ബന്ധങ്ങളിൽ അതിജീവനത്തിന്‍റെ ഓക്സിജൻ പോലെയാണ് രണ്ടുപേർക്കിടയിൽ ഉണ്ടാകുന്ന ചെറിയ വഴക്കുകൾ! അന്തരീക്ഷത്തിൽ ഓക്സിജൻ ഇല്ലെങ്കിൽ, അതിന്‍റെ അളവ് കുറഞ്ഞാൽ ശ്വാസം മുട്ടും. അതുപോലെ ബന്ധങ്ങളിൽ സ്വാതന്ത്യ്രത്തിന്‍റെ സ്പേസ് കിട്ടിയില്ലെങ്കിലും ശ്വാസം മുട്ടും. ഇത്തരം ചെറിയ സ്പേസുകൾക്ക് വഴി തുറക്കുന്നതാണ് രണ്ടു പേർക്കിടയിലെ സൗന്ദര്യപ്പിണക്കങ്ങൾ എങ്കിലോ? അങ്ങനെ ഒരു ബ്രേയ്ക്കിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പ്രണയിച്ചു വിവാഹം കഴിച്ചതാണ്. പക്ഷേ ആളെ സ്വന്തമാക്കിക്കഴിഞ്ഞപ്പോൾ പഴയ ത്രിൽ ഇല്ല എന്ന് പലരും പറയുന്നതു കേട്ടിട്ടില്ലേ? അത്തരം ബേറടി മാറ്റാനും ഉപകരിക്കും ചെറിയ ബ്രേക്കുകൾ. ഒരുമിച്ചുള്ള യാത്രയിൽ ഇടയ്ക്ക് എപ്പോഴെങ്കിലുമൊക്കെ ചെറിയ ബ്രേയ്ക്ക്. ആ ഇടവേളകൾ യാത്രയുടെ വിരസത കുറയ്ക്കും. അതുപോലെ ഓരോ ബ്രേക്കപ്പിനു ശേഷവും ബന്ധത്തിൽ കൂടുതൽ മധുരവും ആവേശവും കടന്നു വരും.
“ഒരിക്കൽ ഞങ്ങൾ വഴക്കിട്ടപ്പോൾ ഈ ബന്ധം ഇനി മുന്നോട്ടു പോകില്ലെന്ന് വിചാരിച്ചതാ… എന്നാൽ പരസ്‌പരം എത്രമാത്രം ഡിപ്പെന്‍റഡ് ആണെന്ന് ആ ചെറിയ അകൽച്ചയിൽ ഞങ്ങൾ പഠിച്ചു. സത്യം പറഞ്ഞാൽ ആ ചെറിയ ബ്രേക്ക് വലിയ അദ്ഭുതമാണ് സൃഷ്ടിച്ചത്.” മുഖത്ത് ആത്മവിശ്വാസത്തിന്‍റെ തിളക്കവുമായി കരുണ ഇതു പറയുമ്പോൾ സംശയിക്കേണ്ട. സംഗതി സത്യം തന്നെ.
നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്. ചട്ടീം കലവുമായാൽ തട്ടീം മുട്ടിയും ഒക്കെ ഇരിക്കുമെന്ന്. ഈ തട്ടലും മുട്ടലും കൊണ്ട് ഉണ്ടാകുന്ന അപശബ്ദങ്ങളും പോറലുകളും കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ ഭയപ്പെടേണ്ട. അതൊക്കെ നല്ലതാണ്. നിങ്ങളുടെ ബന്ധത്തിൽ വഴക്കും ദേഷ്യവും ഒന്നും ഒരിക്കലും സംഭവിച്ചിട്ടില്ലെങ്കിൽ മനസ്സിലാക്കുക, എന്തോ ഒരു ഇഴയടുപ്പം നിങ്ങൾക്കിടയിൽ കുറവുണ്ട്.
ഒരു നല്ല ബന്ധം എന്ന് വിളിക്കണമെന്നുണ്ടെങ്കിൽ അവിടെ കുറച്ച് സ്പേസ് വേണം. ഒന്നു പിണങ്ങീട്ട് ഇണങ്ങുമ്പോഴുള്ള ആ സുഖം ഒന്നു വേറെ തന്നെ! അതാണ് അനുഭവസ്‌ഥർ പറയുന്നത്.
ലിവ് ഇൻ റിലേഷൻഷിപ്പും, പുതുമഴയിൽ തളിർക്കുന്ന നാമ്പുപോലെ ചെറിയ ചെറിയ പ്രണയങ്ങളും ധാരാളം ഉടലെടുക്കുന്ന ഇക്കാലത്ത്, കൂടിച്ചേരലുകളും ബ്രേക്കപ്പുകളും അനിവാര്യം.
വിരഹത്തിന്‍റെ അഞ്ചു മാസങ്ങൾ
ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ അഞ്ചുമാസം നീണ്ട ഒരു വഴക്ക് സംഭവിച്ചു. ആദ്യത്തെ 3 വർഷങ്ങളിൽ ബന്ധത്തിന്‍റെ തീവ്രത കൂടി വന്നു. പരസ്പരം യാതൊരു കുറവുകളും അക്കാലത്ത് അനുഭവപ്പെട്ടതുമില്ല. ആർക്കു വേണ്ടിയാണോ നാം കൂടുതൽ സമയം ചെലവഴിക്കുന്നത്, അത് പിന്നീട് ബാധ്യത ആവുന്നു. പണ്ട് ആവേശത്തോടെ സംസാരിച്ചിരുന്ന കാര്യങ്ങൾക്ക് ആവേശം കുറയുന്നു. ഇങ്ങനെ പോവുമ്പോൾ മനസ്സാകെ അസ്വസ്ഥമായി. സ്വരം നല്ലതായിരിക്കുമ്പോൾ പാട്ടു നിർത്തുന്നതാണ് നല്ലതെന്ന് പറയാറില്ലേ. അങ്ങനെയും ചിന്തിച്ചു. അതേ തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഫോൺ വേണ്ട, മേസേജ് അയക്കേണ്ട, കാണണ്ട എന്നൊക്കെ. അതൊക്കെ നടപ്പാക്കുകയും ചെയ്‌തു.
ഞാൻ എന്‍റെ ജീവിതത്തിലേക്ക് മടങ്ങി അവരും. ഇടയ്ക്കിടയ്ക്ക് അവരുടെ ഓർമ്മ തേടി വരും. അതൊക്കെ സ്വയം അടക്കി. അങ്ങനെ അഞ്ചു മാസം കടന്നുപോയി. സത്യത്തിൽ ജീവിതത്തിൽ എന്തോ ഒരു കുറവുണ്ടെന്ന് തോന്നിത്തുടങ്ങിയത് അപ്പോഴാണ്. ഇനി തമ്മിൽ സംസാരിക്കില്ലെന്ന് ഞങ്ങൾ പരസ്പരം തീരുമാനിച്ചതാണ്. പക്ഷേ കണ്ണും മനസ്സും ആ രൂപം തേടുന്നതായി സ്വയം മനസ്സിലായി. വിധി നിയോഗമാകാം, വീണ്ടും ഞങ്ങൾ കണ്ടുമുട്ടി. വീണ്ടും ഒന്നിച്ചു. പഴയതിലും ആവേശം ആ റീയൂണിയനിൽ ഞങ്ങൾക്കു തോന്നി. പരസ്പരം സ്പേസ്, ഗ്യാപ് കൊടുത്തപ്പോൾ സ്നേഹത്തിന്‍റെ ഫീൽ തിരികെ വന്നു. ജയ്പൂർ സ്വദേശീയായ സ്മിതയുടെ അനുഭവം ഇതാണ്. ഇതേ അനുഭവം മറ്റു പലർക്കും ഉണ്ടായിട്ടുണ്ടാകാം.
റബർബാന്‍റ് തിയറി
ബന്ധത്തിലെ ഇത്തരം ചില കാര്യങ്ങൾ മനസ്സിലാക്കാൻ റബർബാന്‍റ് തിയറി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. “മെൻസ് ആർ ഫ്രം മാർസ് ആന്‍റ് വിമൻ ആർ ഫ്രം വീനസ്” എന്ന ജാൻഗ്രോയുടെ പുസ്തകം സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ചുള്ള സമഗ്രമായ പഠനമാണ്. പുരുഷന്‍റെ മനസ്സിനെ ഒരു റബർബാന്‍റിനോടാണ് അതിൽ ഉപമിക്കുന്നത്. ഏതു സ്ത്രീയോട് അടുത്താലും കുറച്ചു കഴിയുമ്പോൾ അവർ സ്വഭാവികമായി അകലാൻ തുടങ്ങും. സ്ത്രീ എത്ര പ്രണയിച്ചാലും കാര്യമില്ല. സ്വന്തം സ്വാതന്ത്യ്രവും, വ്യക്തിത്വവും തേടിയുള്ള ഒരു അകൽച്ചയാണത്. ഇനി അവർ അങ്ങനെ പോയിക്കഴിഞ്ഞാലും മടങ്ങി വരും എന്നതാണ് യാഥാർത്ഥ്യം. ആ സമയം പങ്കാളിയോടുള്ള സ്നേഹം ഇരട്ടിയായിട്ടുണ്ടാകും. പുരുഷന്‍റെ ഈ സ്വഭാവത്തെ സ്ത്രീകളാകട്ടെ തട്ടിപ്പായി കണക്കാക്കി അകന്നു പോവുകയും ചെയ്യും.
അറിഞ്ഞു കൊണ്ട് ബ്രേക്കപ്പ്
ബന്ധങ്ങളിൽ മടുപ്പ് അനുഭവപ്പെട്ടു തുടങ്ങുമ്പോൾ ചില ജോഡികൾ അറിഞ്ഞു കൊണ്ട് അകലം പാലിക്കാൻ ശ്രമിക്കാറുണ്ട്. എത്ര ദിവസം മിണ്ടാതെയും കാണാതെയും കഴിയും എന്നതിന്‍റെ ടെസ്‌റ്റിംഗ് ആണത്. സത്യത്തിൽ തങ്ങൾക്കിടയിൽ പ്രണയമാണോ അതോ വെറും ആകർഷണം മാത്രമാണോ എന്നൊക്കെ മനസ്സിലാക്കാനുള്ള ഒരു വഴി കൂടിയാണത്.
എംബിഎ വിദ്യാർത്ഥിയായ വികാസ് പറയുന്നത് കേൾക്കൂ. ദിവസവും ഒരേ ഭക്ഷണം കഴിക്കുമ്പോൾ മടുപ്പ് തോന്നുന്നത് സ്വാഭാവികമല്ലേ. വിശക്കുമ്പോൾ എന്തെങ്കിലും കഴിച്ചേക്കാമെന്നതൊഴികെ ആസ്വദിച്ച് കഴിക്കാൻ തോന്നില്ല. ബന്ധങ്ങളിലുമുണ്ടാകാം ആ വിരസത ഇടയ്ക്ക് അകലം പാലിക്കുമ്പോൾ ആസ്വാദ്യത ഇരട്ടി ആവും.
“നിഷയുമായി ഞാൻ കടുത്ത പ്രണയത്തിലായിരുന്നു. അവളെ എനിക്ക് കിട്ടാൻ വേണ്ടി ഞാൻ എന്തും ചെയ്യുമായിരുന്നു. അവളെ ഞാൻ എന്‍റേതാക്കി കഴിഞ്ഞപ്പോൾ ആ ക്രേസ് എന്നിൽ നിന്ന് വിട്ടുപോയി. ഒരാൾക്ക് എന്നെ കൂടാതെ ജീവിക്കാൻ കഴിയില്ല എന്ന തിരിച്ചറിവ് ഒരു തരത്തിൽ വിനയാണ്. നിഷ എന്നെ സ്നേഹിക്കുന്നു, അവൾ എന്നെ ഒരിക്കലും വിട്ടുപോകില്ല എന്ന ചിന്ത എന്നിൽ ഉറച്ചപ്പോൾ, എനിക്കൊന്നും ചെയ്യാനില്ലാതായി. ഈ അവസ്‌ഥ എനിക്ക് യഥാർത്ഥത്തിൽ വല്ലാത്ത മാനസിക പ്രതിസന്ധി ആണ് ഉണ്ടാക്കിയത്. ഇതിൽ നിന്ന് മോചനം നേടാൻ ഞാൻ മനപൂർവം ഒരു ബ്രേക്കപ്പ് പറഞ്ഞു. അവൾ ഒത്തിരി കരഞ്ഞു. പക്ഷേ ഹൃദയം കല്ലാക്കി ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു. തുടക്കത്തിൽ അവളുടെ ഫോൺ വന്നാൽ പോലും ഞാനെടുക്കാറില്ലായിരുന്നു.
ഒരു മാസം കഴിഞ്ഞപ്പോഴേക്കും എന്‍റെ മനസ്സിൽ പഴയ സ്നേഹവും അവളോടുള്ള അഭിനിവേശവും മടങ്ങി വന്നു. അവളും ആ സമയമായപ്പോഴെക്കും അതുമായി പൊരുത്തപ്പെട്ടിരുന്നു. അവളുടെ ഫോൺ നമ്പറും മാറി. പിന്നെ കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചിട്ട് നടന്നില്ല. എന്തായാലും എനിക്ക് അവളുടെ സ്നേഹം വിധിച്ചിട്ടുണ്ടെങ്കിൽ അവളെ കണ്ടുമുട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അവളുടെ ചങ്ങാതിമാരിൽ നിന്ന് വീട്ടിലെ നമ്പർ കണ്ടെത്തി. വിളിച്ചപ്പോൾ അവൾ ഫോണിൽ സംസാരിക്കാൻ പോലും താൽപര്യപ്പെട്ടില്ല. വളരെ പണിപ്പെട്ട ശേഷമാണ് അവളെ പിന്നെ കാണാൻ കഴിഞ്ഞത്. അകന്നു നിന്നതിന്‍റെ കാരണം പറഞ്ഞത് അവൾക്ക് സ്വീകാര്യമായിരുന്നില്ല. എന്നിട്ടും അവളടെ ഒരു യെസിന് വേണ്ടി ഞാൻ പിന്നേയും പിറകെ നടന്നു. അങ്ങനെ അവളോടുള്ള സ്നേഹത്തിന്‍റെ ആഴവും ഭ്രാന്തും ഞാൻ വീണ്ടും അനുഭവിച്ചു.
വിശാലിന്‍റെയും കവിതയുടെയും പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ഒരേ പ്രൊഫഷൻ. മാത്രമല്ല രണ്ടുപേരുടെയും ചിന്താഗതികളും ഒരുപോലെ. “ഞങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ച സമയത്ത് ചില കൂട്ടുകാർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അപ്പോൾ തന്നെ ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു. ഇന്‍റിമസി എന്നും നിലനിൽക്കാൻ ചില പോംവഴികൾ കണ്ടെത്തണം. പരസ്‌പരം സ്പേസ് നൽകുന്നതും, സ്വാതന്ത്യ്രം നൽകുന്നതുമാണ് അതിൽ പ്രധാനം.”
“കവിത ഇടയ്ക്ക് കൂട്ടുകാർക്കൊപ്പവും വീട്ടുകാർക്കൊപ്പവും പുറത്തു പോകും. അത്തരം സന്ദർഭങ്ങളിൽ ഞാൻ പോകാറില്ല. പിന്നെ ഇടയ്ക്കൊക്കെ ഞാനും അങ്ങനെ മാറി നിൽക്കും. ഈ വേളയിൽ ഞങ്ങൾ പരസ്പരം കാര്യമായി വിളിക്കുകയോ ഒന്നും ചെയ്യില്ല. അത്യാവശ്യത്തിനല്ലാതെ വിളിക്കാൻ തോന്നിയാലും ചെയ്യില്ല. മടങ്ങിയെത്തുമ്പോൾ പരസ്പരം കാണാനും കേൾക്കാനുമുള്ള ക്രേസ് കൂടിയിട്ടുണ്ടാവും. വിശാൽ പറയുന്നു.
ആ ഇടം ഒഴിച്ചിട്ടേക്കൂ
“നല്ല അധ്വാനം ചെയ്‌താൽ നല്ല ഉറക്കം ലഭിക്കും. നല്ല ഉറക്കം ലഭിച്ചാൽ ഉന്മേഷം കൂടുകയും ചെയ്യും. ബന്ധങ്ങളിലും ഇത് ബാധകമാണ്. ഒരൽപം ബ്രേയ്ക്ക് അല്ലെങ്കിൽ ഗ്യാപ് രണ്ടുപേർക്കിടയിൽ ഉണ്ടാകുമ്പോൾ അതിനെ പോസിറ്റീവായി കാണുക.” രാജസ്‌ഥാൻ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ അഞ്ജലി ചൂണ്ടിക്കാട്ടുന്നു. പങ്കാളിയിൽ നിന്നൊരു ബ്രേക്ക് എടുക്കുന്നതിന്‍റെ അർത്ഥം, അവരെ അവഗണിക്കുന്നു എന്നല്ല, ഇഷ്‌ടമല്ല എന്നുമല്ല. ഇതു രണ്ടുപേർക്കും മനസ്സിലായാൽ മനപൂർവ്വം സൃഷ്ടിക്കുന്ന ഇടവേളകൾ രണ്ടാൾക്കും ഗുണം ചെയ്യും.
“ഇങ്ങനെ അൽപം ഇടവേള ലഭിക്കുമ്പോൾ പങ്കാളി തന്‍റെ ജീവിതത്തിൽ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്ന സത്യം മനസ്സിലാക്കാനും അവസരം ലഭിക്കും. ഇത്തരം ബ്രേയ്ക്കുകൾ മാസങ്ങളോളം എടുക്കേണ്ട. രണ്ടു ദിവസമായാലും ഒരാഴ്ചയായാലും കുഴപ്പമില്ല. ഒരാളുടെ അസാന്നിധ്യം ഫീൽ ചെയ്യാനുള്ള ഇടവേള മാത്രമേ ആവശ്യമുള്ളൂ.
എന്നാൽ വലിയ വഴക്കുകൾ, ഈഗോയിലേക്ക് മാറുകയും അതിന്‍റെ പേരിൽ പിണങ്ങി മാറിയിരിക്കുകയും ചെയ്യുമ്പോൾ ഈ അകൽച്ച, പരസ്പരം അസുരക്ഷിതത്വമായിരിക്കും സൃഷ്ടിക്കുക. ഇത്തരം വഴക്കുകളുടെ അടിസ്‌ഥാനം പോലും പരസ്‌പരം സ്വാതന്ത്യ്രവും, അവരവരുടെതായ ഇടവും കൊടുക്കാൻ തയ്യാറാക്കാത്തതു കൊണ്ടാവും. ഇടവും സ്വാതന്ത്യ്രവും കൊടുക്കുമ്പോൾ പരസ്‌പരമുള്ള വിശ്വാസം കൂടുന്നു. ഇങ്ങനെ ചെയ്യുമ്പോൾ പങ്കാളി എന്തുകാര്യവും തുറന്നു സംസാരിക്കാൻ തയ്യാറാവുകയും ചെയ്യും. പങ്കാളിയ്ക്ക് വേണ്ടത്ര പേഴ്സണൽ സ്പേസ് കൊടുക്കുന്ന ദാമ്പത്യങ്ങൾ കൂടുതൽ കാലം നിലനിൽക്കുന്നതായിട്ടാണ് കണ്ടുവരുന്നത്.
ബന്ധത്തിൽ കൂടുതൽ ഊഷ്മളത കൊണ്ടുവരാൻ ഏതാനും മാസം കൂടുമ്പോൾ ഒന്നോ രണ്ടോ ആഴ്ച പരസ്‌പര അനുവാദത്തോടെ മാറി നിൽക്കാവുന്നതാണ്. ഈ സമയം പരമാവധി അകന്നു നിൽക്കാൻ ശ്രമിക്കുക. ഫോൺ കോളുകളും മെസേജും കുറയ്‌ക്കുക. പരസ്പരം എത്രമാത്രം മിസ് ചെയ്യുന്നു എന്ന് ഇതിലൂടെ ആത്മ പരിശോധന നടത്തുകയും ചെയ്യാം.
ചിലപ്പോൾ ഈ രീതി അൽപം പ്രയാസകരമായി തോന്നിയേക്കാം. എങ്കിലും ബന്ധം അറുബോറായി മുന്നോട്ടു വലിച്ചു കൊണ്ടു പോകാതിരിക്കാൻ ഇത്തരം ടെക്നിക്കുകൾ ഉപയോഗിക്കാവുന്നതാണ്. നഷ്‌ടമാക്കുന്ന ഇന്‍റിമസി വീണ്ടെടുക്കാൻ കുഞ്ഞു ബ്രേയ്ക്കുകൾ ഇട്ടു നോക്കൂ. അത് തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ മധുരം കൊണ്ടുവരും.