എറണാകുളം ജെട്ടിയിലെത്തുമ്പോൾ ടിക്കറ്റ് കൗണ്ടറിനു സമീപം ക്യൂ തുടങ്ങിയിരുന്നു. ഫോർട്ട് കൊച്ചിയിലേക്കുള്ള ബോട്ട് എത്തിച്ചേരാൻ സമയമായി. 11.30 ഓടെ ജല ഗതാഗത വകുപ്പിന്‍റെ ബോട്ട് യാത്രയ്‌ക്കായി സജ്‌ജമായിരുന്നു. കാത്തു നിന്നവരെല്ലാം ബോട്ടിൽ കയറി ഇരുപ്പുറപ്പിച്ചു. അതിൽ വിദേശികളും ധാരാളം…

കായലിലെ ഓളങ്ങളെ തട്ടിത്തെറിപ്പിച്ച് നീങ്ങുന്ന ബോട്ടിലിരുന്ന് കാഴ്‌ചകളിലേയ്‌ക്ക് കണ്ണോടിച്ചപ്പോൾ ഏതാനും കപ്പലുകൾ നങ്കൂരമിട്ടിരിക്കുന്നതു കണ്ടു. അതിനിടയിൽ കവരത്തി പ്രത്യേക ശ്രദ്ധയാകർഷിച്ചു. തെളിഞ്ഞ കാലാവസ്‌ഥയായിരുന്നു. കനത്ത വെയിലാണെങ്കിലും ബോട്ടിനുള്ളിൽ ചൂടനുഭവപ്പെട്ടില്ല. കായൽ കാറ്റിന്‍റെ സുഖകരമായ തണുപ്പ്. ഇരുപതുമിനിറ്റു യാത്രയ്‌ക്കൊടുവിൽ ബോട്ട് ഫോർട്ട് കൊച്ചിയിലെ ജെട്ടിയിലെത്തിച്ചേർന്നു.

ബോട്ടിൽ നിന്നും സാവധാനമിറങ്ങി കാഴ്‌ചകൾ കണ്ട് മുന്നോട്ടു നീങ്ങി. ബീച്ച് റോഡിനോട് ചേർന്ന് പടർന്നു നിൽക്കുന്ന കൂറ്റൻ വൃക്ഷത്തണലിൽ നിരവധി യാത്രികർ വിശ്രമിക്കുന്നുണ്ട്. സമീപത്തായി മത്സ്യവിഭവങ്ങളുടെ കൊതിയൂറുന്ന മണവുമായി റെസ്‌റ്റോറന്‍റുകളും ഭക്ഷണശാലകളും. പലയിടത്തും താമസ സൗകര്യങ്ങളുമുണ്ട്. റോഡിനിരുവശത്തുമായി വിവിധ വ്യാപാരങ്ങളും കാണാം.

അന്യദേശക്കാരായ യാത്രികരും തൊഴിലാളികളുമൊക്കെ ധാരാളമായി അവിടെയുണ്ട്. ഒഴിവു സമയം വിനിയോഗിക്കാനും കാഴ്‌ചകൾ കാണാനും വന്നവർ നിരവധി. കുറേ കോളേജ് വിദ്യാർത്ഥികൾ ബീച്ച് റോഡിലൂടെ നടന്നു പോകുന്നുണ്ട്.

കായലിനരികിലായി നിരനിരയായി സ്‌ഥാപിച്ച ചീനവലകൾ (ഫിഷിംഗ് നെറ്റുകൾ) അവിടെ നിന്നാൽ വ്യക്‌തമായി കാണാം… ഫോർട്ടു കൊച്ചിയിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകമാണിത്. അവിടെ വല ഉയർത്തുന്നതും താഴ്‌ത്തുന്നതുമെല്ലാം കൗതുകത്തോടെ നോക്കി നിൽക്കുന്നവർ ഏറെയുണ്ടായിരുന്നു.

വിശേഷങ്ങൾ അറിയുന്നതിനായി ഒരു വലയുടെ അരികിലേക്കു ചെന്നു. അവിടെ കണ്ടത് അദ്ധ്വാനശീലരായ ഒരു കൂട്ടം തൊഴിലാളികളെയാണ്. ഓരോ ദിവസത്തേയും ജീവിതത്തിനായി അവർ അഹോരാത്രം പാടുപെടുന്നതായി ഒറ്റ നോട്ടത്തിൽ തന്നെ വ്യക്‌തമാകും. അപ്പോൾ അവർ ഒത്തൊരുമിച്ച് വല ഉയർത്തുന്നതിന്‍റെ തിരക്കിലായിരുന്നു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ, അതിൽ വളരെ കുറച്ചു മീൻ മാത്രമാണ് ഉണ്ടായിരുന്നത്. വിരലിലെണ്ണാവുന്നവ മാത്രം.

ഇവിടെയുള്ള തൊഴിലാളികളുടെ ജീവിതം ഈ വലയ്‌ക്കും കായലിനും നടുവിൽ തന്നെയാണ്. ഇതല്ലാതെ മറ്റൊരു ജീവിത മാർഗ്ഗത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാനേ കഴിയില്ല. വലയ്ക്കു സമീപത്തായി ഒരു ചെറിയ ഷെഡ് കാണാം. അതിനുള്ളിൽ തീ പുകയുന്നുണ്ടായിരുന്നു. തൊഴിലാളികൾക്ക് ഉച്ച ഭക്ഷണം തയ്യാറാക്കുകയാണ്. വല വലിക്കുന്നിന്‍റെ ഇടവേളയിലായി ഇവർ ഭക്ഷണമുണ്ടാക്കും. ചെറിയ മത്സ്യങ്ങളെ പാകം ചെയ്യാനായി വൃത്തിയാക്കുന്നുമുണ്ട്. മീൻകറിയില്ലാതെ ഒരുനേരത്തെ ഭക്ഷണത്തക്കുറിച്ച് ചിന്തിക്കാനും ഇവർക്കു കഴിയുകയില്ല.

തൊട്ടടുത്തായി ഒരു പ്ലാസ്‌റ്റിക് കസേരയിൽ ചാഞ്ഞിരുന്ന് ഉച്ചമയക്കത്തിലായിരുന്നു തൊഴിലാളിയായ റഫീഖ്. മൊബൈലിൽ ഏതോ സിനിമാ ഗാനവും മുഴുങ്ങുന്നുണ്ട്. അരികിൽ ചെന്നു വിളിച്ചയുടൻ എഴുന്നേറ്റു. പണിയെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്സാഹമായി. “ഞങ്ങൾ എപ്പോഴും ഇവിടെ തന്നെയുണ്ടാകും. ഒരു വലയ്‌ക്ക് ഏഴ് പേരോളമുണ്ട്. ആഴ്‌ചയിൽ ഒരു ദിവസം മാത്രം അവധിയെടുക്കും. വലയ്‌ക്ക് ചിലപ്പോൾ അറ്റകുറ്റപ്പണികളൊക്കെ നടത്തേണ്ടതായും വരാറുണ്ട്. ഇപ്പോൾ കായൽ പോളകളുടെ പ്രശ്നം കൂടിയുണ്ട്. അതും നീക്കം ചെയ്യേണ്ടതായി വരും. വർഷങ്ങൾ പഴക്കം ചെന്ന തടികൾ പലതും ദ്രവിച്ച നിലയിലാണ്. അതും ഇടയ്‌ക്ക് മാറ്റേണ്ടതായിട്ടുണ്ട്. മൊത്തത്തിൽ നോക്കുമ്പോൾ ഇതത്ര വലിയ ലാഭമൊന്നുമല്ല. ചില ദിവസങ്ങളിൽ അതും ഉണ്ടാകാറില്ല. കാലവർഷ സമയത്തൊക്കെ വളരെ ബുദ്ധിമുട്ടു തന്നെയാണ്. ഞാൻ ഹാർബറിലും ജോലി ചെയ്യുന്നുണ്ട്.”

റഫീഖിനെ കൂടാതെ ആൻഡ്രു, പീറ്റപ്പൻ, ജോണി എന്നിവരൊക്കെയും വലയ്‌ക്കരികിൽ തന്നെ പണിയെടുക്കുകയാണ്. അവർ വലയിൽ പിടിച്ചെടുത്ത കുറച്ച് മത്സ്യങ്ങൾ കൂടി പുറത്തേക്ക് എടുത്തു. ചുറ്റും കൂടി നിന്നവർ അത് കൗതുകത്തോടെ നോക്കി നിന്നു.

“ഒരു വല നല്ല രീതിയിൽ നോക്കിയാൽ പോലും മൂന്നുനാലു മാസം കഴിയുമ്പോഴേക്കും പൊട്ടും. ചിലപ്പോൾ ബോട്ട് തട്ടിയും കേടു സംഭവിക്കാം. ഞങ്ങൾക്ക് ഇതിൽ നിന്നും കാര്യമായ വരുമാനമൊന്നും ഉണ്ടാകാറില്ല. ഇപ്പോൾ പുറത്തെ കൂലിയൊക്കെ വച്ചു നോക്കുമ്പോൾ വളരെ തുച്‌ഛമായ തുകയാണ് ലഭിക്കുന്നത്. ഇത് നമ്മുടെ ജീവിതമാർഗ്ഗമായി പോയില്ലേ” പീറ്റപ്പൻ പറയുന്നു.

വലയുടെ സംരക്ഷണവും തൊഴിലാളികളുടെ കൂലിയുമൊക്കെ കണക്കാക്കുമ്പോൾ ഇതിന്‍റെ പരിപാലനം വളരെ ബുദ്ധിമുട്ടാണ്. “സർക്കാറിന്‍റെ ഭാഗത്തുനിന്നും ആവശ്യമായ പരിഗണന ലഭിക്കാത്തതും ചീനവല സംരക്ഷണത്തിന് തടസ്സമാകുന്നുണ്ട്. ഒരു വല പൂർത്തിയാക്കുവാൻ ഏകദേശം ഏഴ് ഏട്ട് ലക്ഷത്തോളമാണ് ആദ്യഘട്ടത്തിൽ ചെലവു വരുന്നത്. അതുകൂടാതെ അറ്റകുറ്റപ്പണികൾക്കായും നല്ലൊരു തുക വേണ്ടി വരും. ചീനവല സംരക്ഷണത്തിനായി സർക്കാറിന് ചില പദ്ധതികൾ ഉണ്ടെങ്കിലും അതൊന്നും പ്രാവർത്തികമല്ല. സഞ്ചാരികളുടെ പ്രധാന കാഴ്‌ചയായ ചീനവല സംരക്ഷണത്തെക്കുറിച്ച് പലപ്പോഴായി ചർച്ചകൾ നടത്തുകയും നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.”

അവിടെയുണ്ടായിരുന്ന ചീനവല ഉടമസ്‌ഥൻ കൂടിയായ സെബാസ്‌റ്റ്യൻ കുരുശിങ്കൽ പറയുന്നു. “തൊഴിലാളികൾക്ക് ഒരു ഷെൽട്ടർ സംവിധാനം അത്യാവശ്യമായിരിക്കുകയാണ്. പ്രതികൂല കാലാവസ്‌ഥയിലും മറ്റും അവർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു സംവിധാനം ഇവിടെയില്ല. വല നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന തടികൾ തേക്ക്, തെങ്ങ് ഇവയൊക്കെയാണ്. ഇത് മാറ്റി സ്‌ഥാപിക്കാനും നല്ലൊരു തുക ആവശ്യമാണ്. കൂടാതെ വൈദഗ്‌ദ്ധ്യമുള്ള തൊഴിലാളികളും” സെബാസ്‌റ്റ്യൻ ചീനവല നടത്തിപ്പിന്‍റെ പ്രായോഗികമായ ബുദ്ധിമുട്ടുകൾ പറയുന്നു.

ഫോർട്ടുകൊച്ചിയുടെ തീരത്തേക്ക് അടുക്കുമ്പോൾ നിരനിരയായി നിൽക്കുന്ന ചീനവലകൾ സഞ്ചാരികളുടെ മനം കവരും. എന്നാൽ ഈ വലയ്‌ക്കുള്ളിലെ ജീവിതത്തിന്‍റെ യഥാർത്ഥ ചിത്രം ഒരു പക്ഷേ മനസ്സിലാക്കുന്നവർ വിരളമായിരിക്കും. യാതനയുടെ കഥകളാണ് പലപ്പോഴും ഇവർക്ക് പറയാനുള്ളത്.

കടലുമായി മല്ലടിച്ചു കഴിയുന്ന ഈ തൊഴിലാളികൾ കാറ്റിനേയും കോളിനേയും വക വയ്‌ക്കാൻ തയ്യാറല്ല. കാരണം ഒരു ദിവസം പണിയില്ലെങ്കിൽ അവരുടെ കുടുംബം പട്ടിണിയിലാകും. ചീനവല തൊഴിലിനുമൊപ്പം തന്നെ കടലിൽ നിന്നുമെത്തുന്ന ബോട്ടിനായും ഇവരുടെ കാത്തിരിപ്പ് നീളുകയാണ്…

ചൈനയിൽ നിന്നും സഹായം

കൊച്ചിയുടെ മുഖ മുദ്രയായ ചീനവലകളുടെ സംരക്ഷണം പാരമ്പര്യ തനിമയോടെ നില നിർത്തണമെന്ന് ചൈനീസ് സർക്കാറും ആഗ്രഹിക്കുന്നു. ഈ വലകൾ ചരിത്രത്തിന്‍റെ ഭാഗം കൂടിയാണല്ലോ. ഇതിനായി ചൈനീസ് നയതന്ത്ര പ്രതിനിധികൾ കേരളത്തിൽ എത്തിയിരുന്നു.

എംബസിയിലെ അഡ്‌മിനിസ്‌ട്രേറ്റീവ് ഡയറക്‌ടറുടെ നേതൃത്വത്തിലുളള സംഘം ഫോർട്ടു കൊച്ചിയിൽ എത്തി വലകളുടെ ഇന്നത്തെ അവസ്‌ഥ നേരിൽ കണ്ട് മനസ്സിലാക്കുകയും തൊഴിലാളികളുമായി സംസാരിച്ച് പ്രശ്നങ്ങൾ പഠിക്കുകയും ചെയ്‌തിരുന്നു.

ഫോർട്ടു കൊച്ചിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഈ ചീനവലകൾക്ക് ഭാരിച്ച ചെലവ് വരുന്നത് പ്രവർത്തനങ്ങളെ ബാധിക്കുന്നതായി കണ്ടെത്തി. പണ്ട് ഉപയോഗിച്ചിരുന്നതു പോലെ തടി തന്നെ ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങളാണ് പരിഗണനയിൽ ഉള്ളത്. തടിക്കു പകരമായി ഇരുമ്പു പൈപ്പുകൾ ചീനവലയ്‌ക്ക് ഉപയോഗിക്കാൻ ഉടമസ്‌ഥർ നിർബന്ധിതരാകുന്ന സ്‌ഥിതി വിശേഷം ഇപ്പോൾ നിലവിലുണ്ട്.

സഞ്ചാരികൾക്ക് കൗതുകം

ഫോർട്ട് കൊച്ചിയിലും കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും നില നിൽക്കുന്ന ചീനവലകൾ വിനോദ സഞ്ചാരികൾക്ക് കൗതുകം പകരുന്നവയാണ്. അഞ്ഞൂറിലേറെ വർഷങ്ങളായി നില നിൽക്കുന്ന ചീനവലകൾ വരെ കൊച്ചിയിലുണ്ട് എന്നത് ഇതിന്‍റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചറിയിക്കുന്നു. പോർച്ചുഗീസുകാരിൽ നിന്നും പകർന്നു ലഭിച്ചവയാണിത്.

ആദ്യകാലത്ത് ചെറിയ വലകളായിരുന്നു ഉപയോഗിച്ചിരുന്നത്. തുടർന്ന് ഇത് വലിപ്പത്തിലുള്ളതായി. കൊച്ചിയിലെ ചീനവലകളുടെ വലിപ്പം വീണ്ടും കൂടിയതോടെ ഇത് കൗതുകം പകരുന്ന ഒന്നായിത്തീർന്നു. ചൈനയിൽ പോലും ഇത്രമാത്രം വലിപ്പമുള്ള വലകൾ ഇല്ലത്രേ!

ആദ്യകാലങ്ങളിൽ പുന്നമരം ഉപയോഗിച്ചായിരുന്നു ഇത് നിർമ്മിച്ചിരുന്നത്. എന്നാൽ ശക്‌തമായ കാറ്റിൽ ഈ തടികൾ നശിക്കുവാൻ ഇടയായി. ഇതേ തുടർന്നാണ് തേക്കിന്‍റെ ഉറപ്പുള്ള തടികൾ ചീനവലയ്‌ക്കായി ഉപയോഗിക്കുവാൻ തുടങ്ങിയത്.

മുമ്പ് കൊച്ചിയിൽ ഇരുപത്തിയൊന്നോളം വലകൾ ഉണ്ടായിരുന്നു. ഫോർട്ടുകൊച്ചിയിൽ ഇപ്പോൾ 14 എണ്ണം മാത്രമേ ഉള്ളൂ. കൂടാതെ വൈപ്പിനിൽ 12 വലകളുമുണ്ട്. മരങ്ങളുടെ നാശം ഇതിന്‍റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതുപോലെ തന്നെ വലകൾക്കും കേടുപാടുകൾ സംഭവിക്കുന്നു. തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമായാണ് ഇപ്പോഴും ഈ ചരിത്രാതീത വലകൾ നിലനിൽക്കുന്നതെന്ന് പറയാം.

വലകൾ പലവിധം

കൊച്ചിയിലെ ചീനവലകൾ പല തരത്തിലുണ്ട്. ബാങ്ക് വല, കോഡർ വല, സൊസൈറ്റി വല, പങ്ക വല, പാലം വല, കരിപ്പുര വല, കൊച്ചുവല , ജെയ്‌ക്കോ വല എന്നിവയാണവ.

ആദ്യകാലങ്ങളിൽ പോർച്ചുഗീസുകാർ സ്‌ഥാപിച്ച ഈ വലകൾ തയ്യാറാക്കിയിരുന്നത് പരിചയ സമ്പന്നരായ ആശാരിമാർ മുഖേനയാണ്. കടൽ കയറിയപ്പോൾ ഈ വലകളിൽ പലതിനും നാശം സംഭവിക്കാൻ ഇടയായിട്ടുണ്ട്.

വെള്ളം കയറുന്നതിനനുസരിച്ച് ഇവ മാറ്റി സ്‌ഥാപിക്കാൻ കഴിയുമെങ്കിലും അതിന് നല്ലൊരു തുക ചെലവു വരും. ഇപ്പോൾ ചീനവലത്തൊഴിലാളികൾ തന്നെയാണ് ഇതിന്‍റെ അറ്റകുറ്റപ്പണികളും ചെയ്യുന്നത്. വലയുടെ ഉടമസ്‌ഥവകാശം തലമുറകളായി കൈമാറുകയാണ് പതിവ്.

ചൈനയിലെ വലകൾ

ചൈനയിൽ മെക്കോങ് നദിയുടെ തീരങ്ങളിലാണ് ചീനവലകൾ കണ്ടിരുന്നത്. അവിടെ അത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വലിയ നീളമുള്ള ഒരു വടിയുടെ അറ്റത്തായി ഉറപ്പിക്കുന്ന വലകളാണ് അവിടങ്ങളിൽ സ്‌ഥാപിച്ചിരുന്നത്. അന്ന് ഇത് പ്രവർത്തിപ്പിക്കാൻ ഒരാൾ മാത്രം മതിയായിരുന്നു.

ഇന്തോ ചൈനാ അതിർത്തിയിലും വിയറ്റ്‌നാമിലും ഇന്തോനേഷ്യയിലും കബോഡിയയിലും ചീനവലകൾ കണ്ടു വരുന്നു. പോർച്ചുഗീസിന്‍റെ ആധിപത്യം ചൈനയിലും നിലനിന്നിരുന്നതിലൂടെയാണ് ഇത് കേരളത്തിലേക്ക് എത്താൻ ഇടയായതെന്നാണ് കരുതുന്നത്. കൊച്ചിയിലെ വലകളിൽ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ പേരുകൾക്കും പോർച്ചുഗീസ് സ്വാധീനം ഉണ്ട്.

സായാഹ്നസൂര്യന്‍റെ മഞ്ഞപ്രഭയിൽ ഒരിക്കൽ കൂടി ഞാൻ ചീനവലകളെ പകർത്തി. അറബിക്കടൽ നിലനിൽക്കുന്ന കാലത്തോളം കൊച്ചിറാണിയുടെ കിരീടമായി ചീനവലകൾ തലയെടുപ്പോടെ നിൽക്കുമെന്ന പ്രതീക്ഷയിൽ ഞാൻ മടക്ക ബോട്ടിൽ കയറി. അപ്പോൾ ഓളപ്പരപ്പിൽ ചീനവലകൾ അകന്നകന്നു പോയി…

और कहानियां पढ़ने के लिए क्लिक करें...