എന്‍റെ കുഞ്ഞിന് രണ്ട് വയസ്സായി. ഇതുവരെയും സംസാരിക്കാൻ തുടങ്ങിയില്ല എന്ന വേവലാതിയുമായി നിരവധി അച്‌ഛനമ്മമാർ ആശുപത്രികൾ കയറിയിറങ്ങാറുണ്ട്. കുട്ടികൾ സംസാരിക്കാൻ വൈകുന്നത് എന്തുകൊണ്ടാണ് എന്നു മനസ്സിലാവണമെങ്കിൽ അവരുടെ ക്രമാനുഗതമായ വളർച്ചയും സംസാരവും എന്താണെന്നും അറിയേണ്ടതുണ്ട്.
ഒരാളുടെ സംസാരശേഷി കേൾവിശക്‌തിയെ അടിസ്‌ഥാനപ്പെട്ടിരിക്കുന്നു. കുഞ്ഞിന്‍റെ ആദ്യത്തെ 6 മാസത്തിൽ അവർ കേട്ട സംഭാഷണങ്ങളും ശബ്‌ദങ്ങളും തന്നെയാണ് സംസാരശേഷിയുടെ കാതൽ.
മൂന്നു മാസത്തിനും ആറു മാസത്തിനും ഇടയിലാണ് കുഞ്ഞിന്‍റെ സംഭാഷണത്തിന്‍റെ ആദ്യഘട്ടം. എന്തെങ്കിലും ചോദിച്ചാൽ കുടുകുടെ ചിരിക്കുകയും ഇക്കിളി കൂടുമ്പോലെ ശബ്‌ദമുണ്ടാക്കുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ. പുറംലോകത്തോട് സംസാരിക്കാനുള്ള കുഞ്ഞിന്‍റെ ഏറ്റവും ആദ്യത്തെ ശ്രമമാണിത്. 6 മാസം കഴിയുമ്പോൾ കുഞ്ഞ് ഡാ.. ഡാ, ബാ… ബ, മാ… മ.. ഛ ഇങ്ങനെ ചില ശബ്‌ദങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങും. ഇത്തരം കൊഞ്ചലുകളും താളക്രമത്തിൽ ചില ശബ്‌ദങ്ങൾ ആവർത്തിക്കുന്നതും കേട്ടാൽ, അച്‌ഛനും അമ്മയും തിരിച്ച് അതേ ശബ്‌ദം കേൾപ്പിക്കുക തന്നെ വേണം. ഇങ്ങനെ പ്രതികരിക്കുന്നത് കുഞ്ഞുങ്ങളുടെ ആശയവിനിമയ രീതിയ്‌ക്ക് ആക്കം കൂട്ടും. ബ… ബ എന്ന് കുഞ്ഞു പറയുമ്പോൾ പുഞ്ചിരിയോടെ അങ്ങനെ തന്നെ അവരുടെ മുഖത്തേക്ക് നോക്കി ആവർത്തിക്കുമ്പോൾ കുഞ്ഞുങ്ങൾ വലിയ സന്തോഷം പ്രകടിപ്പിക്കുന്നതും വീണ്ടും വീണ്ടും ആ ശബ്‌ദം ഉണ്ടാക്കുന്നതും കണ്ടിട്ടില്ലേ. ഭാഷാ പഠനത്തിന്‍റെ ആദ്യഘട്ടമാണിതെന്ന് അറിയുക. ഇത്തരം സന്ദർഭങ്ങളിൽ കുഞ്ഞിന് മറുപടി കൊടുത്തില്ലെങ്കിൽ അതേ വാക്കുകൾ ആവർത്തിക്കാതിരിക്കാൻ പിന്നീട് ശ്രമിച്ചില്ലെന്നും വരാം.
സംഭാഷണത്തിന്‍റെയും മനസ്സിലാക്കലിന്‍റെയും സംയുക്‌തരൂപമാണ് ഭാഷ. 9 മാസം മുതൽ 12 മാസം വരെയുള്ള കാലയളവിൽ കുഞ്ഞ് സ്വന്തം പേര് മനസ്സിലാക്കാൻ ആരംഭിക്കും. വേണ്ട, അരുത്, വരൂ, അത് തരൂ എന്നിങ്ങനെ ചെറിയ വാക്കുകൾ കേട്ടാൽ അവർക്ക് മനസ്സിലാക്കാനും കഴിയും. മുതിർന്നവർ ചുമയ്‌ക്കുകയോ, മറ്റോ ചെയ്യുന്നതു കേട്ടാൽ അതേപോലെ അനുകരിക്കാനും ഈ പ്രായത്തിൽ കഴിയേണ്ടതാണ്.
12 മാസത്തിനും 15 മാസത്തിനുമിടയിൽ കുഞ്ഞിന് മറ്റുള്ളവർ പറയുന്നതും ചെയ്യുന്നതുമായ മിക്ക കാര്യങ്ങളും മനസ്സിലായി തുടങ്ങും. കൊഞ്ചലോടുകൂടി പ്രധാന വാക്കുകൾ ഉച്ചരിക്കാനും ആരംഭിക്കും. കേട്ട വാക്കുകൾ അവർ ശബ്‌ദം അനുകരിച്ച് ഉച്ചരിക്കാനാണ് ശ്രമിക്കുന്നത്. പെട്ടെന്ന് കേൾക്കുമ്പോൾ തമാശയായി തോന്നാം. എന്നാൽ കുഞ്ഞ് പുറപ്പെടുവിക്കുന്ന ഓരോ ശബ്‌ദവും ഏതെങ്കിലും വാക്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.
18 മാസമാകുമ്പോൾ കുഞ്ഞിന് 10 മുതൽ 15 വാക്കുകൾ വരെ പഠിച്ചെടുത്ത് സംസാരിക്കാൻ കഴിയും. ഞാൻ, നീ, നിന്‍റെ എന്‍റെ തുടങ്ങിയ വാക്കുകൾ പ്രയോഗിക്കാൻ പ്രയോഗിക്കാൻ തുടങ്ങുന്ന സമയമാണിത്. 2 വയസ്സാകുമ്പോഴേക്കും വാക്കുകളുടെ എണ്ണം 100 കവിയും ഭാഷാവികസനം ഗണ്യമായി സംഭവിക്കുന്ന കാലമാണ് 2 വയസ്സു മുതൽ 5 വയസ്സു വരെ. ആ കാലയളവിൽ കുഞ്ഞിന്‍റെ പദസമ്പത്ത് 100 നിന്ന് 2000 വരെ വർദ്ധിക്കും.
2 വയസ്സുള്ള കുട്ടിയുടെ ഒരു വാചകത്തിൽ 2 വാക്കുണ്ടാകും. 3 വയസ്സിൽ 3 വാക്കും 5 വയസ്സിൽ 5. ഇതൊരു കണക്കാണ്. 2 വയസ്സിനും 5 വയസ്സിനുമിടയിലുള്ള കുഞ്ഞുങ്ങൾ സംസാരിക്കുന്ന വാചക ഘടന ശ്രദ്ധിച്ചാലിതു മനസ്സിലാക്കാം.
4 വയസ്സാകുമ്പോൾ കുഞ്ഞിന് സ്വന്തം പേര്, വയസ്സ്, ആണോ പെണ്ണോ ഈ വിവരങ്ങൾ ബോധ്യമാകുന്നു. നേഴ്‌സറിപ്പാട്ടുകൾ പഠിക്കും, എണ്ണാൻ ശ്രമിക്കും. ഭൂതകാലത്തിലും ഭാവികാലത്തിലും വാചകം പ്രയോഗിക്കാനും 4 വയസ്സാകുമ്പോഴേക്ക് കുഞ്ഞ് പഠിക്കുന്നുണ്ട്.
ഇനി സംസാരം വൈകുന്നതിനുള്ള പൊതുമായ കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. ചില കുഞ്ഞുങ്ങൾ നേരത്തെ സംസാരിച്ചു തുടങ്ങും. ചിലർ വൈകിയും. പക്ഷേ 2 വയസ്സായിട്ടും അർത്ഥവത്തായ ആശയ വിനിമയത്തിനു കുഞ്ഞിന് സാധിക്കുന്നില്ലെങ്കിൽ സൂക്ഷ്‌മനിരീക്ഷണം അനിവാര്യമാണ്. ആൺകുട്ടികളെ അപേക്ഷിച്ച് സംഭാക്ഷണ ചാതുര്യം പെൺകുട്ടികളിലാണ് കൂടുതൽ കണ്ടുവരുന്നത്. സംസാരിച്ചു തുടങ്ങിയാൽ വളരെ വേഗം ആ കഴിവ് പൂർണ്ണരീതിയിൽ അവർ നേടും. സംസാരിക്കാൻ വൈകുന്നതിലെ പ്രധാന കാരണം കേൾവി ശക്‌തിയില്ലായ്‌മയോ പ്രത്യേക സാഹചര്യങ്ങളോ ആകാം.
കേൾവി ശക്‌തി ഇല്ലെങ്കിൽ
ആദ്യത്തെ 6 മാസത്തിനകം തന്നെ കുഞ്ഞിനെ ശ്രദ്ധയോടെ വീക്ഷിച്ചാൽ ഈ പ്രശ്നം കണ്ടെത്താൻ കഴിയുന്നതാണ്. വലിയ ശബ്‌ദം കേട്ടാലും പ്രതികരിക്കാതിരിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കേൾവിക്കുറവുണ്ടെന്ന് അനുമാനിക്കാം. കുറങ്ങലും കൊഞ്ചലും മാത്രമാണ് ആദ്യത്തെ 6 മാസത്തിലുണ്ടാകുന്നതെങ്കിലും ശ്രദ്ധിക്കാവുന്നതാണ്. ഇന്നർ ഇയർ, കോക്ലിയർ, ഓഡിറ്ററി നർവ് പ്രശ്നങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാം.
ഒരു ഉദാഹരണം പറയാം. 6 മാസം പ്രായമുള്ള കുഞ്ഞിന് വെടിക്കെട്ട് കേട്ടിട്ട് യാതൊരു കുലുക്കവുമില്ല. മുത്തശ്ശി വിചാരിച്ചു. ഹൊ. എന്തു ധൈര്യമുള്ള കുഞ്ഞ് എന്ന്. പക്ഷേ അമ്മയ്‌ക്ക് സംശയം തോന്നി. ആശുപത്രിയിൽ കൊണ്ടുവന്നപ്പോഴാണ് കുഞ്ഞിന് ഗുരുതരമായ കേൾവി വൈകല്യമുണ്ടെന്ന് മനസ്സിലാവുന്നത്. ജെന്‍റാമൈസിൻ കുത്തിവയ്‌പ് ഗർഭാവസ്‌ഥയിൽ അമ്മ ഉപയോഗിച്ചതുകൊണ്ടാണ് കുഞ്ഞിന് കേൾവി ശക്‌തി നഷ്‌ടമായത്. ഹിയറിംഗ് എയ്‌ഡ് ചെറുപ്പത്തിലേ വച്ചു കൊടുത്തതുകൊണ്ട് സ്വാഭാവികമായ സംസാരരീതിയിലേക്ക് ആ കുഞ്ഞിനെ കൊണ്ടു വരാൻ വലിയ പ്രയാസം നേരിട്ടില്ല എന്നു മാത്രം.
സാഹചര്യങ്ങളുടെ അഭാവം
ചുറ്റും കേൾക്കുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നതിലൂടെയാണ് ഭാഷാ ശേഷി വികസിക്കുന്നത്. നവജാത ശിശുവിനോട് അമ്മയോ അച്‌ഛനോ മുത്തച്‌ഛനോ ഒക്കെ എത്രമാത്രം സംസാരിക്കുന്നുവോ അത്രയും വേഗത്തിൽ, എളുപ്പത്തിൽ കുഞ്ഞിന്‍റെ സംസാരശേഷി രൂപപ്പെടുന്നു. ഇപ്പോൾ മിക്ക വീടുകളിലും അച്‌ഛനമ്മാർ ജോലിക്കു പോകും. കുഞ്ഞിനെ നോക്കുന്നത് വീട്ടുജോലിക്കാരുമായിരിക്കും. രക്ഷിതാക്കൾ വൈകിട്ട് വീട്ടിലെത്തിയാൽ തന്നെ മുക്കാൽ സമയവും കുഞ്ഞിനെയുമെടുത്ത് ടിവിക്കു മുന്നിലിരിക്കുകയും ചെയ്യും.
ടിവി കാണുകയോ കേൾക്കുകയോ ചെയ്യുന്ന കുഞ്ഞിന് ആ ഭാഷ മനസ്സിലാക്കാൻ പ്രയാസമാണ്. ടിവിയിൽ ദൃശ്യങ്ങളും ശബ്‌ദവും ഒരുമിച്ച് വരുമ്പോൾ കുഞ്ഞ് ദൃശ്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുക. മുതിർന്നവർക്ക് ഒരേസമയം ടിവി കാണുകയും കേൾക്കുകയും ചെയ്യാൻ സാധിക്കുമ്പോൾ കുഞ്ഞുങ്ങൾ ദൃശ്യങ്ങൾ കാണുക മാത്രം ചെയ്യുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുഞ്ഞുങ്ങളുടെ കഴിവും ചെറുതായിരിക്കും. ഇക്കാരണം കൊണ്ടാണ് അതിവേഗത്തിൽ മിന്നി മറിയുന്ന പരസ്യങ്ങൾ അവർ കൂടുതൽ ശ്രദ്ധിക്കുന്നത്. മറ്റു വൈകല്യങ്ങളൊന്നും കുഞ്ഞിന് ഇല്ല, എന്നിട്ടും സംസാരിക്കുവാൻ വൈകുന്നു എന്ന ആശങ്ക ഉണ്ടെങ്കിൽ കൂടുതൽ സംസാരിക്കാൻ തുടങ്ങുക, കഥ പറഞ്ഞും പുസ്‌തകങ്ങൾ വായിച്ചു കേൾപ്പിച്ചും പാട്ടുപാടിയും കുഞ്ഞിന്‍റെ സംസാരപ്രിയം ഉണർത്താം.
ഭാഷാ പ്രയോഗത്തിലും വികസനത്തിലും ചിത്രകഥ പുസ്‌തകങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. കഥാപുസ്‌തകങ്ങൾ വായിച്ചു കൊടുക്കുക, ചിത്രം ചൂണ്ടിക്കാട്ടിയുള്ള വായന ഇവയിലൂടെ അവർക്ക് കുറേ വാക്കുകൾ കിട്ടും. ഇത്തരം രണ്ടു പ്രയോജനം നൽകും. ശ്രദ്ധിച്ച് കേൾക്കാനും കാണാനുമുള്ള ശേഷിയുമുണ്ടാവും.
അടിസ്‌ഥാനപരമായി വേണ്ടത്ര വാക്കുകൾ കുഞ്ഞിന് കിട്ടിക്കഴിഞ്ഞാൽ ഓരോ ചിത്രവും ചൂണ്ടി ചോദിക്കാം. ഇതെന്താ? എന്ന ചോദ്യത്തിന് കുട്ടിയെ കൃത്യമായ മറുപടി നൽകാൻ പഠിപ്പിക്കുന്നതിലൂടെ ഭാഷാപ്രായോഗം മികവുറ്റതാക്കാം.
മറ്റു കാരണങ്ങൾ
ഒരാളുടെ ബുദ്ധിപരവും വൈകാരികവുമായ വളർച്ചയുടെ അളവുകോലാണ് അയാൾ ഉപയോഗിക്കുന്ന ഭാഷ. തലച്ചോറിലെ വികസനത്തിലെ അപാകത മൂലവും സംസാര വൈകല്യത്തിനോ വൈകിയുള്ള സംസാരത്തിനോ കാരണമാകാം. കുഞ്ഞ് ജനിച്ച് ഒരു വർഷം പിന്നിടുമ്പോഴും സംസാരത്തിൽ യാതൊരു പുരോഗതിയുമില്ല എങ്കിൽ മാനസികമായ വളർച്ചക്കുറവ് ഉണ്ടോയെന്ന സംശയിക്കണം.കുഞ്ഞിനെ ഉപദ്രവിക്കുന്നതും അവഗണനയും എല്ലാം അവരുടെ സംസാര പ്രതികരണ ശേഷിയെ സാരമായി ബാധിക്കാറുണ്ട്.