പ്രണയം ഒരുപാട് ഓർമ്മകൾ സമ്മാനിക്കും. എന്നാൽ അപൂർവ്വമായേ സ്‌മാരകങ്ങൾ ഉണ്ടാകാറുള്ളൂ. അത്തരം പ്രണയ സ്‌മാരകങ്ങളിൽ ഏറ്റവും പുകൾപെറ്റത് ആഗ്രയിലെ താജ്മഹൽ തന്നെ. ഷാജഹാന്‍റെയും മുംതാസിന്‍റെയും പരസ്പര പ്രണയത്തിന്‍റെ സുന്ദര കാവ്യമായി പരിലസിക്കുന്ന താജ്‌മഹൽ. അതുപോലെ മറ്റൊരു സൗധം ഈ ഭൂലോകത്തുണ്ടാകുമോ? ഉണ്ട്. കാനഡയിലെ ടൊറന്‍റോ സന്ദർശിച്ചപ്പോഴാണ് അത്തരമൊരു സ്‌മാരകത്തെക്കുറിച്ച് അറിയാനിടയായത്.
Thousand islands ലെ റോക്ക് പോർട്ടിൽ നിന്ന് അമേരിക്കൻ അതിർത്തിയിലുള്ള ഹോട്ട്‌ലന്‍റിലേക്കു ബോട്ട് മാർഗ്ഗമാണ് ഞങ്ങൾ പോയത്. മൂന്ന് നിലകളുള്ള ബോട്ടിൽ 125 വിനോദ സഞ്ചാരികളുണ്ട്. രാവിലെ 11 മണിക്ക് St. Lawrence നദിയിലൂടെ ഹോട്ട്‌ലന്‍റിലേക്ക് യാത്ര തിരിച്ചു.
നാൽപത്തിയഞ്ച് മിനിട്ട് യാത്രയ്‌ക്കു ശേഷം നദിയുടെ മനോഹരവും വ്യത്യസ്‌തവുമായ ദൃശ്യങ്ങളിലൂടെ ഹോട്ട്ലന്‍റിന്‍റെ തീരമണഞ്ഞു. തീരത്തു തന്നെയുള്ള ഒരു സുന്ദര ദൃശ്യത്തിലേക്ക് ഗൈഡ് ഞങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. Boldt castle എന്ന പ്രണയ സ്‌മാരകം!
ബോട്ട് ഇറങ്ങി തൊട്ടടുത്ത് തന്നെയുള്ള ഹോട്ടലിലേക്ക് ഞങ്ങൾ നടന്നു. അപ്പോഴും ആദ്യം കണ്ട മനോഹരമായ കൊട്ടാരത്തിന്‍റെ ദൃശ്യമായിരുന്നു മനസ്സു നിറയെ! ഗൈഡ് ആ കൊട്ടാരത്തെക്കുറിച്ചുള്ള കഥകൾ സവിസ്‌തരം പറഞ്ഞു കൊണ്ടിരുന്നു. 1851ൽ ജനിച്ച ജോർജ് ചാൾസ് ബോൾട്ട്, അമേരിക്കയിലെ ഒരു കോടീശ്വരനായിരുന്നു. അവിടത്തെ പ്രധാന ഹോട്ടലുകളുടെയെല്ലാം നിർമ്മാതാവ് അദ്ദേഹമായിരുന്നു.
വളരെ ആകർഷകമായ വ്യക്‌തിത്വത്തിന്‍റെ ഉടമയായിരുന്നു ചാൾസ് ബോൾട്ട് എന്ന യുവാവ്. ഫിലാഡൽഫിയയിലെ ഒരു ക്ലബിൽ ആർട്ടിസ്‌റ്റ് മാനേജരായി ജോലി ചെയ്യാൻ തുടങ്ങിയ സമയത്ത് ക്ലബ് മാനേജരുടെ മകൾ ലൂയിസ് അവിടെ പതിവു സന്ദർശകയായിരുന്നു. അതീവ സുന്ദരിയാണ് ലൂയിസ്. എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖം. അന്നാട്ടിലെ യുവാക്കളുടെയെല്ലാം തന്നെ ഹൃദയം കവർന്ന സുന്ദരി. ജോർജ് ചാൾസ് ബോൾട്ടിനും അവളെ ഏറെ ഇഷ്‌ടമായി. ക്രമേണ ആ ഇഷ്‌ടം രണ്ടുപേരിലും നിറഞ്ഞു! ലൂയിസും ബോൾട്ടും പ്രണയബദ്ധരായി. അങ്ങനെ 1877ൽ ഇരുവരും വിവാഹത്തിലൂടെ ഒരുമിച്ചു.
വിവാഹ ശേഷം ഫിലാഡൽഫിയയിൽ ഒരു വമ്പൻ ഹോട്ടൽ, ബോൾട്ട് വേലി വ്യൂ ഇവർ നിർമ്മിച്ചു. ഹോട്ടൽ മുറികളുടെ അകത്തളങ്ങൾ അലങ്കരിച്ചത് ലൂയിസ് ആയിരുന്നു. വളരെ റൊമാന്‍റിക്കായ ഇന്‍റീരിയർ സ്‌റ്റൈൽ അക്കാലത്ത് ആ ഹോട്ടലിനെ ലോക പ്രശസ്‌തമാക്കി.
രാജ കൊട്ടാരത്തിലേക്ക് പോലും ഇവിടെ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാറുണ്ടായിരുന്നത്രേ. അങ്ങനെ ബോൾട്ട് രാജ കൊട്ടാരങ്ങളിലും ബഹുമാനിതനായി. ഇത്തരം വമ്പൻ ബന്ധങ്ങളുടെ പേരിൽ ന്യൂയോർക്കിലെ ഏറ്റവും വലിയ ഹോട്ടൽ വാൾഡോഫിന്‍റെ പ്രൊപ്രൈറ്റർമാരിലൊരാളായി ബോൾട്ട് മാറി.
ബോൾട്ടിന്‍റെയും ലൂയിസിന്‍റെയും സംയുക്‌ത പരിശ്രമങ്ങളിലൂടെയും നവീന ആശയങ്ങളിലൂടെയും ഹോട്ടൽ വാൾഡോഫ് വിശ്വപ്രസിദ്ധമായി. അങ്ങനെ രാജ കുടുംബങ്ങളേക്കാൾ ധനികനായ വ്യക്‌തിയായി ബോൾട്ട് ഉയർന്നു വന്നു. ബോൾട്ട് ദമ്പതികൾ പിന്നീട് നിരവധി ഹോട്ടൽ സമുച്ചയങ്ങൾ ആരംഭിച്ചു.
ഇതൊക്കെ അവരുടെ ജീവിതത്തിന്‍റെ ഭൗതികമായ സംഗതികളാണ്. എന്നാൽ യഥാർത്ഥത്തിൽ അവരുടെ സമ്പത്തിനേക്കാൾ, പ്രതാപത്തേക്കാൾ വിലമതിക്കുന്നത് അവരുടെ പ്രണയം തന്നെയാണ്. ബോൾട്ടിന് തന്‍റെ പത്നി ലൂയിസിനോട് അനന്യമായ പ്രണയാവേശമായിരുന്നു. സൗന്ദര്യ റാണി എന്നാണ് അവളെ അയാൾ വിളിച്ചിരുന്നത്. ലൂയിസില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ആലോചിക്കാനെ നിവൃത്തിയില്ലായിരുന്നു ബോൾട്ടിന്. ആ പ്രണയത്തിന്‍റെ ശക്‌തിക്ക്, എല്ലാക്കാലവും ഓർമ്മിക്കുന്ന ഒരു സ്‌മാരകം പണിയണമെന്ന് ബോൾട്ട് തീരുമാനിച്ചു. ഈ ആഗ്രഹപൂർത്തീകരണത്തിനായിട്ടാണ് തൗസന്‍റ് ഐലന്‍റിലെ ഹോട്ട്‌ലന്‍റ് തെരഞ്ഞെടുത്ത് അവിടെ ഒരു കൊട്ടാരം പണിയാൻ ആരംഭിച്ചത്. 1900ത്തിലാണ് ഈ പ്രേമ പ്രതീകത്തിന്‍റെ നിർമ്മാണം തുടങ്ങിയത്.
ഏറ്റവും വിലയേറിയ സാമഗ്രികളും ഡിസൈനുകളും ഉപയോഗിച്ചാണ് ജോർജ് ചാൾസ് ബോൾട്ട് തന്‍റെ പ്രേയസിയോടുള്ള പ്രണയ സൂചകം നിർമ്മിച്ചു തുടങ്ങിയത്. നിർമ്മാണം നടക്കുന്ന കാലയളവിൽ ലൂയിസിനൊപ്പം നാലു പ്രാവശ്യം അവധിക്കാലം ചെലവഴിക്കാൻ ബോൾട്ട് ഇവിടെ എത്തി. തന്‍റെ പ്രണയത്തിന്‍റെ തീവ്രത വെളിപ്പെടുത്താൻ വേണ്ടി ഹൃദയത്തിന്‍റെ ആകൃതിയിലാണ് ഈ കെട്ടിടത്തിന്‍റെ രൂപകൽപന ബോൾട്ട് നിർവഹിച്ചത്. നാല് വേനൽക്കാലം ചെലവിട്ട ശേഷം പിറ്റേ വർഷം ലൂയിസിന്‍റെ ജന്മദിനത്തിൽ ഉപഹാരമായി കൊട്ടാരം ആഘോഷപൂർവ്വം സമർപ്പിക്കാനായിരുന്നു ബോൾട്ടിന്‍റെ തീരുമാനം. എന്നാൽ നിയോഗം മറ്റൊന്നായിരുന്നു.
42-ാം ജന്മദിനത്തിന് ഒരു മാസം മുമ്പ് ബോൾട്ടിനെ തനിച്ചാക്കി ലൂയിസ് ഈ ലോകത്തോട് വിട പറഞ്ഞു. അവിചാരിതമായ മരണമായിരുന്നു. 1904-ൽ ആണ് ആ സംഭവം. ആ സമയത്ത് ഹോട്ട്‌ലന്‍റിൽ ബോൾട്ട് കാസിലിൽ ചില നിർമ്മാണ ആവശ്യങ്ങളുമായി പോയിരിക്കുകയായിരുന്നു ബോൾട്ട്. ലൂയിസിന്‍റെ മരണം ബോൾട്ടിന് താങ്ങാൻ കഴിഞ്ഞില്ല. അദ്ദേഹം നിർമാണം നിർത്തിവച്ചു. പിന്നീട് ഭ്രാന്തമായ മനസ്സോടെ അദ്ദേഹം ജീവിച്ചു. 1917 ൽ 65-ാം വയസ്സിൽ മരണമടയുന്നതുവരെ, ഹോട്ട്ലന്‍റിലേക്കോ ബോൾട്ട് കാസിലിലേക്കോ അദ്ദേഹം പോയില്ല. അതിനിടയിൽ കൊട്ടാരം നാശോന്മുഖമായി. കള്ളന്മാരും കൊള്ളക്കാരും അവിടം സങ്കേതമാക്കി. യാതൊരു ശ്രദ്ധയും കിട്ടാതെ ബോൾട്ട് കാസിൽ, പ്രകൃതിയുടെ പരിണാമങ്ങളോട് മല്ലിട്ടു.
1977 ലാണ് പിന്നീട് ഈ പ്രദേശം വിനോദ സഞ്ചാര കേന്ദ്രമായി മാറിയത്. ഇപ്പോൾ മികച്ച ടൂറിസ്‌റ്റ് ഡെസ്‌റ്റിനേഷനുകളിലൊന്നാണ്.
ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം ഞങ്ങൾ ബോൾട്ട് കാസിൽ കാണാൻ പുറപ്പെട്ടു. പ്രതിവർഷം ലക്ഷക്കണക്കിന് യാത്രക്കാരെ ആകർഷിക്കുന്ന വിനോദ സങ്കേതം. അഞ്ച് ഏക്കർ സ്‌ഥലത്ത് വ്യാപിച്ചു കിടക്കുന്ന മണി സൗധം. ഇതിൽ 120 മുറികളുണ്ട്. ആറ് കൊട്ടാരങ്ങളുടെ സമുച്ചയമാണത്. സ്വാഗത കവാടം റോമൻ ശിൽപകലയുടെ ചാരുത വിളിച്ചറിയിക്കുന്നതായിരുന്നു. ആ കവാടത്തിലൂടെ ഞങ്ങൾ ആൾസ്‌റ്റർ ടവറിലെത്തി. ബോൾട്ടും ലൂയിസും വേനലവധി ചെലവഴിച്ച കൊട്ടാരമാണത്. ആ കൊട്ടാര സമുച്ചയത്തിലെ ഏറ്റവും മനോഹരവും, ഏറ്റവും മികച്ച സംവിധാനങ്ങളുള്ളതുമായ ഇടമാണ് ആൾസ്‌റ്റർ ടവർ.
ആ കൊട്ടാരത്തിനോടു ചേർന്ന് ഇറ്റാലിയൻ മാതൃകയിൽ രൂപ കൽപന ചെയ്‌ത ഒരു പൂന്തോട്ടമുണ്ട്. മനംമയക്കുന്ന ഉദ്യാനത്തിൽ അസുലഭങ്ങളായ പുഷ്‌പങ്ങളുടെ സമ്മേളനം. ഈ ദ്വീപിന്‍റെ മറ്റൊരു ഭാഗത്ത് ഒരു പവർ ഹൗസ് നിർമ്മിച്ചിട്ടുണ്ട്. ജനവാസം കുറഞ്ഞ പ്രദേശമായതിനാൽ, ഒരിക്കലും വൈദ്യുതി ക്ഷാമം നേരിടരുതെന്ന ചിന്തയിലാണ് പവർ ഹൗസ് അക്കാലത്തേ നിർമ്മിച്ചത്. നദിക്കു കുറുകേ കൊട്ടാരത്തിലേക്ക് നീളുന്ന ഒരു ആർച്ച് ബ്രിഡ്‌ജ് ഇവിടെയുണ്ട്. അതിനു മുകളിലായി സുന്ദരമായ ക്ലോക്ക് ടവർ കാണാം.
വിശാലമായ കൊട്ടാരത്തിന്‍റെ അകത്തളങ്ങളിലൂടെ ഞങ്ങൾ ഏറെ നേരം ചുറ്റിക്കറങ്ങി. മുഖ്യഹാളിൽ ഭിത്തിയിൽ അലങ്കാരമായി വച്ചിട്ടുള്ള പെയിന്‍റിംഗുകൾ മുതൽ പിയാനോ വരെ ബോൾട്ട് ലൂയീസ് ദമ്പതികളുടെ കലാമനസ്സ് പ്രകടമാകുന്നു. ഇവിടെ ആ ദമ്പതികളുടെ അപൂർവ്വമായ ചിത്രവും കാണാം.
ലോകത്ത് ഏറ്റവും മനോഹരമായി സാധന സാമഗ്രികൾ കൊണ്ട് സമ്പന്നമാക്കിയ കലാഗൃഹം. മാർബിളും മരവും വച്ച് പണിത കോണിപ്പടികളാണ് കൊട്ടാരത്തിന്‍റെ മറ്റൊരു സവിശേഷത. ലൂയിസിന്‍റെയും ബോൾട്ടിന്‍റെയും കല്യാണ വേളയിൽ എടുത്ത ചിത്രം കാണാൻ വലിയ തിരക്കായിരുന്നു.
ബോൾട്ട് കാസിൽ നിർമ്മിക്കാനിടയായ സംഭവങ്ങളും മറ്റും വിശദീകരിക്കുന്ന പതിനഞ്ച് മിനിട്ട് വീഡിയോ ദൃശ്യം ഇവിടെ യാത്രക്കാർക്കു കാണാൻ കഴിയും. അതുകണ്ടു പുറത്തിറങ്ങുന്നവരുടെ മുഖത്ത് സഹതാപത്തിന്‍റെയും ദുഃഖത്തിന്‍റെയും സ്‌നേഹത്തിന്‍റെയുംഅലകൾ ഓളം തല്ലുന്നുണ്ടായിരുന്നു.