികവാദികളുടെ കാർക്കശ്യത്തിന്‍റെ ഇരകളാകുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ്. തലാക്കു ചൊല്ലപ്പെട്ട മുസ്ലിം വിധവയുടെ മക്കൾ, അനാഥാലയത്തിൽ കഴിയുന്ന പെൺകുട്ടികൾ, സാമ്പത്തിക ശേഷിയില്ലാത്തവർ ഇവരെല്ലാമാണ് ആ വിഭാഗം. “ഇതിൽ നിന്നു തന്നെ കാരണം വ്യക്‌തമാണ്. മതപണ്ഡിതന്മാർക്ക് പുരുഷമേധാവിത്വം നിലനിർ ത്തിയാലെ നിലനിൽപ്പുള്ളൂ. അതിനു കരുക്കളാക്കുന്നത് പാവപ്പെട്ട പെൺകുട്ടികളെയാണ്.” വനിതാ കമ്മീഷൻ മുൻഅദ്ധ്യക്ഷ ജസ്‌റ്റിസ് ഡി. ശ്രീദേവി തുറന്നടിക്കുന്നു.
ആരെ, എപ്പോൾ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം പെൺകുട്ടികൾക്കു തന്നെ വേണം. അതിനുപകരം അവളെ പഠിപ്പിക്കാതെ, തൊഴിൽ ചെയ്യിക്കാതെ, കുറച്ചുപണം സ്വരൂപിച്ച് ഏതെങ്കിലുമൊരുത്തന് കൊടുത്ത് (വാങ്ങിയും) തലയിൽ കെട്ടിവയ്‌ക്കുന്ന ഹീനസംസ്‌കാരം അവസാനിപ്പിക്കണം.