ചിലപ്പോഴെങ്കിലും ലൈംഗികത ബോറടിപ്പിക്കുകയോ, അനിഷ്ടം ഉണ്ടാക്കുകയോ ചെയ്യാം. ഇതൊന്നും വേണ്ട, വയ്യ എന്ന തോന്നലൊക്കെ ഉണ്ടാക്കുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, അതിനു പിന്നിൽ വെറും തോന്നലല്ല, അനാരോഗ്യമോ ആഹാരമോ ആണ് വില്ലൻ എന്ന്. ശരാശരിയായ ലൈംഗികതയ്ക്കു ആരോഗ്യമുള്ള ശരീരം ആവശ്യമാണ്.
സെക്‌സ് കേവലം ഭാര്യയും ഭർത്താവും തമ്മിലുള്ള ശാരീരിക ബന്ധം മാത്രമല്ല. പങ്കാളികൾ തമ്മിലുള്ള മാനസികമായ ചേർച്ചയേയും ഇഴയടുപ്പത്തേയും സ്‌നേഹത്തേയുമാണ് അത് പ്രതിഫലിപ്പിക്കുന്നത്.
വജ്രത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കാൻ സഹായിക്കുന്ന മാനദണ്ഡമാണ് 4 സി എന്നു പറയുന്നത്. കളർ, ക്ലാരിറ്റി, കട്ട്, കാരറ്റ് എന്നിവയാണ് ഈ നാലു സി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദാമ്പത്യത്തിൽ വജ്രത്തേക്കാൾ വിലയുണ്ട് ലൈംഗികതയ്‌ക്കും. ജീവിതം സംഘർഷ രഹിതമാക്കാനും ആഘോഷമാക്കാനുമൊക്കെ ലൈംഗികത കൂടിയേ തീരൂ. ലൈംഗികതയിൽ ഉണർവ്വു പകരാൻ സഹായിക്കുന്ന നാലു കാര്യങ്ങളെ സെക്‌സോളജിസ്‌റ്റുകൾ 4 ടി എന്നു വിളിക്കുന്നു. അതായത് ടി എന്ന അക്ഷരത്തിൽ തുടങ്ങുന്ന ആ നാലു കാര്യങ്ങൾ താഴെ പറയുന്നതാണ്.
- ടച്ച് (സ്‌പർശം)
- ട്രസ്‌റ്റ് (വിശ്വാസം)
- ടോക്ക് (സംഭാഷണം)
- ടൈം (സമയം)
സ്‌പർശം
വെറുതെ ചർമ്മത്തിൽ സ്‌പർശിക്കുന്നതിനെയല്ല ടച്ച് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പങ്കാളിയെ സ്‌പർശനത്തിന്‍റെ മാന്ത്രികത അനുഭവപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. അൽപം സമയെമടുത്ത് ഭാവനയ്‌ക്കനുസൃതമായി തലോടലിലും ചുംബനത്തിലുമെല്ലാം വൈവിധ്യം പുലർത്താൻ ശ്രമിക്കണം.
പങ്കാളിയെ ലൈംഗികമായി പെട്ടെന്ന് ഉണർത്തുന്ന ശരീരഭാഗം (ഇറോജിനസ് സോൺ) ഏതെന്ന് അറിയുകയാണ് ഇതിൽ പ്രധാനം. ശരീരത്തിന്‍റെ ഏതു ഭാഗവും ഒരാൾക്ക് ഇറോജിനസ് സോൺ ആകാം. ഒരാൾക്ക് തലമുടിയാണെങ്കിൽ വേറൊരാൾക്ക് കാൽ ആയിരിക്കാം. അത് ദമ്പതികൾക്കു പരസ്‌പരം കണ്ടെത്താൻ സാധിക്കാവുന്നതേയുള്ളൂ.
വിശ്വാസം
ട്രസ്‌റ്റ് അഥവാ വിശ്വാസം എന്നത് പങ്കാളിയിലുള്ള വിശ്വാസം മാത്രമല്ല പങ്കാളി തന്നിൽ തൃപ്‌തയാണ് അല്ലെങ്കിൽ തൃപ്‌തനാണ് എന്ന ആത്മവിശ്വാസം കൂടിയാണ്. പങ്കാളിയോട് ഇത്തരം തൃപ്‌തി തുറന്നു പറയുന്നതു ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കും.
സംഭാഷണം
ടോക്ക് അഥവാ ദമ്പതികൾ തമ്മിലുള്ള സംഭാഷണം. സെക്‌സിൽ കൂടുതൽ ഫലം ചെയ്യും. ഇഷ്‌ടാനിഷ്‌ടങ്ങൾ, പരസ്‌പരം അഭിനന്ദിക്കുന്നത് തുടങ്ങിയവയെല്ലാം പങ്കാളിയുടെ മനസ്സറിഞ്ഞ്, ഇഷ്‌ടമറിഞ്ഞ് വൈകാരിക ലഹരി കൂട്ടാൻ സഹായിക്കും. ജീവിതത്തിൽ പങ്കാളിയെ എപ്പോഴും കുറ്റപ്പെടുത്തുകയും ലൈംഗിക വേളയിൽ മാത്രം സ്‌നേഹവും അഭിനന്ദനവുമെല്ലാം നൽകുകയും ചെയ്യുന്നതിൽ അർത്ഥമില്ല. സെക്‌സിനു വേണ്ടി മാത്രം നിങ്ങൾ പങ്കാളിയെ സ്‌നേഹിക്കുന്നു എന്ന ധാരണയേ ഇത് പങ്കാളിയിൽ ഉണ്ടാക്കൂ. പരസ്‌പര ബഹുമാനത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോവാൻ പങ്കാളികൾ പരസ്‌പരം ശ്രദ്ധിക്കണം.
സമയം
സമയം എന്നത് പല ദമ്പതികളും ശരിയായി വിനിയോഗിക്കുന്നില്ല. സെക്‌സ് യാന്ത്രികമാകുന്നതിന് ഇതു മുഖ്യകാരണമാകാറുണ്ട്. സെക്‌സ് ചിട്ട പോലെയായി ക്രമേണ മരവിപ്പിലേക്കു നയിക്കാൻ പോലും ഇതു കാരണമാകാം. പങ്കാളിയോടൊത്ത് ചെലവഴിക്കാൻ നിത്യവും അൽപ്പസമയം മാറ്റിവെയ്‌ക്കാൻ ശ്രദ്ധിക്കുക.