സംസാരപ്രിയയാണ് അനുമോൾ. ആങ്കറായി കരിയർ തുടങ്ങിയതു കൊണ്ടുള്ള ശീലമൊന്നുമല്ല ഇത്. അനു പണ്ടേ അങ്ങനെയാണ്. രസകരമായി സംസാരിക്കും, ആളുകളോട് ഇടപഴകാനുള്ള ഇഷ്‌ടം കൊണ്ടാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തിയിട്ടും ആ വള്ളുവനാടൻ മനസ്സ് മാറിയിട്ടൊന്നുമില്ല. കൂട്ടിന് ആരെയും കിട്ടിയില്ലെങ്കിൽ പിന്നെ പുസ്‌തകങ്ങളാണ് അനുവിന് കൂട്ട് അല്ലെങ്കിൽ ഉറക്കം. നന്നായി ഉറങ്ങാൻ കഴിയുന്നവർക്കാണല്ലോ ഏർപ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കാനാവുക. ചായില്യം, ഇവൻ മേഘരൂപൻ, ഗോഡ് ഫോർ സെയിൽ, അകം തുടങ്ങിയ ചിത്രങ്ങളിൽ ശക്‌തമായ നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുമോൾ അകം തുറക്കുന്നു….

ആളുകളോട് രസകരമായി ഇടപഴകാനുള്ള ഒരു കഴിവ് അനുവിനുണ്ട്. കുട്ടിക്കാലത്തേ ഇങ്ങനെയായിരുന്നോ?

പട്ടാമ്പിയിലെ നടുവട്ടത്താണ് ഞാൻ ജനിച്ചതും വളർന്നതും. നാട്ടിലെ ചേച്ചിമാരോടൊപ്പം പൂപറിക്കാൻ പോവുക, അവരുടെ കൂടെ പൂവിടുക, കുളക്കടവിൽ അവരുടെ പരദൂഷണം ആസ്വദിക്കുക…  അന്നേ കേമത്തം കാണിക്കുന്ന കുട്ടിയായിരുന്നു ഞാൻ. പിന്നെ അച്‌ഛനെ നാട്ടുകാർക്കെല്ലാം വലിയ കാര്യമായിരുന്നു. എപ്പോഴും വീട്ടിൽ നിറയെ ആൾക്കാർ ഉണ്ടാവും. നാട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ മധ്യസ്‌ഥത പറയാൻ അച്‌ഛന്‍റെ അടുത്തു വരും. തല്ലിതീർക്കേണ്ടതാണെങ്കിൽ അങ്ങനെ ചെയ്‌തോളാൻ പറയും. നാട്ടുകാർ അച്‌ഛനു നൽകിയ ബഹുമാനത്തിന്‍റെ കുറച്ചുഭാഗം എനിക്കും കിട്ടിയിട്ടുണ്ട്. കുഞ്ഞാകുമ്പോൾ അറിയാതെ നമ്മൾ അതൊക്കെ ആസ്വദിക്കില്ലേ…. ഇങ്ങനെ എപ്പോഴും ആളും ആരവവുമുള്ള ഒരു വീട്ടിലാണ് എന്‍റെ ബാല്യം.

അച്‌ഛന്‍റെ ചുറ്റിലും എപ്പോഴും ആൾക്കാരായിരുന്നു. ആ ഹീറോയിസം ഞാനും ആസ്വദിച്ചിട്ടുണ്ടാവാം. ഉത്സവത്തിനു വീട്ടിൽ നിന്ന് കാളകളെ കൊണ്ടുപോകും. വലിയ ആവേശമായിരുന്നു അന്നൊക്കെ. വിഷുവിനു ചാക്ക് കണക്കിനു പടക്കങ്ങൾ ആണ് കൊണ്ടുവരിക. കമ്പിത്തിരി, പൂത്തിരി… എല്ലാം പണിക്കാരും ഞങ്ങൾ കുട്ടികളും ചേർന്ന് കത്തിച്ചു തീർക്കും. അച്‌ഛൻ മരിച്ചതിൽ പിന്നെ ഞങ്ങൾ ഒന്നും അങ്ങനെ ആഘോഷിക്കാറില്ല. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്‌ഛൻ മരിച്ചത്.

കലാരംഗത്തേക്ക് വരുന്നത്…

വീടിന്‍റെ തൊട്ടടുത്ത് ഒരു വായനശാലയുണ്ട്. എന്‍റെ വീടിന്‍റെ ഒരു മതിൽ അപ്പുറമാണ്. വായനശാല യുടെ വാർഷികത്തിനു സ്‌റ്റേജ് പരിപാടിയൊക്കെയുണ്ടാവും. ഞാൻ ഡാൻസ് അവതരിപ്പിക്കാറുണ്ട്. സമ്മാനമായി സോപ്പുപെട്ടി, പെൻസിൽ ഒക്കെ കിട്ടുമായിരുന്നു. സഭാകമ്പം ഇല്ലാതാകാൻ ഇതൊക്കെ സഹായിച്ചിട്ടുണ്ടാകും. നൃത്തം ഞാനിപ്പോഴും തുടരുന്നുണ്ട്. അമ്മയും എന്നെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ.

കോളേജ് കാലം എങ്ങനെയായിരുന്നു?

ഞാൻ ആദ്യം നാടുവിട്ടു നിൽക്കുന്നത് കോളേജിൽ ചേർന്നപ്പോഴാണ്. കോയമ്പത്തൂരിൽ, അത് വേറൊരു ജീവിതമായിരുന്നു. സിറ്റി ലൈഫ്, തമിഴ് ഭാഷ… ഞാൻ വല്ലാതെ ബുദ്ധിമുട്ടി. രണ്ട് കൊല്ലം ഞാൻ ദിവസവും ട്രെയിനിൽ കോളേജിൽ പോയി വരുമായിരുന്നു. ഇല്ലെങ്കിൽ എന്‍റെ പരദൂഷണമൊന്നും നടക്കില്ലല്ലോ… (ചിരിക്കുന്നു). ഹോസ്‌റ്റലിൽ നിൽക്കുന്ന കാലത്ത് ചിലപ്പോൾ ഞാൻ വന്നാൽ പോവില്ല. അങ്ങനെയുള്ള ദിവസങ്ങളിൽ അമ്മ കൊണ്ടാക്കി യിട്ടുണ്ട്. അമ്മ പോരുമ്പോൾ പിന്നാലെ ഓടിച്ചെല്ലും. സാർ പിടിച്ചു വയ്‌ക്കും, ദേഷ്യപ്പെടും. പിന്നെ പോയിവരാൻ തുടങ്ങിയപ്പോൾ രസം തോന്നി. ഫൈനൽ ഇയർ ആയപ്പോഴാണ് കോളേജ് എൻജോയ് ചെയ്യാൻ തുടങ്ങിയത്…

നാടിനോട് എന്താണിത്ര സ്‌നേഹം?

മിത്തുകൾ ഉറങ്ങുന്ന നാടാണ് എന്‍റേത്. നാറാണത്തു ഭ്രാന്തൻ, രായനലൂർ മല, ഉത്സവങ്ങൾ… ഐതിഹ്യമാലയിലൊക്കെ പറയുന്ന സ്‌ഥലം. പിന്നെ നാട്ടുകാരോട് ഞാൻ അത്രയ്‌ക്കു കൂട്ടാണ്. ഇപ്പോഴും അതെ. അവർ അച്‌ഛനോട് കാണിച്ച സ്‌നേഹത്തിന്‍റെയും ബഹുമാനത്തിന്‍റെയും ബാക്കി എനിക്കും തരുന്നുണ്ട്.

അഭിനയം തെരഞ്ഞെടുക്കാൻ ഇടയായതെങ്ങനെയാണ്?

എഞ്ചിനീയറിംഗ് ഐടി കഴിഞ്ഞ് കൊച്ചിയിൽ കിട്ടിയ ജോലി ബോറടിച്ചു തുടങ്ങിയപ്പോഴാണ് ആങ്കറിംഗിന്‍റെ ഓഫർ സ്വീകരിച്ചത്. അങ്ങനെ കൈരളി ടിവിയിൽ സിനിമാസംബന്ധിയായ ഷോ ചെയ്‌തു. ഇതുകണ്ട് പലരും സിനിമയിൽ ഓഫർ തന്നു. പക്ഷേ ഞാൻ തീരുമാനമെടുത്തില്ല. പിന്നെ എല്ലാവരും പറഞ്ഞു. ഇങ്ങോട്ടു വന്ന അവസരമല്ലേ എന്തിനാ കളയുന്നത് എന്നൊക്കെ. അങ്ങനെ ആദ്യം ചെയ്‌ത പടം തമിഴാണ്. രാമർ. പിന്നെ സൂര്യൻ അതും തമിഴ് ചിത്രമായിരുന്നു. പിന്നെ ഇവൻ മേഘരൂപൻ ചെയ്‌തു. അതിന്‍റെ കാസ്‌റ്റിംഗ് ഡയറക്‌ടർ പറഞ്ഞിട്ടാണ് ബാലേട്ടനെ പോയി കണ്ടത്. ഇവൻ മേഘരൂപന്‍റെ സ്‌റ്റിൽ കണ്ടിട്ട് ശാലിനി മേനോൻ അകത്തിലേയ്‌ക്ക് ക്ഷണിച്ചു. ഗീതു ചേച്ചിയായിരുന്നു അകത്തിന്‍റെ കാസ്‌റ്റിംഗ് ഡയറക്‌ടർ. അതിനു ശേഷം ചായില്യം ചെയ്‌തു. പിന്നെ ചാക്കോച്ചനൊപ്പം ഗോഡ് ഫോർ സെയിൽ, ഡേവിഡ് ആന്‍റ് ഗോലിയാത്ത്. പറയാൻ ബാക്കി വച്ചത്, വെടി വഴിപാട്.. ഇങ്ങനെ കുറേ ചിത്രങ്ങൾ.

ചായില്യം വേറിട്ട സിനിമയായിരുന്നു അല്ലേ…?

നാട്ടുകാരിൽ നിന്ന് ഫണ്ട് ശേഖരിച്ചിട്ടാണ് ഈ സിനിമ നിർമ്മിച്ചത്. അതിനായി സംവിധായകൻ മനോജ് കാന വിദേശത്തും നാട്ടിലും സ്‌ട്രീറ്റ് പ്ലേ ചെയ്‌തിട്ടാണ് ഫണ്ട് കണ്ടെത്തിയത്. ഒരു വിധവയുടെ അന്തർ സംഘർഷങ്ങളാണ് ചിത്രം പറയുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ അവൾ തെയ്യം കെട്ടാൻ നിർബന്ധിതയാവുകയാണ്. വെല്ലുവിളി നിറഞ്ഞ റോളായിരുന്നു. പത്തിലധികം നോമിനേഷൻ കിട്ടിയ ചിത്രമാണ്.

സിനിമയിലെ ഗോഡ് ഫാദർ ആരാണ്?

അങ്ങനെ ഗോഡ് ഫാദർ ഉണ്ടാവണമെന്നൊക്കെ ഉണ്ടോ? ഞാൻ എന്‍റെ വഴി സ്വയം തെരഞ്ഞെടുത്തതാണ്. അതിൽ ചില യാദൃച്‌ഛികതകൾ ഉണ്ടെന്നു മാത്രം.

അനു വളരെ ഇമോഷണൽ ആയ ആളാണെന്നു തോന്നുന്നു…?

ശരിയാണ്, എനിക്ക് ഈ കാര്യത്തിൽ അമ്മയുടെ സ്വഭാവമാണ്. പക്ഷേ ഞാൻ പൊട്ടിക്കാളി യൊന്നുമല്ല. വീട് പുലർത്താനും ബിസിനസ്സ് ചെയ്യാനും എനിക്കറിയാം. അമ്മയുടെയും അനുജത്തിയുടെയും കാര്യങ്ങൾ ഞാനല്ലേ നോക്കുന്നത്. അച്‌ഛന്‍റെ മരണം അമ്മയെ തളർത്തിയെങ്കിലും ഞങ്ങളുടെ കാര്യങ്ങൾഎല്ലാം അമ്മയാണ് ചെയ്‌തത്. അമ്മ ഇമോഷണൽ ആണ്. പക്ഷേ അത്ര തന്നെ ആന്തരികമായ കരുത്തുള്ള സ്‌ത്രീയുമാണ്. ആരുടെയെങ്കിലും മുഖം മാറിയാൽ അമ്മ കരയും. ഞാനും അമ്മയെപ്പോലെയാണ്.

അമ്മയുടെ പേര് പറഞ്ഞില്ല…?

എന്‍റെ അമ്മ ശശികല, അച്‌ഛൻ മനോഹരൻ. അബ്‌ക്കാരി ആയിരുന്നു. അനുജത്തി അജുമോൾ. രാത്രി 12 മണി വരെയൊക്കെ അമ്മ തല്ലി പഠിപ്പിക്കാറുണ്ടായിരുന്നു. ഞാൻ തല്ലുകൊണ്ട് വളർന്ന കുട്ടിയാണ്. അതിന്‍റെ ഗുണം കിട്ടിയിട്ടുണ്ട്. ഇപ്പോ അമ്മ നേരേ ഓപ്പോസിറ്റായി. അടുക്കളയിൽ കയറി സഹായിക്കാമെന്നു വച്ചാൽ നീ കയ്യൊന്നും മുറിക്കണ്ട, ഞാൻ ചെയ്‌തോളാം എന്നു പറയും. അമ്മയ്‌ക്ക് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്‌തു കൊണ്ടിരിക്കണം. ഈ സ്വഭാവം എനിക്കും കിട്ടിയിട്ടുണ്ട്.

രാജീവ് രവിയുടെ ക്യാമറയ്‌ക്കു മുന്നിലും നിന്നല്ലോ…?

അതൊരു ലേണിംഗ് എക്‌സ്‌പീരിയൻസായിരുന്നു. കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ പറ്റി. ഞാൻ രാജീവേട്ടനോട് ഓരോന്ന് കുത്തി കുത്തി ചോദിച്ചോണ്ടിരിക്കും. ആ സെറ്റിൽ നിന്ന് കുറെ എത്തിക്‌സ് കിട്ടിയിട്ടുണ്ട്. ഞാൻ ഇടയ്‌ക്കിടയ്‌ക്ക് മോണിറ്ററിൽ പോയി നോക്കുമായിരുന്നു. അപ്പോൾ പുള്ളിക്ക് ദേഷ്യം വന്നു. ചീത്ത കേട്ടു. ഇപ്പോൾ എനിക്ക് മോണിറ്ററിൽ പോയി നോക്കാൻ തന്നെ പേടിയാ… (ചിരിക്കുന്നു). അതുപോലെ പറയാൻ ബാക്കി വച്ചത് ചെയ്യുമ്പോൾ മധു അമ്പാട്ട് സാറിന്‍റെ അടുത്തുനിന്ന് കുറെ ടിപ്പ്‌സ് കിട്ടി. അതൊക്കെ ഒരു ആക്‌ടർ എന്ന നിലയ്‌ക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യങ്ങളാണ്.

ആങ്കറിംഗ് ആണോ കൂടുതൽ ഇഷ്‌ടം?

ആളുകളോട് സംസാരിക്കാൻ എനിക്കിഷ്‌ടമാണ്. അതിന് ഒരു മടുപ്പും തോന്നാറില്ല. ഷോ ചെയ്യുമ്പോൾ പുതിയ പുതിയ ആളുകളെ പരിചയപ്പെടാം. പല സ്വഭാവമുള്ളവരെ. പിന്നെ ഞാൻ ധരിച്ച ഡ്രസ്സ് നന്നായി എന്നൊക്കെ പറയുമ്പോൾ, നല്ല കോംപ്ലിമെന്‍റ് കിട്ടുമ്പോൾ എൻജോയ് ചെയ്യാറുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഷോ ആണ് ഞാൻ അവതരിപ്പിച്ചിരുന്നത്. സെലിബ്രിറ്റികളുമായി അടുത്തിടപഴുകാൻ അത് അവസരം തന്നു. അങ്ങനെ സിനിമയിലുമെത്തി. ചെയ്യുന്നതെന്തും ഇഷ്‌ടത്തോടെ ചെയ്യുന്ന ആളാണ് ഞാൻ, ഇഷ്‌ടമില്ലാത്തതൊന്നും ചെയ്യാറുമില്ല.

നല്ല കഥാപാത്രങ്ങളെ കിട്ടുമ്പോൾ ഹോംവർക്ക് ചെയ്യാറുണ്ടോ?

മെനക്കെട്ട് ചെയ്യാറില്ല, അകം ചെയ്യുമ്പോൾ സംവിധായിക ശാലിനി ഒരു ഡ്രാഫ്‌റ്റ് പഠിപ്പിച്ചു. മാർക്ക് ചെയ്‌തു തരും. പിന്നെ സ്‌ക്രിപ്‌റ്റ് അധികം പ്രാവശ്യം വായിക്കാറുണ്ട്. അതു വായിക്കുമ്പോൾ ഫെമിനിൻ ഏരിയ ആണ് കൂടുതലും നോക്കുന്നത്. നോവൽ വായിക്കുമ്പോഴും അതെ, സ്‌ത്രീ കഥാപാത്രങ്ങളുടെ മാനറിസങ്ങൾ എല്ലാം ശ്രദ്ധിക്കും. എന്‍റെ വേഷം എന്നതിനേക്കാൾ മറ്റു സ്‌ത്രീ കഥാപാത്രങ്ങൾ എങ്ങനെ റിയാക്‌റ്റ് ചെയ്യുന്നു എന്നൊക്കെ ശ്രദ്ധിക്കും.

ഋതുപർണ്ണ ഘോഷിന്‍റെ ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്‌ടമാണ്. മലയാളം ചിത്രങ്ങളാണ് ഞാൻ അധികവും കാണാറുണ്ടായിരുന്നത്. പിന്നെ പലരും പറഞ്ഞാണ് പുറത്തെ ചിത്രങ്ങൾ ഒക്കെ കാണാൻ തുടങ്ങിയത്.

അനു നന്നായി പാടുമോ?

ഒട്ടും പാടാൻ അറിയില്ല, പാടുന്നവരോട് എനിക്ക് കുശുമ്പാണ്! നല്ല പാട്ട് കേൾക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും ഞാൻ മിസ് ചെയ്യാറില്ല.

ചെറുപ്രായത്തിലേ അച്‌ഛൻ നഷ്‌ടമായ കുട്ടി. സങ്കടങ്ങൾ എങ്ങനെ അതിജീവിച്ചു?

അമ്മയാണ് അതിന് ഞങ്ങളെ പ്രാപ്‌തരാക്കിയത്. ആ കുറവു അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല. സങ്കടം വരുമ്പോൾ ഞാൻ വിചാരിക്കും ഈ ചെറിയ സങ്കടം സഹിച്ചേക്കാം എന്ന്. അത് വരാനിരിക്കുന്ന വലിയ സന്തോഷങ്ങളുടെ മുന്നോടിയാണെന്ന് വിചാരിക്കും.

ഒരു പുസ്‌തക പുഴുവാണോ?

അകം ചെയ്യുമ്പോഴാണ് പുസ്‌തകം വായിച്ചതിന്‍റെ ഗുണം എനിക്ക് ശരിക്കും പിടികിട്ടിയത്. മലയാറ്റൂരിന്‍റെ യക്ഷിയാണ് അകം എന്ന ചിത്രമായത്. സംവിധായിക ശാലിനി കഥ വിവരിക്കുമ്പോൾ ഞാൻ പലതും അങ്ങോട്ട് പറഞ്ഞിരുന്നു.  യക്ഷി ഞാൻ 8-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ വായിച്ചതാണ്. നോവലിലെ കാര്യങ്ങൾ വ്യക്‌തമായി ഓർത്തുവച്ചത് ശാലിനിക്കും അദ്‌ഭുതമായിരുന്നു. വായന കഥാപാത്രത്തെ നന്നായി മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് എനിക്ക് തോന്നുന്നത്

നൃത്തം, വായന, ഉറക്കം ഇവ കൂടാതെ എന്തെങ്കിലും ഹോബി

ഡ്രൈവിംഗ്. ഞാൻ കറങ്ങാൻ പോകാറുണ്ട്. ഏഴിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ജീപ്പ് ഓടിക്കാൻ പഠിച്ചിരുന്നു. ജീപ്പ് ഓടിക്കാൻ എനിക്കിപ്പോഴും ഹരമാണ്. നാലു ഭാഗത്തു നിന്നും കാറ്റ് വരുന്ന വണ്ടിയല്ലേ..

और कहानियां पढ़ने के लिए क्लिक करें...