മത്സ്യം കഴിക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങളെന്താണ് കഴിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രാസവസ്‌തുക്കൾ മനുഷ്യ വിസർജ്യങ്ങൾ അല്ലെങ്കിൽ പിന്നെ പ്ലാസ്‌റ്റിക്!
കുറച്ച് നാള്‍ മുമ്പ് മറൈൻ പൊല്യൂഷൻ ബുള്ളറ്റിനിൽ പ്ലിമോത്ത് യൂണിവേഴ്സിറ്റി ഒരു റിപ്പോർട്ട് നൽകുകയുണ്ടായി. ഇംഗ്ലണ്ടിലെ സമുദ്ര തീരങ്ങളിൽ പിടിക്കുന്ന മൂന്നിലൊന്ന് മത്സ്യങ്ങളിൽ നിറയെ പ്ലാസ്‌റ്റിക് കാണപ്പെടുന്നു എന്നായിരുന്നു റിപ്പോർട്ട്. ഇത് അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ മത്സ്യങ്ങളുടെ മാത്രം കാര്യമല്ല.
ലോകത്തെ മുഴുവൻ സമുദ്രതീരങ്ങളിലും സമുദ്രോപരിതലത്തിലും പ്ലാസ്‌റ്റിക് അംശങ്ങൾ വലിയ അളവിൽ വ്യാപിച്ചിരിക്കുന്നു എന്നാണ് ശാസ്‌ത്രജ്‌ഞനായ റിച്ചാർഡ് തോംസൺ നടത്തിയ പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്ലാസ്‌റ്റിക് അംശങ്ങൾ ജീവികളുടെ ശരീരത്തിൽ സ്വന്തമായ ഒരിടമുണ്ടാക്കുന്നുവെന്ന് ഇതിൽ വ്യക്‌തമാക്കുന്നു.
ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യം
പ്ലിമോത്ത് സമുദ്ര തീരത്ത് നിന്നും 10 കി.മീ. ഉള്ളിൽ ചെന്ന് 504 മത്സ്യങ്ങളെ പിടിക്കുകയുണ്ടായി. മത്തി, അയല, ഡോറി, റെഡ് ഗനാർഡ് തുടങ്ങിയ മത്സ്യങ്ങൾ… ഇവയിൽ 184 മത്സ്യങ്ങളുടെ ദഹനേന്ദ്രിയത്തിൽ നിന്നും 1 മുതൽ 15 വരെ പ്ലാസ്‌റ്റിക് കഷണങ്ങൾ കണ്ടെത്തിയിരുന്നു. മറ്റ് തരത്തിലുള്ള 351 പ്ലാസ്‌റ്റിക് അംശങ്ങളും മത്സ്യങ്ങളുടെ ശരീരത്തിൽ കണ്ടെത്തുകയുണ്ടായി.
പ്ലാസ്‌റ്റിക് കുപ്പി, പോളിത്തീൻ, സ്‌റ്റെറോഫോം (ഒരു തരം തെർമോകോൾ) പ്ലാസ്‌റ്റിക് കയ്യുറ, അടപ്പ്, ഫോമിന്‍റെ പാക്കേജിംഗ് ഐറ്റം, പ്ലാസ്‌റ്റിക് ചരട്, മീൻ പിടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് വല, മുട്ട വയ്‌ക്കുന്ന പ്ലാസ്‌റ്റിക് അറ, ലൈറ്റർ, സ്‌ട്രോ, കോസ്‌മെറ്റിക്, സാനിറ്ററി ഉൽപന്നങ്ങൾ മുതലായവയാണ് അവയിലധികവും ഉണ്ടായിരുന്നത്.
ഇത് കൂടാതെ സിഗരറ്റ് അവശിഷ്‌ടങ്ങളും വലിയ അളവിൽ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചത്ത ചില മത്സ്യങ്ങളുടെ ശരീരത്തിൽ നിന്നും മെറ്റൽ കൊണ്ടുള്ള അടപ്പും ചില്ല് കഷണങ്ങളും പുറത്തെടുത്തിരുന്നു. ഈ മത്സ്യങ്ങളെല്ലാം തന്നെ മനുഷ്യരുടേയും മറ്റ് ജീവികളുടെയും പ്രിയപ്പെട്ട ഭക്ഷ്യവസ്‌തുവാണ്.
പ്ലാസ്‌റ്റിക്കിന്‍റെ സ്രോതസ്സ്
2011ൽ യുകെയിലെ സൂപ്പർ മാർക്കറ്റുകൾ ഏകദേശം എട്ട് കോടി നേർത്ത പോളിത്തീൻ ബാഗുകളാണ് ആളുകൾക്ക് നൽകിയത്. 2010ൽ ഉപയോഗിച്ച ബാഗുകളെ അപേക്ഷിച്ച് 5.4 ശതമാനം കൂടുതലായിരുന്നുവത്. ഇന്ന് യുകെയിലെ ഓരോ കടയും മാസത്തിൽ ഏകദേശം പതിനൊന്ന് പ്ലാസ്‌റ്റിക് ബാഗുകളാണ് ഉപയോഗിക്കുന്നത്. ഒടുവിൽ അത് മത്സ്യങ്ങളുടെ തീറ്റയായി മാറാറുമുണ്ട്.
കോസ്‌മെറ്റിക് ഉൽപാദിപ്പിക്കുന്ന കമ്പനികൾ ചെറിയ ചെറിയ പാർട്ടിക്കിൾസിന്‍റെ രൂപത്തിൽ പ്ലാസ്‌റ്റിക് ഉപയോഗിക്കാറുണ്ട്. ഇത് കടലിൽ ചെല്ലുമ്പോൾ അനായാസം മത്സ്യങ്ങളുടെ ഭക്ഷണമായി മാറുന്നു.
പ്ലാസ്‌റ്റിക് വേസ്‌റ്റ് അപകടകരം
2010ൽ അമേരിക്കയിൽ 31 ലക്ഷം ടൺ പ്ലാസ്‌റ്റിക് വേസ്‌റ്റാണ് കുന്നുകൂടിയത്. അവയിൽ 92 ശതമാനം ഭാഗം സമുദ്രത്തിൽ തള്ളുകയാണ് ഉണ്ടായത്. 2011ൽ ശാസ്‌ത്രജ്‌ഞർ പസിഫിക് മഹാ സമുദ്രത്തിൽ നിന്നും പിടിച്ച 10 ശതമാനം ലാന്‍റേൺ മത്സ്യങ്ങളിലും പ്ലാസ്‌റ്റിക് കണ്ടെത്തിയിരുന്നു. ലാന്‍റേൺ മത്സ്യങ്ങളിൽ ഭൂരിഭാഗത്തേയും വലിയ മത്സ്യങ്ങൾ തിന്നുകയാണ് ചെയ്യുക. ഈ മത്സ്യങ്ങളാകട്ടെ മനുഷ്യന്‍റെ പ്രിയ ഭക്ഷണവുമാണ്.
സാൻഡിയാഗോയിലെ സ്‌ക്രിപ്‌സ് ഇൻസ്‌റ്റിറ്റ്യൂഷൻ ഓഫ് ഓഷിയാനോഗ്രാഫി നടത്തിയ ഒരു പഠനത്തിൽ വടക്കൻ പസിഫിക് സമുദ്രത്തിന്‍റെ മധ്യഭാഗത്തെ ആഴമേറിയ ഭാഗങ്ങളിൽ കണ്ടെത്തിയ മത്സ്യങ്ങൾ വർഷത്തിൽ 24,000 ടൺ പ്ലാസ്‌റ്റിക് തിന്നുന്നതായി കണ്ടെത്തിയിരുന്നു.
മത്സ്യങ്ങളുടെ ശരീരത്തിനുള്ളിലുള്ള പ്ലാസ്‌റ്റിക് എത്ര വലുതായാലും ചെറുതായാലും അവ പിന്നീട് വളരെ ചെറിയ ചെറിയ കഷണങ്ങളായി വിഭജിക്കപ്പെടുകയും മത്സ്യം കഴിക്കുന്നവർക്കു പോലും അത് തിരിച്ചറിയാനാവാത്ത വിധം ആകുകയും ചെയ്യുമത്രേ. റിസർച്ച് ലേഖികയായ റബേക്ക ആഷ് പറയുന്നത്
പ്ലാസ്‌റ്റിക് തിന്ന് ചത്തൊടുങ്ങുന്ന മത്സ്യങ്ങളുടെ എണ്ണം തിട്ടപ്പെടുത്താൻ ആവില്ല. പ്ലാസ്‌റ്റിക് തിന്ന ശേഷം അത് പുറത്തേക്ക് തള്ളുകയോ അല്ലെങ്കിൽ ദഹനേന്ദ്രിയത്തിൽ അടിഞ്ഞുകൂടി കിടക്കുകയോ ചെയ്യുന്ന എത്രയോ മത്സ്യങ്ങളുണ്ടാവാം.
ഏൽഗലിതാ മറൈൻ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനമനുസരിച്ച് പസിഫിക് സാഗരത്തിന്‍റെ മധ്യഭാഗത്തായി 35 ശതമാനം മത്സ്യങ്ങളുടെ ഉദരത്തിനകത്ത് പ്ലാസ്‌റ്റിക് കണ്ടെത്തിയിരുന്നു.
പരിസ്‌ഥിതിയ്‌ക്ക് അപകടം
വിലകുറഞ്ഞതും ഒട്ടിപ്പിടിക്കുന്നതും നേർത്തതുമായ പ്ലാസ്‌റ്റിക്കുകൾ പല വ്യവസായങ്ങളിലും അധികമായി ഉപയോഗിച്ച് കാണാറുണ്ട്. ഇവയിൽ വളരെ കുറച്ചുമാത്രമാണ് രണ്ടാമതും ഉപയോഗിക്കപ്പെടുന്നത്. അവശേഷിക്കുന്നവ നദികളിലും സമുദ്രത്തിലേക്കും ഒഴുക്കി വിട്ട് പരിസ്‌ഥിതിയെ മലിനപ്പെടുത്തുകയാണ്. അവ ഇല്ലാതായി തീരുന്നതിന് പകരം ചെറുകഷണങ്ങളായി പരിസ്‌ഥിതിയ്‌ക്ക് ഭീഷണിയായി മാറുകയാണ്. ഈ പ്ലാസ്‌റ്റിക്കിന്‍റെ ഏതാനും ഭാഗം മത്സ്യങ്ങൾ ഭക്ഷിക്കുകയും പിന്നീടത് മനുഷ്യ ശരീരത്തിലെത്തി ചേരുന്നതും എത്ര ഗുരുതരമായ?ൃ അവസ്‌ഥയാണ്.
ഡൽഹിയിൽ നിന്നും എല്ലാ വർഷവും രണ്ടര ടൺ പ്ലാസ്‌റ്റിക് മാലിന്യമാണ് പുറന്തള്ളപ്പെടുന്നത്. ഇവയിൽ പ്ലാസ്‌റ്റിക് ബാഗുകൾ, ഷീറ്റുകൾ മുതലായവ ഉൾപ്പെടും.
അമിതമായ പ്ലാസ്‌റ്റിക് മാലിന്യം മൂലം വടക്കൻ പസിഫിക് സമുദ്രത്തിൽ ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച് രൂപപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് കിലോ മീറ്ററാണ് അത് വ്യാപിച്ചിരിക്കുന്നത്. ഒരു ദ്വീപ് പോലെയാണ് അത് രൂപം കൊണ്ടിരിക്കുന്നത്.
പ്ലാസ്‌റ്റിക്കിന്‍റെ ഇരകൾ ഇനിയുമുണ്ട്
വളരെ സംവേദനക്ഷമതയേറിയ ജീവിയാണ് കടലാമ. മത്സ്യങ്ങളെ പിടികൂടാറുള്ള വലകളിൽ അവ അകപ്പെടുന്നത് സാധാരണമാണ്. ജെല്ലി ഫിഷാണെന്ന് തെറ്റിദ്ധരിച്ച് അവ പ്ലാസ്‌റ്റിക് ബാഗുകൾ തിന്നാറുണ്ട്.
ഈയിടെ കടലാമയെ ഭക്ഷിക്കുന്നവരുടെ ഉദരത്തിൽ ഉയർന്ന അളവിൽ പ്ലാസ്‌റ്റിക് അംശം കണ്ടെത്തിയിരുന്നു. ആമയുടെ കുടലിൽ പ്ലാസ്‌റ്റിക് അടിഞ്ഞു കൂടുന്നു. ഒടുവിൽ വിശന്ന് പൊരിഞ്ഞ് ആമ ചത്തൊടുങ്ങുന്നു.
പ്ലാസ്‌റ്റിക് ഉരുക്കി തയ്യാറാക്കിയ ചെറിയ ഉരുളകൾ അനേകം വ്യവസായങ്ങളിൽ ഉപയോഗിച്ചു വരാറുണ്ട്. കപ്പൽ വഴി അത് മറ്റ് സ്‌ഥലങ്ങളിലേക്ക് കയറ്റി അയയ്‌ക്കുമ്പോൾ അത് സമുദ്രത്തിൽ വീണ് ഒഴുകി നടക്കും. ഒഴുകി നടക്കുന്ന ഈ പ്ലാസ്‌റ്റിക് ഉരുളകൾ കടൽപ്പക്ഷികളും മറ്റും ഭക്ഷിക്കാറുണ്ട്. മാത്രവുമല്ല ഈ പ്ലാസ്‌റ്റിക് ഉരുളകൾ അവറ്റകൾ സ്വന്തം കുഞ്ഞുങ്ങൾക്കും തീറ്റയായും നൽകുന്നു. കടൽപ്പക്ഷികളിൽ 250 ഇനങ്ങളിൽ 63 ഇനങ്ങളുടെ ഉദരത്തിൽ പ്ലാസ്‌റ്റിക് അംശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മത്സ്യ കൊതിയന്മാരെ ജാഗ്രതൈ
മത്സ്യങ്ങളുടെ ശരീരത്തിൽ കണ്ടു വരുന്ന പ്ലാസ്‌റ്റിക് അംശങ്ങൾ മത്സ്യം കഴിക്കുന്നവരിലേക്ക് വിഷം പടർത്തും. പ്ലാസ്‌റ്റിക്കിൽ പലതരം നിറങ്ങളും ബിസ്‌ഫെനോൾ എ വിഷാംശങ്ങളുള്ള മറ്റ് മൂലികകളും അടങ്ങിയിരിക്കും. ഇത്തരം വസ്‌തുക്കൾ മത്സ്യങ്ങളെ പോലും വിഷമയമുള്ളതാക്കുന്നു.
മത്സ്യം ഭക്ഷിക്കുന്നവർ മത്സ്യത്തിനൊപ്പം കാൻസറിന് കാരണമാകാവുന്ന ഈ വിഷവസ്‌തുക്കളും ഭക്ഷിക്കുന്നു.
പ്ലാസ്‌റ്റിക് സീവർ, ടോയ്‌ലറ്റ്, മെഡിക്കൽ വേസ്‌റ്റ് തുടങ്ങിയ മലിന വസ്‌തുക്കളും ഡയപ്പറും ഗർഭ നിരോധന ഉറകളും മറ്റും കടലിൽ ഒഴുക്കി വിടാറുണ്ട്. അത്തരം മലിന വസ്‌തുക്കളെ തീറ്റ വസ്‌തുക്കളാണെന്ന് തെറ്റിദ്ധരിച്ച് മത്സ്യങ്ങൾ ഭക്ഷിക്കാറുണ്ട്. ഒടുവിലത് മനുഷ്യരിലുമെത്തിച്ചേരുന്നു.
1975 ൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് നടത്തിയ പഠനത്തിൽ ഏകദേശം 14 കോടി പൗണ്ട് വേസ്‌റ്റ് എല്ലാ വർഷവും സമുദ്രത്തിൽ തള്ളാറുണ്ടെന്ന് കണക്കാക്കിയിരുന്നു. അതായത് ഓരോ മണിക്കൂറിലും 1.5 കോടി പൗണ്ട്! ചരക്ക് കപ്പലുകൾ ഏകദേശം നാലര ലക്ഷം പ്ലാസ്‌റ്റിക് കണ്ടെയിനറാണ് കടലിൽ വീഴ്‌ത്തുന്നതെന്നാണ് 1985-ലെ ഒരു റിപ്പോർട്ടിൽ പറയുന്നത്.
എണ്ണയും വാതകവും കൊണ്ടു പോകുന്ന കപ്പലുകൾ വഴിയും ടൺ കണക്കിന് വേസ്‌റ്റ് സമുദ്രത്തിലേക്ക് തള്ളപ്പെട്ട് ജലം അശുദ്ധമാകാറുണ്ട്. അതിനാൽ ഇത്തരം ജലാശയങ്ങളിൽ നിന്നും മത്സ്യങ്ങളെ പിടികൂടി കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി ഉയർത്തും. പ്ലാസ്‌റ്റിക്കിന്‍റെ ചെറിയ അംശങ്ങളെ പായലെന്ന് കരുതിയാണ് ചെറുമീനുകൾ വിഴുങ്ങുന്നത്.
വെള്ളത്തിലെ പ്ലാസ്റ്റിക്, പ്ലാംഗ്‌ടൺ അനുപാതത്തെ ചൊല്ലി നിരവധി കണക്കുകളുണ്ട്. ഇത് 6:1 അനുപാതമാണെന്നാണ് ചില കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിനാശകാരികളായ പ്ലാസ്‌റ്റിക് 46 ഉം പ്ലാംഗ്‌ടൺ 1 ഉം എന്ന അനുപാതത്തിലാണെന്നാണ് ചില കണക്കുകൾ.
മത്സ്യം കഴിക്കുന്നവർ ഇനി പ്ലാസ്‌റ്റിക്കും കൂടി ഭക്ഷിക്കുമെന്ന് സാരം. പ്ലാസ്‌റ്റിക്കിൽ പൊതിഞ്ഞ് മത്സ്യ വിഭവം സെർവ്വ് ചെയ്യുകയാണെന്നിരിക്കട്ടെ, അകത്തും പുറത്തും പ്ലാസ്‌റ്റിക് എന്ന് തമാശയ്‌ക്ക് പറയേണ്ടി വന്നേക്കാം.