പാട്ടുകളിൽ കാണുന്ന ഉത്സാഹത്തിളക്കം മഞ്‌ജരിയുടെ പെരുമാറ്റത്തിലുമുണ്ട്. പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി തന്‍റെ ഇഷ്‌ടഗാനങ്ങളിലൊന്ന് മൂളുന്നു. ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാലൊളി കണ്ണനിക്ക്… ഗായിക മഞ്‌ജരിയുടെ സംഗീത വിശേഷങ്ങൾ.
മ്യൂസിക് റിയാലിറ്റി ഷോകളെ കുറിച്ച്?
റിയാലിറ്റി ഷോ പണ്ടുമുതലേ ഉള്ളതാണ്. അതിലൂടെ ഒരുപാട് പേർക്ക് അവസരം കിട്ടുന്നുണ്ട്. പുതുതായി വരുന്ന കുട്ടികൾക്ക് ഒരുപാട് ഓപ്പർച്യൂണിറ്റീസ് ഉണ്ട്. ഒരൊറ്റ ഷോയിലൂടെ തന്നെ അവരെ ആളുകൾ തിരിച്ചറിയുന്നു. ഏറ്റവും നല്ല രീതിയിൽ വർക്ക് ചെയ്‌ത് അവസരങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരാൾക്കേ ഇതിൽ നിലനിൽപ്പുള്ളൂ.
കൽക്കത്ത ബേസ്‌ഡ് റോക്ക് ബാൻഡിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ പാടിയിരുന്നല്ലോ? അതായിരുന്നോ മ്യൂസിക് കരിയറിന്‍റെ തുടക്കം?
അന്ന് ഞാൻ വളരെ ചെറുപ്പമാണ്. എല്ലാവരും കൂടി നിർബന്ധിച്ചിട്ടാണ് അന്ന് സ്‌റ്റേജിൽ കയറി പാടിയത്. കുട്ടിക്കാലത്ത് റോക്ക് ബാൻഡിൽ പാടി അങ്ങനെ വളർന്നു വന്നയാളാണ് ഞാനെന്ന് ഒരിക്കലും പറയില്ല. എന്‍റെ വളർച്ച വളരെ ഗ്രാജ്വലാണ്. ഇൻഫ്‌ളുവൻസ് ചെയ്‌തിട്ടോ, പെട്ടെന്നുണ്ടായ സൗഭാഗ്യമോ ഒന്നുമല്ല, വളരെ കഷ്‌ടപ്പെട്ടിട്ടു തന്നെ വളർന്നു വന്ന ഗായികയാണ് ഞാൻ. ഇപ്പോൾ എല്ലാവരും ഡിഫറന്‍റ് സ്‌റ്റൈൽ ബാൻഡ്സ്ക്കെയായിട്ടാണ് വരുന്നത്.
ഗുരുക്കന്മാരെക്കുറിച്ച്?
കർണാടക സംഗീതത്തിൽ എന്‍റെ ആദ്യഗുരു ഡോ. ശ്യാമള വിനോദാണ്. മസ്‌ക്കറ്റിൽ 12-ാം ക്ലാസ്സു വരെ ടീച്ചറുടെ അടുത്താണ് ഞാൻ പഠിച്ചുകൊണ്ടിരുന്നത്. 10-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഹിന്ദുസ്‌ഥാനി സംഗീതം പഠിച്ചു തുടങ്ങുന്നത്. പാക്കിസ്‌ഥാനിയായ ഉസ്‌താദ് ഖാലിദ് അൻവർ ഖാൻ ആയിരുന്നു ഗുരു. ഇപ്പോള്‍ രമേഷ് ജുലെവ ആണ് ഗുരു. ഖിരാന സംഗീതം, ഖിരാന ഖരാനയുടെ ഹിന്ദുസ്‌ഥാനി സംഗീതമാണ്. സിനിമാ ഗാനങ്ങൾ ആലപിക്കുമ്പോഴാണോ, കച്ചേരി പാടുമ്പോഴാണോ കൂടുതൽ കംഫർട്ടബിൾ… കച്ചേരി പാടുകയെന്നു പറഞ്ഞാൽ അത് വല്ലാത്തൊരു അനുഭവമാണ്. എത്രത്തോളം പ്രിപ്പയർ ചെയ്യാമോ അത്രയും പ്രിപ്പയർ ചെയ്‌തിട്ടാണ് പാടുക. ഹിന്ദുസ്‌ഥാനിയാണ് ഞാൻ കൂടുതലും കച്ചേരി ചെയ്യുന്നത്. കർണാടക സംഗീതം പോലെ കീർത്തനമില്ല ഹിന്ദുസ്‌ഥാനിയിൽ. ആകെ രണ്ടുവരിയേ ഉള്ളൂ, അതാണ് ഇലാബറേറ്റ് ചെയ്‌ത് പാടുന്നത്. രാഗം ഒരുപാട് പ്രാക്‌ടീസ് ചെയ്‌തിട്ടാണ് പാടുന്നത്. അത് പാടി തീരുമ്പോൾ റിലാക്‌സേഷൻ മൂഡിലെത്തിച്ചേരും. ഫിലിം മ്യൂസിക്കിൽ ഒരു ഫ്രെയിം വർക്കിനുള്ളിൽ നിന്നാണ് പാടുന്നത്. അത് മറ്റൊരാളുടെ സൃഷ്‌ടിയാണ്.
സിനിമാ ഗാനങ്ങൾ പാടാൻ പോകുമ്പോൾ എന്താണ് കൂടുതൽ ശ്രദ്ധിക്കുക?
പ്രധാനമായും അതിന്‍റെ മ്യൂസിക്കും വരികളും ശ്രദ്ധിക്കും. ആദ്യം മ്യൂസിക് ആണ് ശ്രദ്ധിക്കുക. കാരണം മ്യൂസിക് ഡയറക്‌ടേഴ്‌സ് ആണ് പാട്ടുകൾ പഠിപ്പിച്ചു തരുന്നത്. കഴിവതും ഞാൻ വരികൾ കാണാതെ പഠിക്കാൻ ശ്രമിക്കും. കാരണം മലയാള സാഹിത്യം മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. ഹിന്ദിയിലൊക്കെ കൂടുതലും സംസാരഭാഷയാണ് വരികളിൽ, മലയാളത്തിൽ അങ്ങനെയല്ല.
കഥ സിറ്റുവേഷൻ ശ്രദ്ധിക്കാറുണ്ടോ?
ഏത് നടിക്കുവേണ്ടിയാണ് പാടാൻ പോകുന്നതെന്ന് ചോദിച്ചു മനസ്സിലാക്കാറുണ്ട്. മീരാ ജാസ്‌മിൻ, അവർക്ക് ടിപ്പിക്കൽ സ്‌റ്റൈൽ ഉണ്ട്. അതിനനുസരിച്ച് പാടുമ്പോൾ പാട്ടിന് അതിന്‍റേറതായ കളറു കിട്ടും. പുതുമുഖമാണെങ്കിൽ നമുക്കറിയില്ല. ഒരു പ്രാവശ്യം സിറ്റുവേഷൻ പറഞ്ഞപ്പോൾ റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടി വളരെ വിഷമിച്ചു പാടുന്ന പാട്ടാണെന്നു പറഞ്ഞു. പിന്നീട് പുറത്തിറങ്ങിയപ്പോൾ അങ്ങനെയൊരു സീനില്ല. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരുദ്ദേശ്യമില്ലാതെ പറയുമ്പോൾ ചിലപ്പോൾ ഇങ്ങനെയുണ്ടാവാറുണ്ട്.
ഇളയരാജ സാറിന്‍റെ സംഗീത സംവിധാനത്തിൽ പാടാൻ ഭാഗ്യം കിട്ടി…
അദ്ദേഹത്തെ കാണുന്നത് തന്നെ ഐശ്വര്യമാണ്. അദ്ദേഹത്തിന്‍റെ സംഗീതത്തിൽ ഒരു പാടുപാട്ടുകൾ പാടുവാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കൂടെ ഞാൻ ഡ്യൂയറ്റ് പാടിയിട്ടുണ്ട്. അദ്ദേഹത്തെ പരിചയപ്പെടുക എന്നു പറയുന്നതൊരു സ്വപ്‌നമായിരുന്നു.
ന്യൂ ജനറേഷൻ മ്യൂസിക് ഡയറക്‌ടേഴ്‌സിന്‍റെ ഒപ്പം വർക്ക് ചെയ്യുമ്പോഴുള്ള വ്യത്യാസം?
എനിക്കു തോന്നുന്നു ഓൾഡ് ജനറേഷന് കുറെക്കൂടി വാത്സല്യം കൂടുതലാണ്. ഇളയരാജ സാറൊക്കെ നന്നായി തമാശ പറയും, കളിയാക്കും. അങ്ങനെ ദേഷ്യപ്പെട്ടിട്ടൊന്നുമില്ല. ഔസേപ്പച്ചൻ സാറായാലും ജോൺസൺ മാസ്‌റ്റർ ആയാലും വാത്സല്യത്തോടു കൂടിയാണ് പെരുമാറിയിട്ടുള്ളത്.
ഇക്കാലത്ത് രണ്ടുവരി വീതം റെക്കോർഡ് ചെയ്യുന്ന രീതിയുണ്ടല്ലോ, അത്തരം അനുഭവങ്ങൾ?
അങ്ങനെ ചെയ്യുന്ന ഒരാൾ ഉണ്ട്. പേര് ഞാൻ പറയില്ല. രണ്ടുവരി വീതം പാടിക്കുക, അങ്ങനെ ചെയ്യുമ്പോൾ പാട്ടിന്‍റെ സോൾ കിട്ടില്ല. ഞാനതിൽ കംഫർട്ടബിൾ അല്ല. ഞാൻ വർക്ക് ചെയ്‌തിട്ടുള്ള മിക്ക മ്യൂസിക് ഡയറക്‌ടേഴ്‌സും മുഴുവൻ വരികൾ പഠിപ്പിച്ചതിനു ശേഷമാണ് പാടിക്കുക. മോസ്‌റ്റലി ഞാൻ പ്രിഫർ ചെയ്യുന്നതു മുഴുവൻ പാട്ടും പഠിച്ചുപാടുന്നതാണ്.
ബോളിവുഡിലേക്കൊരവസരം വന്നാൽ..
കിട്ടിയാൽ പോകും. കിട്ടിയാൽ ആരാണ് പാടാത്തത് (പൊട്ടിച്ചിരിക്കുന്നു). കിട്ടാത്തതിനെക്കുറിച്ച് ഞാനാലോചിക്കാറേയില്ല. എന്‍റെ ഗുരുക്കന്മാർ പഠിപ്പിച്ചു തന്നൊരു പാഠമുണ്ട്. ജീവിതത്തിൽ എന്തെങ്കിലുമൊരു കാര്യം കിട്ടിയില്ല എന്നുപറഞ്ഞ് വേവലാതിപ്പെട്ടോടുന്നതിനു പകരം നമ്മൾ ഉള്ളതുവച്ചു ഹാപ്പിയാവുക.
മഞ്‌ജരിയെ എങ്ങനെ വിലയിരുത്തുന്നു?
എല്ലാവർക്കും ഒരു ജഡ്‌ജ്‌മെന്‍റ് ക്രൂഷന്‍റ് ഉണ്ടാവും. ഞാൻ ചിലപ്പോൾ മറ്റൊരാളെ വിലയിരുത്തുമായിരിക്കും. അതുപോലെയാവില്ല വേറൊരു വ്യക്‌തി അയാളെ വിലയിരുത്തുന്നത്. ഞാനെന്നും ഒരുപോലെയാണ്. പണ്ടു ഞാൻ പാടിനടന്ന പോലെ തന്നെയാണ് ഇപ്പോഴും. എനിക്കു വലുപ്പചെറുപ്പമില്ല.
സിനിമാപാട്ടുകൾ പാടുമ്പോൾ ഫീൽ കൊടുക്കുവാനായി എന്തെങ്കിലും പ്രത്യേകമായി ചെയ്യാറുണ്ടോ?
യൂഷ്വലി അവർ സിറ്റ്വേഷൻ പറഞ്ഞുതരും. സമയം കണ്ടെത്താനാവാത്തത്ര ബിസിയൊന്നുമല്ല ഞാൻ. ഒരുപാട്ട് അതിപ്പോ എത്ര വലിയ ഡയറക്‌ടറുടേതായാലും എത്ര ചെറിയ ഡയറക്‌ടറുടേതായാലും ആ പാട്ടിനോട് നമുക്ക് നീതി പുലർത്തണമെങ്കിൽ അതിന്‍റേതായ ടൈം കണ്ടെത്തണം. ലിറിക്‌സ് മനപാഠമാക്കി കഴിഞ്ഞാൽ ആ പാട്ട് പാടാൻ എളുപ്പമാണ്. പിന്നെയതിന്‍റെ ഫീൽ ഡിഫറന്‍റ് തലത്തിലേക്കു പോകും.
മകൾക്ക് എന്ന ചിത്രത്തിലെ മുകിലിൻ മകളെ ഒരുപാടാളുകൾ ഹൃദയത്തിലേറ്റുവാങ്ങിയ ഗാനമാണ്…
ആ പാട്ട് പാടാൻ ചെല്ലുമ്പോൾ എനിക്കറിയില്ല അത് ഏത് തരത്തിലുള്ള പാട്ടാണെന്ന്. ആ പാട്ടിലേയ്‌ക്കു വരാൻ കുറച്ചു പ്രയാസപ്പെട്ടു. അതൊരുപാട് കട്ട് പേസ്‌റ്റ് ചെയ്‌തു പാടിയ പാട്ടാണെന്നു പറഞ്ഞ് അതിനെക്കുറിച്ചൊരുപാടു വിമർശനങ്ങൾ ഉണ്ടായിരുന്നു. ഒരു പ്രത്യേക വ്യക്‌തിയുണ്ട് ഇതിനു പിന്നിൽ. വെറുതെ പ്രചരിപ്പിക്കുകയാണ് . ആ പാട്ടിനാണ് എനിക്കാദ്യമായി സ്‌റ്റേറ്റിന്‍റെ റെകഗനേഷൻ കിട്ടിയത്.
അടിപൊളിപാട്ടുകൾ ഇഷ്‌ടമാണോ?
അടിപൊളി പാട്ടുകൾ ഞാൻ അധികം പാടിയിട്ടില്ല. എല്ലാത്തരം പാട്ടുകളും പാടാൻ എനിക്കിഷ്‌ടമാണ്. ഒരു സിംഗർ എന്നു പറയുമ്പോൾ എല്ലാത്തരം പാട്ടുകളും ഹാൻഡിൽ ചെയ്യാൻ പറ്റിയിരിക്കണം. മെലഡി പാടുന്ന ഒരാളാണെങ്കിൽ മെലഡിയേ പാടൂ, അടിപൊളിയാണെങ്കിൽ അങ്ങനെയേ പാടൂ എന്നു തരംതിരിക്കേണ്ട കാര്യമില്ല.
പുതിയ ഗായകർക്കിടയിൽ മത്സരമുണ്ടോ?
പുതിയ ഗായികമാർക്കിടയിൽ പാട്ടുകളൊന്നുമില്ല. അതുകൊണ്ട് മത്സരവുമില്ല. ഫീമെയിൽ സോംഗ്‌സ് ഇപ്പോൾ കേൾക്കാനേ ഇല്ല. പണ്ടുകാലത്ത് ഒരു പടത്തിൽ ഏഴ്, എട്ട് പാട്ടുകൾ ഉണ്ടാവും. ഇന്നിപ്പോ അതൊന്നുമില്ല.
മഞ്‌ജരിയ്‌ക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഗായികയാരാണ്?
എനിയ്‌ക്ക് സ്വർണലതയുടെ ശബ്‌ദം വളരെയധികം ഇഷ്‌ടമാണ്. എന്താ പറയുക, ഹൃദയത്തിലേക്കു തറച്ചു കയറുന്ന ശബ്‌ദം, ഒരുപാടു കേൾക്കാറുണ്ട്. സുശീലാമ്മ, ചിത്ര ചേച്ചി ഇവരുടെയൊക്കെ പാട്ടുകൾ ലെസണായി എടുക്കാറുണ്ട്. ചിത്ര ചേച്ചി ക്കൊപ്പം മ്യൂസിക് റിയാലിറ്റി ഷോ ചെയ്യുന്നത് വലിയ സന്തോഷം നൽകി.
പിന്നണി ഗാനരംഗത്ത് മഞ്‌ജരിയ്‌ക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം
ഒരു ഇൻട്രൊഡക്ഷൻ എനിക്കു കിട്ടുന്നത് ഇളയരാജ സാറിന്‍റെ അടുത്തുനിന്നാണ്. തമിഴ് സിനിമയിലേക്കും അദ്ദേഹമാണ് ഇൻട്രഡ്യൂസ് ചെയ്യുന്നത്. അതൊക്കെ വലിയ ഭാഗ്യമാണ്.
ഉറുമിയിലെ ചിമ്മി ചിമ്മി വവളരെ ഹിറ്റായിരുന്നുവല്ലോ? എന്തായിരുന്നു ആ പാട്ടുപാടുമ്പോഴുള്ള അനുഭവം?
അതെനിയ്‌ക്കു രണ്ടു വർഷത്തെ ഗ്യാപ്പിനു ശേഷം കിട്ടിയ പാട്ടാണ്. നമ്മൾ പറയില്ലേ ഓരോരുത്തർക്കും വിധിച്ചത് അവരവർക്ക് തന്നെ കിട്ടുമെന്ന്. ഞാൻ നോക്കിയിട്ട് പലതിന്‍റേയും പുറകെ ഓടി ചാടേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം നന്നായി പ്രാക്‌ടീസ് ചെയ്യുക, അതാണ് ഞാൻ ചെയ്യുന്നത്. അല്ലാതെ വല്യ കൂടോത്രമൊന്നുമില്ല.
മറക്കാനാവാത്ത അനുഭവം?
പണ്ട് ഞാൻ ദാസങ്കിളിന്‍റെ കൂടെ ഒരു വേദിയിൽ മീശമാധവനിലെ എന്‍റെ എല്ലാമെല്ലാമല്ലേ എന്ന പാട്ടുപാടി. അതിൽ ഒരുഭാഗത്ത് ഛീ പോടാ എന്നു പറയണം. പാട്ടിനിടയിൽ ആ ഭാഗം എത്തിയപ്പോൾ ഞാനതു പറഞ്ഞില്ല. പെട്ടെന്ന് മ്യൂസിക് ഒക്കെ സ്‌റ്റോപ്പ് ചെയ്‌ത് അങ്കിളെന്നെ നോക്കി. എന്നിട്ടദ്ദേഹം എന്നോടു പറഞ്ഞു. മ്യൂസിക്കിൽ ആണ്, പെണ്ണ് എന്ന വ്യത്യാസമില്ല. അതാരായാലും, ചെറിയ ആൾ വലിയ ആൾ എന്ന വ്യത്യാസമില്ല. നമ്മൾ പാട്ടിനോട് ചെയ്യേണ്ട ജസ്‌റ്റിസ് അത്രയേ ആലോചിക്കേണ്ടൂ. ഇതിപ്പോ മഞ്‌ജരിയെന്നു പറയുന്ന കുട്ടി യേശുദാസ് എന്ന അങ്കിളിന്‍റെയടുത്ത് ഛീ പോടാ എന്നു പറയുന്നതല്ല എന്നൊക്കെ പറഞ്ഞ് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചു. പിന്നെ ഹരിഹരൻജിയുടെ കൂടെ പാടാൻ കിട്ടിയ അവസരം. ഇതൊക്കെ അദ്‌ഭുതമായിട്ട് കാണുന്നു. എന്‍റെ പാട്ടുകേട്ടിട്ട് മമ്മുക്ക വിളിച്ചിട്ട് എന്‍റെയടുത്ത് നന്നായിട്ടുണ്ട് എന്നഭിപ്രായം പറഞ്ഞിട്ടുണ്ട്. സജഷൻസ് തരും. ഒരു സിംഗർ എന്ന നിലയിൽ എന്‍റെ ഗുരുക്കന്മാർ എനിയ്‌ക്കു തന്ന കഴിവിന്‍റെ ബലത്തിലാണ് ഇതൊക്കെ.
ടെലിവിഷൻ പ്രോഗ്രാമുകളിലാണോ കൂടുതൽ ശ്രദ്ധ?
ആക്‌ച്വലി ഗസൽസ് എനിക്കൊരുപാട് ഇഷ്‌ടമാണ്. കേരളത്തിൽ അതിനുള്ള വേദികൾ വളരെക്കുറവാണ്. ആർട്ടിസ്‌റ്റുകളെ മംബൈയിൽ നിന്നുകൊണ്ടു വന്നിട്ട് ചാനലുകളിൽ ഗസൽ പ്രോഗ്രാം ചെയ്യണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. സപ്പോർട്ട് ചെയ്യാൻ മുന്നോട്ടു വന്നത് മീഡിയ വൺ ആണ്. അല്ലാതെ എല്ലാ ചാനൽസിനും പ്രോഗ്രാം ചെയ്യുന്നില്ല. എന്തു ചെയ്യുമ്പോഴും അതിനൊരു ക്വാളിറ്റി വച്ചു ചെയ്യണമെന്നാഗ്രഹിക്കുന്നുണ്ട്. കേരളത്തിനുപുറത്ത് പ്രോഗ്രാമിനു പോകുമ്പോൾ അവർ പറയുന്നൊരു കാര്യമുണ്ട്. മലയാളികൾ എന്നു പറയുമ്പോൾ സംഗീതത്തിലുള്ള അറിവ്, വിജ്‌ഞാനം ഒക്കെ കൂടുതലാണ്. എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടിയിട്ട് ആളുകൾക്കു വിമർശിക്കാനുള്ള അവസരം കൊടുക്കരുത്. നമ്മൾ അതിനനുസരിച്ച് വർക്ക് ചെയ്‌തിട്ടു വേണം പ്രസന്‍റ് ചെയ്യാൻ. മലയാളികളെ വിഡ്‌ഢികളാക്കാൻ കഴിയില്ല.
കുറെ മ്യൂസിക് ഡയറക്‌ടേഴ്‌സിന്‍റെ ഒപ്പം വർക്ക് ചെയ്‌തിട്ടുണ്ടല്ലോ? ഓരോരുത്തരും എങ്ങനെ വ്യത്യസ്‌തരാവുന്നു?
ജോൺസൺ മാസ്‌റ്ററുടെ അടുത്ത് പാടാൻ ചെന്നപ്പോൾ അദ്ദേഹം ഹാർമോണിയം വച്ചിട്ടാണ് പഠിപ്പിക്കുക. എങ്ങനെയാണോ പാടേണ്ടത് അതുപോലെ പഠിപ്പിക്കും. അതുപോലെ ദേവരാജൻ മാസ്‌റ്റർ വളരെ സ്‌ട്രിക്‌ടാണ്. ഔസേപ്പച്ചൻ സാർ കുറച്ചുകൂടെ റിലാക്‌സ് ആണ്. പാടി കഴിഞ്ഞാലും ലാസ്‌റ്റ് പല്ലവി ഇംപ്രൊവൈസ് ചെയ്‌തോ എന്നുപറഞ്ഞ് വിട്ടുതരും. കുറച്ചു കൂടി ലിബറൽ ആണ്. ഇളയരാജ സാർ ആണെങ്കിൽ അദ്ദേഹത്തിന്‍റെ ട്യൂൺ അങ്ങനെതന്നെ പാടി കൊടുത്താൽ മതി.
ഹോബീസ്?
ഹോബീസിനൊന്നും സമയം കിട്ടാറില്ല. ഇപ്പോൾ പ്രൊഫഷനുവേണ്ടി പാട്ടുപഠിക്കുകയെന്നുള്ളതാണ് ഞാൻ ചെയ്യുന്നത്. ബാഡ്‌മിന്‍റൺ കളിക്കുമായിരുന്നു, ഇപ്പോ അതൊന്നുമില്ല.