പച്ച പുതച്ച പർവ്വത നിരകൾ... പേരറിയാത്ത വൻ വ്യക്ഷങ്ങൾക്കൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ദേവദാരു, പൈൻ, കെയിൽ, വ്യക്ഷങ്ങൾ… നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന പുൽമേടുകൾ…

കണ്ണിമ ചിമ്മാതെ ദൃശ്യഭംഗി ആസ്വദിച്ചു കൊണ്ടിരിക്കെ… ഇളം കാറ്റിന്‍റെ അകമ്പടിയോടെയെത്തിയ കോടമഞ്ഞ് ആ മനോഹര ദൃശ്യങ്ങളെമായ്ച്ചു കൊണ്ട് കടന്നുപോയി. കണ്ണാരം പൊത്തി കളിക്കുന്നതുപോലെ ദൃശ്യങ്ങൾ മാഞ്ഞും തെളിഞ്ഞും അങ്ങനെ… സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിനു ശേഷവും മഞ്ഞു മേലാപ്പണിഞ്ഞ ഡൽഹൗസിയുടെ പ്രകൃതി ഭംഗി വർണ്ണനാതീതം തന്നെ.

ഹിമാചൽ പ്രദേശിലെ ചമ്പാ ജില്ലയിലെ അതിരമണീയമായ ഒരു ഹിൽസ്റ്റേഷനാണ് ഡൽഹൗസി. ചരിത്രപുസ്തകത്തിൽ പലവുരു വായിച്ച ഓർമ്മ, മനോഹരമായ ഈ പ്രദേശത്തിനു ഡൽഹൗസിയെന്നു പേര് വീഴാൻ പ്രത്യേകിച്ചൊരു കാരണം കൂടിയുണ്ട്.

ഹിമാലയത്തിന്‍റെ പടിഞ്ഞാറുഭാഗത്തുള്ള അതീവ സുന്ദരമായ ഈ പ്രദേശത്തിന്‍റെ ഹരിത ഭംഗിയിലും നല്ല കാലാവസ്ഥയിലും ആകൃഷ്ടനായ ലോർഡ് ഡൽഹൗസി ബ്രിട്ടീഷ് ഭരണ കാലത്ത് തന്‍റെ വിശ്രമ സങ്കേതമാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഡൽഹൗസിയുടെ പേരിൽ അറിയപ്പെട്ടു തുടങ്ങിയ ഈ പ്രദേശം വിനോദസഞ്ചാരികൾക്കേറെ പ്രിയങ്കരമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി തീരുകയായിരുന്നു.

ഒരു വശത്ത് പീർ പഞ്ചാൻ പർവ്വതനിരകൾ മറുവശത്ത് ധൗലാധാർ ധവള ഭംഗി. അൽപമകലെയായി കളകളാരവത്തോടു കൂടി ഒഴുകുന്ന രവി, ബിലാസ്, ചക്കി നദികളുടെ തെളിനീർ ഒഴുക്ക്.. കുളിർ കാഴ്ചകളുടെ ഒരു കേദാരം തന്നെയാണ് ഡൽഹൗസി.

സമുദ്രനിരപ്പിൽ നിന്നും 2,500 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ജനസംഖ്യ ഏതാണ്ട് 4,000 ത്തോളം വരും. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന റോഡുകൾക്കിരുവശവും പച്ചക്കുട ചൂടിയതുപോൽ നീണ്ട വൃക്ഷനിര. മാലിന്യമൊട്ടുമില്ലാത്ത വൃത്തിയുള്ള വീഥികൾ… ഹെയർ പിൻ വളവുകൾ…

യാത്രാ ക്ഷീണം കാരണം ഹോട്ടൽ മുറിയിൽ അടച്ചിരിക്കാനൊന്നും തോന്നിയില്ല. ഹിമാവൃതമായി കിടക്കുന്ന ധൗലാധാർ പർവ്വത നിരകൾ. കോച്ചുന്ന തണുപ്പിൽ പർവ്വതങ്ങൾക്കു മീതെ നിന്നുമുള്ള കാഴ്ചകൾ സ്വർഗ്ഗീയമാണ്. താഴെ മഞ്ഞുതുള്ളി സ്പർശമേറ്റ പുൽമൈതാനങ്ങളിൽ സ്വസ്ഥമായിരുന്ന് കാഴ്ചകൾ കാണുന്നതും മറക്കാനാവാത്ത അനുഭവമാണ്. ഇവിടെ ദൃശ്യങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്!

ഡൽഹൗസിയിൽ ഏറ്റവും ഉയരത്തിലുള്ള ആമോദ് റിസോർട്ടാണ് ഞങ്ങൾ തങ്ങാനായി തെരഞ്ഞെടുത്തത്. കളിമണ്ണിൽ തീർത്ത ഭിത്തികൾ, വേനലിൽ തണുപ്പും ശൈത്യകാലത്ത് ചൂടും നില നിർത്തുന്ന റൂം ഫ്ളോറിംഗ്..

പ്രകൃതിയെ നോവിക്കാതെ ഒരു മരം പോലും മുറിക്കാതെയാണ് റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് മാനേജർ പറഞ്ഞു. റിസോർട്ടിനോടു ചേർന്ന് ഒരു നഴ്സറിയുമുണ്ട്. ഇവിടെ വിവിധ തരം ഔഷധസസ്യങ്ങൾ നട്ടു വളർത്തിയിട്ടുണ്ട്. ഹിമാചലിലെ പർവ്വതങ്ങളുടെ പേരാണ് ഹോട്ടലിലെ ഓരോ മുറിയ്ക്കും നൽകിയിരിക്കുന്നത്.

ലളിതം… പ്രൗഢം… സുന്ദരം…

ബ്രിട്ടീഷ് പ്രതാപം വിളിച്ചോതുന്ന വിക്ടോറിയൻ ശൈലിയിൽ പണി തീർത്ത ധാരാളം ഭവ്യ സൗധങ്ങൾ ഇവിടെയുണ്ട്. സുഭാഷ് ചൗക്ക്, ഗാന്ധി ചൗക്ക് തുടങ്ങി വിവിധ ദിശകളിൽ നിന്നെത്തി ചേരുന്ന എട്ട് റോഡുകളുടെ വിചിത്രമെന്നു തോന്നിക്കുന്ന ഒരു ജംഗ്ഷനിൽ ഞങ്ങളെത്തി. വളഞ്ഞുതിരിഞ്ഞ് വന്ന റോഡുകളുടെ സംഗമ സ്ഥലത്തിനു ചുറ്റും ചേരി പ്രദേശങ്ങളാണ്! പർവ്വത യാത്രാ വേളയിൽ റോഡുകളുടെ അവസ്ഥയെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ മുൻ കൂട്ടി പ്രവചിക്കാനാവില്ല. ഇവിടെ ഓരോ വളവും ചെന്നവസാനിക്കുന്നത് ഒരു ഹോട്ടലിനു മുന്നിലാണ്. സിംല- മണാലിയെ പോലെ മാല്‍ റോഡിൽ കാര്യമായ ആൾത്തിരക്കില്ല. അവിടത്തെ മലകളുടെ ഉയരം കാണുമ്പോൾ മനുഷ്യൻ എത്ര നിസ്സാരനാണെന്നു തോന്നും. എല്ലാ അഹങ്കാരങ്ങളും ശമിച്ചുപോകുന്ന ഉയരങ്ങൾ!

ബഹളവും തിക്കുംതിരക്കുമൊന്നുമില്ലാത്ത മാർക്കറ്റ്. നഗരങ്ങളിലേതു പോലെ വൈദ്യുത ദീപങ്ങൾ വച്ച് അലങ്കരിച്ച കടകൾ ഇവിടെ കാണാൻ കിട്ടില്ല. കച്ചവടതന്ത്രവും ആഡംബരവും തൊട്ടു തീണ്ടാത്ത സാധാരണ കടകളിൽ ന്യായവിലയ്ക്ക് സാധനങ്ങൾ കിട്ടും. നാൽക്കവലയിലെ നാടൻ തട്ടുകടകളിൽ ആവിപറക്കുന്ന പുഴുങ്ങിയ മുട്ടയും ഓംലററുമൊക്കെ നിരത്തിയിട്ടുണ്ട്. ഒപ്പം ചൂടോടെ ജിലേബി കഴിക്കുന്ന മധുരപ്രേമികളേയും കാണാം. ഉന്തുവണ്ടിയിലും മറ്റും ചൈനീസ് ഭക്ഷണം ചൂടപ്പം പോലെ വിൽക്കുന്നുണ്ട്.

ഡൽഹൗസിയുടെ ഭരണകാലത്ത് 1854 ൽ സൈന്യത്തിന്‍റെ റിട്രീറ്റ് പരേഡിനു തെരഞ്ഞെടുത്ത ഈ സ്ഥലം ബ്രിട്ടീഷ് ഭരണാധികരികളുടെ വിശ്രമ കേന്ദ്രമായിരുന്നത്രേ! കാണ്ഡലോഗ്, പോട്രേയിൻ, തെഹ്രാ, ബക്‌രോട്ടാ, ബലൂൺ എന്നിങ്ങനെ 5 പർവ്വത നിരകൾക്ക്മീതെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ദേവദാരു വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്.

ടൂറിസ്റ്റ് പോയിന്‍റ്

സുഭാഷ് ചൗക്ക് മറ്റൊരു ടൂറിസ്റ്റ് പോയിന്‍റാണ്. താഴ്വാരത്തിൽ സുഭാഷ് ചന്ദ്രബോസിന്‍റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ആരോഗ്യം വീണ്ടെടുക്കുന്നതിനായി അദ്ദേഹം അൽപനാൾ ഇവിടെ തങ്ങിയിട്ടുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഇവിടുത്തെ മറ്റൊരു അകർഷകമായ ഇടമാണ് ഗാന്ധി ചൗക്ക്. രണ്ടുവഴികളിലൂടെ സഞ്ചരിച്ച് ഇവിടെത്താനാവും. ഒന്ന് ഹോട്ട് റോഡ് വഴിയും കൂൾ റോഡ് വഴിയും. ഹോട്ട് റോഡിൽ എന്നും സൂര്യവെളിച്ചം കാണും. കൂൾ റോഡിലാകട്ടെ സൂര്യപ്രകാശം ഒട്ടും കാണില്ല. ഡൽഹൗസിയിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഗാന്ധി ചൗക്കിലാണെന്നതിനാൽ ജിപിഓ സ്ക്വയർ എന്നും അറിയപ്പെടുന്നുണ്ട്. പോസ്റ്റ് ഓഫീസിനു തൊട്ടു മുന്നിൽ ഗാന്ധിജിയുടെ ഒരു പ്രതിമയുണ്ട്. ജിപിഓയിൽ നിന്നും ഏകദേശം 3 കി.മീ ദൂരെയാണ് പഞ്ചപുലാ… ഇവിടെ ധാരാളം ജല സ്രോതസ്സുകളുമുണ്ട്. പല ദിക്കിൽ നിന്നൊഴുകിയെത്തുന്ന ജല ധാരകൾ ഒത്തു ചേരുന്നിടത്ത് സ്വാതന്ത്യ്ര സേനാനി സർദാർ അജിത് സിംഗിന്‍റെ ഒരു പ്രതിമയുണ്ട്. ധീരജവാന്‍റെ പ്രതീകമെന്നോണമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചപുലായിൽ നിന്നും 1 കി.മീ ദൂരെ സത്ദാരാ. ഇവിടെ നിന്നും 7 ജലസ്രോതസ്സുകൾ ഒഴുകുന്നു. വനസമ്പത്തിൽ ഭൂരിഭാഗവും ഔഷധമൂല്യമുള്ള സസ്യലതാദികളാണെന്നതിനാൽ ഇവിടെ പ്രവഹിക്കുന്ന നദികളിലെ ജലവും ഔഷധ ഗുണുമുള്ളതാണ്.

സാഹസം

ഡൽഹൗസിയിലെ ഏറ്റവും ഉയർന്ന പ്രദേശമായ ഡാൻ കുണ്ഡ് അവിടെ നിന്നും 10 കിമി അകലെയാണ്. ആകാശം മുട്ടേ വളർന്നു നിൽക്കുന്ന മരങ്ങൾ കൊണ്ട് സമ്പന്നമാണിവിടം. വൃക്ഷങ്ങൾക്കിടയിലൂടെ മുന്നോട്ട് നടക്കുന്തോറും കാറ്റിനു ശക്‌തിയേറി വരുന്നതുപോലെ തോന്നി. തിരമാലകളുടെ ശബ്ദം കേൾപ്പിക്കുന്ന കാറ്റ്. ഒരു പക്ഷേ ഈയൊരു കാരണം കൊണ്ടാവാം. ഡാൻകുണ്ഡിനെ മ്യൂസിക്കൽ മൗണ്ടൻ എന്നു വിശേഷിപ്പിക്കുന്നത്. വെയിൽ എത്തിനോക്കും മുമ്പേ ബിയാസ്, ചിനാബ്, രവി നദികളോട് ചേർന്നുള്ള താഴ്വാരങ്ങളിലൂടെ യാത്ര ചെയ്ത് പ്രകൃതിയെ അടുത്തറിയാം. അധികം ദൂരത്തല്ലാതെ കാലാടോപ്പ് വന്യജീവി സങ്കേതമുണ്ട്. മിനി സ്വിറ്റ്സർലണ്ട് എന്നും ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നു.

ഇവിടം വരെ വന്ന സ്ഥിതിയ്ക്ക് ഖാജിയാർ സന്ദർശിക്കാതെ പോകുന്നതെങ്ങനെ? ഖാജിയാർ പുൽ മൈതാനത്തിന്‍റെ ഒത്ത നടുവിൽ ഒരു ചെറിയ തടാകവുമുണ്ട്. ഇവിടെ പാരാഗ്ലൈഡിംഗിനുള്ള സൗകര്യമുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നുണ്ടോ നിങ്ങൾ? എങ്കിൽ 8,000 അടിയോളം ട്രക്കിംഗിനു തയ്യാറായിക്കോളൂ… ഞങ്ങൾക്കൊപ്പം വന്ന അഡ്‍വെഞ്ചർ ആക്ടിവിറ്റി ഗൈഡ് ഞങ്ങളെ ഓരോരുത്തരേയും മാറി മാറി നോക്കി. വിസ്മയകരം! ഈയൊരനുഭവം വാക്കുകളിൽ ഒരിക്കലും ഒതുക്കി നിർത്താനാവുന്നതല്ല. ആകാശത്ത് ഒരു പറവയെപ്പോലെ പാറി നടന്നു. താഴെ ഭൂമിയിലേക്ക് നോക്കാൻ ഭയം തോന്നി. എങ്കിലും രോമാഞ്ചമുണ്ടാക്കുന്ന അനുഭവമാണത്. ട്രക്കിംഗ് കൂടാതെ നേച്ചർ വാക്ക്, സൈക്ലിംഗ് പോലുള്ള വിനോദങ്ങളും ഇവിടെയുണ്ടെന്ന് ഗൈഡ് പറഞ്ഞു.

ഡൽഹൗസിയിൽ നിന്നും 45 കി.മീ അകലെ വളരെ ഉയർന്ന പീഠഭൂമിയിലാണ് ചമ്പാ നഗരം. സമുദ്രതലത്തിൽ നിന്നും 3,200 അടി ഉയരത്തിൽ… ദൗലാധാർ, പങ്കിധർ പർവ്വത നിരകളിലെ 20,000 അടി ഉയരമുള്ള പർവ്വതനിരകളേയും കവച്ചു വയ്ക്കുന്ന അസംഖ്യം പർവ്വതങ്ങളിവിടെ കണ്ടു. ചരിത്ര പ്രാധാന്യമുള്ള ഒട്ടനവധി ക്ഷേത്രങ്ങളുണ്ടെന്നതിനാൽ ക്ഷേത്രനഗരിയെന്നു ചമ്പയെ വിശേഷിപ്പിക്കാറുണ്ട്.

ചെറുതും വലുതുമായ ആറ് ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. രംഗ്മഹൽ എന്നൊരു ചരിത്ര സ്മാരകവുമുണ്ട്. ഹിമാചലിലെ കരകൗശലവസ്തുക്കളുടെ ഓഫീസ് ഇവിടാണ് പ്രവർത്തിക്കുന്നത്. ഡൽഹൗസിയുടെ ധവള സൗന്ദര്യം

ഹിമാചലി-പഞ്ചാബി ഭാഷകളിഴചേർന്ന സംസാരവുമൊക്കെ യാത്രികർക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. പ്രതാപവും പ്രകൃതിഭംഗിയും പ്രശാന്തതയും കൊണ്ട് സമ്പന്നമായ ഹിമാചലിന്‍റെ ഈ സ്വപ്നഭൂമിയോട് വിട പറയുമ്പോഴും യാത്രികന്‍റെ മനസ്സ് ഒരു ഹിമാലയം പോലെ അവിടെ തന്നെ തങ്ങിനിൽക്കും.

और कहानियां पढ़ने के लिए क्लिक करें...