ദേഷ്യക്കാരനായ കുട്ടിയെ എങ്ങനെ നേരിടാം… മിക്ക രക്ഷിതാക്കളേയും അലട്ടുന്ന ഒരു പ്രശ്നമാണിത്. ദേഷ്യം വളരെ സാധാരണമായ ഒരു മനുഷ്യ വികാരമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴോ അനാവശ്യമാകുമ്പോഴോ ആണ് വയ്യാവേലിയാകുന്നത്. ദേഷ്യപ്പെടുന്ന സ്വഭാവം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ വലിയൊരു മതിൽക്കെട്ട് സൃഷ്‌ടിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.
അത്തരമൊരു കേസാണ് അപ്പുവിന്‍റേത്. സർക്കാർ ഉദ്യോഗസ്‌ഥരായ രേഖയുടെയും പ്രശാന്തിന്‍റെയും മകനാണ് 17 വയസ്സുകാരൻ അപ്പു. മാതാപിതാക്കളിൽ നിന്നും ഒരു കാരണവുമില്ലാതെ അകലുന്നതായിരുന്നു അപ്പുവിന്‍റെ പ്രശ്നം. അമ്മയും മകനും തമ്മിൽ വളരെ അപൂർവ്വമായി മാത്രം സംസാരിച്ചു. അപ്പു വളരെ അന്തർമുഖനുമായി. ദേഷ്യം വന്നാൽ അവൻ എന്ത് പറയുമെന്നോ ചെയ്യുമെന്നോ പ്രവചിക്കാനേ കഴിയില്ല. അപ്പുവിന്‍റെ സ്വഭാവം കാരണം രേഖ മാനസികമായി തകർന്നു.
തന്‍റെ സമീപനത്തിലുണ്ടായ അപാകതകൊണ്ടാവാം മകൻ ഇത്തരത്തിൽ പെരുമാറുന്നതെന്നായിരുന്നു രേഖ മിക്കപ്പോഴും കരുതിയിരുന്നത്. ഒരു കൂരയ്‌ക്ക് കീഴിൽ അച്‌ഛനും അമ്മയും മകനും തികച്ചും അപരിചിതരെപ്പോലെ കഴിഞ്ഞു.
ദേഷ്യമെന്ന വികാരമാണ് ഇവിടെ വില്ലനായത്. അതാണ് അപ്പുവിനെ മാതാപിതാക്കളിൽ നിന്നും അകറ്റിയത്. അവനെ അടുത്തറിയാനോ വൈകാരികമായി അവനിലുണ്ടായ മാറ്റങ്ങളെ അനുഭാവപൂർവ്വം മനസ്സിലാക്കാനോ മാതിപിതാക്കൾക്ക് കഴിയാത്തതായിരുന്നു പ്രശ്നം. ഇത്തരമൊരു പ്രശ്നം നമ്മുടെ സമൂഹത്തിൽ അത്ര അസാധാരണമല്ല. ശരിയായ സമയത്ത് ശരിയായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. കുടുംബത്തിൽ അത് ധാരാളം പ്രശ്നങ്ങൾ സൃഷ്‌ടിക്കും.
എന്തുകൊണ്ടാണ് കുട്ടികൾ ദേഷ്യം പ്രകടിപ്പിക്കുന്നത്?
മാറുന്ന സാമൂഹ്യവ്യവസ്‌ഥയും ജീവിത പശ്ചാത്തലവും കൗമാരക്കാരെ ആശങ്കാകുലരാക്കുന്നു. ന്യൂക്ലിയസ് കുടുംബ സാഹചര്യവും ഒരളവുവരെ അതിന് കാരണമാകുന്നുണ്ട്. മാതാപിതാക്കളുടെ സമയമില്ലായ്‌മയും കുട്ടികളുടെ ആവശ്യങ്ങൾ മനസ്സിലാക്കാത്ത മാതാപിതാക്കളുമൊക്കെ അവരെ ആത്മസംഘർഷത്തിലേക്ക് തള്ളിവിടുകയാണ്. ദേഷ്യം അമിതമാകുന്നത് അപകടകരമാണ്. ദേഷ്യം പ്രകടിപ്പിക്കുക വഴി കാര്യങ്ങൾ സാധിക്കാമെന്ന ധാരണയും കുട്ടികളുടെ മനസ്സിൽ വളരാം. പൊതുയിടങ്ങളിൽ വച്ച് ട്രാഫിക് പോലീസുകാരോട് കയർക്കുക, കൂട്ടുകാരെ ദേഹോപദ്രവമേൽപ്പിക്കുക, അപരിചിതരോട് അനാവശ്യമായി ദേഷ്യപ്പെടുക… എന്നിവ വളരെ അപകടകരമായ കാര്യങ്ങളിലേക്ക് നയിക്കാം.
ദേഷ്യം എപ്പോഴാണ് അനാരോഗ്യകരമാവുന്നത്?
നിങ്ങൾക്ക് ചുറ്റുമുള്ള ബന്ധങ്ങളെ ബാധിക്കുമ്പോഴാണ് ദേഷ്യം അനാരോഗ്യകരമാകുന്നത്. അത് സുഹൃത്തുക്കളെ നഷ്‌ടപ്പെടുത്തും, ജോലിയെ അപകടത്തിലാക്കും. ആളുകൾ നിങ്ങളുടെ ദേഷ്യത്തെക്കുറിച്ച് പരാതി പറയുന്ന സാഹചര്യവും നിങ്ങളെ അപകടത്തിലാക്കും.
കുട്ടി പെട്ടെന്ന് പൊട്ടിത്തെറിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്?
ശാന്തത കൈവരിക്കുക! ദേഷ്യപ്പെട്ട് പ്രതികരിക്കരുത്. അത് കുട്ടിയെ മാത്രമല്ല നിങ്ങളേയും വല്ലാത്ത സംഘർഷാവസ്‌ഥയിൽ എത്തിക്കും. കുട്ടിയെ കുറച്ചുസമയം വെറുതെ വിടുക. കുട്ടിയുടെ സ്വഭാവമോർത്ത് വിഷമിക്കേണ്ടതില്ല. കൂടുതൽ മോശമായി പെരുമാറാൻ അതിടയാക്കും. കുറച്ചു നേരത്തേക്ക് അവനെ തനിച്ചിരിക്കാൻ അനുവദിക്കുക. വഴക്കു പറയുകയും പഴിചാരുകയും ചെയ്യുന്നത് ഈ സമയത്ത് ഒഴിവാക്കാം.
ദേഷ്യം കാട്ടുന്ന കുട്ടിയോട് എന്താണ് പറയേണ്ടത്?
കുട്ടിയുടെ മനസിൽ നിന്നും മോശം വിചാരങ്ങൾ പുറന്തള്ളാനായി ധൈര്യം പകരുന്ന വാക്കുകൾ പറയാം. “മോൻ/ മോൾ നല്ല കുട്ടിയാ, മോൻ/ മോൾ ചെറുതല്ലേ… ചെറിയ കുട്ടികൾ ചിലപ്പോൾ തെറ്റ് കുറ്റങ്ങൾ ചെയ്യും. പക്ഷേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ അമ്മ മോൻ/ മോളെ സഹായിക്കാൻ പോവുകയാ. അങ്ങനെയാവുമ്പോൾ നല്ല കുട്ടിയാവും.” ഇത്തരം നല്ല വാക്കുകളിലൂടെ കുട്ടിയെ തിരുത്തിയെടുക്കുകയാണ് വേണ്ടത്. പോസിറ്റീവായ വാക്കുകൾ കുട്ടിയെ ചിന്തിപ്പിക്കുകയും അവർ സ്വയം മാറ്റങ്ങൾക്ക് വിധേയമാകാൻ ശ്രമിക്കുകയും ചെയ്യും.
രക്ഷിതാക്കൾക്ക് ധാരാളം മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും
രക്ഷിതാക്കൾ നല്ല മാതൃകകളാവുക. രക്ഷിതാക്കൾ ആഗ്രഹിക്കുന്ന രീതിയിൽ കുട്ടികൾ പ്രവർത്തിക്കണമെന്നില്ല. രക്ഷിതാക്കൾ എന്താണോ ചെയ്യുക അതാവും അവർ മിക്കവാറും അനുകരിക്കുക. അതുകൊണ്ട് രക്ഷിതാക്കൾ ദേഷ്യം നിയന്ത്രിക്കാൻ പരിശീലിക്കണം. അതുവഴി കുട്ടികൾക്ക് മാതൃകയാവുകയും വേണം. കുട്ടികളുടെ ദേഷ്യത്തെ നിയന്ത്രിക്കാനുള്ള തന്ത്രങ്ങൾ പ്രയോഗിക്കാം.
കുട്ടിയെ ശാന്തനാക്കാം
രക്ഷിതാക്കളുമായി ശക്‌തമായ മാനസികാടുപ്പമുള്ള കുട്ടികൾ വളരെക്കുറച്ചു മാത്രമേ ദേഷ്യപ്പെടുകയുള്ളൂവെന്നാണ് ഗവേഷണങ്ങൾ വ്യക്‌തമാക്കുന്നത്. ഉറച്ച ആത്മബന്ധത്തിൽ വളരുന്ന കുട്ടികൾ രക്ഷിതാക്കളെ നല്ല മാതൃകകളാക്കും. ദേഷ്യം പ്രകടിപ്പിച്ചാലും അവരത് സ്വയം നിയന്ത്രിക്കാൻ പരിശീലിക്കും. കുട്ടികളുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കുന്ന രക്ഷിതാക്കൾ അവരെ നല്ലവണ്ണം മനസിലാക്കാനും പ്രകോപിപ്പിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കും. അത്തരം കുട്ടികളോട് രക്ഷിതാക്കൾക്ക് ദേഷ്യപ്പെടാൻ കഴിയില്ല. എന്നാൽ രക്ഷിതാക്കളുമായി മാനസികാടുപ്പം കുറഞ്ഞ കുട്ടികൾ ആത്മസംഘർഷം അനുഭവിക്കുന്നവരും അമിതമായ ദേഷ്യം പ്രകടിപ്പിക്കുന്നവരുമായിരിക്കും.
അമിത ദേഷ്യം ഒഴിവാക്കുക
കുട്ടികൾ ദേഷ്യപ്പെടുന്ന സാഹചര്യത്തിൽ അവരെ ഏറെ സമയം ആ സാഹചര്യത്തിൽ തുടരാൻ അനുവദിക്കരുത്. പരസ്‌പരം വാഗ്വാദം നടക്കുന്ന സാഹചര്യത്തിൽ കുട്ടിക്കെന്താണ് പറയാനുള്ളതെന്ന കാര്യം രക്ഷിതാവ് ശ്രദ്ധിക്കണം. അതിനുശേഷം അതിനുള്ള പരിഹാരമാർഗ്ഗം നിർദ്ദശിക്കാം. ഒടുവിൽ തീർച്ചയായും കുട്ടി നിർദ്ദേശം സ്വീകരിക്കും.
സ്‌നേഹം കാട്ടുക
കുട്ടികളെ നിർലോഭം സ്‌നേഹിക്കുക. അവർക്കൊപ്പം ഏറെ സമയം ചെലവഴിക്കുക. ദേഷ്യം പോസിറ്റീവായ രീതിയിൽ പ്രകടിപ്പിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്. രക്ഷിതാവ് കുട്ടികളുടെ സ്‌ഥാനത്തുനിന്ന് സ്വയമൊരു അവലോകനം നടത്തി നോക്കാം.
സ്വയം ചോദ്യങ്ങൾ ചോദിക്കാം
- ഞാൻ കുട്ടികളോട് സംസാരിച്ചാൽ അവർ എന്നെ ധിക്കരിക്കുന്നതിന് പകരം അവരത് സ്വീകരിക്കുമോ?
- കുട്ടികളോട് സംസാരിക്കുന്ന അതേ രീതിയിൽ തന്നെ ഞാൻ മറ്റുള്ളവരോട് സംസാരിക്കാമോ?
അച്ചടക്കം പാലിക്കുക
കുട്ടിയുടെ ദേഷ്യമടക്കാനായി അതേ തീവ്രതയോടെ രക്ഷിതാക്കൾ ബഹളം വയ്‌ക്കുകയും ദേഷ്യപ്പെടുകയും ചെയ്‌താൽ എന്താവും അവസ്‌ഥ? കുട്ടിയുടെ ദേഷ്യം പതിൻമടങ്ങായി വർദ്ധിക്കും. ശബ്‌ദമുയർത്തി കുട്ടിയെ തിരുത്താമെന്ന വിചാരം വേണ്ട. വ്യക്‌തമായ കാഴ്‌ച്ചപ്പാടും പ്രതീക്ഷയും അച്ചടക്കബോധവുമുള്ള രക്ഷിതാക്കൾക്ക് കുട്ടികളെ ശാന്തമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനാവും. അത്തരം സമീപനത്തിലൂടെ മാത്രമേ കുട്ടിയെ സ്വാധീനിക്കാനാവൂ.
അനാവശ്യമായി ദേഷ്യം പ്രകടിപ്പിക്കുന്നവർ ആന്തരികമായി ശക്‌തരായിരിക്കില്ല.
മോശം സ്വഭാവം കാട്ടുന്ന കുട്ടി മിക്കപ്പോഴും ദേഷ്യപ്പെടുന്നവരായിരിക്കും. കുട്ടി എപ്പോഴും മോശം സ്വഭാവം പ്രകടിപ്പിക്കുകയും അതേസമയം അതെങ്ങനെ നേരിടണമെന്ന് അറിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ കുട്ടിയെ ആഴത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം…
ചിലപ്പോൾ ദേഷ്യം വെറും ഉപരിപ്ലവമാകാം. ഉള്ളിൽ മറ്റെന്തെങ്കിലും പ്രശ്നം നേരിടുന്നതിനാൽ ഒരു മുഖംമൂടിയായി ദേഷ്യം എടുത്തണിയുന്നതുമാവാം. വൈകാരികമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികളെ ആഴത്തിൽ മനസ്സിലാക്കാനും അവനുമായി നിരന്തരം സംസാരിച്ച് പ്രശ്നത്തിലേക്ക് എത്തിച്ചേരാനും രക്ഷിതാവിന് കഴിയണം. അതിന് മനഃശാസ്ത്രജ്‌ഞന്‍റെ സഹായവും തേടാം.
- മോശമായ സ്വഭാവവും സംസാര രീതിയും രക്ഷിതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്.
- രക്ഷിതാവ് അമിതമായി ദേഷ്യപ്പെടുന്നുവെങ്കിൽ വിദഗ്‌ദ്ധ സഹായം തേടുക.
ദേഷ്യം അപകടത്തേയും ഭീഷണിയേയും നേരിടാനുള്ള ഒരു കവചമാണ്. സ്വയം പ്രതിരോധത്തിനുള്ള ഒരു മാർഗ്ഗം. അടിസ്‌ഥാനപരമായി കുട്ടിയുടെ ആദ്യത്തെ റോൾ മോഡലുകൾ അവരുടെ മാതാപിതാക്കൾ തന്നെയാണ്. ദേഷ്യപ്പെടുന്ന കുട്ടിയെ നേരിടുകയെന്നത് രക്ഷിതാവിന്‍റെ ചുമതലയാണ്. കുട്ടിയുടെ ദേഷ്യമടക്കാനും മികച്ച സ്വഭാവത്തിനും രക്ഷിതാക്കൾ അവന്‍റെ നല്ല കൂട്ടുകാർ ആവുകയാണ് വേണ്ടത്.